മാനസികാരോഗ്യത്തിലെ
ചികിത്സാവൈമുഖ്യം:
ഗൗരവശ്രദ്ധ പതിയേണ്ട മേഖല

‘‘നിലവിലുള്ള നമ്മുടെ ആരോഗ്യ സംവിധാനങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നതിലും വലിയൊരു മാനസികാരോഗ്യ പ്രതിസന്ധി സംസ്ഥാനത്ത് നിശ്ശബ്ദമായി നിലനിൽക്കുന്നു എന്നതിന്റെ സൂചനകൾ ദേശീയ മാനസിക ആരോഗ്യ സർവേ അടക്കമുള്ള രേഖകളിൽ കാണാം’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. മിഥുൻ സിദ്ധാർത്ഥൻ എഴുതിയ ലേഖനം.

സാക്ഷരതയിലും വിവിധ സാമൂഹിക സൂചികകളിലും ആയുർദൈർഘ്യത്തിലും വികസിത രാജ്യങ്ങളോട് കിടപിടിക്കാവുന്ന നേട്ടങ്ങൾ കേരളത്തിന് അവകാശപ്പെടാൻ കഴിയും എന്നത് വസ്തുതയാണ്. എന്നാൽ നിലവിലുള്ള നമ്മുടെ ആരോഗ്യ സംവിധാനങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നതിലും വലിയൊരു മാനസികാരോഗ്യ പ്രതിസന്ധി സംസ്ഥാനത്ത് നിശ്ശബ്ദമായി നിലനിൽക്കുന്നു എന്നതിന്റെ സൂചനകൾ ദേശീയ മാനസിക ആരോഗ്യ സർവേ (NMHS - 2015 -16) അടക്കമുള്ള രേഖകളിൽ കാണാം.

ദേശീയ മാനസിക ആരോഗ്യ സർവേ പ്രകാരം കേരളത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങളുടെ ആകെ തോത് 11.36 ശതമാനമാണ്. ദേശീയ ശരാശരി 10.56% ആണെന്നിരിക്കെയാണിത്. ഇതിൽ ശ്രദ്ധേയമായത് അമിത ഉത്കണ്ഠയും മാനസിക സമ്മർദ്ദവും ഉൾപ്പെടുന്ന ന്യൂറോട്ടിക് തകരാറുകളുടെ തോതാണ്.

കേരളത്തിൽ ഇത് 5.43% ആയിരിക്കുമ്പോൾ ദേശീയ ശരാശരി 3.5% മാത്രമാണ്. മലയാളികളിൽ ഇത്തരം പ്രശ്നങ്ങൾ ദേശീയ ശരാശരിയെക്കാൾ ഏകദേശം ഒന്നര മടങ്ങ് അധികമാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

എന്നാൽ, ഇങ്ങനെ മാനസികാരോഗ്യ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ആളുകളിൽ ഭൂരിപക്ഷവും ചികിത്സ തേടുന്നില്ല എന്ന വസ്തുത നിലനിൽക്കുന്നുണ്ട്. കേരളത്തിലെ മാനസികാരോഗ്യ പ്രശ്നങ്ങളിലെ ട്രീറ്റ്മെൻറ് ഗ്യാപ് അഥവാ ചികിത്സാ വിടവ് 84 .17% ആണ്. സാധാരണ മാനസികരോഗങ്ങളുടെ ട്രീറ്റ്മെൻറ് ഗ്യാപ്പ് 85 .9 ശതമാനവും മദ്യപാന അനുബന്ധ മാനസിക രോഗങ്ങളുടേത് 88.14 ശതമാനവും ഗുരുതര മാനസിക രോഗങ്ങളുടേത് 62.5 ശതമാനവുമാണ്.

സംസ്ഥാനത്തെ ആത്മഹത്യാനിരക്കും വർദ്ധിച്ചുവരികയാണ്. നാഷണൽ ക്രൈം റിപ്പോർട്സ് ബ്യൂറോയുടെ 2023-ലെ കണക്കുപ്രകാരം കേരളത്തിലെ ആത്മഹത്യാനിരക്ക് ഓരോ ലക്ഷം പേരിലും 30.6 ആയി ഉയർന്നിരിക്കുന്നു. 2014-ൽ ഇത് 23.9 ആയിരുന്നു.

