‘ആദ്യം
ചികിത്സിക്കപ്പെടേണ്ടത് ...’,
ഒരു മെഡിക്കൽ വിദ്യാർത്ഥി
എഴുതുന്നു

‘‘സുരക്ഷിത കോട്ടയാവേണ്ട ക്യാമ്പസുകൾ ഇന്നൊരു കെണിയാണ്. ഇരുട്ടുമൂടിയ ഇടനാഴികളും സെക്യൂരിറ്റി ഇല്ലാത്ത ഗേറ്റുകളും ആശുപത്രിയാണെന്ന കാരണംകൊണ്ട് ആരെന്നോ എവിടെനിന്നെന്നോ വന്നുപോകുന്ന ആയിരക്കണക്കിനാളുകളും ചേർന്ന് ക്യാമ്പസുകളിലെ പെൺജീവിതം ഒരു പരീക്ഷണമൃഗത്തിന്റേതിന് തുല്യമാക്കിയിരിക്കുന്നു’’- കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ എം.ബി.ബി.എസ് വിദ്യാർത്ഥി ഋതിക പി.കെ എഴുതുന്നു.

വൈദ്യശാസ്ത്രരംഗത്തെ സ്ത്രീകളെക്കുറിച്ചുള്ള ആഗോള കണക്കുകൾ പുരോഗതിയുടെ ചിത്രങ്ങൾ വരയ്ക്കുമ്പോൾ, ഇന്ത്യയിലെ മെഡിക്കൽ ക്യാമ്പസുകളിൽനിന്നും പലപ്പോഴുമുയരുന്നത് ഭീതിയുടെയും അമർഷത്തിന്റെയും നിലവിളികളാണ്. ജീവന്റെ കാവൽക്കാരാകാൻ മോഹിച്ച് എത്തുന്നവർ സ്വന്തം ജീവനെക്കുറിച്ച് ആശങ്കാകുലരാകുന്ന വിരോധാഭാസത്തിനാണ് ഇന്ന് ഇന്ത്യൻ മെഡിക്കൽ കോളേജുകൾ സാക്ഷ്യം വഹിക്കുന്നത്.

സ്റ്റെതസ്‌കോപ്പ് കഴുത്തിലിട്ടതുകൊണ്ടുമാത്രം ഒരു പെൺകുട്ടിയും ഇവിടെ സുരക്ഷിതയാകുന്നില്ല. കൊൽക്കത്തയിലെയും കേരളത്തിലെയും എല്ലാം സമീപകാലസംഭവങ്ങൾ നമ്മോട് പറയുന്നത് ഒന്നുമാത്രം - ഈ വ്യവസ്ഥിതിക്ക് വേണ്ടത് ഡോക്ടർമാരെയല്ല, മറിച്ച് ചോദ്യങ്ങൾ ചോദിക്കാത്ത, ചൂഷണങ്ങൾക്ക് വഴങ്ങിക്കൊടുക്കുന്ന 'അടിമ'കളെയാണ്. 'സേവനം' എന്ന പുണ്യവാക്കിന്റെ മറവിൽ വ്യക്തിസ്വാതന്ത്ര്യവും അന്തസ്സും പണയപ്പെടുത്തേണ്ടിവരുന്ന ഒരു വിഭാഗമായി മെഡിക്കൽ വിദ്യാർത്ഥിനികളും വനിതാഡോക്ടർമാരും മാറിക്കൊണ്ടിരിക്കുന്നു.

ഡ്യൂട്ടി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് നടന്നുപോകുന്ന ഡോക്ടറെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്ന ക്രിമിനലുകളും, അതേ വിദ്യാർത്ഥിനിയെ വസ്ത്രധാരണത്തിന്റെ പേരിൽ അധിക്ഷേപിക്കുന്നവരും ഒരേ നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നു തന്നെ വിലയിരുത്തപ്പെടണം.

1. സുരക്ഷ:
മതിലുകൾക്കുള്ളിലെ 'വേട്ടപ്പറമ്പുകൾ'

സുരക്ഷിത കോട്ടയാവേണ്ട ക്യാമ്പസുകൾ ഇന്നൊരു കെണിയാണ്. ഇരുട്ടുമൂടിയ ഇടനാഴികളും സെക്യൂരിറ്റി ഇല്ലാത്ത ഗേറ്റുകളും ആശുപത്രിയാണെന്ന കാരണംകൊണ്ട് ആരെന്നോ എവിടെനിന്നെന്നോ കണക്കുകളില്ലാതെ വന്നുപോകുന്ന ആയിരക്കണക്കിനാളുകളും ചേർന്ന് ക്യാമ്പസുകളിലെ പെൺജീവിതം ഒരു പരീക്ഷണമൃഗത്തിന്റേതിന് തുല്യമാക്കിയിരിക്കുന്നു.

