90’s Nostalgia
ഓടിയോടി
പകുതിയെത്തിയവരുടെ
ഓർമോപനിഷത്ത്:
എട്ടാം വഴി
▮
വെള്ളിയാഴ്ചകൾ ഇല്ലായിരുന്നുവെങ്കിൽ എത്ര അരോചകമായേനെ ജീവിതം. എല്ലാദിവസത്തേയും നാലുമണിബെല്ലിനേക്കാൾ എത്ര സംഗീതാത്മകമായിരുന്നു വെള്ളിയാഴ്ചകളിലെ നാലുമണി ബെല്ലൊച്ച. ഐശ്വര്യത്തിന്റെ സൈറൺ മുഴങ്ങുന്നതുപോലൊരു മധുരമണികിലുക്കം.
രണ്ടുദിവസം നീളുന്ന മാരത്തൺ ഓട്ടപാച്ചിലുകൾക്കുള്ള വെടിമുഴക്കം. എന്തിന് വൈകീട്ട് നാലുമണി വരെ കാക്കണം, വെള്ളിയാഴ്ചകളുടെ ഉദയം തന്നെ സന്തോഷത്തിനുള്ള വകയുണ്ടാകും. ബാലരമയും ബാലമംഗളവും ബാലഭൂമിയുമെല്ലാം പുതിയ ലക്കമെത്തുക വെള്ളിയാഴ്ചകളിലാണ്. സ്കൂളിൽ നേരത്തെ എത്തേണ്ടതുണ്ടെങ്കിലും ദീർഘമായൊരു ഉച്ച ഇടവേള തരും വെള്ളിയാഴ്ച. പന്ത്രണ്ടര മുതൽ രണ്ടുമണിവരെ വെയിൽ തോൽക്കും തിമിർപ്പ്.
വായിക്കാം, കേൾക്കാം: താലീസും
പാലൈസും
90’s Nostalgia
ഓടിയോടി
പകുതിയെത്തിയവരുടെ
ഓർമോപനിഷത്ത് ഒന്നാം വഴി
വിയർത്തു നനഞ്ഞ,
വീണു മുറിഞ്ഞ മൈതാനങ്ങൾ
തിരികെപ്പോകാൻ
കൊതിയുള്ള വഴികൾ,
ഓർമച്ചുഴികൾ
ഒരു പ്രണയപ്പൊട്ടിന്റെ
ഓർമയ്ക്ക്
പ്രാണൻ നിറച്ച പാട്ടുകൾ
കാലം,
എംബാപ്പെയുടെ
കാൽവേഗത്തിൽ
മിക്കവാറും വെള്ളിയാഴ്ചകളിൽ ഉച്ചക്ക് ശേഷമാകും ഡ്രിൽപിരീഡ്. ടോപ്പപ്പ് ഓഫർ പോലെ അതൊരു അധിക ആനന്ദനേരം. തീരുന്നില്ല, ചിത്രഗീതവും ജയ്ഹനുമാനും അതേ വെള്ളിയാഴ്ചകളുടെ മാത്രം സന്തോഷക്കാഴ്ച. അങ്ങനെയങ്ങനെ ഒഴുകിപ്പോയ ആയിരം വെള്ളിയാഴ്ചകൾക്ക് ഒടുവിൽ ഒരു വെള്ളി വെളിച്ചമുള്ള വെള്ളിയാഴ്ച വന്നു. പുതിയ സിനിമകളിറങ്ങുന്ന വെള്ളിയാഴ്ചകൾ. വെള്ളിത്തിരക്കൂട്ടുകിട്ടിയ വെള്ളിയാഴ്ചകൾ. വെള്ളിത്തിരയെന്ന പേരുവന്നതിന് വെള്ളിയാഴ്ചയുമായി യാതൊരു ബന്ധവുമില്ലെങ്കിലും ആ തിര വെള്ളിയാഴ്ചകളെ കൂടുതൽ പ്രിയപ്പെട്ടതാക്കി. ആ വെള്ളിവെളിച്ചത്തിന് പിന്നാലെ നമ്മൾ നടപ്പുതുടങ്ങിയിട്ട് കാലമിതെത്രയായി…
സിനിമയോളം മനോഹരമായ ഒരു കണ്ടുപിടിത്തമുണ്ടോ? സിനിമയോളം നമ്മെ മോഹിപ്പിച്ച മറ്റെന്തെങ്കിലുമുണ്ടോ? സിനിമാശാലകളല്ലാതെ നമ്മൾ നമ്മളെ മറക്കുന്ന ഒരിടമുണ്ടോ? തിരകളിൽ, താരങ്ങളിൽ ഉയിരും ഉലകവും കൊണ്ടുത്തന്നവരേ, ഇത് നിങ്ങൾക്കുള്ളത്.

