തലവേദനയെക്കുറിച്ച്…

'തലവേദന' ഒരു രോഗമല്ല. അത് പല കാരണങ്ങൾ കൊണ്ടും ഉണ്ടാകുന്ന ഒരു ലക്ഷണമാണ്. അതിനെ നിസ്സാരമായി തള്ളിക്കളയുന്നത്, നാളെകളിൽ തിരിച്ചുപിടിക്കാനാവാത്തവിധം നമ്മുടെ നിയന്ത്രണങ്ങളിൽ നിന്നും വിട്ടുപോവുന്ന ഒരു അവസ്ഥയിലേക്കെത്തിക്കും- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ബിനീഷ് സി. എഴുതിയ ലേഖനം.

നുഷ്യന്റെ തലവര മാറ്റിമറിക്കുന്ന ഒരു പ്രധാന അപായസൂചനയാവാം തലവേദന. അതിനെ നിസ്സാരമായി കാണുന്നവരാണ് നമ്മിൽ ഭൂരിഭാഗവും എന്നതാണ് ദുഃഖകരമായ വസ്തുത.

'തലവേദനയാണോ? ഒരു ചായ കുടിച്ചാൽ മാറും.'
'കുറച്ച് ഉറങ്ങിയാൽ ശരിയാകും…'
'എപ്പോഴും മൊബൈലിൽ നോക്കിയിരിക്കും, അതുകൊണ്ടല്ലേ…'.

തലവേദനയെ വന്നാൽ നമ്മൾ ഉടൻ കണ്ടെത്തുന്ന കാരണങ്ങളും സ്വയം ചികിത്സകളുമാണിവ.

എന്നാൽ, ഓരോ തലവേദനയും ഒരുപോലെയല്ല എന്ന് മനസിലാക്കുക. ചിലത് വെറും ക്ഷീണത്തിന്റെ ഭാഗമായിരിക്കാം. ചിലത് ജീവിതശൈലിയിലെ ചെറിയ പിഴവുകളുടെ ഫലമായിരിക്കാം.

ആശുപത്രികളിലെ ന്യൂറോളജി ഒ.പി.കളിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന പരാതികളിൽ ഒന്നാണ് തലവേദന. വിദ്യാർത്ഥികളിൽ നിന്നും ഐ.ടി. ജോലിക്കാരിൽ വരെ, വീട്ടമ്മമാരിൽ നിന്നും മുതിർന്നവരിൽ വരെ- തലവേദന ഇന്ന് വളരെ സാധാരണമായ ഒരു പ്രശ്‌നമായി മാറിയിരിക്കുകയാണ്.

ആശുപത്രികളിലെ ന്യൂറോളജി ഒ.പി.കളിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന പരാതികളിൽ ഒന്നാണ് തലവേദന.
ആശുപത്രികളിലെ ന്യൂറോളജി ഒ.പി.കളിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന പരാതികളിൽ ഒന്നാണ് തലവേദന.

പക്ഷേ, ഒരു കാര്യം മനസ്സിലാക്കണം,
'തലവേദന' ഒരു രോഗമല്ല. അത് പല കാരണങ്ങൾ കൊണ്ടും ഉണ്ടാകുന്ന ഒരു ലക്ഷണമാണ്. അതിനെ നിസ്സാരമായി തള്ളിക്കളയുന്നത്, നാളെകളിൽ തിരിച്ചുപിടിക്കാനാവാത്തവിധം നമ്മുടെ നിയന്ത്രണങ്ങളിൽ നിന്നും വിട്ടുപോവുന്ന ഒരു അവസ്ഥയിലേക്കെത്തിക്കും.

തലവേദനയുടെ
പ്രധാന തരങ്ങൾ

എല്ലാ തലവേദനക്കും പിന്നിൽ വലിയ രോഗമുണ്ടാകണമെന്നില്ല. എന്നാൽ, കാരണം മനസ്സിലാക്കാതെ സ്ഥിരമായി മരുന്ന് കഴിക്കുന്നത് ശരിയായ രീതിയുമല്ല.

