സിസേറിയൻ:
അറിയേണ്ടതെല്ലാം

ഇന്ന് ഭൂരിഭാഗം പ്രസവങ്ങളും ആശുപത്രികളിൽ നടക്കുന്നതുകൊണ്ടും അണുബാധ തടയാൻ ആന്റിബയോട്ടിക്കുകളും വേദന നിയന്ത്രിക്കാൻ അനസ്തീഷ്യയും രക്തസ്രാവം നേരിടാൻ രക്തബാങ്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ലഭ്യമായതുകൊണ്ടും, സാധാരണ പ്രസവം അമ്മയ്ക്കോ കുഞ്ഞിനോ സുരക്ഷിതമല്ലാത്ത സന്ദർഭങ്ങളിൽ ജീവൻ രക്ഷിക്കുന്ന ശസ്ത്രക്രിയയായി സിസേറിയൻ മാറിയിരിക്കുന്നു: ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ജയകൃഷ്ണൻ കെ.ബി. എഴുതിയ ലേഖനം.

നമ്മുടെ ആശുപത്രികളിൽ വളരെ സാധാരണമായി നടക്കുന്ന ഒരു ശസ്ത്രക്രിയയാണ് സിസേറിയൻ (Cesarean). ഇതെന്താണെന്ന സാമാന്യബോധം കേരളത്തിലെ സാധാരണക്കാർക്കുപോലുമുണ്ടാകും. ഏറ്റവും ലളിതമായ ഭാഷയിൽ പറഞ്ഞാൽ, ഗർഭിണിയായ അമ്മയുടെ വയറിലും ഗർഭപാത്രത്തിലും ശസ്ത്രക്രിയാമുറിവുണ്ടാക്കി കുഞ്ഞിനെ പുറത്തെടുക്കുന്ന രീതിയാണ് സിസേറിയൻ. ഇങ്ങനെ ലളിതമായി പറയാമെങ്കിലും സിസേറിയനെക്കുറിച്ച് നമ്മൾ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ അനവധിയാണ്.

കുറച്ച് ചരിത്രം

റോമൻ ഭരണാധികാരിയായിരുന്ന ജൂലിയസ് സീസറെ മാതാവിന്റെ വയറുകീറിയാണ് പുറത്തെടുത്തതെന്നും അങ്ങനെ ‘സീസർ’ എന്ന പേരിൽനിന്നാണ് ‘സിസേറിയൻ’ എന്ന വാക്കുണ്ടായതെന്നും പണ്ടുമുതലേ കേട്ടുവരുന്ന കഥയുണ്ട്. എന്നാൽ ഇതൊരു മിഥ്യാധാരണയാണ് (Myth). സീസറിന്റെ മാതാവ് അദ്ദേഹം മുതിർന്നതിനുശേഷവും ജീവിച്ചിരുന്നതായി ചരിത്രരേഖകളുള്ളതിനാൽ അദ്ദേഹം സാധാരണ പ്രസവത്തിലൂടെയായിരിക്കാം ജനിച്ചതെന്നാണ് കരുതപ്പെടുന്നത്.

‘മുറിക്കുക’ എന്നർഥമുള്ള ലാറ്റിൻ പദമായ ‘കയ്ദെരെ’യിൽ (Caedere) നിന്നാണ് ‘സിസേറിയൻ’ എന്ന വാക്കുണ്ടായതെന്നാണ് പൊതുവേ കരുതപ്പെടുന്നത്. പുരാതനകാലത്ത് മരിച്ചവരോ രോഗമോ യുദ്ധമോ മൂലം മരണം സംഭവിക്കാറായവരോ ആയ ഗർഭിണികളുടെ ശരീരം തുറന്ന് കുഞ്ഞിനെ പുറത്തെടുക്കുന്ന രീതിയായിട്ടായിരുന്നു ഇതിന്റെ തുടക്കം. ഇന്നും ഗർഭിണിക്ക് ഹൃദയസ്തംഭനം സംഭവിക്കുകയും സാധാരണ പുനരുജ്ജീവന ശ്രമങ്ങൾ ഫലിക്കാതിരിക്കുകയും ചെയ്യുന്ന അത്യപൂർവ സാഹചര്യത്തിൽ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ അടിയന്തരമായി കുഞ്ഞിനെ പുറത്തെടുക്കേണ്ടിവരാം. ഇതിനെ റിസസിറ്റേറ്റീവ് ഹിസ്റ്ററോട്ടമി (Resuscitative Hysterotomy) അഥവാ പെരിമോർട്ടം സിസേറിയൻ (Perimortem Cesarean) എന്നു വിളിക്കുന്നു.

19-ാം നൂറ്റാണ്ടു വരെയും, ജീവിച്ചിരിക്കുന്ന സ്ത്രീകളിൽ സുരക്ഷിതമായി സിസേറിയൻ നടത്തുന്നത് ഏറെ ദുഷ്കരമായിരുന്നു. അണുബാധ തടയാനുള്ള ശാസ്ത്രീയമാർഗങ്ങളും ആന്റിബയോട്ടിക്കുകളും (Antibiotics) ലഭ്യമല്ലാതിരുന്നതിനാൽ ശസ്ത്രക്രിയയ്ക്കുശേഷം അണുബാധയും അമിതരക്തസ്രാവവും മൂലം സ്ത്രീ മരിക്കാനുള്ള സാധ്യത വളരെ കൂടുതലായിരു ന്നു. ശസ്ത്രക്രിയയുടെ വേദന അറിയാതിരിക്കാനുള്ള ഫലപ്രദമായ അനസ്തീഷ്യയും (Anesthesia) അക്കാലത്ത് ലഭ്യമായിരുന്നില്ല.

സിസേറിയനുശേഷം അമ്മയും കുഞ്ഞും ജീവിച്ചിരുന്ന ആദ്യകാല സംഭവങ്ങളിലൊന്നായി 16-ാം നൂറ്റാണ്ടിലെ സ്വിറ്റ്സർലൻഡിൽ നടന്നതായി പറയപ്പെടുന്ന ജേക്കബ് ന്യൂഫറുടെ (Jakob Nufer) കഥ ഉദ്ധരിക്കാറുണ്ട്. പന്നികളെ വന്ധ്യംകരിക്കുന്ന ജോലി ചെയ്തിരുന്ന ന്യൂഫർ, ഭാര്യയുടെ ദുർഘടപ്രസവം നീണ്ടുപോയപ്പോൾ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തുവെന്നാണ് കഥ. എന്നാൽ ഈ സംഭവത്തിന്റെ ചരിത്രപരമായ ആധികാരികതയെക്കുറിച്ച് സംശയങ്ങളുണ്ട്.

19-ാം നൂറ്റാണ്ടിൽ രോഗാണുക്കളെ നിയന്ത്രിക്കാനുള്ള അണുനാശനരീതികളും മുറിവ് തുന്നാനുള്ള ശാസ്ത്രീയ സാങ്കേതികവിദ്യകളും വികസിച്ചതോടെ സിസേറിയൻ കൂടുതൽ സുരക്ഷിതമായി. ഇരുപതാം നൂറ്റാണ്ടിൽ അനസ്തീഷ്യ, ആന്റിബയോട്ടിക്കുകൾ, രക്തബാങ്കുകൾ, ശസ്ത്രക്രിയാസങ്കേതങ്ങൾ എന്നിവയിലുണ്ടായ പുരോഗതി സിസേറിയനെ കൂടുതൽ സുരക്ഷിതവും സാധാരണവുമായ ശസ്ത്രക്രിയയാക്കി.

സിസേറിയനുശേഷം അമ്മയും കുഞ്ഞും ജീവിച്ചിരുന്ന ആദ്യകാല സംഭവങ്ങളിലൊന്നായി 16-ാം നൂറ്റാണ്ടിലെ സ്വിറ്റ്സർലൻഡിൽ നടന്നതായി പറയപ്പെടുന്ന ജേക്കബ് ന്യൂഫറുടെ (Jakob Nufer) കഥ ഉദ്ധരിക്കാറുണ്ട്.
സിസേറിയനുശേഷം അമ്മയും കുഞ്ഞും ജീവിച്ചിരുന്ന ആദ്യകാല സംഭവങ്ങളിലൊന്നായി 16-ാം നൂറ്റാണ്ടിലെ സ്വിറ്റ്സർലൻഡിൽ നടന്നതായി പറയപ്പെടുന്ന ജേക്കബ് ന്യൂഫറുടെ (Jakob Nufer) കഥ ഉദ്ധരിക്കാറുണ്ട്.

ഇന്ന് ഭൂരിഭാഗം പ്രസവങ്ങളും ആശുപത്രികളിൽ നടക്കുന്നതുകൊണ്ടും അണുബാധ തടയാൻ ആന്റിബയോട്ടിക്കുകളും വേദന നിയന്ത്രിക്കാൻ അനസ്തീഷ്യയും രക്തസ്രാവം നേരിടാൻ രക്തബാങ്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ലഭ്യമായതുകൊണ്ടും, സാധാരണ പ്രസവം അമ്മയ്ക്കോ കുഞ്ഞിനോ സുരക്ഷിതമല്ലാത്ത സന്ദർഭങ്ങളിൽ ജീവൻ രക്ഷിക്കുന്ന ശസ്ത്രക്രിയയായി സിസേറിയൻ മാറിയിരിക്കുന്നു.

ലോകത്തിലെ മിക്ക രാജ്യങ്ങളിലും സിസേറിയന്റെ നിരക്ക് വർധിച്ചിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്തും പ്രസവങ്ങളിൽ ഗണ്യമായൊരു പങ്ക് സിസേറിയൻ വഴിയാണ് നടക്കുന്നത്. എന്നാൽ വൈദ്യശാസ്ത്രപരമായി ആവശ്യമായപ്പോൾ സിസേറിയൻ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കുന്നതുപോലെ, വ്യക്തമായ ആവശ്യമില്ലാതെ നടത്തുമ്പോൾ അതിന് അധികപ്രയോജനം തെളിയിക്കപ്പെട്ടിട്ടില്ല. മറ്റു ശസ്ത്രക്രിയകളെപ്പോലെതന്നെ ഹ്രസ്വകാലത്തെയും ദീർഘ കാലത്തെയും ചില അപകടസാധ്യതകൾ സിസേറിയനുമുണ്ട്.

സിസേറിയൻ ചെയ്യുന്നത് എന്തിന്?

നിങ്ങളുടെ ഡോക്ടർ സിസേറിയൻ ചെയ്യാൻ തീരുമാനിക്കുന്നതിന് എന്തൊക്കെയായിരിക്കും കാരണങ്ങൾ? കുഞ്ഞ് ജനിക്കുന്നതിന് പ്രധാനമായും രണ്ടു മാർഗങ്ങളാണുള്ളത്. പ്രസവവേദനയിലൂടെ യോനിമാർഗം കുഞ്ഞ് ജനിക്കുന്നതാണ് ആദ്യത്തേത്. ഇതിനെ സാധാരണക്കാർ ‘സുഖപ്രസവം’ എന്നു വിളിക്കാറുണ്ട്. രണ്ടാമത്തേത് വയറിലും ഗർഭപാത്രത്തിലും ശസ്ത്രക്രിയാമുറിവുണ്ടാക്കി കുഞ്ഞിനെ പുറത്തെടുക്കുന്ന സിസേറിയനാണ്.

സാധാരണ പ്രസവം നടക്കാൻ സാധ്യത തീരെ കുറവായിരിക്കുമ്പോഴോ പ്രസവം തുടരുന്നത് അമ്മയ്ക്കോ കുഞ്ഞിനോ അപകടകരമാകുമ്പോഴോ സിസേറിയൻ ആവശ്യമായി വരാം. ചില ഉദാഹരണങ്ങൾ നോക്കാം.

  • 1. കുഞ്ഞിന് പുറത്തുവരാനുള്ള മാർഗത്തിൽ തടസ്സമുള്ളപ്പോൾ:

സാധാരണ പ്രസവത്തിൽ കുഞ്ഞിന്റെ തല അമ്മയുടെ ഇടുപ്പെല്ലുകൾക്കിടയിലുള്ള ജനനമാർഗത്തിലൂടെയാണ് പുറത്തുവരേണ്ടത്. കുഞ്ഞിന്റെയോ കുഞ്ഞിന്റെ തലയുടെയോ വലുപ്പം കൂടുതലായിരിക്കുകയോ അമ്മയുടെ ഇടുപ്പിലെ സ്ഥലം താരതമ്യേന ഇടുങ്ങിയതായിരിക്കുകയോ ചെയ്താൽ കുഞ്ഞിന് പുറത്തുവരാൻ ബുദ്ധിമുട്ടുണ്ടാകാം. ഇതിനെ സെഫലോപെൽവിക് ഡിസ്പ്രൊപ്പോർഷൻ (Cephalopelvic Disproportion–CPD) എന്നു പറയുന്നു.

ജനനമാർഗത്തിൽ മുഴയോ മറ്റു തടസ്സങ്ങളോ ഉണ്ടെങ്കിലും കുഞ്ഞിന് സുഗമമായി പുറത്തുവരാൻ കഴിയാതെ വന്നേക്കാം. മറുപിള്ള ഗർഭപാത്രത്തിന്റെ ഏറ്റവും താഴ്ഭാഗത്ത് സ്ഥിതിചെയ്ത് ഗർഭപാത്രമുഖം പൂർണമായോ ഭാഗികമായോ മറയ്ക്കുന്ന പ്ലാസന്റ പ്രീവിയ (Placenta Previa) എന്ന അവസ്ഥയിലും സിസേറിയൻ വേണ്ടിവരാം.

