പാഠപുസ്തകത്തിന് പുറത്ത് വിദ്യാർഥികളുടെ സർഗാത്മകത പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 1956 ജനുവരി 26-ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ കേരള സ്‌കൂൾ കലോത്സവം ആരംഭിക്കുന്നത്. കലാ ആസ്വാദനത്തിനും അവതരണത്തിനും പ്രാധാന്യം ലഭിക്കേണ്ട കലോത്സവവേദികളിന്ന് അനാരോഗ്യകരമായ മത്സരങ്ങളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും തമ്മിലടികളുടെയും ഇടങ്ങളായി മാറി. കോടികൾ ചെലവാക്കി നടത്തുന്ന കലോത്സവം വെറും ആഘോഷമായി മാറുകയും വിദ്യാർഥികൾക്കിടയിൽ സാമ്പത്തിക അസമത്വത്തിന് കാരണമാവുകയും ചെയ്തു. കലോത്സവങ്ങളുടെ നടത്തിപ്പും സംഘാടനവും അതിന്റെ ഭാഗമായി നടക്കുന്ന സാമ്പത്തിക ഇടപാടുകളും ഓഡിറ്റ് ചെയ്യപ്പെടണം. അടിസ്ഥാന ആശയത്തിൽ നിന്നും വ്യതിചലിക്കുന്ന കേരളാ സ്കൂൾ കലോത്സവത്തെയും അതിന്റെ നടത്തിപ്പിലെ സാമ്പത്തികവും അല്ലാത്തതുമായ പാകപ്പിഴകളെയും വിമർശനാത്മകമായി പരിശോധിക്കുകയാണ് ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 208. പി.പ്രേമചന്ദ്രൻ, അനു പ്രശോഭിനി, ഡോ. പി.കെ. തിലക്, സിന്ധു സാജൻ, കെ.ടി. ദിനേശ്, സ്മിത പന്ന്യൻ, മനോജ് വി. കൊടുങ്ങല്ലൂർ, ഷിജു ആർ. ടി. ശ്രീജിത്ത് എന്നിവർ എഴുതുന്നു. കുരീപ്പുഴ ശ്രീകുമാർ, പ്രകാശ് ഉള്ളിയേരി, മൻസിയ വി.പി. എന്നിവരുടെ നിലപാടുകളും.
'കലോത്സവങ്ങളെപ്പോലെ കുട്ടികളിൽ സംഘർഷം സൃഷ്ടിക്കുന്ന മറ്റൊന്നും സ്‌കൂളുകളിൽ ഇന്നുണ്ടെന്നു തോന്നുന്നില്ല. അമിത ഉൽക്കണ്ഠ കുട്ടികളുടെ മനസ്സിലേൽപ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ചുള്ള തിരിച്ചറിവാണ് പാഠ്യപദ്ധതി പരിഷ്‌കരണത്തിലേക്കും ഗ്രേഡിംഗിലേക്കും നമ്മളെ നയിച്ചത്. കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾ വിവിധ ഘട്ടങ്ങളിൽ അനുഭവിക്കുന്ന ഭീകര സംഘർഷങ്ങളുമായി താരതമ്യം ചെയ്താൽ കൊട്ടിഘോഷിക്കപ്പെടുന്ന പരീക്ഷപ്പേടിയൊക്കെ വെറും തമാശ മാത്രം.' ഒരു വ്യാഴവട്ടക്കാലം സ്‌കൂൾ കലോത്സവങ്ങൾക്കായി അധ്യാപക ജീവിതത്തെത്തന്നെ പകുത്തുകൊടുത്ത ഒരാളെന്ന നിലയിൽ, കലോത്സവങ്ങളിലെ വിദ്യാർഥിവിരുദ്ധതയും കലയുടെ പേരിൽ അരങ്ങേറുന്ന ആഭാസങ്ങളും തുറന്നെഴുതുന്നു, പി. പ്രേമചന്ദ്രൻ.
വിചാരണ ചെയ്യട്ടെ, അധ്യാപകനെന്ന നിലയ്ക്കുള്ള എന്റെ കലോത്സവ കാലത്തെ...| പി. പ്രേമചന്ദ്രൻ
‘സ്കൂൾ കലോത്സവത്തിൽ ഇരുള നൃത്തത്തിന്റെ വിധിനിർണയത്തിന് നാടൻപാട്ടുകലാകാരന്മാരെ നിയോഗിച്ചതിനെ പരസ്യമായി ചോദ്യം ചെയ്ത അട്ടപ്പാടിയിൽനിന്നുള്ള ഇരുള സമുദായാംഗമായ അനു പ്രശോഭിനി, താൻ നടത്തിയ ഇടപെടലിനെതുടർന്ന് സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് എഴുതുന്നു. ഗോത്രവിഭാഗങ്ങളോടും അവരുടെ കലാരൂപങ്ങളോടുമുള്ള കാഴ്ചപ്പാടിൽ മാറ്റം വരുത്താനാകുമെന്ന പ്രതീക്ഷയിലാണ്, പൊതുസമൂഹത്തിനുമുന്നിൽ ഇത്തരം പ്രതിഷേധങ്ങളും തുറന്നുപറച്ചിലും നടത്തുന്നതെന്നും അവർ പറയുന്നു.’
അട്ടപ്പാടിയിൽനിന്ന് കലോത്സവത്തിനൊരു തിരുത്ത് | അനു പ്രശോഭിനി
‘മത്സരപ്രകടനങ്ങൾക്ക് കലോത്സവത്തിന്റെ ചാരുത അവകാശപ്പെടാനാവില്ല. മത്സരങ്ങൾ ആധിപത്യം ലക്ഷ്യം വയ്ക്കുന്നു. അതിനാൽ അവിടെ വാതുവയ്ക്കലും പകയും വിദ്വേഷവുമെല്ലാം സാധാരണമാണ്. ഉത്സവങ്ങൾ ആഹ്ലാദപ്രകടനത്തിന്റെയും ഹർഷോന്മാദത്തിന്റെയും വേദികളാണ്. പങ്കുവയ്ക്കലും ആദരിക്കലും അനുഭവങ്ങൾ കൈമാറലും മാത്രമേ അവിടെ പ്രസക്തമാകുന്നുള്ളൂ.മത്സരപ്രകടനങ്ങൾക്ക് കലോത്സവത്തിന്റെ ചാരുത അവകാശപ്പെടാനാവില്ല. മത്സരങ്ങൾ ആധിപത്യം ലക്ഷ്യം വയ്ക്കുന്നു. അതിനാൽ അവിടെ വാതുവയ്ക്കലും പകയും വിദ്വേഷവുമെല്ലാം സാധാരണമാണ്. ഉത്സവങ്ങൾ ആഹ്ലാദപ്രകടനത്തിന്റെയും ഹർഷോന്മാദത്തിന്റെയും വേദികളാണ്. പങ്കുവയ്ക്കലും ആദരിക്കലും അനുഭവങ്ങൾ കൈമാറലും മാത്രമേ അവിടെ പ്രസക്തമാകുന്നുള്ളൂ.’
പകയുടെയും പ്രലോഭനങ്ങളുടെയും കളരി|ഡോ. പി.കെ. തിലക്
‘നമ്മുടെ വിദ്യാഭ്യാസ മേഖലക്ക് വലിയ മുതൽക്കൂട്ടായി മാറേണ്ട അഥവാ മാറ്റേണ്ട ഒന്നാകണം വിദ്യാലയങ്ങളിൽ നടക്കുന്ന 'കലാ-സാംസ്കാരിക' പ്രവർത്തനങ്ങൾ എന്നത് ഏറെക്കാലമായി നാം ചർച്ചചെയ്യുന്ന ഒന്നാണ്. അതിസമ്പന്നർക്കും സമ്പന്നർക്കും വേണ്ടിയുള്ള കെട്ടിയാട്ടത്തിന്റെ പേരായി സ്‌കൂൾ കലോത്സവങ്ങൾ മാറിപ്പോയിട്ടില്ലേ എന്ന ചോദ്യത്തിന്റെ മുന്നിൽനിന്ന്, വിദ്യാഭ്യാസ അധികൃതർക്കും കലാസംഘടകർക്കും ഒളിച്ചോടാനാകില്ല.’
കോടികൾ ചെലവിടുന്ന ഒരുത്സവത്തിലെ സാമ്പത്തിക വിവേചനത്തെക്കുറിച്ച്, ആശങ്കയോടെ…| മനോജ് വി. കൊടുങ്ങല്ലൂർ
‘ഗോത്രജനയുടെ വികസന സങ്കൽപ്പങ്ങൾക്കും ഗോത്ര ഭാഷകൾക്കും ഗോത്ര സാഹിത്യത്തിനും മേൽ നിലനിൽക്കുന്ന അധിനിവേശം ഗോത്രകലകളോടും ആകാം എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ പേര് നൽകൽ പോലും. ‘മുഖ്യധാര’ എന്ന് വിളിക്കപ്പെടുന്ന ധാരയോട് താരതമ്യപ്പെടുത്തി മാത്രമേ ഗോത്ര വിഭാഗങ്ങളെ കാണാനാകൂ എന്ന പരിമിതി കൂടിയാണ് ഇതിൽ വ്യക്തമാക്കുന്നത്.ഗോത്രകലകൾ കലോത്സവത്തിൽ ഉൾച്ചേർക്കുന്നതിനായുള്ള മാന്വൽ പരിഷ്കരണത്തിലോ നിയമാവലി തയ്യാറാക്കുന്നതിലോ അതാത് വിഭാഗത്തിന്റെ പ്രതിനിധികൾ ഉൾപ്പെട്ടിരിക്കുമോ? ഉണ്ടാകാനിടയില്ല എന്നുതന്നെയാണ് മാന്വൽ നിയമാവലി വായിച്ചാൽ മനസ്സിലാക്കാൻ സാധിക്കുന്നത്.’
‘കേരളം മുന്നോട്ടുവെക്കുന്ന പാഠ്യപദ്ധതിയുടെ സ്പിരിറ്റുമായി ചേർന്നുപോകാത്ത സ്‌കൂൾ കലോത്സവം ഉപേക്ഷിക്കുക എന്നതാണ് നിലവിലെ പ്രശ്‌നങ്ങൾ ഇല്ലാതാക്കാനുമുള്ള ഏറ്റവും എളുപ്പവഴി. ഇന്നത്തെ രൂപത്തിൽ കലോത്സവങ്ങൾ സംഘടിപ്പിക്കപ്പെടുന്നത് ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത് എന്നത് പകൽ പോലെ വ്യക്തമാണുതാനും. അപ്പോൾ കലോത്സവ സംഘാടനത്തിനു പുതിയ മാർഗങ്ങൾ തേടുക എന്നതാണ് അഭികാമ്യം.’
വേണോ, നമുക്ക് ഇങ്ങനെയൊരു കലോത്സവം?| കെ.ടി. ദിനേശ്
‘ശാസ്ത്രീയ കലകളോട് അഗാധമായ ഇഷ്ടമുള്ള, അഭിരുചിയുള്ള സാധാരണ മനുഷ്യർക്ക് താങ്ങാവുന്നതല്ല പരിശീലനത്തിനും അവതരണത്തിനും വേണ്ടിവരുന്ന ചെലവുകൾ. പലതവണ ചർച്ചകളിൽ പലരും ചൂണ്ടിക്കാട്ടിയിട്ടും മാന്വൽ തന്നെ തിരിച്ചറിഞ്ഞിട്ടും നമുക്കിപ്പോഴും ഇത്തരം പ്രവണതകളെ ചെറുത്തു തോൽപ്പിക്കാനായില്ലെന്ന് മാത്രമല്ല, സങ്കുചിത താല്പര്യങ്ങൾ ഉണ്ടാക്കുന്ന പലതരം വിവാദങ്ങൾ നാൾക്കുനാൾ വർദ്ധിച്ചുവരുന്നു. ഇത് കലോത്സവത്തിന്റെ സദുദ്ദേശ്യവും സൽപ്പേരും ചെറുതല്ലാത്തവിധം കളങ്കപ്പെടുത്തു. അതിനായി ചെലവഴിക്കപ്പെടുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ നിസ്വാർത്ഥ മനുഷ്യാദ്ധ്വാധത്തിന്റെ ഒരു പങ്ക് എങ്കിലും നിഷ്ഫലമാകുന്നു.’
മത്സരയുക്തി വേണ്ട, കല പകരുന്ന ആനന്ദത്തിലാറാടാം| ഷിജു ആർ.
ഉദാത്തമായ കലാ ആസ്വാദനത്തിൻെറയും അവതരണങ്ങളുടെയും ഇടമാവേണ്ട സ്കൂൾ കലോത്സവം പകയുള്ള മത്സരങ്ങളുടെ കേന്ദ്രങ്ങളായി മാറുകയാണ്. രക്ഷിതാക്കളും അധ്യാപകരും കുട്ടികളെ കരുവാക്കി മത്സരവിജയത്തിന് വേണ്ടിയുള്ള തമ്മിലടിയിലാണ്. പക്ഷപാതിത്വത്തിലൂന്നിയ വിധിനിർണയത്തിലൂടെ വിധികർത്താക്കളും, പണം വാങ്ങി ഏജൻറുമാരും അനാരോഗ്യ പ്രവണതകളുടെ മധ്യസ്ഥരാവുന്നു. ആരാണ് ഇടപെടേണ്ടത്? എന്താണ് പരിഹാരം? കവി കുരീപ്പുഴ ശ്രീകുമാർ, സംഗീതജ്ഞൻ പ്രകാശ് ഉള്ളിയേരി, നർത്തകി മൻസിയ വി.പി എന്നിവർ സംസാരിക്കുന്നു.
ജഡ്ജസ് പ്ലീസ് നോട്ട്…ഈ വിധിനിർണയം കുട്ടികളോടുള്ള അക്രമമാണ്, കലയോടുള്ള വെല്ലുവിളിയാണ്|ടി. ശ്രീജിത്ത്