1. ടെൻഷൻ വഴിയുള്ള തലവേദന
(Tension Headache)

ഏറ്റവും സാധാരണമായ തലവേദന ഇതാണ്. മാനസിക സമ്മർദ്ദം, ഉറക്കക്കുറവ്, ദീർഘനേരം സ്‌ക്രീനിലേക്ക് നോക്കിയിരിക്കുക, ജോലിഭാരം, ആശങ്ക, ഉത്കണ്ഠ- ഇവയെല്ലാം തലവേദനക്ക് കാരണമാവാം.

ഇത്തരം തലവേദനയിൽ സാധാരണയായി കാണുന്നത്:

  • തല മുഴുവൻ ഭാരമുള്ള പോലെ തോന്നും.

  • നെറ്റിയിലോ തലയുടെ പിന്നിലോ മുറുക്കിയ പോലെ അനുഭവപ്പെടും.

  • ഛർദ്ദിയോ വലിയ അസ്വസ്ഥതകളോ ഉണ്ടാകണമെന്നില്ല.

  • വൈകുന്നേരത്തോടെ അവ സാനിക്കുന്നതായും കാണാം.

പലർക്കും ഇത് 'സാധാരണ തലവേദന' എന്ന തോന്നലിൽ അവഗണിക്കാറുണ്ട്. എന്നാൽ ആവർത്തിച്ചുവരുമ്പോൾ ജീവിതത്തിന്റെ ഗുണനില വാരത്തെ തന്നെ ബാധിക്കാം.

2. മൈഗ്രെയ്ൻ (Migraine)

'എനിക്ക് ഇടയ്ക്കിടെ വരുന്ന അസഹ്യമായ തലവേദന' എന്ന് പലരും പറയുന്നത് മൈഗ്രെയ്ൻ ആയിരിക്കും. ഇത് വെറും തലവേദന മാത്രമല്ല. തലച്ചോറിലെ ചില പ്രവർത്തന വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട ഒരു ന്യൂറോളജിക്കൽ അവസ്ഥയാണ്.

'എനിക്ക് ഇടയ്ക്കിടെ വരുന്ന അസഹ്യമായ തലവേദന' എന്ന് പലരും പറയുന്നത് മൈഗ്രെയ്ൻ ആയിരിക്കും.
'എനിക്ക് ഇടയ്ക്കിടെ വരുന്ന അസഹ്യമായ തലവേദന' എന്ന് പലരും പറയുന്നത് മൈഗ്രെയ്ൻ ആയിരിക്കും.

മൈഗ്രെയ്‌നിന്റെ
ചില പ്രത്യേകതകൾ

  • തലയുടെ ഒരു വശത്ത് കൂടുതൽ വേദന.

  • താളമിട്ട് മിടിക്കുന്ന പോലെ തോന്നൽ.

  • വെളിച്ചവും ശബ്ദവും സഹിക്കാൻ ബുദ്ധിമുട്ട്.

  • ഛർദ്ദി, വയറിളക്കം പോലുള്ള അസ്വസ്ഥതകൾ.

  • ചിലർക്കു വേദന തുടങ്ങുന്നതിന് മുമ്പ് കണ്ണിൽ മിന്നൽ പോലുള്ള കാഴ്ചകൾ.

മൈഗ്രെയ്ന് കാരണമാവുന്ന വസ്തുതകൾ

  • ഉറക്കക്കുറവ്.

  • വിശന്നിരിക്കൽ.

  • അമിതമായ ചായ/കാപ്പി.

  • ചില ഭക്ഷണങ്ങൾ.

  • മാനസിക സമ്മർദ്ദം.

  • ഹോർമോൺ വ്യതിയാനങ്ങൾ.

'ഒരു പെയ്ൻ കില്ലർ (painkiller) കഴിച്ചാൽ മാറും' എന്ന സമീപനം മൈഗ്രെയ്‌നിൽ എല്ലായ്‌പ്പോഴും സഹായിക്കണമെന്നില്ല. ശരിയായ ജീവിതശൈലിയും, ആവശ്യമായാൽ പ്രതിരോധ ചികിത്സയും പ്രധാനമാണ്.

3. സൈനസുമായി (sinus) ബന്ധപ്പെട്ട തലവേദന

മൂക്കടപ്പ്, പനി, മുഖഭാഗത്ത് ഭാരമുള്ള തോന്നൽ എന്നിവയോടൊപ്പം വരുന്ന തലവേദന പലപ്പോഴും സൈനസുമായി ബന്ധപ്പെട്ടതായിരിക്കും.

