ഇടതുകോട്ട,
സുധാകര​ന്റെ
കണ്ണൂർ

കെ. സുധാകരന്റെ വൈകാരിക പ്രകടങ്ങൾ ശ്രദ്ധാകേന്ദ്രമാക്കിയ കണ്ണൂർ, ​കെ.കെ. ശൈലജയുടെ പേരാവൂർ മാറ്റത്തിന്റെ സാധ്യതകൾ; കണ്ണൂർ ജില്ലയിലെ മണ്ഡലങ്ങളുടെ രാഷ്ട്രീയചിത്രം. ഡോ. കുട്ടികൃഷ്ണൻ എ.പി. എഴുതുന്ന ഇലക്ഷൻ പരമ്പര തുടരുന്നു.

2011- ലെ സെൻസസ് പ്രകാരം കണ്ണൂർ ജില്ലയിലെ ജനസംഖ്യ 25.23 ലക്ഷമാണ്. 2025-ൽ 26.50 ലക്ഷമായിട്ടാണ് കണക്കാക്കുന്നത്. 3.30 ശതമാനവും 1.64 ശതമാനവുമാണ് പട്ടികജാതിക്കാരും പട്ടികവർഗക്കാരും. 59.83 ശതമാനം ഹിന്ദുക്കളും 29.43 ശതമാനം മുസ്ലിംകളും 10.40 ശതമാനം ക്രിസ്ത്യാനികളുമാണെന്നാണ് 2011-ലെ സെൻസസ്.

പയ്യന്നൂർ, കല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂർ, അഴിക്കോട്, കണ്ണൂർ, ധർമടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ, പേരാവൂർ എന്നീ 11 നിയമസഭാ മണ്ഡലങ്ങളാണുള്ളത്‌. 2026- ലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനുശേഷം 21,60,497 വോട്ടർമാരാണുള്ളത്.

ജി. സുധാകരൻ v/s
സി.പി.എം;
ആന്റി ക്ലൈമാക്സിലേക്കോ
ആലപ്പുഴ?

1.പയ്യന്നൂർ:
ഉറപ്പാണ്,
എൽ.ഡി.എഫ്

  • മണ്ഡല രൂപീകരണം മുതൽ വലിയ ഭൂരിപക്ഷത്തോടെ ഇടതുമുന്നണി ജയിക്കുന്ന പയ്യന്നൂരിൽ 2026- ലും ഇടതുമുന്നണി വിജയം ആവർത്തിക്കുമെന്ന് ഉറപ്പിക്കാം.

1965-ൽ രൂപീകരിച്ച പയ്യന്നൂരിൽ ആദ്യ തെരഞ്ഞെടുപ്പ് മുതൽ സി പി എമ്മാണ് വിജയിച്ചിട്ടുള്ളത്. മിക്കവാറും 55 ശതമാനത്തിന് മുകളിലാണ് ഇടതുമുന്നണിക്ക് ലഭിക്കുന്ന വോട്ടുവിഹിതം. അതിനാൽ കേരളത്തിൽ ഇടതുമുന്നണിയുടെ ഉറച്ച മണ്ഡലങ്ങളിലൊന്നാണിത്.

സി പി എമ്മിലെ എ. വി. കുഞ്ഞമ്പു (1967,1970), എൻ. സുബ്രമണ്യ ഷേണായി (1977,1980), എം. വി. രാഘവൻ (1982), സി. പി. നാരായണൻ (1987,1991), പിണറായി വിജയൻ (1996), പി. കെ. ശ്രീമതി (2001,2006), സി. കൃഷ്ണൻ (2011,2016) എന്നിവരാണ് മുൻ ജനപ്രതിനിധികൾ.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ പയ്യന്നൂർ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ പയ്യന്നൂർ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021-ൽ സി പി എമ്മിലെ ടി. ഐ. മധുസൂദനാണ് വിജയിച്ചത്. ആകെ 1.84 ലക്ഷം വോട്ടർമാരിൽ 1,50,858 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. 93695 വോട്ട് മധുസൂദനനും 43,915 വോട്ട് യു ഡി എഫിലെ എം. പ്രദീപ്‌കുമാറിനും ലഭിച്ചു. ബി ജെ പിയിലെ കെ. കെ. ശ്രീധരന് 11,308 വോട്ടാണ് ലഭിച്ചത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ മുനിസിപ്പാലിറ്റി, ചെറുപുഴ, എരമം -കുറ്റൂർ, കാങ്കോൽ -ആലപ്പടമ്പ്, കരിവെള്ളൂർ -പെരളം, പെരിങ്ങോം-വയക്കര, രാമന്തളി പഞ്ചായത്തുകളിൽ എൽ ഡി എഫാണ് അധികാരത്തിലെത്തിയത്. യു ഡി എഫ് വിജയിച്ചത് ചെറുപുഴ പഞ്ചായത്തിൽ മാത്രമാണ്. പ്രസ്തുത തിരഞ്ഞെടുപ്പിലെ കണക്കുകൾ പ്രകാരം എൽ ഡി എഫിന് 32,000 ലേറെ വോട്ടിന്റെ മുൻതൂക്കമുണ്ട്.

മണ്ഡല രൂപീകരണം മുതൽ വലിയ ഭൂരിപക്ഷത്തോടെ ഇടതുമുന്നണി ജയിക്കുന്ന പയ്യന്നൂരിൽ 2026- ലും ഇടതുമുന്നണി വിജയം ആവർത്തിക്കുമെന്ന് ഉറപ്പിക്കാം.

കേരള കോൺഗ്രസുകളുടെ അതിജീവന കോട്ടയം

2.കല്യാശ്ശേരി:
എൽ.ഡി.എഫ് കോട്ട

  • ഇടതുമുന്നണിക്ക് 60 ശതമാനത്തിനടുത്ത് വോട്ടുകൾ ലഭിക്കുന്ന കേരളത്തിലെ മണ്ഡലങ്ങളിലൊന്ന്.

2011-ൽ നിലവിൽ വന്നു. 2008- ലെ അതിർത്തി പുനർനിർണത്തിനു മുൻപ് കല്യാശ്ശേരി മണ്ഡലത്തിൽപെട്ട പ്രദേശങ്ങൾ പയ്യന്നൂർ, അഴിക്കോട് മണ്ഡലങ്ങളുടെ ഭാഗമായിരുന്നു. 1957 മുതൽ 1970 വരെ മാടായി നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്നു കല്യാശേരി മണ്ഡലത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളും. കമ്മ്യൂണിസ്റ്റു പാർട്ടിയിലെ കെ. പി. ആർ. ഗോപാലൻ (1957), കോൺഗ്രസ്സിലെ പ്രഹ്ലാദൻ ഗോപാലൻ (1960) കെ എസ് പിയിലെ മത്തായി മാഞ്ഞൂരാൻ (1967) ജോൺ മാഞ്ഞൂരാൻ (1970 ഉപതിരഞ്ഞെടുപ്പ്) എന്നിവർ മാടായിയിലെ ആദ്യകാല ജനപ്രതിനിധികളാണ്.

1960- ൽ കെ. പി. ആർ. ഗോപാലനെ പരാജയപ്പെടുത്തിയാണ് പ്രഹ്ലാദൻ ഗോപാലൻ നിയമസഭാംഗമായത്. 1962-ൽ ൽ കോൺഗ്രസ്സ് നേതാവും ആഭ്യന്തര മന്ത്രിയുമായ പി. ടി. ചാക്കോയുടെ ഔദ്യോഗിക കാർ അപകടത്തിൽപ്പെട്ടതിനെത്തുടർന്നുണ്ടായ വിവാദത്തിനും അദ്ദേഹത്തിൻറെ രാജിയിലേക്ക് നയിക്കുന്നതിനും മാടായി എം എൽ എ പ്രഹ്ലാദൻ ഗോപാലൻ നിയമസഭയ്ക്ക് മുന്നിൽ നടത്തിയ നിരാഹാര സമരത്തിനും പങ്കുണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് യുദ്ധശ്രമങ്ങളെ തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ട് കൊയിലാണ്ടിക്കടുത്ത കീഴരിയൂറിൽ നടത്തിയ ബോംബ് നിർമാണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയും കേരള സോഷ്യലിസ്റ്റ് പാർട്ടി സ്ഥാപക നേതാവുമായ മത്തായി മാഞ്ഞൂരാൻ കല്യാശേരിയിൽ വിജയിച്ചപ്പോഴാണ് രണ്ടാം ഇ.എം.എസ്. മന്ത്രിസഭയിൽ തൊഴിൽ വകുപ്പ് മന്ത്രിയായത്. സി പി എമ്മിലെ എം. വി. രാഘവനാണ് 1970- ൽ മാടായിയിൽ വിജയിച്ചത്. പിന്നീട് മാടായി മണ്ഡലം ഇല്ലാതാവുകയും പ്രസ്തുത പ്രദേശങ്ങൾ സമീപ നിയമസഭ മണ്ഡലങ്ങളുടെ ഭാഗമായി മാറുകയുമാണുണ്ടായത്.