ഒരു ടൈറ്റിൽ കാർഡ് ഇല്ലാതെ
ഈ എഴുത്ത് നിലനിൽക്കില്ല.
സിനിമയെക്കുറിച്ചെന്നിരിക്കെ, തുടക്കം ഒരു ടൈറ്റിൽ കാർഡ് ഇല്ലാതെ ഈ എഴുത്തിന് നിലനിൽപ്പില്ല. ടൈറ്റിലുകളുടെ തുടക്കത്തിൽ നിശ്ചയമായും നന്ദി തന്നെ എഴുതിവരണം. കറുത്ത പശ്ചാത്തലത്തിൽ വെളുത്ത വലിയ അക്ഷരങ്ങളിൽ നമുക്ക് എഴുതിത്തുടങ്ങാം. സിനിമാഭ്രാന്തിന്, തീരാ തിരക്കൊതിക്ക്, നമ്മൾ ഫാൻ ബോയ്സ് ആർക്കെല്ലാം നന്ദി പ്രകാശിപ്പിക്കും. സിനിമയുടെ ഉറവവെട്ടിയ ലൂമിയർ ബ്രദേഴ്സിനാകുമോ തുടക്കത്താൾ? അതോ ഭ്രമിപ്പിച്ച സിനിമാസൃഷ്ടാക്കൾക്ക് നൽകുമോ ഭ്രാന്തിന്റെ അട്ടിപ്പേറവകാശം? അതുമല്ലെങ്കിൽ ആടിക്കണ്ട വേഷപ്പകർച്ചകളിൽ അമ്പരിപ്പിച്ച ഒരാളെ ഓർക്കുമോ ആദ്യം?
ഇനി ഇവർക്കൊന്നുമല്ലെങ്കിൽ ഒരു സിനിമാശാലയിലേക്ക് കൈപിടിച്ച് നടത്തിയവർക്കാണോ ഒന്നാം നന്ദി പ്രകാശനം. ഹാമെലിൻ പട്ടണത്തിലെത്തി കുഴലൂതി ആദ്യം എലികളെയും പിന്നീട് പ്രതിഫലം കിട്ടാതെ വന്നപ്പോൾ കുട്ടികളെയും മയക്കിക്കൊണ്ടുപോയ ആ മജീഷ്യന്റെ കഥയോർക്കുന്നില്ലേ, ആ ബഹുവർണധാരിയപ്പോലെ സിനിമയുടെ വാലെ നമ്മെ പിടിച്ചുകെട്ടിയത് ആരെല്ലാമായിരുന്നു?
സിനിമാഭ്രാന്തിന് ഓരം നിന്നവരുടെ ഓർമനിര, ഒരു ഫിലിം റീൽ പോലെ നീളും. ഒരു പ്രൊജക്ടർ ഓണാകുന്ന ശബ്ദം കേൾക്കുന്നില്ലേ.. ഇരുട്ടിനെക്കീറി ഒരു വെള്ളിവെളിച്ചം വരുന്നില്ലേ.. ഇരുളിനപ്പുറം വലിച്ചുകെട്ടിയ വെള്ളത്തുണിയിൽ ചിത്രങ്ങൾ തെളിയുന്നില്ലേ.. ആ ദൃശ്യബിംബങ്ങളിലേക്ക് സകലതും മറന്ന് നമ്മൾ മയങ്ങിവീഴുന്നില്ലേ.
വഴിയിൽ നമ്മളേയും ഒട്ടിച്ചുനിർത്തിയ
ഒരു മൈദപ്പശപ്പാട്ട
പഴയ വെള്ളിയാഴ്ച പുലർച്ചകളിൽ പത്രവിതരണക്കാർക്കൊപ്പമുണരുന്ന ചില മനുഷ്യരുണ്ടായിരുന്നു. ഒറ്റവണ്ടിയുടെ ഹാൻഡിലിൽ ഒരു മൈദപ്പശപ്പാട്ട തൂക്കി, നാലായി കീറിയ വലിയ പോസ്റ്ററുകൾ കാരിയേഴ്സിൽ മടക്കിത്തിരുകി, കാലേ- പുലർകാലേ അവർ പണിക്കിറങ്ങും. നാട്ടിലെ ഒരു മതിലും വിടാതെ, ഒരു മുക്കും മൂലയും മറക്കാതെ, പുതുപ്പട വിളംബരങ്ങൾ ഒട്ടിച്ച് പകൽതെളിയും മുൻപ് അവർ തെരുവൊഴിയും. രാവ് വെളുത്തുതെളിഞ്ഞ് പണിക്കോ പഠിപ്പിനോ ഓടുന്നവരെ വഴിയോരം ഒട്ടിച്ചുനിർത്താൻകൂടിപ്പശയുള്ള പുത്തൻ സിനിമാ പോസ്റ്ററുകൾ. സിനിമാ ഭ്രാന്തിലേക്ക് ആദ്യമൊട്ടിച്ചു ചേർത്തത് ആ മനുഷ്യരാണ്. വായ്നോട്ടപ്പട്ടികയിൽ ആദ്യം ഈ പോസ്റ്ററുകൾ തന്നെയായിരിക്കാം.
ആറാം തമ്പുരാൻ, തേന്മാവിൻ കൊമ്പത്ത്, സമ്മർ ഇൻ ബത്‍ലഹേം… അക്കാല റിലീസുകളുടെ പോസ്റ്റർ, സ്കൂൾയാത്രയുടെ വേഗം കുറക്കുമായിരുന്നു. പുതിയ പടത്തിന്റെ വരവ്, പൂജ മുതലറിയുന്ന പുതിയ കാലമല്ല. പ്രസിദ്ധീകരണങ്ങളേറെയുണ്ടെങ്കിലും ഒരു സിനിമയുടെ പിറവിയറിയുക എല്ലാം കഴിഞ്ഞെത്തുന്ന പോസ്റ്ററുകളിലൂടേയും പത്രത്തിലെ ‘ഇന്നു മുതൽ’ പരസ്യങ്ങളിലൂടേയുമാണ്. ‘നിങ്ങൾ ഈ ചിത്രം കണ്ടാൽ ആദ്യം വീട്ടിലേക്കോടി മക്കളെ കെട്ടിപ്പുണരും’ എന്ന തലക്കെട്ടോടെ വന്ന ദേശാടനം പോസ്റ്ററുകളെല്ലാം സ്കൂളിനോട് ചേർന്ന മതിലുകളാകെ നിറഞ്ഞുനിൽക്കുന്നത് എച്ച് ഡി ദൃശ്യമികവോടെ ഓർമയിലുണ്ട്. പഴയ ബാലുമഹേന്ദ്ര-മമ്മൂട്ടി പടം യാത്രയുടെ പോസ്റ്ററിന്, ‘നിങ്ങൾ ഈ ചിത്രം കണ്ടിട്ടില്ലെങ്കിൽ മലയാളത്തിലെ ഏറ്റവും നല്ല ചിത്രം കണ്ടിട്ടില്ല’ എന്നതായിരുന്നു തലക്കെട്ടെന്ന് പിന്നീട് കേട്ടും കണ്ടുമറിഞ്ഞു. ആകാശഗംഗ പ്രേതം നാട് വിറപ്പിച്ച കാലം, അതിന്റെ പോസ്റ്ററുകൾ പോലും വലിയ ഇംപാക്റ്റ് ഉണ്ടാക്കിയിട്ടുണ്ട്.

ചിത്രം നോക്കിനിൽക്കുന്ന കാലത്തുനിന്ന് ചിത്രഭൂമികളിലേക്ക് സിനിമാപ്രേമം പിൽക്കാലം ഗിയർ മാറ്റി. നാനയും വെള്ളിനക്ഷത്രവും ചിത്രഭൂമിയും തന്നിരുന്ന കിക്ക് ഇക്കാലമത്രയും ജനിച്ച സകല ബി ടി എസിനും മുകളിൽ തന്നെ നിൽക്കുമെന്നതാണ് വാസ്തവം. കളർപ്പടങ്ങളുടെ കാവടിയാട്ടം കണ്ട അച്ചടികൾ. വായനശാലകളിലും ബാർബർ ഷോപ്പിലും മാത്രം കിട്ടുന്ന ചിത്രവർണപ്പട്ടങ്ങൾ. താരങ്ങളുടെ തിടമ്പേറ്റുന്ന തോറ്റങ്ങളുടെ തുടക്കം അതിൽനിന്നായിരുന്നു. വരാനിരിക്കുന്ന സിനിമകളെക്കുറിച്ചും പുതിയ സിനിമാവിശേഷങ്ങളെക്കുറിച്ചും സമഗ്രമായി പറഞ്ഞുതന്ന ലേബർഇന്ത്യകളായിരുന്നു ഓരോന്നും. പ്രിയതാരമാകണം മുഖചിത്രവും നടുപേജുമെന്നാശിച്ച് ചലച്ചിത്ര പ്രസിദ്ധീകരണങ്ങളുടെ വരവ് കാത്തിരിക്കുമായിരുന്നു. സൂപ്പർതാര ഫാൻസുകൾ അച്ചടിക്കുന്ന പ്രസിദ്ധീകരണങ്ങൾ വരെ അക്കാലം വിപണിലുണ്ടായിരുന്നു.
തിരയോർജം കൂട്ടുന്ന മറ്റൊന്ന് ദൂരദർശനിലെ ഞായറാഴ്ചപ്പടങ്ങളായിരുന്നു. തിരനോട്ടത്തിൽ തുടങ്ങും കാത്തിരിപ്പ്. കാലാവസ്ഥ കനിയണമേയെന്ന പ്രാർത്ഥന, വൈദ്യുതി മുടങ്ങാതിരിക്കാനുള്ള വഴിപാട്, അങ്ങനെ പലതും പിന്നിട്ടെത്തുന്ന നാലുമണിനേരങ്ങൾ തന്ന അനുഭൂതി ആരാണ് മറക്കുക. കേബിൾ ടി.വിയുടെ സാർവത്രീകരണം വരെ റേഡിയോയിലെ ശബ്ദരേഖകൾ, ദൂരദർശൻ തന്നെ സംപ്രേഷണം ചെയ്യുന്ന ഹിന്ദി ചിത്രങ്ങൾ, ഡിഡി മെട്രോയിലെ പഴയ കാല ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ- ഒന്നും വിടാതെ കുത്തിയിരുന്നു കണ്ടു. കൈരളിയിലെ വല്യേട്ടൻ പോലെ, ഒരു പടം തന്നെ ഒരുപാട് ഓടിക്കുന്ന പതിവ് ദൂരദർശനും ചാർത്തികൊടുക്കാമെങ്കിലും വിശാലമനസ്കരായ പ്രേക്ഷകർ അന്നത് പൊറുത്തുപിൻവാങ്ങി. ചുരുക്കം ചിലർ പ്രതികരണത്തിലേക്ക് നീട്ടി കത്തെഴുതി. മേജർ രവി അതിർത്തിയിലായിരുന്നതുകൊണ്ട് ആഗസ്റ്റ് 15, ജനുവരി 26 തുടങ്ങിയ വിശേഷ ദിവസങ്ങളിൽ ഭാരതീയം മാത്രം കണ്ട് ദേശസ്നേഹിതരായി.

മോഹൻലാലിനേക്കാൾ, മമ്മൂട്ടിയേക്കാൾ ബാബു ആൻറണിക്ക് അടിമപ്പെട്ട കാലം കൂടിയായിരുന്നു, ഒരു പടം മുഴുവനോ കഷ്ണമോ കണ്ട് കാണുന്നവരോട് ഇടിപ്പടമാണെന്നും ഇടിപ്പടമെല്ലെന്നും മാത്രം റിവ്യൂ പറയാൻ അറിയുന്ന കുട്ടി പ്രേക്ഷക കാലം. സി ക്ലാസ് തിയേറ്ററിലേക്ക് പടമെത്തി പണമുണ്ടെങ്കിൽ കാണുന്ന കാലത്ത് കുട്ടികോക്കുമാർ ക്ലാസിലൊരെണ്ണമെങ്കിലും കാണുമായിരുന്നു. നഗരത്തിൽ പോയി എ ക്ലാസ് തിയേറ്ററിൽ പടം കാണുന്നവർ. ക്ലാസിലെത്തിയാൽ ഉടൻ റിവ്യു തുടങ്ങുന്നവർ. പടം കാണാൻ കൊതി മൂപ്പിക്കുന്ന വിരുതർ. തിയേറ്ററിൽ നിന്ന് ഒ ടി ടിയിലേക്ക് പോയി അവിടെനിന്ന് ടിവിയിലെത്തുന്നത് പോലെ, എ ക്ലാസും ബി ക്ലാസും കഴിഞ്ഞാൽ മാത്രമേ നാട്ടിലെ സി ക്ലാസ് തിയേറ്ററിൽ സിനിമയെത്തൂ. പുഷ് ബാക്ക് ഇല്ല, പോപ് കോൺ ഇല്ലാ കാലം. ഡോൾബിയല്ല, അറ്റ്മോസല്ല. റീലുകളിലോടുന്ന പ്രൊജക്ടറുകളുടെ കാലം. സിനിമാ മോഹം നിറച്ച സി ക്ലാസ് തിയേറ്ററുകളുടെ സുവർണകാലം.
സി ക്ലാസ് തിയേറ്ററുകളായിരുന്നു ശരിക്കും എ ക്ലാസ് തിയേറ്ററുകൾ.
കണ്ണെടുക്കാതെ കാണുന്ന അക്കാല കാഴ്ചകളിലൊന്ന് കൺകെട്ടുകളായിരുന്നു. വാർഷികത്തിന് സ്കൂളിലൊരു മജീഷ്യനെത്തും. അത്ഭുതലോകത്തേക്ക് കൊണ്ടുപോകാൻ അയാളുടെ പൂവും പ്രാവും ധാരാളം . മറ്റൊന്ന് സർക്കസ് കൂടാരക്കാഴ്ചകളാണ്. ആണ്ടിനും സംക്രാന്തിക്കും നഗരത്തിലൊരു സർക്കസ് കൂടാരമുയരും. കുറേ അനൃഗ്രഹജീവികൾ ഒരു പറക്കുംതളികയിൽ ഒരുമിച്ചെത്തുന്നതു പോലെയായിരുന്നു ഓരോ സർക്കസ് കമ്പനിയുടെ വരവും. അതുവരെ കാണാത്തൊരു ലോകം. ഒരു കളർഫുൾ ലോകം. ഒരു കലൈഡോസ്ക്കോപ്പിന് അകത്തുപെട്ടപോലെ, ഒരു നൂറു കവർ ജെംസ് കയ്യിലേക്ക് പൊട്ടിച്ചിടും പോലെ, മനസ് നിറയ്ക്കുന്ന സന്തോഷക്കൂടാരങ്ങൾ. എന്നാൽ ആ കണ്ടതൊന്നുമല്ല കാഴ്ചയുടെ പൂരമെന്നത് കാണിച്ചുതരുകയായിരുന്നു സിനിമാകൊട്ടകകൾ. മിനിസ്ക്രീൻ സന്തോഷങ്ങളിൽ നിന്ന് ബിഗ്സ്ക്രീൻ സന്തോഷങ്ങളിലേക്കുള്ള യാത്ര. വലിയ കാഴ്ചകളുടെ ആ പിൻവെളിച്ചമായി പിന്നെ ജീവിത ലഹരി.

കൃഷ്ണ എന്നതായിരുന്നു നാട്ടിലെ തിയേറ്ററിന് പേര്. സ്കൂൾ വഴിയിൽ ഷീറ്റ് മേഞ്ഞ, ഇരുമ്പ് കസേരകളുള്ള തരക്കേടില്ലാത്ത തിയേറ്റർ. അടുത്ത പഞ്ചായത്തിൽ ഗീതയെന്ന പേരിൽ ഒരു സി ക്ലാസ് തിയേറ്റർ കൂടിയുണ്ടായിരുന്നു. ഗീത എ സർട്ടിഫിക്കറ്റ് ചിത്രങ്ങളുടെ എക്സ്ക്ലൂസീവ് കൊട്ടകയായിരുന്നതിനാൽ ഗീതയുടെ മുന്നിലൂടെ പോകാൻ പോലും പാടില്ലെന്ന കൗമാരവിലക്ക് നിലനിൽക്കുന്ന കാലം. വിലക്കിയ സകലരും വിലക്കപ്പെട്ട കനി തേടി ടിക്കറ്റ് എടുത്തിരുന്നുവെന്നത് നഗ്നസത്യം. വലിയ ചിത്രങ്ങൾ എല്ലാം രണ്ടും മൂന്നും വാരം കൃഷ്ണ തിയേറ്ററുകളിലോടിയത് ഓർമയിലുണ്ട്. കൃഷ്ണയിലെ അത്തരം റിലീസുകളെല്ലാം നാടിനും വീടിനും ഉത്സവമായിരുന്നു.