രാത്രി വൈകി ഉറങ്ങുകയും രാവിലെ പൂർണ്ണ വിശ്രമമില്ലാതെ എഴുന്നേൽക്കുകയും ചെയ്യുന്നവരിൽ തലവേദന സാധാരണമാണ്. ശരീരത്തിനും തലച്ചോറിനും മതിയായ വിശ്രമം ആവശ്യമാണ്.
രാത്രി വൈകി ഉറങ്ങുകയും രാവിലെ പൂർണ്ണ വിശ്രമമില്ലാതെ എഴുന്നേൽക്കുകയും ചെയ്യുന്നവരിൽ തലവേദന സാധാരണമാണ്. ശരീരത്തിനും തലച്ചോറിനും മതിയായ വിശ്രമം ആവശ്യമാണ്.

എന്നാൽ, ഒരു പ്രധാന കാര്യം; പലരും 'സൈനസ് തലവേദന' എന്ന് കരുതുന്നത് യഥാർത്ഥത്തിൽ മൈഗ്രെയ്ൻ ആയിരിക്കും. അതിനാൽ സ്വയം നിഗമനത്തിലെത്താതെ ഡോക്ടറുടെ നിർദേശം തേടുന്നത് നല്ലതാണ്.

4. അപകടസൂചനയായ തലവേദന

ചില തലവേദനകൾ അടിയന്തര ശ്രദ്ധ ആവശ്യപ്പെടും. പ്രത്യേകിച്ച് താഴെ പറയുന്ന സാഹചര്യങ്ങളിൽ:

  • ജീവിതത്തിൽ ആദ്യമായി അനുഭവിക്കുന്ന അതിശക്തമായ തലവേദന

  • പെട്ടെന്ന് ആരംഭിക്കുന്ന അസഹ്യമായ വേദന.

  • തലവേദനയോടൊപ്പം സംസാര ബുദ്ധിമുട്ട്.

  • കൈകാലുകൾക്ക് ബലം കുറയൽ.

  • കാഴ്ച മങ്ങൽ.

  • പനി, കഴുത്ത് മുറുകുന്ന പോലെ അനുഭവപ്പെടുക.

  • തലക്ക് പരിക്ക് വന്നതിന് ശേഷം വരുന്ന വേദന.

  • 50 വയസിന് ശേഷം പുതിയതായി തുടങ്ങുന്ന തലവേദന.

ഇത്തരം സാഹചര്യങ്ങളിൽ ഉടൻ വൈദ്യസഹായം തേടണം. ചിലപ്പോൾ ഇത് തലച്ചോറിലെ രക്തസ്രാവം, ഇൻഫെക് ഷൻ, സ്‌ട്രോക്ക്, ട്യൂമർ തുടങ്ങിയ ഗുരുതര കാരണങ്ങളുടെ സൂചനയായിരിക്കാം.

തലവേദനയും
ജീവിതശൈലിയും

ഇന്നത്തെ ജീവിതരീതിയിൽ തലവേദനയ്ക്ക് വഴിയൊരുക്കുന്ന നിരവധി കാരണങ്ങളുണ്ട്.

ഉറക്കക്കുറവ് :

രാത്രി വൈകി ഉറങ്ങുകയും രാവിലെ പൂർണ്ണ വിശ്രമമില്ലാതെ എഴുന്നേൽക്കുകയും ചെയ്യുന്നവരിൽ തലവേദന സാധാരണമാണ്. ശരീരത്തിനും തലച്ചോറിനും മതിയായ വിശ്രമം ആവശ്യമാണ്.

അമിത സ്‌ക്രീൻ ഉപയോഗം:

മൊബൈൽ, ലാപ്‌ടോപ്പ്, ടി.വി. കണ്ണിനും തലച്ചോറിനും തുടർച്ചയായ സമ്മർദ്ദം സൃഷ്ടിക്കുന്നു. പ്രത്യേകിച്ച് ഇരുണ്ട മുറിയിൽ മൊബൈൽ ഉപയോഗിക്കുന്നത് ചിലരിൽ മൈഗ്രെയ്ൻ ഉണ്ടാക്കാം.