2008- ലെ ഡീലിമിറ്റേഷൻ പ്രക്രിയയിലൂടെ രൂപീകരിക്കപ്പെട്ട കല്യാശേരിയിലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് 2011- ലാണ് നടന്നത്. സി പി എം സ്ഥാനാർത്ഥികൾ വലിയ ഭൂരിപക്ഷത്തോടെ ജയിക്കുന്ന മണ്ഡലമാണ് കല്ല്യാശ്ശേരിയെന്നത് 2011 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകും. ഇടതുമുന്നണിക്ക് 60 ശതമാനത്തിനടുത്ത് വോട്ടുകൾ ലഭിക്കുന്ന കേരളത്തിലെ മണ്ഡലങ്ങളിലൊന്ന്.

2011- 2021 കാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കല്യാശ്ശേരി മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥികൾ നേടിയ ഭൂരിപക്ഷം.
2011- 2021 കാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കല്യാശ്ശേരി മണ്ഡലത്തിൽ സി.പി.എം സ്ഥാനാർഥികൾ നേടിയ ഭൂരിപക്ഷം.

2021-ൽ 1.85 ലക്ഷം വോട്ടർമാരിൽ 1,46,363 വോട്ടുകളാണ് ആകെ പോൾ ചെയ്തത്.

2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കല്യാശ്ശേരി  മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കല്യാശ്ശേരി മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

തദ്ദേശ തിരഞ്ഞെടുപ്പിൽ ചെറുകുന്ന്, കല്യാശ്ശേരി, കണ്ണപുരം, ചെറുതാഴം, എഴോം, കടന്നപ്പള്ളി-പാണപ്പുഴ, കുഞ്ഞിമംഗലം, പട്ടുവം പഞ്ചായത്തുകളിൽ എൽ ഡി എഫും മാട്ടൂൽ, മാടായി ഗ്രാമപഞ്ചായത്തുകളിൽ യു ഡി എഫും നല്ല ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലെത്തിയത്‌. പ്രസ്തുത തിരഞ്ഞെടുപ്പിലെ കണക്കുകൾ പ്രകാരം എൽ ഡി എഫിന് 30,000 ലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ഇടതുമുന്നണിക്കാണ് 2026- ലും സാധ്യത.

ചാഞ്ചാട്ട വോട്ടുകളുടെ ഇടുക്കി,
കാർഷിക മേഖലയുടെ വോട്ട്

3. തളിപ്പറമ്പ്: എൽ.ഡി.എഫ്
സുരക്ഷിതം

  • ഓരോ തിരഞ്ഞെടുപ്പിലും 50 ശതമാനത്തിൽ കൂടുതൽ വോട്ടു ലഭിക്കുന്ന തളിപ്പറമ്പ് ഇടതുപക്ഷ മുന്നണിക്ക് സുരക്ഷിത മണ്ഡലമാണ്.

1965- ലെ മൂന്നാം നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് തളിപ്പറമ്പ രൂപീകരിച്ചത്. പ്രസ്തുത തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്തതിനാൽ നിയമസഭ സമ്മേളിച്ചില്ല. 1967- ൽ വിജയിച്ച സി പി എമ്മിലെ കെ. പി. രാഘവ പൊതുവാളാണ് മണ്ഡലത്തെ ആദ്യമായി പ്രതിനിധീകരിച്ചത്.

1967- മുതൽ സി പി എം സ്ഥാനാർത്ഥികൾ വലിയ ഭൂരിപക്ഷത്തിനാണ് വിജയിച്ചിട്ടുള്ളത്. എന്നാൽ മണ്ഡലം കോൺഗ്രസിന് അനുകൂലമായി 1970- ൽ വിധിയെഴുതി. സി. പി. ഗോവിന്ദൻ നമ്പ്യാർ സിറ്റിംഗ് എം എൽ എ രാഘവ പൊതുവാളെ 909 വോട്ടിനാണ് പരാജയപ്പെടുത്തിയത്. സി പി എമ്മിലെ എം. വി. രാഘവൻ (1977), സി.പി. മൂസ്സൻകുട്ടി (1980,1982), കെ. കെ. എൻ. പരിയാരം (1987), പാച്ചേനി കുഞ്ഞിരാമൻ (1989 ഉപതിരഞ്ഞെടുപ്പ്, 1991), എം. വി. ഗോവിന്ദൻ (1996, 2001, 2021), സി. കെ. പി. പത്മനാഭൻ (2006), ജെയിംസ് മാത്യു (2011, 2016) എന്നിവർ തളിപ്പറമ്പിൽ വിജയിച്ചവരാണ്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ തളിപ്പറമ്പ്  മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ തളിപ്പറമ്പ് മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021-ൽ ആകെ 2,14,068 വോട്ടർമാരിൽ 1.78,619 (83.44%) പേരാണ് വോട്ടു രേഖപ്പെടുത്തിയത്. എൽ ഡി എഫിലെ എം. വി. ഗോവിന്ദൻ കോൺഗ്രസിലെ വി. പി. അബ്ദുൽ റഷീദിനെ 22,689 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ബി ജെ പി സ്ഥാനാർഥി എ. പി. ഗംഗാധരന് 13,058 വോട്ടാണ് ലഭിച്ചത്.

ആന്തൂർ മുൻസിപ്പാലിറ്റി, തളിപ്പറമ്പ മുൻസിപ്പാലിറ്റി, ചപ്പാരപ്പടവ്, കൊളച്ചേരി, കുറുമാത്തൂർ, കുറ്റ്യട്ടൂർ, മലപ്പട്ടം, മയ്യിൽ, പരിയാരം ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് തളിപ്പറമ്പ.

തദ്ദേശ തിരഞ്ഞെടുപ്പിൽ ആന്തൂർ, കുറുമാത്തൂർ, കുറ്റ്യാട്ടൂർ, മലപ്പട്ടം, മയ്യിൽ, പരിയാരം എന്നിവിടങ്ങളിൽ എൽ ഡി എഫും തളിപ്പറമ്പ, ചപ്പാരപ്പടവ്, കൊളച്ചേരി എന്നിവിടങ്ങളിൽ യു ഡി എഫും അധികാരത്തിലെത്തി. പ്രസ്തുത തിരഞ്ഞെടുപ്പിൽ 12,000 ലേറെ വോട്ടിന്റെ മുൻ‌തൂക്കമാണ് എൽ ഡി എഫിന് ലഭിച്ചത്.

മണ്ഡലത്തിലെ മിക്ക പ്രദേശങ്ങളും കമ്മ്യൂണിസ്റ്റു പാർട്ടിക്ക് ശക്തമായ സ്വാധീനമുള്ളവയാണ്. സ്ഥലങ്ങളാണ്. അതുകൊണ്ടുതന്നെ ഓരോ തിരഞ്ഞെടുപ്പിലും 50 ശതമാനത്തിൽ കൂടുതൽ വോട്ടു ലഭിക്കുന്ന തളിപ്പറമ്പ് ഇടതുപക്ഷ മുന്നണിക്ക് സുരക്ഷിത മണ്ഡലമാണ്.

വയനാട്:
UDF ​പ്രതീക്ഷയും
LDF-ന്റെ ‘പുനരധിവാസ’
സ്വപ്നവും

4. ഇരിക്കൂർ:
ഉറപ്പാണ്
യു.ഡി.എഫ്

  • മുൻ തിരഞ്ഞെടുപ്പിലെ കണക്കുകളും മണ്ഡലത്തിലെ രാഷ്ട്രീയ പശ്ചാത്തലവും കണക്കിലെടുത്താൽ കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളിൽ യു ഡി എഫ് ഉറപ്പായും വിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഇരിക്കൂർ.

ലയോര മേഖലയിലെ ഇരിക്കൂർ 1957- ലാണ് നിലവിൽ വന്നത്. ഡീലിമിറ്റേഷൻ പ്രക്രിയയുടെ ഭാഗമായി 1977- ൽ മണ്ഡലത്തിലുൾപ്പെട്ട പല പ്രദേശങ്ങളും സമീപ മണ്ഡലങ്ങളുടെ ഭാഗമാവുകയും മറ്റു മണ്ഡലങ്ങളിലെ ചില പ്രദേശങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തതിനാൽ നിലവിലുള്ള ഇരിക്കൂർ മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവം 1977- നു മുൻപുള്ളതിൽനിന്ന് തികച്ചും വ്യത്യസ്തമാണ്.

കമ്മ്യൂണിസ്റ്റു പാർട്ടിയിലെ ടി സി നാരായണൻ നമ്പ്യാർ (1957,1960), സി പി എമ്മിലെ ഇ പി കൃഷ്ണൻ നമ്പ്യാർ (1967), എ കുഞ്ഞിക്കണ്ണൻ (1970), ഇ കെ നായനാർ (1974 ഉപതിരഞ്ഞെടുപ്പ്) എന്നിവർ ആദ്യകാല ജനപ്രതിനിധികളാണ്. മുൻ മുഖ്യമന്ത്രി ഇ കെ നായനാർ ആദ്യമായി നിയമസഭാംഗമായത് ഇരിക്കൂരിലെ ഉപതിരഞ്ഞെടുപ്പിലൂടെയാണ്. എ കുഞ്ഞിക്കണ്ണന്റെ നിര്യാണത്തെത്തുടർന്നാണ് 1974-ൽ ഉപതിരഞ്ഞെടുപ്പ് നടന്നത്.

1977-ൽ ൽ മണ്ഡലത്തിലെ പ്രദേശങ്ങൾ മാറിയതിനുശേഷം കോൺഗ്രസിലെ സി പി ഗോവിന്ദൻ നമ്പ്യാർ (1977), കോൺഗ്രസി (യു) ലെ കടന്നപ്പള്ളി രാമചന്ദ്രൻ (1980), കോൺഗ്രസ്സിലെ കെ സി ജോസഫ് (1982മുതൽ 2021 വരെ) എന്നിവരാണ് വിജയിച്ചവർ. കെ സി ജോസഫ് തുടർച്ചയായി എട്ടു തവണയാണ് വിജയിച്ചത്. 1977 മുതൽ കോൺഗ്രസ് നയിക്കുന്ന മുന്നണിക്ക് അനുകൂലമായിട്ടാണ് ഇരിക്കൂർ വിധിയെഴുതിയിട്ടുള്ളത്. 2021-ൽ സജീവ് ജോസഫായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ഇരിക്കൂർ  മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ഇരിക്കൂർ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

ആകെ 1,95,695 വോട്ടർമാരിൽ 1,53,036 പേർ വോട്ടു രേഖപ്പെടുത്തിയ 2021-ൽ സജീവ് ജോസഫിന് 76,764 വോട്ടും എൽ ഡി എഫിലെ കേരള കോൺഗ്രസ്സ് (മാണി വിഭാഗം) സ്ഥാനാർത്ഥി സജി കുറ്റിയാനി മറ്റത്തിന് 66,754 വോട്ടും ലഭിച്ചു. ബി ജെ പി സ്ഥാനാർഥിയായ ആനിയമ്മ ടീച്ചർക്ക് 7825 വോട്ടാണ് ലഭിച്ചത്. 2024- ലെ ലോകസഭാ തിരഞ്ഞെടുപ്പിലെ കണക്കു പ്രകാരം മണ്ഡലത്തിൽ 34,000 ലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് യു ഡി എഫിന്.

തദ്ദേശ തിരഞ്ഞെടുപ്പിൽ ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റി, ആലക്കോട്, ഏരുവേശ്ശി, ഇരിക്കൂർ, നടുവിൽ, പയ്യാവൂർ, ഉദയഗിരി, ഉളിക്കൽ ഗ്രാമ പഞ്ചായത്തുകളിൽ യു ഡി എഫ് അധികാരത്തിലെത്തിയപ്പോൾ ചെങ്ങളായി ഗ്രാമ പഞ്ചായത്തിൽ മാത്രമാണ് എൽ ഡി എഫിന് ഭരണം നിലനിർത്താനായത്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം 30,000 ലേറെ വോട്ടിന്റെ വലിയ ഭൂരിപക്ഷമാണ് യു ഡി എഫിന് ലഭിച്ചത്. മുൻ തിരഞ്ഞെടുപ്പിലെ കണക്കുകളും മണ്ഡലത്തിലെ രാഷ്ട്രീയ പശ്ചാത്തലവും കണക്കിലെടുത്താൽ കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളിൽ യു ഡി എഫ് ഉറപ്പായും വിജയം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഇരിക്കൂർ.

പത്തനംതിട്ട ജില്ലയിലെ
ജയവും തോൽവിയും
ആര് തീരുമാനിക്കും?

5. അഴിക്കോട്:
പ്രതീക്ഷ സമാസമം

  • രണ്ടു മുന്നണികൾക്കും ഒരുപോലെ വിജയ സാധ്യതയുള്ള മണ്ഡലം.

1977-ലാണ് അഴിക്കോട് മണ്ഡലം രൂപീകരിച്ചത്. 1977 മുതൽ 1982 വരെ സി പി എം നേതാക്കളായ ചടയൻ ഗോവിന്ദനും പി ദേവൂട്ടിയും ജയിച്ച മണ്ഡലത്തിൽ 1987- ലാണ് കേരളമാകെ ശ്രദ്ധിക്കപ്പെട്ട തിരഞ്ഞെടുപ്പ് പോരാട്ടം ഉണ്ടാവുന്നത്. ബദൽരേഖാ വിവാദവുമായി ബന്ധപ്പെട്ട് സി പി എമ്മിൽനിന്ന് പുറത്തായ എം വി രാഘവൻ പുതുതായി രൂപീകരിച്ച കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (സി എം പി) സ്ഥാനാർത്ഥിയായി യു ഡി എഫ് പിന്തുണയോടെ മത്സരിച്ചു. സി പി എമ്മിലെ ഇ പി ജയരാജനായായിരുന്നു എതിർസ്ഥാനാർത്ഥി. നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും എം വി രാഘവനാണ് വിജയിച്ചത്. 1991 ൽ മണ്ഡലം സി പി എം തിരിച്ചുപിടിച്ചു. സി പി എം സ്ഥാനാർത്ഥിയായി 1996 ലും 2001 ലും വിജയിച്ചത് എൻ ജി ഒ യൂണിയൻ നേതാവ് ടി കെ ബാലനായിരുന്നു. 2005 ൽ അദ്ദേഹം മരിച്ചപ്പോൾ നടന്ന ഉപ തിരഞ്ഞെടുപ്പിലാണ് എം പ്രകാശൻ തിരഞ്ഞെടുക്കപ്പെട്ടത്. 2006-ലും അദ്ദേഹം വിജയിച്ചു.

2008- ലെ ഡീലിമിറ്റേഷൻ പ്രക്രിയുടെ ഭാഗമായി മണ്ഡലത്തിലുൾപ്പെട്ട പ്രദേശങ്ങൾ പുതുക്കി നിശ്ചയിക്കുകയുണ്ടായി. പുതുതായി ഉൾപ്പെട്ട പ്രദേശങ്ങളുടെ രാഷ്ട്രീയ സ്വഭാവം കാരണം 2011 മുതലുള്ള തിരഞ്ഞെടുപ്പിൽ എൽ ഡി എഫിനും യു ഡി എഫിനും തുല്യ വിജയസാധ്യതയുള്ള മണ്ഡലമായി അഴിക്കോട് മാറി.