  • 2. പ്രസവം വേണ്ടത്ര പുരോഗമിക്കാതിരിക്കുമ്പോൾ:

പ്രസവവേദന തുടങ്ങി മണിക്കൂറുകൾ കഴിഞ്ഞിട്ടും ഗർഭപാത്രമുഖം വേണ്ടത്ര തുറക്കാതിരിക്കുകയോ കുഞ്ഞ് ജനനമാർഗത്തിലൂടെ താഴേക്ക് ഇറങ്ങാതിരിക്കുകയോ ചെയ്യാം. പ്രസവത്തിന്റെ പുരോഗതി നിലയ്ക്കുന്ന ഈ അവസ്ഥയ്ക്ക് ഫെയില്യർ ടു പ്രോഗ്രസ് (Failure to Progress) എന്നു പറയുന്നു.

പ്രസവം വൈകുന്നതിന്റെ കാരണം, അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില, ഗർഭപാത്രസങ്കോചങ്ങളുടെ സ്വഭാവം, കുഞ്ഞിന്റെ സ്ഥാനം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയശേഷമാണ് സിസേറിയൻ വേണമോ എന്നു തീരുമാനിക്കുന്നത്.

സാധാരണ പ്രസവത്തിൽ കുഞ്ഞിന്റെ തല അമ്മയുടെ ഇടുപ്പെല്ലുകൾക്കിടയിലുള്ള ജനനമാർഗത്തിലൂടെയാണ് പുറത്തുവരേണ്ടത്.
സാധാരണ പ്രസവത്തിൽ കുഞ്ഞിന്റെ തല അമ്മയുടെ ഇടുപ്പെല്ലുകൾക്കിടയിലുള്ള ജനനമാർഗത്തിലൂടെയാണ് പുറത്തുവരേണ്ടത്.
  • 3. മുമ്പ് സിസേറിയൻ നടന്നിട്ടുണ്ടെങ്കിൽ

ആദ്യ പ്രസവം സിസേറിയൻ വഴിയായ സ്ത്രീക്ക് പിന്നീടും സിസേറിയൻ വേണ്ടിവരാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഒരിക്കൽ സിസേറിയൻ നടന്നാൽ തുടർന്നുള്ള എല്ലാ പ്രസവങ്ങളും സിസേറിയൻ തന്നെയാകണമെന്നില്ല.

മുൻ സിസേറിയനിൽ ഗർഭപാത്രത്തിലുണ്ടാക്കിയ മുറിവിന്റെ തരം, ആദ്യ സിസേറിയന്റെ കാരണം, ഇപ്പോഴത്തെ ഗർഭത്തിന്റെ പ്രത്യേകതകൾ, കുഞ്ഞിന്റെ വലുപ്പവും കിടപ്പും, അമ്മയുടെ ആരോഗ്യനില, അടിയന്തര സിസേറിയൻ നടത്താനുള്ള ആശുപത്രിസൗകര്യം എന്നിവ പരിഗണിച്ച് ചില സ്ത്രീകൾക്ക് സിസേറിയനുശേഷമുള്ള യോനിമാർഗ പ്രസവം അഥവാ വി.ബി.എ.സി. (Vaginal Birth After Cesarean–VBAC) ശ്രമിക്കാം. ഈ ശ്രമത്തെ ട്രയൽ ഓഫ് ലേബർ ആഫ്റ്റർ സിസേറിയൻ (Trial of Labor After Cesarean–TOLAC) എന്നും വിളിക്കുന്നു.

പ്രസവവേദനയുടെ സമയത്ത് ഗർഭപാത്രം ശക്തമായി സങ്കോചിക്കുമ്പോൾ മുൻ സിസേറിയന്റെ മുറിവ് അപൂർവമായി വേർപെടുകയോ ഗർഭപാത്രം പൊട്ടുകയോ ചെയ്യാം. ഇതിനെ യൂട്ടറൈൻ റപ്ചർ (Uterine Rupture) എന്നു പറയുന്നു. ഇത് അപൂർവമാണെങ്കിലും സംഭവിച്ചാൽ അമ്മയ്ക്കും കുഞ്ഞിനും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകാം. അതുകൊണ്ട് വി.ബി.എ.സി. ശ്രമിക്കുന്നത് തുടർച്ചയായി നിരീക്ഷിക്കാനും ആവശ്യമുണ്ടായാൽ ഉടൻ സിസേറിയൻ നടത്താനും കഴിയുന്ന ആശുപത്രിയിലായിരിക്കണം.

മുമ്പ് ഒന്നിൽ കൂടുതൽ സിസേറിയൻ കഴിഞ്ഞ സ്ത്രീകളിലും തെരഞ്ഞെടുക്കപ്പെട്ട സാഹചര്യങ്ങളിൽ യോനിമാർഗ പ്രസവം പരിഗണിക്കാം. എന്നാൽ അപകടസാധ്യതകളും ആശുപത്രിയുടെ സൗകര്യങ്ങളും പ്രത്യേകം വിലയിരുത്തേണ്ടതുണ്ട്.

  • 4. കുഞ്ഞിന്റെ കിടപ്പ് അനുകൂലമല്ലെങ്കിൽ

ഇടുപ്പിലെ ചെറിയ വിടവിലൂടെ കുഞ്ഞ് പുറത്തുവരണമെങ്കിൽ ഗർഭപാത്രത്തിനുള്ളിലെ കുഞ്ഞിന്റെ കിടപ്പ് അനുകൂലമായിരിക്കണം. കുഞ്ഞിന്റെ തല താഴെയും പൃഷ്ഠഭാഗം മുകളിലുമായി കിടക്കുന്നതാണ് സാധാരണ പ്രസവത്തിന് ഏറ്റവും അനുകൂലമായ സ്ഥിതി.

ചിലപ്പോൾ കുഞ്ഞിന്റെ പൃഷ്ഠഭാഗമോ കാലുകളോ താഴെയായിരിക്കുന്ന ബ്രീച്ച് പ്രസന്റേഷൻ (Breech Presentation), ഗർഭപാത്രത്തിന് കുറുകെ കിടക്കുന്ന ട്രാൻസ്‌വേഴ്‌സ് ലൈ (Transverse Lie), ചരിഞ്ഞുള്ള ഒബ്ലീക്ക് ലൈ (Oblique Lie) തുടങ്ങിയ കിടപ്പുകൾ ഉണ്ടാകാം. ഇവയെ പൊതുവേ ഫീറ്റൽ മാൽപ്രസന്റേഷൻസ് (Fetal Malpresentations) എന്നു പറയുന്നു.

എല്ലാ ബ്രീച്ച് പ്രസന്റേഷനിലും നിർബന്ധമായി സിസേറിയൻ വേണമെന്നില്ല. ഗർഭകാലം, കുഞ്ഞിന്റെ വലുപ്പം, ബ്രീച്ചിന്റെ തരം, അമ്മയുടെ ഇടുപ്പിന്റെ ഘടന, പ്രസവവിദഗ്ധന്റെ പരിചയം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് തീരുമാനം. എന്നാൽ കുറുകെയുള്ള കിടപ്പ് തുടരുകയോ സാധാരണ പ്രസവം അപകടകരമാകുന്ന മറ്റു മാൽപ്രസന്റേഷനുകൾ ഉണ്ടാകുകയോ ചെയ്താൽ സിസേറിയൻ ആവശ്യമായി വരും.

