ശ്രദ്ധയിൽ പെടാതെ
പോവുന്ന ചില ഗർഭകാല
പൾമണോളജി
വിശേഷങ്ങൾ

‘‘ഗർഭാവസ്ഥയിൽ പൊതുവായി കണ്ടുവരുന്ന ക്ഷീണം, കിതപ്പ് മുതലായവയെ ഗർഭാലസ്യം എന്ന ഒറ്റ വക്കിൽ ഉൾക്കൊള്ളാൻ ശ്രമിക്കുന്നത് ശരിയല്ല. ഇവയിൽ ചിലതെങ്കിലും ഗൗരവമുള്ള അസുഖങ്ങളുടെ ലക്ഷണമാകാം. അതിനെ അവഗണിച്ച് മുന്നോട്ടുപോകുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. നീതു തമ്പി എഴുതിയ ലേഖനം.

“There is no miracle more cruel than this.”
- Sylvia Plath

ലിയ സന്തോഷങ്ങളും വലിയ ഉത്ക്കണ്ഠകളും ഒരുമിക്കുന്ന അസാധാരണ സമയമാണ് ഗർഭകാലം. ഗർഭിണിയുടെ ശരീരത്തിൽ അത്ഭുതകരമായ കാര്യങ്ങളാണ് ഒൻപതു മാസം കൊണ്ട് നടക്കുന്നത്. ഈ അവസ്ഥയിൽ പൊതുവായി കണ്ടു വരുന്ന ക്ഷീണം, കിതപ്പ് മുതലായവയെ ഗർഭാലസ്യം എന്ന ഒറ്റ വക്കിൽ ഉൾക്കൊള്ളാൻ ശ്രമിക്കുന്നത് ശരിയല്ല. കാരണം ഇവയിൽ ചിലതെങ്കിലും ഗൗരവമുള്ള അസുഖങ്ങളുടെ ലക്ഷണമാകാം. അതിനെ അവഗണിച്ച് മുന്നോട്ടുപോകുന്നത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം.

ഗർഭിണികളിൽ രക്തപരിശോധനകളുടെ ഫലങ്ങൾ തന്നെ സാധാരണക്കാരിൽ നിന്ന് വളരെ വ്യത്യസ്തമായിരിക്കും. പനി മുതലായ അസുഖങ്ങൾ ഉള്ളവർക്ക് കൗണ്ട് കൂടുക, പ്ലേറ്റ്ലെറ്റ് കുറയുക എന്നൊക്കെ കേട്ടു കാണും. ഒരസുഖവും ഇല്ലാത്ത ഗർഭിണിക്ക് സ്വതവേ തന്നെ കൗണ്ട് കൂടുതലും പ്ലേറ്റ്ലെറ്റ് കുറവുമായിട്ടാണ് കാണുക. രക്തത്തിന്റെ അളവ് കൂടുന്നതിനൊപ്പം ശോണരക്താണുക്കളുടെ അളവ് കൂടാത്തതുകൊണ്ട് ഹീമോഗ്ലോബിൻ രക്തത്തിൽ കുറവായി കാണപ്പെടുന്നു. ഇതും മറ്റുള്ള ഹോർമോൺ വ്യതിയാനങ്ങളും കാരണവും, വളരുന്ന ഗർഭപാത്രം ശ്വാസകോശത്തിൽ അമരു ന്നത് കാരണവും കിതപ്പ് അനുഭവപ്പെടുന്നത് സാധാരണമാണ്.

ഭ്രൂണത്തിന്റെ വളർച്ചയ്ക്കാവശ്യമായ എനർജി ഉത്പ്പാദിപ്പിക്കാനും മറ്റും അയൺ മുതലായ ധാതുക്കൾ അത്യാവശ്യമായി വരുന്നു. സാധാരണക്കാരേക്കാളും മൂന്നു മടങ്ങാണ് ഒരു ഗർഭിണിക്കുവേണ്ട ഇരുമ്പുസത്ത്. ഇത് ഭക്ഷണത്തിലൂടെ മാത്രം പരിഹരിക്കാൻ പ്രായോഗികമായി സാധിക്കുകയില്ല. അതുകൊണ്ട് അയൺ ഗുളികകകളും കാൽസ്യം ഗുളികകളും കൊടുക്കാറുണ്ട്. ഇത് അത്യാവശ്യമാണെങ്കിലും ഈ ഗുളികകൾ പലർക്കും ഗ്യാസ്, നെഞ്ചരിച്ചിൽ മുതലായ പ്രശ്നങ്ങൾ ഉണ്ടാക്കാം. ചിലപ്പോൾ ഇത് നെഞ്ചുവേദനയോ ശ്വാസംമുട്ടോ ആയിട്ടാകാം അനുഭവപ്പെടുന്നത്.