നാഷണൽ മെൻറൽ ഹെൽത്ത് സർവേയിൽ ആത്മഹത്യാസാധ്യത കണക്കാക്കിയപ്പോൾ കേരളത്തിൽ അത് 12.6 ശതമാനവും ദേശീയ ശരാശരി 6.8 ശതമാനവുമാണ്. യുവാക്കളുടെ മാനസികാരോഗ്യത്തെക്കുറിച്ച് കേരള സ്റ്റേറ്റ് യൂത്ത് കമ്മീഷൻ പുറത്തുവിട്ട പഠനമനുസരിച്ച് യുവാക്കളിലെ ആത്മഹത്യയുടെ പ്രധാന കാരണങ്ങൾ വ്യക്തിബന്ധങ്ങളിലെ പ്രശ്നങ്ങൾ, വൈകാരികമായ ഒറ്റപ്പെടൽ, ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം എന്നിവയാണ്. തൊഴിലില്ലായ്മയും തൊഴിൽ മേഖലയിലെ സമ്മർദ്ദങ്ങളും യുവാക്കളിലെ മാനസികാരോഗ്യ പ്രതിസന്ധിക്ക് വഴിവയ്ക്കുന്ന തായും കാണാം.

ചികിത്സാവിടവ് (ട്രീറ്റ്മെൻറ് ഗ്യാപ്പ്):
കാരണങ്ങൾ

ആശുപത്രികൾ കയ്യെത്തും ദൂരത്തുള്ള ഒരു സംസ്ഥാനത്ത് മാനസികപ്രയാസം അനുഭവിക്കുന്ന ഭൂരിഭാഗം പേരും ചികിത്സാപരിധിക്ക് പുറത്തുനിൽക്കുന്നത് ഗൗരവത്തോടെ പരിഗണിക്കേണ്ട ഒരു കാര്യമാണ്. ഭൗതിക സൗകര്യങ്ങളുടെ കേവലമായ ലഭ്യത മാത്രമല്ല പ്രശ്നം എന്നാണ് ഇത് സൂചിപ്പിക്കുന്നത്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം (ലോകസഭയിലെ 2026 മാർച്ച് 20ലെ ഉത്തരം: ചോദ്യംനമ്പർ 4826) ടെലി മാനസ് സംവിധാനം ഉപയോഗപ്പെടുത്തുന്നതിന്റെ കണക്കുകൾ ലഭ്യമാണ്. ഇന്ത്യയിലൊട്ടാകെ 3.4 ദശലക്ഷം കോളുകൾ ടെലി മാനസ് സംവിധാനത്തിലൂടെ കൈകാര്യം ചെയ്യപ്പെട്ടപ്പോൾ കേരളത്തിൽനിന്ന് ആകെ 65,897 പേർ ഈ സേവനം ഉപയോഗപ്പെടുത്തിയതായി കാണാം.

സഹായം തേടാനുള്ള മലയാളികളുടെ സന്നദ്ധത ഈ പങ്കാളിത്തത്തിൽ പ്രതിഫലിക്കുന്നുണ്ടെങ്കിലും നിലവിലുള്ള ചികിത്സാവിടവ് നികത്താൻ ഡിജിറ്റൽ സംവിധാനങ്ങൾക്കൊപ്പം വിപുലമായ സാമൂഹിക ഇടപെടലുകൾ കൂടി ആവശ്യമാണെന്ന് ഈ കണക്കുകൾ അടിവരയിടുന്നു. അതായത് ഡിജിറ്റലും അല്ലാതെയുമുള്ള ഭൗതികസൗകര്യങ്ങളുടെ കുറവ് മാത്രമല്ല, മറിച്ച് മാനസികാരോഗ്യത്തെ കുറിച്ചുള്ള സാമൂഹികമായ ദുഷ്കീർത്തി (stigma), ശാരീരിക ആരോഗ്യത്തിന് നൽകുന്ന മുൻഗണന മാനസികാരോഗ്യത്തിന് നൽകാത്ത രീതികൾ എന്നിവയടക്കം മറ്റു പല അദൃശ്യഘടകങ്ങളും ട്രീറ്റ്മെൻറ് ഗ്യാപ്പ് പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പരിശോധിക്കേണ്ടിവരും.

