CPI, CPM:
​പോരാട്ടങ്ങളുടെയും
പരാജയങ്ങളുടെയും
തമിഴ് ഇടതുപക്ഷം

തമിഴ്നാടിന്റെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ടി. അനീഷിന്റെ പരമ്പര- അരസിയൽ സുവരൊട്ടികൾ- തുടരുന്നു. സി.പി.ഐയുടെയും സി.പി.എമ്മിന്റെയും രാഷ്ട്രീയ പരിണാമങ്ങൾ വിശകലനം ചെയ്യുന്നു.

അരസിയൽ
സുവരൊട്ടികൾ-
ഒമ്പത്

മിഴ്‌നാട്ടിൽ കർഷകരും വ്യവസായ തൊഴിലാളികളുമടക്കമുള്ള ജനവിഭാഗങ്ങൾക്കിടയിൽ ആഴത്തിൽ സ്വാധീനം ചെലുത്തിയ പ്രസ്ഥാനമാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി. വിഭജനാനന്തരം, പ്രസ്ഥാനത്തിന്റെ ബഹുജന സ്വീകാര്യതയിൽ പിന്നീടുണ്ടായ വൻ ഇടിവിന് സാമൂഹികവും രാഷ്ട്രീയവുമായ നിരവധി മാനങ്ങളുണ്ട്. വ്യവസ്ഥാപിത ജാതീയത പോലുള്ള സാമൂഹികഘടനാപരമായ മേൽക്കോയ്മകളെ വേണ്ടവിധം അഭിസംബോധനചെയ്യാൻ സാധിച്ചില്ല എന്നത് അവയിൽ പ്രധാനപ്പെട്ടതാണ്. സാമ്പത്തിക വർഗ്ഗങ്ങൾ തമ്മിലുള്ള പോരാട്ടത്തെ ആസ്പദമാക്കിയാണ് പാർട്ടിപരിപാടികൾ നിർവചിക്കപ്പെട്ടത്. ചരിത്രപരമായി ആഴ്ന്നിറങ്ങിയ ജാതീയതയുടെ വേരുകൾ അധ്വാനവർഗത്തിന്റെ ശാക്തീകരണം കൊണ്ട് തകർത്തെറിയാനാവാത്ത വിധം സങ്കീർണ്ണമാണ്. അതിനെ അപ്രകാരം തന്നെ അഭിമുഖീകരിക്കണമെന്ന് തിരിച്ചറിയുന്നതിൽ പ്രസ്ഥാനത്തിന് പാളിച്ച പറ്റി. ജാതീയതയ്‌ക്കെതിരെ സമാനതകളില്ലാത്ത നിരവധി പോരാട്ടങ്ങൾ സംഘടിപ്പിച്ചു എന്നത് വസ്തുതയാണെങ്കിലും ഓരോ പ്രക്ഷോഭവും പ്രാദേശികമായി ഉണ്ടാക്കിയ ഉർണർവുകൾ, ചരിത്രപരമായി അഞ്ചു മണ്ഡലങ്ങളായി പിരിഞ്ഞുനിൽക്കുന്ന, തമിഴ്‌നാടിന്റെ എല്ലാപ്രദേശങ്ങളിലും പ്രസരിപ്പിക്കാൻ പാർട്ടിക്ക് സാധിച്ചില്ല.

1964 -ലെ പാർട്ടി വിഭജനം തൊട്ട്, ദ്രാവിഡകക്ഷികളുടെ വേരുറപ്പിക്കൽ, സാമുദായിക അനൈക്യങ്ങളുടെയും ഹിന്ദി വിരുദ്ധ സമരങ്ങളുടെയും രാഷ്ട്രീയ പശ്ചാത്തലം വരെയുള്ള നിരവധി ഘടകങ്ങൾ സി പി ഐ യുടെയും സിപി എമ്മിന്റെയും വളർച്ചയെ പരിമിതപ്പെടുത്തി.

പ്രസ്ഥാനത്തിന്റെ ഉദയത്തെയും ഇരു പാർട്ടികളായി വിഭജിക്കപ്പെട്ടതിനുശേഷമുള്ള പ്രവർത്തനങ്ങളേയും തിരഞ്ഞെടുപ്പ് പ്രകടനങ്ങളെയും കുറിച്ചുള്ള വിശകലനമാണ്‌ പരമ്പരയിലെ ഈ ഭാഗം.

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി
രൂപീകരിക്കപ്പെടുന്നു

1917-ലെ റഷ്യൻ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ അത്തരമൊരു നീക്കം നടക്കാനുള്ള സാധ്യത ബ്രിട്ടീഷ് സർക്കാർ മുന്നിൽ കണ്ടു. ഇത് തടയാനുള്ള കർശന നടപടികൾക്ക് അടുത്ത വർഷങ്ങളിൽ തന്നെ ബ്രിട്ടീഷ് സർക്കാർ തുടക്കമിട്ടു. വിപ്ലവകാരികളെ അറസ്റ്റ് ചെയ്തും കൊടിയ പീഡനങ്ങൾക്കു വിധേയമാക്കിയും പ്രസ്ഥാനത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കിടയിലാണ്, ഭരണകൂടത്തിന്റെ കണ്ണുവെട്ടിച്ച് ഇന്ത്യൻ വിപ്ലവകാരികൾ 1920 - ഒക്ടോബറിൽ താഷ്‌ക്കന്റിൽ യോഗം ചേരുന്നത്. ഇവിടെ വെച്ചാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ രൂപം കൊള്ളുന്നത്. എം.എൻ. റോയ്, അബനി മുഖർജി അടക്കമുള്ള നേതാക്കൾ പങ്കെടുത്ത യോഗത്തിൽ മുഹമ്മദ് ഷഫീഖ് സെക്രട്ടറിയായി സംഘടന നിലവിൽ വന്നു. 1925 -ൽ കാൺപൂരിൽ നടന്ന പാർട്ടി സമ്മേളനത്തിൽ ശിങ്കാരവേലൻ പ്രസിഡന്റായും എസ് .വി. ഘാട്ടെ, ജെ.പി. ബാഗെർഹട്ട എന്നിവർ ജനറൽ സെക്രട്ടറിമാരായുമുള്ള കേന്ദ്രകമ്മിറ്റി തിരഞ്ഞെടുക്കപ്പെട്ടു.

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പ്രവർത്തനങ്ങൾ തടയുന്നതിനായി നേതാക്കൾക്കെതിരെ നിരവധി രാജ്യദ്രോഹകേസുകൾ ബ്രിട്ടീഷ് സർക്കാർ കെട്ടിച്ചമച്ചു. 1923- ൽ പെഷവാർ, 24-ൽ കാൺപൂർ, 29- ൽ മീററ്റ് തുടങ്ങിയ ഗൂഢാലോചനാ കേസുകൾ ചുമത്തി കമ്മ്യൂണിസ്റ്റുകാരെ കാരാഗ്രഹങ്ങളിലടച്ചു. ബ്രിട്ടീഷ് ഇന്ത്യയുടെ പരമാധികാരത്തിനെതിരെ കൂട്ടംചേർന്നു എന്നായിരുന്നു ഇവർക്കെതിരെ ചുമത്തപ്പെട്ട കുറ്റം. വർഗ്ഗസമരങ്ങളുടെ ഭാഗമായാണ് കമ്മ്യൂണിസ്റ്റുകൾ ഇതിനെ കണ്ടത്. പാർട്ടിയുടെ പദ്ധതിയും ഉദ്ദേശ്യവും തത്വശാസ്ത്രവും പ്രചരിപ്പിക്കാനുള്ള അവസരമായി മീററ്റ് ഗൂഢാലോചനാ കേസിന്റെ വിചാരണയെ പാർട്ടി ഉപയോഗിച്ചു. അങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പദ്ധതികൾ രാജ്യത്തെ ജനങ്ങളിലേക്ക് എത്തി.

തമിഴനാട് ഘടകത്തിന്റെ പിറവി

1931-ൽ പാർട്ടിപരിപാടി പ്രസിദ്ധീകരിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകങ്ങൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി ശിങ്കാര വേലൻ, കൃഷ്ണസ്വാമി അയ്യങ്കാർ തുടങ്ങിയ നേതാക്കൾ ഉൾപ്പെട്ട മദ്രാസ് സംസ്ഥാന കമ്മറ്റി നിലവിൽ വന്നു. തുടർന്ന് തഞ്ചാവൂർ, കോയമ്പത്തൂർ, മധുര, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലും ബ്രാഞ്ചുകൾ രൂപീകരിച്ചു. 1942-ൽ തമിഴ്‌നാട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന കമ്മിറ്റി നിലവിൽവന്നു. മോഹൻ കുമാരമംഗലം സെക്രട്ടറിയായും വെങ്കിട്ടരാമൻ അസിസ്റ്റന്റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 1943- ൽ മോഹൻ കുമാരമംഗലം പാർട്ടിയുടെ അഖിലേന്ത്യാ ദൌത്യത്തിനായി മുംബൈയിലേക്ക് പോയപ്പോൾ, വെങ്കിട്ടരാമൻ സെക്രട്ടറിയായി.

ദ്രാവിഡ രാഷ്ട്രീയത്തിന്റെ തീവ്രത വർധിച്ചുവന്ന തമിഴ്നാട്ടിൽ കമ്യൂണിസ്റ്റ് പാർട്ടികളിലെ മേൽ ജാതി - ബ്രാഹ്മണ നേതൃത്വത്തോടുള്ള മുൻവിധി പാർട്ടിസ്വാധീനത്തെ പ്രതികൂലമായി ബാധിച്ചു.

സാമ്രാജ്യത്വ വിരുദ്ധ പ്രവർത്തനങ്ങൾക്കൊപ്പം കാർഷിക രംഗത്തെ സമൂല മാറ്റങ്ങൾക്കും വ്യവസായമേഖലകളിലെ തൊഴിൽ അവകാശങ്ങൾക്കായുള്ള സമരങ്ങൾക്കും ഊന്നൽ നൽകിയായിരുന്നു ആദ്യകാല പ്രവർത്തനം. ഇതനുസരിച്ച് ഈ മേഖലകളിലെ തൊഴിലാളികളെ സംഘടിപ്പിച്ച് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി. അടിച്ചമർത്തപ്പെട്ട ദലിത്, പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക - സാമ്പത്തിക- സാംസ്കാരിക വിമോചനം, വിദേശ ബ്രിട്ടീഷ് ഭരണത്തെ അട്ടിമറിച്ചും ജാതിസമ്പ്രദായം ഇല്ലാതാക്കിയും മാത്രമേ നേടാനാകൂ എന്നായിരുന്നു പാർട്ടിനയം. ഇതോടൊപ്പം വിശാലമായ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന്റെ ഭാഗമായ പ്രവർത്തനങ്ങളിലും സജീവമായി. കർഷക ദുരിതങ്ങൾ, ജാതി വിവേചനം, വ്യാവസായിക തൊഴിൽ പ്രശ്നങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രാദേശിക സാമൂഹിക- സാമ്പത്തിക യാഥാർത്ഥ്യങ്ങൾക്ക് അനുസൃതമായി തമിഴ്നാട് ഘടകം പ്രവർത്തനങ്ങൾ രൂപപ്പെടുത്തി.

പ്രക്ഷോഭത്തിന്റെ നാളുകൾ

തഞ്ചാവൂർ കേന്ദ്രമാക്കി കർഷക സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതോടൊപ്പം മദ്രാസ്, കോയമ്പത്തൂർ തിരുച്ചിറപ്പള്ളി, തിരുനെൽവേലി പോലുള്ള വ്യവസായ നഗരങ്ങളിൽ തൊഴിലാളി സംഘടന രൂപീകരിച്ച് അവകാശ പോരാട്ടങ്ങൾ ആരംഭിച്ചു. ജോലിസമയം 8 മണിക്കൂറായി നിജപ്പെടുത്താനും തൊഴിലാളി വിരുദ്ധ നീക്കങ്ങൾക്കെതിരെ സംഘടിക്കാനുമുള്ള അവകാശങ്ങൾക്കായും പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യവേതനം പോലുള്ള ആവശ്യങ്ങൾക്കായും വ്യവസായശാലകൾ കേന്ദ്രീകരിച്ച് നിരവധി സമരമുഖങ്ങൾ തുറന്നു. ഫാക്ടറികൾ പൂട്ടിയും തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടും പോലീസിനെയും ഗുണ്ടാപ്പടകളെയും ഉപയോഗിച്ച് സമരങ്ങൾ അടിച്ചമർത്തിയും മാനേജ്‌മെന്റുകൾ പ്രതികാര നടപടികൾക്കു മുതിർന്നു. 1948 -ലെ മധുര കോട്ട്സ് മിൽ പണിമുടക്കിന്റെ പേരിൽ 11,000 തൊഴിലാളികളെ ഒരേദിവസം ജോലിയിൽ നിന്ന് പുറത്താക്കിയത് വൻ പ്രക്ഷോഭങ്ങൾക്ക് വഴിവെച്ചു.

തെക്കൻ മേഖലയിൽ അതിതീവ്രമായിരുന്ന അയിത്താചാരങ്ങൾക്കെതിരായി ആളുകളെ സംഘടിപ്പിക്കാനും ദേശീയ സ്വതന്ത്രസമരങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് ആധിപത്യത്തോട് പോരാടാനും പാർട്ടിപരിപാടികൾ ആവിഷ്കരിക്കപ്പെട്ടു. 16 വയസ്സ് വരെയുള്ള എല്ലാ കുട്ടികൾക്കും മാതൃഭാഷയിൽ സൗജന്യ വിദ്യാഭ്യാസം, അഭിപ്രായ / ആവിഷ്കാര സ്വാതന്ത്ര്യം തുടങ്ങി നിരവധി സാമൂഹിക വിഷയങ്ങൾ ഉന്നയിച്ചും പാർട്ടി തെരുവിലിറങ്ങി. 1930 - 40 കളിൽ തെൻപാറയിലും കിഴക്കു തഞ്ചാവൂരിലും കർഷകത്തൊഴിലാളികൾക്ക് കൂലിവർദ്ധനവ് ആവശ്യപ്പെട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ ജന്മികളെ പ്രകോപിപ്പിച്ചു. കൂലി തടഞ്ഞുവെച്ചും കൊടിയ മർദ്ദനങ്ങൾ അഴിച്ചുവിട്ടും കന്നുകാലികളെ പിടിച്ചെടുത്തും കുടിയിറക്കിയും കുടിലുകൾ തീകൊളുത്തിയെരിച്ചുമാണ് ഭൂപ്രഭുക്കന്മാർ ഇതിനെ നേരിട്ടത്. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കമുള്ളവർക്ക്‌നേരെ അതിക്രൂരമായ ആക്രമണങ്ങളുണ്ടായി. ഇതിനെതിരെയുള്ള പ്രതിരോധങ്ങൾ ശക്തിപ്പെട്ടത് കർഷകത്തൊഴിലാളികളിൽ പാർട്ടിയിലുള്ള വിശ്വാസം വർധിപ്പിച്ചു.

പാർട്ടിയുടെ ആഭിമുഖ്യത്തിൽ ദേശീയാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട കിസാൻ സഭയുടെ ഘടകം 1943 -ൽ തെൻപാറയിൽ പ്രവർത്തനമാരംഭിച്ചു. പോലീസിന്റെയും ജന്മികളുടെ ഗുണ്ടാപ്പടകളുടെയും ആക്രമണങ്ങൾ, പ്രതിരോധ സമരങ്ങളെ ചോരയിൽ മുക്കി. തൊഴിലാളികളുടെ പോരാട്ടവീര്യവും വർധിതമായി. 1953 -ൽ തിരുത്തുറൈ പൂണ്ടിയിൽ കുടിയൊഴിക്കലുകൾക്കെതിരെ നൂറുകണക്കിന് കർഷക തൊഴിലാളികളെ സംഘടിപ്പിച്ചു നടത്തിയ പ്രക്ഷോഭം പാർട്ടിയുടെ അക്കാലത്തെ വലിയ ശക്തിപ്രകടനങ്ങളിൽ ഒന്നായിരുന്നു.

തഞ്ചാവൂർ മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കർണ്ണാടകയിൽ നിന്ന് ബി. ശ്രീനിവാസറാവുവിനെ പാർട്ടി നിയോഗിക്കുന്നതോടെ കർഷകസമരങ്ങൾക്ക് ചൂടുപിടിച്ചു. കുഴിവളം ദേശികർ, നായ്ഡു, കള്ളർ, മുതലിയാർ, ഉടയാർ, മൂപ്പനാർ തുടങ്ങിയ ജന്മി സമുദായങ്ങളുടെ അധീനതയിലായിരുന്നു തഞ്ചാവൂർ മേഖലകളിലെ ഭൂപ്രദേശങ്ങൾ.

തഞ്ചാവൂർ മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കർണ്ണാടകയിൽ നിന്ന് ബി. ശ്രീനിവാസറാവുവിനെ പാർട്ടി നിയോഗിക്കുന്നതോടെ കർഷകസമരങ്ങൾക്ക് ചൂടുപിടിച്ചു.
തഞ്ചാവൂർ മേഖലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കർണ്ണാടകയിൽ നിന്ന് ബി. ശ്രീനിവാസറാവുവിനെ പാർട്ടി നിയോഗിക്കുന്നതോടെ കർഷകസമരങ്ങൾക്ക് ചൂടുപിടിച്ചു.

1948-ൽ കോയമ്പത്തൂർ സിനിയം പാളയത്തെ രംഗ വിലാസ് മില്ലിൽ രാജി എന്ന തൊഴിലാളി സ്ത്രീക്കു നേരെ നടന്ന ക്രൂരമായ ലൈംഗികാക്രമണവുമായി ബന്ധപ്പെട്ട കൊലപാതക കേസിൽ നാലുപേർ തൂക്കിക്കൊല്ലപ്പെട്ട സംഭവം തമിഴ്നാട് കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രത്തിലെ പ്രധാന ഏടുകളിൽ ഒന്നാണ്. പൊന്നൻ എന്ന മാനേജ്‌മന്റ് ശിങ്കിടിയെയാണ് തൊഴിലാളികൾ മില്ലിനകത്തുവെച്ച് വെട്ടിക്കൊന്നത്. പലതവണ നൽകിയ താക്കീതുകൾ ധിക്കരിച്ച് പൊന്നൻ, തൊഴിലാളിസ്ത്രീയെ ബലാത്സംഗം ചെയ്തതറിഞ്ഞ് തൊഴിലാളികൾ പ്രകോപിതരായി. ഇതേതുടർന്ന് മില്ലിനുള്ളിൽ കയറിയ നാല് തൊഴിലാളികൾ പൊന്നനെ വകവരുത്തി. തൊഴിലാളി സ്ത്രീകൾക്കുനേരെ ലൈംഗിക കയ്യേറ്റങ്ങൾക്ക്‌ മുതിർന്നിരുന്ന മാനേജ്‌മന്റ് ഗുണ്ടാസേനയ്ക്ക് ഇതൊരു താക്കീതുമായി.

ലണ്ടൻ പ്രിവി കൗൺസിലിൽ നടന്ന കൊലപാതകക്കേസിന്റെ വിചാരണയ്ക്കൊടുവിൽ നാലു തൊഴിലാളികളെ വധശിക്ഷയ്ക്ക് വിധിച്ചു. ആരെങ്കിലും ഒരാൾ കുറ്റം സമ്മതിച്ചാൽ മറ്റു മൂന്നു പേരെയും വിട്ടയക്കാമെന്ന കോടതി നിർദ്ദേശം നാലുപേരും തള്ളിക്കളഞ്ഞു. വിവിധ സമുദായത്തിൽ പെട്ട നാലുപേരും തങ്ങളെ ഒരേ ശവക്കുഴിയിൽ സംസ്കരിക്കണമെന്നാവശ്യപ്പെട്ടതും പാർട്ടിനേതൃത്വത്തിൽ അപ്രകാരം തന്നെ നടന്ന ശവമടക്കും അന്നത്തെ ജാത്യാചാരങ്ങളെ ലംഘിക്കുന്നതായിരുന്നു.

കീഴ് വെണ്മണി പോലുള്ള നിരവധി കർഷക മുന്നേറ്റങ്ങളെ, ജാതീയ അടിച്ചമർത്തലുകളുടെ ഉള്ളടക്കമുള്ള വർഗ്ഗസമരമാക്കി വളർത്തിയതിൽ സി പി എമ്മിനുള്ള പങ്ക് ചെറുതല്ല.

വിഭജനാനന്തരകാലത്തെ പോരാട്ടങ്ങൾ

1964-ൽ പാർട്ടി വിഭജനത്തിനു ശേഷം സി പി എമ്മിന്റെ നേതൃത്വത്തിലാണ് സമരങ്ങൾ ശക്തിപ്രാപിച്ചത്. സി പി ഐ ഇക്കാലത്ത് പാർലമെന്ററി പ്രവർത്തനങ്ങളിലാണ് പ്രധാനമായും ശ്രദ്ധയൂന്നിയത്. അരപ്പടി നെല്ല് കൂടുതലായി കൂലി ചോദിച്ച് സി പി എം നേതൃത്വത്തിൽ പണിമുടക്കുകൾ ആരംഭിച്ചതോടെ ജന്മിമാർ ഐക്യപ്പെട്ട് നെല്ല് ഉത്പാദകരുടെ സംഘം രൂപീകരിച്ചു. ഇതിൻ്റെ നേതാവായിരുന്നു ഇരിഞ്ചിയൂർ ഗോപാലകൃഷ്ണ നായ്ഡു. ഇക്കാലത്ത് തഞ്ചാവൂർ, നാഗപട്ടണം ചുറ്റിയുള്ള പ്രദേശങ്ങളിൽ സമരബോധമുള്ള കർഷകത്തൊഴിലാളികൾ പലരും ജന്മിഗുണ്ടാപ്പടയുടെ ആയുധങ്ങൾക്കിരയാക്കപ്പെട്ടു. ഇത്തരം സാമൂഹികാസ്വസ്ഥതകളുടെ ഉച്ചഘട്ടത്തിലാണ് 1968 -ൽ നാഗപട്ടണത്തിലെ കീഴ് വെണ്മണിയിൽ കർഷക പണിമുടക്ക് സമരം ശക്തി പ്രാപിക്കുന്നത്. ദ്രാവിഡ സംഘടനകളും പണിമുടക്കുകൾക്ക് നേതൃത്വം കൊടുക്കാൻ സമാന്തരമായി മുന്നിലുണ്ടായിരുന്നു. ഗോപാലകൃഷ്ണ നായ്ഡുവിൻ്റെ നേതൃത്വത്തിൽ ഒരു ഗുണ്ടാപ്പട ഡിസംബർ 25-ന് കീഴ് വെണ്മണി എന്ന ദലിത് ഗ്രാമത്തിലെത്തി തൊഴിലാളികളോട് പണിക്ക് തിരിച്ചെത്തണമെന്ന് ഭീഷണിമുഴക്കി. ഗ്രാമത്തിൽ നെല്ലുൽപ്പാദക സംഘത്തിൻ്റെ മഞ്ഞപതാകയ്ക്കു പകരം ഉയർത്തപ്പെട്ട പാർട്ടിയുടെ ചെങ്കൊടി താഴെയിറക്കാനും നായ്ഡു ആവശ്യപ്പെട്ടു. കർഷകർ വഴങ്ങാത്തതിനെ തുടർന്ന് വാക്കേറ്റമുണ്ടായി. രാത്രിയോടെ വീണ്ടും തിരിച്ചെത്തിയ അക്രമിസംഘം ഗ്രാമീണർക്കുനേരെ കൊടിയ മർദ്ദനം അഴിച്ചുവിട്ടു. വസ്തുവകകൾ തീവെച്ചു നശിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ള 44 പേർ ഗ്രാമത്തിലെ താരതമ്യേന വലിയൊരു കുടിലിൽ അഭയം തേടി. കുടിൽ പുറത്തുനിന്നു പൂട്ടിയ ജന്മിപ്പട ഒരാളെപ്പോലും രക്ഷപ്പെടാനനുവദിക്കാതെ തീകൊളുത്തി ചുട്ടുകൊന്നു.

കൊച്ചിയിൽ സി പി എം എട്ടാം പാർട്ടികോൺഗ്രസ് നടക്കുന്ന കാലമായതിനാൽ വാർത്തയറിഞ്ഞ് പി. രാമൂർത്തി, ബി.ടി. രണദിവെ തുടങ്ങിയ നേതാക്കൾ സ്ഥലം സന്ദർശിച്ചു. കുറ്റവാളികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം രൂക്ഷമായി. പോരാട്ടങ്ങളുടെയും നിയമനടപടികളുടെയും ഫലമായി ഗോപാലകൃഷ്ണ നായ്ഡു ഒഴികെയുള്ള പ്രതികൾ ശിക്ഷിക്കപ്പെട്ടു. എന്നാൽ കേസിൽ നിന്ന് മോചിതനായി പുറത്തുവന്ന നായ്ഡുവിനെ സി പി ഐ (എം എൽ) നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊന്നു. ഈ കേസിലെ പ്രതികളിൽ ചിലർ സി പി എമ്മുകാരും ദ്രാവിഡ കഴകംകാരുമായിരുന്നു എന്നത് ഭൂപ്രഭുത്വത്തിന്റെ ക്രൂരത എത്രമാത്രം തൊഴിലാളി സമൂഹത്തെ വ്രണപ്പെടുത്തിയിരുന്നു എന്നതിന്റെ സൂചനയാണ്. കീഴ് വെണ്മണി പോലുള്ള നിരവധി കർഷക മുന്നേറ്റങ്ങളെ, ജാതീയ അടിച്ചമർത്തലുകളുടെ ഉള്ളടക്കമുള്ള വർഗ്ഗസമരമാക്കി വളർത്തിയതിൽ സി പി എമ്മിനുള്ള പങ്ക് ചെറുതല്ല.

കീഴ് വെണ്മണി പോലുള്ള  നിരവധി കർഷക മുന്നേറ്റങ്ങളെ, ജാതീയ അടിച്ചമർത്തലുകളുടെ ഉള്ളടക്കമുള്ള വർഗ്ഗസമരമാക്കി വളർത്തിയതിൽ സി പി എമ്മിനുള്ള പങ്ക് ചെറുതല്ല.
കീഴ് വെണ്മണി പോലുള്ള നിരവധി കർഷക മുന്നേറ്റങ്ങളെ, ജാതീയ അടിച്ചമർത്തലുകളുടെ ഉള്ളടക്കമുള്ള വർഗ്ഗസമരമാക്കി വളർത്തിയതിൽ സി പി എമ്മിനുള്ള പങ്ക് ചെറുതല്ല.

തീണ്ടായ്മ വിരുദ്ധ സമരങ്ങൾ

വീരശൈവ വേളാർമാർ എന്ന പിള്ളമാരും പള്ളർ (ദേവേന്ദ്രകുല വെള്ളാളർ) എന്നറിയപ്പെടുന്ന ദലിത് സമുദായക്കാരും വേർതിരിഞ്ഞ് താമസിച്ചിരുന്ന ഗ്രാമമാണ് മധുര ജില്ലയിലുൾപ്പെട്ട ഉത്തപുരം. കാലാകാലങ്ങളായി ജാതീയ അതിക്രമങ്ങൾ നടക്കുന്ന സ്ഥലമാണിത്. ഗ്രാമത്തിലേക്കുള്ള ദലിതരുടെ സഞ്ചാരം തടയാൻ ഉയർ ജാതിക്കാരായ പിള്ളമാർ ഇരു പ്രദേശങ്ങളെയും വിഭജിക്കുന്ന തരത്തിൽ 12 അടി ഉയരത്തിലും 600 മീറ്റർ നീളത്തിലും ഒരു ചുമർ നിർമിച്ചു. സി പി എം തീണ്ടായ്മക്കെതിരെ ജനങ്ങളെ സംഘടിപ്പിക്കുന്ന കാലമായിരുന്നു അത്. വിവരമറിഞ്ഞെത്തിയ നേതാക്കൾ ഇരു വിഭാഗങ്ങളുമായും നടത്തിയ ചർച്ച അലസിപ്പിരിഞ്ഞു. തീണ്ടായ്മ ചുമർ അഥവാ ജാതിമതിലിനെതിരായി സമരങ്ങൾക്ക് ഇത് വഴി തുറന്നു. പോരാട്ടം നാൾക്കുനാൾ ശക്തിപ്പെട്ടതോടെ ജില്ലാ ഭരണകൂടം ഇടപെട്ട് ചുമർ നിലനിർത്തികൊണ്ടുതന്നെ ദലിതർക്കു വഴി തുറന്നു കൊടുത്തു.

2007-ലാണ് സി പി എം അയിത്തത്തിനെതിരായി 'തീണ്ടാമൈ ഒഴിപ്പു മുന്നണി' എന്ന പേരിൽ ഒരു സംഘടന രൂപീകരിക്കുന്നത്. അതിനുമുമ്പ് തന്നെ 1996- ൽ തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങൾ സന്ദർശിച്ച് തീണ്ടായ്മയുടെ വിവിധ പ്രയോഗമുറകൾ കണ്ടെത്തി റിപ്പോർട്ടു ചെയ്യാൻ കേഡർമാരെയും പുരോഗമന പക്ഷക്കാരായ യുവാക്കളെയും പാർട്ടി നിയോഗിച്ചിരുന്നു. അവരുടെ റിപ്പോർട്ടുകൾ അനുസരിച്ച് തമിഴ് നാട്ടിൽ 135- ഓളം പ്രയോഗമുറകൾ നിലവിലുണ്ടെന്ന് കണ്ടെത്തി. സമാനമായി സന്നദ്ധ സംഘടനകൾ നടത്തിയ സർവേകളും ഇവ ശരിവെക്കുന്നതായിരുന്നു. എരുമച്ചാണകം കലക്കിക്കുടിപ്പിച്ചു കൊലപ്പെടുത്തുക പോലുള്ള പ്രയോഗമുറകൾ അപ്രത്യക്ഷമായെങ്കിലും ചായക്കടകളിൽ വെവ്വേറെ ടംബ്ലർ ഉപയോഗിക്കുക, മേൽവസ്ത്രമോ പാദരക്ഷയോ ധരിക്കാൻ അനുവദിക്കാതിരിക്കുക തുടങ്ങിയ ജാത്യാചാരത്തിന്റെ ദൃശ്യത കുറഞ്ഞതും പരോക്ഷവുമായ നിരവധി പ്രയോഗമുറകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അയിത്താചരണത്തിനെതിരായി പാർട്ടിസ്വാധീനമുള്ള വിവിധ പ്രദേശങ്ങളിൽ സമരങ്ങൾ സംഘടിപ്പിക്കപ്പെട്ടു.

വർഗതാല്പര്യങ്ങളെ ശാക്തീകരിച്ച് ശ്രേണീബന്ധിതമായ ജാതിവ്യവസ്ഥയെ മറികടക്കാനോ അതിജീവിക്കാനോ ഉള്ള നയപരിപാടികളിലൂന്നിയ ഇച്ഛാശക്തി ഇടതു പാർട്ടികൾക്ക് വികസിപ്പിച്ചെടുക്കാനായില്ല.

എന്നാൽ ഇത്തരം സമരങ്ങൾക്ക് വലിയ തോതിലുള്ള പൊതുജന ശ്രദ്ധയോ ദൃശ്യതയോ ഉണ്ടായില്ല. സംഘടനാ ശേഷിയിലെ ഈ പോരായ്മ പാർട്ടി അഭിമുഖീകരിക്കുന്ന വലിയൊരു പരിമിതിയാണ്. ദലിതരെ വിവിധ ക്ഷേത്രങ്ങളിൽ വിലക്കുന്നതിനെതിരെയുള്ള സമരങ്ങൾക്ക് വിടുതലൈ സിറുത്തൈ കക്ഷികൾക്കൊപ്പം നേതൃത്വം നൽകാനും പാർട്ടി മുന്നിട്ടിറങ്ങി. മധുരയിലെ തിരുമംഗലത്ത് ഒരു ഗ്രാമക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ ദലിതർക്കു അനുവാദം ലഭിച്ചത് 2021 -ൽ മാത്രമാണ്. തിരുവണ്ണാമലൈ ജില്ലയിലെ തേൻമുടിയൂർ ഗ്രാമത്തിലുള്ള മുത്തുമാരിയമ്മൻ കോവിലിൽ ദലിതർക്ക് പ്രവേശനം അനുവദിച്ചപ്പോൾ മേൽജാതിക്കാർ ആ ക്ഷേത്രം ഉപേക്ഷിച്ച് മറ്റൊരെണ്ണം പണിതു. ദലിതർക്കു പ്രവേശനം നൽകിയതിൽ ഉയർസമുദായക്കാരുടെ പ്രക്ഷോഭത്തിന്റെ ഭാഗമായി പൂട്ടിക്കിടക്കുന്ന ക്ഷേത്രങ്ങളുടെ എണ്ണവും കുറവല്ല.

പാപ്പപട്ടി, കീരിപ്പട്ടി പ്രദേശത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളിൽ ദലിത് സംവരണം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട കലാപങ്ങളിൽ നേതൃപരമായി ഇടപെട്ട് പരിഹരിക്കാനായതും സി പി എമ്മിന്റെ ചരിത്രസംഭാവനയാണ്. 1996-ലെ ഭരണഘടനാഭേദഗതി പ്രകാരം ഈ ഗ്രാമങ്ങളിലെ പ്രസിഡന്റ് സ്ഥാനം ദലിതർക്കായി സംവരണം ചെയ്യപ്പെട്ടപ്പോൾ, അതിൽ പ്രകോപിതരായ മേൽജാതിക്കാർ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തയാറായ ദലിതരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ഇവർ അകറ്റി നിർത്തി. മേൽജാതിക്കരുടെ ഭീഷണിക്കു വഴങ്ങാതിരുന്നവർക്കുനേരെ അതിക്രമങ്ങൾ അഴിച്ചുവിട്ടു. പത്ത്‌ വർഷത്തോളം ഈ പഞ്ചായത്തുകൾ പ്രവർത്തിച്ചത് പ്രസിഡന്റുമാർ ഇല്ലാതെയായിരുന്നു. സമാനമായ സംഭവങ്ങൾ അരങ്ങേറിയ മധുരയിലെ മേലവളവ് പഞ്ചായത്തിൽ പ്രസിഡന്റ് മുരുകേശൻ കൊലചെയ്യപ്പെട്ടത് ഈ സാഹചര്യത്തിലാണ് (പരമ്പരയുടെ എട്ടാം ഭാഗത്തിൽ വായിക്കാം).

READ: VCK:
തിരുമാവളവൻ എന്ന നായകൻ,
ദലിത് ചെറുത്തുനിൽപ്പുകൾ

പ്രസിഡന്റ് ഇല്ലാതെ ഉയർജാതിക്കാരുടെ താല്പര്യങ്ങൾക്കനുസരിച്ചു തദ്ദേശഭരണം നീങ്ങുന്നത് ശ്രദ്ധയിൽ പെട്ട സംസ്ഥാന സർക്കാർ നടത്തിയ ഇടപെടലുകളും വിജയം കണ്ടില്ല. സി പി എമ്മിന്റെ നേതൃത്വത്തിൽ സമരങ്ങളും നിയമനടപടികളും ശക്തമായി. ഇതോടൊപ്പം മറ്റു ഇടതു പുരോഗമന സംഘടനകളും സജീവമായി. ജില്ലാഭരണകൂടത്തിന്റെ കർശന നിർദ്ദേശമനുസരിച്ച് തിരഞ്ഞെടുപ്പ് വിജയകരമായി നടത്തിയ 2006- ൽ ദലിത് പ്രസിഡന്റുമാർ അധികാരമേറ്റു,

ഭരണഘടനാഭേദഗതി പ്രകാരം ചില ഗ്രാമങ്ങളിലെ പ്രസിഡന്റ് സ്ഥാനം ദലിതർക്കായി സംവരണം ചെയ്യപ്പെട്ടപ്പോൾ, അതിൽ പ്രകോപിതരായ മേൽജാതിക്കാർ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തയാറായ ദലിതരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ഇവർ അകറ്റി നിർത്തി.
ഭരണഘടനാഭേദഗതി പ്രകാരം ചില ഗ്രാമങ്ങളിലെ പ്രസിഡന്റ് സ്ഥാനം ദലിതർക്കായി സംവരണം ചെയ്യപ്പെട്ടപ്പോൾ, അതിൽ പ്രകോപിതരായ മേൽജാതിക്കാർ തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ തയാറായ ദലിതരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ഇവർ അകറ്റി നിർത്തി.

കീരിപ്പട്ടി പഞ്ചായത്ത് പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ദലിത് വിഭാഗക്കാരനായ ബാലുച്ചാമി സി. പി. എം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. എന്നാൽ ഗ്രാമങ്ങളിലെ ഉദ്യോഗസ്ഥരുടെയും ജാതിഹിന്ദുക്കളുടെയും നിസ്സഹകരണത്തിനും വിവേചനത്തിനും അറുതിയുണ്ടായില്ല. ഇതിനെതിരെയുള്ള സമരമുന്നേറ്റങ്ങൾക്കും സി പി എം നേതൃത്വം നൽകി.

വാച്ചാത്തിയിലെ ഗോത്ര വർഗക്കാർക്കെതിരെ നടന്ന അതിക്രമം പോലുള്ള ക്രൂരമായ പോലീസ് നടപടികളെ ദുർബല ജനവിഭാഗത്തോടൊപ്പം നിന്ന് പ്രതിരോധിക്കാൻ സി പി എം നിരവധി പോരാട്ടങ്ങൾ നടത്തി. എന്നാൽ ഈ മുന്നേറ്റേങ്ങളെല്ലാം പ്രാദേശിക സംഭവങ്ങളായി ഒടുങ്ങിയല്ലാതെ, സംസ്ഥാനത്തുടനീളമുള്ള സമരാവേശമായി പരിണമിച്ചില്ല. ഇതുമായി ബന്ധപ്പെട്ട ഈ ലേഖകന്റെ അന്വേഷണത്തിൽ ചില ഇടതുപക്ഷ മാധ്യമ പ്രവർത്തകർ പങ്കുവെച്ച ഒരു നിരീക്ഷണം ശ്രദ്ധേയമായി തോന്നി.

ഡെൽറ്റ, കൊങ്ക്, തെൻപാണ്ടി, വടചെന്നൈ തുടങ്ങിയ അഞ്ച് മണ്ഡലങ്ങളിലിൽ നിന്നുള്ള ദലിത് തൊഴിലാളി മുന്നറ്റേങ്ങൾ ഇതര മണ്ഡലത്തെ സ്വാധീനിക്കാത്ത വിധം പ്രാദേശിക പ്രശ്നങ്ങളായാണ് അക്കാലത്ത് വിലയിരുത്തപ്പെട്ടത്. മധ്യവർഗ സമുദായങ്ങൾക്കിടയിലുള്ള സമരങ്ങളോ പ്രശ്നങ്ങളോ അതേസമയം വലിയ തോതിൽ പ്രചരിക്കപ്പെടുന്ന ഒരു സാമൂഹികഘടന ഇന്ത്യയിൽ പൊതുവെ നിലവിലുണ്ട്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഡൽഹിയിൽ നടക്കുന്ന ഒരു ലൈംഗികാക്രമവും ദക്ഷിണേന്ത്യയിലെ ഒരു ഗ്രാമത്തിൽ നടക്കുന്ന സമാനസംഭവവും ഒരേ ഗ്രാവിറ്റിയോടെയല്ല പൊതുജനം ഉൾക്കൊള്ളുന്നത്. ഒന്ന് ദേശീയ ദുരന്തമായും രണ്ടാമത്തേത്, വെറും പ്രാദേശിക അതിക്രമമായും വിലയിരുത്തപ്പെടും. നമുക്കു മുന്നിൽ ഇക്കാര്യത്തിൽ ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്. ദലിത് തൊഴിലാളി പ്രശ്നങ്ങൾ തമിഴ്‌നാട്ടിലെ പ്രാദേശിക സംഭവങ്ങളാണ്. എന്നാൽ മധ്യവർത്തി സമുദായങ്ങളുടെ അതൃപതിക്കു സംസ്ഥാനം മുഴുവൻ വളരാനുള്ള ഘടനാപരമായ സവിശേഷതയുണ്ട്. 'തെക്ക് തേവർ, വടക്ക് വണ്ണിയർ’ എന്നും ‘കിഴക്ക് കള്ളർ, പടിഞ്ഞാറ് കൗണ്ടർ’ എന്നും അധീശ ജാതികൾ, അവരെ ഇതര പ്രബല സമുദായങ്ങളുമായി ബന്ധപ്പെടുത്തുന്ന തരം ശ്രേണീബന്ധിത സാമുദായിക വ്യവസ്ഥ നിലവിലുണ്ട്.

പാർട്ടിയിലുണ്ടായ വിഭജനവും നയപരമായ അഭിപ്രായ ഭിന്നത മൂലം രൂപീകരിക്കപ്പെട്ട വിവിധ കമ്മ്യൂണിസ്റ്റ് കൂട്ടായ്മകളും ഇടതുപക്ഷത്തിന്റെ ബഹുജന സ്വാധീനത്തെ ചിതറിപ്പിക്കാനിടയാക്കി.

മുരടിച്ചുപോയ
ബഹുജന സ്വാധീനം

വർഗതാല്പര്യങ്ങളെ ശാക്തീകരിച്ച് ശ്രേണീബന്ധിതമായ ജാതിവ്യവസ്ഥയെ മറികടക്കാനോ അതിജീവിക്കാനോ ഉള്ള നയപരിപാടികളിലൂന്നിയ ഇച്ഛാശക്തി ഇടതു പാർട്ടികൾക്ക് വികസിപ്പിച്ചെടുക്കാനായില്ല. ഇതു തന്നെയാണ് ബഹുജനങ്ങൾക്കിടയിൽ മറ്റേതു സംഘടനകളെക്കാളും ഇടപെട്ടുകൊണ്ടിരിക്കുന്ന ഇടതുരാഷ്ട്രീയത്തിന് അർഹിക്കുന്ന സ്ഥാനം തമിഴ് നാട്ടിൽ ഇല്ലാതെ പോയത്. പ്രബലമായ ഈ നിരീക്ഷണം ദേശീയതലത്തിലും ഏറെ പ്രസക്തവും കൃത്യവുമാണ്.

പാർട്ടിയിലുണ്ടായ വിഭജനവും നയപരമായ അഭിപ്രായ ഭിന്നത മൂലം രൂപീകരിക്കപ്പെട്ട വിവിധ കമ്മ്യൂണിസ്റ്റ് കൂട്ടായ്മകളും ഇടതുപക്ഷത്തിന്റെ ബഹുജന സ്വാധീനത്തെ ചിതറിപ്പിക്കാനിടയാക്കി. 60 -കളുടെ അവസാനം മുതൽ 80- കൾ വരെ സി പി ഐയിൽ നിന്നും സി പി എമ്മിൽ നിന്നും പുറത്ത് വന്ന് തീവ്ര ഇടതു ആശയങ്ങളുടെ പിന്നാലെ പോയവർ സി പി ഐ (എം എൽ) പോലുള്ള സംഘടനകൾക്ക് കീഴിൽ അണിനിരന്നു. ഇവർ പാർലിമെന്ററി വ്യാമോഹത്തെ പുച്ഛിച്ചുതള്ളുകയും വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് വിപ്ലവ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു. എം ജി ആറിന്റെ കാലത്ത് വിപ്ലവ രാഷ്ട്രീയ നീക്കങ്ങൾ അടിച്ചമർത്തപ്പെട്ടു. 1973-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായുള്ള സിപി ഐ ബാന്ധവത്തിൽ പ്രതിഷേധിച്ച് പാർട്ടിവിട്ട മണലി സി. കന്ദസാമി രൂപീകരിച്ച തമിഴ്‌നാട് കമ്മ്യൂണിസ്റ്റ് പാർട്ടി 77 -ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി എം കെയുമായി സഖ്യം ചേർന്ന് രണ്ടു സീറ്റുകൾ സ്വന്തമാക്കി. കന്ദസ്വാമിയുടെ മരണത്തോടെ ഈ പാർട്ടി നാമാവശേഷമായി. മറ്റു സംഘടനകൾ പരിമിതമായ രീതിയിൽ രാഷ്ട്രീയ - സാംസ്‌കാരിക പരിപാടികളുമായി ഒതുങ്ങി.

1973-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായുള്ള സിപി ഐ ബാന്ധവത്തിൽ പ്രതിഷേധിച്ച് പാർട്ടിവിട്ട മണലി സി. കന്ദസാമി രൂപീകരിച്ച തമിഴ്‌നാട് കമ്മ്യൂണിസ്റ്റ് പാർട്ടി 77  -ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി എം കെയുമായി സഖ്യം ചേർന്ന് രണ്ടു സീറ്റുകൾ സ്വന്തമാക്കി.
1973-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സുമായുള്ള സിപി ഐ ബാന്ധവത്തിൽ പ്രതിഷേധിച്ച് പാർട്ടിവിട്ട മണലി സി. കന്ദസാമി രൂപീകരിച്ച തമിഴ്‌നാട് കമ്മ്യൂണിസ്റ്റ് പാർട്ടി 77 -ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി എം കെയുമായി സഖ്യം ചേർന്ന് രണ്ടു സീറ്റുകൾ സ്വന്തമാക്കി.

ഭിന്നിച്ചുനിന്നിരുന്ന സമുദായങ്ങളെ തമിഴ് ദേശീയ വാദത്തിലൂടെയും സ്വാഭിമാനപോരാട്ടങ്ങളിലൂടേയും ഒന്നിപ്പിച്ചു നിർത്താനുള്ള ദ്രാവിഡകക്ഷികളുടെ പ്രവർത്തനങ്ങൾക്കു സംസ്ഥാനത്ത് മേൽകൈ ലഭിച്ചത് ഇടതുകക്ഷികളുടെ സ്വാധീനം ദുർബലപ്പെടാനുള്ള മുഖ്യ കാരണങ്ങളിൽ ഒന്നാണ്. ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങൾ പോലുള്ള തമിഴ് വൈകാരികതയുണർത്തിയ സമരമുഖങ്ങളിൽ നേതൃപരമായ പങ്കുവഹിക്കാൻ ഇടതുപാർട്ടികൾക്ക് നയസംബന്ധിയായ പരിമിതിയുണ്ടായിരുന്നു.

കരിസ്മാറ്റിക് നേതാക്കളുടെ അഭാവം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ മുരടിപ്പിന് മറ്റൊരു കാരണമായി. ബി. ശ്രീനിവാസറാവു, പി. രാമമൂർത്തി, പി. ജീവാനന്ദം, വി. പി. ചിണ്ടൻ, ശങ്കരയ്യ പോലുളള നേതാക്കൾക്കുണ്ടായിരുന്ന, പാർട്ടിയെ മറികടന്ന ബഹുജന സമ്മതി നേടാൻ സമകാലിക നേതാക്കൾക്ക് സാധിച്ചിട്ടില്ല. സി പി എമ്മിലാണെങ്കിൽ സെക്രട്ടറി പി. ഷൺമുഖം, മുൻ സെക്രട്ടറിമാരായ എൻ. വരദരാജൻ, കെ. ബാലകൃഷ്ണൻ, ജി. രാമകൃഷ്ണൻ അടക്കമുള്ള നേതാക്കൾ, ജനവിരുദ്ധ സർക്കാർ നയങ്ങൾക്കെതിരെയും, ജാതിവിവേചനത്തിനെതിരെയും മറ്റും മികച്ച തോതിൽ പാർട്ടി അണികളെ സംഘടിപ്പിക്കാൻ നേതൃശേഷി പ്രദർശിപ്പിച്ചവരാണ്. എന്നാൽ അവ പാർട്ടിക്കുള്ളിൽ പരിമിതപ്പെട്ടു.

ആദ്യകാലത്ത് കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി സൗഹൃദം പുലർത്തിയിരുന്ന പെരിയാറിനെ പോലുള്ള ദ്രാവിഡ ആചാര്യന്മാർ പിൽക്കാലത്ത് നടത്തിയ 'ബ്രാഹ്മണിക്കൽ കമ്മ്യൂണിസം' തുടങ്ങിയ വിമർശനം പാർട്ടിയെ സംശയദൃഷ്ടിയോടെ നോക്കാനിടയാക്കി

സി പി ഐയുടെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ. ഇപ്പോഴത്തെ സെക്രട്ടറി എം. വീരപാണ്ഡ്യൻ, മുൻ നേതാക്കളായ മുത്തരസൻ, ഡി. പാണ്ഡ്യൻ എന്നിവരൊന്നും ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടവരല്ല. സി പി ഐയുടെ നിലവിലെ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ തമിഴ്‌നാട്ടിൽ നിന്നുള്ള നേതാവാണ്.

ആദ്യകാലത്ത് കമ്മ്യൂണിസ്റ്റ് ആശയങ്ങളുമായി സൗഹൃദം പുലർത്തിയിരുന്ന പെരിയാറിനെ പോലുള്ള ദ്രാവിഡ ആചാര്യന്മാർ പിൽക്കാലത്ത് നടത്തിയ 'ബ്രാഹ്മണിക്കൽ കമ്മ്യൂണിസം' തുടങ്ങിയ വിമർശനം പാർട്ടിയെ സംശയദൃഷ്ടിയോടെ നോക്കാനിടയാക്കി. ദ്രാവിഡ രാഷ്ട്രീയത്തിന്റെ തീവ്രത വർധിച്ചുവന്ന തമിഴ്നാട്ടിൽ കമ്യൂണിസ്റ്റ് പാർട്ടികളിലെ മേൽ ജാതി - ബ്രാഹ്മണ നേതൃത്വത്തോടുള്ള മുൻവിധി പാർട്ടിസ്വാധീനത്തെ പ്രതികൂലമായി ബാധിച്ചു.

സി പി ഐ സെക്രട്ടറി എം. വീരപാണ്ഡ്യൻ, മുൻ നേതാക്കളായ മുത്തരസൻ, ഡി. പാണ്ഡ്യൻ എന്നിവരൊന്നും ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടവരല്ല. അത് പാർട്ടി നേരിടുന്ന പ്രതിസന്ധികളിൽ ഒന്നാണ്.
സി പി ഐ സെക്രട്ടറി എം. വീരപാണ്ഡ്യൻ, മുൻ നേതാക്കളായ മുത്തരസൻ, ഡി. പാണ്ഡ്യൻ എന്നിവരൊന്നും ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടവരല്ല. അത് പാർട്ടി നേരിടുന്ന പ്രതിസന്ധികളിൽ ഒന്നാണ്.

തിരഞ്ഞെടുപ്പ് പ്രകടനങ്ങൾ

സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യ വർഷങ്ങൾ മുതൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സജീവമായി. 1952- ലെ മദ്രാസ് അസംബ്ലി തിരഞ്ഞെടുപ്പിൽ ആകെ 375 -സീറ്റിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 152 എണ്ണം നേടി. 62 സീറ്റ് നേടി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടാം സ്ഥാനത്തെത്തി. ആർക്കും ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ മൂന്നിലൊന്നിടങ്ങളിൽ ജയിച്ച കോൺഗ്രസ് സി. രാജഗോപാലാചാരിയുടെ നേതൃത്വത്തിൽ ഭരണത്തിലെത്തി. പി. രാമമൂർത്തിയായിരുന്നു പ്രതിപക്ഷ നേതാവ്. കരുതൽ തടങ്കലിനു ജയിലിൽ കഴിഞ്ഞു കൊണ്ടാണ് മധുര നോർത്ത് നിയമസഭാ മണ്ഡലത്തിൽ നിന്ന് അദ്ദേഹം മത്സരിച്ച് ജയിച്ചത്. 1957-ലെ തിരഞ്ഞെടുപ്പിൽ ആകെ 205 - ൽ 151 സീറ്റു നേടി കോൺഗ്രസ്സ് സ്വാധീനം നിലനിർത്തിയപ്പോൾ, പാർട്ടിയിൽ നിന്ന് തെറ്റിപ്പിരിഞ്ഞ രാജഗോപാലാചാരിയുടെ കോൺഗ്രസ് റിഫോം കമ്മറ്റി 16- ഉം, രൂപീകരിക്കപ്പെട്ട ശേഷം ആദ്യമായി തിരഞ്ഞെടുപ്പ് അഭിമുഖീകരിച്ച ഡി എം കെ 15- ഉം സീറ്റുകൾ നേടി. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഈ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടേണ്ടിവന്നു -4 സീറ്റു മാത്രം.

പാർട്ടിവിഭജനത്തിനുശേഷം 67 -ലെ തിരഞ്ഞെടുപ്പിൽ ഡി എം കെ സഖ്യത്തിൽ മത്സരിച്ച് സി പി എം 11 സീറ്റ് കൈവശമാക്കിയപ്പോൾ ഇരുമുന്നണികളിലും പെടാതെ തിരഞ്ഞെടുപ്പ് നേരിട്ട സിപി ഐക്ക് രണ്ട് നിയമസഭാംഗത്വം കൊണ്ട് തൃപ്‌തപ്പെടേണ്ടിവന്നു. ഈ തിരഞ്ഞെടുപ്പിലാണ് കെ. കാമരാജിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് മുന്നണിയെ തറപറ്റിച്ച് ഡി എം കെ ആദ്യമായി അധികാരത്തിലേറുന്നത്. സീറ്റു പങ്കുവെപ്പ് അടക്കമുള്ള വിഷയങ്ങളിലെ അഭിപ്രായഭിന്നതകൾ കാരണം 71 -ലെ തിരഞ്ഞെടുപ്പിൽ ഡി എം കെ മുന്നണിയുമായുള്ള സഖ്യം സി പി എം ഉപേക്ഷിച്ചു. ഇത്തവണ സി പി ഐയെ കൂടെ കൂട്ടിയ ഡി എം കെ വീണ്ടും അധികാരത്തിലെത്തി. സി പി ഐ ഇത്തവണ എട്ടു സീറ്റ് നേടി. ഒറ്റയ്ക്ക് മത്സരിച്ച സി പി എം എല്ലായിടത്തും പരാജയപ്പെട്ടു.

77 -ൽ ഡി എം കെ ഇടതുകക്ഷികളെ ഉപേക്ഷിച്ച്, ജനതാദളുമായി സഖ്യം സ്ഥാപിച്ച് മത്സരിച്ചു. സി പി എം, എം. ജി. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള എ ഐ എ ഡി എം കെ മുന്നണിയിലും സി പി ഐ കോൺഗ്രസ് മുന്നണിയിലുമാണ് ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. സി പി എം 12- ഉം സി-പി-ഐ അഞ്ചും സീറ്റ് നേടി. എം ജി ആറിന്റെ നേതൃത്വത്തിൽ ആദ്യമായി തിരഞ്ഞെടുപ്പ് നേരിട്ട എ ഐ എ ഡി എം കെ ആധികാരിക ജയം നേടി അധികാരത്തിലെത്തി.

1980 -ലെ തിരഞ്ഞെടുപ്പിൽ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളും എം ജി ആറുമായി സഖ്യം ചേർന്ന് മത്സരിച്ചു. സി പി ഐക്കും സി പി എമ്മിനും യഥാക്രമം ഒമ്പതും 11- ഉം സീറ്റ് ലഭിച്ചു. ഇപ്രകാരം ഇരു മുന്നണികളിലും മാറി മാറി മത്സരിച്ച് 2011 വരെ പരിമിതമെങ്കിലും നിയമസഭാ പ്രാതിനിധ്യം കൈവിടാതെ സംരക്ഷിക്കാൻ രണ്ടു പാർട്ടികൾക്കും സാധിച്ചു. 1989 -ൽ ലഭിച്ച 15 സീറ്റുകളാണ് സി പി എമ്മിന് നിയമസഭയിൽ ലഭിച്ച ഏറ്റവും കൂടിയ പ്രാതിനിധ്യം. സി പി ഐ ഈ തിരഞ്ഞെടുപ്പിൽ എ ഡി എം കെ മുന്നണിയിലാണ് മത്സരിച്ചത്. മൂന്നു സീറ്റുകൾ നേടി.

2016 -ൽ ഇരു മുന്നണികൾക്കുമെതിരെ വിജയകാന്തിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി രൂപീകരിച്ച ജനക്ഷേമ മുന്നണിയിലായിരുന്നു രണ്ടു പാർട്ടികളും. ഒരു സ്ഥാനാർത്ഥിയെ പോലും വിജയിപ്പിക്കാൻ മുന്നണിക്കായില്ല.

സി പി ഐ യ്ക്കും സി പി എമ്മിനും നിലവിൽ രണ്ടു വീതം എം എൽ എ മാരുണ്ട്. സംസ്ഥാനത്തു നിന്ന് ലോക്സഭയിലേക്കും രണ്ടു വീതം പ്രതിനിധികളുമുണ്ട്.

 സി പി എമ്മിലാണെങ്കിൽ സെക്രട്ടറി പി. ഷൺമുഖം, മുൻ സെക്രട്ടറിമാരായ എൻ. വരദരാജൻ, കെ. ബാലകൃഷ്ണൻ, ജി. രാമകൃഷ്ണൻ അടക്കമുള്ള നേതാക്കൾ, ജനവിരുദ്ധ സർക്കാർ നയങ്ങൾക്കെതിരെയും, ജാതിവിവേചനത്തിനെതിരെയും മറ്റും മികച്ച തോതിൽ പാർട്ടി അണികളെ സംഘടിപ്പിക്കാൻ നേതൃശേഷി പ്രദർശിപ്പിച്ചവരാണ്.
സി പി എമ്മിലാണെങ്കിൽ സെക്രട്ടറി പി. ഷൺമുഖം, മുൻ സെക്രട്ടറിമാരായ എൻ. വരദരാജൻ, കെ. ബാലകൃഷ്ണൻ, ജി. രാമകൃഷ്ണൻ അടക്കമുള്ള നേതാക്കൾ, ജനവിരുദ്ധ സർക്കാർ നയങ്ങൾക്കെതിരെയും, ജാതിവിവേചനത്തിനെതിരെയും മറ്റും മികച്ച തോതിൽ പാർട്ടി അണികളെ സംഘടിപ്പിക്കാൻ നേതൃശേഷി പ്രദർശിപ്പിച്ചവരാണ്.

READ: വൈകോ എന്ന
സമരനായകന്റെ പതനം,
MDMK-യുടെയും

READ : ‘സ്റ്റാലിൻ അങ്കിൾ'
v/s ‘വിജയ് അണ്ണൻ’;
പുത്തൻ വെട്രി സമവാക്യങ്ങൾ

READ: മുന്നണിയാകാം,
മുന്നണിഭരണം വേണ്ട,
എടപ്പാടിയുടെ കരുനീക്കങ്ങൾ

READ: തമിഴ്‌നാട് ബി.ജെ.പിയുടെ 'സുവർണ്ണാവസര'ങ്ങൾ

READ: OPS:
രാഷ്ട്രീയ വനവാസമോ
നിൽക്കക്കള്ളി രാഷ്ട്രീയമോ?

READ: വിജയകാന്തിനുശേഷം
DMDK എവിടെ നിൽക്കുന്നു?

മുന്നണി സാധ്യത

മുന്നണികളെയും കൂട്ടുകക്ഷികളെയും സംബന്ധിച്ച പ്രവചനങ്ങൾ തമിഴ്‍നാട്ടിൽ നിലവിൽ ക്ഷിപ്രസാധ്യമല്ലാത്ത ഘട്ടത്തിലും ഇടതു പാർട്ടികൾ ഡി എം കെ യുടെ നേതൃത്വത്തിൽ തന്നെ തുടരുമെന്ന് പറയാം. സീറ്റു പങ്കിടൽ, മന്ത്രിസഭാ പ്രാതിനിധ്യം പോലുള്ള കാര്യങ്ങളിൽ ഉണ്ടാകാവുന്ന അതൃപ്തി, തൊഴിൽ സമരങ്ങളിൽ ഡി എം കെ സർക്കാരിനെ പ്രതിക്കൂട്ടിലാക്കും വിധമുള്ള സി ഐ ടി യു നേതാക്കളുടെ പ്രസ്താവനകളും അതിനുള്ള ഡി എം കെ നേതാക്കളുടെ ഒളിയമ്പുകളുമൊക്കെ അസ്വാരസ്യങ്ങൾ ഉയർത്താറുണ്ടെങ്കിലും മുന്നണി ബന്ധത്തിൽ അവയൊന്നും വിള്ളലുണ്ടാക്കാനിടയില്ല.


Summary: Analyzing the political evolution of the CPI and CPM Left politics in Tamil Nadu. T Aneesh writes in Arasiyal suvarottigal column.


ടി. അനീഷ്

എഡിറ്റർ, മാധ്യമപ്രവർത്തകൻ. ആനുകാലികങ്ങളിൽ രാഷ്ട്രീയ, സാംസ്കാരിക ലേഖനങ്ങൾ എഴുതാറുണ്ട്.

Comments