ആന്റിബയോട്ടിക്കുകൾ ഇല്ലാത്ത ഒരു ലോകത്തിനെ പറ്റി നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.? നമ്മൾ ഇന്ന് ആന്റിബയോട്ടിക്കുകൾ സർവ്വസാധാരണമായി ഉപയോഗിക്കുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യഭാഗം വരെയും ആന്റിബയോട്ടിക്കുകൾ ഇല്ലാത്ത കാലമായിരുന്നു. ആ കാലത്ത് മനുഷ്യരാശിയുടെ ശരാശരി ആയുർദൈർഘ്യം ഏകദേശം 45 മാത്രമായിരുന്നു. ഇന്ന് നമ്മൾ വലിയ രോഗങ്ങളായി കാണുന്ന ഹ്യദ്‌രോഗങ്ങളും കാൻസറുകളും എല്ലാം അന്ന് തുലോം കുറവായിരുന്നു. ഈ രോഗങ്ങൾ അവയുടെ വിഷം ചീറ്റുന്നതിന് മുൻപ് തന്നെ സൂക്ഷ്മജീവികളായ ബാക്ടീരിയകളും വൈറസുകളും മനുഷ്യനെ ഇല്ലാതാക്കിയിരുന്നു. പ്രാചീന ഗ്രന്ഥങ്ങൾ പരിശോധിച്ചാൽ അവയിൽ പകർച്ചവ്യാധികളിൽ നിന്ന് എങ്ങനെ രക്ഷ നേടാം എന്നാണ് പ്രധാനമായും പ്രതിപാദിക്കുന്നത്. ഹൃദ്രോഗമോ കാൻസറോ വൃക്കരോഗമോ ഒന്നും നമുക്ക് അവയിൽ കണ്ടെത്താൻ കഴിയില്ല.
എങ്ങനെയാണ് ആന്റിബയോട്ടിക്കുകൾ കണ്ടുപിടിക്കപ്പെടുന്നത്?
പ്രാചീനകാലത്തുതന്നെ പൂപ്പൽ പിടിച്ച ഭക്ഷണപദാർത്ഥങ്ങൾ മുറിവുകളിൽ ഇട്ടാൽ മുറിവിന്റെ പഴുപ്പ് മാറും എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടായിരുന്നു. BC.1550- ൽ ഈജിപ്റ്റിലുണ്ടാക്കിയ ഇബേർസ് പാപ്പിറസ് (Ebers Papyrus) എന്ന ഗ്രന്ഥത്തിൽ, പൂപ്പൽ പിടിച്ച ബ്രെഡിന്റെയും ഔഷധമൂല്യമുളള മണ്ണിന്റെയും ഔഷധഗുണം വിവരിക്കുന്നുണ്ട്. 1928- ൽ അലക്‌സാണ്ടർ ഫ്‌ളെമിങ് തന്റെ ലാബോറട്ടറിയിൽ ബാക്ടീരിയ വളർത്തുന്ന (പെട്രി ഡിഷ്) പ്‌ളേറ്റിൽ അബദ്ധവശാൽ വളർന്ന പൂപ്പൽ ആ ബാക്ടീരിയയെ നശിപ്പിച്ചു എന്ന് കണ്ടുപിടിച്ചു. അങ്ങനെയാണ് ലോകപ്രസിദ്ധമായ പെൻസിലിൻ കണ്ടുപിടിക്കപ്പെടുന്നത്.
എന്നാൽ ഇത് ആദ്യം ഒരു രോഗിയിൽ പരീക്ഷിക്കപ്പെടുന്നത് 1942- ലാണ്. മുഖത്ത് മുറിവ് പറ്റി അത് പഴുത്ത് ഒരു കണ്ണ് നഷ്ടപ്പെട്ട് മരണത്തിന്റെ വക്കിലെത്തിയ രോഗിയിലാണിത് പരീക്ഷിച്ചത്. മറ്റൊരു നിവൃത്തിയുമില്ലാത്തതിനാൽ ഒരു പരീക്ഷണം എന്ന പോലെ കൊടുത്ത മരുന്ന് ഫലിക്കുകയും രോഗി സുഖപ്പെടുകയും ചെയ്തു.
1950 മുതൽ 1970 വരെയുളള കാലഘട്ടം ആന്റിബയോട്ടിക്കുകളുടെ സുവർണ്ണകാലഘട്ടമായി രുന്നു. ഈ കാലഘട്ടത്തിൽ പല പുതിയ ആന്റിബയോട്ടിക്കുകളും കണ്ടുപിടിക്കപ്പെട്ടു. അമേരിക്കൻ ഐക്യനാടുകളിലും മറ്റു വികസിത രാജ്യങ്ങളിലും മനുഷ്യന്റെ ആയുർദൈർഘ്യം 78 ന് മുകളിലേക്ക് എത്തി. അതോടെ ഹൃദ്രോഗങ്ങളും പക്ഷാഘാതവും കാൻസറും പ്രധാന ശത്രുക്കളാവുകയും രോഗം പരത്തുന്ന സൂക്ഷ്മജീവികളായ ബാക്ടീരിയകൾ വളരെ എളുപ്പത്തിൽ നശിക്കപ്പെടുന്ന ഒന്നായി മാറുകയും ചെയ്തു.
എന്നാൽ നമ്മൾ വിലകുറച്ച് കണ്ട സൂക്ഷ്മജീവികളായ ബാക്ടീരിയകൾ ഈ വലയത്തെ ഭേദിക്കുവാൻ പുതിയ പുതിയ തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. അവിടെയാണ് ആന്റിബയോട്ടിക് റെസിസ്റ്റൻസിന്റെ (Antimicrobial Resistance) ആരംഭം.

തങ്ങളെ ആക്രമിക്കുന്ന ആന്റിബയോട്ടിക്കുകളെ ഈ ജീവികൾ നേരിട്ട പ്രധാന രീതികൾ എന്തൊക്കെയാണെന്ന് വിലയിരുത്താം:
1. പെൻസിലിൻ വിഭാഗത്തിൽ പെടുന്ന ആന്റിബയോട്ടിക്കുകൾ ബാക്ടീരിയകളുടെ കോശഭിത്തി(Cell Wall) തകർത്താണ് അവയെ നശിപ്പിച്ചിരുന്നത്. എന്നാൽ ഇവയെ തകർക്കാൻ ശേഷിയുളള പെൻസിലിനേസ് (Penicillinase) എന്ന എൻസൈമുകൾ (Enzymes) ബാക്ടീരിയ അവയ്ക്ക് ചുറ്റും ഉണ്ടാക്കുകയും അവ ഈ വിഭാഗത്തിലുളള ആന്റിബയോട്ടിക്കുകളെ ആദ്യമേ തന്നെ നശിപ്പിക്കുകയും ചെയ്തു.
2. മറ്റു ചില ബാക്ടീരിയകൾ ഈ ആന്റിബയോട്ടിക്കുകളെ അവയുടെ ഉളളിൽ പ്രവേശിപ്പിക്കാതെ പുറത്തേക്ക് തള്ളിക്കളയുന്ന ഇഫ്‌ളക്‌സ് (Efflux Pump) പമ്പുകളെ സൃഷ്ടിച്ചു. ഇതു വഴി ഈ ബാക്ടീരിയകൾ ആന്റിബയോട്ടിക്കുകളെ തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനു മുൻപേ തന്നെ പുറത്താക്കി.
3. മറ്റു പല തരത്തിലുളള ആന്റിബയോട്ടിക്കുകൾ ബാക്ടീരിയകളുടെ കോശഭിത്തി കടന്ന് അതിന്റെ ഉളളിലുള്ള എൻസൈമുകളുടെ പ്രവർത്തനം തടഞ്ഞാണ് അവയെ നശിപ്പിച്ചിരുന്നത്. എന്നാൽ ബാക്ടീരിയകൾ ജനിതകമാറ്റം വഴി ഈ എൻസൈമുകളുടെ ഘടന മാറ്റി ഈ ആന്റിബയോട്ടിക്കുകളുടെ പ്രവർത്തനം നിർ വീര്യമാക്കി.
4. ആന്റിബയോട്ടിക്കുകൾ കോശഭിത്തി കടന്ന് ഉളളിൽ പ്രവേശിച്ചിരുന്ന വാതായനങ്ങളായ പോറിൻ ചാനലുകളെ (Porin Channel) അവയുടെ ഘടന മാറ്റിയും കോശഭിത്തയുടെ ആവരണത്തിന്റെ കട്ടി കൂട്ടിയും ഈ രോഗാണുക്കൾ നിർവീര്യമാക്കി. ഈ സാഹചര്യത്തിൽ സ്വാഭാവികമായി ഉയരുന്ന ഒരു ചോദ്യമുണ്ട്. ഇന്നും പല രോഗങ്ങളും ആന്റിബയോട്ടിക്കുകൾ കൊണ്ട് മാറുന്നുണ്ട്. എന്നാൽ ഇത്തരം പ്രതിരോധമാർഗങ്ങൾ ബാക്ടീരിയകൾക്ക് ഉളളപ്പോൾ അത് എങ്ങനെയാണ് സാധിക്കുന്നത്?
ഇവിടെ ഈ പറഞ്ഞ പ്രതിരോധമാർഗ്ഗങ്ങൾ എല്ലാ ബാക്ടീരിയകളിലും ഒരുമിച്ചല്ല ഉണ്ടായത്. ഒരേ രോഗിയിൽ തന്നെ ഒരേ സ്ഥലത്തുതന്നെ ആന്റിബയോട്ടിക് റെസിസ്റ്റന്റ് ഉളളതും ഇല്ലാത്തതുമായ കോളനികൾ കണ്ടു തുടങ്ങി. എന്നാൽ പ്രതിരോധശേഷി ഉടലെടുത്ത ബാക്ടീരിയകൾ തങ്ങളുടെ ചുറ്റുമുളള മറ്റു ബാക്ടീരിയകൾക്കും ഈ പ്രതുരോധശേഷി പകർന്നുകൊടുക്കുവാൻ തുടങ്ങി. അപ്പോൾ ആന്റിബയോട്ടിക് റെസിസ്റ്റൻസ് ഉളള ബാക്ടീരിയകളുടെ എണ്ണം വർധിക്കാൻ തുടങ്ങി.

കോവിഡ് മഹാമാരിയുടെ സമയത്ത് ആൽഫ (Alpha), ബീറ്റ (Beta), ഗാമ (Gama), ഡെൽറ്റ (Delta), എപ്‌സിലോൺ (Epsilon) തുടങ്ങിയ ജനിതക വകഭേദങ്ങളെ (Genetic Variants) പറ്റി നാം കേട്ടിട്ടുണ്ട്. ഇവ ഓരോന്നും തങ്ങളുടെ മുൻപു ണ്ടായിരുന്ന വേരിയന്റുകളെ പൂർണ്ണമായി പുനഃപ്രതിഷ്ഠിച്ചാണ് കടന്നുവന്നത്. ഇതിനെയാണ് നാച്ചുറൽ സെലക്ഷൻ(Natural Selection) എന്ന് പറയുന്നത്.
ഇതേ പ്രക്രിയ വഴി ഈ ആന്റിബയോട്ടിക് റെസിസ്റ്റൻഡ് ബാക്ടീരിയകൾ അവയുടെ മുൻഗാമികളെ പുനഃപ്രതിഷ്ഠിക്കുവാൻ തുടങ്ങി.
എന്നാൽ ഇന്നും നമ്മൾ പല സാംക്രമിക രോഗങ്ങളെയും ആന്റിബയോട്ടിക്കുകൾ കൊണ്ടാ ണ് നേരിടുന്നത്. അതെങ്ങനെയാണ്? കാര്യങ്ങൾ മനസ്സിലാക്കിയ ശാസ്ത്രലോകം ഉണർന്ന് പ്രവർത്തിച്ചു. ഈ പ്രതിരോധശക്തിയുളള ആന്റിബയോട്ടിക്കുകളെ നശിപ്പിക്കുവാൻ കഴിവുളള പുതിയ ആന്റിബയോട്ടിക്കുകൾ നിർമ്മിച്ചു. കൂടുതൽ വിലകൂടിയതും സങ്കീർണ്ണവുമായ നൂതന ആന്റിബയോട്ടിക്കുകൾ ചികിത്സയുടെ ചെലവേറ്റിയെങ്കിലും ഈ പ്രശ്‌നത്തിന് താൽക്കാലിക പരിഹാരമുണ്ടാക്കി. പുതിയ ആന്റി ബയോട്ടിക്കുകളെ നേരിടാൻ ബാക്ടീരിയകൾ ജനിതകമാറ്റം വഴി അവയെ പ്രതിരോധിക്കുവാ നുളള ശേഷി കൈവരിച്ചു. അതു മാത്രവുമല്ല തങ്ങളെ നശിപ്പിക്കുവാൻ ഭാവിയിൽ നിർമ്മിക്കുവാൻ സാധ്യതയുളള ആന്റിബയോട്ടിക്കുകൾക്ക് എതിരെ വരെ അവ പ്രതിരോധമാർഗങ്ങൾ സൃഷ്ടിച്ചു. പലപ്പോഴും പുതിയ ആന്റിബയോട്ടിക്കുകൾ നിർമ്മിച്ച് വരുമ്പോൾ അതിനെ പ്രതിരോധിക്കുവാൻ കഴിവുളള ബാക്ടീരിയകൾ മുൻപേ നിലനിന്നിരുന്നു എന്ന് നാം മനസ്സിലാക്കി. ഇവയെ നാം സൂപ്പർ ബഗ്‌സ് (Super Bugs) എന്ന് വിളിച്ചു.
ഒരേ സമയത്ത് പല പല ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ കഴിയുന്ന ഇവയെ നാം മൾട്ടി ഡ്രഗ് റെസിസ്റ്റന്റ് ബാക്ടീരിയ (Multi drug Resistant Bacteria) എന്ന് വിളിച്ചു. മൾട്ടി ഡ്രഗ് റെസിസ്റ്റന്റ് മൈക്കോബാക്ടീരിയം ട്യൂബർക്കു ലോസിസ് (Multi drug Resistant Mycobacterium Tuberculosis), മൾട്ടി ഡ്രഗ് റെസിസ്റ്റന്റ് ഇ-കോളി (Multi drug Resistant E- Coli), ക്ലെബ്‌സിയെല്ലാ (Klebsiella) തുടങ്ങിയവ ഇവയുടെ ഉദാഹരണങ്ങളാണ്. ഈ കാലഘട്ടത്തിൽ ആശുപത്രികളിലും ഐ സി യുകളിലും പ്രവേശിക്കപ്പെടുന്ന രോഗികളിലാണ് ഇവ മൂലമുള്ള പ്രശ്‌നങ്ങൾ കൂടുതലായി കണ്ടുവരുന്നത്.

ലോകാരോഗ്യസംഘടനയുടെ ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം 2021- ൽ 4.7 മില്യൺ മരണങ്ങൾ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് കാരണം ഉണ്ടായിട്ടുണ്ട്. 2023- ലെ കണക്ക് പ്രകാരം ലബോറട്ടറിയിൽ കൾച്ചർ ചെയ്ത ബാക്ടീരിയകളിൽ ലോകമെമ്പാടും ആറിൽ ഒരാൾക്ക് (6:1) എന്ന കണക്കിലും ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് ഏറ്റവും കൂടിയ തെക്കുകിഴക്കൻ ഏഷ്യയിലും കിഴക്കൻ മെഡിറ്ററേനിയൻ രാജ്യങ്ങളിലും (3:1) മൂന്നിൽ ഒരാൾക്കും പ്രതിരോധശേഷി കൂടിയ ബാക്ടീരിയകൾ കാരണമാണ് രോഗങ്ങൾ ഉണ്ടാ കുന്നത്. ഈ തോതിൽ മുന്നോട്ട് പോവുകയാണെങ്കിൽ 2050 ആകുമ്പോൾ വർഷം തോറും 2 ബില്യൺ മരണങ്ങൾ ഈ ആന്റി ബയോട്ടിക്ക് പ്രതിരോധശക്തിയുളള ബാക്ടീരിയകളും വൈറസുകളും മറ്റ് സൂക്ഷ്മമാണുക്കളും വഴി സംഭവിക്കുകയും മാനവരാശിയുടെ നാശത്തിന് കാരണമാവുകയും ചെയ്യും.
ഇവയെ പ്രതിരോധിക്കുവാൻ വരുന്ന സാമ്പത്തിക ചെലവ് മനുഷ്യജീവിതം ദുസ്സഹമാക്കും. പുതിയതരം ആന്റിബയോട്ടിക്കുകൾ കണ്ടുപിടിക്കുകയും അവയെ പരീക്ഷിച്ച് മനുഷ്യന് ഉപയോഗിക്കുവാൻ പറ്റുന്ന തലത്തിലാക്കുക എന്നത് ചെലവേറിയ കാര്യമാണ്.
ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം 2035 ആകുമ്പോൾ വർഷം തോറും 412 ബില്യൺ അമേരിക്കൻ ഡോളറാണ് ഈ പ്രതിരോധ ശക്തിയുളള ബാക്ടീരിയകളെ നിയന്ത്രിക്കുവാൻ വേണ്ടിവരുന്നത്. ഈ തരത്തിലുളള രോഗങ്ങൾ കാരണം രാജ്യത്തിന്റെ ഉത്പാദനശേഷി കുറയുന്നതുകൊണ്ട് വർഷം തോറും 442 ബില്യൺ അമേരിക്കൻ ഡോളറിന്റെ നഷ്ടമുണ്ടാകും.
ഇത്ര വ്യാപകമായി ആന്റിബയോട്ടിക് റെസിസ്റ്റന്റ് വളരുന്നതിന്റെ കാരണങ്ങൾ എന്തെല്ലാമാണ്? നമ്മുടെ രാജ്യത്തിന്റെ സാഹചര്യത്തിൽ ഈ കാരണങ്ങൾ:
ഒന്നാമത്തെ കാരണം, ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗമാണ്. എന്ത് ചെറിയ ഇൻഫെക്ഷനും ആന്റിബയോട്ടിക്കുകൾ കൊടുക്കുവാനുളള പ്രവണതയുള്ള നാടാണ് ഇന്ത്യ. രോഗികൾക്ക് അവർക്കാവശ്യമായ ആന്റിബയോട്ടിക്കുകൾ ഡോക്ടറുടെ കുറിപ്പടി കൂടാതെ വാങ്ങാൻ കഴിയുന്ന രാജ്യമാണ് ഇന്ത്യ. 2012- ലെ ചെന്നൈ ഡിക്‌ളറേഷനുശേഷം (Chennai Declaration) 24 പൊതു ആന്റിബയോട്ടിക്കുകളെയും ക്ഷയരോഗത്തിനെതിരായ 11 ആന്റിബയോട്ടിക്കുകളെയും ഡോക്ടറുടെ കുറിപ്പടി വേണ്ട ഷെഡ്യൂൾ എച്ച്1-ൽ ( Schedule H1) ഉൾപ്പെടുത്തിയെങ്കിലും ബഹുഭൂരിപക്ഷം ആന്റിബയോട്ടിക്കുകളും രോഗികൾക്ക് സ്വയം വാങ്ങാൻ സാധിക്കൂന്നതാണ്.

ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം മൂലം ബാക്ടീരിയകൾ അവയെ കൂടുതലായി പ്രതിരോധിക്കുവാനുള്ള ശക്തി ആർജ്ജിക്കുകയും തുടർന്ന് അത് പെരുകുകയും ചെയ്യുന്നു. ആന്റിബയോട്ടിക്കുകൾ വേണ്ടാത്ത വൈറസ് രോഗങ്ങൾക്കും ആന്റിബയോട്ടിക്ക് കുറിച്ചു കൊടുക്കുന്ന ഡോക്ടർസമൂഹത്തിനും ഇതിൽ കാര്യമായ പങ്കുണ്ട്.
രണ്ടാമത്തെ പ്രധാന കാരണം, കൃഷിക്കും കോഴി, താറാവ് വളർത്തലിനും മൃഗങ്ങൾക്കുമെല്ലാം ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതാണ്. സാമ്പത്തികലാഭത്തിനുവേണ്ടി ആന്റിബയോട്ടിക്ക് കലർന്ന കാലിത്തീറ്റയും കോഴിത്തീറ്റയും ഉപയോഗിക്കുമ്പോൾ ബാക്ടീരിയകൾക്ക് അത് ചെറിയ അളവിൽ ലഭിക്കുന്നത് പ്രോത്സാഹനമാണ് മരുന്നുകളെ പ്രതിരോധിക്കുവാൻ പഠിക്കുന്ന ബാക്ടീരിയകൾ വലിയ രോഗങ്ങൾക്ക് കാരണമായി തീരുന്നു.
മൂന്നാമതായി, ഉപയോഗശൂന്യമായി കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക്കുകൾ മണ്ണിൽ കുഴിച്ചുമൂടുകയോ വെളളത്തിൽ ഒഴുക്കിക്കളയുകയോ ചെയ്താൽ, മണ്ണിൽ വളരുന്ന ബാക്ടീരിയകൾ പ്രതിരോധശേഷി കൈവരിക്കുകയും വെളളത്തിലെ മത്സ്യങ്ങളിലും മറ്റ് പക്ഷിമൃഗാദികളിലും എത്തുകയും, അവയെ ഭക്ഷിക്കുന്ന മനുഷ്യരുടെ ഉളളിൽ എത്തിച്ചേരുകയും ചെയ്യുന്നു. മത്സ്യകൃഷിക്ക് ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചാലും ഇതേ ഫലമാണ്.
നാലാമത്തെ കാരണം, നമ്മുടെ നാട്ടിലെ സാംക്രമിക രോഗപ്രതിരോധസംവിധാനങ്ങളുടെ കുറവാണ്. ഈ കാലഘട്ടത്തിൽ ഈ പ്രതിരോധശേഷിയുള്ള ബാക്ടീരിയകൾ ആശുപത്രിയിൽ ഒരു രോഗിയിൽനിന്ന് മറ്റൊരു രോഗിയിലേക്ക് പകരുന്നു. കോവിഡ് കാലം നമ്മെ പഠിപ്പിച്ച ഒന്നുണ്ട്. ശരിയായി കൈ കഴുകിയാൽ സാംക്രമിക രോഗങ്ങളെ ഒരു പരിധിവരെ അകറ്റി നിർത്താം. ആശുപത്രി ജീവനക്കാർ വേണ്ടത്ര ശുചിത്വം പാലിച്ചില്ലെങ്കിൽ അവർ വഴി ഈ രോഗാണുക്കൾ മറ്റ് രോഗികളിലേക്ക് പകരുന്നു. ആശുപത്രിയിലെ രോഗികളെ സന്ദർശിക്കുന്ന സന്ദർശകരിൽ നിന്നും ഇത് പലപ്പോഴും ഉണ്ടാകാറുണ്ട്.
അഞ്ചാമതായി, രോഗപ്രതിരോധ മാർഗങ്ങളായ വാക്‌സിനേഷനുകൾ സ്വീകരിക്കുവാനുളള വിമുഖത ആണ്. പ്രതിരോധ വാക്‌സിനുകൾ ക്യത്യസമയത്ത് എടുത്താൽ പല സാംക്രമികരോഗങ്ങളെ തടയുവാനും തന്മൂലം ആന്റിബയോട്ടിക്കുകളുടെ ഉപ യോഗം തന്നെ നിയന്ത്രിക്കുവാനും കഴിയും.

ഈ കാര്യങ്ങൾ സംഭവിക്കണമെങ്കിൽ നമ്മുടെ സാമൂഹികവും രാഷ്ട്രീയവുമായ നേതൃത്വത്തിന്റെ ശക്തമായ ഇടപെടൽ ആവശ്യമാണ്. എന്നാൽ പലപ്പോഴും സ്വാർത്ഥതാല്പര്യങ്ങളും അഴിമതിയും കാരണം അവ ഫലപ്രദമായി നടക്കുന്നില്ല.
വിദേശരാജ്യങ്ങളിൽ ഡോക്ടറെ കാണുന്നതിനും ഒരു ആന്റിബയോട്ടിക്ക് ഉപയോഗിക്കുന്നതിനും ക്യത്യമായ മാർഗ്ഗരേഖകൾ (guide lines) ഉണ്ട്. എന്നാൽ പലപ്പോഴും നമ്മുടെ രാജ്യത്ത് ഇവയൊന്നും പാലിക്കപ്പെടാറില്ല. രോഗികൾക്ക് ഇഷ്ടമുളള ഡോക്ടറെ കാണാവുന്ന നമ്മുടെ രാജ്യ ത്ത് ആ കാരണം കൊണ്ടുതന്നെ ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗം വർദ്ധിക്കുന്നു.
വരും കാലങ്ങളിൽ നമ്മെ നശിപ്പിക്കുവാൻ സാധ്യതയുള്ള ഈ കൊടിയ വിപത്തിനെ നാം ഇന്ന് വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ ഭാവിയിൽ വലിയ ഭവിഷ്യത്തുകൾ നേരിടേണ്ടി വരും. നമ്മുടെ പൊതുസമൂഹം ഈ പ്രശ്‌നത്തിനെ പറ്റി അവബോധമുള്ളവരാകണം. വ്യക്തിശുചിത്വവും പരിസരമലീനീകരണവും നിയന്ത്രിക്കുവാൻ വേണ്ട സത്വരവും നിലനിൽക്കുന്നതുമായ നടപടികൾ വേണം. കാലാവധി കഴിഞ്ഞ ആന്റിബയോട്ടിക്കുകൾ ശാസ്ത്രീയമായി സംസ്‌കരിക്കുവാൻ സംവിധാനം വേണം.
മാനവരാശിയെ തന്നെ നശിപ്പിക്കുവാൻ സാധ്യതയുളള ഈ കൊടും വിപത്തിനെതിരെ പല രീതിയിലും പ്രതിരോധ പ്രവർത്തനങ്ങൾ ലോകാരോഗ്യസംഘടനയും നമ്മുടെ സർക്കാറും ചെയ്യുന്നുണ്ട്. ലോകാരോഗ്യസംഘടന ആന്റിബയോ ട്ടിക്കുകളെ ആക്‌സസ് (Access), വാച്ച് (Watch), റിസർവ് (Reserve) എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. ഒരു രാജ്യത്തിന്റെ ആന്റിബയോട്ടിക്കുകളുടെ 70% ഉപയോഗം ആക് സസ് (Access) ഗ്രൂപ്പിൽ നിന്നാക്കിയാൽ ഈ ആന്റിമൈക്രോബിയൽ റെസിസ്റ്റൻസിനെ തടയാനാകും.

ലോകാരോഗ്യ സംഘടനയുടെ 2022- ലെ കണക്ക് പ്രകാരം ആക്‌സസ് ഗ്രൂപ്പിലെ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം 53 ശതമാനമാണ്. വളരെ അത്യാവശ്യഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട റിസർവ് ആന്റിബയോട്ടിക്കുകൾ ഇന്ത്യ ഉൾപ്പടെയുളള വികസ്വര രാജ്യങ്ങളിൽ കൂടുതലായി ഉപയോഗിക്കുന്നു. 2030 ആകുമ്പോഴേക്കും ആക്‌സസ് വിഭാഗത്തിൽപ്പെട്ട ആന്റിബയോട്ടിക്കുകളുടെ ഉപയോഗം 70% ആക്കുക എന്നതാണ് ലോകാരോഗ്യസംഘടനയുടെ ഇപ്പോഴത്തെ ലക്ഷ്യങ്ങളിൽ ഒന്ന്. കേരള ഗവൺമെന്റ് ഈ കാര്യത്തിൽ കൈവരിച്ച പുരോഗതി എടുത്തുപറയേണ്ടതാണ്. നമ്മുടെ സംസ്ഥാനത്ത് ഇന്ന് അനവധി ആന്റിബയോട്ടിക്ക് സ്മാർട്ട് പി എച്ച് സികളും ആശുപത്രികളും ഉണ്ട്.
2026 മുതൽ 2036 വരെയുളള കാലഘട്ടത്തിലേക്ക് ലോകാരോഗ്യസംഘടന GAP-AMR എന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. 2030 ആകുമ്പോൾ ഇപ്പോഴുളള അളവിൽ നിന്നും 10% ആന്റിബയോട്ടിക്ക് റെസിസ്റ്റൻസ് കുറയ്ക്കുക എന്നതാണ് ലോകാരോഗ്യസംഘടനയുടെ ലക്ഷ്യം. ഇതിന് മനുഷ്യനെയും മ്യഗങ്ങളെയും മറ്റ് ജീവജാലങ്ങളെയും ഒരേപോലെ കരുതുന്ന വൺ ഹെൽത്ത് അപ്രോച്ച് (One Health Approach) ആണ് വിഭാവനം ചെയ്തിട്ടുളളത്.
മേൽപറഞ്ഞ കാര്യങ്ങളിൽനിന്ന് ഈ പ്രശ്‌നം മാനവരാശിയെ തന്നെ നശിപ്പിക്കാമെന്നും ആന്റിബയോട്ടിക്കുകൾ ഇല്ലാത്ത പഴയ കാലത്തിലേക്ക് തിരികെ കൊണ്ടുപോകാൻ ഉതകുന്നതാണെന്നും വ്യക്തമാണ്. ഈ വലിയ വിപത്തിനെ പ്രതിരോധിക്കുവാൻ വ്യക്തികളായും സമൂഹമായും ഓരോരുത്തർക്കും ചുമതലകളുണ്ട്. അവയെ ധൈര്യപൂർവ്വം സ്വീകരിച്ച് ഈ വലിയ വിപത്തിനെ പ്രതിരോധിക്കാൻ കഴിയും എന്ന് പ്രത്യാശിക്കാം.
Read: ഒരു അപൂര്‍വ രോഗത്തിന്റെ കഥ
ചികിത്സാരംഗത്ത്
അനുകമ്പ വീണ്ടും
സ്വയം കണ്ടെത്തുമ്പോൾ
നിർമ്മിത ബുദ്ധി
ഡോക്ടർക്ക്
പകരമാവുമോ?
സങ്കര ചികിത്സയെന്ന
പൊതുജനാരോഗ്യ പ്രശ്നം
കൺഫ്യൂഷൻ
തീർക്കണമേ! ‘മിക്സോപ്പതി’യുടെ
അപകടങ്ങൾ
ഇതര ചികിത്സകളോടുള്ള
പ്രിയത്തിനു പിന്നിൽ
കൽപിതകഥയല്ല
ശാസ്ത്രം
ഒരു വര്‍ഷത്തെ
സര്‍ട്ടിഫിക്കറ്റ് കോഴ്‌സും
ആധുനിക വൈദ്യശാസ്ത്രവും
‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