മുസ്ലിം ലീഗിലെ കെ എം ഷാജി 2011ലും 2016ലും വിജയിച്ചപ്പോൾ 2021-ൽ സി പി എമ്മിലെ കെ വി സുമേഷ് മണ്ഡലം എൽ ഡി എഫിന് അനുകൂലമാക്കി.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ  അഴിക്കോട്  മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ അഴിക്കോട് മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021-ൽ ആകെയുള്ള 1,81!,562 വോട്ടർമാരിൽ 1,45,189 പേർ വോട്ടു രേഖപ്പെടുത്തിയപ്പോൾ കെ വി സുമേഷിന് 65,794 വോട്ടും യു ഡി എഫിലെ കെ എം ഷാജിക്ക് 59,653 വോട്ടും ലഭിച്ചു. ബി ജെ പി സ്ഥാനാർത്ഥി കെ രഞ്ജിത്തിന് 15,741 വോട്ടാണ് ലഭിച്ചത്.

അഴിക്കോട്, ചിറക്കൽ, നാറാത്ത്, പാപ്പിനിശ്ശേരി, വളപട്ടണം ഗ്രാമപഞ്ചായത്തുകളും കണ്ണൂർ കോർപറേഷനിലെ പള്ളിക്കുന്ന് പുഴാതി മേഖലയിലെ 15 വാർഡുകളുമാണ് അഴിക്കോട് നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെട്ട പ്രദേശങ്ങൾ.

തദ്ദേശ തിരഞ്ഞെടുപ്പിൽ അഴീക്കോട്, ചിറക്കൽ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തുകളിൽ എൽ ഡി എഫ് അധികാരത്തിലെത്തിയപ്പോൾ നാറാത്ത്, വളപട്ടണം പഞ്ചായത്തുകളിൽ യു ഡി എഫ് ഭരണത്തിലെത്തി. കണ്ണൂർ കോർപറേഷനിൽ ഉൾപ്പെട്ട 15 വാർഡുകളിൽ ബഹുഭൂരിപക്ഷവും യു ഡി എഫിന് അനുകൂലമായി. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകൾ പരിശോധിച്ചാൽ എൽ ഡി എഫിനും യു ഡി എഫിനും ഏതാണ്ട് തുല്യ നിലയിലുള്ള വോട്ടുകളാണ് ലഭിച്ചത്. എൻ ഡി എക്ക് പതിനാറായിരത്തിനടുത്ത് വോട്ടും ലഭിച്ചു.

രണ്ടു മുന്നണികൾക്കും ഒരുപോലെ വിജയ സാധ്യതയുള്ള മണ്ഡലത്തിൽ വികസന പ്രവർത്തങ്ങളും ജനപ്രതിനിധിയുടെ സ്വീകാര്യതയും വോട്ടായി മാറുമെന്നാണ് ഇടതുമുന്നണി പ്രതീക്ഷ.

രാഷ്ട്രീയ
അടിയൊഴുക്കുണ്ടോ,
കാസർകോട് ജില്ലയിൽ?

6. കണ്ണൂർ:
യു.ഡി.എഫ്
പ്രതീക്ഷ

  • യു ഡി എഫ് പ്രതീക്ഷ പുലർത്തുന്ന മണ്ഡലം. എങ്കിലും സ്ഥാനാർഥി നിർണയവും പാർട്ടിക്കുള്ളിലെ അടിയൊഴുക്കുകളുമായിരിക്കും 2026- ലെ ജയ- പരാജയങ്ങളെ നിശ്ചയിക്കുക.

1957- ലെ ആദ്യ തിരഞ്ഞെടുപ്പിൽ കണ്ണൂർ-1, കണ്ണൂർ-2 എന്നീ രണ്ടു മണ്ഡലങ്ങളാണ് ജില്ലയിൽ ഉണ്ടായിരുന്നത്. 1965-ലെ അതിർത്തി പുനർ നിർണ്ണയത്തെത്തുടർന്ന് ഇവ യഥാക്രമം കണ്ണൂർ, എടക്കാട് മണ്ഡലങ്ങളായി. 2008-ലെ മണ്ഡല പുനർനിർണയത്തിൽ കണ്ണൂർ നിയമസഭ മണ്ഡലത്തിന്റെ പ്രധാനപ്പെട്ട ഒരു ഭാഗം അഴീക്കോട് നിയമസഭാ മണ്ഡലത്തിന്റെ ഭാഗമായും എടക്കാടിന്റെ ഒരു ഭാഗം കണ്ണൂർ നിയമസഭ മണ്ഡലത്തിന്റെയും ഭാഗമായി. അതോടെ 2011- മുതൽ എടക്കാട് നിയമസഭാ മണ്ഡലം ഇല്ലാതായി. ഇതിനെത്തുടർന്ന് രൂപീകരിച്ച കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ കണ്ണൂർ കോർപറേഷനിലെ 40 വാർഡുകളും മുണ്ടേരി ഗ്രാമപഞ്ചായത്തുമാണ് ഉൾപ്പെട്ടിട്ടുള്ളത്.

കമ്മ്യൂണിസ്റ്റു പാർട്ടി നേതാവായ സി. കണ്ണൻ 1957 ലും കേരളത്തിലെ രണ്ടാം മന്ത്രിസഭയിലെ ഉപ മുഖ്യമന്ത്രിയായും പിന്നീട് മുഖ്യമന്ത്രിയുമായും പ്രവർത്തിച്ച ആർ ശങ്കർ 1960 ലും കണ്ണൂർ- 1 നിയമസഭ മണ്ഡലത്തിൽ നിന്ന് വിജയിച്ചവരാണ്. 1967- ൽ കമ്മ്യൂണിസ്റ്റു പാർട്ടികളുടെ നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണിയിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച ഇ. അഹമ്മദ് കണ്ണൂരിൽ നിന്നാണ് ആദ്യമായി നിയമസഭയിലെത്തിയത്.

1977 മുതൽ രാഷ്ട്രീയ കൂടുമാറ്റങ്ങൾ കാരണം വാർത്താപ്രാധാന്യം ലഭിച്ച സ്ഥാനാർത്ഥി പ്രഖ്യാപനങ്ങളും കണ്ണൂർ മണ്ഡലത്തിൽ ഒട്ടേറെയുണ്ടായിരുന്നു. സ്വതന്ത്രനായും ജനതാപാർട്ടി, കോൺഗ്രസ് സ്ഥാനാർത്ഥിയായും രാഷ്ട്രീയരംഗത്തുണ്ടായ പി ഭാസ്കരൻ നാലുതവണയും (1977,1980,1982 ,1987) കോൺഗ്രസ്സിലെ എൻ കെ കുമാരൻ 1970- ലും കെ സുധാകരൻ മൂന്നുതവണയും (1996,2001,2006) എൻ രാമകൃഷ്ണനും (1991) കണ്ണൂരിൽ നിന്ന് വിജയിച്ചവരാണ്.

1996-ൽ കെ സുധാകരനെതിരെ മുൻ നിയമസഭാംഗവും കോൺഗ്രസ് നേതാവുമായിരുന്ന എൻ. രാമകൃഷ്ണനാണ് ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചത്‌. 2009- ൽ ലോക്‌സഭയിലേക്ക് തിരഞ്ഞെടുത്തതിനെത്തുടർന്ന് കെ സുധാകരൻ നിയമസഭാംഗത്വം രാജിവെച്ചപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിൽ (2009) സി പി എമ്മിൽ നിന്ന് പുറത്തായ എ പി അബ്ദുള്ള കുട്ടിയാണ് കോൺഗ്രസ് ടിക്കറ്റിൽ ജയിച്ചത്.

പൊതുവെ കോൺഗ്രസിനും മുസ്ലിം ലീഗിനും സ്വാധീനമുള്ള പ്രദേശങ്ങളാണ് കണ്ണൂർ നിയമസഭാ മണ്ഡലത്തിലുള്ളതെങ്കിലും 2016 ലും 2021 ലും കോൺഗ്രസ് (എസ്സ് ) നേതാവ് കടന്നപ്പള്ളി രാമചന്ദ്രനിലൂടെ ഇടതുമുന്നണി മണ്ഡലത്തിൽ വിജയിച്ചു. 2021- ൽ കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയെ (58568 വോട്ട്) 1745 വോട്ടിന്റെ വ്യത്യാസത്തിലാണ് കടന്നപ്പള്ളി രാമചന്ദ്രൻ (60313 വോട്ട്) പരാജയപ്പെടുത്തിയത്. 2021-ൽ ബി ജെ പി സ്ഥാനാർഥി അർച്ചന വണ്ടിച്ചാലിന് 11581 വോട്ട് ലഭിച്ചു

2009 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കണ്ണൂർ  മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
2009 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കണ്ണൂർ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

തദ്ദേശ തിരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിലുൾപ്പെട്ട കണ്ണൂർ കോർപറേഷനിൽ യു ഡി എഫ് അധികാരത്തിലെത്തുകയും മുണ്ടേരി ഗ്രാമ പഞ്ചായത്തിൽ 11 വീതം വാർഡുകളിൽ വിജയിച്ച എൽ ഡി എഫും യു ഡി എഫും തുല്യ നിലയിലെത്തുകയും ചെയ്തു. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം 10000 ലേറെ വോട്ടിന്റെ മുൻതൂക്കമാണ് യുഡിഎഫിനുള്ളത്.

യു ഡി എഫ് കണ്ണൂർ ജില്ലയിൽ വിജയ പ്രതീക്ഷ പുലർത്തുന്ന മണ്ഡലമാണ് കണ്ണൂർ. എങ്കിലും സ്ഥാനാർഥി നിർണയവും പാർട്ടിക്കുള്ളിലെ അടിയൊഴുക്കുകളുമായിരിക്കും 2026- ലെ ജയ- പരാജയങ്ങളെ നിശ്ചയിക്കുക.

രാഹുലും ശശിയും
പാലക്കാടിന്റെ
ഇലക്ഷൻ സൂത്രങ്ങളും

7. ധർമടം:
പിണറായിയുടെ
സ്വന്തം

  • കഴിഞ്ഞ കാല തിരഞ്ഞെടുപ്പുകളിലെ വോട്ടും മണ്ഡലത്തിലെ രാഷ്ട്രീയ പശ്ചാത്തലവും വിലയിരുത്തിയാൽ വലിയ ഭൂരിപക്ഷത്തോടെയുള്ള ഇടതുമുന്നണിയുടെ വിജയം 2026- ലും ആവർത്തിച്ചേക്കും.

2008-ലെ മണ്ഡല പുനർനിർണയ പ്രക്രിയയുടെ ഭാഗമായി പുതുതായി രൂപീകരിച്ചതാണ് ധർമടം. മണ്ഡലത്തിലുൾപ്പെട്ട പ്രദേശങ്ങളിൽ ഭൂരിപക്ഷവും പഴയ എടക്കാട് നിയമസഭ മണ്ഡലത്തിന്റെ ഭാഗമായിരുന്നു. അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂർ, മുഴപ്പിലങ്ങാട്, പെരളശ്ശേരി, ധർമടം പിണറായി, വേങ്ങാട് പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് പുതുതായി രൂപീകരിച്ച ധർമടം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങളാണ് ഇവയെല്ലാം. കേരളത്തിൽ സി പി എമ്മിന് ഏറ്റവും വലിയ വിജയ സാധ്യതയുള്ള മണ്ഡലങ്ങളിലൊന്നാണ് ധർമ്മടം.

ധർമടം നിയമസഭ മണ്ഡലം രൂപീകരിക്കുന്നതിന് മുൻപുണ്ടായിരുന്ന എടക്കാട് മണ്ഡലത്തിൽ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ പ്രധാന നേതാക്കളായ സി കണ്ണൻ (1967), ഒ ഭരതൻ (1987,1991) എന്നിവർ വിജയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കേസും അതുമായി ബന്ധപ്പെട്ട വിധിയും കാരണം എടക്കാട് മണ്ഡലത്തിലെ 1991- ലെ ജനവിധി വാർത്താ പ്രാധാന്യമുള്ളയൊന്നായിരുന്നു. സി പി എമ്മിലെ ഒ ഭരതൻ 54,965 വോട്ടും കോൺഗ്രസിലെ കെ സുധാകരൻ 54,746 വോട്ടുകളും നേടിയതിനെത്തുടർന്ന് 219 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ഒ ഭരതൻ വിജയിച്ചതായി 1991ൽ പ്രഖ്യാപിച്ചു. എന്നാൽ ക്രമക്കേടുകൾ നടന്നുവെന്നാരോപിച്ച് എതിർ കക്ഷി കെ സുധാകരൻ ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് ഹർജി നൽകിയപ്പോൾ ഒ. ഭരതന്റെ വിജയം അസാധുവാക്കുകയും എതിർ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. അതിനെത്തുടർന്ന് കെ സുധാകരൻ 1992 ആഗസ്ത് 17 ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ ഒ. ഭരതൻ സുപ്രീം കോടതിയെ സമീപിക്കുകയും 1996 ഫെബ്രുവരിയിൽ രണ്ടംഗ സുപ്രീംകോടതി ബെഞ്ച് ഹൈക്കോടതി നടപടി അസാധുവാക്കുകയും ഒ ഭരതനെ വീണ്ടും വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.

കോൺഗ്രസിലെ എൻ രാമകൃഷ്ണൻ(1970), അഖിലേന്ത്യാ ലീഗിലെ പി പി വി മൂസ്സ (1977,1980), സിപി എമ്മിലെ എം വി ജയരാജൻ (1996,2001), കോൺഗ്രസിലെ (എസ്) എ കെ ശശീന്ദ്രൻ (1982), കടന്നപ്പള്ളി രാമചന്ദ്രൻ (2006) എന്നിവർ ധർമടം മണ്ഡലം രൂപീകരിക്കുന്നതിന് മുൻപ് എടക്കാട് മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധികളാണ്.

2011- ൽ രൂപീകരിച്ച ധർമടം മണ്ഡലത്തിലെ ആദ്യ ജനപ്രതിനിധി സി പി എമ്മിലെ കെ കെ നാരായണനാണ്. പിണറായി വിജയനാണ് 2016, 2021 വർഷങ്ങളിൽ ധർമടത്ത് വിജയിച്ചത്.

2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ധർമടം മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ ധർമടം മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021-ൽ ആകെയുള്ള 1,93,486 വോട്ടർമാരിൽ 161232 (82.82 ശതമാനം) പേരാണ് വോട്ടു രേഖപ്പെടുത്തിയത്. പിണറായി വിജയന് 95522 വോട്ടും യു ഡി എഫിലെ സി രഘുനാഥിന് 45399 വോട്ടും ബി ജെ പി സ്ഥാനാർഥി സി കെ പത്മനാഭന് 14623 വോട്ടുമാണ് നേടിയത്.

അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂർ, മുഴപ്പിലങ്ങാട്, പെരളശ്ശേരി, ധർമടം പിണറായി, വേങ്ങാട് എന്നീ പഞ്ചായത്തുകളിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ ഡി എഫിനാണ് ഭരണം ലഭിച്ചത്. മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും വിജയിച്ച എൽ ഡി എഫിന് 25000- ലേറെ വോട്ടിന്റെ ഭൂരിപക്ഷമാണുള്ളത്.

കഴിഞ്ഞകാല തിരഞ്ഞെടുപ്പുകളിലെ വോട്ടും മണ്ഡലത്തിലെ രാഷ്ട്രീയ പശ്ചാത്തലവും വിലയിരുത്തിയാൽ വലിയ ഭൂരിപക്ഷത്തോടെയുള്ള ഇടതുമുന്നണിയുടെ വിജയം 2026- ലും ആവർത്തിച്ചേക്കും.

8.തലശ്ശേരി:
ഇടതുസാധ്യത

  • മുൻ തിരഞ്ഞെടുപ്പുകളിൽ മുന്നണികൾക്ക് ലഭിച്ച വോട്ടും മണ്ഡലത്തിലെ രാഷ്ട്രീയ പശ്ചാത്തലവും വിലയിരുത്തിയാൽ 2026 ലും ഇടതുമുന്നണിതന്നെ തലശ്ശേരിൽ വിജയിക്കാനാണ് സാധ്യത.

1957 മുതൽ പ്രാബല്യത്തിലുള്ള മണ്ഡലം. 2008- ലെ ഡീലിമിറ്റേഷൻ പ്രക്രിയക്കുശേഷം മണ്ഡലത്തിലുൾപ്പെട്ട പ്രദേശങ്ങൾ പഴയതിൽ നിന്നും വ്യത്യസ്തമാണ്. 2011 മുതൽ ചൊക്ലി, എരഞ്ഞോളി, കതിരൂർ, ന്യൂ മാഹി, പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തുകളും തലശ്ശേരി മുനിസിപ്പാലിറ്റിയും ചേർന്നതാണ് തലശ്ശേരി മണ്ഡലം.

1957- ൽ കമ്മ്യൂണിസ്റ്റു പാർട്ടി സ്വതന്ത്രനായി വിജയിച്ച വി ആർ കൃഷ്ണയ്യർ ഉൾപ്പെടെ തലശ്ശേരിയിൽ വിജയിച്ചവരെല്ലാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ഇടതുപക്ഷത്തിന്റെയും നേതാക്കളായിരുന്നു. 1960- ൽ കോൺഗ്രസിലെ പി കുഞ്ഞിരാമൻ വിജയിച്ചെങ്കിലും അദ്ദേഹത്തിന് യോഗ്യതാതീയതിയിൽ 21 വയസ്സ് തികഞ്ഞിട്ടില്ലയെന്ന കാരണം പറഞ്ഞ് എതിർ സ്ഥാനാർത്ഥി വി ആർ കൃഷ്ണയ്യർ നൽകിയ ഹർജി പരിഗണിച്ച് ട്രിബൂണൽ ഫലം റദ്ദാക്കുകയും കൃഷ്ണയ്യരെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. അതിനാൽ തലശ്ശേരിയിൽ രണ്ടാമതും കൃഷ്‍ണയ്യർ വിജയിച്ചത് നിയമപരമായ നടപടിയിലൂടെയാണെന്ന് പറയാം. 1967- ൽ സി പി എമ്മിലെ കെ പി ആർ ഗോപാലൻ വിജയിച്ചു. 1970- ൽ സി പി ഐ ഉൾപ്പെട്ട കോൺഗ്രസ് മുന്നണിയുടെ സ്ഥാനാർഥിയായിട്ടാണ് സി പി ഐയുടെ എൻ ഇ ബാലറാം വിജയിച്ചത്. 1977- ൽ വിജയിച്ചത് സിപിഎം നേതാവ് പാട്യം ഗോപാലനായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടർന്ന് 1979- ലെ ഉപതിരഞ്ഞെടുപ്പിൽ സി പി എം നേതാവ് എം വി രാജഗോപാലനും സി പി ഐയുടെ കെ ശ്രീധരനും തമ്മിലുള്ള മത്സരത്തിൽ എം വി രാജഗോപാലൻ വിജയിച്ചു. ദീർഘകാലം മണ്ഡലത്തെ പ്രതിനിധീകരിച്ച കോടിയേരി ബാലകൃഷ്ണൻ (1982, 1987, 2001, 2006, 2011), കെ പി മമ്മു മാസ്റ്റർ (1991,1996) എന്നിവർ മുൻ ജനപ്രതിനിധികളാണ്.

1996-ൽ ഇടതുമുന്നണിക്ക് കേവലഭൂരിപക്ഷം ലഭിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്ന വി.എസ് അച്യുതാനന്ദൻ മാരാരിക്കുളത്ത് പരാജയപ്പെട്ടതിനാൽ ഇ കെ നായനാരെ മുഖ്യമന്ത്രിയാക്കാനാണ് ഇടതുമുന്നണി തീരുമാനിച്ചത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന അദ്ദേഹത്തെ നിയമാംഗമാക്കുന്നതിനായി തലശ്ശേരിയിൽ നിന്ന് വിജയിച്ച കെ പി മമ്മു മാസ്റ്റർ സ്ഥാനം രാജിവെക്കുകയും 1996 ഒക്ടോബറിൽ ഉപ തിരെഞ്ഞെടുപ്പിലൂടെ ഇ കെ നായനാർ വിജയിക്കുകയും ചെയ്തു.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ തലശ്ശേരി  മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ തലശ്ശേരി മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2016, 2021 വർഷങ്ങളിൽ വിജയിച്ചത് ഇടതുമുന്നണിയുടെ എ എൻ ഷംസീർ. 2021- ലെ തിരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്ത 1,33,553 വോട്ടിൽ 81,810 വോട്ട് എ എൻ ഷംസീറിനും 45,009 വോട്ട് യു ഡി എഫിലെ എം പി അരവിന്ദാക്ഷനും ലഭിച്ചു. ബി ജെ പിയാകട്ടെ 2021 ലെ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്താതെ ഇടതുമുന്നണിക്കെതിരെയുള്ള പ്രവർത്തനമായിരുന്നു നടത്തിയിരുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലുൾപ്പെട്ട മുഴുവൻ സ്ഥാപനങ്ങളിലും എൽ ഡി എഫാണ് അധികാരത്തിലെത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുകൾ കണക്കാക്കിയാൽ 38000-ലേറെ വോട്ടിന്റെ മുൻതൂക്കമാണ് എൽ ഡി എഫിന് തലശ്ശേരിയിൽ ലഭിച്ചത്.

മുൻ തിരഞ്ഞെടുപ്പുകളിൽ മുന്നണികൾക്ക് ലഭിച്ച വോട്ടും മണ്ഡലത്തിലെ രാഷ്ട്രീയ പശ്ചാത്തലവും വിലയിരുത്തിയാൽ 2026 ലും ഇടതുമുന്നണിതന്നെ തലശ്ശേരിൽ വിജയിക്കാനാണ് സാധ്യത.

9.കുത്തുപറമ്പ്:
മുന്നണികൾ, പ്രതീക്ഷകൾ

  • രണ്ടു മുന്നണിക്കും ഒരേപോലെ വിജയ സാധ്യതയുള്ള മണ്ഡലം.

1957 മുതൽ പ്രാബല്യത്തിലുള്ള മണ്ഡലം. എന്നാൽ നിലവിലുള്ള മണ്ഡലത്തിലുൾപ്പെട്ട പ്രദേശങ്ങൾ 2011- നു മുമ്പുള്ള കൂത്തുപറമ്പിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. പാനൂർ, പെരിങ്ങളം, കരിയാട് ഗ്രാമപഞ്ചായത്തുകളടക്കം (2015- ൽ ഇവ ലയിപ്പിച്ച് രൂപീകരിച്ചതാണ് പാനൂർ മുനിസിപ്പാലിറ്റി) ഒമ്പത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഏഴെണ്ണവും അതിർത്തിനിർണ്ണയത്തിന് മുമ്പ് പഴയ പെരിങ്ങളം നിയമസഭാമണ്ഡലത്തിന്റെ ഭാഗമായിരുന്നു. ഈ പ്രദേശങ്ങളാകട്ടെ മുസ്ലിം ലീഗിനും പി ആർ കുറുപ്പിന്റെ രാഷ്ട്രീയസ്വാധീനത്താൽ പി എസ് പി / ജനതാപാർട്ടി / ജനതാദൾ വിഭാഗത്തിനും സ്വാധീനമുള്ള മേഖലകളാണ്.

പഴയ കൂത്തുപറമ്പ് മണ്ഡലം ശക്തമായ ഇടതു സ്വാധീനമേഖലകൾ ഉൾപ്പെട്ടതാണെങ്കിൽ പെരിങ്ങളം മണ്ഡലത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളും ഉൾപ്പെടുത്തി പുതുതായി രൂപീകരിച്ച കൂത്തുപറമ്പിന് പഴയ മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവമല്ല എന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

പഴയ പെരിങ്ങളം മണ്ഡലത്തിൽ ജനതാദളിലെ പി ആർ കുറുപ്പ് (1967, 1977, 1987, 1996, 2001*) സോഷ്യലിസ്റ്റ് പാർട്ടിയിലെ കെ എം സൂപ്പി (1970) കോൺഗ്രസ് (യു)-യിലെ എ കെ ശശീന്ദ്രൻ (1980), അഖിലേന്ത്യാ ലീഗിലെ എൻ എ മമ്മു ഹാജി (1982), ഇ ടി മുഹമ്മദ് ബഷീർ (1985 ഉപതിരഞ്ഞെടുപ്പ്), മുസ്ലിംലീഗിലെ കെ എം സൂപ്പി (1991), ജനതാദളിലെ കെ പി മോഹനൻ (2001ഉപതിരെഞ്ഞെടുപ്പ്, 2006), എന്നിവർ വിജയിച്ചിരുന്നു.

പി എസ് പിയിലെ പി ആർ കുറുപ്പ് (1957,1960), എസ് എസ് പിയിലെ കെ കെ അബു (1967), സി പി എമ്മിലെ പിണറായി വിജയൻ (1970,1977), പി വി കുഞ്ഞിക്കണ്ണൻ (1982), കെ പി മമ്മു മാസ്റ്റർ (1987), കെ കെ ശൈലജ (1991), പി ജയരാജൻ (2001, 2006) എന്നിവരാണ് പഴയ കൂത്തുപറമ്പിൽ നിന്ന് ജനപ്രതിനിധിയായവർ.

1970-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ 25-ാം വയസ്സിലാണ് പിണറായി വിജയൻ കുത്തുപറമ്പിൽ നിന്ന് പി എസ് പിയിലെ താഴത്തു രാഘവനെ തോൽപ്പിച്ച് നിയമസഭാംഗമായത്. 1970- ൽ 743 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പിണറായി വിജയൻ വിജയിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് കൂത്തുപറമ്പ് എം എൽ എയായ പിണറായി വിജയനെതിരെ പോലീസ് നടത്തിയ ക്രൂരമർദ്ദനം സംസ്ഥാന ചരിത്രത്തിൽ ഒരു ജനപ്രതിനിധി അനുഭവിക്കേണ്ടിവന്ന ഏറ്റവും ഭീകരമായ നടപടികളിലൊന്നായിരുന്നു.

2001- ൽ കൂത്തുപറമ്പിൽ വിജയിച്ചത് സി പി എം നേതാവ് പി ജയരാജനായിരുന്നു. സിറ്റിംഗ് എം എൽ എയായ പി. ജയരാജന്റെ തിരഞ്ഞെടുപ്പ് സുപ്രീം കോടതി അസാധുവായി പ്രഖ്യാപിച്ചതിനാൽ 2005-ൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നു. 2001 ലെ തിരഞ്ഞെടുപ്പ് അസാധുവാകാനുള്ള കാരണം, മത്സരിക്കുന്ന ഘട്ടത്തിൽ അദ്ദേഹത്തിനെതിരായ കേസായിരുന്നു. എന്നാൽ വീണ്ടും മത്സരിക്കുന്നതിന് സുപ്രീംകോടതി അയോഗ്യത കൽപ്പിക്കാതിരുന്നതിനാൽ 2005 ജൂൺ 2-ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ പി. ജയരാജൻ വീണ്ടും മത്സരിക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

2011 മുതൽ പുതിയ പ്രദേശങ്ങൾ ഉൾപ്പെടുത്തി രൂപീകരിച്ച കൂത്തുപറമ്പിൽ യു ഡി എഫിലെ ഘടകകക്ഷിയായ സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്‌) നേതാവ് കെ പി മോഹനൻ ഇടതുമുന്നണി സ്ഥാനാർത്ഥിയായ എസ് എ പുതിയവളപ്പിനെ തോൽപ്പിച്ചു. എന്നാൽ 2016- ൽ കെ പി മോഹനനെ പരാജയപ്പെടുത്തി സി പി എമ്മിലെ കെ കെ ശൈലജ വിജയിച്ചു.

2021-ൽ കെപി മോഹനനും അദ്ദേഹത്തിന്റെ പാർട്ടിയായ ലോക് താന്ദ്രിക് ജനത ദൾ (എൽ ജെ ഡി) ഇടതുമുന്നണിയിലെ ഘടകക്ഷിയായതിനാൽ കൂത്തുപറമ്പിൽ ഇടതുമുന്നണി സ്ഥാർത്തിയായി അദ്ദേഹം മത്സരിച്ചു. ആകെ പോൾ ചെയ്ത 156177 വോട്ടുകളിൽ 68472 വോട്ടു നേടി മുസ്ലിംലീഗ് സ്ഥാനാർത്ഥി പൊറ്റക്കണ്ടി അബ്ദുള്ളയെ 8752 വോട്ടിന് മോഹനൻ പരാജയപ്പെടുത്തി. ബി ജെ പിയുടെ സി സദാനന്ദന് 20795 വോട്ടാണ് ലഭിച്ചത്

കുത്തുപറമ്പ്, പാനൂർ മുൻസിപ്പാലിറ്റികൾ, കോട്ടയം-മലബാർ, കുന്നോത്തുപറമ്പ, മൊകേരി, പാട്ട്യം, തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് കൂത്തുപറമ്പ് നിയമസഭാ മണ്ഡലം.

തദ്ദേശ തിരഞ്ഞെടുപ്പിൽ പാനൂർ മുനിസിപ്പാലിറ്റിയിലും തൃപ്പങ്ങോട്ടൂർ കുന്നോത്തുപറമ്പ ഗ്രാമപഞ്ചായത്തുകളിലും യു ഡി എഫ് അധികാരത്തിലെത്തിയപ്പോൾ കുന്നോത്തുപറമ്പിൽ യു ഡി എഫ് കൂടുതൽ സീറ്റുകൾ നേടി. മറ്റെല്ലാ തദ്ദേശസ്ഥാപങ്ങളിലും എൽ ഡി എഫ് നല്ല ഭൂരിപക്ഷത്തോടെയാണ് അധികാരം നിലനിർത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം 38000-ലേറെ വോട്ടിന്റെ മുൻതൂക്കമാണ് എൽ ഡി എഫിനുള്ളത്.

രണ്ടു മുന്നണിക്കും ഒരേപോലെ വിജയ സാധ്യതയുള്ള മണ്ഡലത്തിൽ നിലവിലുള്ള ജനപ്രതിനിധിക്ക് മണ്ഡലത്തിലുള്ള സ്വീകാര്യത വോട്ടാക്കി മാറ്റി വിജയിക്കാമെന്ന പ്രതീക്ഷയാണ് എൽ ഡി എഫ് ക്യാമ്പിനുള്ളത്.

10.മട്ടന്നൂർ:
ഉറപ്പിച്ച്
എൽ.ഡി.എഫ്

  • ഇടതുമുന്നണിയുടെ വിജയം 2026- ലും ഉറപ്പുള്ള മണ്ഡലങ്ങളിലൊന്നാണ് മട്ടന്നൂർ.

1957,1960- ലെ തിരഞ്ഞെടുപ്പുകളിൽ മട്ടന്നൂർ മണ്ഡലം നിലവിലുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റു പാർട്ടിയിലെ എൻ ഇ ബലാറമാണ് അക്കാലത്ത് വിജയിച്ചത്. അതിനുശേഷം മണ്ഡലത്തിൽപെട്ട പ്രദേശങ്ങൾ തൊട്ടടുത്ത മണ്ഡലങ്ങളുടെ ഭാഗമായതിനാൽ 1967- ലെ തിരഞ്ഞെടുപ്പ് മുതൽ 2008- ലെ ഡീലിമിറ്റേഷൻ പ്രക്രിയവരെ മട്ടന്നൂർ മണ്ഡലം ഉണ്ടായിരുന്നില്ല. 2008- ലെ ഡീലിമിറ്റേഷനു ശേഷം നടന്ന 2011- ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ വീണ്ടും മട്ടന്നൂർ മണ്ഡലം പ്രാബല്യത്തിൽ വന്നു.

മട്ടന്നൂർ നഗരസഭ, കീഴല്ലൂർ, കൂടാളി, മാലൂർ, തില്ലങ്കേരി, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ, കോളയാട്, പടിയൂർ-കല്യാട് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് മട്ടന്നൂർ മണ്ഡലം. ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് വലിയ സ്വാധീനമുള്ള തദ്ദേശ സ്ഥാപനങ്ങളാണ് ഇവയൊക്കെയും. അതുകൊണ്ടുതന്നെ മട്ടന്നൂർ നിയമസഭാ മണ്ഡലം ഇടതുമുന്നണിക്ക് വലിയ വിജയ സാധ്യതയുള്ള മണ്ഡലമായിട്ടാണ് പരിഗണിക്കാറ്.

2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ മട്ടന്നൂർ  മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ മട്ടന്നൂർ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

മണ്ഡലം രൂപീകരിച്ചശേഷം 2011, 2016 വർഷങ്ങളിൽ സി പി എമ്മിലെ ഇ പി ജയരാജനും 2021- ൽ കെ കെ ശൈലജയുമാണ് മണ്ഡലത്തിൽ വിജയിച്ചത്.

2021-ൽ ആകെ പോൾ ചെയ്ത 155927 വോട്ടിൽ കെ കെ ശൈലജയ്ക്ക് 96129 വോട്ടും യു ഡി എഫിലെ ഘടകകക്ഷിയായ ആർ എസ് പിയിലെ ഇല്ലിക്കൽ അഗസ്തിക്ക് 35166 വോട്ടും ലഭിച്ചു. ബി ജെ പിയിലെ ബിജു എളക്കുഴിക്ക് 18223 വോട്ടാണ് ലഭിച്ചത്. 2021-ൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം -60963- മട്ടന്നൂരിൽ വിജയിച്ച കെ കെ ശൈലജക്കായിരുന്നു.

മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിക്കാത്തത്തിനാൽ 2025- ൽ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നില്ല. മറ്റ് തദ്ദേശ സ്ഥാപനങ്ങളിലെല്ലാം എൽ ഡി എഫിനാണ് ഭരണം ലഭിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കു പ്രകാരം 15000-ലേറെ വോട്ടിന്റെ മുൻതൂക്കമാണ് എൽ ഡി എഫിനുള്ളത്.

കേരളത്തിൽ ഇടതുമുന്നണിയുടെ വിജയം 2026- ലും ഉറപ്പുള്ള മണ്ഡലങ്ങളിലൊന്നാണ് മട്ടന്നൂർ.

11.പേരാവൂർ:
കെ.കെ. ​​ശൈലജ
വരുമ്പോൾ

  • 2016ൽ 7,989 വോട്ടിന് വിജയിച്ച സണ്ണി ജോസഫിന് 2021-ൽ ഭൂരിപക്ഷം 3,172 ആയി കുറഞ്ഞിരുന്നു. ഇതിലാണ് എൽ.ഡി.എഫ് പ്രതീക്ഷ. എങ്കിലും, സണ്ണി ജോസഫിനുള്ള ജനപ്രീതിയിൽ മണ്ഡലം സുരക്ഷിതമായിരിക്കുമെന്ന ഉറപ്പിലാണ് യു.ഡി.എഫ്.

രിക്കൂർ, കൂത്തുപറമ്പ് മണ്ഡലങ്ങളുടെ ഭാഗമായിരുന്ന പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് പേരാവൂർ 1977- ൽ നിലവിൽ വന്നത്. 2008- ലെ മണ്ഡല പുനർനിർണയത്തിനുശേഷം പേരാവൂർ മണ്ഡലത്തിലുൾപ്പെട്ട പ്രദേശങ്ങളിലെ ചില ഭാഗങ്ങൾ മട്ടന്നൂർ മണ്ഡലത്തിന്റെ ഭാഗമായതിനാൽ പേരാവൂരിലെ രാഷ്ട്രീയ സ്വഭാവത്തിനും 2011 മുതൽ അല്പം മാറ്റം കാണാൻ തുടങ്ങി. ഇരിട്ടി മുനിസിപ്പാലിറ്റിയും ആറളം, അയ്യങ്കുന്ന്‌, കണിച്ചാർ, കേളകം,കൊട്ടിയൂർ, മുഴക്കുന്ന് ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതാണ് പേരാവൂർ മണ്ഡലം. മിക്ക പഞ്ചായത്തുകളും കോൺഗ്രസിന് വ്യക്തമായ സ്വാധീനമുള്ള മേഖലയാണ്.

1977 മുതൽ 2006 വരെയുള്ള തിരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ കാലം (1977, 1980, 1982, 1987, 1991) മണ്ഡലത്തെ പ്രതിനിധീകരിച്ചത് കോൺഗ്രസിലെ കെ പി നൂറുദ്ദീനാണ്. 1977 ൽ കമ്യൂണിസ്‌റ്റ് പാർട്ടിയിലെ ഇ പി കൃഷ്‌ണൻ നമ്പ്യാരെ തോൽപിച്ച് ആദ്യമായി നിയമസഭയിലെത്തിയ. അദ്ദേഹം 1980- ൽ ഇടതുമുന്നണിയുടെ പിന്തുണയോടെ കോൺഗ്രസ് (യു) ടിക്കറ്റിലാണ് മത്സരിച്ചത്‌. കോൺഗ്രസിലെ സി എം കരുണാകരൻ നമ്പ്യാരെയാണ് 1980- ൽ പരാജയപ്പെടുത്തിയത്. 1982- ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ച നൂറുദ്ദീൻ ഐക്യ മുന്നണി മന്ത്രിസഭയിൽ വനം വകുപ്പ് മന്ത്രിയായി. പിന്നീടുള്ള രണ്ടു തിരഞ്ഞെടുപ്പിലും വിജയിച്ച അദ്ദേഹം പേരാവൂരിൽ 19 വർഷമാണ് ജനപ്രതിനിധിയായത്. കോൺഗ്രസിലെ (എസ്) കെ ടി കുഞ്ഞമ്മദ് (1996), കോൺഗ്രസിലെ എ ഡി മുസ്തഫ (2001), സി പി എമ്മിലെ കെ കെ ശൈലജ (2006) എന്നിവർ ആദ്യകാല ജനപ്രതിനിധികളാണ്. 2011 മുതൽ പേരവൂരിൽ വിജയിക്കുന്നത് യു ഡി എഫിലെ സണ്ണി ജോസഫാണ്.

2011- 2021 കാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പേരാവൂർ  മണ്ഡലത്തിൽ കോൺഗ്രസ്  സ്ഥാനാർഥികൾ നേടിയ ഭൂരിപക്ഷം.
2011- 2021 കാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പേരാവൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥികൾ നേടിയ ഭൂരിപക്ഷം.

2021-ൽ സണ്ണി ജോസഫ് ആകെ പോൾ ചെയ്‌ത 143378 വോട്ടിൽ 66706 വോട്ടും സി പി എം സ്ഥാനാർത്ഥി സക്കിർ ഹുസൈൻ 63534 വോട്ടും നേടി. ബി ജെ പിയിലെ സ്മിത ജയ മോഹനന് 9155 വോട്ടാണ് നേടാനായത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരിട്ടി മുനിസിപ്പാലിറ്റിയും മുഴക്കുന്ന് പഞ്ചായത്തും എൽ ഡി എഫിന് ലഭിച്ചപ്പോൾ മറ്റെല്ലാ സ്ഥാപനങ്ങളിലും വലിയ ഭൂരിപക്ഷത്തിനാണ് യു ഡി എഫ് വിജയിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കു പ്രകാരം 10000 ലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് യു ഡി എഫിന്.

2011 മുതൽ യു ഡി എഫ് വിജയിക്കുന്ന മണ്ഡലത്തിലെ ഭൂരിപക്ഷം നേരിയതായതിനാൽ ഇരു മുന്നണികൾക്കും ജയിക്കാൻ സാധ്യതയുള്ള മണ്ഡലമാണ് പേരാവൂർ. എന്നാൽ, ബഹു ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളിൽ യു ഡി എഫിന് സ്വാധീനമുള്ളതിനാൽ മണ്ഡലത്തിൽ അല്പം മുൻ‌തൂക്കം യു ഡി എഫിനാണ്.

എന്നാൽ, ഇത്തവണ കെ.കെ. ​​​​ശൈലജ പേരാവൂരിൽ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. എങ്കിൽ, സണ്ണി ജോസഫിന് ജയം ആവർത്തിക്കുക എളുപ്പമായിരിക്കില്ല. 2016ൽ 7,989 വോട്ടിന് വിജയിച്ച സണ്ണി ജോസഫിന് 2021-ൽ ഭൂരിപക്ഷം 3,172 ആയി കുറഞ്ഞിരുന്നു. ഇതിലാണ് എൽ.ഡി.എഫ് പ്രതീക്ഷ. എങ്കിലും, സണ്ണി ജോസഫിനുള്ള ജനപ്രീതിയിൽ മണ്ഡലം സുരക്ഷിതമായിരിക്കുമെന്ന ഉറപ്പിലാണ് യു.ഡി.എഫ്.

Comments