കിടക്കുമ്പോഴുള്ള ബുദ്ധിമുട്ട് ആറു മാസത്തിനു ശേഷം ഗർഭപാത്രത്തിന്റെ വലിപ്പവും തന്മൂലമുള്ള ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും മേലുള്ള സമ്മർദ്ദവും മൂലം കാണാറുണ്ട്. പക്ഷെ കിടക്കുമ്പോളേക്കും വല്ലാതെ കൂടുന്ന ശ്വാസംമുട്ടും നെഞ്ചിടിപ്പും ശ്രദ്ധിക്കേണ്ടതാണ്. സാധാരണയുള്ള കിതപ്പ് തന്നെ പെട്ടെന്ന് കൂടുകയോ, അതിനൊപ്പം നെഞ്ചുവേദന മുതലായ ലക്ഷണങ്ങൾ കാണിക്കുകയോ ചെയ്താൽ ശ്രദ്ധിക്കണം.

ഗർഭിണികളിൽ സ്ഥിരമായി ഉണ്ടാവുന്ന അനവധി പ്രയാസങ്ങൾ കൂടാതെയാണ് അസുഖങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണം എന്ന ആശങ്ക. ഗർഭസ്ഥശിശുവിന്റെ ആരോഗ്യം, വളർച്ച എന്നിവയെല്ലാം അമ്മയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ വളരെ അധികം ആശ്രയിച്ചിരിക്കുന്നു.

ഗർഭിണിയാണെന്ന് അറിഞ്ഞ ഉടനെ സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകൾ നിർത്തിക്കളയുന്ന പ്രവണത കാണുന്നുണ്ട്. ഇത് കുഞ്ഞിനും അമ്മക്കും വളരെയധികം ദോഷം വരുത്തുന്ന കാര്യമാണ്. പ്രത്യേകിച്ച് ആസ്ത്മ, അലർജി മുതലായ അസുഖങ്ങൾക്കുള്ള മരുന്നുകൾ നിർത്തിയാൽ അസുഖം അനിയന്ത്രിതമാവുകയും അതുമൂലം ഇൻജക്ഷനായും മറ്റും ശക്തിയേറിയ മരുന്നുകൾ സ്വീകരിക്കേണ്ടതായിവരുകയും ചെയ്യാം. സ്ഥിരമരുന്നുകൾ ചെറിയ ഡോസുകളിൽ എടുക്കുന്നതും പാർശ്വഫലങ്ങൾ കുറവുള്ളവയുമായിരിക്കും. അതുകൊണ്ടുതന്നെ ഇവ തുടരുന്നതാണ്, അസുഖം കൂടിയശേഷം ചികിത്സിക്കുന്നതിനേക്കാൾ അഭികാമ്യം.

സ്ഥിരം മരുന്നുകൾ ഉപയോഗിക്കുന്നവർ ഡോക്ടറുമായി നേരത്തെ ചർച്ച ചെയ്യുന്നതാണ് മരുന്നിനെ കുറിച്ചുള്ള ഉൽക്കണ്ഠ ഒഴിവാക്കാൻ ഏറ്റവും നല്ലത്. അഥവാ അങ്ങനെ സാധിച്ചിട്ടില്ലെങ്കിൽ പോസിറ്റീവ് ടെസ്റ്റ് കണ്ട ഉടനെ ഡോക്ടറെ കണ്ട് കാര്യങ്ങൾ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ചില മരുന്നുകൾ നിർത്തുന്നതിന്റെ സമ്മർദ്ദം തന്നെ ഗർഭിണികൾക്ക് താങ്ങാൻ ബുദ്ധിമുട്ടുണ്ടാക്കാം.

