അരസിയൽ
സുവരൊട്ടികൾ-
എട്ട്
▮
തമിഴ്നാട്ടിലെ ജാതിഅതിക്രമങ്ങൾക്ക്, ചരിത്രപരമായ കാരണങ്ങൾക്കൊപ്പം ദളിത് ഉയർത്തെഴുന്നേൽപ്പുകളോടുള്ള മേൽജാതിക്കാരുടെ അസഹിഷ്ണുതയ്ക്കും അടിച്ചമർത്തൽ ത്വരയ്ക്കും നിർണ്ണായക പങ്കുണ്ട്. ഭൂ അവകാശം, സാമൂഹിക- സാമ്പത്തിക അധീശത്വം തുടങ്ങിയ ഘടനാപരമായ മേൽകൈയും, സ്വജാതി വിവാഹം, സാമുദായിക അന്തസ്സിനെ സംബന്ധിച്ച ദുരഭിമാനം പോലുള്ള സാമ്പ്രദായിക - സാംസ്‌കാരിക ഘടകങ്ങളും ഇന്ത്യയിലെ മറ്റിടങ്ങളിൽ എന്ന പോലെ ശക്തമായ ജാതിബോധം നിലനിൽക്കുന്നതിനുള്ള മൂലകാരണങ്ങളാണ്. ബ്രാഹ്മണാധിപത്യത്തിന്റെ അദൃശ്യമായ ആഴ്‌വേരുകളിൽ പടുത്തുയർത്തപ്പെട്ട, ഇടനില - ഉയർ സമുദായങ്ങളുടെ മേൽക്കോയ്മക്കെതിരെയുള്ള പ്രതിരോധനീക്കങ്ങളെ മുഴുവൻ, ചോരയിൽ മുക്കിയ ജാതിഅഹന്തയുടെ അവശേഷിപ്പുകൾ തമിഴ്നാടിന്റെ ഗ്രാമാന്തരങ്ങളിൽ ഇന്നുമുണ്ട്.
ജാതിഅതിക്രമങ്ങളുടെ ചരിത്ര വഴികൾ
ചരിത്രപരമായ അധീശത്വത്തെ തുറന്ന പ്രതിരോധങ്ങളിലൂടെ എതിരിട്ട ദളിത് സമുദായങ്ങൾ അതിക്രൂരമായി അടിച്ചമർത്തപ്പെട്ടതിനു മുഖ്യ ദൃഷ്ടാന്തങ്ങളാണ് കീഴ് വെണ്മണി (1968), മേലവളവ് (1997) കൂട്ടക്കൊലകൾ, കോടിയങ്കുളം പോലീസ് അതിക്രമം (1995) തുടങ്ങിയവ. ദളിത് മുന്നേറ്റങ്ങളോടുള്ള മേൽജാതിക്കാരുടെ തീരാത്ത അമർഷത്തിന്റെ പ്രതിഫലനങ്ങളായിരുന്നു അവ.
തഞ്ചാവൂരിലെ കീഴ് വെണ്മണി ഗ്രാമത്തിൽ കൂലിവർദ്ധനവ് ആവശ്യപ്പെട്ടു സംഘടിച്ച ദളിത് കർഷകത്തൊഴിലാളികൾക്കെതിരെ നടന്ന അതിക്രമമാണ് ആദ്യത്തേത്. ഗ്രാമത്തിലേക്ക് ഇരച്ചു കയറിയ അക്രമികൾ 20 സ്ത്രീകളും 19 കുട്ടികളും ഉൾപ്പെടെ 44 പേരെ ഒരു കുടിലിൽ അടച്ചുപൂട്ടി തീയിട്ട് ചുട്ടുകൊന്നു. അവകാശങ്ങൾക്ക് വേണ്ടി നാവുയർത്തുന്ന ദളിതർക്കുള്ള മേൽജാതിക്കാരുടെ മുന്നറിയിപ്പായിരുന്നു ഈ സംഭവം.
നിയമപരമായി തകർക്കപ്പെട്ടെങ്കിലും ജാതിമതിലുകൾ ഇന്നും തമിഴ്നാട്ടിലെ ഗ്രാമീണമേഖലയിൽ അദൃശ്യമായി നിലകൊള്ളുന്നുണ്ട്.
മധുരയിലെ മേലവളവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുരുകേശനെയും വൈസ് പ്രസിഡണ്ട് ഉൾപ്പെടെ മറ്റു 6 പേരെയും കൊലപ്പെടുത്തിയ, രണ്ടാമത്തെ സംഭവം ദളിതർക്കു ലഭിക്കുന്ന അധികാര പങ്കാളിത്തം മേൽജാതിക്കാരെ എത്രമാത്രം അസ്വസ്ഥപ്പെടുത്തിയിരുന്നു എന്നതിന്റെ വെളിപ്പെടലായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച്, ഒരു ദളിതൻ പ്രസിഡന്റ് സ്ഥാനത്തെത്തിയത് മേൽസമുദായക്കാർക്ക് ദഹിക്കാവുന്നതായിരുന്നില്ല.
തൂത്തുക്കുടിയിൽ ദളിത് സമൂഹത്തിലെ ബസ് ഡ്രൈവറും മറവർ (തേവർ ) ജാതിയിൽ പെട്ട വിദ്യാർത്ഥികളുമായുള്ള തർക്കം സാമുദായിക ഏറ്റുമുട്ടലുകളായി പരിണമിച്ചതിന്റെ അനന്തര ഫലമായിരുന്നു കൊടിയങ്കുളത്ത് നടന്ന പോലീസ് വേട്ട. (ഈ സംഭവമാണ് ധനുഷ് നായകനായി അഭിനയിച്ച് 2021 -ൽ ഇറങ്ങിയ 'കർണ്ണൻ' എന്ന ചിത്രത്തിന്റെ പ്രമേയം ) കുറ്റവാളികൾക്ക് സംരക്ഷണം നൽകുന്നുവെന്നും സ്‌ഫോടക വസ്തുക്കൾ ഒളിച്ചു സൂക്ഷിക്കുന്നതും എന്നും ആരോപിച്ചു എകപക്ഷീയമായി പോലീസ് നടത്തിയ റെയ്‌ഡിൽ ദളിതരായ ഗ്രാമീണരുടെ സ്വത്ത് വകകൾ നശിപ്പിക്കപ്പെട്ടു, സമ്പാദ്യങ്ങൾ കൊള്ളയടിക്കപ്പെട്ടു. പോലീസ് നടപടിയിലുള്ള പ്രതിഷേധ സമരങ്ങൾ കലാപമായി വളർന്നതിൽ തെക്കൻ ജില്ലകളിൽ 18 പേരുടെ ജീവൻ പൊലിഞ്ഞു. ദളിത് ഗ്രാമങ്ങൾ തുടർച്ചയായി കൊള്ളയടിക്കപ്പെടുന്നതിന്റെ പാറ്റേൺ നിരീക്ഷിച്ചാൽ ദളിതരുടെ വിഭവ സമാഹരണങ്ങളോട് ഒരു വിധത്തിലും പൊരുത്തപ്പെടാനാവാത്ത മേൽജാതി അസഹിഷ്ണുത പത്തിവിടർത്തുന്നത് കാണാം.

അമ്പതുകളുടെ അവസാനത്തിൽ തേവർ സമുദായക്കാർ ദളിതർക്കെതിരെ ( പള്ളർ) നടത്തിയ തുടർ ആക്രമണങ്ങളിൽ 42 - പേരാണ് കൊല്ലപ്പെട്ടത്. ദളിതരുടെ വിദ്യാഭ്യാസ - സാമ്പത്തിക മുന്നേറ്റങ്ങളെ ഒരു തരത്തിലും അംഗീകരിക്കാത്ത ജാതിബോധം ഉറച്ച് പോയതിന്റെ പ്രതിസ്ഫുരണങ്ങളായിരുന്നു ഒരു ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നടന്ന ആക്രമണങ്ങൾ. ഇതുകൂടാതെ ദളിത് എന്ന നിലയിലുള്ള അവഹേളനങ്ങളോട് വ്യക്തിപരമായി പ്രതികരിക്കുന്ന ഓരോ സന്ദർഭവും മേൽജാതിക്കാരുടെ സംഘടിത ആക്രമണങ്ങളായി പരിണമിക്കപ്പെട്ടു. ഇങ്ങനെ ഒട്ടനവധി ഉദാഹരണങ്ങൾ രേഖപ്പെടുത്തപ്പെട്ടും അല്ലാതെയും തമിഴ്നാടിന്റെ ജാതി കലാപങ്ങളുടെ ചരിത്രങ്ങളിൽ ഉണ്ട്.
മേൽജാതി യുവതികളുമായുള്ള ദളിത് യുവാക്കളുടെ പ്രണയങ്ങളും വിവാഹങ്ങളും കലാപങ്ങൾക്ക് തിരികൊളുത്തി. ദുരഭിമാനക്കൊലകൾ നടത്തിയും ദളിത് ഗ്രാമങ്ങൾ ചുട്ടെരിച്ചുമാണ് ഇതിനോട് മേൽജാതിക്കാർ പ്രതികരിച്ചത്. 2012 - ലെ ധർമപുരി സംഭവം ഒരു ഉദാഹരണം മാത്രമാണ്. ( രാമദാസിനെ കുറിച്ചെഴുതിയ ആറാം ഭാഗത്ത് ഇത് വായിക്കാം ).
READ: രജനീകാന്തിന്
മണി കെട്ടിയ രാമദാസ്
ഇപ്പോഴെന്തു ചെയ്യുന്നു?
സാമൂഹിക അവഗണന, സാമ്പത്തിക ചൂഷണം, വിദ്യാഭ്യാസ പക്ഷപാതം, ശാരീരിക അക്രമം തുടങ്ങിയവയുടെ രൂപത്തിൽ തമിഴ്നാട്ടിലെ ദളിതർക്കെതിരായ വിവേചനം സ്വാതന്ത്രാനന്തര കാലത്തും തുടർന്നു. തൊട്ടുകൂടായ്മയുടെ അവശിഷ്ട മാതൃകകൾ, അവയ്ക്കെതിരായ നിയമങ്ങൾ ഉണ്ടായിരുന്നിട്ടും ഗ്രാമീണ, നഗര പ്രദേശങ്ങളിൽ നിലനിൽക്കുന്നു.
ചായക്കടകളിലും ഹോട്ടലുകളിലും ദളിതർക്കായി പ്രത്യേക പാത്രങ്ങളോ ചിരട്ടയോ നൽകുന്ന സമ്പ്രദായം പല ഗ്രാമങ്ങളിലും അവശേഷിക്കുന്നുണ്ട്. കിണറുകളോ ശ്മശാനങ്ങളോ പോലുള്ള പൊതുഇടങ്ങളും സേവനങ്ങളും ഈ വിഭാഗത്തിന് മുടക്കപ്പെട്ടു. പ്രധാന ഗ്രാമപ്രദേശത്തിന് പുറത്ത് പരിമിതമായ പ്രവേശനമുള്ള വേർതിരിക്കപ്പെട്ട കോളനികളിൽ അല്ലെങ്കിൽ ചേരികളിൽ താമസിക്കാൻ ദളിതർ നിർബന്ധിതരായി. നിയമപരമായി തകർക്കപ്പെട്ടെങ്കിലും ജാതിമതിലുകൾ ഇന്നും ഗ്രാമീണ മേഖലയിൽ അദൃശ്യമായി നിലകൊള്ളുന്നു. ചില പ്രത്യേക ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിനോ നിർദ്ദിഷ്ട റോഡുകൾ ഉപയോഗിക്കുന്നതിനോ പ്രബലരായ ജാതി അംഗങ്ങൾക്ക് മുന്നിൽ ഇരിക്കുന്നതിനോ ദളിതർക്ക് അനുമതി വിലക്കപ്പെട്ടു. ദളിത് പുരുഷന്മാരെ ഷർട്ടുകളോ പാദരക്ഷകളോ ധരിക്കുന്നത് തടയുന്ന ജാതിധാർഷ്ട്യം പഴങ്കഥയാണെന്നു പറയാറായിട്ടില്ല. ദളിത് വീടുകളിൽ നിന്നു ഭക്ഷണം കഴിക്കാൻ മടിക്കുന്ന മേൽജാതി പൊതുബോധത്തിലും കാതലായ മാറ്റങ്ങൾ സംഭവിച്ചിട്ടില്ല.
ആഴത്തിൽ വേരിറങ്ങിയ ജാതിബോധത്തോടു ദലിതർ പൊരുതിനേടിയ അവകാശങ്ങളുടെ ഭാഗമായി ഉപരിതലത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും അദൃശ്യവും പരോക്ഷവുമായ ജാതിബോധം നിലനിൽക്കുന്നവയാണ് ഇന്നും തമിഴ്‌നാട്ടിലെ ഗ്രാമങ്ങൾ.
ചരിത്രപരമായി, കുറഞ്ഞ വേതനത്തിനായി അഴുക്കുചാലുകൾ, പൊതു ശൗചാലയങ്ങൾ വൃത്തിയാക്കുന്നത് പോലുള്ള അനാരോഗ്യകരവും അപകടകരവുമായ ജോലികൾ ചെയ്യാൻ ദളിതർ നിർബന്ധിതരാക്കപ്പെട്ടു. ഗ്രാമീണ സ്കൂളുകളിൽ ദളിത് വിദ്യാർത്ഥികൾക്കായി ഉച്ചഭക്ഷണത്തിനായി പ്രത്യേകം ഇടങ്ങളും ക്യൂവും നിർമ്മിക്കപ്പെട്ടു. പാഠ്യേതര പ്രവർത്തനങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെട്ട്, സ്കൂൾ കക്കൂസുകൾ വൃത്തിയാക്കാനോ മറ്റ് ചെറിയ ജോലികൾ ചെയ്യാനോ നിർബന്ധിതരാകുന്നതായും തീണ്ടായ്മയ്ക്കെതിരായി പ്രവർത്തിക്കുന്ന ടി എൻ യു ഇ എഫ് എന്ന സന്നദ്ധ സംഘടനയുടെ 2023 -ലെ സർവേയിൽ ചൂണ്ടിക്കാട്ടുന്നു.
2023 ഓഗസ്റ്റിൽ തിരുനെൽവേലി ജില്ലയിലെ നാങ്കുനേരിയിൽ രണ്ട് ദളിത് വിദ്യാർത്ഥികൾക്ക് മേൽ പ്രബല ജാതിക്കാരായ സഹപാഠികൾ നടത്തിയ ക്രൂരമായ ആക്രമണത്തിന് ശേഷം രൂപീകരിച്ച ജസ്റ്റിസ് ചന്ദ്രു കമ്മിറ്റി സ്കൂളുകളിലെ ജാതി വിവേചനത്തിന്റെ വ്യാപനത്തെക്കുറിച്ച് അന്വേഷിച്ചു സമർപ്പിച്ച റിപ്പോർട്ടിലും ഇത്തരം പ്രശ്നങ്ങളെ കുറിച്ച് വിശദമാക്കുന്നുണ്ട്. സംസ്ഥാനത്ത് ജാതി അടിസ്ഥാനമാക്കിയുള്ള അതിക്രമങ്ങൾ പ്രതിവർഷം വർധിച്ചു വരുന്നതായി മധുര ആസ്ഥാനമായ എവിഡൻസ് പോലുള്ള സന്നദ്ധസംഘടനകളും റിപ്പോർട്ട് ചെയ്യുന്നു. രണ്ടു വര്ഷം മുമ്പാണ് പുതുക്കോട്ട ജില്ലയിലെ വേങ്കൈ വയൽ എന്ന ദളിത് ഗ്രാമത്തിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന വാട്ടർ ടാങ്കിൽ മനുഷ്യവിസർജ്ജനം കലക്കിയ സംഭവമുണ്ടായത്.

ഉയർന്ന സാക്ഷരതാ നിരക്കും ഭരണഘടനാപരമായ സുരക്ഷയും ഉണ്ടായിരുന്നിട്ടും, പൊതുജീവിതത്തിന്റെ വിവിധ വശങ്ങളിൽ തമിഴ്നാട്ടിൽ ഗണ്യമായ തോതിൽ ജാതി വിവേചനം നിലനിൽക്കുന്നുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ജയിലുകളിലെ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം തടയുന്നതിനായി സംസ്ഥാന സർക്കാർ അടുത്തിടെ നിയമങ്ങൾ ഭേദഗതി ചെയ്യുകയും ഈ പ്രശ്നത്തിൽ ജസ്റ്റിസ് ചന്ദ്രു കമ്മിറ്റിയുടെ ശുപാർശകൾ നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തു.
ചുരുക്കത്തിൽ, ആഴത്തിൽ വേരിറങ്ങിയ ജാതിബോധത്തോടു ദളിതർ പൊരുതി നേടിയ അവകാശങ്ങളുടെ ഭാഗമായി ഉപരി തലത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും അദൃശ്യവും പരോക്ഷവുമായ ജാതി ബോധം നിലനിൽക്കുന്നവയാണ് ഇന്നും തമിഴ്‌നാട്ടിലെ ഗ്രാമങ്ങൾ.
2019 നും 2021 നും ഇടയിൽ മാത്രം, തമിഴ്നാട്ടിൽ ദളിതർക്കെതിരായ ആക്രമണങ്ങൾ ഏകദേശം 20% വർദ്ധിച്ചു. ഇത് ഓരോ വർഷവും കൂടിവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
മേൽജാതി അഹങ്കാരങ്ങൾക്കെതിരെ ചെറുത്തുനില്പിന്റെയും സ്വാഭിമാനത്തിന്റെയും അവകാശ ബോധത്തിന്റെയും ഭാഗമായാണ് തമിഴ്‌നാട്ടിൽ ദളിത് കൂട്ടായ്മകൾ പിറവി കൊണ്ടത്. പശുപതി പാണ്ഡ്യനെ (മാരി സെൽവരാജ് സംവിധാനം ചെയ്ത 'ബേസൺ കാലമാടൻ' എന്ന തമിഴ് സിനിമയിൽ അമീർ അവതരിപ്പിക്കുന്ന കഥാപാത്രം ഈ ദളിത് നായകനിൽ നിന്നുള്ള പ്രചോദനമാണ് ) യും ജോൺ പാണ്ഡ്യനെയും പോലുള്ളവരുടെ കീഴിൽ സംഘടിച്ച് മേൽജാതി ആക്രമണങ്ങൾക്ക് നേരെ ശക്തമായ പ്രാദേശിക ദളിത് മുന്നേറ്റങ്ങൾ ഉണ്ടായി, തെക്കൻ ജില്ലകളിൽ ഇത് കുടിപ്പകയുടെ അന്തരീക്ഷം സൃഷ്ടിച്ചു. ഇത്തരത്തിലുള്ള ദളിത് ചെറുത്തുനിൽപ്പുകളെ ഏകോപിപ്പിച്ച് അവയെ അവകാശ സമരങ്ങളായി വികസിപ്പിക്കാനുള്ള നേതൃപരമായ പങ്ക് വഹിച്ച പ്രസ്ഥാനവും നായകനുമാണ് വിടുതലൈ സിറുത്തൈകൾ കക്ഷി (വി സി കെ) യും അതിന്റെ സ്ഥാപകനും അധ്യക്ഷനുമായ തൊൽ. തിരുമാവളവനും. ഇന്ത്യയിലെങ്ങുമുള്ള മിക്ക ദളിത് നേതാക്കൾക്കും പ്രത്യേക സന്ദർഭങ്ങളിൽ ഹിന്ദുത്വയുമായി സന്ധി ചെയ്യേണ്ടി വന്ന സാഹചര്യമുണ്ടായിട്ടുണ്ട്. രാംവിലാസ് പാസ്വാനെയും രാംദാസ് അത്താവാലെയും പോലുള്ളവർ ബിജെപിയുടെ ഘടകകക്ഷിനേതാക്കളായി മാറുന്നതും നാം കണ്ടു. എന്നാൽ സംഘപരിവാർ ആശയങ്ങൾക്കെതിരെയും ദളിത് അവകാശങ്ങൾക്കായും പോരാടുന്നതിൽ നിന്ന് ഒരുഘട്ടത്തിലും പിന്നാക്കം പോകാൻ തിരുമാവളവൻ തയ്യാറായില്ല. അന്തർമുഖനായിരുന്ന ഒരു ചെറുപ്പക്കാരൻ ദളിത് സമൂഹത്തിന്റെ ഉയർത്തെഴുന്നേല്പിന്റെ ചാലക ശക്തിയായി വർത്തിച്ചതിന്റെ ചരിത്രം, അവകാശ സമരങ്ങളുടെയും സ്വാഭിമാനത്തിന്റെയും ജ്വലിക്കുന്ന ഏടുകളാണ് നമുക്ക് മുന്നിൽ തുറന്നിട്ടത്.

ബാല്യവും വിദ്യാഭ്യാസവും
അരിയലൂർ ജില്ലയിലെ സെന്തുറൈയ്ക്കടുത്ത് അങ്കനൂർ ഗ്രാമത്തിൽ ദളിത് കർഷകത്തൊഴിലാളി കുടുംബത്തിലാണ് തിരുമാവളവന്റെ ജനനം. പട്ടിണി പരിവട്ടത്തിനിടയിലും വിദ്യാഭ്യാസം മൂലമേ വളർച്ചയുണ്ടാകൂവെന്ന്, എട്ടാം ക്‌ളാസ് വരെ പഠിച്ചിരുന്ന പിതാവ് രാമസ്വാമി തിരിച്ചറിഞ്ഞിരുന്നു. അംബേദ്‌കർ എന്ന ദളിത് ബിംബത്തെ കുറിച്ചുള്ള പരിമിതമായ തന്റെ അറിവ് മകനിലേക്കു പകർന്നു അവനെ സ്ഥിരോത്സാഹിയാക്കാൻ അദ്ദേഹം പ്രയത്നിച്ചു.
ജന്മനാട്ടിലെ സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം കുടുംബ പ്രാരാബ്ധങ്ങൾ നിമിത്തം പാർട്ട് ടൈം ജോലികൾ ചെയ്തുകൊണ്ടാണ് തിരുമാ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ചെന്നൈ സർവകലാശാലയിൽ നിന്ന് ക്രിമിനോളജിയിൽ ബിരുദാനന്തര ബിരുദവും ചെന്നൈ ലോ കോളേജിൽ നിന്ന് നിയമ ബിരുദം നേടി. അതിനുശേഷം 1999 വരെ സർക്കാർ ഫോറൻസിക് വിഭാഗത്തിൽ അസിസ്റ്റന്റായി ജോലി ചെയ്തു. 2019-ൽ തിരുനെൽവേലിയിലെ മനോൻമണിയം സുന്ദരനാർ സർവകലാശാലയിൽ നിന്ന്, മീനാക്ഷിപുരം മതപരിവർത്തനവുമായി ബന്ധപ്പെട്ട ഗവേഷണത്തിനു അദ്ദേഹം പി എച്ച് ഡി ബിരുദവും നേടി.
ശ്രീലങ്കൻ തമിഴ് പ്രശ്നം ചൂടുപിടിക്കുന്നു
1983-ൽ , ശ്രീലങ്കയിൽ തമിഴർക്ക് നേരെയുള്ള അതിക്രമം മുമ്പെങ്ങുമില്ലാത്തവിധം രൂക്ഷമായി. ശ്രീലങ്കൻ തമിഴ് അഭയാർത്ഥികൾ ധാരാളമായി തമിഴ്‌നാട്ടിലേക്ക് പ്രവഹിക്കാൻ തുടങ്ങി. ശ്രീലങ്കൻ സർക്കാരിനെതിരെ സംസ്ഥാനത്തെ എല്ലാം കോളേജുകളിലെയും വിദ്യാർഥികൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. വിദ്യാർത്ഥിയായ തിരുമാവളവനെ ഈ പ്രക്ഷോഭങ്ങൾ സ്വാധീനിച്ചു. അക്കാലത്ത് ശ്രീലങ്കൻ തമിഴ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു ചെന്നൈയിൽ നടന്ന പൊതുയോഗങ്ങളിലെല്ലാം പങ്കെടുക്കുകയും ഇതേക്കുറിച്ച് അക്കാലത്തിറങ്ങിയ ലേഖനങ്ങളും കൃതികളും തേടിപ്പിടിച്ച് വായിക്കുകയും ചെയ്‌തു. പ്രക്ഷോഭരംഗത്ത് ചെറു സംഘടനകൾ സജീവമായുണ്ടായിരുന്നുവെങ്കിലും മുഖ്യനേതൃത്വം ഡി എം കെ ക്കായിരുന്നു. കോളേജ് ഹോസ്റ്റലിലെ സഹവാസികളായ വിദ്യാർത്ഥികളെ സംഘടിപ്പിച്ചു ഡി എം കെ നടത്തുന്ന പൊതുയോഗങ്ങളിൽ പങ്കെടുപ്പിക്കാൻ തിരുമാ മുൻകൈയെടുത്തു. ഡി എം കെയുടെ അക്കാലത്തെ യുവനേതാക്കളായ വൈകോ, ചേരൻ തുടങ്ങിയവരുമായി പരിചയം സമ്പാദിച്ചത് വഴി പാർട്ടി അധ്യക്ഷൻ കരുണാനിധിയെ സന്ദർശിക്കാനും അവസരം ലഭിച്ചു.
ദലിത് അവകാശങ്ങൾക്കായുള്ള സംഘടനയായാണ് രൂപവൽക്കരിക്കപ്പെട്ടതെങ്കിലും തീവ്ര ഇടതു പാർട്ടികൾ, പ്രത്യേകിച്ച് നക്സൽബാരി പ്രവർത്തകരോട്, അനുഭാവപൂർണ്ണമായ സഹകരണം പുലർത്തിയിരുന്നു, തിരുമാവളവന്റെ 'വിടുതലൈ സിറുത്തൈകൾ' എന്ന സംഘടന.
ഭാരതീയ ദളിത് പാന്തേഴ്‌സുമായി അടുക്കുന്നു
പഠനം പൂർത്തിയാക്കിയ ശേഷം 1999 വരെ തിരുമാ, കോയമ്പത്തൂരിൽ സർക്കാർ ഫോറൻസിക് വിഭാഗത്തിൽ അസിസ്റ്റന്റായി ജോലി ചെയ്തു. വ്യവസായ നഗരമായ കോയമ്പത്തൂർ അന്ന് കമ്മ്യുണിസ്റ്റ് പാർട്ടികൾക്ക് വമ്പിച്ച സ്വാധീനമുള്ള പ്രദേശമായിരുന്നു. കമ്മ്യുണിസ്റ്റ് നേതാക്കളുമായുള്ള പരിചയം പ്രത്യയശാസ്ത്രപരമായ അനുഭാവമായി വളർന്നു. ഇത് പിൽക്കാലത്ത് നക്സൽബാരി പ്രസ്ഥാനത്തോടുള്ള സഹഭാവമായി വികസിച്ചു, എന്നാൽ സർക്കാർ ജീവനക്കാരുടെ പട്ടിക ജാതി /പട്ടിക വർഗ സംഘടനയിൽ സജീവമാകാനായിരുന്നു തിരുമായുടെ താല്പര്യം. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ചേരിപ്രദേശങ്ങൾ സന്ദർശിക്കുകയും അവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് രാത്രികാല വിദ്യാഭ്യാസം നൽകുകയും ചെയ്തു. മധുരയിൽ വേരുറപ്പിക്കുന്ന ദളിത് പാന്തേഴ്സ് ഓഫ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ നേതാക്കളുമായി സൗഹൃദമുണ്ടാകാൻ ഈ പ്രവർത്തനങ്ങൾ നിമിത്തമായി. ബി ആർ അംബേദ്ക്കറുടെ ജീവിത പങ്കാളി സബിത ദേശീയ തലത്തിൽ രൂപീകരിച്ച ദളിത് പാന്തേഴ്സ് ഓഫ് ഓഫ് ഇന്ത്യയുടെ തമിഴ്‌നാട് സെക്രട്ടറിയായിരുന്നു മലൈച്ചാമി. അദ്ദേഹവുമായുള്ള ബന്ധം ഇക്കാലത്ത് ദൃഢപ്പെട്ടു. മധുരയിൽ ചെരുപ്പുകുത്തി തൊഴിലാളി, ഭാഗ്യത്തിന്റെയും കാന്തൻ എന്ന ചെറുപ്പക്കാരന്റെയും ജാതി കൊലപാതകങ്ങളിലടക്കം ദളിത് പ്രതിഷേധപോരാട്ടങ്ങൾ നടത്തിയ മലൈച്ചാമി അപ്പോഴേക്കും ദളിതർക്കിടയിലെ പ്രബല നേതാവായി വളർന്നിരുന്നു.
1989 -ലാണ് മലൈച്ചാമി ആകസ്മികമായി മരണപ്പെടുന്നത്. തിരുമാവളവന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട അനുശോചനയോഗത്തിൽ വൻ ജനാവലി തടിച്ചു കൂടി. തിരുമയുടെ സംഘടനാവൈഭവും പ്രസംഗ പാടവവും നേരിൽ കണ്ട ഇതര നേതാക്കൾ ദളിത് പാന്തേഴ്‌സിന്റെ നേതൃത്വം ഏറ്റെടുക്കാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര ആസ്ഥാനമായുള്ള പാന്തേഴ്‌സിന്റെ നേതൃത്വം സ്വീകരിക്കുന്നതിന് പകരം പ്രാദേശികമായി ഒരു സംഘടന രൂപീകരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. (പിൽക്കാലത്ത് ബിജെപി മന്ത്രിസഭയിൽ അംഗമായിരുന്ന രാംദാസ് അത്താവാലെയായിരുന്നു അന്നത്തെ ദേശീയ സെക്രട്ടറി ). പ്രാദേശിക തലത്തിലുള്ള പ്രശ്നങ്ങളെ സവിശേഷമായി തന്നെ അഭിസംബോധന ചെയ്യണമെന്നും വടക്കൻ നേതൃത്വത്തെ ഇക്കാര്യത്തിൽ പിന്തുടരേണ്ടതില്ല എന്നുമുള്ള രാഷ്ട്രീയ നിലപാട് സ്വീകരിച്ചുകൊണ്ട്, ഒടുക്കപ്പെട്ട ഇന്ത്യ സിറുത്തൈകൾ ( അടിച്ചമർത്തപ്പെട്ട ഇന്ത്യൻ ചീറ്റപ്പുലികൾ ) എന്ന പേരിൽ തിരുമാ, പുതിയൊരു സംഘടന രൂപീകരിച്ചു. പ്രത്യേക പതാകയും നയങ്ങളും രൂപീകരിച്ച് പ്രവർത്തനം സജീവമാക്കി. ദളിത് രാഷ്ട്രീയത്തിൻെറ സൂക്ഷ്മനിലപാടുകൾ മുൻനിർത്തി പിന്നീട് ഈ പേര് 'വിടുതലൈ സിറുത്തൈകൾ' എന്ന് മാറ്റുകയും ചെയ്‌തു. വിമോചിതരാക്കപ്പെട്ട / വിമോചന ദാഹികളായ ചീറ്റപ്പുലികൾ എന്നാണിതിനർത്ഥം. ഈ ഘട്ടത്തിൽ രാംദാസ് അത്താവാലെ, ദളിത് സമുദായത്തിനായി ഒരേ സംഘടനയ്ക്ക് കീഴിൽ പ്രവർത്തിക്കാമെന്ന നിർദ്ദേശം വെച്ചെങ്കിലും, തിരുമാവളവൻ വഴങ്ങിയില്ല.

പുതിയ സംഘടന
ദളിത് അവകാശങ്ങൾക്കായുള്ള സംഘടനയായാണ് രൂപവൽക്കരിക്കപ്പെട്ടതെങ്കിലും തീവ്ര ഇടതു പാർട്ടികൾ, പ്രത്യേകിച്ച് നക്സൽ ബാരി പ്രവർത്തകരോട് അനുഭാവപൂർണ്ണമായ സഹകരണം പുലർത്തിയിരുന്നു, വിസികെ. പ്രവർത്തനങ്ങളുടെ ആദ്യപടി എന്ന നിലയിൽ തെക്കൻ തമിഴ്‍നാട്ടിലെ മിക്കവാറും എല്ലാം പ്രദേശങ്ങളിലും ഉള്ള ചേരികൾ സന്ദർശിച്ചു. ദളിത് അവകാശങ്ങളെ കുറിച്ച് ചേരിവാസികളെ പറഞ്ഞു പഠിപ്പിച്ചു. സ്വാഭിമാനത്തെ മുറിവേൽപ്പിക്കുന്ന മേൽജാതിഅതിക്രമങ്ങളെ കായികമായി നേരിടാനും തിരുമാ ആഹ്വാനം ചെയ്തു. വളരെ പരിമിതമായ സൗകര്യങ്ങളുള്ള ചേരിപ്രദേശങ്ങളിൽ രാത്രികൾ തോറും യോഗങ്ങൾ വിളിച്ചുകൂട്ടി. അവകാശങ്ങൾക്കായി ഒന്നിച്ച് നിന്ന് പോരാടാനുള്ള തിരുമായുടെ വാക്കുകൾ ദളിത് യുവാക്കൾക്കിടയിൽ ചലനമുണ്ടാക്കി.
1970 മുതൽ 80 കളുടെ അവസാനം വരെ തമിഴ്‌നാട്ടിൽ സജീവമായിരുന്ന നക്സൽ ബാരി പ്രവർത്തനങ്ങൾ, മുഖ്യമന്ത്രി എം ജി ആറിന്റെ അടിച്ചമർത്തൽ നടപടികളിൽ ചെറുത്ത് നിൽക്കാനാവാതെ ദുർബലപ്പെട്ടുതുടങ്ങി. നക്സൽ രാഷ്ട്രീയത്തിന്റെ ക്ഷീണിതാവസ്ഥയിലാണ് വി സി കെയുടെ പ്രവേശനം. താൽക്കാലികമായി പതുങ്ങിയിരിക്കാനുള്ള സുരക്ഷിത താവളമായി വിസികെയെ നക്‌സലൈറ്റുകൾ കണ്ടു. മിക്ക നക്സൽ നേതാക്കളുമായും അടുത്ത സൗഹൃദം തിരുമാവളവൻ സൂക്ഷിച്ചിരുന്നു. ഇത് മനസ്സിലാക്കിയ തമിഴ്നാട് രഹസ്യ പോലീസ് തിരുമാവളവന്റെ നീക്കങ്ങൾ നിരീക്ഷിച്ചു കൊണ്ടിരുന്നു. വിളിച്ചുവരുത്തി പലതവണ ചോദ്യംചെയ്യലുകൾക്കു വിധേയനാക്കിയെങ്കിലും പട്ടിക ജാതി /പട്ടിക വർഗത്തിൽപെട്ട സർക്കാർ ജീവനക്കാരൻ എന്ന നിലയിൽ പോലീസിൽ നിന്നും വലിയ തോതിൽ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നില്ല.
രാഷ്ട്രീയ എതിരാളിയായ രാമദാസിന്റെ പൊതുപ്രവർത്തനത്തിൽ പോകെപ്പോകെയുണ്ടായ രാഷ്ട്രീയ സങ്കോചത്തിൽ നിന്നും ഭിന്നമായ ഒരു തുറസ്സിലേക്ക് വളരാൻ തിരുമായ്ക്ക് സാധിച്ചു. എന്നാൽ ശക്തമായ രണ്ടാംനിരയെ പാർട്ടിയിൽ വളർത്തിയെടുക്കാൻ തിരുമായ്ക്ക് സാധിച്ചില്ല എന്നത് വലിയൊരു കുറവു തന്നെയാണ്.
ഇക്കാലത്താണ് മധുരയിലെ ചെന്നഗരം പേട്ടയിൽ, ക്ഷേത്രഭൂമിയിലെ പുളിമരങ്ങൾ പാട്ടത്തിനെടുക്കാനെത്തിയ രണ്ടു ദളിത് യുവാക്കളെ മേൽജാതിക്കാർ തടുത്തു നിർത്തി കൊലപ്പെടുത്തിയ സംഭവമുണ്ടാകുന്നത്. ജാതി അടിച്ചമർത്തലുകൾക്കെതിരെയുള്ള പോരാട്ടങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട് എന്ന് തിരുമാവളവനെ ബോധ്യപ്പെടുത്തിയ സന്ദർഭമായിരുന്നു അത്.
സ്ഥലം സന്ദർശിച്ച തിരുമാ പ്രത്യാക്രമണങ്ങൾക്കു ഇനി മടിക്കേണ്ട എന്ന ആഹ്വാനം ചെയ്തത് ദളിതർക്കിടയിൽ ധൈര്യം പകർന്നു. പോലീസ് സംരക്ഷണത്തിനായി കാത്തുനിൽക്കേണ്ടതില്ലെന്നും തിരിച്ചടികൾക്കു തയ്യാറാകണമെന്നും സ്ത്രീ ജനങ്ങളടക്കം ഇതിനായി ഒരുങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു രാഷ്ട്രീയകക്ഷിയായി രൂപപ്പെടാത്ത, നക്സൽ അനുഭാവമുള്ള ഒരു സംഘടന എന്ന നിലയിൽ വി സി കെയ്‌ക്കും തിരുമാവളവനും നേരെയുള്ള ഭരണകൂടത്തിന്റെ നിരീക്ഷണം ഇതോടെ ശക്തമായി.
ഇതിനിടെ കാരൈക്കുടിയിൽ ദൈവക്കോട്ടയിൽ മാടക്കോട്ടൈ സുബ്ബു് എന്ന നക്സൽ നേതാവ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് തിരുമാവളവന്റെ ഫോൺ നമ്പർ പോലീസ് കണ്ടെടുത്തു. ഇതേതുടർന്ന് തിരുമാവളവനെ അറസ്റ്റ് ചെയ്‌ത പോലീസ് രഹസ്യകേന്ദ്രത്തിൽ കൊണ്ട് പോയി ക്രൂരപീഡനങ്ങൾക്കു ഇരയാക്കി. ഇത് പ്രവർത്തകർക്കിടയിൽ വൻ പ്രതിഷേധങ്ങൾക്ക് വഴി വെച്ചു. പോലീസ് സ്റ്റേഷനിലും കലക്ട്രേറ്റ് മുറ്റത്തും തടിച്ചുകൂടി മുദ്രാവാക്യങ്ങൾ മുഴക്കിയ വി. സി. കെ അനുയായികൾ റോഡുകൾ ഉപരോധിച്ചു, ഗതാഗതം സ്തംഭിപ്പിച്ചു.

രാക്ഷ്ട്രീയ കക്ഷിയായി പരിണമിക്കുന്നു
ദിണ്ടിഗലിൽ മറ്റൊരു നക്സൽ നേതാവ് വെടിഗുണ്ടു നാഗരാജുവും പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. നാഗരാജുവുമായും മറ്റു ചില നക്സൽ നേതാക്കളുമായുള്ള അടുപ്പത്തിനുള്ള കൂടുതൽ തെളിവുകൾ പൊലീസിന് ലഭിച്ചതോടെ തിരുമായെ ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു. വി സി കെയെ നിരോധിത സംഘടന പട്ടികയിൽ ചേർക്കാനുള്ള നീക്കവും ഉണ്ടായി. ഇതോടെയാണ് സംഘടനാ പ്രവർത്തനം പുതിയ ദിശയിലേക്കു മാറേണ്ടതിന്റെ ആവശ്യകത തിരുമാവളവൻ തിരിച്ചറിയുന്നത്. അവകാശ സംരക്ഷണത്തിനുള്ള പ്രതിരോധ സംഘടന എന്ന നിലയിൽ നിന്നു വി സി കെ യെ ഒരു രാഷ്ട്രീയ സംഘടനയായി പരിണമിപ്പിക്കണമെന്നു അദ്ദേഹം തീരുമാനിക്കുന്നു. നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിൽ നക്സൽ പ്രസ്ഥാനങ്ങളുമായുള്ള ബന്ധം സംഘടനയെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം മനസ്സിലാക്കി. അവകാശ സമരങ്ങളുടെ ഭാഗമായി പല സന്ദർഭങ്ങളിലും തിരഞ്ഞെടുപ്പുകൾ ബഹിഷ്കരിച്ച വി സി കെ, മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത് അതോടെയാണ്. ഒരു സെൻട്രൽ കമ്മിറ്റി രൂപീകരിച്ചുകൊണ്ടു വിഴുപുരത്ത് നടത്തിയ സമ്മേളനം അടിച്ചമർത്തപ്പെട്ടവരുടെ പുതിയ ഒരു രാഷ്ട്രീയ കക്ഷിയുടെ ഉദയം കുറിച്ചു.
ഈ കാലയളവിലാണ് മധുരയിലെ ഉസിലാംപെട്ടിയിൽ തേവർ സമുദായക്കാർക്കും ദളിതർക്കുമിടയിൽ ഇടയിൽ കലാപം പൊട്ടി പുറപ്പെടുന്നത് . മുത്തുരാമലിംഗ തേവരുടെ പ്രതിമ നശിപ്പിക്കപ്പെട്ടതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ദളിത് കോളനികൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. സ്ഥിതിഗതികൾ രൂക്ഷമായതോടെ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി കരുണാനിധി വിവിധ സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സമിതി രൂപീകരിച്ചു. സമിതി അംഗങ്ങളിൽ ഒരാൾ തിരുമാവളവനായിരുന്നു. സമാധാന ശ്രമങ്ങളുടെ ഭാഗമായി മധുരയിൽ നടന്ന യോഗത്തിൽ പാട്ടാളിമക്കൾ കക്ഷി സ്ഥാപകൻ രാമദാസും പങ്കെടുത്തു. തിരുമാവളവന്റെ വാക്കുകൾ രാമദാസിന്റെ ശ്രദ്ധയാകർഷിച്ചു. അന്ന് തെക്കൻ തമിഴ്‍നാട്ടിൽ മാത്രം ഒതുങ്ങി നിന്നിരുന്ന തിരുമാ യുടെ പ്രവർത്തനം വടക്കൻ തമിഴ്‌നാട്ടിലും വ്യാപിപ്പിക്കണമെന്നും വിസി കെയുമായി സഹകരിക്കാമെന്നും രാമദാസ് പ്രഖ്യാപിച്ചു. ഇത് വടക്കൻ തമിഴ്‍നാട്ടിൽ വണ്ണിയ സമുദായങ്ങളും ദളിതരും തമ്മിൽ നിലനിന്നിരുന്ന പ്രാദേശിക സംഘർഷങ്ങൾ ലഘൂകരിച്ച് ഇരുവിഭാഗങ്ങളുടെയും പാരസ്പര്യം വർധിപ്പിക്കുമെന്നു രാമദാസ് ചിന്തിച്ചു. എന്നാൽ തിരുമാവളവനു തെക്കൻ ഭാഗങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനായിരുന്നു താല്പര്യം.
പ്രത്യയശാസ്ത്രപോരാട്ടത്തിന്റെ ഭാഗമായി ഹിന്ദുത്വ പേരുകൾ ഉപേക്ഷിച്ച് തമിഴ് - ദ്രാവിഡ പേരുകൾ സ്വീകരിക്കുന്ന സമരമുഖം തുറന്നതും വി സി കെ യുടെ പ്രക്ഷോഭചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നാണ്.
കടലൂരിൽ മൂന്നു ദളിത് യുവാക്കളെ തല ഛേദിച്ച് കൊലപ്പെടുത്തിയ ക്രൂരസംഭവം തിരുമാവളവന്റെ പ്രവർത്തനങ്ങൾ വടക്കൻ തമിഴ്നാട്ടിലേക്കും വ്യാപിക്കാൻ ഇടയാക്കി. കടലൂർ, വിഴുപ്പുറം തുടങ്ങിയ പ്രദേശങ്ങളിൽ തിരുമാവളവൻ നടത്തിയ പ്രചണ്ഡ സന്ദർശനങ്ങൾ ദളിതരെ പ്രത്യേകിച്ച് യുവാക്കളെ വലിയ തോതിൽ സ്വാധീനിച്ചു. പ്രത്യാക്രമണങ്ങൾകൊണ്ടേ പരിഹാരമുണ്ടാവൂ എന്ന ആഹ്വാനം അതുവരെ അനീതികളോട് സമരസപ്പെട്ടിരുന്ന ദളിത് യുവാക്കളിൽ ആത്മാഭിമാനം സൃഷ്ടിച്ചു. എതിർ സ്വരങ്ങൾ ശക്തിപ്പെട്ടു തുടങ്ങിയതോടെ അവരുമായി താരതമ്യേന കൂടുതലായി ഇടപഴകേണ്ടി വന്നിരുന്ന വണ്ണിയരുടെ ജാതിബോധം വ്രണപ്പെട്ടു തുടങ്ങി. ദളിതരുടെ പ്രതിരോധവും മേൽജാതിക്കാർക്കിയിടയിലെ ദുരഭിമാനവും തമ്മിലുള്ള ഏറ്റുമുട്ടൽ നിത്യ സംഭവങ്ങളായി. സംവരണം വഴി ദളിതർക്കു ലഭിച്ചു വന്ന ആനുകൂല്യങ്ങൾ വണ്ണിയരടക്കമുള്ള ഇതരസമുദായങ്ങളിൽ ഉണ്ടാക്കിയ അസൂയ കലർന്ന സാമ്പത്തിക അരക്ഷിതാവസ്ഥയും തീരാപ്പകയ്ക്ക് മുഖ്യകാരണമാണ്. സ്ഥിതിഗതികൾ വഷളായതോടെ വിസികെ യോടും തിരുമാവളവനോടുമുള്ള രാമദാസിന്റെ മുൻ നിലപാടുകൾ തിരുത്തപ്പെട്ടു. മധുരയിലെ സമാധാന സംരക്ഷണ യോഗത്തിൽ തിരുമാവളവനെ മൂവേന്തർ മുന്നേറ്റ കഴകം നേതാവ് സേതുരാമൻ 'ഇളം പെരിയാർ' എന്ന് വിശേഷിപ്പിച്ചപ്പോൾ അതിനെ പിന്തുണച്ച്, വടക്കൻ തമിഴ്‌നാട്ടിലേക്ക് വിസികെയെ ആവേശത്തോടെ ക്ഷണിച്ച രാമദാസ് നക്സൽ ആഭിമുഖ്യം ചൂണ്ടിക്കാട്ടി ആ സംഘടനയെ നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന നിലയിലേക്ക് കാര്യങ്ങൾ ചെന്നെത്തി.

പ്രക്ഷോഭങ്ങൾ
2012 -ൽ വി സി കെയുടെ മധുര ജില്ലാ ട്രഷറർ ആയിരുന്ന മുത്തമിഴ് പാണ്ഡ്യൻ വധിക്കപ്പെട്ട സംഭവത്തെ തുടർന്നു തിരുമാവളവൻ സംസ്ഥാന തലത്തിൽ ബന്ദിന് ആഹ്വാനം ചെയ്തു. ഒരു പ്രാദേശിക പ്രശ്നവുമായി ബന്ധപ്പെട്ടു ദളിതേതര സമുദായത്തിൽ പെട്ടവരുമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്, സംഘർഷ സാഹചര്യത്തിൽ ജയലളിതസർക്കാർ ബന്ദിന് അനുമതി നിഷേധിച്ചു. വിസികെയുടെ പ്രാദേശിക നേതാക്കന്മാരെ മുഴുവൻ കരുതൽ തടങ്കലിലാക്കി, തിരുമാവളവനെ വേലൂർ ജയിലിലടച്ചു. ദളിതർക്കിടയിൽ വൻപ്രതിഷേധം രൂപപ്പെട്ടു. സംസ്ഥാനം മുഴുവനും വ്യാപിച്ച അക്രമാസക്ത പ്രക്ഷോഭത്തിൽ സർക്കാർ ബസ്സുകൾ വ്യാപകമായി തീവെക്കപ്പെട്ടു. പാറക്കല്ലുകളും മരത്തടികളും നിരത്തി റോഡുകൾ ഉപരോധിച്ചു. സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുന്നു എന്ന് കണ്ടപ്പോൾ സർക്കാർ തിരുമാവളവനെതിരായ കേസുകൾ റദ്ദാക്കി. നാലുദിവസത്തിനു ശേഷം അദ്ദേഹത്തെ മോചിപ്പിക്കുകയും ചെയ്തു. തിരുമാവളവനോട് പലഘട്ടങ്ങളിലും കാണിച്ച ഈ അനുഭാവം, മറ്റു പ്രതിപക്ഷ നേതാക്കളിൽ ഒരാളോട് പോലും ജയലളിത പ്രകടിപ്പിച്ചിരുന്നില്ല എന്ന വസ്തുതയും ശ്രദ്ധാർഹമാണ്.
2002 -2004 കാലത്ത് എൽ ടി ടി ഇ നേതാവ് പ്രഭാകരനെ തിരുമാവളവൻ ശ്രീലങ്കയിൽ ചെന്ന് രണ്ടുതവണ സന്ദർശിച്ചപ്പോഴും അത്ഭുതമെന്നു പറയട്ടെ, ജയലളിത സംയമനം പാലിച്ചു. നിരോധിത സംഘടനകളെ പ്രത്യേകിച്ച് തമിഴ് പുലികളെ പിന്തുണക്കുന്ന ആളുകളെ 'പോട്ട' ചുമത്തി തുറുങ്കിലടക്കുന്ന ഈ കാലത്താണ് ചെന്നൈയിൽ പ്രസംഗത്തിനിടെ നടത്തിയ ഒരു പരാമർശത്തിന്റെ പേരിൽ എം ഡി എം കെ നേതാവ് വൈകോ ജയിലിലടക്കപ്പെട്ടത് ( പരമ്പരയുടെ ഭാഗം 7 - ൽ കാണുക ). അതിനാലാണ് പ്രഭാകരനുമായി കൂടിക്കാഴ്ച നടത്തുന്നതിനോടൊപ്പം ശ്രീലങ്കയിലെ ഒരു യോഗത്തിൽ തമിഴ് പുലികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്ത തിരുമാവളവനെ അറസ്റ്റു ചെയ്യാൻ ജയലളിത കൂട്ടാക്കാതിരുന്നത് ആളുകളെ ആശ്ചര്യപ്പെടുത്തിയത്.
Read : വൈകോ എന്ന
സമരനായകന്റെ പതനം,
MDMK-യുടെയും
മനുസ്മൃതി തമിഴിൽ അച്ചടിച്ചു പ്രചരിപ്പിക്കാനുള്ള ഹിന്ദുത്വ സംഘടനകളുടെ ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കുന്നതിൽ തിരുമാവളവനുള്ള പങ്ക് ചെറുതല്ല.
2001 -ലെ ബന്ദിന്റെ പശ്ചാത്തലത്തിൽ തീരുമാവളവനെ അറസ്റ്റു ചെയ്ത സംഭവത്തിൽ കൈപൊള്ളിയ ഭരണകൂടം വീണ്ടുമൊരു റിസ്ക് എടുക്കാൻ തയ്യാറായിരുന്നില്ല. കൂടാതെ, വൈകോ അടക്കമുള്ളവരുടെ അറസ്റ്റ് വ്യാപകമായ പ്രതിഷേധം ഉയർത്തപ്പെട്ട സാഹചര്യത്തിൽ ഡി എം കെ ഇതിനെ രാഷ്ട്രീയമായി മുതലെടുക്കാനുള്ള സാധ്യതയും സർക്കാർ മുൻകൂട്ടി കണ്ടു.
പ്രത്യയശാസ്ത്രപോരാട്ടത്തിന്റെ ഭാഗമായി ഹിന്ദുത്വ പേരുകൾ ഉപേക്ഷിച്ച് തമിഴ് - ദ്രാവിഡ പേരുകൾ സ്വീകരിക്കുന്ന ഒരു സമരമുഖം തുറന്നതും വി സി കെ യുടെ പ്രക്ഷോഭചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നാണ്. തമിഴ്നാട്ടിലെ ബ്രാഹ്മണവിരുദ്ധ രാഷ്‌ടീയത്തോടൊപ്പം നീങ്ങുന്ന, തമിഴ് ദേശീയതയോട് അനുഭാവമുള്ള ഒട്ടനവധിപേർ ഇതിൽ പങ്കെടുക്കാനെത്തി. ഈ ക്യാംപൈനിൽ പങ്കെടുത്ത്, പിതാവ് രാമസ്വാമി, പേര് തൊൽക്കാപ്പിയൻ എന്ന് മാറ്റിയതോടെയാണ് തൊൽ എന്ന ഇനീഷ്യൽ തിരുമാവളവൻ ഉപയോഗിച്ചു തുടങ്ങിയത്.
ജയലളിതയുടെ കാലത്ത് മത പരിവർത്തന നിയമവും ക്ഷേത്രങ്ങളിൽ ആചാരങ്ങളുടെ ഭാഗമായി ആടുകളെയും കോഴികളെയും അറുക്കുന്നതിനെതിരെയുള്ള നിയമ നടപടിയും ശക്തിപ്പെടുത്തിയപ്പോൾ അതിനെതിരെ വിസികെ വൻ പ്രക്ഷോഭങ്ങൾ നയിക്കുകയുണ്ടായി. ഘടനാപരമായും അദൃശ്യമായും ബ്രാഹ്മണ താല്പര്യങ്ങൾ അടിച്ചേൽപ്പിക്കപ്പെടുന്ന സന്ദഭങ്ങളിലെല്ലാം പാർട്ടി, പ്രതിഷേധങ്ങൾ മുന്നിൽ നിന്ന് നയിച്ചു. 2025 - ജൂലൈയിൽ തൃശ്ശിനാപ്പള്ളിയിൽ നടത്തിയ സനാതന വിരുദ്ധ സമ്മേളനം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. മനുസ്മൃതി തമിഴിൽ അച്ചടിച്ചു പ്രചരിപ്പിക്കാനുള്ള ഹിന്ദുത്വ സംഘടനകളുടെ ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കുന്നതിൽ തിരുമാവളവനുള്ള പങ്ക് ചെറുതല്ല. മോഡി സർക്കാരിനെതിരായ ബിബിസി ഡോക്യുമെന്ററി തമിഴ്‌നാട്ടിൽ പ്രദർശിപ്പിക്കാൻ മുൻകൈയ്യെടുത്തതും ഹിന്ദുത്വയോടുള്ള സന്ധിയില്ലാ സമരത്തിന്റെ ഭാഗമായിരുന്നു. യൂണിയൻ സർക്കാരിന്റെ ന്യൂനപക്ഷ - ജന വിരുദ്ധ നയങ്ങൾക്കെതിരെ നിരവധി പോരാട്ടങ്ങൾ സംഘടിപ്പിച്ചു.

ഇതര സമുദായങ്ങളുടെ
ദലിത് വിരുദ്ധ ഏകോപനം
2012 -ൽ ധർമ്മപുരിയിലെ നത്തം കോളനിയിലെ ഇളവരസൻ, ദിവ്യ എന്ന വണ്ണിയ പെൺകുട്ടിയെ പ്രണയവിവാഹം ചെയ്തതിനെ തുടർന്നുള്ള കലാപാന്തരീക്ഷത്തിലാണ് ദളിതർക്കെതിരെ പി എം കെ, പ്രേമനാടകം എന്ന ആക്ഷേപം ഉന്നയിക്കുന്നത്. മേൽജാതിയിൽ പെട്ട പെൺകുട്ടികളെ വശീകരിച്ച് വിവാഹം ചെയ്യുന്നതിന് പിന്നിൽ വിസികെ നേതാവ് തിരുമാവളവന്റെ പ്രേരണയാണെന്നു രാമദാസ് അടക്കമുള്ള പി എം കെ നേതാക്കൾ ആരോപിച്ചു.
തിരുവണ്ണാമല, കടലൂർ, വിഴുപുരം ജില്ലകളിൽ റഡ്യാർ, മുതലിയാർ, നായിഡു സമുദായങ്ങളിലെ പെൺകുട്ടികളെ ദളിത് യുവാക്കൾ വശീകരിച്ചു വിവാഹം ചെയ്യുന്നു എന്ന ആക്ഷേപമുയരുന്നതും ഇക്കാലത്താണ്. രാമദാസിന്റെ പ്രസ്താവനകൾ ദളിതർക്കെതിരെ ഇതര സമുദായങ്ങളുടെ കൂട്ടായ്മ എന്ന ആലോചനയിലേക്കു കാര്യങ്ങളെ കൊണ്ട് ചെന്നെത്തിച്ചു. ഈ നീക്കം ദളിതർക്കെതിരെ വ്യാപക അതിക്രമങ്ങൾക്ക് വഴിവെക്കുമെന്ന് തിരിച്ചറിഞ്ഞ തിരുമാവളവൻ വളരെ സമചിത്തതതയോടെയാണ് പ്രതികരിച്ചത്. വടക്കൻ തമിഴ്‍നാട്ടിലെ സംഘർഷങ്ങളെ ഇത് തണുപ്പിക്കാനിടയാക്കി. രാമദാസ് ദളിത് വിരുദ്ധ കൂട്ടായ്മയ്ക്ക് ശ്രമം നടത്തുന്നതിനാൽ തന്റെ ഇടപെടലുകൾ കലാപങ്ങൾക്ക് മരുന്നിട്ടുകൊടുക്കലാകുമെന്നും ദ്രാവിഡ -ഇടതു - പുരോഗമന പ്രസ്ഥാനങ്ങൾ ഈ പ്രശ്നം കൈകാര്യം ചെയ്യട്ടെ എന്നുമാണ് അക്കാലത്ത് ഒരു സംഭാഷണത്തിനിടെ അദ്ദേഹം ഈ ലേഖകനോട് പറഞ്ഞത്. കോടതി കയറിയിറങ്ങേണ്ടിവന്ന ഇളവരസനെ നിയമപരമായി നീങ്ങാമെന്നു ആശ്വസിപ്പിച്ചിരുന്ന തിരുമാവളവൻ, സാഹചര്യങ്ങളുടെ സമ്മദ്ദങ്ങൾക്കു വഴങ്ങി കൈവിടുകയും ചെയ്തു. ആശ്രയമറ്റ ഇളവരസൻ ജീവനൊടുക്കിയത്, തിരുമാ അടക്കമുള്ള വി സി കെ നേതൃത്വത്തിന്റെ പരാജയമായി കരുതുന്നവരുണ്ട്.
ദലിത് മുന്നേറ്റങ്ങൾക്കും തിരുമാവളവന്റെ കരിസ്മാറ്റിക് നേതൃത്വത്തിനും ആനുപാതികമായ വിജയങ്ങൾ നേടാൻ വി സി കെയ്ക്ക് തിരഞ്ഞെടുപ്പുകളിൽ സാധിച്ചില്ല എന്നത് പാർട്ടിയുടെ വലിയൊരു ദൗർബല്യമാണ്.
വിവാദങ്ങൾ
ഇളവരസനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് പിന്മാറിയതും ശ്രീലങ്കൻ പ്രസിഡന്റ് രാജ്പക്‌സെയുമായിമായി, ഇന്ത്യൻ സർക്കാരിന്റെ പ്രതിനിധി സംഘാംഗമായി കൂടിക്കാഴ്ച്ച നടത്തിയതും തിരുമാവളവന്റെ പ്രതിച്ഛായയിൽ നിഴൽ വീഴ്ത്താൻ ഇടയാക്കി., മുൾവേലി ക്യാമ്പിൽ പാർപ്പിക്കപ്പെട്ട ശ്രീലങ്കൻ തമിഴ് അഭയാർഥികളുടെ ദുരിതാവസ്ഥ തിരുമാവളവൻ ലോക്സഭയിൽ അവതരിപ്പിച്ചതിനെ തുടർന്ന് ശ്രീലങ്കൻ സർക്കാരുമായി ചർച്ച നടത്താൻ യൂണിയൻ ഗവണ്മെന്റ് ഒരു സമിതി രൂപീകരിക്കാൻ തീരുമാനിച്ചു. തിരുമാവളവനെയും ഈ സമിതിയിൽ അംഗമാക്കി. ശീലങ്കൻ ഭരണകൂടത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്ന് പ്രസംഗങ്ങളിൽ ആവർത്തിക്കാറുള്ള തിരുമയുടെ ഈ നടപടി തമിഴ് ദേശീയത ഉയർത്തിപ്പിടിച്ചു പ്രവർത്തിക്കുന്നവരിൽ അതൃപ്തിയുണ്ടാക്കി.
സമിതി അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയിൽ 'ഇദ്ദേഹം പ്രഭാകരന്റെ അടുത്ത സുഹൃത്തതാണ്, യുദ്ധസമയത്ത് ഇവിടെയുണ്ടായിരുന്നെങ്കിൽ ഇദ്ദേഹവും വധിക്കപ്പെട്ടേനെ എന്ന് തിരുമവളവനെ ഉദ്ദ്യേശിച്ചു കളിയും കാര്യവുമായി രാജ്പക്സെ പറഞ്ഞത് വലിയ മാധ്യമ വാർത്തയായി. ഈ സന്ദർഭം തിരുമാവളവനു ഒഴിവാക്കാമായിരുന്നു എന്ന അഭിപ്രായമാണ് പൊതുവെ തമിഴ് ജനതയ്ക്കുണ്ടായിരുന്നത്.

തെരഞ്ഞെടുപ്പ് പ്രകടനങ്ങൾ
ദളിത് മുന്നേറ്റങ്ങൾക്കും തിരുമാവളവന്റെ കരിസ്മാറ്റിക് നേതൃത്വത്തിനും ആനുപാതികമായ വിജയങ്ങൾ നേടാൻ വി സി കെയ്ക്ക് തിരഞ്ഞെടുപ്പുകളിൽ സാധിച്ചില്ല എന്നത് പാർട്ടിയുടെ വലിയൊരു ദൗർബല്യമാണ്. പ്രത്യേക ബ്ലോക്കുകളിലല്ലാതെ സംസ്ഥാനം മുഴുവനുമായി ചിതറിക്കിടക്കുന്നതിനാൽ ഇരു മുന്നണികളുടെയും വിജയ സാധ്യതയെ സ്വാധീനിച്ചു വന്നതല്ലാതെ വി സി കെ യ്ക്ക് കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാനായിട്ടില്ല. 1999 -ലെ ലോക്സഭാ തിരഞ്ഞെടുപ്പാണ് ഡി എം കെ, എ ഡി എം കെ മുന്നണികളുടെ ശ്രദ്ധ വിസികെയിൽ പതിയുന്നത്. കോൺഗ്രസ്സിൽ നിന്നു തെറ്റി തമിഴ്‌നാട് മാനില കോൺഗ്രസ്സ് രൂപീകരിച്ച മൂപ്പനാറിന്റെ നിരന്തര പ്രയത്നത്തിന്റെ ഭാഗമായി പുതിയ തമിഴകം, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, വിസികെ ഉൾപ്പെട്ട മൂന്നാം മുന്നണി രൂപീകരിക്കപ്പെട്ടു. വാഗ്ദാനം ചെയ്യപ്പെട്ട 5 സീറ്റുകളിൽ മത്സരിക്കാൻ ആളും അർത്ഥവുമില്ലെന്ന് കണ്ടു തിരുമവളവനടക്കം രണ്ടുപേർ മാത്രമാണ് വിസികെ സ്ഥാനാർഥികളായി രംഗത്തിറങ്ങിയത്. എന്നാൽ ഇവർ സമാഹരിച്ച വോട്ടുകളാകട്ടെ, അപ്രതീക്ഷിതവുമായിരുന്നു ( ചിദംബരത്ത് മത്സരിച്ച തിരുമാവളവന് രണ്ടു ലക്ഷത്തോളവും കടലൂർ സ്ഥാനാർഥിക്കു ഒരു ലക്ഷം വോട്ടുകളും ലഭിച്ചു ).
മാഞ്ചോലയിലെ തേയിലത്തോട്ട തൊഴിലാളി സമരവുമായി ബന്ധപ്പെട്ടു ദളിത് പാർട്ടിയായ 'പുതിയ തമിഴക'ത്തിന്റെ നേതാവ് കൃഷ്ണ സ്വാമി ചെന്നൈയിൽ നടത്തി വന്ന നിരാഹാരസമരത്തിലേക്ക് തിരുമാവളവനെ ക്ഷണിച്ചുവരുത്തിയാണ് മൂപ്പനാർ മുന്നണി രൂപീകരണത്തിന് മുൻകൈ എടുത്തത്. മൂപ്പനാരെ പോലുള്ള ജന്മിപരമ്പരയിൽപ്പെട്ട നേതാവുമായുള്ള രാഷ്ട്രീയ ബാന്ധവത്തോട് തിരുമാവളവൻ ആദ്യം വിസമ്മതിച്ചെങ്കിലും, സന്ദർഭവശാൽ വഴങ്ങേണ്ടി വന്നു. ഡി എം കെ , കോൺഗ്രസ്സ് , എ ഡിഎം കെ കക്ഷികളിൽ നിന്നകന്ന മൂപ്പനാർക്കു നിലനിൽപ്പിനു വേണ്ടി ദളിത് സംഘടനകളെ ആശ്രയിക്കേണ്ടി വന്ന ഈ രാഷ്ട്രീയ സാഹചര്യത്തിന് ഏറെ ചരിത്ര സവിശേഷതയുണ്ട്.
READ: ‘സ്റ്റാലിൻ അങ്കിൾ'
v/s ‘വിജയ് അണ്ണൻ’;
പുത്തൻ വെട്രി സമവാക്യങ്ങൾ
READ: മുന്നണിയാകാം,
മുന്നണിഭരണം വേണ്ട,
എടപ്പാടിയുടെ കരുനീക്കങ്ങൾ
READ: തമിഴ്‌നാട് ബി.ജെ.പിയുടെ 'സുവർണ്ണാവസര'ങ്ങൾ
READ: OPS:
രാഷ്ട്രീയ വനവാസമോ
നിൽക്കക്കള്ളി രാഷ്ട്രീയമോ?
READ: വിജയകാന്തിനുശേഷം
DMDK എവിടെ നിൽക്കുന്നു?
2001 -ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി ജി പി ഉൾപ്പെട്ട ഡിഎംകെ മുന്നണിയിൽ മത്സരിച്ച് മംഗലൂർ മണ്ഡലത്തിൽ നിന്ന് തിരുമാവളവൻ ആദ്യ ജയം സ്വന്തമാക്കി. ഈ തിരഞ്ഞെടുപ്പിൽ എ ഡി എം കെ ക്കെതിരെ വിശാല മുന്നണി രൂപീകരിക്കാൻ ബിജെപിയെ കൂടാതെ വിസികെ, പുതിയ തമിഴകം, മക്കൾ തമിഴ് ദേശം തുടങ്ങിയ ദളിത് സംഘടനകളുമായി ചേർന്ന് ഡിഎംകെ മുന്നണി ബന്ധം സ്ഥാപിച്ചു. എ ഡി എം കെ അധികാരത്തിലേറിയ ആ തിരഞ്ഞെടുപ്പിൽ ഡി എം കെ ക്ക് 31 സീറ്റുകൾകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. തിരുമാവളവൻ മാത്രമായിരുന്നു മുന്നണിയിൽ നിന്ന് ജയിച്ച ഏക ഘടക കക്ഷി സ്ഥാനാർഥി. വി സികെ ക്കും ഡി എം കെ യ്ക്കുമിടയിൽ പ്രത്യയ ശാസ്ത്രപരമായ ചില അസ്വാരസ്യങ്ങൾ ഉണ്ടാകുന്നത് ഈ സന്ദർഭത്തിലാണ്.
ദലിത് സമുദായത്തിന്റെ പ്രതിരോധവും മുന്നേറ്റവും ലക്ഷ്യമിട്ട് രൂപീകരിക്കപ്പെട്ട വി സി കെയെ, തമിഴ് ദേശീയത ഉയർത്തിപ്പിടിക്കുന്ന, അടിച്ചമർത്തപ്പെടുന്ന എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന രീതിയിൽ സംഘടനാപരമായി ക്രമപ്പെടുത്താൻ തിരുമാവളവൻ ശ്രമിച്ചു.
സ്വയംഭരണാവകാശം, സാമൂഹിക നീതി, തമിഴ് ദേശീയത എന്നിങ്ങനെ മുഖ്യധാര ദ്രാവിഡ കക്ഷികളുടെ ഉപരിപ്ലവ പ്രായോഗിക രാഷ്ട്രീയ വഴിയിൽ നിന്നു മുന്നോട്ടു പോയി അധികാര ഘടന, സാംസ്‌കാരിക -ഭരണതലത്തിലെ ബ്രാഹ്മണിക്കൽ മേൽക്കോയ്മ തുടങ്ങിയവയ്ക്കെതിരെ തെരുവുകൾ തോറുമുള്ള പ്രചാരണ പ്രവർത്തനങ്ങൾ വി സി കെ ആരംഭിച്ചു. തമിഴ് ദേശീയതയുമായി ബന്ധപ്പെട്ട തീവ്ര ആശയങ്ങളും ദ്രാവിഡപാർട്ടികൾ ഈ വിഷയത്തിൽ കാണിക്കുന്ന നിക്ഷിപ്ത താല്പര്യങ്ങളും തുറന്നുകാട്ടുന്ന സാംസ്‌കാരിക പരിപാടികൾക്ക്, ഫലത്തിൽ ദ്രാവിഡ കക്ഷികളുടെ സാമ്പ്രദായികതയുമായി ഏറ്റുമുട്ടേണ്ടി വന്നു. കൂട്ടത്തിൽ ഡി എം കെ ക്കെതിരെയുള്ള ഒളിയമ്പുകളും വി സി കെ യുടെ ഭാഗത്ത് നിന്നുണ്ടായതോടെ ഇരു പാർട്ടികൾക്കും ഇടയിൽ അത് വിള്ളൽ വീഴ്ത്തി. ഡി എം കെ ചിഹ്നത്തിൽ മത്സരിച്ചാണ് തിരുമാവളവൻ ജയിച്ചതെന്ന പരിഹാസം ഉയർന്നു. നിയമസഭയിൽ സംസാരിക്കാൻ പോലും അനുവദിക്കാത്തവിധം വിധം എഡിഎംകെ അംഗങ്ങൾ നിരന്തരമായി തടസ്സപ്പെടുത്തി. എല്ലാറ്റിനും ഉപരി, പാർട്ടി പ്രവർത്തനത്തിൽ സമയം കണ്ടെത്താനാവാത്ത അവസ്ഥയും സംജാതമായപ്പോൾ 2004 - ൽ തിരുമവളവൻ നിയമസഭാംഗത്വം രാജിവെച്ചു.
2006 - ൽ എ ഡി എം കെ മുന്നണിയിൽ ചേർന്ന് 9 സീറ്റുകളിൽ മത്സരിച്ചു, രണ്ടെണ്ണത്തിൽ വിജയിച്ചു. 2011 -ൽ ഡിഎംകെ മുന്നണിയിൽ പോരാട്ടത്തിനിറങ്ങിയ പത്ത് സീറ്റുകളിലും പരാജയപ്പെട്ടു. 2016 - ലെ ജനപക്ഷ മുന്നണിയിൽ തിരഞ്ഞെടുപ്പ് നേരിട്ടപ്പോഴും ഫലം മറ്റൊന്നായിരുന്നില്ല. ഡി എം കെ മുന്നണിയുടെ ഭാഗമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ്, മത്സരിച്ച ആറിൽ നാലുസീറ്റുകളിലും ജയം നേടാനായത്. ലോക്സഭാ തിരഞ്ഞെടുപ്പുകളിലും കാര്യമായ നേട്ടങ്ങൾ അവകാശപ്പെടാനായിട്ടില്ലെങ്കിലും 2024 -ലെ ഡി എം കെ തരംഗത്തിൽ മുന്നണിയുടെ ഭാഗമായി മത്സരിച്ച രണ്ടു സീറ്റുകളിലും ജയിച്ചു താരതമ്യേന മികച്ച പ്രകടനം കാഴ്ച വെച്ചു.

ഹിന്ദുത്വക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് വിരാമമിട്ടില്ലെങ്കിലും ബി ജെ പി ഉൾപ്പെട്ട മുന്നണിയിൽ മത്സരിച്ചതും ( 2001 ) എൽ ടി ടി ഇ ക്കെതിരെ ശ്രീലങ്കൻ സർക്കാരിനു പിന്തുണ നൽകിയ കോൺഗ്രസുമായുള്ള സഖ്യവും വി സി കെ യുടെ രാഷ്ട്രീയ നിലപാടിലെ വൈരുധ്യങ്ങളായി ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്.
ദളിത് സമുദായത്തിന്റെ പ്രതിരോധവും മുന്നേറ്റവും ഉദ്ദ്യേശിച്ചു രൂപീകരിക്കപ്പെട്ട വി സി കെയെ, അത്തരത്തിൽ പരിമിതപ്പെടുത്താതെ, തമിഴ് ദേശീയത ഉയർത്തി പിടിക്കുന്ന, അടിച്ചമർത്തപ്പെടുന്ന എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന രീതിയിൽ സംഘടനാപരമായി ക്രമപ്പെടുത്താനും തിരുമാവളവൻ ശ്രമിച്ചു. എണ്ണത്തിൽ കുറഞ്ഞ ജനപ്രതിനിധികളേ വി സി കെയ്ക്ക് ഉള്ളതെങ്കിലും അവരിൽ ചിലർ വണ്ണിയർ, തേവർ സമുദായങ്ങളിൽ നിന്നുള്ളവരാണ് എന്നത് ഇതിനുള്ള പ്രധാന തെളിവാണ്. രാഷ്ട്രീയ എതിരാളിയായ രാമദാസിന്റെ പൊതുപ്രവർത്തനങ്ങൾക്ക് പോകെപ്പോകെയുണ്ടായ സങ്കുചിത്വത്തിൽ നിന്നും ഭിന്നമായി വിശാലമായ ഒരു തുറസ്സിലേക്ക് വളരാൻ തിരുമായ്ക്ക് സാധിച്ചു. എന്നാൽ പാർട്ടിയിൽ ശക്തമായ ഒരു രണ്ടാം നിരയെ വളർത്തിയെടുക്കാൻ സാധിച്ചില്ല എന്നത് വലിയൊരു പോരായ്മ തന്നെയാണ്.
തെരഞ്ഞെടുപ്പ് സഖ്യം
സീറ്റു പങ്കിടൽ, മന്തിസഭയിലെ പങ്കാളിത്തം പോലുള്ള കാര്യങ്ങളിലെ വി സി കെ യുടെ അതൃപ്തിയും മറ്റും ഡി എം കെ യോടുള്ള അസ്വാരസ്യമായി അന്തരീക്ഷത്തിൽ നിലനിൽക്കുന്നുണ്ടെങ്കിലും, മുന്നണി ബന്ധത്തിൽ അത് പ്രതിഫലിക്കാനിടയില്ല. ഡി എം കെ മുന്നണിയിലെ പ്രധാന സഖ്യ കക്ഷിയായി തന്നെ വി സി കെ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമെന്നു നിസ്സംശയം പറയാം. ഡി എം കെയുമായി വി സി കെ അകലുന്നു എന്ന മട്ടിൽ സാമൂഹിക മാധ്യമങ്ങളിൽ വാർത്തകൾ പരന്നപ്പോൾ അത്തരം പ്രചാരണങ്ങളിൽ നിന്ന് മാറി നില്ക്കാൻ തിരുമാവളവൻ അണികളോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ വിലപേശലുകളെക്കാൾ പാർട്ടിയുടെ പ്രത്യയ ശാസ്ത്ര പ്രതിബദ്ധതയ്ക്കാണിപ്പോൾ മുൻഗണന നൽകേണ്ടതെന്നും പാർട്ടിയോഗങ്ങളിൽ അദ്ദേഹം ആവർത്തിക്കുന്നു.