  • 5. അമ്മയ്ക്കോ കുഞ്ഞിനോ അടിയന്തരമായ അപകടസാധ്യതയുണ്ടായാൽ

പ്രസവവേദന തുടങ്ങിയ ശേഷം അമ്മയ്ക്കോ കുഞ്ഞിനോ ഗുരുതരമായ ആരോഗ്യപ്രശ്നം ഉണ്ടായാൽ അടിയന്തരമായി സിസേറിയൻ നടത്തി കുഞ്ഞി നെ പുറത്തെടുക്കേണ്ടിവരാം.

അമ്മയ്ക്ക് അതിരക്തസമ്മർദം, പ്രീ-എക്ലാംപ്സിയ (Pre-eclampsia), എക്ലാംപ്സിയ (Eclampsia), ഗുരുതര രക്തസ്രാവം, ഹൃദയസംബന്ധമായ തകരാർ തുടങ്ങിയവ ഉണ്ടാകുന്നത് ഉദാഹരണങ്ങളാണ്.

കുഞ്ഞിന്റെ ഹൃദയമിടിപ്പിൽ അപകടകരമായ വ്യതിയാനമുണ്ടാകുക, പൊക്കിൾക്കൊടി കുഞ്ഞിനു മുമ്പായി യോനിയിലേക്കു തള്ളിവരുന്ന കോർഡ് പ്രൊലാപ്സ് (Cord Prolapse), മറുപിള്ള പ്രസവത്തിനു മുമ്പ് ഗർഭപാത്രത്തിൽനിന്നു വേർപെടുന്ന പ്ലാസന്റൽ അബ്രപ്ഷൻ (Placental Abruption) തുടങ്ങിയ സാഹചര്യങ്ങളിലും അടിയന്തര സിസേറിയൻ വേണ്ടിവരാം.

പ്രസവവേദനയുടെ സമയത്ത് ഗർഭപാത്രം ശക്തമായി സങ്കോചിക്കുമ്പോൾ മുൻ സിസേറിയന്റെ മുറിവ് അപൂർവമായി വേർപെടുകയോ ഗർഭപാത്രം പൊട്ടുകയോ ചെയ്യാം.
പ്രസവവേദനയുടെ സമയത്ത് ഗർഭപാത്രം ശക്തമായി സങ്കോചിക്കുമ്പോൾ മുൻ സിസേറിയന്റെ മുറിവ് അപൂർവമായി വേർപെടുകയോ ഗർഭപാത്രം പൊട്ടുകയോ ചെയ്യാം.
  • 6. അമ്മയ്ക്ക് ഗുരുതരമായ ചില രോഗങ്ങളുണ്ടെങ്കിൽ

സാധാരണ പ്രസവത്തിൽ കുഞ്ഞിനെ പുറത്തേക്ക് തള്ളാൻ അമ്മ ബലം പ്രയോഗിക്കേണ്ടി വരും. ഗുരുതരമായ ചില ഹൃദയരോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ, തലച്ചോറിലെയോ പ്രധാന രക്തക്കുഴലുകളിലെയോ അന്യൂറിസം (Aneurysm) തുടങ്ങിയ അവസ്ഥകളിൽ ഈ ബലംപ്രയോഗം അപകടകരമായേക്കാം.

എന്നാൽ ഹൃദ്രോഗം, അപസ്മാരം, റെറ്റിനൽ ഡിറ്റാച്ച്മെന്റ് (Retinal Detachment), ഗ്ലോക്കോമ (Glaucoma) തുടങ്ങിയ രോഗങ്ങളുടെ സാന്നിധ്യംകൊണ്ടുമാത്രം എല്ലാവർക്കും സിസേറിയൻ വേണ്ടിവരില്ല. രോഗത്തിന്റെ സ്വഭാവവും തീവ്രതയും പ്രസവവിദഗ്ധനും ബന്ധപ്പെട്ട വിദഗ്ധഡോക്ടർമാരും ചേർന്ന് വിലയിരുത്തിയാണ് പ്രസവരീതി തീരുമാനിക്കുന്നത്. ചില സന്ദർഭങ്ങളിൽ ഉപകരണസഹായത്തോടെയുള്ള യോനിമാർഗ പ്രസവവും പരിഗണിക്കാം.

  • 7. ചില അണുബാധകളുള്ളപ്പോൾ

എച്ച്.ഐ.വി. (HIV) ബാധയുള്ള എല്ലാ ഗർഭിണികൾക്കും നിർബന്ധമായി സിസേറിയൻ ചെയ്യണമെന്നില്ല. അമ്മ കഴിക്കുന്ന മരുന്നുകൾ, രക്തത്തിലെ വൈറൽ ലോഡ് (Viral Load), ഗർഭകാലം, മറ്റു പ്രസവസംബ ന്ധമായ ഘടകങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രസവരീതി തീരുമാനിക്കുന്നത്. വൈറൽ ലോഡ് നിയന്ത്രണത്തിലല്ലാത്ത ചില സാഹചര്യങ്ങളിൽ കുഞ്ഞിലേക്കുള്ള രോഗപ്പകർച്ച കുറയ്ക്കാൻ മുൻകൂട്ടി നിശ്ചയിച്ച സിസേറിയൻ ശുപാർശ ചെയ്യാം.

ഹെപ്പറ്റൈറ്റിസ് ബി (Hepatitis B) ബാധമാത്രം സിസേറിയനുള്ള കാരണമല്ല. കുഞ്ഞിന് ജനിച്ച ഉടൻ ഹെപ്പറ്റൈറ്റിസ് ബി വാക്സിനും ആവശ്യമായപ്പോൾ ഹെപ്പറ്റൈറ്റിസ് ബി ഇമ്യൂണോഗ്ലോബുലിനും (Hepatitis B Immunoglobulin–HBIG) നൽകുന്നതാണ് രോഗപ്പകർച്ച തടയുന്നതിലെ പ്രധാന നടപടി.

സജീവമായ ജനനേന്ദ്രിയ ഹെർപ്പിസ് (Genital Herpes) പോലുള്ള ചില അണുബാധകളിൽ കുഞ്ഞിലേക്കുള്ള രോഗപ്പകർച്ച ഒഴിവാക്കാൻ സിസേറിയൻ ആവശ്യമായി വരാം.

  • 8. അമ്മയുടെ അഭ്യർഥനപ്രകാരമുള്ള സിസേറിയൻ

പ്രസവവേദനയോടുള്ള കടുത്ത ഭയം, മുൻകാലത്തെ ദുഷ്കരമായ പ്രസവാനുഭവം, മാനസികസമ്മർദം തുടങ്ങിയ കാരണങ്ങളാൽ ചില സ്ത്രീകൾ സിസേറിയൻ ആവശ്യപ്പെടാറുണ്ട്.