ഗർഭാവസ്ഥയിലെ ശിശു വളരുന്നത് അമ്മയുടെ രക്തത്തിലുള്ള പോഷകങ്ങളും, മൂലകങ്ങളും മറ്റും വലിച്ചെടുത്തുകൊണ്ടാണ്. ഇതിനൊപ്പം അമ്മയുടെ ശരീരത്തിലുണ്ടാവുന്ന രാസപദാർത്ഥങ്ങളും (inflammatory chemicals) കുഞ്ഞിനെ ബാധിക്കുന്നു. കുട്ടിക്ക് ആസ്ത് മ, അലർജി മുതലായ അസുഖങ്ങൾ ഭാവിയിലുണ്ടാകാൻ ഇത് കാരണമാകാം. പാരമ്പര്യമായി ഇത്തരം അസുഖസാധ്യതയുള്ളവർക്ക് ഗർഭാവസ്ഥയിൽ അമ്മയുടെ അസുഖങ്ങൾ കൂടുന്നത് ഈ അപകടസാധ്യത വർദ്ധിപ്പിക്കുന്നു.

ഗർഭിണിയായിരിക്കുമ്പോഴുള്ള അമ്മയുടെ സാഹചര്യങ്ങളും ആരോഗ്യവും ശിശുവിന്റെ ജനിതകഘടനയിൽ തന്നെ പല വ്യത്യാസങ്ങൾ വരുത്താനും ("epigenetic changes") അതുമൂലം ഭാവിതലമുറകളെ ബാധിക്കാനും സാധ്യതയുണ്ട്. ഗർഭിണിയായിരിക്കുമ്പോൾ പുക വലിക്കുന്നത്, എന്തിന് റോഡരികിലോ ഒരുപാട് വായു മലിനീകരണമുള്ള സ്ഥലങ്ങളിലോ താമസിക്കുന്നതു തന്നെ ഭാവിയിൽ മക്കൾക്കോ മകളുടെ മക്കൾക്കോ വരെ ആസ്ത് മ വരാനുള്ള സാധ്യത കൂട്ടുന്നതായി പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

ശ്വാസകോശത്തിന്റെ രോഗങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്ന ഭൂരിഭാഗം സ്ഥിരം മരുന്നുകളും ഗർഭസ്ഥശിശുവിനെ ബാധിക്കാത്തവയാണ്. പാർശ്വഫലങ്ങൾ ഉണ്ടാകണമെങ്കിൽ മരുന്ന് രക്തത്തിലൂടെ സഞ്ചരിക്കുന്നവയും പ്ലാസെന്റ (മറുപിള്ള) കടന്ന് കുഞ്ഞിലേക്ക് എത്താൻ കഴിയുന്നവയും ആകണം. ഇൻഹേലർ, നേസൽ സ്‌പ്രെ മുതലായവ രക്തത്തിലേക്ക് തന്നെ എത്താത്ത മരുന്നുകളാണ്. അവയുടെ ഡോസുകളാണെങ്കിൽ കഴിക്കുന്ന മരുന്നുകളുടെ ആയിരത്തിൽ ഒരു അംശമേ വരുന്നുള്ളു താനും. ഇത് ഗർഭസ്ഥ ശിശുവിൽ പ്രവേശിക്കുകയോ അതുവഴി പ്രത്യാഘാതങ്ങൾ ഉണ്ടാവുകയോ ഇല്ല. മരുന്നെടുക്കാതെ ഇരിക്കുമ്പോൾ ശ്വാസകോശത്തിനുണ്ടാകുന്ന സമ്മർദ്ദം മൂലം രക്തത്തിലെ ഓക്സിജൻ കുറയുകയും തൽഫലമായി കുഞ്ഞിന്റെ വളർച്ച കുറയുകയും, മാസം തികയാതെ പ്രസവിക്കുകയും മറ്റും ഉണ്ടാകാം.

മറ്റൊരു പ്രധാന പ്രശ്നം അണുബാധ കാരണം വരുന്ന രോഗങ്ങളാണ്. ഭൂരിഭാഗം ആന്റിബിയോട്ടിക്‌സും സുരക്ഷിതമാണെങ്കിലും, പ്രയോഗം ആവുന്നത്ര കുറയ്ക്കാനാണ് ശ്രമിക്കാറ്. അതുകൊണ്ടുതന്നെ പ്രതിരോധ കുത്തിവെപ്പ് വഴി അസുഖം തടയുന്നതാണ് ഏറ്റവും നല്ലത്. ഫ്ലൂ വാക്സിൻ നേരത്തെ എടുത്തിട്ടില്ലെങ്കിൽ ഗർഭിണിയാണെന്ന് അറിഞ്ഞശേഷമെങ്കിലും എടുത്തുവയ്ക്കുക.

കുറച്ചുകൂടി അപൂർവ്വമായി മാത്രം കാണപ്പെടുന്ന ചില അസുഖങ്ങളുണ്ട്. ഗർഭിണിയായ ഉടനെ, പ്രസവത്തിനും അതിനുശേഷമുള്ള രക്തസ്രാവം കുറയ്ക്കുന്നതിനും, ശരീരം തയ്യാറെടുക്കും; അതിന്റെ ഭാഗമായി രക്തം കട്ട പിടിക്കാനുള്ള ശരീര സംവിധാനങ്ങൾ കൂടുതലായി ഉത്പ്പാദിപ്പിക്കുകയും സംഭരിച്ചുവയ്ക്കുകയും ചെയ്യുന്നു. അങ്ങനെ നോക്കിയാൽ ഗർഭാവസ്ഥ രക്തം കട്ട പിടിക്കാൻ സാധ്യത കൂടുതലുള്ള സമയമാണ്.

ഇതോടൊപ്പം ദൂരയാത്ര, ഒരുപാട് നേരം കാലനക്കാതെ ഇരിക്കേണ്ടിവരിക, അമിതഭാരം, APLA Syndrome എന്നിങ്ങനെ, ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അസുഖങ്ങൾ ഉള്ളവർക്കോ രക്തക്കുഴലുകൾക്കുള്ളിൽ തന്നെ രക്തക്കട്ടകൾ ഉണ്ടാവാനുള്ള സാധ്യത ഏറുന്നു. ഇവ ശ്വാസകോശത്തിലേക്കുള്ള രക്തയോട്ടത്തെ ബാധിച്ചാൽ ശ്വാസംമുട്ടും. അതിനെ തുടർന്ന് ഓക്സിജന്റെ അളവ് കുറഞ്ഞ് അമ്മയ്ക്കും കുഞ്ഞിനും പലരീതിയിലുള്ള സങ്കീർണമായ പ്രശ്നങ്ങളും ഉണ്ടാവാം. ഇത്തരം സാഹചര്യങ്ങളുള്ളതായി അറിവുണ്ടെങ്കിൽ നിങ്ങളുടെ ഡോക്ടറുമായി ചർച്ച ചെയ്യുകയും ആവശ്യമെങ്കിൽ രക്തം കട്ട പിടിക്കാതിരിക്കാനുള്ള മരുന്നുകൾ എടുക്കുകയും ചെയ്യണം.

മാനസികാരോഗ്യം ശരീരത്തിന്റെ ആരോഗ്യം പോലെ തന്നെ വിലയേറിയതാണ്; പ്രത്യേകിച്ച് ഗർഭിണിയായിയിരിക്കുമ്പോൾ. ഉത്ക്കണ്ഠ കാരണം മാത്രം ശ്വാസംമുട്ട് അനുഭവപ്പെടാം. കുട്ടിയുടെയും അമ്മയുടെയും ആരോഗ്യത്തിന് യോഗ, ധ്യാനം മുതലായ ശീലങ്ങളും മനസിന് സന്തോഷം തരുന്ന ഹോബികൾക്കും വേണ്ടി സമയം നീക്കിവയ്ക്കേണ്ടത് അത്യാവശ്യമാണ്. pre-natal ക്ലാസുകളിൽ പങ്കെടുക്കുന്നതും സമാധാനത്തോടെ ഗർഭകാലം നേരിടാൻ സഹായിക്കും.

സ്വാഭാവികമായതും ഒരു സഹായവും ആവശ്യമില്ലാതെ നടക്കേണ്ടതുമാണ് ഗർഭധാരണവും പ്രസവവും എന്നിങ്ങനെയുള്ള പഴയ അഭിപ്രായങ്ങൾ കേട്ട് ഒട്ടും ആശയക്കുഴപ്പം വേണ്ട. മനുഷ്യൻ പരിണമിക്കുന്നതിനൊപ്പം ശരീരത്തിന്റെ പല സ്വഭാവങ്ങൾക്കും വ്യത്യാസം വരും. നൂറു കൊല്ലം മുൻപ് ചെയ്തിരുന്ന അതേ കാര്യങ്ങൾ തന്നെയേ ഗർഭിണി ചെയ്യാവൂ എന്ന് നിർബന്ധം പിടിച്ചാൽ ശാസ്ത്രം പുരോഗമിക്കുന്നതിന് അർത്ഥമില്ലാതാകും.

വളരെ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന ലോകോത്തര നിലവാരമുള്ള ചികിത്സ ലഭിക്കുന്ന ഒരു നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിലുള്ളതുപോലെ ദുഷ്പ്രാപ്യവുമല്ല കേരളത്തിലെ ആരോഗ്യസേവനരംഗം. പേടിയും അവിശ്വാസവും കാരണം ആധുനിക ശാസ്ത്രത്തിന് എളുപ്പം തടുക്കാൻ കഴിയുന്ന അസുഖങ്ങൾ വരുത്തി വെച്ച് ഗർഭകാലത്ത് ബുദ്ധിമുട്ടരുത്.

ഒരേ കുടുംബത്തിൽ ജനിച്ചവരാണെങ്കിൽ കൂടി എല്ലാവരുടെയും ഗർഭധാരണവും, പ്രസവവും ഒന്നും ഒരിക്കലും ഒരുപോലെ ആകില്ല. ഇൻഫ്ലൂവൻസേഴ്സ് ആയാലും പരിചയക്കാരായാലും പറയുന്നതെല്ലാം മുഴുവനായും വിശ്വസിക്കാതെ സ്വന്തം വിവേചനശക്‌തി ഉപയോഗിക്കുക.

“ചൂടാൻ മലരും ഘനമായ്ത്തോന്നിന ദോഹദകാലത്തിൽ
-ച്ചുമന്നിരിപ്പൂ ദുർഭരഗർഭം സുഖേന ജനയിത്രി”

കവിയുടെ വാക്കുകൾ സുന്ദരമാണെങ്കിൽ കൂടി, ഗർഭകാലം സുഖകരമായി മാത്രം പോകുന്ന ആളുകൾ വളരെ കുറച്ചേ ഉണ്ടാകൂ. നിങ്ങളുടെ വിഷമങ്ങൾ പങ്കുവയ്ക്കുകയും, ശരിയായ ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നത് തന്നെയാണ് നിങ്ങളുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഏറ്റവും ഉത്തമം.

READ: ശ്വാസകോശ
അർബുദത്തിന്റെ
നൂതന ചികിത്സകൾ

വായുമലിനീകരണം
ഒരു ശ്വാസകോശവിഷയം
കൂടിയാണ്

ചുമ വരാൻ
കാത്തിരിക്കുന്ന
കുടുംബം

തൊഴിലിടങ്ങളും
ശ്വാസകോശ രോഗങ്ങളും;
അറിയാം, തടയാം

രക്തം തുപ്പുമ്പോൾ; അവഗണിക്കരുത്
ഈ ലക്ഷണം

ശ്വാസകോശ ചികിത്സയ്ക്ക്
പുതു ശ്വാസമേകുന്ന
Interventional
Pulmonology

പൾമണോളജി
ഇന്നലെ, ഇന്ന്, നാളെ

വെളിച്ചം
തെളിയിക്കുന്ന
കൈകൾ


Summary: Dr Neethu Thampi writes about pulmonology during pregnancy in Indian Medical Association Nammude Arogyam magazine


ഡോ. നീതു തമ്പി

കൺസൽട്ടന്റ് പൾമണോളജിസ്റ്റ് ആന്റ് അലർജി ​സ്​പെഷ്യലിസ്റ്റ്, സൺറൈസ് ഹോസ്പിറ്റൽ, കാക്കനാട്, എറണാകുളം.

Comments