കേരളത്തിലെ ജില്ലാ മാനസികാരോഗ്യ പദ്ധതി രാജ്യത്തെ തന്നെ മികച്ച രീതിയിൽ നടപ്പിലാക്കപ്പെട്ട മാതൃകകളിൽ ഒന്നായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. എല്ലാ ജില്ലകളിലും ഇത് വർഷങ്ങളായി നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നുമുണ്ട്. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിലും വികേന്ദ്രീകൃതമായ വിദഗ്ധസേവനം താഴെത്തട്ടിലെത്തിക്കുന്നതിലും ഈ സംവിധാനം വിജയിച്ചിട്ടുണ്ട് എന്നു​ കാണാൻ കഴിയും.

ഓരോ 10,000 പേർക്കും 0.12 സൈക്യാട്രിസ്റ്റുകൾ എന്ന കേരളത്തിലെ നിരക്ക് (ഇത് 2015- ലാണ്. ഇപ്പോൾ ഇത് കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്) ദേശീയ ശരാശരിയെക്കാൾ (0.07) ഏകദേശം ഇരട്ടിയാണ് എന്ന് നാഷണൽ മെന്റൽ ഹെൽത്ത് സർവേ രേഖപ്പെടുത്തുന്നു. ആർദ്രം മിഷന്റെ ഭാഗമായുള്ള ‘ആശ്വാസം’, ‘സമ്പൂർണ്ണ മാനസികാരോഗ്യം’ തുടങ്ങിയ പദ്ധതികളിലൂടെ മാനസികാരോഗ്യസേവനങ്ങളെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ തലത്തിൽ ലഭ്യമാക്കാൻ ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. മാനസികപ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ‘അമ്മ മനസ്സ്’ എന്ന പദ്ധതിയും തുടങ്ങിയിരുന്നു. ജില്ലാ മാനസികാരോഗ്യ പദ്ധതി ഒഴികെയുള്ള മറ്റു പരിപാടികൾ അവ വിഭാവനം ചെയ്ത അർത്ഥത്തിൽ വിജയിപ്പിക്കാൻ സാധിച്ചില്ല എന്ന വസ്തുത ചികിത്സാവിടവ് നികത്താനുള്ള നമ്മുടെ ആലോചനകളിൽ പരിഗണിക്കേണ്ടതാണ്. ഭൗതിക സാഹചര്യങ്ങളുടെയും പദ്ധതികളുടെയും ലഭ്യതയെ യഥാർത്ഥ ചികിത്സാനേട്ടങ്ങളായി പരിവർത്തനം ചെയ്യാൻ സാധിക്കാത്തത് എന്ത് എന്നും ചിന്തിക്കേണ്ടതുണ്ട്.

  • 1. ജില്ലാ മാനസികാരോഗ്യ പദ്ധതി (DMHP) വിജയകരമായ ഒരു മാതൃകയാണ്. കൂടുതൽ വികേന്ദ്രീകൃതമായ സംവിധാനമാണ് ഇനി കേരളത്തിനാവശ്യം. താലൂക്ക് തലത്തിലുള്ള ഇടപെടലായിരിക്കും ഉചിതമായ അടുത്ത നടപടി. ജില്ലാ മാനസികാരോഗ്യ പദ്ധതി യുടെ പൊതുവായ മാതൃകയിൽ ഉചിതമായ പ്രായോഗിക മാറ്റങ്ങളോടെ താലൂക്ക് മെന്റൽ ഹെൽത്ത് പ്രോഗ്രാം (TMHP) ആവിഷ്കരിച്ച് നടപ്പാക്കുക.

  • 2. ജില്ലാ മാനസികാരോഗ്യ പദ്ധതി പ്രാഥമികമായി ഗുരുതര മാനസികാരോഗ്യ പ്രശ്നങ്ങളുടെ ചികിത്സയിലൂന്നിയാണ് മുന്നോട്ടുപോകുന്നത്. എന്നാൽ കാര്യമായി ചികിത്സാവിടവുള്ളത് സാധാരണ മാനസിക പ്രശ്നങ്ങളിലാണ്. അതുകൊണ്ടുതന്നെ സാധാരണ മാനസിക പ്രശ്നങ്ങളെ ആദ്യമേ കണ്ടെത്തി ചികിത്സിക്കാനുള്ള രീതികൾ -Active case finding - സ്വീകരിക്കുക.പ്രമേഹം, രക്താതിമർദം തുടങ്ങിയ രോഗങ്ങൾ ഉള്ളവർ, ഗർഭിണികൾ തുടങ്ങിയ ഹൈ റിസ്ക് വിഭാഗങ്ങളെ സ്ക്രീൻ ചെയ്യുക. സ്വീകരിക്കുക.

  • 3. ആത്മഹത്യാസാധ്യത കണ്ടെത്താനും ആത്മഹത്യാ പ്രതിരോധത്തിനുമായുള്ള കർമ്മ പദ്ധതികൾ നടപ്പാക്കുക.

  • 4. മദ്യപാനമടക്കമുള്ള ലഹരി അനുബന്ധ മാനസിക പ്രശ്നങ്ങളെ കണ്ടെത്തി ഡീ അഡിക് ഷൻ ചികിത്സയിലേക്കും അതിനുശേഷമുള്ള പരിചരണ പിന്തുണാസംവിധാനങ്ങളിലേക്കും എത്തിക്കാനുള്ള പൊതുജനാരോഗ്യ സംവിധാനങ്ങൾ സൃഷ്ടിക്കണം.

  • 5. കേരളത്തിൽ വലിയൊരു പങ്കു മാനസികാരോഗ്യ ചികിത്സ നടത്തുന്നത് സ്വകാര്യമേഖലയിലാണ്. ഡിജിറ്റൽ സംവിധാനങ്ങളിലൂടെ സ്വകാര്യ മേഖലയിലെ വിവരങ്ങൾകൂടി ശേഖരിക്കുന്നത് യഥാർത്ഥത്തിൽ നിലനിൽക്കുന്ന ചികിത്സാ വിടവ് തിരിച്ചറിയാനും ഇടപെടാനും സഹായകമായിരിക്കും.

  • 6. മാനസികാരോഗ്യരംഗത്ത് പ്രശംസനീയമായ രീതിയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളുണ്ട്. അതിൽ വിജയകരമായ മാതൃകകളെ ‘പ്രൂഫ് ഓഫ് കോൺസെപ്റ്റായി’ കണ്ട് പദ്ധതികൾ രൂപീകരിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നത് ഉചിതമായിരിക്കും.

  • 7. സാമൂഹിക സാഹചര്യങ്ങളിൽ മാറ്റം വരുത്താനുള്ള ഇടപെടലുകൾ കൂടി വേണം. മാനസികാസ്വാസ്ഥ്യം സൃഷ്ടിക്കുന്ന രാഷ്ട്രീയ സാമൂഹിക കാരണങ്ങളെ കൂടി അഭിസംബോധന ചെയ്യേണ്ടിവരും. വിദ്യാഭ്യാസത്തിനനുസരിച്ചുള്ള തൊഴിൽ സൃഷ്ടിക്കുക, സ്ത്രീകളുടെ, ശമ്പളം ഇല്ലാത്ത ഗാർഹിക അധ്വാനത്തിനുള്ള അംഗീകാരം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുക, ദലിത്- ആദിവാസി വിഭാഗങ്ങൾ നേരിടുന്ന വിവേചനം ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്നിവ ഇതിന്റെ ഭാഗമായി മാറണം.

ക്ലിനിക്കൽ ചികിത്സ കൊണ്ടുമാത്രം മാനസികാരോഗ്യ പ്രശ്നങ്ങൾ നേരിടാൻ കഴിയില്ല. രോഗങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യങ്ങൾ മാറ്റാനുള്ള നടപടികൾ കൂടി ഉണ്ടാവേണ്ടത് പ്രധാനമാണ്.

READ : ലിംഗനീതിയും പൊതുജനാരോഗ്യവും:
ജൈവമായ വൈവിധ്യങ്ങൾക്കപ്പുറം

പുത്തൻ പകർച്ചവ്യാധികൾ
ആരോഗ്യമേഖലയെ കണ്ണുരുട്ടുമ്പോൾ

പൊതുജനാരോഗ്യം
എങ്ങനെ ആസൂത്രണം ചെയ്യാം?

ഏകലോകം
ഏകാരോഗ്യം

പൊതുജനാരോഗ്യം: കേരളത്തിലെ വികാസവും ചരിത്രപശ്ചാത്തലവും

രക്തദാനവും സുരക്ഷയും: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്റ്റെതസ്കോപ്പിൽ
ചരിത്രത്തിന്റെ
ഹൃദയതാളം

ലൈംഗികതയുടെ
സാമൂഹികവശം:
ഇന്ത്യയിൽ പുതുതായി
എന്താണ് സംഭവിക്കുന്നത്?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments