കർഷക മഹാപഞ്ചായത്ത് ഇന്ന്; പതിനായിരക്കണക്കിന് കർഷകർ ദൽഹിയിൽ, 5000 പേർക്ക് മാത്രം അനുമതിയെന്ന് ദൽഹി പൊലീസ്

National Desk

14-03-2024 | 8:30 AM

  • സംയുക്ത കിസാൻ മോർച്ച സംഘടിപ്പിക്കുന്ന കർഷക മഹാ സമ്മേളനം ഇന്ന് രാംലീല മൈതാനത്ത് നടക്കും.

  • പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി ആയിരക്കണക്കിന് ബസുകളിലായാണ് കർഷകർ ദില്ലിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

  • കർഷക മഹാപഞ്ചായത്തിൽ പങ്കെടുക്കുന്നതിനായി ആയിരക്കണക്കിന് സ്ത്രീകൾ ക്രാന്തികാരി കിസാൻ യൂണിയന്റെ (ഡോ.ദർശൻപാൽ) നേതൃത്വത്തിൽ ഇന്നലെ തന്നെ ദില്ലിയിൽ എത്തിക്കഴിഞ്ഞതായി സംഘാടകർ.

  • 5000 പേർ മാത്രമേ രാംലീല മൈതാനത്ത് മഹാപഞ്ചായത്തിൽ പങ്കെടുക്കാവൂ എന്ന് പൊലീസ് ഡെപ്യൂട്ടി കമ്മിഷൻ ഉത്തരവിട്ടു. കർഷകർ മാർച്ച് നടത്തരുതെന്നും ട്രാക്ടറുകൾ കൊണ്ടുവരരുതെന്നും ഉത്തരവ്.

  • കർഷകരും ട്രേഡ് യൂണിയനുകളും പങ്കെടുക്കുന്ന കർഷക മഹാ പഞ്ചായത്തിൽ വെച്ച് നിർണ്ണായ തീരുമാനങ്ങൾ പ്രഖ്യാപിക്കുമെന്ന് സംയുക്ത കിസാൻ മോർച്ചനേതാക്കൾ അറിയിച്ചു.

  • ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ രാജിവെച്ച് പുതിയ മുഖ്യമന്ത്രിയെ നിയമിച്ചതും ജെജെപിഎൻഡിഎ സഖ്യത്തിൽ നിന്ന് പിൻവാങ്ങിയതും അടക്കമുള്ള രാഷ്ട്രീയ നാടകങ്ങൾ കർഷക പ്രക്ഷോഭം സൃഷ്ടിച്ച സമ്മർദ്ദഫലമാണെന്ന് കർഷക നേതാക്കൾ വിലയിരുത്തുന്നു.

  • രണ്ടാം കർഷക പ്രക്ഷോഭം ദില്ലി അതിർത്തികളിൽ 30 ദിവസം പിന്നിടുകയാണ്. പ്രക്ഷോഭം ഒരു മാസക്കാലം പിന്നിടുമ്പോൾ 7 കർഷക പ്രക്ഷോഭകാരികൾക്കാണ് സ്വന്തം ജീവൻ നഷ്ടപ്പെടുത്തേണ്ടി വന്നത്.

  • ദില്ലിയിലേക്കുള്ള ശംഭു, ഖനൗരി അതിർത്തികൾക്ക് പുറമെ ഡാബ്ബിവാലി ബോർഡറും പ്രക്ഷോഭകാരികൾ സീൽ ചെയ്തിട്ടുണ്ട്.

  • ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിൽ റെയിൽ തടയൽ, ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ഖഡ്ഖട് ടോൾ പ്ലാസ സൗജന്യമാക്കൽ തുടങ്ങിയ സമര പരിപാടികളും അതിർത്തിയിലെ പ്രക്ഷോഭത്തോടൊപ്പം നടന്നുകൊണ്ടിരിക്കുന്നു.

  • സംയുക്ത കിസാൻ മോർച്ച (നോൺ പൊളിറ്റിക്കൽ) നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മാർച്ച് 15 മുതൽ രാജ്യവ്യാപകമായ പ്രചരണയാത്ര സംഘടിപ്പിക്കുവാൻ തീരുമാനിച്ചതായി ഇന്നലെ വൈകീട്ട് മൂന്ന് മണിക്ക് കർഷക നേതാക്കൾ നടത്തിയ പ്രസ്താവനയിൽ അറിയിച്ചു.

  • ദില്ലി മാർച്ചിന് നേരെ നടന്ന വെടിവെപ്പിൽ തലയ്ക്ക് വെടിയുണ്ടയേറ്റ് മരണമടഞ്ഞ യുവ കർഷകൻ ശുഭ്കരൺ സിംഗിന്റെ ജന്മസ്ഥലമായ ബത്തിൻഡയിലെ ബല്ലോയിൽ നിന്നും യാത്ര ആരംഭിക്കും.

  • ഒന്നാം കർഷക പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കർഷക സംഘടനകൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്ത ബിജെപി മന്ത്രിമാർക്കെതിരെ കരിങ്കൊടി പ്രതിഷേധനങ്ങൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.

[With inputs from K. Sahadevan]


Read Previous Updates:
Week 3 | Week 2 | Day 7 | Day 4 | Day 3| Day 2 | Day 1

Comments