കുറഞ്ഞ വെള്ളംകുടി:

ഡീഹൈഡ്രേഷൻ പോലും തലവേദനയ്ക്ക് കാരണമാകാം. പലരും ഇത്ര ലളിതമായ കാര്യം ശ്രദ്ധിക്കാറില്ല.

ഭക്ഷണക്രമത്തിലെ
അനിയമിതത്വം:

ഭക്ഷണം ഒഴിവാക്കൽ, അധിക ഫാസ്റ്റ് ഫുഡ്, അമിത കഫീൻ- ഇവയും തലവേദന വർധിപ്പിക്കും.

പെയ്ൻ കില്ലർ (Painkiller)
മരുന്നുകളുടെ അപകടം:

തലവേദന വരുമ്പോഴൊക്കെ പലരും മെഡിക്കൽ ഷോപ്പിൽ നിന്ന് പെയ്ൻ കില്ലർ (painkiller)വാങ്ങി കഴിക്കുന്നത് പതിവാണ്. പക്ഷേ, സ്ഥിരമായി ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നത് മെഡിക്കേഷൻ ഓവർ യൂസ് ഹെഡ് എയ്ക് (Medication Overuse Headache) എന്ന അവസ്ഥയ്ക്ക് കാരണമാകാം. അഥവാ, മരുന്ന് അധികമായി ഉപയോഗിക്കുന്നതുകൊണ്ട് തന്നെ തലവേദന സ്ഥിരമാകുന്ന അവസ്ഥ.

അതുകൊണ്ട്:

  • സ്വമേധയാ മരുന്ന് കഴിക്കുന്നത് കുറയ്ക്കുക.

  • ആവർത്തിച്ചു വരുന്ന തലവേദന അവഗണിക്കരുത്.

  • കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്.

തലവേദന ഒഴിവാക്കാൻ
സഹായിക്കുന്ന ചില ശീലങ്ങൾ

  • സ്ഥിരമായ ഉറക്കം പാലിക്കുക.

  • ദിവസവും മതിയായ വെള്ളം കുടിക്കുക.

  • ഭക്ഷണം സമയത്ത് കഴിക്കുക.

  • സ്‌ക്രീൻ സമയം നിയന്ത്രിക്കുക.

  • ലഘു വ്യായാമം ഉൾപ്പെടുത്തുക.

  • മാനസിക സമ്മർദ്ദം നിയന്ത്രിക്കാൻ ശ്രമിക്കുക.

  • ആവശ്യമെങ്കിൽ റിലാക്‌സേഷൻ ടെക്‌നിക്‌സ് (relaxation techniques) പരിശീലിക്കുക.

  • ചിലപ്പോൾ ചെറിയ ജീവിതശൈലി മാറ്റങ്ങൾ പോലും വലിയ ആശ്വാസം നൽകും.

മൊബൈൽ, ലാപ്‌ടോപ്പ്, ടി.വി. കണ്ണിനും തലച്ചോറിനും തുടർച്ചയായ സമ്മർദ്ദം സൃഷ്ടിക്കുന്നു. പ്രത്യേകിച്ച് ഇരുണ്ട മുറിയിൽ മൊബൈൽ ഉപയോഗിക്കുന്നത് ചിലരിൽ മൈഗ്രെയ്ൻ ഉണ്ടാക്കാം.
മൊബൈൽ, ലാപ്‌ടോപ്പ്, ടി.വി. കണ്ണിനും തലച്ചോറിനും തുടർച്ചയായ സമ്മർദ്ദം സൃഷ്ടിക്കുന്നു. പ്രത്യേകിച്ച് ഇരുണ്ട മുറിയിൽ മൊബൈൽ ഉപയോഗിക്കുന്നത് ചിലരിൽ മൈഗ്രെയ്ൻ ഉണ്ടാക്കാം.

'സ്‌കാൻ (Scan) എടുത്തോളൂ ഡോക്ടറെ…' തലവേദനയുള്ള പലരും ആദ്യം ചോദിക്കുന്നത് ഇതാണ്.

'എം.ആർ. ഐ. (MRI) വേണോ?'
'സി.ടി. സ്‌കാൻ (CT Scan) എടുക്കണ്ടേ?'

എല്ലാ തലവേദനക്കും സ്‌കാൻ (scan) ആവശ്യമില്ല. രോഗിയുടെ ലക്ഷണങ്ങൾ, പരിശോധന, വയസ്, മറ്റ് ആരോഗ്യസ്ഥിതികൾ എന്നിവ പരിഗണിച്ചാണ് ഡോക്ടർ തീരുമാനിക്കുന്നത്.

സി.ടി. സ്‌കാൻ (CT Scan) എന്താണ്?

സി.ടി. സ്‌കാൻ (CT Scan) വേഗത്തിലുള്ള പരിശോധനയാണ്. പ്രത്യേകിച്ച്:

  • തലച്ചോറിലെ രക്തസ്രാവം,

  • അപകടത്തിനു ശേഷമുള്ള പരിക്ക്,

  • സ്‌ട്രോക്ക് സംശയം,

  • അടിയന്തര അവസ്ഥകൾ

എന്നിവ കണ്ടെത്താൻ സഹായിക്കുന്നു.

എമർജൻസി സാഹചര്യങ്ങളിൽ വളരെ പ്രാധാന്യമുള്ള പരിശോധനയാണിത്.

എം.ആർ. ഐ. (MRI) എന്താണ്?

എം.ആർ. ഐ. (MRI) കൂടുതൽ വിശദമായ ചിത്രം നൽകുന്ന പരിശോധനയാണ്.
ഇത് സഹായിക്കുന്നത്:

  • ചെറിയ ട്യൂമറുകൾ കണ്ടെത്താൻ.

  • നാഡീ സംബന്ധമായ പ്രശ്‌നങ്ങൾ മനസിലാക്കാൻ.

  • മസ്തിഷ്‌കത്തിലെ അണുബാധകൾ കണ്ടെത്താൻ.

  • ദീർഘകാല തലവേദനയുടെ ചില കാരണങ്ങൾ വിലയിരുത്താൻ.

എന്നാൽ, എല്ലാ തലവേദനക്കും 'എം.ആർ. ഐ. (MRI) അല്ലെങ്കിൽ സി.ടി. സ്‌കാൻ (CT Scan) ആവശ്യമില്ല എന്നതാണ് പ്രധാന കാര്യം. ചിലപ്പോൾ അനാവശ്യ സ്‌കാൻ (scan) കൂടുതൽ ഭയവും ആശങ്കയും മാത്രം നൽകാം.

തലവേദനയിൽ ചെയ്യുന്ന പരിശോധനകൾ; പ്രത്യേകിച്ച് സി.എസ്.എഫ്. (CSF) പരിശോധന എന്താണ്?

മസ്തിഷ്‌കത്തെയും (Brain) നാഡീവ്യൂഹത്തെയും (Spinal cord) ചുറ്റി സംരക്ഷിക്കുന്ന ഒരു ദ്രാവക മാണ് സി.എസ്.എഫ്. (CSF).
മസ്തിഷ്‌കത്തെയും (Brain) നാഡീവ്യൂഹത്തെയും (Spinal cord) ചുറ്റി സംരക്ഷിക്കുന്ന ഒരു ദ്രാവക മാണ് സി.എസ്.എഫ്. (CSF).

തലവേദന (Headache) പലർക്കും സാധാരണ പ്രശ്‌നമാണ്. പക്ഷേ ചില പ്രത്യേക സാഹ ചര്യങ്ങളിൽ ഡോക്ടർ കൂടുതൽ പരിശോധനകൾ നിർദേശിക്കാം. അതിൽ പ്രധാനപ്പെട്ട ഒന്നാണ് സി.എസ്.എഫ്. (CSF) പഠനം (Cerebrospinal Fluid Study).

ആദ്യം മനസ്സിലാക്കാം,
സി.എസ്.എഫ്. (CSF) എന്താണ്?

മസ്തിഷ്‌കത്തെയും (Brain) നാഡീവ്യൂഹത്തെയും (Spinal cord) ചുറ്റി സംരക്ഷിക്കുന്ന ഒരു ദ്രാവക മാണ് സി.എസ്.എഫ്. (CSF).

ഇത്:

  • മസ്തിഷ്‌കത്തെ സംരക്ഷിക്കുന്നു.

  • അണുബാധയുണ്ടോ എന്ന് കണ്ടെത്താൻ സഹായിക്കുന്നു.

  • ചില ഗുരുതര രോഗങ്ങൾ കണ്ടെത്താൻ സഹായിക്കുന്നു.

തലവേദനയിൽ സാധാരണ ചെയ്യുന്ന പരിശോധനകൾ

1. രക്ത പരിശോധനകൾ

  • രക്തക്ഷയം (Anemia).

  • ഇൻഫെക്ഷൻ.

  • ഷുഗർ.

  • തൈറോയ്ഡ് പ്രശ്‌നങ്ങൾ.

  • ശരീരത്തിലെ അണുബാധകൾ
    എന്നിവ കണ്ടെത്താൻ സഹായിക്കുന്നു.

2. സി.എസ്.എഫ്. സ്റ്റഡി (ലംബർ പംക്ചർ) CSF Study (Lumbar Puncture) എന്തിനാണ് ചെയ്യുന്നത്?

ചില പ്രത്യേക സാഹചര്യങ്ങളിൽ ഡോക്ടർ സി.എസ്.എഫ്. CSF പരിശോധന നിർദേശിക്കാം.

പ്രധാനമായും സംശയിക്കുന്ന അവസ്ഥകൾ:

  • മസ്തിഷ്‌കാവരണ അണുബാധ (Meningitis).

  • എൻസെഫലൈറ്റിസ് (Encephalitis).

  • ക്ഷയരോഗ അണുബാധ (Tuberculosis infection).

  • ഓട്ടോ ഇമ്മ്യൂൺ (Autoimmune) രോഗങ്ങൾ.

  • ബ്രെയ്ൻ പ്രഷർ (Brain pressure) കൂടുക/കുറയുക.

  • ചില തരത്തിലുള്ള കാൻസർ.

  • സബ് അരക്‌നോയിഡ് രക്തസ്രാവം (Subarachnoid hemorrhage) (ചെറിയ ബ്ലീഡിംങ്).

സി.എസ്.എഫ്. (CSF) പരിശോധന എങ്ങനെ ചെയ്യുന്നു?

നട്ടെല്ലിൽ താഴെ ഭാഗത്ത് ചെറിയ സൂചി ഉപയോഗിച്ച് കുറച്ച് ദ്രാവകം (CSF) ശേഖരിക്കുന്നു. സാധാരണ മേഖലാ അനസ്‌തേഷ്യ (local anesthesia) നൽകും. സാധാരണയായി 15-30 മിനി റ്റ് മാത്രം സമയം വേണ്ടിവരും. ഇത് ലംബർ പങ്ചർ (Lumbar puncture) എന്നാണ് അറിയപ്പെടുന്നത്.

ആളുകൾക്കുള്ള ഭയം; സത്യമോ?

‘സി.എസ്.എഫ് (CSF) എടുത്താൽ നടന്നുപോകാൻ പറ്റില്ല'; ഇത് തെറ്റായ ധാരണയാണ്. ശരിയായ രീതിയിൽ ചെയ്താൽ സുരക്ഷിതമായ പരിശോധനയാണ്. ചിലപ്പോൾ ഉണ്ടാകാവുന്ന ചെറിയ പ്രശ്‌നങ്ങൾ ചെറിയ പുറം വേദന (back pain), പരിശോധനയ്ക്ക് ശേഷം തലവേദന, അസ്വസ്ഥത എന്നിവയാണ്. പക്ഷേ ഭൂരിഭാഗം ആളുകളും സാധാരണ നിലയിലേക്ക് പെട്ടെന്ന് മടങ്ങും.

സി.എസ്.എഫ്. (CSF)
പരിശോധനയിൽ എന്തൊക്കെ നോക്കും?

  • അണുബാധ (Infection) ഉണ്ടോ?

  • ടി.ബി. (TB) ഉണ്ടോ?

  • 'പ്രോട്ടീൻ / ഷുഗർ (Protein / Sugar) നില

  • കാൻസർ സെൽസ് (Cancer cells) ഉണ്ടോ?

  • സ്വയം രോഗപ്രതിരോധ ആന്റിബോഡികൾ (Autoimmune antibodies) ഉണ്ടോ?

എല്ലാ തലവേദനയ്ക്കും സി.എസ്.എഫ്. (CSF) വേണമോ?
വേണ്ട.

സാധാരണ മൈഗ്രേൻ (migraine) അല്ലെങ്കിൽ ടെൻഷൻ തലവേദന (tension headache) ഉള്ളവർക്ക് പലപ്പോഴും സി.എസ്.എഫ്. (CSF) ആവശ്യമില്ല.

പക്ഷേ താഴെ പറയുന്ന സാഹചര്യങ്ങളിൽ ഡോക്ടർക്ക് നിർദേശിക്കാം

  • പനി.

  • കഴുത്ത് വടി പോലെപിടിക്കുക.

  • ബോധക്കുറവ്.

  • പെട്ടെന്നുള്ള അതിശക്ത തലവേദന.

  • മസ്തിഷ്‌ക അണുബാധ (Brain infection) സംശയം.

ഓർമ്മിക്കേണ്ടത്

1. എല്ലാ തലവേദനയും അപകടകരമല്ല.
2. ചില തലവേദനകൾ ഗുരുതര രോഗത്തിന്റെ ലക്ഷണമാകാം.
3. സി.എസ്.എഫ്. (CSF) പരിശോധന രോഗം കണ്ടെത്താൻ സഹായിക്കുന്ന പ്രധാന പരിശോധനയാണ്.
4. ശരിയായ സമയത്ത് ചികിത്സ ലഭിച്ചാൽ പല രോഗങ്ങളും നിയന്ത്രിക്കാം.

അടിയന്തരമായി ഡോക്ടറെ കാണേണ്ട തലവേദനകൾ:

  • ജീവിതത്തിൽ ഉണ്ടായതിൽ ഏറ്റവും ശക്തമായ തലവേദന.

  • പനിയോടുകൂടിയ തലവേദന.

  • ഫിറ്റ്‌സ് (Fits).

  • കാഴ്ചക്കുറവ്.

  • സംസാരവൈകല്യം.

  • കൈകാലുകൾ ബലഹീനമാകൽ.

  • ബോധക്കുറവ്.

തലവേദന ശരീരം പറയുന്ന ഒരു ഭാഷയാണ്. 'എന്തെക്കെയോ ശരിയല്ല' എന്നൊരു സന്ദേശം. ചിലപ്പോൾ അത് വെറും ക്ഷീണത്തിന്റെ ശബ്ദമായിരിക്കും. ചിലപ്പോൾ മാനസിക സമ്മർദ്ദത്തിന്റെ പ്രതിഫലനം. ചിലപ്പോൾ ചികിത്സ ആവശ്യമായ ഒരു ന്യൂറോളജിക്കൽ പ്രശ്‌നത്തിന്റെ സൂചന. അതിനെ നിസ്സാരമായി കാണാതെ, അതേ സമയം അനാവശ്യ ഭയമില്ലാതെ ശരിയായ സമീപനം സ്വീകരിക്കുകയാണ് വേണ്ടത്.

കാരണം, ഒരു ചെറിയ തലവേദന പോലും ചിലരുടെ ജീവിതത്തിന്റെ സന്തോഷവും ഉത്സാഹവും കവർന്നെടുക്കാറുണ്ട്. അതേസമയം, ശരിയായ തിരിച്ചറിവും ചികിത്സയും ലഭിച്ചാൽ അതേ ജീവിതം വീണ്ടും സാധാരണ നിലയിലേക്കു മടങ്ങാനും കഴിയും.

READ:

അപസ്മാരം:
സ്വാതന്ത്ര്യം വിദൂരമല്ല

മസ്‌തിഷ്ക ആഘാതം

 ഡിമൻഷ്യ എങ്ങനെ പ്രതിരോധിക്കാം?

പെട്ടെന്നുള്ള
എല്ലാ മരണങ്ങളും
ഹൃദയാഘാതം മൂലമല്ല

ഇരുവർ

ഇടിമിന്നൽ
ഏൽക്കാതിരിക്കാൻ ശാസ്ത്രീയമാർഗങ്ങൾ

കോർപ്പറേറ്റ്
മെഡിസിൻ ഉയർത്തുന്ന
നൈതിക വെല്ലുവിളികൾ

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു

IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: Headache is not a disease but a symptom of many underlying conditions. Learn about its causes, warning signs, and the importance of timely treatment, writes Dr. Bineesh C. in IMA Nammude Arogyam.


ഡോ. ബിനീഷ് സി.

സീനിയർ കൺസൽട്ടന്റ് ന്യൂറോളജിസ്റ്റ്, മൗലാനാ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.

Comments