2. മാറ്റങ്ങളെ ചെറുക്കുന്നവർ:
'ജനറേഷൻ ഗ്യാപ്പ്' എന്ന വിഷലിപ്താവസ്ഥ

വനിതാദിനത്തോടനുബന്ധിച്ചുള്ള ചർച്ചകളിൽ നാം മറന്നുപോകുന്ന ഒരു വശംകൂടിയുണ്ട്. ''ഞങ്ങൾ ഇതൊക്കെ സഹിച്ചാണ് ഇവിടംവരെ എത്തിയത്, അതുകൊണ്ട് നിങ്ങളും സഹിക്കണം'' എന്ന വികലമായ ചിന്താഗതി (Toxic cycle of suffering) വച്ചുപുലർത്തുന്ന ചിലരാണ് മാറ്റങ്ങളെ തടഞ്ഞുനിർത്തുന്നത്. പഴയകാലത്തിന്റെ പൊത്തുകളിൽ തന്നെ പുതുതലമുറയെയും തളച്ചിടാനാണ് ഇവർ ശ്രമിക്കു ന്നത്. സഹതാപത്തിനു പകരം പുച്ഛവും, പിന്തുണയ്ക്കു പകരം കുറ്റപ്പെടുത്തലുകളും നിർലോഭംനൽകുന്ന ഈ രീതിക്ക് മാറ്റം വരേണ്ടത് അനിവാര്യമാണ്.

3. 'പ്രൊഫഷണലിസം' എന്ന ഇരട്ടത്താപ്പ്

'പ്രൊഫഷണലിസം' എന്ന വാക്ക് പലപ്പോഴും സ്ത്രീകളെ അടിച്ചമർത്താനുള്ള ആയുധമായാണ് ഇന്ന് ഉപയോഗിക്കുന്നത്. ചുരിദാർ സ്ലീവിന്റെ നീളം മുതൽ വസ്ത്രത്തിന്റെ നിറത്തിന്റെ പേരിൽപോലും പരസ്യമായും രഹസ്യമായും അധിക്ഷേപവും 'ബോഡി ഷെയിമിങ്ങും' നേരിടേണ്ടിവരുന്ന അവസ്ഥ, നോർമലൈസ് ചെയ്യപ്പെടുന്നത് അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഒരാളുടെ ചികിത്സാ വൈദഗ്ധ്യമോ അറിവോ അല്ല, മറിച്ച് അവർ എത്രത്തോളം 'അടക്കവും ഒതു ക്കവും' ഉള്ള പെൺകുട്ടിയായി കാണപ്പെടുന്നു എന്നതാണ് ഇവി ടെ പ്രൊഫഷണലിസത്തിന്റെ അളവുകോലായി മാറുന്നത്.

4. ജെന്റർ ബയസ്:
ഡോക്ടർ എന്നാൽ പുരുഷൻ മാത്രമോ?

ഒരു പുരുഷഡോക്ടർ പറയുന്ന അതേകാര്യം ഒരു വനിതാഡോക്ടർ പറഞ്ഞാൽ അതിനെ സംശയത്തോടെ നോക്കിക്കാണുന്ന സമൂഹത്തിന്റെ മനോഭാവം ഇന്നും മാറിയിട്ടില്ല. പുരുഷഡോക്ട ർമാർക്ക് ലഭിക്കുന്ന സ്വാഭാവികമായ അധികാരം (Inherent authority) ഒരു വനിതാഡോക്ടർക്ക് ലഭിക്കണമെങ്കിൽ അവൾക്ക് പതിന്മടങ്ങ് കഷ്ടപ്പെടേണ്ടിവരുന്നു. ഈ വിവേചനം തിരിച്ച റിഞ്ഞ് പ്രതികരിക്കാൻപോലും കഴിയാത്തവിധം മാനസികമായി തളർത്തപ്പെട്ടവരായി വിദ്യാർത്ഥിനികൾ മാറുന്നു.

