എഡിറ്റർമാർക്ക്​ തെറ്റ്​ അംഗീകരിക്കാൻ മടി

വിമർശനങ്ങളോട് ക്രിയാത്മക സമീപനമാണ് മാധ്യമങ്ങൾ സ്വീകരിക്കേണ്ടത്. എന്തുകൊണ്ട് ഇത്രയധികം തെറ്റുകൾ സംഭവിക്കുന്നു എന്നാണ് അവർ സ്വയം ചോദിക്കേണ്ടത്- ദി ഹിന്ദു ഫോറിൻ എഡിറ്റർ സ്​റ്റാൻലി ജോണി സംസാരിക്കുന്നു. തിങ്ക്​ നൽകിയ പത്തുചോദ്യങ്ങൾക്ക്​ 22 മാധ്യമപ്രവർത്തകരാണ്​ നിലപാട്​ വ്യക്തമാക്കിയത്​. ഇതോ​​ടൊപ്പം, മാധ്യമപ്രവർത്തകരുടെ പേരിൽ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.

മനില സി. മോഹൻ : മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ക്രൂരമായി വിമർശിക്കപ്പെടുകയാണ്. ആത്മവിമർശനപരമായിത്തന്നെ ഇതിനെ സമീപിക്കണം. എന്തുകൊണ്ട് മാധ്യമങ്ങൾ വിമർശിക്കപ്പെടുന്നു എന്നാണ് തോന്നിയിട്ടുള്ളത്?

സ്റ്റാൻലി ജോണി : കേരളത്തിന്റെ സാഹചര്യത്തിൽ പല വിമർശനങ്ങളും കാമ്പുള്ളവയാണെന്നാണു തോന്നിയിട്ടുള്ളത്. മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാനധർമം വസ്തുതാപരമായ റിപ്പോർട്ടിങ്ങാണ്. പ്രത്യേകിച്ചും വ്യാജവാർത്തകളുടേയും വ്യാജ വീഡിയോകളുടേയും, വാട്‌സാപ് ഫോർവേഡുകളുടേയും കാലത്ത് മുഖ്യധാരാ മാധ്യമങ്ങൾ അങ്ങേയറ്റം ശ്രദ്ധ പാലിക്കേണ്ടതുണ്ട്. പക്ഷേ, പലപ്പോഴും സെൻസേഷണലിസത്തിന്റെ തിരക്കിൽ ഇതിൽ വീഴ്ച പറ്റുന്നതാണു നമ്മൾ കാണുന്നത്. എത്രയോ ഉദാഹരണങ്ങൾ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ഉണ്ടായി! അതുകൊണ്ട് വിമർശനങ്ങളോട് ക്രിയാത്മക സമീപനമാണ് മാധ്യമങ്ങൾ സ്വീകരിക്കേണ്ടത്. എന്തുകൊണ്ട് ഇത്രയധികം തെറ്റുകൾ സംഭവിക്കുന്നു എന്നാണ് അവർ സ്വയം ചോദിക്കേണ്ടത്. ഏതു ജോലിയിലും എക്കൗണ്ടബിലിറ്റി എന്നൊന്നുണ്ട്. അതു മാധ്യമപ്രവർത്തകർക്കും ബാധകമാണ്. ഇത് വിമർശനത്തിന്റെ കാര്യമാണ്. അധിക്ഷേപങ്ങളെ വിമർശനങ്ങളായി കാണേണ്ടതില്ല.

എം.ജി.രാധാകൃഷ്ണൻകെ.പി. സേതുനാഥ്കെ.ജെ. ജേക്കബ്അഭിലാഷ് മോഹൻടി.എം. ഹർഷൻവി.പി. റജീനഉണ്ണി ബാലകൃഷ്ണൻകെ. ടോണി ജോസ്രാജീവ് ദേവരാജ്ഇ. സനീഷ്എം. സുചിത്രജോൺ ബ്രിട്ടാസ്വി.ബി. പരമേശ്വരൻവി.എം. ദീപവിധു വിൻസെൻറ്ജോസി ജോസഫ്വെങ്കിടേഷ് രാമകൃഷ്ണൻധന്യ രാജേന്ദ്രൻജോണി ലൂക്കോസ്എം.വി. നികേഷ് കുമാർകെ.പി. റജി

ചോദ്യം: ജേണലിസ്റ്റുകൾക്ക് മറ്റ് തൊഴിൽ മേഖലകളിൽ നിന്ന് വ്യത്യസ്തമായി എന്തെങ്കിലും പ്രിവിലേജുകൾ - സവിശേഷ അധികാരം ഉണ്ട് എന്ന് കരുതുന്നുണ്ടോ? മറിച്ച് സാമൂഹികവും രാഷ്ട്രീയവുമായ എന്തെങ്കിലും പ്രതിബദ്ധത ഉണ്ടെന്ന്?

ജേണലിസ്റ്റുകൾക്ക് സവിശേഷാധികാരം ഒന്നുമില്ല. പക്ഷേ, അവർക്ക് ഒരു ജനാധിപത്യ സമൂഹത്തിൽ സവിശേഷ ഉത്തരവാദിത്വമുണ്ട്. കാരണം വിവരത്തിന്റെ ഏറ്റവും സുതാര്യമായ വിനിമയം ഒരു ജനാധിപത്യ സമൂഹത്തിൽ നടക്കേണ്ടതുണ്ട്. അതു മാധ്യമപ്രവർത്തകരാണ് ഉറപ്പ് വരുത്തേണ്ടത്. Someone has to hold those in power accountable. We need free press for that. അതുകൊണ്ടാണ് മാധ്യമപ്രവർത്തനത്തെ ജനാധിപത്യത്തിന്റെ നാലാംതൂൺ എന്നൊക്കെ പറയുന്നത്. തങ്ങൾക്കില്ലാത്ത സവിശേഷാധികാരത്തെ കുറിച്ചല്ല മറിച്ച് തങ്ങൾക്കുണ്ടാകേണ്ട സവിശേഷ ഉത്തരവാദിത്വത്തെ കുറിച്ചാണ് മാധ്യമപ്രവർത്തകർ ബോധ്യമുള്ളവരാകേണ്ടത്. വാർത്ത ശരിയായി റിപ്പോർട്ട് ചെയ്യുക. അധികാരത്തിലിരിക്കുന്നവരെ വസ്തുതകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യുക. അവർക്ക് അപ്രിയമായ കാര്യങ്ങളും തുറന്നെഴുതുക. തെറ്റു സംഭവിച്ചാൽ അതു തെറ്റാണെന്ന് സമ്മതിക്കാനും തിരുത്താനും തയ്യാറാകുക. സാമൂഹികവും രാഷ്ട്രീയവുമായ പ്രതിബദ്ധത ഉണ്ടാകുന്നത് നല്ലതാണ്. പക്ഷേ അടിസ്ഥാനപരമായി വേണ്ടത് തൊഴിൽസഹജമായ ധാർമികതയാണ്. അതില്ലാതെ മറ്റെന്തുണ്ടായിട്ടും കാര്യമില്ല.

ചോദ്യം: നിഷ്പക്ഷ മാധ്യമ പ്രവർത്തനം എന്നൊന്നുണ്ടോ? ഉണ്ടെങ്കിൽ / ഇല്ലെങ്കിൽ അത് എങ്ങനെയാണ്?

നിഷ്പക്ഷ മാധ്യമപ്രവർത്തനം എന്നു പറയുന്നത് മാധ്യമപ്രവർത്തകർക്ക് രാഷ്ട്രീയം ഉണ്ടായിരിക്കരുത് എന്നല്ല. ഞാൻ ഈ തൊഴിൽ തുടങ്ങിയ സമയത്ത് പല സീനിയർ എഡിറ്റേഴ്‌സും പറയാറുണ്ട്, മാധ്യമപ്രവർത്തകർ അവരുടെ രാഷ്ട്രീയം പുറത്തുപറയാൻ പാടില്ലെന്ന്. അവരുടെ വാദം, മാധ്യമപ്രവർത്തകർ എല്ലാവരുമായി സമദൂരത്തിൽ നിൽക്കണമെന്നാണ്. എന്നാലേ വാർത്ത നിങ്ങളേ തേടി വരൂ. നിങ്ങൾ കോൺഗ്രസാണെങ്കിൽ ബി.ജെ.പിക്കാർ എന്തിനു നിങ്ങളെ സമീപിക്കണം എന്നാണ്. തിരിച്ചും. ഇത് ഒരു തരത്തിൽ സാംഗത്യമുള്ള കാര്യമാണ്. പക്ഷേ ഇന്നത്തെ സാഹചര്യം വ്യത്യസ്തമാണ്. ഒരു മാധ്യമവിസ്‌ഫോടനം നടന്നു കഴിഞ്ഞു. സോഷ്യൽ മീഡിയ ഉണ്ട്. ആളുകൾക്ക് നിരന്തരം അവരുടെ അഭിപ്രായം പ്രകടിപ്പിക്കാൻ അവസരങ്ങളുണ്ട്. പണ്ടത്തേ പോലെ പത്രത്തിന്റെ ഓപെഡ് പേജിലെ സ്‌പേസിനു വേണ്ടി കാത്തിരിക്കേണ്ടതില്ല. അതുകൊണ്ട് മാധ്യമപ്രവർത്തകർക്ക് രാഷ്ട്രീയം

ഉണ്ടായിരിക്കരുത് എന്നൊരഭിപ്രായം എനിക്കില്ല. പക്ഷേ ആ രാഷ്ട്രീയം വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽ കലരാൻ പാടില്ല. അവിടെ നടക്കേണ്ടത് റിപ്പോർട്ടിങ്ങാണ്. അഭിപ്രായ പ്രകടനമല്ല. വസ്തുതകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്യുക. വ്യാജവാർത്തകളേയും, സ്ഥിരീകരിക്കാൻ പറ്റാത്താ സോഴ്‌സ്-ബേസ്ഡ് വാർത്തകളേയും പുറത്തു നിർത്തുക. In a sense, the only partisanship in reporting is the partisanship to facts. Journalists are fundamentally seekers of facts. ഇത് ടെലിവിഷൻ ആങ്കർമാർക്കും ബാധകമാണ്. നിങ്ങൾ കോൺഗ്രസോ ഇടതുപക്ഷമോ ആകട്ടെ, ലിബറലോ കൺസവേറ്റീവോ ആകട്ടെ, ഒരു ആങ്കർ എന്ന നിലയിൽ പാലിക്കേണ്ട നിക്ഷ്പപക്ഷതയുണ്ട്. അതു നേരത്തേ പറഞ്ഞതു പോലെ തൊഴിലിന്റെ ധാർമികതയാണ്. നിങ്ങൾക്ക് താത്പര്യമില്ലാത്ത രാഷ്ട്രീയത്തിന്റെ പ്രതിനിധികൾ നിങ്ങളുടെ ശത്രുക്കളല്ല. വികാരവിക്ഷോഭം നിങ്ങളുടെ ജോബ് ഡിസ്‌ക്രിപ്ഷന്റെ ഭാഗമല്ല. വാർത്താമുറിയിൽ. ഇത് വളരേ പ്രധാനമാണ്.

ചോദ്യം: ടെലിവിഷൻ ജേണലിസം മാധ്യമ രംഗത്ത് കൊണ്ടുവന്ന മാറ്റങ്ങൾ ഗുണപരമായിരുന്നോ?

ടെലിവിഷൻ അധികം കാണുന്ന ഒരാളല്ല ഞാൻ. അതൊരു വ്യക്തിപരമായ താൽപര്യമാണ്. വാർത്തയും വിശകലനങ്ങളും വായിക്കാനാണ് ഇഷ്ടം. പക്ഷേ ജനങ്ങൾക്കിടയിൽ ടി.വിയുടെ റീച്ച് പത്രങ്ങളേക്കാൾ വലുതാണ്. വിശാലമായ അർത്ഥത്തിൽ ടെലിവിഷൻ കൊണ്ടുവന്ന മാറ്റങ്ങൾ ഗുണപരമാണെന്ന് കാണാം. വാർത്ത വേഗത്തിൽ സഞ്ചരിക്കുന്നു. വലിയ വിഭാഗം ജനങ്ങളിലേക്കെത്തുന്നു. പക്ഷേ അതുകൊണ്ട് തന്നെ ടെലിവിഷൻ ജേണലിസത്തെ കുറ്റമറ്റതാക്കാനുള്ള വലിയ ഉത്തരവാദിത്വം ടി.വി എഡിറ്റർമാർക്കുണ്ട്. വാർത്ത തീരുമാനിക്കുന്നത് സ്പിരിറ്റ് ഓഫ് ദ് അവറല്ല. വാർത്ത തീരുമാനിക്കുന്നത് അതിലെ വസ്തുതകളുടെ വാർത്താമൂല്യമാണ്. ഈ അടിസ്ഥാന തിരിച്ചറിവ് ടെലിവിഷൻ ജേണലിസ്റ്റുകൾക്ക് വേണമെന്ന് മാത്രം. കാഴ്ചക്കാർക്കു വേണ്ടതു മാത്രം കൊടുക്കൽ അല്ല ജേണലിസം. അതിനു ടി.വി സീരിയലുണ്ട്. കാഴ്ചക്കാർക്ക് ശരിയായ വാർത്ത കൊടുക്കലാണ്. അതൊരു എഡ്യൂക്കേറ്റീവ് പ്രൊസസ് കൂടിയാണ്. ഞാൻ സീരിയസ് മാധ്യമപ്രവർത്തനം ചെയ്യുന്നവരെ കുറിച്ചാണ് പറയുന്നത്. അർണബ് ഗോസ്വാമിമാരെ പറ്റിയല്ല. അവർ ടി.വിയിൽ ചെയ്യുന്നത് ഹിറ്റ് ജോബാണ്, ജേണലിസമല്ല.

ചോദ്യം: മതം/ കോർപ്പറേറ്റുകൾ / രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ നിയന്ത്രണത്തിലാണ് കേരളത്തിലെ ഭൂരിപക്ഷ മാധ്യമ പ്രവർത്തനം എന്ന് വിമർശിച്ചാൽ? എന്താണ് അനുഭവം?

മതത്തിനും കോർപറേറ്റുകൾക്കും രാഷ്ട്രീയ പാർട്ടികൾക്കുമൊക്കെ സ്വാധീനമുണ്ട്. മതത്തിനു മാധ്യമങ്ങളുടെ മേലുള്ള സ്വാധീനം മാധ്യമങ്ങളുടെ മാത്രം പ്രശ്‌നമല്ല. അതു നമ്മുടെ സമൂഹത്തിന്റെ മൊത്തം പ്രശ്‌നമാണ്. ഒരു ഫെയ്‌സ്ബുക് പോസ്റ്റ് മതി കലാപമുണ്ടാവാൻ. രണ്ടു സംഘടനകളുടെ ഭീഷണി മതി ഒരു നോവലിസ്റ്റിന് തന്റെ നോവൽ നിർത്തേണ്ടി വരാൻ. അതുപോലെ പരസ്യവരുമാനത്തെ ആശ്രയിച്ച് മുന്നോട്ട് പോകുന്ന മാധ്യമങ്ങളിൽ കോർപറേറ്റുകൾക്കും സ്വാധീനം കാണും. ഇതു കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല. എന്നാൽ ഈ വെല്ലുവിളികൾക്കുള്ളിൽ നിന്നു കൊണ്ടും നല്ല മാധ്യമപ്രവർത്തനം ഉണ്ടാകുന്നുണ്ട്. ഇന്ത്യയിൽ തന്നെ എത്രയോ വൻ

സ്‌കൂപ്പുകൾ ഉണ്ടായിട്ടുണ്ട്. ബോഫോഴ്‌സ്, തെഹൽക വെളിപ്പെടുത്തലുകൾ, ടുജി അഴിമതി, റാഡീയ ടേപ് എന്നിങ്ങനെ (റാഡിയ ടേപ്പ് പബ്ലിഷ് ചെയ്തതിന്റെ പേരിൽ ഔട്ട്​ ലുക് മാഗസിനെ കാലങ്ങളോളം ബഹിഷ്‌കരിക്കുകയാണ് ടാറ്റ ഗ്രൂപ്പ്​ ചെയ്തത്). കേരളത്തിലെ മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാന പ്രശ്‌നം പ്രൊഫഷനലിസമില്ലായ്മയാണ്. ഫാക്ട്-ബേസ്ഡ് റിപ്പോർട്ടിംഗിനു പകരം സെൻസേഷണലിസമാണ് ഇവിടെ ന്യൂസ് റൂമുകൾ ഭരിക്കുന്നത്. തെറ്റ് അംഗീകരിക്കാൻ മടിയാണ് പല എഡിറ്റർമാർക്കും. മുഖ്യധാരാ മാധ്യമങ്ങൾ ചെയ്യേണ്ടത് ഒരു ഇൻഡെപെൻഡന്റ് ന്യൂസ് ഓംബുഡ്‌സമാനെ, ഒരു ക്വാളിറ്റി എഡിറ്ററെ അപ്പോയിന്റ് ചെയ്യുക എന്നതാണ്. ഒരു റീഡേഴ്‌സ്/വ്യൂവേഴ്‌സ് എഡിറ്റർ. അതോടൊപ്പം ഒരു ഫാക്ട് ചെക് റ്റീം. അങ്ങിനെ സ്വയം അക്കൗണ്ടബിലിറ്റി ഏറ്റെടുക്കാൻ മാധ്യമസ്ഥാപനങ്ങൾ തയ്യാറാവണം.

ചോദ്യം: തൊഴിലിടത്തിലെ ലിംഗനീതിയെപ്പറ്റി സ്റ്റോറികൾ ചെയ്യുന്നവരാണ് നമ്മൾ. ജേണലിസം മേഖലയിൽ ലിംഗ നീതി നിലനിൽക്കുന്നുണ്ടോ?

സമീപകാലത്തുണ്ടായിട്ടുള്ള പല ആരോപണങ്ങളും (മീറ്റൂ) സൂചിപ്പിക്കുന്നത്
ലിംഗനീതി നിലനിൽക്കുന്നില്ല എന്നു തന്നെയാണല്ലോ. സ്ത്രീ മാധ്യമപ്രവർത്തകർ പലയിടത്തും പല രീതിയിയിലുള്ള വിവേചനങ്ങൾ നേരിടുന്നുണ്ട്, അവരുടെ തൊഴിലിടത്തിനകത്തും പുറത്തും. പല മാധ്യമസ്ഥാപനങ്ങൾക്കും ജെൻഡർ ജസ്റ്റിസ് കമ്മിറ്റികളുണ്ട്. അത്തരത്തിലുള്ള മെക്കാനിസം പ്രധാനപ്പെട്ടതാണ്. സ്ത്രീ, പുരുഷ മാധ്യമപ്രവർത്തകർക്ക് വ്യത്യസ്തമായ ശമ്പളനിരക്ക് എന്ന വിവാദം ഏതാനും വർഷങ്ങൾക്ക് മുൻപ് ബി.ബി.സിയിൽ നിന്നുണ്ടായിരുന്നു. തൊഴിലിടത്തിനു പുറത്താണെങ്കിൽ, ചോദ്യം ചോദിക്കുന്ന സ്ത്രീകളോട് രാഷ്ട്രീയക്കാർ ലൈംഗികച്ചുവയുള്ള കമന്റുകൾ പറയുന്നത് കണ്ടിട്ടുണ്ട്. മുതിർന്ന രാഷ്ട്രീയ നേതാക്കൾ പോലും. സൈബർ അധിക്ഷേപത്തിനു വിധേയമാകുന്നത് സ്തീകളാണെങ്കിലും ഇതു തന്നെയാണു സ്ഥിതി.

ചോദ്യം: ഈ മേഖലയിൽ ഉയർന്ന തസ്തികകളിൽ ഇരിക്കുന്നവർക്കൊഴികെ വേതന നിരക്കും പരിതാപകരമാണ്. എന്താണ് തോന്നിയിട്ടുള്ളത്?

മാധ്യമപ്രവർത്തകർ ദാരിദ്ര്യം തെരഞ്ഞെടുത്തവരാണു എന്നാണു പൊതുവിൽ നമ്മൾ സ്വയം പറഞ്ഞ് ചിരിക്കുന്നത്. മലയാള മാധ്യമരംഗത്തെ കൃത്യമായ വിവരങ്ങൾ എന്റെ കയ്യിലില്ല. പക്ഷേ പൊതുവിൽ വൈറ്റ് കോളർ ജോലികളുമായി താരതമ്യപ്പെടുത്തുമ്പോൾ മാധ്യമപ്രവർത്തകരുടെ വേതനം കുറവാണ്. തുടക്കക്കാരുടേത് പരിതാപകരവുമാണ്. ഇതിനു പുറമേ ഇടിത്തീ പോലെയാണ് കോവിഡ് വന്നത്.

ചോദ്യം: വ്യവസ്ഥാപിത മാധ്യമങ്ങളിൽ സോഷ്യൽ മീഡിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?

വലിയ സ്വാധീനമാണുള്ളത്. പ്രത്യേകിച്ചും വലിയ മാധ്യമസ്ഥാപനങ്ങൾ പോലും ഡിജിറ്റൽ സാന്നിധ്യം വ്യാപിപ്പിക്കുന്ന കാലത്ത്. മാധ്യമങ്ങൾ സോഷ്യൽ മീഡിയയെ ശത്രുസ്ഥാനത്ത് കാണേണ്ടതില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മറിച്ച് സോഷ്യൽ മീഡിയയിലെ വിമർശനങ്ങളെ ഗൗരവമായെടുക്കാം. സോഷ്യൽ മീഡിയയിലെ ട്രെൻഡിംഗ് വിഷയങ്ങളെ ഫോളോ അപ് ചെയ്യാം. അങ്ങിനെ ആരോഗ്യകരമായ ഒരു എൻഗെയ്​ജ്‌മെന്റ് സാധ്യമാണ്. പഴയ കാലമല്ല. വലിയ മാധ്യമങ്ങളുടെ റിപ്പോർട്ടിംഗിനെ ഇന്ന് സോഷ്യൽ മീഡിയയിൽ ഓഡിറ്റിംഗിന് വിധേയമാക്കാം. ഇതിനെ ഒരു അക്കൗണ്ടബിലിറ്റി എക്‌സർസൈസ് ആയി കണ്ടാൽ മതി. അതേസമയം, സോഷ്യൽ മീഡിയയിൽ ഒരുപാട് അബ്യൂസീവ് കണ്ടന്റുമുണ്ട്. അതു വിമർശനമല്ല. അതിനെ ഒന്നുകിൽ അവഗണിക്കാം. അല്ലെങ്കിൽ നിയമപരമായി സമീപിക്കാം.

സോഷ്യൽ മീഡിയയെ അപേക്ഷിച്ച് മാധ്യമങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. എന്റെ ഫെയ്‌സ്ബുക്കിന്റേയും ട്വിറ്ററിന്റേയും എഡിറ്റർ ഞാൻ തന്നെയാണ്. അവിടെ ഒരു ഫിൽറ്റർ മെക്കാനിസം ഇല്ല. ഒരു ഫെയ്ക് ന്യൂസ് ചെക്കർ ഇല്ല. എല്ലാം അക്കൗണ്ട് ഹോൾഡറാണ്. എന്നാൽ മാധ്യമങ്ങൾ അങ്ങനെയല്ല. ഒരു സ്‌റ്റൈൽ ബുക്കുണ്ട്. ഇത്തോസുണ്ട്. ഒരു എഡിറ്റോറിയൽ ബോർഡുണ്ട്. ഒരു എഡിറ്ററുണ്ട്. ചിലർക്ക് ന്യൂസ് ഓംബുഡ്‌സ്മാനുമുണ്ട്. അതായത്, മാധ്യമങ്ങൾ മാധ്യമങ്ങളേ പോലെ പെരുമാറണം. വ്യാജവാർത്തകളെ പുറത്ത് നിർത്തണം. അങ്ങിനെ അവയുടെ വിശ്വാസ്യതയെ അരക്കിട്ടുറപ്പിക്കണം. What's the point in building a media empire if you lose your basic credibility before the reader?

ചോദ്യം: ചെയ്യുന്ന ജോലിയ്ക്കപ്പുറമുള്ള വായനകൾക്ക് സമയം കിട്ടാറുണ്ടോ? ഏതാണ് ഏറ്റവും ഒടുവിൽ വായിച്ച പുസ്തകം? അതെക്കുറിച്ച് പറയാമോ?

ജോലിക്ക് പുറമേ വായനയ്ക്ക് സമയം കണ്ടെത്താറുണ്ട്. ഏറ്റവും ഒടുവിൽ

‘When Nehru Looked East’ കവർ

വായിച്ചത് ജോർജ് ഓർവലിന്റെ 1984. ഇപ്പോൾ വായിച്ച് കൊണ്ടിരിക്കുന്നത് ഫ്രാൻസൈൻ ഫ്രാങ്കലിന്റെ When Nehru Looked East.

ചോദ്യം: കോവിഡ് കാലം പല തരം തിരിച്ചറിവുകൾ നൽകുന്നുണ്ട്. പത്രത്തിന്റെ ടെലിവിഷൻ ന്യൂസ് ചാനലുകളുടെ അതിജീവന സാധ്യത എത്രയാണ്?

പത്രങ്ങൾ വലിയ കഷ്ടത്തിലാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി അവരുടെ പരസ്യവരുമാനം കുറഞ്ഞു വരികയായിരുന്നു. കോവിഡും അതേ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും ഇരുട്ടടിയാണ്. ഇതിൽ നിന്ന്​തിരിച്ചു കയറുക എളുപ്പമല്ല. എനിക്ക് തോന്നുന്നത് വാർത്താ ഉപയോഗം സബ്ക്രിപ്ഷൻ മോഡലിലേക്ക് മാറും. ടെലിവിഷൻ മേഖലയിൽ പരസ്യവരുമാനത്തിൽ വലിയ ഇടിവ് സംഭവിച്ചേക്കില്ല. പക്ഷേ പത്രങ്ങൾ ആ മാറ്റത്തിനു തയ്യാറാകേണ്ടതുണ്ട്. ആളുകൾ വാർത്തക്കും വിശകലനങ്ങൾക്കും പൈസ കൊടുക്കണമെങ്കിൽ അതിനുള്ള ക്വാളിറ്റി നിങ്ങളുടെ വാർത്തകൾക്കും വിശകലനങ്ങൾക്കും ഉണ്ടായിരിക്കണം.

Comments