ഒരു സിനിമയ്ക്ക് ടിക്കറ്റ് എടുക്കും മുൻപ് അണിയറ പ്രവർത്തകരുടെ പേരോ പെരുമയോ ഇക്കാലംപോലെ ഇഴകീറി പരിശോധിക്കുമായിരുന്നില്ല. എന്നാൽ ആരുടേയും പേരറിയാക്കാലമുമല്ല. പബ്ലിക് റിലേഷൻ ഇത്ര പന്തലിച്ചിട്ടില്ലെങ്കിലും പി ആർ ഒ എന്നാൽ വാഴൂർ ജോസ് എന്ന് ആരും പൂരിപ്പിക്കുമായിരുന്നു. സംഘട്ടനമെന്നാൽ തൃാഗരാജനെന്നും എഫക്ട്സ് എന്നാൽ മുരുകേഷ് എന്നും വസ്ത്രാലങ്കാരം എന്നാൽ ഇന്ദ്രൻസ് ജയനെന്നും ആരും ചേരുംപടി ചേർക്കുമായിരുന്നു. റിവ്യൂകൾ നോക്കാതെ, ഴോണറുകൾ നോക്കാതെ, സമയവും കാലവും നോക്കിയുള്ള ബിഗ്സ്ക്രീൻ യാത്രകൾ. ഔട്ടിംഗ് എന്നാൽ ഒരു സിനിമ - ഒരു ഐസ്ക്രീം അതിൽ ഒതുങ്ങുമെങ്കിലും ഒരു വരിയിൽ ഒതുക്കാനാകാത്ത ആനന്ദം നൽകിയിരുന്നു ആ മിനി ടോക്കീസ് ട്രിപ്പുകൾ.
ക്ലാസ് റൂമിൽ തുണികെട്ടിക്കണ്ട കാലാപാനിക്കാലത്തിൽ നിന്ന്, ദൂരദർശനിൽ വന്ദനം കണ്ട് ആ കാറിൽ അവരൊന്ന് കണ്ടുമുട്ടിയെങ്കിലെന്ന് ആശിച്ച കാലത്ത് നിന്ന്, ഏതോ ഒരു ഓണക്കാലം കൊട്ടാരം വീട്ടിലെ അപ്പൂട്ടനെ കാണാൻ കുടംബത്തോടെ പോയി ടിക്കറ്റ് കിട്ടാതെ മടങ്ങിയ കാലത്തുനിന്ന്, അവതാരപ്പിറവികളും ആരാധകക്കൂട്ടങ്ങളും പിറന്ന കാലത്തേക്ക് സിനിമയും കൂടെ ഞങ്ങളും അതിവേഗമോടി. കുടുംബത്തോടൊപ്പമെടുത്ത ടിക്കറ്റുകൾ കൂട്ടുകാർക്കൊപ്പമായി. സിനിമകൾ പൂക്കുന്നതും തളിർക്കുന്നതും കായ്ക്കുന്നതും കാണാൻ നാട് വിട്ട് നഗരത്തിലേക്ക് ചേക്കേറി.

ശ്രീനി, ലോഹി; തനിയാവർത്തനമില്ലാത്ത
തൂലികകൾ
മലയാളികളെയാകെ രണ്ടുചേരിയിൽ ആക്കണോ ഒരു ചോദ്യം ധാരാളം.
മമ്മൂട്ടിയോ? മോഹൻലാലോ?
ആ ചോദ്യം കത്തിനിൽക്കുന്ന കാലത്തായിരുന്നു ഡിഗ്രി പഠനം. മൂന്നുവർഷത്തെ വെള്ളിയാഴ്ചകളെയാകെ കോഴിക്കോട്ടെ തിയേറ്ററുകൾക്ക് തൂക്കിവിറ്റു. അപ്സര, രാധ, ഡേവിസൺ, കൊറണേഷൻ, ക്രൗൺ, കൈരളി- ശ്രീ; കോഴിക്കോട്ടെ തിയേറ്ററുകളിലെല്ലാം എല്ലാ റിലീസിനും മറക്കാതെ ഹാജർ വച്ചു. തിയേറ്റർ മുറ്റത്ത് ആരാധനയുടെ കൊടിയേറ്റും കമ്പക്കെട്ടും നടത്തി. ആരാധനകരുടെ അഡ്രിനാലിന്‍ അളവ് നോക്കി, തിര കത്തിക്കുന്ന ചേരുവകൾ മാത്രം ചേർത്ത്, പടം പടച്ചുവിടാനും ആളുണ്ടായതോടെ അക്കാലം അതൊരു മാഷപ്പ് പോലെ ചടുലമായി നിന്നു. ഒരു ടിക്കറ്റ് ഉറപ്പാക്കാൻ ഒരാപ്പും നിലവിൽ വന്നിട്ടില്ലാക്കാലം കൂടിയായിരുന്നു. ആദ്യമാരെത്തുന്നുവോ അവർക്ക് മാത്രം സിനിമ കാണാം. അല്ലെങ്കിൽ വരിയും നിരയും തെറ്റിച്ച് വഴക്കും വാക്കേറ്റവും തീർത്ത് ടിക്കറ്റ് ഒപ്പിക്കാം. അതുമല്ലെങ്കിൽ ബ്ലാക്കിൽ വാങ്ങേണ്ടിവരും. ട്വൻറി 20 പോലുള്ള ആഘോഷ ചിത്രങ്ങൾ തിരതൊടുന്നത് അക്കാലമായിരുന്നു.
തിരയാവേശം ആർത്തടിച്ച ആഘോഷകാലം. അതിരുവിട്ട് അന്യഭാഷാപ്രേമം തുടങ്ങുന്നതും അക്കാലം തന്നെയായിരുന്നു. ആദ്യം തമിഴിലേക്കും പിന്നീട് ഹിന്ദിയിലേക്കും സിനിമാപ്രാന്തന്മാർ പദയാത്ര തുടങ്ങി. അവതാറിന്റെ വരവ് സിനിമ യൂണിവേഴ്സലാക്കി.
മുന്നേ പിറന്ന, കാണാൻ സാധിക്കാതെ പോയ സിനിമകളെ കണ്ടുതീർത്തതിന് കടപ്പാട് സിഡി കമ്പനികൾക്ക് തന്നെ. സൈനയായിരുന്നു അക്കൂട്ടത്തിൽ രാജാവെങ്കിലും അക്കാലം മോസർബെയർ ഒരു സിഡി വിപ്ലവത്തിന് തുടക്കമിട്ടു. പഴയ ക്ലാസിക്കുകൾ മാത്രമല്ല പുതിയ പടങ്ങളും കാത്തിരിക്കാതെ തന്നെ കവറൊട്ടിച്ച് മോസർബെയർ കയ്യിൽ തന്നു. അതിനൊച്ചൊല്ലിയുള്ള സിനിമാസമരങ്ങളും അക്കാലമുണ്ടായിരുന്നതായി ഓർക്കുന്നു.

പത്മരാജൻ, ഭരതൻ, കെ.ജി. ജോർജ്, ഐ.വി. ശശി, ജോഷി, ജോൺപോൾ, എം.ടി, ടി. ദാമോദരൻ- ക്ലാസും മാസും കാണിച്ച അതികായരിലേക്ക് സിഡി കമ്പനികൾ വഴിവെട്ടി. ഇരകളും ഈനാടും കണ്ടു. പഞ്ചവടിപ്പാലം കയറി. മണ്ണാറത്തൊടിയിലും മംഗലശേരിയിലും ഒരുപോലെ ചുറ്റി. മാടയേയും പട്ടേലരേയും ചന്തുവിനേയും കണ്ടു. ഇന്നലെകളിലെ എല്ലാ ഗന്ധർവന്മാരേയും എല്ലാ ഗോഡ്ഫാദർമാരേയും തേടിപ്പോയ സകല ചുരവും താഴ് വാരവും കണ്ടുതീർത്ത യാത്രകൾ. സിനിമയൊളിപ്പിച്ച സകല എലിപ്പത്തായങ്ങളിലും തലയിട്ട ദിനരാത്രങ്ങൾ.