5. കാലഹരണപ്പെട്ട അധികാരശ്രേണി

18-ാം നൂറ്റാണ്ടിലെ 'ഫ്യൂഡൽ' വ്യവസ്ഥിതിയിൽ നിന്ന് ഇന്നും വണ്ടികിട്ടി ഇവിടെയെത്തിയിട്ടില്ലാത്ത സമ്പ്രദായമാണ് ഇന്ന് നമ്മുടെ മെഡിക്കൽ കോളേജുകളിൽ കാണുന്നത്. പുരോഗമനത്തിനുവേണ്ടി എന്നു മുദ്രകുത്തി പ്രായോഗികത വിശകലനം ചെയ്യാതെ ഇടയ്ക്കിടെ അടിച്ചിറക്കുന്ന പരിഷ്‌കാരങ്ങളിൽ ഭൂരിഭാഗവും വിദ്യാർത്ഥിനികൾക്കെതിരെയുള്ള മാനസിക പീഡനത്തിനുള്ള ആയുധമായി മാറുന്നു. ചെറിയ അക്കാദമിക്ക് ആവശ്യങ്ങൾക്കോ ന്യായമായ ഒപ്പിനോ വേണ്ടി അടഞ്ഞ വാതിലുകൾക്കുമുന്നിൽ മണിക്കൂറുകളോളം അവരെ കാത്തുനിർത്തുന്നത് 'രസകരമായ' അവകാശമായി പലരും കാണുന്നു. ഡിജിറ്റൽ യുഗത്തിലും അധികാരവികേന്ദ്രീകരണത്തിനു (Decentralization of power) തയ്യാറാകാത്തത് ഈ 'ഈഗോ' സംരക്ഷിക്കാൻവേണ്ടിയാണോ എന്ന ചോദ്യം ഉത്തരംകിട്ടാതെ ഇന്നും.

6) അടിസ്ഥാന സൗകര്യങ്ങൾ

ഹോസ്റ്റലുകളും വൃത്തിയില്ലാത്ത ശൗചാലയങ്ങളും തൊഴിലിന്റെ ഭാഗമായി കാണാൻ നിർബന്ധിതരാകുന്നത് ശുദ്ധമായ മനുഷ്യാവകാശ ലംഘനമാണ്. മെഡിക്കൽ വിദ്യാർത്ഥിനികൾ ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അന്തസ്സില്ലാത്ത തൊഴിലിടങ്ങളാണ്. അടിസ്ഥാന സൗകര്യങ്ങൾപോലും നൽകാതെ ഉയർന്ന നിലവാരമുള്ള സേവനം ആവശ്യപ്പെടുന്നത് വെറും കാപട്യമാണ്; ഇത് ആധുനിക ആരോഗ്യസംവിധാനത്തിനുതന്നെ ലജ്ജാകരമാണ്.

ഇനിയെന്ത്?

ഇനി വേണ്ടത് മെഴുകുതിരി ജാഥകളല്ല, മറിച്ച് വ്യവസ്ഥിതിയുടെ അടിത്തറ ഇളക്കുന്ന മാറ്റങ്ങളാണ്. പഴയകാലത്തെ ഇരുണ്ട പൊത്തുകളിൽനിന്ന് പുറത്തുവരാൻ വിസമ്മതിക്കുന്ന ഒരു വ്യവസ്ഥിതിയെ വെല്ലുവിളിക്കാതെ പുതിയ തലമുറയ്ക്ക് മുന്നോട്ടു പോകാൻ കഴിയില്ല.

''ഞങ്ങളുടെ വസ്ത്രത്തിന്റെ നിറവും നീളവും അല്ല പ്രൊഫഷണലിസം തീരുമാനിക്കുന്നത്, ഞങ്ങളുടെ ചുണ്ടിലെ ചായം ചികിത്സാപ്പിഴവിനു കാരണമാവില്ല, പക്ഷെ ഈ ഇരുളടഞ്ഞ വരാന്തകൾ മരണക്കെണിയാണ്'' എന്നുറക്കെ വിളിച്ചുപറയാനും അവകാശങ്ങൾക്കും അന്തസ്സിനുംവേണ്ടി പോരാടാനും പെൺകരുത്തിനു സാധിക്കണം.

അടിമത്തമല്ല, തുല്യതയും ആത്മാഭിമാനവും ആണ് ഞങ്ങളു ടെ പ്രൊഫഷണലിസം. മാറ്റം നാളെയല്ല, അത് ഈ നിമിഷം മുതൽ തുടങ്ങണം.

ചെറിയ ആരോഗ്യ സ്ഥാപനങ്ങൾ
നേരിടുന്ന പ്രതിസന്ധികൾ

ആർത്തവ വിരാമത്തിലേക്ക് എത്തുമ്പോൾ

സ്ത്രീമനസ്സിന്റെ
പ്രശ്നങ്ങൾ

അമ്മയ്ക്കും കുഞ്ഞിനും
ഒരുപോലെ പ്രധാനം,
ഗർഭകാലത്തെ
വായയുടെ ആരോഗ്യം

ആർത്തവപൂർവ
പ്രശ്നങ്ങൾ,
സങ്കീർണതകൾ,
കരുതലുകൾ

കൈവിട്ടത്
തിരിച്ചെടുത്തു തന്നവർ

ഒരു മെഡിക്കൽ കോളേജ്
വനിതാ പ്രിൻസിപ്പലിന്റെ ആത്മഗതം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments