21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി; ഭാഗം 6
▮
ആഗോള കമ്പ്യൂട്ടർ ശൃംഖലകളുടെ പ്രവർത്തനത്തെ നിശ്ചലമാക്കുന്ന ‘വൈ 2 കെ’ (Y2K) പ്രതിസന്ധിയെ അഭിമുഖീകരിച്ചുകൊണ്ടാണ് പുതിയ സഹസ്രാബ്ദം പിറന്നത്. നേരത്തെ തിരിച്ചറിഞ്ഞ പ്രതിസന്ധിയായതിനാൽ ഇതിനെ നേരിടാൻ ടെക് കമ്പനികളും ബാങ്കിങ് ഫിനാൻസ് സ്ഥാപനങ്ങളും ധാരാളമായി സാങ്കേതിക തൊഴിലാളികളെ റിക്രൂട്ട് ചെയ്തിരുന്നു.
തൊണ്ണൂറുകളുടെ അവസാനത്തോടെയാണ് ഐ.ടി വിപ്ലവം ആഗോള സംഭവമായി തുടങ്ങിയത്. ഗൂഗ്ൾ തിരച്ചിൽ യന്ത്രവും എല്ലാവർക്കും ഉപയോഗത്തിനായി ലഭ്യമാകുന്നത് കഴിഞ്ഞ നൂറ്റാണ്ട് അവസാനത്തോടെ. ജി മെയിൽ ആരംഭിക്കുന്നത് 2000-നുശേഷമാണ്. വൈ 2 കെയും ഡോട്ട് കോം ആദ്യകാല സോഫ്റ്റ് വെയർ ഇ കോമേഴ്‌സ് സ്റ്റാർട്ടപ്പുകളും ഐ.ടി മേഖലയിൽ തൊഴിൽ ബൂം (boom) സൃഷ്ടിച്ചു.
അക്കാലത്തെ ‘ദ ഹിന്ദു’ പത്രത്തിന്റെ തൊഴിലവസര സപ്ലിമെന്റ്, നിറയെ പേജുകളുള്ള പ്രസിദ്ധീകരണമായിരുന്നു. ഹൈദരാബാദും ബാംഗ്ലൂരും ആഗോള ഐ.ടി ഭൂപടത്തിൽ സ്ഥാനം പിടിക്കുന്നതും ഇതോടെയാണ്. എന്നാൽ, ഈ തൊഴിൽ ബൂം വളരെയധികം നീണ്ടുനിന്നില്ല. 2000- ന്റെ പിറവിയോടെ ഇന്റർനെറ്റിന്റെ വാണിജ്യ സവിശേഷതകൾ പിന്തുടർന്ന് അനവധി ഡോട്ട്കോം കമ്പനികൾ സ്ഥാപിക്കപ്പെട്ടു, ഇതൊരു മുഖ്യ പ്രവണതയാകുകയും ചെയ്തു. വിദേശത്തും ധാരാളം തൊഴിലവസരങ്ങളുണ്ടായി. ഓരോ പുത്തൻ ആശയങ്ങളെയും ആധാരമാക്കി വെൻച്വർ മൂലധനം സ്വീകരിച്ചാണ് ഡോട്ട്കോമുകൾ സ്ഥാപിക്കപ്പെട്ടത്.
വായിക്കാം, കേൾക്കാം: 21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി
കാലാവസ്ഥാമാറ്റവും
നിർമിതബുദ്ധിയും;
മലയാളി വേവലാതികളെന്ന
നിലയിൽ
മലയാളിയുടെ
മാധ്യമാസക്തിയുടെ
Algorithm
പുത്തൻ വലതുപക്ഷത്തിന്റെ
25 വർഷങ്ങൾ
വിമർശനാത്മക ചിന്തയുടെ ഉന്മൂലനം,
വിലയിടിഞ്ഞ സാംസ്കാരിക ബുദ്ധിജീവിതം
Algo New Speak
മീമുകൾ മാത്രം മതി
2001 കഴിയുന്നതോടെ ഡോട്ട്കോം പ്രവർത്തനങ്ങൾ കൃത്യമായ വാണിജ്യമാതൃകയുടെ അഭാവത്തിലും രണ്ടാം ഘട്ട വികസനത്തിനായുള്ള മൂലധനത്തിന്റെ അപ്രാപ്യതയാലും തകരാൻ തുടങ്ങി. നാസ്ഡാക് (NASDAQ) ലിസ്റ്റ് ചെയ്ത ടെക് കമ്പനികളുടെ സ്റ്റോക്കുകൾ ഒറ്റയടിക്ക് തകർന്നു. ഡോട്ട്കോം കേവലം കുമിളയായിരുന്നു. ഈ തകർച്ച മറ്റു മേഖലകളിലേക്കും വ്യാപിച്ചെങ്കിലും ഏറ്റവും ആഘാതം സൃഷ്ടിച്ചത് ഐ.ടി മേഖലയെ തന്നെയാണ്. വ്യാപക പിരിച്ചുവിടലിനാണ് ലോകം പിന്നെ സാക്ഷ്യം വഹിച്ചത്. ഡോട്ട്കോമുകൾ പൊട്ടിപ്പോവുകയും പിരിച്ചുവിടൽ വ്യാപകമാവുകയും തൊഴിലില്ലാ പ്രഫഷണലുകളുടെ വൻപട സൃഷ്ടിക്കപ്പെടുകയും ചെയ്തു. ഇത് പ്രതിസന്ധി കനപ്പിച്ചു. വ്യാപക പിരിച്ചുവിടൽ (massive layoff) ആദ്യമായി ആഗോള യാഥാർഥ്യമായി അനുഭവപ്പെട്ടു തുടങ്ങുന്നത് അവിടം മുതൽക്കാണ്.

2000-ന്റെ തുടക്കത്തിൽ ഒരു ഡോട്ട് കോം കമ്പനി മാത്രമായിരുന്ന 'ആമസോൺ' ആയിരത്തിലധികം തൊഴിലാളികളെയാണ് ഒറ്റയടിക്ക് പിരിച്ചുവിട്ടത്. പിന്നീട് ആമസോൺ ലോകത്തിലെ വമ്പൻ ടെക് കമ്പനികളൊന്നായെങ്കിലും കഴിഞ്ഞ 25 വർഷങ്ങളിൽ ആഗോളതലത്തിൽ ഓരോ ഘട്ടങ്ങളിലും ഏറ്റവും തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്ന കമ്പനിയുമാണ് ജെഫ് ബെസോസിന്റെ ആമസോൺ. ആഗോള പട്ടികയിലെ ആദ്യ അഞ്ചു പേരിൽ ശതകോടീശ്വരനായ ജെഫ് ബെസോസിന്റെ വളർച്ചയും ഈ 25 വർഷങ്ങൾക്കുള്ളിലാണ് സംഭവിച്ചത്.
ആമസോൺ ബിസിനസ്സ് വ്യാപനത്തിന്റെ ഭാഗമായി ഇതര മേഖലകളിലെ പ്രധാന സ്ഥാപനങ്ങൾ വാങ്ങുകയും കോർപറേറ്റ് സംരംഭത്തിലേക്ക് ചേർക്കുകയും ചെയ്തു. വാഷിംഗ്ടൺ പോസ്റ്റ് ജെഫ് ബെസോസ് 2013-ൽ രണ്ടായിരത്തിലധികം കോടി രൂപയ്ക്കാണ് വാങ്ങിയത്. വാഷിംഗ്‌ടൺ പോസ്റ്റിന്റെ ഡിജിറ്റൽവൽക്കരണമാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് വാങ്ങുന്ന സമയത്ത് പ്രഖ്യാപിച്ച ജെഫ് ബെസോസ്, അന്നു മുതൽ പല ഘട്ടങ്ങളിലായി എഡിറ്റോറിയൽ ഉൾപ്പെടെയുള്ള എല്ലാ മേഖലയിലെയും തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിട്ടു.
ആമസോണും അനുബന്ധ കമ്പനികളും നടത്തിയ കൂട്ട പിരിച്ചുവിടൽ അഥവാ രക്തച്ചൊരിച്ചിൽ (bloodbath) ലക്ഷത്തിനടത്തുവരും. അതേസമയം, ജെഫ് ബെസോസിന്റെ സാമ്പത്തികവളർച്ച ഈ കഴിഞ്ഞ കാലങ്ങളിൽ അഞ്ചിരട്ടി എന്ന ക്രമത്തിലാണ് ഉയർന്നത്.
44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്തശേഷം എലോൺ മസ്‌ക് ആദ്യം ചെയ്തത് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമിലെ ഏകദേശം 50% ജീവനക്കാരെ വിവേചനരഹിതമായി പിരിച്ചുവിടുകയാണ്.
2026 ഫെബ്രുവരിയിൽ ഏറ്റവും അവസാനം റിപ്പോർട്ട് ചെയ്ത കൂട്ടപിരിച്ചുവിടലിൽ, വാഷിംഗ്‌ടൺ പോസ്റ്റിൽ നിന്ന് 300 തൊഴിലാളികളെയാണ് ഒഴിവാക്കിയത്. 2024-26 കാലത്ത് അച്ചടി എഡിഷന്റെ സബ്സ്ക്രൈബർ എണ്ണം ക്രമാതീതമായി കുറഞ്ഞതിന് ഒരു കാരണമായി കണ്ടെത്തിയത് ട്രംപിന്റെ പ്രസിഡൻഷ്യൻ സ്ഥാനാർഥിത്വത്തെ പിന്തുണച്ചില്ല എന്നതാണ്. വാഷിംഗ്‌ടൺ പോസ്റ്റ് എഡിറ്റോറിയൽ സ്വാതന്ത്ര്യം വിനിയോഗിച്ച് ട്രംപിന്റെ നയങ്ങളെ എതിർത്തിരുന്നു.
മുതലാളിത്തത്തിന്റെ ആവിർഭാവം മുതൽക്കേ കൂട്ടൽ പിരിച്ചുവിടൽ യാഥാർഥ്യമാണ്. മൂലധന വ്യവസ്ഥയുടെ ചാക്രിക പ്രതിസന്ധിയുടെ ആദ്യ ആഘാതം ഏറ്റുവാങ്ങുന്നത് കൂലിവേല ചെയ്യുന്നവരാണ്. പക്ഷെ ആഗോളീകരണത്തിനു മുമ്പുവരെയുള്ള ഓരോ സവിശേഷ മേഖലയിലെയും പിരിച്ചുവിടലിന്റെ ആഘാതം ലോകത്തിനു മുഴുവൻ അനുഭവവേദ്യമായില്ല. മാത്രമല്ല, തൊണ്ണൂറുകളിൽ അമേരിക്കൻ കാർ ഉല്പാദന ആസ്ഥനമായ ഡെട്രോയിറ്റിൽ (Detroit) നടന്ന വ്യാപക പിരിച്ചുവിടലും വ്യവസായങ്ങളുടെ അടച്ചുപൂട്ടലും ഉല്പാദന പ്രതിസന്ധി മൂലം സംഭവിച്ചതല്ല, മറിച്ച്, ചൈന ഉൾപ്പെടെയുള്ള മൂന്നാം ലോക രാജ്യങ്ങളിലേക്ക് കുറഞ്ഞ വേതനമുള്ള തൊഴിലാളികളെ തേടി ഉത്പാദനത്തെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റിസ്ഥാപിച്ചതുകൊണ്ട് സംഭവിച്ചതാണ്.

പിന്നീടുള്ള ചരിത്രം വ്യവസായിക ഔട്സോഴ്സിങ്ങിന്റെയാണ് (outsourcing). ഐ.ടി മേഖലയിലാണ് ഈ പ്രവണത വ്യാപകമായത്. ഇതിന്റെ ഭാഗമായി അതാതു മേഖലയിലെ അനുദിന പ്രതിസന്ധികൾ ആഗോളമായി തന്നെ അനുഭവപ്പെടാൻ തുടങ്ങി. കൂട്ട പിരിച്ചുവിടൽ ആഗോളീകൃതമാകാൻ തുടങ്ങിയത് ഔട്സോഴ്സിങ് സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമായാണ്. ഔട്സോഴ്സിങ് മേഖലയിൽ മാത്രമായി ഒതുങ്ങുന്നതുമല്ല പിരിച്ചുവിടൽ. ഒരു മേഖലയിലുണ്ടാകുന്ന പ്രതിസന്ധി ആഗോളമായി സമാന മേഖലകളിലേക്കും പടരാൻ തുടങ്ങി. മാധ്യമ മേഖലയിലെ പ്രതിസന്ധിയും പിരിച്ചുവിടലും ആഗോളമായി കമ്പനങ്ങൾ സൃഷ്ടിച്ചു. മുതലാളിത്ത പ്രതിസന്ധി ഒരു ആഗോളവ്യാധിയുടെ എല്ലാ ലക്ഷണവുമുള്ളതാണ്. പിരിച്ചുവിടൽ ആഗോള പകർച്ചവ്യാധി പോലെയാണ് പടരുന്നത് (global contagion).
കൂട്ട പിരിച്ചുവിടലിന്റെ പകർച്ചവ്യാധി പുതിയ നൂറ്റാണ്ടിൽ നവസാധാരണീകരണമായി (New Normal). നവ സമ്പദ് വ്യവസ്ഥയുടെ ഓരോ സവിശേഷ മേഖലയിലും കൂട്ടപിരിച്ചുവിടൽ സ്ഥിരം ഏർപ്പെടായി. കൂട്ട പിരിച്ചുവിടൽ ഏതാണ്ട് തൊണ്ണുറുകൾ വരെ കോർപറേറ്റ് പരാജയത്തിന്റെ സൂചനയായിരുന്നു. സി.ഇ.ഒമാർ വ്യക്തിഗതമായി ഉത്തരവാദിത്തമേറ്റെടുക്കേണ്ടിവന്നു. മാത്രമല്ല, കൂട്ട പിരിച്ചുവിടൽ കോർപറേറ്റുകളുടെ സ്റ്റോക്ക് വില താഴേക്കു കൊണ്ടുവന്നു.