എന്നാലുമെപ്പോഴുമിപ്പോഴും ഓർമ്മത്തിരയിൽ സ്നേഹക്കൂടുതൽ ശ്രീനിയോടും ഒരു ലോഹിയോടും തന്നെ. ലോഹിയോളം ഉലച്ച ഒരു തിരയെഴുത്തെനിക്കില്ല. അമരാവതിയിലിരുന്ന് അയാൾ പറഞ്ഞ പച്ചയായ മനുഷ്യരുടെ ആത്മസംഘർഷങ്ങളോളം ശ്വാസംമുട്ടിച്ച തിരഭാഷ്യങ്ങളുണ്ടോ. അയാൾ ഭൂതക്കണ്ണാടിയിലൂടെ കണ്ട ജീവിതം, അയാളുടെ കഥാപാത്രങ്ങൾ ചുമക്കേണ്ടിവന്ന മുൾക്കിരീടങ്ങളുടെ നോവും നീറ്റലും സിനിമ, കേവലം സിനിമ മാത്രമല്ലെന്നോർമിപ്പിച്ചു. ശ്രീനി സകലതും ചിരികൊണ്ടുമായ്ച്ചു. നിസഹായതകളെ, നിരാശകളെ, പ്രതീക്ഷകളെ, പ്രണയത്തെ സാധാരണക്കാരുടെ മനസെടുത്ത് ഉരുക്കി പൊന്നാക്കി തിരശിലേക്ക് ചാർത്തുകായായിരുന്നു പ്രിയ ശ്രീനി. പ്രിയനൊപ്പം അയാൾ കാണിച്ച ചിരിയും ചിന്തയും തിരയോരത്ത് നിന്ന് മാറാനാകാതെ മട്ടിൽ ആ തീരത്ത് തന്നെ നാട്ടി.

സിനിമ, സാങ്കേതികതയുടെ കുതിപ്പിൽ പുതിയ സാധ്യതകളുടെ വാതിലുകളേറെ തുറന്നിട്ടു. പതുക്കെ പ്രൊജക്ടറുകളും റീലുകളും തിയേറ്റർ വിട്ടുതുടങ്ങി. ഡിവിഡിക്കാലം ബി ക്ലാസ്, സി ക്ലാസ് തിയേറ്ററുകളെ ഗോഡൗണുകളും കല്യാണ മണ്ഡപങ്ങളുമാക്കി മാറ്റി. വിഗ്രഹങ്ങളെയുടച്ച് വീണ്ടും സിനിമ നവവഴി വെട്ടി. ഭാഷയെന്നതോ ദേശമെന്നതോ പൂർണമായി മാഞ്ഞ് സിനിമ സിനിമയെന്നത് മാത്രമായി. ഫെസ്റ്റിവലുകളുടെ വരവ് സിനിമ, കാഴ്ചക്കപ്പുറം ചർച്ചയും ചേരലുമാക്കി. കോവിഡുകാലം കാഴ്ചകളുടെ കൊട്ടകശീലങ്ങളെ അടിമുടി തകർത്തുതാഴെയിട്ടു. സീരീസുകളും ഒ ടി ടികളും ടിക്കറ്റ് ബുക്കിംഗ് ആപ്പുകളും എത്തി. ഇന്നിതാ സിനിമ മൈക്രോ സിനിമകളിലേക്ക് മുഖം മാറാനിരിക്കുന്നു. സിനിമാപ്രാന്തുമാത്രം മാറ്റമില്ലാതെ പുതിയ മാറ്റത്തെ കാത്തിരിക്കുന്നു.
സിനിമാക്കാഴ്ചകളെ ആരാകും തിര എന്ന് ആദ്യം വിളിച്ചത്. അതിനോളം ചേരുന്നൊരു പേര് സിനിമക്കുണ്ടോ. ആ തിരയിൽ നമ്മളെത്ര നനഞ്ഞു. ആ തിരയോളം മനോഹരമായ ഒരു കണ്ടുപിടിത്തമുണ്ടോ? അതിനോളം നമ്മെ മോഹിപ്പിച്ച മറ്റെന്തെങ്കിലുമുണ്ടോ?
(അവസാനിക്കുന്നില്ല)
