2015- ലെ നേപ്പാൾ ഭൂകമ്പത്തിൽ തകർന്ന വീടിനരികെ ഒരു സ്ത്രീ.

ദുരന്തനിവാരണം എന്ന ദുരന്തം;
കാഠ്‌മണ്ഡു മുതൽ കേരളം വരെ

9000 പേർ മരിക്കുകയും 25,000 -ഓളം പേർക്ക് പരിക്കേൽക്കുകയും 35 ലക്ഷത്തോളം കുടുംബങ്ങൾ വീടു നഷ്ടപ്പെട്ട് തെരുവിലാകുകയും ചെയ്ത 2015- ലെ ഭൂകമ്പത്തിനു പുറകേ, നേപ്പാളിലുണ്ടായിരുന്ന ലീഷ മഞ്ജു, ദുരന്തപ്രതിരോധത്തിന്റെ കാര്യത്തിൽ ഇപ്പോഴും തുടരുന്ന പാളിച്ചകളെക്കുറിച്ച് എഴുതുന്നു. കോളം തുടരുന്നു.

നേപ്പാൾ വെള്ളപ്പൊക്കത്തിന്റെ ദിവസവും വരുന്ന വാർത്തകളും ദൃശ്യങ്ങളും പ്രകൃതിയുടെ ഭയാനക മുഖം കാണിച്ചുതരുന്നുണ്ട്. കണ്ടുകിട്ടിയ 1250 മൃതദേഹങ്ങൾ, കണ്ടുകിട്ടാത്ത 5000 പേർ, ഇനിയും പുറത്തറിയപ്പെടാത്ത സ്ഥിതിവിവരങ്ങൾ.
കണ്ടപ്പോൾ ആദ്യം ഓർമ വന്നത് സാനുകാഞ്ചിയെയാണ്.

“വീടിനകത്ത് മേശയുടെയോ കട്ടിലിന്റെയോ അടിയിൽ കേറിയിരിക്കാനാ അവർ പറഞ്ഞിരുന്നത്; അങ്ങനെ ഇരുന്നോർ ഒക്കെ വീടു തകർന്നു വീണപ്പോൾ അടിയിൽപ്പെട്ടു.” കാഠ്‌മണ്ഡു താഴ്‌വരയിലെ നാഗ്ലെബാരി ഗ്രാമത്തിലെ സാനുകാഞ്ചി തമാംഗ് ഓർമയുടെ വിറയലോടെ പറഞ്ഞു. തകർന്നുവീണ കരിങ്കൽ വീടുകളുടെ അവശിഷ്ടങ്ങളും പൊടി മൂടിയ വീട്ടുസമാനങ്ങളും അവർക്കുചുറ്റും കൂടിക്കിടന്നു.

9000 പേർ മരിക്കുകയും (പുറത്തുവിട്ട കണക്കുപ്രകാരം) 25,000 -ഓളം പേർക്ക് പരിക്കേൽക്കുകയും 35 ലക്ഷത്തോളം കുടുംബങ്ങൾ വീടു നഷ്ടപ്പെട്ട് തെരുവിലാകുകയും ചെയ്ത 2015- ലെ നേപ്പാൾ ഭൂകമ്പത്തിന്റെ ബാക്കിയോർമ്മകൾ. നേപ്പാൾ സ്കൂൾ ഓഫ് സോഷ്യൽ വർക്ക് തുടങ്ങുന്ന ഡിസാസ്റ്റർ മാനേജ്‌മന്റ് കോഴ്സിന് വേണ്ടി വീഡിയോ മോഡ്യൂൾസ് ചെയ്യാനാണ് അവിടെയെത്തിയത്.

ചോദ്യപേപ്പർ ചോർച്ചക്കെതിരെ
സമരം ചെയ്ത ധർമേന്ദ്ര പ്രധാൻ;
മറവി മൂടുന്ന അധികാരവഴികൾ

കക്കൂസ്;
ഒരു മറയില്ലാക്കഥ

ഒറ്റയ്ക്ക്, പാതിരാത്രി, അപരിചിതർക്കിടയിൽ ഒരു സ്ത്രീ…

കാഠ്‌മണ്ഡു നഗരത്തിന്റെ പലയിടത്തായി അഭയാർഥിക്യാമ്പുകൾ നിറഞ്ഞിരുന്നു. മുളയിൽ പ്ലാസ്റ്റിക് ഷീറ്റും സാരിയും ചുറ്റിയുണ്ടാക്കിയ താൽക്കാലിക ഷെഡുകൾ നീലക്കുമിളകൾ പോലെ മൈതാനങ്ങൾ മൂടി. ഭൂകമ്പത്തിൽ വീടുകൾ നഷ്ടപ്പെട്ടവരും, ഡിമാൻഡിനൊപ്പം കുത്തനെ ഉയർന്ന വാടക കൊടുക്കാൻ പാങ്ങില്ലാത്തവരും അവിടെയുണ്ട്. രണ്ടു വർഷമായിട്ടും അതിൽ ഒരാൾക്കുപോലും പുതിയ വീടോ, തകർന്ന വീട് പുനർനിർമിക്കാനുള്ള സഹായമോ, അടിസ്ഥാന സൗകര്യങ്ങളോ പോലും കിട്ടിയിട്ടില്ല. ടാർപോയും ഷീറ്റും വെള്ളത്തിനുള്ള ടാങ്കും കൊടുത്തതുപോലും യു.എൻ ഏജൻസികൾ.

അന്താരാഷ്ട്ര ഏജൻസികളുടെ കോടിക്കണക്കിന് രൂപയുടെ ഫണ്ട് ഈ വഴിക്ക് നേപ്പാളിൽ എത്തിയിട്ടുമുണ്ട്. അതൊക്കെ എവിടം വരെയെത്തി എന്നതിന് തെളിവുമില്ല. അതുകൊണ്ടുതന്നെയാവും സിറ്റിയിലെ ക്യാമ്പുകളിലേക്ക് മാധ്യമങ്ങൾക്ക് പ്രവേശനമില്ല. വീഡിയോ ക്യാമറ കാണുമ്പോഴേ എവിടെനിന്നോ ദല്ലാളന്മാർ പോലെ തോന്നിക്കുന്ന പാർട്ടിക്കാർ ഓടിയെത്തും, ഷൂട്ട് ചെയ്യുന്നത് തടയും.

2015-ലെ ​ഭൂകമ്പത്തിൽ വീട് നഷ്ടപ്പെട്ട സ്ത്രീ.
2015-ലെ ​ഭൂകമ്പത്തിൽ വീട് നഷ്ടപ്പെട്ട സ്ത്രീ.

അവരുടെ കണ്ണിൽപ്പെടാതെ ഏതെങ്കിലും സ്ത്രീകളോട് സംസാരിച്ചാൽ തന്നെ ആരും ഒന്നും തുറന്നുപറയില്ല. പതുങ്ങിയിരിക്കുന്ന കണ്ണുകളെ ഭയപ്പെട്ടാണ് അവർ ഇടപെടുന്നത്. അതുകൊണ്ടും കൂടിയാണ് ഗ്രാമങ്ങളിലേക്കിറങ്ങിയത്‌.

കുത്തനെയുള്ള രണ്ടിറക്കങ്ങൾ കടന്ന്, തകർന്നുവീണ കുന്നുകളിൽ തെന്നിവീഴാതെ, വശങ്ങളിൽ കെട്ടിയ കയറിൽ ഒരുതരത്തിൽ അള്ളിപ്പിടിച്ചാണ് സാനുകാഞ്ചിയുടെ അടുത്തെത്തിയത്. മലമുകളിൽ, കയ്യാലയുടെ നേരെ അറ്റത്ത്‌ അവർ വീടുവച്ചത് മണ്ണിടിച്ചിലോ ഭൂകമ്പമോ വരുമ്പോൾ ഇറങ്ങിയോടാൻ എളുപ്പത്തിനാണെന്ന് ഒപ്പമുണ്ടായിരുന്ന കോർഡിനേറ്റർ വിവരിച്ചു.

Read: പൊരുത്തമില്ലാത്ത ജീവിതത്തോട് പൊരുതുന്ന സുനിത

ആണളവുകൾ; കാന്ധ്വാ മുതൽ പൊൻകുന്നം വരെ

കൂറ്റൻ മലയുടെ വശത്ത്, നേർത്ത ഒരു വരമ്പുപോലെയുള്ള വഴി എത്തിച്ചേരുന്നത് നിരപ്പായ ചെറിയൊരു കുടിയിരിപ്പാണ്. അവിടെയാണ് അവരുടെ വീട്. വീടെന്നു പറയാൻ വയ്യ, ചിതറിക്കിടക്കുന്ന കൂമ്പാരങ്ങൾക്കിടയിൽ ബാക്കിവന്ന കൽഭിത്തികളും പ്ലാസ്റ്റിക് ഷീറ്റും കൊണ്ട് ഉണ്ടാക്കിയെടുത്ത ഒരു കൂടാരം. ഒരു വർഷമായി അവർ അങ്ങനെയാണ് താമസം. തൊട്ടടുത്ത വീട്ടിൽ ആരുമില്ല; അവിടുണ്ടായിരുന്ന കുടുംബത്തിലെ അമ്മ വീട് തകർന്നപ്പോൾ അതിനടിയിൽപ്പെട്ടു മരിച്ചതോടെ ബാക്കി ഉണ്ടായിരുന്നവർ അവിടം വിട്ടു ബന്ധുക്കളുടെ അടുത്തേയ്ക്ക് പോയി. തന്റെ നാല് ആടുകൾ ഇതിന്റെയിടയിൽ മരിച്ചതാണ് സാനുകാഞ്ചിയുടെ സങ്കടം. മക്കൾ പട്ടണത്തിലേയ്ക്ക് ജോലിക്കായി പോയപ്പോൾ ഒറ്റയ്ക്കായതാണ് അവർ. ഭൂകമ്പമുണ്ടായപ്പോൾ മലഞ്ചെരുവിലൂടെ ഇറങ്ങി ഓടിയതുകൊണ്ടുമാത്രം രക്ഷപ്പെട്ടു. മക്കൾ വിളിച്ചിട്ടും സ്വന്തം നാടുവിട്ടു പോകാനും മനസ്സില്ല; പോയാൽതന്നെ പട്ടണത്തിലെ ജീവിതം ഇതിലും കഷ്ടമാകും എന്നവർക്ക് അറിയാം.

ദുരന്തങ്ങൾ തുടരെത്തുടരെയുണ്ടാകുമ്പോഴും മുന്നറിയിപ്പ് കൊടുക്കാനുള്ള സംവിധാനം പോലും നേപ്പാളിൽ ഇപ്പോഴും പരിമിതമാണ്. ഇപ്പോഴും തുടർന്നുപോരുന്നത് ഇന്റർനാഷണൽ ഏജൻസികൾ ഡിസൈൻ ചെയ്ത പൊതുവായ മാർഗരേഖയും നടപടിക്രമങ്ങളും.

ഹിമാലയത്തിന്റെ മടിത്തട്ടിൽ, മഞ്ഞു നിറഞ്ഞ ഹിമാലയ മലനിരകൾ നിറഞ്ഞുകിടക്കുന്ന നേപ്പാളിൽ, പ്രകൃതിദുരന്തങ്ങൾ പുത്തിരിയല്ല. ‍ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളും, ആഴമേറിയ താഴ് വാരങ്ങളും, ഹിമാനി തടാകങ്ങളും, കുത്തിയൊഴുകുന്ന നദികളും നേപ്പാളിനെ സുന്ദരമാക്കുന്നതിനൊപ്പം അസ്ഥിരവും ആക്കുന്നുണ്ട്‌. തുടർച്ചയായ ഭൂചലനങ്ങളും ഉരുൾപൊട്ടലും വെള്ളപ്പൊക്കങ്ങളും പല തോതുകളിൽ കാലങ്ങളായി തുടരുന്നു.

സ്വതവേയുള്ള വെല്ലുവിളികൾക്കുപുറമേ ആഗോളതാപനവും കാലാവസ്ഥാമാറ്റങ്ങളും ഹിമാനികളെ ഉരുക്കി കുത്തൊഴുക്കിനും ഉരുൾപൊട്ടലിനും കാരണമാകുന്നുണ്ട്. ദുരന്തവ്യാപ്തിയും എണ്ണവും കൂടുന്നുണ്ട്.

എന്നിട്ടും ഇപ്പോഴും ദുരന്തപ്രതിരോധത്തിനും ദുരന്ത സന്നദ്ധതയ്ക്കും നിവാരണത്തിനും ആ ഭൂവിഭാഗത്തിന്റെ ആവശ്യമനുസരിച്ചുള്ള കൃത്യമായ നിർദേശങ്ങളോ പദ്ധതികളോ നടപ്പാക്കിയിട്ടില്ല. അല്ലെങ്കിൽ സാധാരണക്കാരിലേക്ക് എത്തിയിട്ടില്ല. ദുരന്തങ്ങൾ തുടരെത്തുടരെയുണ്ടാകുമ്പോഴും മുന്നറിയിപ്പ് കൊടുക്കാനുള്ള സംവിധാനം പോലും പരിമിതം. ഇപ്പോഴും തുടർന്നുപോരുന്നത് ഇന്റർനാഷണൽ ഏജൻസികൾ ഡിസൈൻ ചെയ്ത പൊതുവായ മാർഗരേഖയും നടപടിക്രമങ്ങളും.

2015-ലെ ഭൂകമ്പത്തിൽ വീട് നഷ്ടപ്പെട്ട് അഭയാർത്ഥിക്യാമ്പിൽ കഴിയുന്ന നേപ്പാളി സ്ത്രീ.
2015-ലെ ഭൂകമ്പത്തിൽ വീട് നഷ്ടപ്പെട്ട് അഭയാർത്ഥിക്യാമ്പിൽ കഴിയുന്ന നേപ്പാളി സ്ത്രീ.

അതിൽപ്പെട്ടതായിരുന്നു ഭൂകമ്പം വരുമ്പോൾ വീടുകളുടെ ഉള്ളിൽ ഉറപ്പുള്ള മേശയുടെ അടിയിൽ അല്ലെങ്കിൽ ബങ്കറുകളിൽ അഭയം പ്രാപിക്കുക എന്നത്. ഭൂകമ്പത്തെ പ്രതിരോധിക്കാൻ മാത്രം ഉറപ്പുള്ള വീടുകളോ അല്ലെങ്കിൽ കനം കുറഞ്ഞ പലകകൾ കൊണ്ടുണ്ടാക്കിയ വീടുകളോ ഉള്ള പടിഞ്ഞാറൻ രാജ്യങ്ങളിലെ രീതി. കരിങ്കല്ലുകൾ മണ്ണ് ചേർത്ത് അടുക്കിക്കെട്ടി വീടുണ്ടാക്കുന്ന നേപ്പാളിൽ ഈ രീതി പ്രാവർത്തികമാക്കിയാലുണ്ടാകുന്ന ഭവിഷ്യത്ത് ആലോചിക്കാൻ ഒരാളും തുനിഞ്ഞില്ല. പതിനായിരങ്ങളുടെ ജീവൻ നഷ്ടമാകുകയും ചെയ്തു.

ഇത്തരം വികലവും യുക്തിരഹിതവുമായ പോളിസികളും പ്രാദേശിക പോളിസികളുടെ അഭാവവും നേപ്പാളിന്റെ മാത്രം കുത്തകയല്ല. നമ്മുടെ നാട്ടിലെ വിഷയങ്ങൾക്ക് പരിഹാരം തേടി അന്യദേശങ്ങൾ ചുറ്റുന്ന ഭരണ- ഉദ്യോഗസ്ഥ നേതൃത്വം കാണാതെ പോകുന്ന ഒന്നുണ്ട്; തദ്ദേശീയ അറിവുകളും പരമ്പരാഗത വിജ്ഞാനവും. ആഗോള നിലയിലുള്ള പദ്ധതികൾ എത്രമാത്രം ഒരു പ്രദേശത്തിന് അനുയോജ്യമാകും എന്നറിയാൻ ആസൂത്രണഘട്ടത്തിൽ തന്നെ അവിടങ്ങളിലെ ആൾക്കാരുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ട്.

Read: പതി- സർപഞ്ച്: ഒരു ഇന്ത്യൻ ജനാധിപത്യ അപാരത

ചാരായം: ഒരു സാമൂഹ്യ- സാംസ്കാരിക രുചിനോട്ടം

ഈയിടെ എറണാകുളത്തിനടുത്ത് കൂനമ്മാവ് പ്രദേശത്തെ ഒരു വീട്ടിൽ പോയി. ഒരു മഴ കഴിഞ്ഞപ്പോഴേയ്ക്കും ആ വീടിന്റെ മുറ്റവും പരിസരവും മുഴുവൻ വെള്ളക്കെട്ട്. ആകെ വൃത്തിഹീനം. പ്രദേശം മുഴുവൻ കൊതുകുകൾ. പുഴയാണെങ്കിൽ വെറും മുന്നൂറു മീറ്റർ അകലെ. പനിച്ചുവീർത്ത മുഖത്തോടെ വീട്ടുകാരൻ പരാതിപ്പെട്ടു; 2018- ലെ വെള്ളപ്പൊക്കത്തിൽ പോലും വെള്ളം കയറാത്ത സ്ഥലമായിരുന്നു. പക്ഷെ ഇപ്പോൾ ഒരു മഴ വന്നാൽ പോലും വെള്ളം ഒഴുകിപ്പോകില്ല. നദിയിലേയ്ക്കുള്ള കൈത്തോടുകളും ചാലുകളും നികത്തിയാണ് വീടുകളുടെ മുറ്റവും, വഴിയും പറമ്പും ഉണ്ടാക്കിയിരിക്കുന്നത്. പഞ്ചായത്ത് റോഡ് ഉണ്ടാക്കിയത് ഒരു തോടിന്റെ കുറുകെ. വെള്ളം ഒഴുകാനുള്ള കലുങ്കോ പൈപ്പോ പോലും ഇടാതെ ഒഴുക്കിനെ അപ്പാടെ കൊന്നാണ് റോഡ് ടാർ ചെയ്തത്. പോരാഞ്ഞ്, വീടുകളുടെ മുറ്റങ്ങളും വഴികളും കോൺക്രീറ്റ് ചെയ്തു പാർക്കിംഗ് ടൈൽസ് വിരിച്ചിരിക്കുന്നു. എന്നിട്ടാണ് വെള്ളക്കെട്ടിനെ പഴിക്കുന്നത്.

നാട്ടിൽ ഒട്ടാകെ കാണുന്ന പ്രതിഭാസം. പഴിയൊക്കെ നമുക്കധികം റോളൊന്നുമില്ലാത്ത അന്താരാഷ്ട്ര പ്രതിഭാസങ്ങൾക്കും. രൂക്ഷ കാലാവസ്ഥാമാറ്റങ്ങൾക്ക് അവയ്ക്ക് പങ്കുണ്ടെങ്കിലും വിപത്തുകളെ നേരിടാനും ആഘാതം കുറയ്ക്കാനും നമുക്കുള്ള പങ്ക് സൗകര്യപൂർവ്വം മറക്കുന്നു.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും പ്രകൃതിദുരന്തങ്ങളുടെ നിര തന്നെ തീർക്കുമ്പോൾ അനിയന്ത്രിത നിർമാണവും അപര്യാപ്‌തമായ ഡ്രെയിനേജ് സംവിധാനങ്ങളും പ്രകൃതിദുരന്തത്തിന്റെ ആഘാതം വർധിപ്പിക്കുന്നു.

ദുരന്തങ്ങളെ പ്രതിരോധിക്കാനും പ്രാദേശികമായി മാനേജ് ചെയ്യാനും ഓരോ പ്രദേശത്തും തദ്ദേശീയരുടെതായ ദുരന്ത സന്നദ്ധസമിതികൾ രൂപീകരിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. സംസ്ഥാന തല വിദഗ്ധസമിതിയുടെ മാർഗനിർദേശവും പ്രാദേശിക സമിതികളുടെ പങ്കാളിത്തവും വഴി മാത്രം നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി കൊടുക്കൂ എന്ന നില വരണം. ഓരോ ഇടത്തെയും നിർമാണങ്ങൾക്ക് കൃത്യമായ ഡിസൈൻ ഏവർക്കും ലഭ്യമായ നിലയിൽ ലഭ്യമാക്കണം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പങ്കാളിത്തത്തിൽ ദുരന്തങ്ങൾ ഉണ്ടാവാനുള്ള സാധ്യതാ മുന്നറിയിപ്പുകൾ ഫലപ്രദമായി എല്ലാവരിലേയ്ക്കും എത്തിക്കാനുള്ള സിസ്റ്റം നിലവിലാക്കണം. മാറുന്ന കാലാവസ്ഥയും ഭൂപ്രകൃതിയുടെ പ്രത്യേകതകളും അനുസരിച്ച് മുന്നോട്ടുള്ള വികസന പദ്ധതികൾ ആസൂത്രണം ചെയ്യുകയും മുൻകരുതലുകൾ എടുക്കുകയും ചെയ്തില്ലെങ്കിൽ നേപ്പാളിന്റെ വഴിയെ തന്നെയാവും നമ്മളും.

2015-ൽ നേപ്പാളിലുണ്ടായ ഭൂകമ്പത്തിൽ വീട് നഷ്ടമായ കുടുംബം.
2015-ൽ നേപ്പാളിലുണ്ടായ ഭൂകമ്പത്തിൽ വീട് നഷ്ടമായ കുടുംബം.

Summary: When Disaster management becomes a disaster, Leesha Manju's column continues in Truecopy Think webzine packet 298.


ലീഷ മഞ്ജു

എഴുത്തുകാരി. സാമൂഹിക വികസനത്തില്‍ കണ്സള്‍ട്ടന്റ്. വിവിധ ദേശീയ- അന്തര്‍ദേശീയ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. Social Impact Assessment, Result Based Management, Development Communication തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം. വിവിധ സാമൂഹിക വിഷയങ്ങളില്‍ ഡോക്യുമെന്ററികള്‍ ചെയ്തിട്ടുണ്ട്.

Comments