അത്തരം സാഹചര്യങ്ങളിൽ പ്രസവവേദന നിയന്ത്രിക്കാനുള്ള മാർഗങ്ങൾ, സാധാരണ പ്രസവത്തിന്റെയും സിസേറിയന്റെയും ഗുണദോഷങ്ങൾ, ഭാവിയിലെ ഗർഭധാരണങ്ങളിൽ സിസേറിയൻ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ എന്നിവ വിശദമായി ചർച്ച ചെയ്യണം. വൈദ്യശാസ്ത്രപരമായ മറ്റൊരു കാരണം ഇല്ലെങ്കിൽ അമ്മയുടെ അഭ്യർഥനപ്രകാരമുള്ള സിസേറിയൻ സാധാരണയായി 39 ആഴ്ച പൂർത്തിയാകുന്നതിനു മുമ്പ് നടത്താറില്ല.

സിസേറിയൻ സമയത്തോ അതിനുശേഷമോ ഉണ്ടാകാവുന്ന സങ്കീർണതകൾ

  • 1. സമീപാവയവങ്ങൾക്ക് മുറിവേൽക്കുക:

ഗർഭപാത്രത്തിനു സമീപത്തായി മൂത്രസഞ്ചി, കുടൽ, മൂത്രവാഹിനികൾ തുടങ്ങിയ അവയവങ്ങളുണ്ട്. അതിനാൽ അപൂർവമായി സിസേറിയൻ സമയത്ത് ഇവയ്ക്ക് മുറിവേൽക്കാം. മുമ്പ് ഒന്നിലധികം ശസ്ത്രക്രിയകൾ കഴിഞ്ഞവരിലും വയറിനുള്ളിൽ അവയവങ്ങൾ തമ്മിൽ ഒട്ടിപ്പിടിച്ചിരിക്കുന്നവരിലും ഈ സാധ്യത കൂടുതലായേക്കാം.

  • 2. കുഞ്ഞിന് ശ്വാസസഹായം ആവശ്യമായിവരിക:

പുറത്തെടുത്ത ഉടനെ കുഞ്ഞ് കരയാതിരിക്കുകയോ ആവശ്യത്തിന് ശ്വാസമെടുക്കാതിരിക്കുകയോ ചെയ്യാം. ദീർഘനേരം നീണ്ട ദുർഘടപ്രസവത്തിനുശേഷം സിസേറിയൻ നടത്തുമ്പോൾ, മാസം തികയുന്നതിനുമുമ്പ് ജനിക്കുമ്പോൾ, കുഞ്ഞിന്റെ വളർച്ച കുറവായിരിക്കുമ്പോൾ, അമ്മയ്ക്ക് പ്രമേഹമോ അതിരക്തസമ്മർമോ ഉണ്ടായിരിക്കുമ്പോൾ തുടങ്ങിയ സന്ദർഭങ്ങളിൽ ഇതിന്റെ സാധ്യത കൂടാം.

അത്തരം കുഞ്ഞുങ്ങൾക്ക് ഉടൻതന്നെ നവജാതശിശു പുനരുജ്ജീവനചികിത്സയും (Neonatal Resuscitation) ആവശ്യമായ ശ്വാസസഹായവും നൽകേണ്ടിവരും.

  • 3. പ്രസവാനന്തര അമിതരക്തസ്രാവം:

പ്രസവത്തിനുശേഷമുള്ള അമിതരക്തസ്രാവത്തെ പോസ്റ്റ്‌പാർട്ടം ഹെമറേജ് (Postpartum Hemorrhage–PPH) എന്നു പറയുന്നു. ലോകമെമ്പാടും മാതൃമരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണിത്. സാധാരണ പ്രസവത്തിനു ശേഷവും സിസേറിയനുശേഷവും പി.പി.എച്ച്. ഉണ്ടാകാം.

എ) മറുപിള്ള അസാധാരണമായി ഒട്ടിച്ചേർന്നിരിക്കുമ്പോൾ:
മറുപിള്ള ഗർഭപാത്രഭിത്തിയോട് അസാധാരണമായി ആഴത്തിൽ ഒട്ടിച്ചേരുന്ന അവസ്ഥയെ പ്ലാസന്റ അക്രേറ്റ സ്പെക്ട്രം (Placenta Accreta Spectrum) എന്നു പറയുന്നു. മുമ്പ് സിസേറിയൻ കഴിഞ്ഞവരിലും പ്ലാസന്റ പ്രീവിയ ഉള്ളവരിലും ഇതിന്റെ സാധ്യത കൂടുതലാണ്.

മറുപിള്ള സുരക്ഷിതമായി വേർപ്പെടുത്താൻ കഴിയാതെ വന്നാൽ ഗുരുതരമായ രക്തസ്രാവമുണ്ടാകാം. രക്തം നൽകേണ്ടിവരികയും ചിലപ്പോൾ അമ്മയുടെ ജീവൻ രക്ഷിക്കാൻ ഗർഭപാത്രം നീക്കംചെയ്യേണ്ടിവരികയും ചെയ്യാം.

ബി) ഗർഭപാത്രം വേണ്ടത്ര ചുരുങ്ങാതിരിക്കുമ്പോൾ: കുഞ്ഞും മറുപിള്ളയും പുറത്തുവന്നശേഷം ഗർഭപാത്രം ശക്തമായി ചുരുങ്ങണം. ഗർഭപാത്രം വേണ്ടത്ര ചുരുങ്ങാത്ത യൂട്ടറൈൻ അറ്റോണി (Uterine Atony) പ്രസവാനന്തര രക്തസ്രാവത്തിന്റെ പ്രധാന കാരണമാണ്. ദീർഘനേരം നീണ്ട പ്രസവം, ഒന്നിലധികം കുഞ്ഞുങ്ങൾ, അമിതമായി വികസിച്ച ഗർഭപാത്രം തുടങ്ങിയ സാഹചര്യങ്ങളിൽ ഇതിന്റെ സാധ്യത കൂടാം.

സി) രക്തം കട്ടപിടിക്കുന്ന സംവിധാനത്തിൽ തകരാറുണ്ടാകുമ്പോൾ:
ഗുരുതരമായ പ്ലാസന്റൽ അബ്രപ്ഷൻ, സെപ്സിസ്, അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം തുടങ്ങിയ അവസ്ഥകളിൽ രക്തം കട്ടപിടിക്കുന്ന സംവിധാനത്തിൽ വ്യാപകമായ തകരാറുണ്ടാകാം. ഇതിനെ ഡിസെമിനേറ്റഡ് ഇൻട്രാവാസ്കുലാർ കോയാ ഗുലേഷൻ (Disseminated Intravascular Coagulation–DIC) എന്നു പറയുന്നു. ഇതുമൂലം നിയന്ത്രിക്കാൻ പ്രയാസമുള്ള രക്തസ്രാവമുണ്ടാകാം.

മരുന്നുകൾ, ഗർഭപാത്രത്തിനുള്ളിലെ ബലൂൺ, രക്തവും രക്തഘടകങ്ങളും നൽകൽ, രക്തക്കുഴലുകളിൽ നടത്തുന്ന ചികിത്സ, ശസ്ത്രക്രിയ തുടങ്ങിയ പല മാർഗങ്ങളിലൂടെ രക്തസ്രാവം നിയന്ത്രിക്കാൻ ശ്രമിക്കും. മറ്റെല്ലാ മാർഗങ്ങളും പരാജയപ്പെടുകയും അമ്മയുടെ ജീവന് ഭീഷണിയാകുകയും ചെയ്താൽ ഗർഭപാത്രം നീക്കംചെയ്യുന്ന ഹിസ്റ്ററെക്ടമി (Hysterectomy) ആവശ്യമായി വന്നേക്കാം.

  • 4. അണുബാധയും മറ്റു ശസ്ത്രക്രിയാനന്തര പ്രശ്നങ്ങളും

മുറിവിൽ അണുബാധ, ഗർഭപാത്രത്തിലെ അണുബാധ, മൂത്രാശയ അണുബാധ, പനി, ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവ ചിലരിൽ ഉണ്ടാകാം. പ്രതിരോധ ആന്റിബയോട്ടിക്കുകൾ, ശുചിത്വം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, വേഗത്തിലുള്ള ചലനം എന്നിവ ഈ സാധ്യത കുറയ്ക്കാൻ സഹായിക്കും.

  • 5. അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം

ഗർഭപാത്രത്തിൽ കുഞ്ഞിനു ചുറ്റുമുള്ള അമ്നിയോട്ടിക് ദ്രവത്തിലെ ഘടകങ്ങൾ അമ്മയുടെ രക്തചംക്രമണത്തിലേക്കു കടക്കുന്നതുമായി ബന്ധപ്പെട്ട് പെട്ടെന്നുണ്ടാകുന്ന അത്യപൂർവും ഗുരുതരവുമായ അവസ്ഥയാണ് അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം (Amniotic Fluid Embolism).

പെട്ടെന്നുള്ള ശ്വാസതടസ്സം, രക്തസമ്മർം തകരുക, ഹൃദയസ്തംഭനം, രക്തം കട്ടപിടിക്കാത്ത അവസ്ഥ എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകാം. സാധാരണ പ്രസവത്തിനിടയിലും സിസേറിയനിടയിലും പ്രസവത്തിനു തൊട്ടുപിന്നാലെയും ഇത് സംഭവിക്കാം.

പ്ലാസന്റ അക്രേറ്റ, പി.പി.എച്ച്., ഡി.ഐ.സി., അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം തുടങ്ങിയ അവസ്ഥകളിൽ ചിലതിന്റെ അപകടസാധ്യത നേരത്തേ തിരിച്ചറിയാൻ കഴിയും. അതനുസരിച്ച് രക്തം, മരുന്നുകൾ, വിദഗ്ധസംഘം, തീവ്രപരിചരണം എന്നിവ സജ്ജീകരിക്കാനും കഴിയും. എന്നിരുന്നാലും ചില സംഭവങ്ങൾ മുന്നറിയിപ്പില്ലാതെ പ്രത്യക്ഷപ്പെടാം. അതിനാൽ അടിയന്തരചികിത്സാസൗകര്യവും പരിശീലനം ലഭിച്ച ചികിത്സാസംഘവും പ്രധാനമാണ്.

ഗർഭപാത്രത്തിൽ കുഞ്ഞിനു ചുറ്റുമുള്ള അമ്നിയോട്ടിക് ദ്രവത്തിലെ ഘടകങ്ങൾ അമ്മയുടെ രക്തചംക്രമണത്തിലേക്കു കടക്കുന്നതുമായി ബന്ധപ്പെട്ട് പെട്ടെന്നുണ്ടാകുന്ന അത്യപൂർവും ഗുരുതരവുമായ അവസ്ഥയാണ് അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം (Amniotic Fluid Embolism).
ഗർഭപാത്രത്തിൽ കുഞ്ഞിനു ചുറ്റുമുള്ള അമ്നിയോട്ടിക് ദ്രവത്തിലെ ഘടകങ്ങൾ അമ്മയുടെ രക്തചംക്രമണത്തിലേക്കു കടക്കുന്നതുമായി ബന്ധപ്പെട്ട് പെട്ടെന്നുണ്ടാകുന്ന അത്യപൂർവും ഗുരുതരവുമായ അവസ്ഥയാണ് അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം (Amniotic Fluid Embolism).
  • 6. രക്തം കട്ടപിടിക്കുന്ന പ്രശ്നങ്ങൾ

സിസേറിയനുശേഷം കാലിലെ ആഴത്തിലുള്ള രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന ഡീപ് വെയിൻ ത്രോംബോസിസ് (Deep Vein Thrombosis–DVT) ഉണ്ടാകാനുള്ള സാധ്യത സാധാരണ പ്രസവത്തെക്കാൾ കൂടുതലാണ്. ഈ രക്തക്കട്ട ശ്വാസകോശത്തിലേക്കെത്തിയാൽ പൾമണറി എംബോളിസം (Pulmonary Embolism) എന്ന ഗുരുതരാവസ്ഥയുണ്ടാകാം.

നേരത്തേ എഴുന്നേറ്റു നടക്കുക, കാലുകളുടെ വ്യായാമം, മതിയായ ജലപാനം, ആവശ്യമായവർക്ക് കംപ്രഷൻ സ്റ്റോക്കിങ്‌സ് (Compression Stockings) അല്ലെങ്കിൽ രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നുകൾ എന്നിവ ഉപയോഗിച്ച് ഈ സാധ്യത കുറയ്ക്കാം.

  • 7. അനസ്തീഷ്യയുമായി ബന്ധപ്പെട്ട അപകടങ്ങൾ

രക്തസമ്മർദ്ദം കുറയുക, ഛർ ദ്ദി, തലവേദന, മരുന്നുകളോടുള്ള അലർജി, ശ്വാസതടസ്സം തുടങ്ങിയ പ്രശ്നങ്ങൾ അനസ്തീഷ്യയുമായി ബന്ധപ്പെട്ട് അപൂർവമായി ഉണ്ടാകാം. ഗുരുതരമായ ഹൃദയ–ശ്വാസകോശ പ്രശ്നങ്ങൾ അത്യപൂർവമാണ്. രോഗിയുടെ ആരോഗ്യനിലയും പരിശോധനാഫലങ്ങളും വിലയിരുത്തി ഏറ്റവും സുരക്ഷിതമായ അനസ്തീഷ്യാരീതിയാണ് ഡോക്ടർ തെരഞ്ഞെടുക്കുന്നത്.

സിസേറിയനുമുമ്പ്
നിങ്ങളും കുടുംബവും ചെയ്യേണ്ടത്

ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിക്കാൻ നിർദേശിച്ച സമയത്തുതന്നെ എത്തുക. ഭക്ഷണവും വെള്ളവും എപ്പോൾ മുതൽ ഒഴിവാക്കണമെന്ന് അനസ്തീഷ്യാ ഡോക്ടറോ ആശുപത്രിയോ നൽകുന്ന നിർദേശം കൃത്യമായി പാലിക്കുക. ഖരഭക്ഷണത്തിന്റെയും തെളിഞ്ഞ ദ്രാവകങ്ങളുടെയും ഉപവാസസമയം ഒരുപോലെയല്ല. അതിനാൽ എല്ലാവരും സ്വന്തം നിലയിൽ ‘ആറുമണിക്കൂർ വെള്ളംപോലും കുടിക്കരുത്’ എന്ന പൊതുനിയമം പിന്തുടരരുത്.

കുളിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുക. ആഭരണങ്ങൾ, വെപ്പുപല്ലുകൾ, കോൺടാക്റ്റ് ലെൻസുകൾ (Contact Lenses) തുടങ്ങിയവ ആശുപത്രിയുടെ നിർ ദേശപ്രകാരം നീക്കംചെയ്യുക.

അനസ്തീഷ്യ നൽകുന്ന ഡോക്ടർ ശസ്ത്രക്രിയയ്ക്കുമുമ്പ് നിങ്ങളെ പരിശോധിക്കും. ഇതിനെ പ്രീ-അനസ്തറ്റിക് ചെക്കപ്പ് (Pre-anesthetic Check-up–PAC) എന്നു പറയുന്നു. അനസ്തീഷ്യ നൽകുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ തീരുമാനിക്കാനാണ് ഈ പരിശോധന.

സിസേറിയനുവേണ്ടി പ്രധാനമായും രണ്ടു രീതിയിലാണ് അനസ്തീഷ്യ നൽകുന്നത്.

നട്ടെല്ലിനു സമീപം മരുന്ന് കുത്തിവെച്ച് വയറിന്റെ കീഴ്ഭാഗം മുതൽ കാലുകൾവരെ വേദന അറിയാതാക്കുന്ന സ്പൈനൽ അനസ്തീഷ്യ (Spinal Anesthesia) അല്ലെങ്കിൽ എപ്പിഡ്യൂറൽ അനസ്തീഷ്യ (Epidural Anesthesia).

ഗർഭിണിയെ പൂർണമായി മയക്കി കൃത്രിമശ്വാസസഹായം നൽകുന്ന ജനറൽ അനസ്തീഷ്യ (General Anesthesia).

ബഹുഭൂരിപക്ഷം സിസേറിയനുകൾക്കും സ്പൈനൽ അല്ലെങ്കിൽ എപ്പിഡ്യൂറൽ അനസ്തീഷ്യയാണ് ഉപയോഗിക്കുന്നത്. അമ്മയ്ക്ക് ബോധമുണ്ടായിരിക്കാനും കുഞ്ഞ് ജനിക്കുന്ന നിമിഷം അനുഭവിക്കാനും ഇതിലൂടെ കഴിയും. ചില അടിയന്തരഘട്ടങ്ങളിലും നട്ടെല്ലിൽ അനസ്തീഷ്യ നൽകാൻ കഴിയാത്ത സാഹചര്യങ്ങളിലും ജനറൽ അനസ്തീഷ്യ ആവശ്യമായി വരാം.

നിങ്ങളുടെ ആരോഗ്യനിലയും പരിശോധനാഫലങ്ങളും ശസ്ത്രക്രിയയുടെ അടിയന്തരസ്വഭാവവും പരിഗണിച്ചശേഷം ഏറ്റവും അനുയോജ്യമായ രീതി അനസ്തീഷ്യാ ഡോക്ടർ തീരുമാനിക്കും.

പി.എ.സി. സമയത്ത് ഡോക്ടർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം നൽകണം. ഹൃദ്രോഗം, ആസ്ത്മ, പ്രമേഹം, രക്തസമ്മർദ്ദം, നട്ടെല്ലുസംബന്ധമായ രോഗങ്ങൾ തുടങ്ങിയവയുണ്ടോ, ഏതെങ്കിലും മരുന്നിനോട് അലർജിയുണ്ടോ, മുമ്പ് ശസ്ത്രക്രിയ നടത്തിയിട്ടുണ്ടോ, അന്ന് അനസ്തീഷ്യ നൽകുമ്പോൾ ബുദ്ധിമുട്ടുണ്ടായോ, വെപ്പുപല്ലുകളുണ്ടോ, പതിവായി കഴിക്കുന്ന മരുന്നുകളേതൊക്കെയാണ് തുടങ്ങിയ വിവരങ്ങൾ തുറന്നുപറയണം.

ആവശ്യപ്പെട്ട രക്തപരിശോധനകളും മറ്റു റിപ്പോർട്ടുകളും ആശുപത്രിയിലെത്തിക്കണം. സിസേറിയനോടൊപ്പം വന്ധ്യംകരണ ശസ്ത്രക്രിയയും നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ മുൻകൂട്ടി ഡോക്ടറുമായി ചർച്ചചെയ്ത് പ്രത്യേക സമ്മതപത്രം നൽകണം.

രക്തം ആവശ്യമായി വരാനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടർ അറിയിച്ചാൽ ആശുപത്രിയിലെ രക്തബാങ്കിന്റെ നിർദേശപ്രകാരം വേണ്ട ക്രമീകരണങ്ങൾ നടത്തുക. എല്ലാ സിസേറിയനുകൾക്കും കുടുംബം സ്വന്തം നിലയിൽ രക്തദാതാക്കളെ നിർബന്ധമായി കൊണ്ടുവരണമെന്നില്ല.

ശസ്ത്രക്രിയയ്ക്കുശേഷം

ശരീരവും ശസ്ത്രക്രിയാമുറിവും ശുചിയായി സൂക്ഷിക്കുക. മുറിവിൽ അസാധാരണമായ ചുവപ്പ്, വീക്കം, പഴുപ്പ്, ദുർഗന്ധം, കൂടിവരുന്ന വേദന, പനി എന്നിവയുണ്ടെങ്കിൽ ഡോക്ടറെ അറിയിക്കുക.

വേദന നിയന്ത്രണത്തിലായാൽ ഡോക്ടറുടെയും നഴ്സിന്റെയും നിർദേശപ്രകാരം കഴിയുന്നത്ര നേരത്തേ എഴുന്നേറ്റു നടക്കണം. കാലുകൾ ചലിപ്പിക്കുന്ന വ്യായാമങ്ങളും ചെയ്യാം. ഇത് ഡീപ് വെയിൻ ത്രോംബോസിസ് തടയാൻ സഹായിക്കും.

പച്ചക്കറികൾ, പഴങ്ങൾ, നാരുകൾ അടങ്ങിയ ഭക്ഷണം എന്നിവ കഴിക്കുക. മതിയായ വെള്ളം കുടിക്കുകയും കുഞ്ഞിന് ആവശ്യാനുസരണം ഇടയ്ക്കിടെ മുലയൂട്ടുകയും ചെയ്യുക. പ്രസവത്തിനു പിന്നാലെ സാധ്യമാകുന്നത്ര വേഗം മുലയൂട്ടൽ ആരംഭിക്കുന്നത് നല്ലതാണ്.

അമ്മയ്ക്കും കുഞ്ഞിനും വിശ്രമം ലഭിക്കുന്ന രീതിയിൽ സന്ദർശകരുടെ എണ്ണം നിയന്ത്രിക്കുക. കൈകൾ വൃത്തിയാക്കിയശേഷം മാത്രമേ കുഞ്ഞിനെ സ്പർശിക്കാ വൂ. ചുമ, പനി, പകർച്ചവ്യാധി എന്നിവയുള്ളവർ അമ്മയെയും കുഞ്ഞിനെയും സന്ദർശിക്കുന്നത് ഒഴിവാക്കണം.

മറ്റ് സങ്കീർണതകളില്ലെങ്കിൽ സാധാരണയായി ഏതാനും ദിവസങ്ങൾക്കുള്ളിൽ വീട്ടിലേക്കു പോകാം. ആശുപത്രി നിർദേശിക്കുന്ന സമയത്ത് തുടർപരിശോധനയ്ക്ക് എത്തണം. മുറിവ് ഉണങ്ങിയിട്ടുണ്ടോ, ഗർഭപാത്രം വേണ്ടവിധം ചുരുങ്ങുന്നുണ്ടോ, രക്തസ്രാവമോ അണുബാധയോ ഉണ്ടോ, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുണ്ടോ തുടങ്ങിയവ ഈ പരിശോധനയിൽ വിലയിരുത്തും.

താഴെപ്പറയുന്ന ലക്ഷണങ്ങളുണ്ടെങ്കിൽ നിശ്ചയിച്ച പരിശോധനാദിവസംവരെ കാത്തിരിക്കാതെ ഉടൻ ചികിത്സ തേടണം:

അമിതമായ യോനീരക്തസ്രാവം, ശക്തമായ വയറുവേദന, പനി, മുറിവിൽ പഴുപ്പോ ദുർഗന്ധമോ ശ്വാസതടസ്സമോ നെഞ്ചുവേദനയോ ഒരു കാലിൽ മാത്രം വേദനയും വീക്കവും കടുത്ത തലവേദനയോ കാഴ്ചമങ്ങലോ ബോധക്ഷയമോ അപസ്മാരമോ കുഞ്ഞ് മുലകുടിക്കാതിരിക്കുകയോ അസാധാരണമായി മയങ്ങിക്കിടക്കുകയോ ചെയ്യുക.

വിശ്രമം, ജോലി, ലൈംഗികജീവിതം

സിസേറിയനുശേഷമുള്ള ആദ്യ ദിവസങ്ങളിൽ മതിയായ വിശ്രമം ആവശ്യമാണ്. എന്നാൽ സങ്കീർണതകളില്ലെങ്കിൽ പൂർണമായ കിടപ്പുവിശ്രമം വേണ്ട. ശരീരത്തിന് കഴിയുന്നത്ര ലഘുവായ പ്രവർത്തനങ്ങൾ ആരംഭിക്കാം. ഭാരമുള്ള വസ്തുക്കൾ ഉയർത്തുന്നതും കഠിനവ്യായാമവും ആദ്യ ആഴ്ചകളിൽ ഒഴിവാക്കണം.

സാധാരണയായി ആറാഴ്ചയോടെ ശരീരം ഗണ്യമായി സുഖപ്പെടും. എന്നാൽ ഓരോ സ്ത്രീയുടെയും ആരോഗ്യനില വ്യത്യസ്തമായതിനാൽ ജോലി, വാഹനമോടിക്കൽ, വ്യായാമം തുടങ്ങിയവ പുനരാരംഭിക്കുന്ന തിന് ഡോക്ടറുടെ നിർദേശം തേടുന്നത് നല്ലതാണ്.

രക്തസ്രാവം അവസാനിക്കുകയും മുറിവും ശരീരവും സുഖപ്പെടുകയും സ്ത്രീക്ക് ശാരീരികമായും മാനസികമായും സന്നദ്ധത തോന്നുകയും ചെയ്തശേഷം ലൈംഗികബന്ധം പുനരാരംഭിക്കാം. പലർക്കും ഇതിന് ഏകദേശം ആറാഴ്ച വേണ്ടിവരും. വേദനയുണ്ടെങ്കിൽ കൂടുതൽ സമയം കാത്തിരിക്കുകയും ഡോക്ടറുടെ ഉപദേശം തേടുകയും വേണം.

പ്രസവത്തിനു പിന്നാലെ മാസമുറ തിരിച്ചെത്തുന്നതിനു മുമ്പുതന്നെ ഗർഭധാരണം സംഭവിക്കാം. അതിനാൽ അനുയോജ്യമായ ഗർഭനിരോധനമാർഗം ഡോക്ടറുമായി ചർച്ചചെയ്ത് തെരഞ്ഞെടുക്കണം. പൊതുവേ പ്രസവത്തിനുശേഷം അടുത്ത ഗർഭധാരണത്തിന് കുറഞ്ഞത് 18 മാസത്തോളം ഇടവേള നൽകുന്നത് അഭികാമ്യമാണെന്ന് കരുതപ്പെടുന്നു. അമ്മയുടെ പ്രായം, മുൻഗർഭങ്ങളുടെ ചരിത്രം, സിസേറിയനുണ്ടായ സാഹചര്യം, മറ്റു ആരോഗ്യപ്രശ്നങ്ങൾ എന്നിവ പരിഗണിച്ച് ഈ ഇടവേള വ്യക്തിപരമായി തീരുമാനിക്കണം.

വൈദ്യശാസ്ത്രപരമായി ആവശ്യമായപ്പോൾ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കുന്ന അത്യന്തം പ്രധാനപ്പെട്ട ശസ്ത്രക്രിയയാണ് സിസേറിയൻ. അതേസമയം അതൊരു സാധാരണ പ്രസവത്തിന്റെ അപകടരഹിതമായ പകരക്കാരനല്ല. സിസേറിയൻ വേണമോ, സാധാരണ പ്രസവം ശ്രമിക്കാമോ എന്ന തീരുമാനം അമ്മയുടെ ആഗ്രഹങ്ങളും ആരോഗ്യനിലയും കുഞ്ഞിന്റെ സുരക്ഷയും ലഭ്യമായ ചികിത്സാസൗകര്യങ്ങളും പരിഗണിച്ച് ഡോക്ടറും കുടുംബവും ചേർന്നെടുക്കേണ്ടതാണ്.

READ: ഗര്‍ഭകാലത്ത്
ശ്രദ്ധിക്കേണ്ട
രോഗങ്ങള്‍

മാതൃമരണം
എന്തുകൊണ്ട്?

ഗർഭകാല പരിശോധനകളും
അവയുടെ പ്രാധാന്യവും

അമ്മയ്ക്ക്
സുഖമാണോ?

ഗോൾഡൻ അവർ പ്രോജക്ട്

കൗമാരത്തിനപ്പുറത്തെ
പ്രതിരോധം

ആരോഗ്യരാഗങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

▮

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: Dr. Jayakrishnan K.B. explains how Caesarean sections save lives when vaginal delivery poses risks to the mother or baby, in IMA Nammude Arogyam magazine.


ഡോ. ജയകൃഷ്ണൻ കെ.ബി.

ഇൻഫെർട്ടിലിറ്റി സ്​പെഷ്യലിസ്റ്റ് & ഗൈനക്കോളജിസ്റ്റ്, ഡോ.​ ജെ.കെ.എസ് ഫെർട്ടിലിറ്റി ക്ലിനിക്ക്, പെരിന്തൽമണ്ണ, മലപ്പുറം.

Comments