എന്നാൽ, രണ്ടായിരത്തോടെ കൂട്ട പിരിച്ചുവിടൽ കോർപറേറ്റ് കാര്യക്ഷമതയുടെ സൂചനയായി ധനകാര്യ മാധ്യമങ്ങൾ അവതരിപ്പിക്കാൻ തുടങ്ങി. അനാവശ്യമായി അടിഞ്ഞുകൂടിയ മാംസം ഒഴിവാക്കി ഫിറ്റ്നസ് വീണ്ടെടുക്കുക എന്നായി ചിത്രീകരണം. ടെക് കമ്പനികൾ മാധ്യമ മേഖലയിലേക്കുകൂടി കടന്നുവന്നതോടെ മാധ്യമ മേഖലയിലുണ്ടായിരുന്ന സുരക്ഷിതത്വവും നഷ്ടപ്പെട്ടു. സ്വന്തം മേഖലയിലെ കൂട്ട പിരിച്ചുവിടലുകളെക്കുറിച്ച് മാധ്യമങ്ങൾ നിശ്ശബ്ദത പുലർത്താൻ നിർബന്ധിതമായി.
കോവിഡ് സമയത്ത് പിരിച്ചുവിട്ട മാധ്യമപ്രവർത്തകരിൽ 80 ശതമാനവും രാജിവയ്ക്കാൻ നിർബന്ധിതരാകുകയായിരുന്നു. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നൽകുന്ന വിവരമനുസരിച്ച് 37 ശതമാനം തൊഴിലാളികൾക്കു മാത്രമാണ് പിരിച്ചുവിടലിന്റെ ഭാഗമായി ബാക്കി വേതനം ലഭിച്ചത്.
കൂട്ടപിരിച്ചുവിടലിനെ പകർച്ചവ്യാധി എന്നു വിളിക്കാൻ കാരണമുണ്ട്. ഒരു സവിശേഷ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനം കൂട്ട പിരിച്ചുവിടൽ നടത്തിയാൽ സമാനമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഇതാവർത്തിക്കുന്ന പ്രവണത ആഗോള പ്രക്രിയയി ഉടനെ മാറുന്നു. കോപിക്യാറ്റ് (copycat layoffs) എന്നാണ് ഇതിനെ വിളിക്കുന്നത്. ബിഗ് ടെക് കമ്പനികൾ സ്ഥിരമായി പിന്തുടരുന്ന രീതിയാണിത്. റിട്ടയർമെന്റ് എന്ന സങ്കല്പനം പുതിയ വ്യവസായിക മേഖലയിലെ ജോലിക്ക് ബാധകമല്ല, ഒരു തൊഴിലാളിയുടെ നൈപുണ്യം എപ്പോഴാണോ കമ്പനിക്ക് ആവശ്യമില്ലാതെയാകുന്നത്, അന്നു മുതൽക്ക് അവർ അനാവശ്യമാണ് (useless). പുതിയ കാല retrenchment തൊഴിലാളികളെ ഉപയോഗശൂന്യരാക്കുന്ന പ്രവൃത്തിയാണ് നിർവഹിക്കുന്നത്.
44 ബില്യൺ ഡോളറിന് ട്വിറ്റർ ഏറ്റെടുത്തശേഷം എലോൺ മസ്‌ക് ആദ്യം ചെയ്തത് സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമിലെ ഏകദേശം 50% ജീവനക്കാരെ വിവേചനരഹിതമായി പിരിച്ചുവിടുകയാണ്. മസ്‌ക് നിലവിലുള്ള ജീവനക്കാർക്ക് അന്ത്യശാസനം നൽകിയതായി റിപ്പോർട്ടുണ്ട്: പുതിയ ‘ഹാർഡ്‌കോർ’ ട്വിറ്റർ 2.0-ൽ, അതായത് എക്സിനോട് പ്രതിജ്ഞാബദ്ധരാകുക അല്ലെങ്കിൽ ഒരു പിരിച്ചുവിടൽ പാക്കേജോടെ വിടുക. അസാധാരണമായ ഉൽപ്പാദനക്ഷമത പ്രകടിപ്പിക്കുന്നവരെ മാത്രമേ മസ്‌ക് ആഗ്രഹിക്കുന്നുള്ളൂ എന്നതിനാൽ, അദ്ദേഹത്തിന്റെ ജീവനക്കാർ ദീർഘനേരം ജോലി ചെയ്യുകയും തീവ്രതയോടെ പ്രവർത്തിക്കുകയും ചെയ്യണമെന്നാണ് മസ്‌ക് ആവശ്യപ്പെട്ടത്.
ട്വിറ്റർ മസ്‌ക് ഏറ്റെടുത്തതോടെ നടത്തിയ കൂട്ടപിരിച്ചുവിടൽ ഉടനടി ഐ.ടി മേഖലയിലേക്ക് പടർന്നു. പിരിച്ചുവിടേണ്ടവിധം പ്രതിസന്ധി നേരിടാതെ തന്നെ ടെക് കമ്പനികൾ പിരിച്ചുവിടൽ നടപടി നടപ്പാക്കിയത്, ‘നേതാവിനെ പിന്തുടരുക’ എന്ന കൂട്ട മാനസികാവസ്ഥകാരണത്താലാണ് (herd mentality). മെലിഞ്ഞ സ്ഥാപനമാണ് (lean organization) അഭികാമ്യമെന്നു പറയുമ്പോഴും ടെക് സ്ഥാപനങ്ങൾ വ്യാപകമായി റിക്രൂട്ട് ചെയ്യൽ തുടരുന്നു. ഇതും പകർച്ചവ്യാധിപോലെയാണ്. ഒരു പ്രധാന ടെക് സ്ഥാപനം കൂടുതൽ പേരെ ജോലിക്കെടുത്താൽ അത് എല്ലാവർക്കും പിന്തുടരാനുള്ള അനുജ്ഞയാകുന്നു. സ്റ്റോക് വിലയുടെ ഉയർച്ച മാത്രമേ മാനദണ്ഡമാകുന്നുള്ളു. അതിന്റെ ഉയർച്ച താഴ്ചകൾ അത്രതന്നെ യുക്തിപരവുമല്ല.

കൂട്ട പിരിച്ചുവിടൽ നവസാധാരണീകരണമാകുന്നതും (new normal) യാതൊരു പ്രതിരോധവുമില്ലാതെ പൊതുസമ്മതമാകുന്നതും കോവിഡിന്റെ ആഗോള വ്യാപനത്തോടെയാണ്. സമഗ്രമായ ഡിജിറ്റൽ പരിവർത്തനത്തനവും ഓട്ടോമേഷനും നിർമിത ബുദ്ധിയുടെ കടന്നുവരവിന് വഴിയൊരുക്കുകയായിരുന്നു. കോവിഡിന്റെ പ്രധാന ആഘാതം തൊഴിൽ മേഖലയിലെ രക്തചൊരിച്ചിലാണ്.
തൊഴിലുകളുടെ എണ്ണം കുറയ്ക്കാൻ മുൻകൂട്ടി തയ്യാറാക്കപ്പെട്ട പദ്ധതി നടപ്പാക്കാൻ പറ്റിയ സന്ദർഭം എന്ന നിലയ്ക്കാണ് കോവിഡിന്റെ ലോക്ക് ഡൗൺ കാലഘട്ടം മുതലാളിത്ത സംരംഭങ്ങൾ ഉപയോഗിച്ചത്. വ്യവസായ മേഖലയിൽ, ടെക് മേഖലയിൽ, മാധ്യമ രംഗത്ത് വ്യാപക പിരിച്ചുവിടൽ നടന്നു. അനൗപചാരിക മേഖലയിൽ തൊഴിലുകൾ തന്നെ നിർമാർജ്ജനം ചെയ്യപ്പെട്ടു. അച്ചടിയിൽ നിന്ന് ഡിജിറ്റലിലേക്കുള്ള പരിവർത്തനത്തിന് ഘട്ടം ഘട്ടമായി തൊഴിലുകളെ പുനഃക്രമീകരിക്കുന്ന പ്രക്രിയയല്ല നടന്നത്. പകരം മാധ്യമ മേഖലയിൽ കൂട്ട പിരിച്ചുവിടലാണ് നടന്നത്. എഡിഷനുകൾ നിർത്തിയും സപ്ലിമെന്റുകൾ അവസാനിപ്പിച്ചും എഡിറ്റോറിയൽ തൊഴിലുകളുടെ എണ്ണം കുറച്ചുമാണ് പിരിച്ചുവിടൽ നടപ്പാക്കിയത്.
News Laundry ഓൺലൈൻ നൽകുന്ന കണക്കനുസരിച്ച് കോവിഡ് സമയത്ത് പിരിച്ചുവിട്ട മാധ്യമപ്രവർത്തകരിൽ 80 ശതമാനവും രാജിവയ്ക്കാൻ നിർബന്ധിതരാകുകയായിരുന്നു, അല്ലെങ്കിൽ പിരിച്ചുവിടപ്പെട്ടു. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ നൽകുന്ന വിവരമനുസരിച്ച് 37 ശതമാനം തൊഴിലാളികൾക്കു മാത്രമാണ് പിരിച്ചുവിടലിന്റെ ഭാഗമായുള്ള ബാക്കി വേതനം ലഭിച്ചത്. സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥകൾ പോലും ലംഘിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
ഇൻഫോസിസ് സ്ഥാപകനായ നാരായണ മൂർത്തി സമീപകാലത്ത് സ്ഥിരമായി ഉന്നയിക്കുന്ന ഒരു കാര്യമാണ്, തൊഴിൽ സമയം നിയമപരമായി വർധിപ്പിക്കണമെന്നത്.
പിരിച്ചുവിടലിന്റെ ദയാദക്ഷിണമില്ലായ്‌മയാണ് നവസാധാരണീകരണത്തെ വ്യത്യസ്തമാക്കുന്നത്. പിരിച്ചുവിടൽ നോട്ടീസ് ലഭിക്കുന്നത് പിരിച്ചുവിടപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾ മുമ്പ് മാത്രമായിരിക്കും. പിരിച്ചുവിടലിന്റെ കാരണം ജീവനക്കാരെ ബോധിപ്പിക്കേണ്ട ആവശ്യം ഇന്നില്ലാതായിരിക്കുന്നു. രക്തചൊരിച്ചിൽ എന്നു വിളിക്കുന്നതിനുള്ള കാരണവും ഇതു തന്നെ. വ്യവസ്ഥാപിതമല്ലാത്ത പിരിച്ചുവിടലിനെതിരെ ശബ്ദമുയർത്തേണ്ട മാധ്യമങ്ങളിൽ തന്നെയാണ് അനധികൃത പിരിച്ചുവിടൽ നടപ്പാക്കിയത്. ഏറ്റവും കൗതുകകരമായ വസ്തുത, പിരിച്ചുവിടലിൽ മാനേജ്‌മെന്റ് നേരിട്ടു പ്രത്യക്ഷമായില്ല. പകരം, എഡിറ്റോറിയൽ തലവന്മാരെയാണ് രക്തച്ചൊരിച്ചിലിനു നിയോഗിച്ചത്. സ്വന്തം അതിജീവനം മുഖ്യമായതുകൊണ്ട് ഇതിന് നേതൃത്വം നൽകാൻ പല എഡിറ്റോറിയൽ തലവന്മാരും മടിച്ചില്ല എന്നതാണ് മറ്റൊരു വസ്തുത. ഈ കൂട്ടപിരിച്ചുവിടലിന് വസ്തുനിഷ്ഠ മാനദണ്ഡങ്ങൾ സ്വീകരിക്കാതെ എഡിറ്റോറിയൽ തലവന്മാർ മാനേജ്‌മെന്റ് തീരുമാനം മറയാക്കി, തങ്ങളുടെ ആത്മനിഷ്ഠ തീരുമാനങ്ങൾ നടപ്പാക്കിയെന്നതും മറ്റൊരു വസ്തുതയാണ്. കൂട്ടപിരിച്ചുവിടൽ സൃഷ്ടിക്കുന്ന മാനസികാഘാതം പോലും പരിഗണിക്കാതെയാണ് വ്യവസ്ഥാപിത മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി പിരിച്ചുവിടൽ നടപ്പാക്കിയത്.
സമ്മർദ്ദം നിറഞ്ഞ ജോലിയും പിരിച്ചുവിടൽ ഭീഷണിയും ആധുനിക തൊഴിലിട യാഥാർഥ്യമെന്ന നിലയിൽ തൊഴിലാളികൾ അഭിമുഖീകരിക്കാൻ നിർബന്ധിതമായിരിക്കുകയാണ്. വ്യക്തിഗത ജീവിതത്തെയും കുടുംബബന്ധങ്ങളെയും ഇത് സാരമായി ബാധിക്കുന്നുണ്ട്. സമ്മർദ്ദവും ജീവിത നിലവാരം നിലനിർത്താനുള്ള ബാധ്യതയും ആകാംക്ഷാഭരിതമായ ജീവിതവും വല്ലാത്ത പിരിമുറുക്കമാണ് മില്ലേനിയൽ (Millennial) തലമുറക്കാരുടെ മേൽ സൃഷ്ടിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മരണസംഖ്യ ഇതുവരെ തിട്ടപ്പെടുത്തപ്പെട്ടിട്ടില്ല. തൊഴിൽ സമ്മർദമാണ് ഏറ്റവും വലിയ ഭീഷണി.

കഴിഞ്ഞ 25 വർഷങ്ങളിൽ തൊഴിൽ സംസ്കാരത്തിൽ ഭീതിതമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഇൻഫോസിസ് സ്ഥാപകനായ നാരായണ മൂർത്തി സമീപകാലത്ത് സ്ഥിരമായി ഉന്നയിക്കുന്ന ഒരു കാര്യമാണ്, തൊഴിൽ സമയം നിയമപരമായി വർധിപ്പിക്കണമെന്നത്. അനൗപചാരികമായി അധികസമയം ജോലി ചെയ്യുക എന്നത് നവസമ്പദ്‌വ്യവസ്ഥയുടെ മേഖലയിൽ നിലവിൽ തന്നെ നടപ്പുള്ള കാര്യമാണ്. എന്നാൽ ഇത് വ്യവസ്ഥപ്പെടുന്നതോടെ സമ്മർദ്ദം വർദ്ധിക്കുകയായി. കുടുംബത്തോടോ പങ്കാളിയോടോ ഒപ്പമുള്ള ജീവിതം കരിയറിനെ ബാധിക്കുമെന്നതിനാൽ അത്തരം സാമൂഹിക ബന്ധങ്ങളെ ഒഴിവാക്കാനുള്ള പ്രേരണ മെട്രോനഗര ജീവിതത്തിൽ വർധിച്ചുവരുന്നുണ്ട്. വിവാഹബന്ധം, സന്താനോല്പാദനം എന്നിവയിലെല്ലാം മൂലധന വ്യവസ്ഥയുടെ സമ്മർദ്ദം പ്രകടമാണ്. ഹൃസ്വമായ ഒത്തുചേരലിനപ്പുറമുള്ള ദീർഘ കാലകൂട്ടായ്മകൾ ഇല്ലാതാകുന്നു. സാമൂഹിക ജീവിതത്തിന്റെ വിവിധതലങ്ങളെ ഇതു ബാധിക്കാൻ തുടങ്ങിയിട്ടുണ്ട്.
അതായത്, നവലിബറൽ മുതലാളിത്തം ജീവിതവ്യവസ്ഥകളെ പുനഃസംഘാടനം ചെയ്യുന്നു. അണുകുടുംബം എന്നതുതന്നെ വികസ്വരമായ മൂലധന സാമൂഹികവ്യവസ്ഥയുടെ സൃഷ്ടിയാണല്ലോ. ജനസംഖ്യ കുത്തനെ താഴെപോയ പ്രതിസന്ധിയാണ് ചൈന ഇന്ന് അഭിമുഖീകരിക്കുന്നത്. തൊഴിൽ സുരക്ഷിതത്വം മുഖ്യ മുൻഗണനയാകുന്നതോടെ ജീവിതത്തിന്റെ നൈസർഗികതലങ്ങളിൽ ഇത് വലിയ ആഘാതം സൃഷ്ടിക്കുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ്,രാജ്യസഭാ എം.പി എ.എ. റഹീം അവതരിപ്പിച്ച Right to Disconnect സമീപകാലത്തെ ഏറ്റവും സാമൂഹിക പ്രാധാന്യമുള്ള സ്വകാര്യ ബില്ലാകുന്നത്.
മലയാളികൾ പല ഘട്ടങ്ങളിലായി കൂട്ട പിരിച്ചുവിടലിന്റെ ചൂടറിഞ്ഞിട്ടുണ്ട്. തിരുവനന്തപുരത്തെ ടെക്നോപാർക്കിലും കാക്കനാട്ടെ ഇൻഫോപാർക്കിലുമുള്ള ഐ.ടി സ്ഥാപനങ്ങളിലെ പിരിച്ചുവിടലുകൾ സാധാരണ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാറില്ല. സോഫ്ട്‍വെയർ വ്യവസായത്തിൽ പിരിച്ചുവിടൽ 'സ്വാഭാവികമാണ്' എന്ന നിലയിലാണ് മാധ്യമങ്ങൾ ഈ വാർത്തകളെ സമീപിക്കാറ്. സോഫ്ട്‍വെയർ കയറ്റുമതിയിൽ കേരളത്തിന്റെ സംഭാവന ഇതര ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളേക്കാൾ കുറവാണെങ്കിലും കേരളത്തിലെ ഭരണകർത്താക്കളും മാധ്യമങ്ങളും പരിശുദ്ധമെന്നോണമാണ് ഐ.ടി സംരംഭക വ്യവസായങ്ങളെ സമീപിക്കുന്നത്.
രാജ്യാന്തരീയ മലയാളി ഡയസ്പോറ അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് പിരിച്ചുവിടൽ. കുടിയേറ്റവിരുദ്ധതയുടെ ഭാഗമായി വ്യാപകമായി ഇന്ത്യാ വിരുദ്ധതക്ക് കാരണമാകുന്നത് നവ സമ്പദ് വ്യവസ്ഥാമേഖലയിലെ ഇന്ത്യൻ സാന്നിധ്യമാണ്.
സമരങ്ങൾ നിക്ഷേപക സൗഹൃദസംസ്ഥാനമെന്ന കേരളത്തിന്റെ പുതിയ പ്രതിച്ഛായയെ ബാധിക്കുമോ എന്ന ആകുലതയിൽ മുന്നണിഭേദമന്യേ പിരിച്ചുവിടലിനെക്കുറിച്ച് നിശ്ശബ്ദത പാലിക്കാൻ പരിശീലിപ്പിക്കപ്പെട്ടിട്ടുണ്ട്. തൊഴിലവകാശങ്ങൾ ലംഘിക്കപ്പെട്ടാലും നവ സമ്പദ് വ്യവസ്ഥയോട് അനുഭാവം പുലർത്താൻ സർക്കാരുകളും മാധ്യമങ്ങളും ശ്രമിക്കുന്നു. പിരിച്ചുവിടൽ ഐ.ടി മേഖലയിലെ ദൈനംദിന യാഥാർഥ്യമാണ്.
പതിവുസമീപനങ്ങളിൽനിന്ന് വ്യത്യസ്തമായി, വി. എസ്. അച്യുതാനന്ദൻ പ്രതിപക്ഷനേതാവായിരുന്ന കാലത്ത്, ടെക്നോപാർക്കിലെ ഇന്ത്യൻ സ്ഥാപനങ്ങളിൽനിന്നുള്ള പിരിച്ചുവിടലിൽ ഇടപെട്ടതായി ചരിത്രം പറയുന്നു. വി.എസിന്റെ ആക്ടിവിസ്റ്റ് രാഷ്ട്രീയചരിത്രത്തിൽ സ്വതന്ത്ര സോഫ്ട്‍വെയർ അനുകൂല നിലപാട് സ്വീകരിക്കുന്നതും റിച്ചാർഡ് സ്റ്റാൾമാനുമായി ബന്ധപ്പെടുന്നതും സർക്കാർ സംരംഭങ്ങളിലെ മൈക്രോസോഫ്റ്റ് ഇടപെടലിനെതിരെ നിലപാട് കടുപ്പിക്കുന്നതും ടെക്നോപാർക്കിലെ ഐ.ടി ജീവനക്കാരായിരുന്നവരുമായുള്ള സമ്പർക്കത്തിൽ നിന്നാണ്.
എങ്കിലും തുടർന്നുള്ള ഘട്ടങ്ങളിൽ അത്തരം നിലപാടുകളേക്കാളും ഏതുവിധേനയും സ്മാർട്ട് സിറ്റി ഉൾപ്പെടെ ഐ.ടി സംരംഭങ്ങൾ കൊണ്ടുവരാനുള്ള ഉദ്യമങ്ങളിലായിരുന്നു പിന്നീട് വി.എസും അദ്ദേഹത്തിന്റെ ഐ.ടി ഉപദേഷ്ടാക്കളും. അടിസ്ഥാന സൗകര്യ വികസനത്തിൽ വി.എസ് നൽകിയ ഊന്നലും റിച്ചാർഡ് സ്റ്റാൾമാൻ ലൈനിലുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയർ നിലപാടുകളും പരസ്പര വൈരുധ്യമുള്ളതാണ്. വി.എസ് സാങ്കേതികവിദഗ്ധൻ അല്ലാത്തതിനാൽ ഇതു തമ്മിലുള്ള പൊരുത്തക്കേടുകൾ വി.എസിന് മനസ്സിലായിട്ടുണ്ടാവില്ല, അദ്ദേഹത്തിന്റെ ശ്രദ്ധയിൽ ഒരുപക്ഷെ ആരും കൊണ്ടുവന്നുകാണുകയുമില്ല.

ബൈജൂസ് എഡുടെക് കമ്പനി സാമ്പത്തിക അതിഭാരത്താൽ കൂട്ട പിരിച്ചുവിടലിലേക്ക് കടന്നപ്പോൾ തൊഴിൽമന്ത്രി വി. ശിവൻകുട്ടി, പിരിച്ചുവിടപ്പെട്ട തൊഴിലാളികളെ കേൾക്കാനും ആവുംവിധം അനുകൂല നിലപാട് സ്വീകരിക്കാനും തയ്യാറായി എന്നാണ് മാധ്യമവാർത്തകളിൽ നിന്ന് മനസ്സിലാവുന്നത്. വ്യക്തിപരമായ ഒരു അനുഭവം ഈ ഘട്ടത്തിൽ ഓർക്കുന്നു. 2023- ൽ ബൈജൂസിലെ കൂട്ടപിരിച്ചുവിടലിനെ മുൻനിർത്തി, പ്രസ്തുത എഡ്യുടെക് സ്ഥാപനത്തിന്റെ പ്രതിസന്ധിയെക്കുറിച്ച് എഴുതിയ ലേഖനം ഒരു അച്ചടിമാധ്യമ സ്ഥാപനത്തിലെ മാർക്കറ്റിങ് വിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന്, എഡിറ്റോറിയൽ ചുമതലയുള്ള വ്യക്തി പ്രസിദ്ധീകരിക്കാൻ നിസ്സഹായത പ്രകടിപ്പിച്ചു. പിന്നീട് ഈ ലേഖനം ഒരു ഓണലൈൻ പ്രസിദ്ധീകരണത്തിലാണ് വന്നത്. പിരിച്ചുവിടൽ വാർത്തകൾ കൊടുക്കാതിരുന്ന മാധ്യമനയമുണ്ടെന്നു വേണം അനുമാനിക്കാൻ.
2009-ൽ കിംഗ്ഫിഷർ എയർലൈൻസ് പൈലറ്റുമാരെയും ക്രൂ അംഗങ്ങളെയും നോട്ടീസ് നൽകാതെ പെട്ടെന്ന് പിരിച്ചുവിടാൻ തീരുമാനിച്ചത് ആദ്യദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾ വിമുഖത കാണിച്ചു. പക്ഷെ അസാധാരണമായ പ്രക്ഷോഭസാഹചര്യമുണ്ടായപ്പോഴാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാൻ സന്നദ്ധമായത്. എന്നാൽ 2025-ൽ ഇൻഡിഗോ പ്രവർത്തനം നിലച്ചപ്പോൾ മാധ്യമങ്ങൾ കൃത്യമായി തത്സമയം റിപ്പോർട്ട് ചെയ്തു. ഇൻഡിഗോയുടെ കുത്തക വിമാനസഞ്ചാരത്തെ ബാധിച്ചതുകൊണ്ടായിരുന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
രാജ്യാന്തരീയ മലയാളി ഡയസ്പോറ (diaspora) അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് പിരിച്ചുവിടൽ. കുടിയേറ്റവിരുദ്ധതയുടെ ഭാഗമായി വ്യാപകമായി ഇന്ത്യാ വിരുദ്ധതക്ക് കാരണമാകുന്നത് നവ സമ്പദ് വ്യവസ്ഥാമേഖലയിലെ ഇന്ത്യൻ സാന്നിധ്യമാണ്. ഇതിൽ കെയർ (Care) മേഖലയിൽ ഇന്ത്യക്കാരിൽ തന്നെ കൂടുതലും മലയാളികളാണ്. അമേരിക്കയിൽ പിരിച്ചുവിടലിനെതിരെ വെള്ളക്കാരായ തദ്ദേശീയരിൽ നിന്നുയർന്ന മുറവിളി എച്ച് വൺ ബി (H 1 B) തൊഴിൽ വിസയുള്ള ഇന്ത്യക്കാരെ ആദ്യം പിരിച്ചുവിടാനും നാടുകടത്താനുമാണ്. ട്രംപ് അധികാരത്തിൽ വന്നശേഷം എച്ച് വൺ ബി വിസയുടെ എണ്ണം കുറച്ചുവെന്നു മാത്രമല്ല, വിസ ഫീസ് ചാർജ്ജും കൂട്ടി.
മലയാളി ഡയസ്പോറയുടെ തൊഴിൽപരമായ അരക്ഷിതാവസ്ഥ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ ഉലച്ചേക്കും. കേരളത്തിൽ നിന്ന് കുടിയേറിവർ അതിഥികളെപ്പോലെ ഇടയ്ക്കിടെ കേരളത്തിൽ അവരുടെ വേരുകൾ തിരഞ്ഞു വരികയും ടൂറിസം സമ്പദ് വ്യവസ്ഥയ്ക്ക് സാമ്പത്തിക സംഭാവനകൾ നൽകിപ്പോകണമെന്നുമാണ് കേരളത്തിലെ ഭരണകർത്താക്കളും തദ്ദേശീയ മലയാളികളും യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നത്. കേരളത്തിലേക്ക് കൂട്ടമായി തിരിച്ചുവരികയാണെങ്കിൽ അതിന്റെ പ്രത്യാഘാതം എന്താണെന്ന്, കേരളത്തിന്റെ സാമ്പത്തികാവസ്‌ഥയെ അത്ഭുദ സമ്പദ് വ്യവസ്ഥ (miracle economy) എന്നു പ്രശംസിക്കുന്നവർ കണക്കിലെടുത്തിട്ടുണ്ടോ എന്നത് സംശയമാണ്.
ആമസോൺ വെയർഹൗസ് പ്രവർത്തനങ്ങൾ മുഴുവൻ ഓട്ടോമേറ്റ് ചെയ്തതോടെ, ആയിരക്കണക്കിന് ജോലിയാണ് നഷ്ടമായത്. ഈ പ്രതിസന്ധി സൃഷ്ടിക്കുന്ന രാഷ്ട്രീയ അസ്വാസ്ഥ്യങ്ങളെ നവ ഫാഷിസ്റ്റു സർക്കാരുകൾ കുടിയേറ്റക്കാർക്കെതിരെയും ന്യൂനപക്ഷങ്ങൾക്കെതിരെയും തിരിച്ചുവിടുകയാണ്.
ഗൾഫ് രാജ്യങ്ങളിൽ ദേശീയവൽക്കരണം (നിതാഖാത്) പ്രഖ്യാപിച്ചപ്പോൾ അത് കേരളത്തിൽ സൃഷ്ടിക്കാൻ പോകുന്ന ആഘാതത്തെക്കുറിച്ചു ഗൗരവമായ പര്യാലോചന നടത്താൻ നിർബന്ധിതമായിരുന്നു. പക്ഷെ തുടങ്ങിവെച്ച ആലോചനകൾ എങ്ങുമെത്തിയില്ല. ലോക കേരളസഭ ഒരു ഇവന്റ് (event) എന്നതിനപ്പുറം രാഷ്ട്രീയ നേതാക്കൾക്ക് പ്രവാസികളായ വമ്പന്മാരുമായി ഇടപെഴകാനുള്ള അവസരമായി ചുരുങ്ങി. അർത്ഥവത്തായ പ്രവാസി പുനരധിവാസ പദ്ധതികൾ രൂപപ്പെടുത്താനായില്ല. മാറുന്ന ലോക സാഹചര്യങ്ങൾ കണക്കിലെടുത്ത് അത്തരം അന്വേഷണങ്ങളും പദ്ധതിരൂപീകരണങ്ങളും വേണ്ടതാണ്.
സമ്പദ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടാറുള്ള അപായകരമായ യാഥാർഥ്യമാണ്, തൊഴിൽരഹിത വളർച്ച. ആഗോള സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിച്ച ഒരു യാഥാർഥ്യമാണ് വ്യാപക പിരിച്ചുവിടലും. അതേസമയം, വളർച്ചാനിരക്ക് വർധിക്കുകയും സമ്പന്നർ കൂടുതൽ സമ്പന്നരാകുന്ന സ്ഥിതിവിശേഷവും ഇന്ത്യയിലും ആഗോളതലത്തിലും കാണാം. ഇത് അസമത്വം വർധിപ്പിക്കുന്നു. സാമൂഹികമായ പ്രതിസന്ധികൾക്കും ഇത് കാരണമാകുന്നു.
ഗിഗ് (gig) തൊഴിൽ മേഖലയുടെ വികാസം യാഥാർത്ഥത്തിലുള്ള തൊഴിൽ പ്രതിസന്ധിയെ മൂടിവെയ്ക്കാൻ സഹായകമായിട്ടുണ്ട്. ഈ സങ്കീർണതകളുടെ കൂടെയാണ് നിർമിതബുദ്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന തൊഴിൽ ഉന്മൂലനം. ആമസോൺ വെയർഹൗസ് പ്രവർത്തനങ്ങൾ മുഴുവൻ ഓട്ടോമേറ്റ് ചെയ്തതോടെ, ലഭ്യമായിരുന്ന ആയിരക്കണക്കിന് ജോലിയാണ് നഷ്ടമായത്. ഈ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്ന രാഷ്ട്രീയ അസ്വാസ്ഥ്യങ്ങളെ നവ ഫാഷിസ്റ്റു സർക്കാരുകൾ കുടിയേറ്റക്കാർക്കെതിരെയും ന്യൂനപക്ഷങ്ങൾക്കെതിരെയും വഴിതിരിച്ചുവിടുകയാണ്. യഥാർത്ഥത്തിൽ നടക്കുന്ന തൊഴിൽ ഉന്മൂലനത്തെക്കുറിച്ചു പറയാതെ, കുടിയേറ്റക്കാരാണ് തൊഴിൽ അപഹരിക്കുന്നത് എന്ന വ്യാജവൃത്താന്തമാണ് ലോകമെമ്പാടുമുള്ള നവ ഫാഷിസ്റ്റു സർക്കാരുകൾ പ്രചരിപ്പിക്കുന്നത്. ഐക്യദാർഢ്യത്തിന്റെ അടിസ്ഥാനത്തിൽ നടക്കേണ്ട തൊഴിലാളികളുടെ സംയുക്ത സമരങ്ങളെ ശിഥിലീകരിക്കാൻ നവ ഫാഷിസ്റ്റുകൾക്ക് സാധിക്കുന്നു.

ലെസ് ലിയോപോൾഡ് എഴുതിയ ‘Wall Street war on workers: how mass layoffs and greed are destroying working class’ എന്ന പുസ്തകത്തിൽ, സാമ്പത്തിക ഉദാരവൽക്കരണമാണ് കൂട്ട പിരിച്ചുവിടലിന്റെ യഥാർത്ഥ കാരണം എന്ന് വിശദീകരിക്കുന്നുണ്ട്. കോർപറേറ്റുകളുടെ വ്യാപകമായ സ്റ്റോക്ക് മാർക്കറ്റ് ഇടപാടുകൾ പലപ്പോഴും സ്ഥാപനപ്രവർത്തനങ്ങളിലെ മൂലധന നിക്ഷേപം പിൻവലിച്ചുകൊണ്ടാണ്. ധനവൽക്കരണമാണ് ഇതിനു നിദാനം. പക്ഷെ ടെക്നോളജിയുടെ കടന്നുവരവിനെ മറയാക്കിയാണ് ഈ പിരിച്ചുവിടൽ.
ദീർഘവീക്ഷണത്തിന്റെ അഭാവവും പത്തൊൻപതാം നൂറ്റാണ്ടിലെ പോലെ തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ചുള്ള കൂസലില്ലായ്മയുമാണ് വൻ പിരിച്ചുവിടൽ നടത്താൻ കോർപറേറ്റ് ശതകോടീശ്വരന്മാർക്ക് ധൈര്യം നൽകുന്നത്. സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങൾ ഏതാണ്ട് ശിഥിലമായ സ്ഥിതിയാണ് അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ. വാഷിംഗ്‌ടൺ പോസ്റ്റിലെ 300 പേരുടെ പിരിച്ചുവിടൽ ഒരു ദിവസത്തിനപ്പുറം പോലും വാർത്തയായില്ല. ‘മാധ്യമം’ പത്രത്തിലെ പിരിച്ചുവിടൽ ഭീഷണിയും സാമ്പത്തിക പ്രതിസന്ധിയും ഇതിനോട് ചേർത്ത് മനസ്സിലാക്കേണ്ടതാണ്.
സാങ്കേതിക പരിവർത്തനത്തിനു മടിച്ചിട്ടുണ്ടെങ്കിൽ അത് തൊഴിലാളികളുടെ കുഴപ്പമല്ല, പകരം മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയാണ്. ഏറ്റവും എളുപ്പം ഉപേക്ഷിക്കാവുന്ന ചരക്ക് എന്ന നിലയിലാണ് തൊഴിലാളികളെ നവലിബറൽ സമ്പദ് വ്യവസ്ഥ കാണുന്നത്. ഇതിനു സാധൂകരണം നൽകുന്നതാണ് കേന്ദ്ര സർക്കാർ നടപ്പാക്കിയ പുത്തൻ ലേബർ കോഡുകൾ.
കൂട്ടപിരിച്ചുവിടൽ പ്രതിസന്ധി നേരിടുന്ന നവസമ്പദ് വ്യവസ്ഥാമേഖലയിൽ പ്രതിരോധ നടപടികൾ ഏറ്റെടുക്കാൻ ട്രേഡ് യുണിയനുകൾക്ക് സാധിച്ചിട്ടില്ല. പൊതുമേഖലയുടെ സുരക്ഷിത ലോകങ്ങളിലാണ് ട്രേഡ് യൂണിയനുകൾ അധികവും പരിലസിക്കുന്നത്.
കടം തിരിച്ചടയ്ക്കുന്നതിനും ഓഹരി തിരിച്ചുവാങ്ങലുകൾക്കും ധനം സ്വരൂപിക്കുന്നതിനുമായി ചെലവ് ചുരുക്കൽ നടപടികൾക്കായുള്ള വാൾസ്ട്രീറ്റിന്റെ നിരന്തര ആവശ്യമാണ് വൻതോതിലുള്ള പിരിച്ചുവിടലുകൾക്ക് കാരണം എന്നാണ് ലെസ് ലിയോപോൾസ് വാദിക്കുന്നത്. അതേസമയം, ഈ കൂട്ട പിരിച്ചുവിടൽ നവവലതുപക്ഷത്തെ സഹായിക്കുകയും ചെയ്യുന്നു. തൊഴിൽനഷ്ടത്തിൽ നിന്നുമുണ്ടാകുന്ന കടുത്ത നിരാശയും അമർഷവും അപരരുടെ നേർക്ക് തിരിച്ചുവിട്ട്, അതിൽ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതും വലതുപക്ഷമാണ്. എന്നാൽ, കോർപറേറ്റുകൾക്ക് പിരിച്ചുവിടാനുള്ള നിയമപരവും നിയമബാഹ്യവുമായ എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്നതും വലതുപക്ഷ സർക്കാരുകളാണ്.
ചങ്ങാത്ത മുതലാളിത്തത്തിന്റെ അവിഭാജ്യ ഘടകമാണ് കൂട്ട പിരിച്ചുവിടലിനെ സഹായിക്കുന്ന നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുക എന്നത്. തൊഴിൽരാഹിത്യവും പിരിച്ചുവിടലും കുടിയേറ്റത്തിനെതിരായ രാഷ്ട്രീയ ആയുധമാക്കുന്നു, ആഗോള നവവലതുപക്ഷം. ട്രേഡ് യൂണിയനുകൾ അരാഷ്ട്രീയവൽക്കരിക്കപ്പെട്ടതിനാൽ പൊതുതാല്പര്യങ്ങളെ മുൻനിർത്തി അവകാശങ്ങൾ നേടിയെടുക്കാനും സാധിക്കാതെവരുന്നു. കൂട്ടപിരിച്ചുവിടൽ പ്രതിസന്ധി നേരിടുന്ന നവസമ്പദ് വ്യവസ്ഥാമേഖലയിൽ പ്രതിരോധ നടപടികൾ ഏറ്റെടുക്കാൻ ട്രേഡ് യുണിയനുകൾക്ക് സാധിച്ചിട്ടില്ല. പൊതുമേഖലയുടെ സുരക്ഷിത ലോകങ്ങളിലാണ് ട്രേഡ് യൂണിയനുകൾ അധികവും പരിലസിക്കുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായ അനുഭവമാണ് സമീപകാലത്ത് തമിഴ്നാട്ടിലെ കർചീപ്പുരത്തെ സാംസങ് ഫാക്ടറിയിൽ പിരിച്ചുവിടലിനെതിരെ സി.ഐ.ടി.യു നടത്തിയ സമരം. മുമ്പ്, പ്ലാന്റ് ഓട്ടോമേഷനെതിരെ മാരുതിയിലെ തൊഴിലാളികൾ നടത്തിയ പണിമുടക്ക് ആദ്യഘട്ടത്തിൽ മുന്നേറിയെങ്കിലും സർക്കാരിന്റെയും പോലീസിന്റെയും സഹായത്തോടെ സമരത്തെ തകർക്കാൻ സാധിച്ചു.
ഇന്നത്തെ അനിശ്ചിതത്വം നിറഞ്ഞ തൊഴിൽ വിപണിയിൽ, പ്രത്യേകിച്ച് ഹൈബ്രിഡ് തൊഴിൽ സജ്ജീകരണത്തിൽ, പെട്ടെന്നുള്ള പിരിച്ചുവിടൽ ജീവനക്കാരിൽ കടുത്ത അസ്വാസ്ഥ്യം സൃഷ്ടിക്കുന്നു. 11 മണിക്ക് ജോലിക്ക് ലോഗ് (log) ചെയ്ത ഒരു തൊഴിലാളിയുടെ ആക്‌സസ് 11.30 ന് നഷ്ടമാകുന്നു. തുടർന്ന് പിരിച്ചുവിടൽ നോട്ടീസ് ലഭിക്കുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് നവസമ്പദ് വ്യവസ്ഥാമേഖലകളിൽ പിരിച്ചുവിടൽ കണ്ണിൽ ചോരയില്ലാത്തവിധം നടപ്പാക്കപ്പെടുന്നത്. സ്ഥാപനങ്ങളിലെ HR വകുപ്പ് കുലുക്കിക്കുത്തുന്ന വിധത്തിലാണ് പിരിച്ചുവിടലിന് ഇരകളെ കണ്ടെത്തുന്നത്. അവരുടെ തൊഴിൽപരമായ പെർഫോമൻസ് അത്ര മോശമാകണമെന്നില്ല, ചിലപ്പോൾ മികച്ചതുമാകാം.
പെട്ടെന്നുള്ള പിരിച്ചുവിടലിന്റെ ആഘാതം കുറയ്ക്കാനും മാനസികമായി പിന്തുണ നൽകാനും മറ്റു സംവിധാനങ്ങൾ ലഭ്യമവുമല്ല. പരാതി പറയാനും അർഹതപ്പെട്ട വേതനം ബാക്കി ലഭിക്കാനുമായി ഒരുമിച്ചുനില്ക്കാൻ സംഘടനയുമില്ല. കഴിഞ്ഞ 25 വർഷങ്ങളിൽ കൂട്ട പിരിച്ചുവിടൽ കാര്യക്ഷമത വർധിപ്പിച്ചു എന്നതിന് കൃത്യമായ കണക്കില്ല. എന്നാൽ ഇത്തരം മിഥ്യാധാരണകളെയാണ് മാധ്യമങ്ങളുടെ സഹായത്തോടെ വ്യവസ്ഥപ്പെടുത്തുന്നത്.
വാസ്തവത്തിൽ തൊഴിൽ കമ്പോളത്തെ കോർപറേറ്റുകളുടെ ഇഷ്ടങ്ങൾക്കനുസരിച്ച് നിയന്ത്രിക്കാനുള്ള ഉപാധിയാക്കുകയാണ് നിയന്ത്രണാതീതമായ, അടുപ്പിച്ചടുപ്പിച്ചുള്ള കൂട്ട പിരിച്ചുവിടലിലൂടെ സംഭവിക്കുന്നത്. പിരിച്ചുവിടപ്പെടുന്ന തൊഴിലാളിയെ ഉപയോഗശൂന്യമാക്കി വ്യവസ്ഥയിൽ നിന്ന് പുറന്തള്ളുന്ന രീതി ആഗോളമായി വ്യവസ്ഥാപിതമായിരിക്കുന്നു.
