പ്രമേഹരോഗികളിലെ വൃക്കസംരക്ഷണം

‘‘ദക്ഷിണേന്ത്യയിലെ പ്രമേഹരോഗികളിൽ 45 ശതമാനം പേരിലും വൃക്കരോഗമുള്ളതായി കാണുന്നു. തുടക്കത്തിൽ പ്രത്യേക ലക്ഷണങ്ങൾ ഒന്നും ഇല്ലാത്തതിനാൽ പൊതുവെ അവഗണിക്കപ്പെടുന്ന ഈ രോഗം കാലക്രമേണ ഇരു വൃക്കകളുടെയും പ്രവർത്തനം പൂർണമായും തകരാറിലാക്കുന്നു. മരുന്നുകൾ ഫലിക്കാതെ വരുമ്പോൾ ഡയാലിസിസ്, വൃക്ക മാറ്റിവെക്കൽ എന്നീ ചികിത്സാരീതികൾ ആവശ്യമായി വരുകയും ചെയ്യുന്നു’’- ‘IMA നമ്മുടെ ആരോഗ്യം’ എന്ന മാസികയിൽ ഡോ. സന്ദീപ് ശ്രീധരൻ എഴുതിയ ലേഖനം.

ലോകത്തിന്റെ പ്രമേഹതലസ്ഥാനം എന്നറിയപ്പെടുന്ന ഇന്ത്യയിൽ സ്ഥായിയായ വൃക്കരോഗത്തിന്റെ (CKD) ഏറ്റവും പ്രധാന കാരണമാണ് ഡയബെറ്റിക് കിഡ്നി ഡിസീസ് (DKD) അഥവാ പ്രമേഹം മൂലമുണ്ടാവുന്ന വൃക്കരോഗം. ദക്ഷിണേന്ത്യയിലെ പ്രമേഹരോഗികളിൽ 45 ശതമാനം പേരിലും വൃക്കരോഗം ഉള്ളതായി കാണുന്നു. തുടക്കത്തിൽ പ്രത്യേക ലക്ഷണങ്ങൾ ഒന്നും ഇല്ലാത്തതിനാൽ പൊതുവെ അവഗണിക്കപ്പെടുന്ന ഈ രോഗം കാലക്രമേണ ഇരു വൃക്കകളുടെയും പ്രവർത്തനം പൂർണമായും തകരാറിലാക്കുകയും മരുന്നുകൾ ഫലിക്കാതെ വരുമ്പോൾ ഡയാലിസിസ്, വൃക്ക മാറ്റിവെക്കൽ (transplantation) എന്നീ ചികിത്സാരീതികൾ ആവശ്യമായി വരുകയും ചെയ്യുന്നു. വളരെ ചെലവേറിയതും സങ്കീർണതകൾ ഉള്ളതുമായ ഈ ചികിത്സാരീതികൾ രോഗികളെ ശാരീരികമായും, മാനസികമായും, സാമ്പത്തികമായും തകർക്കുന്ന സ്ഥിതിവിശേഷമുണ്ട്.

കേരളത്തിൽ രണ്ടര ലക്ഷം രോഗികൾക്ക് ഡയാലിസിസ് വേണ്ടിവരുന്നുവെന്നതും അതിൽ ബഹുഭൂരിപക്ഷം പേർക്കും പ്രമേഹം മൂലമാണ് വൃക്കകൾ തകരാറിലാകുന്നത്‌ എന്നതും ആശങ്കാജനകമായ വസ്തുതയാണ്.

പ്രമേഹസംബന്ധമായ മറ്റു സങ്കീർണതകൾ (കണ്ണ്, പാദം, നാഡി തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ളവ ) കൂടെയുണ്ടെ ങ്കിൽ ചികിത്സ നടത്തുക എന്നത് വളരെ വിഷമകരമാവുന്നു. മരുന്നുകളുടെയൂം പരിശോധകളുടെയും ചിലവുകൾ കുത്തനെ ഉയരുന്നതും രോഗികളെ ഗുരുതരപ്രതിസന്ധിയിലാക്കുന്നു. അതിനാൽ പ്രമേഹരോഗമുള്ള വർ രോഗനിർണയം മുതൽക്കു തന്നെ വൃക്കരോഗം തടയാനുള്ള മുൻകരുതലുകൾ നിർബന്ധമായും എടുക്കേണ്ടതാണ്.

എന്താണ് ഡയബെറ്റിക് കിഡ്നി ഡിസീസ് (DKD)?

രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടുന്നത് വൃക്കയിലെ അടിസ്ഥാന കോശമായ നെഫ്രോണിനെയാണ് (Nephron) ബാധിക്കുന്നത്. രക്തത്തിൽ അധികമായുള്ള ജലാംശവും മാലിന്യവും മൂത്രത്തിലൂടെ പുറംതള്ളുന്ന ഒരു അരിപ്പയായി അതിനെ കണക്കാക്കാം. ശരീരത്തിന് ആവശ്യമുള്ള ആൽബുമിൻ പോലുള്ള പ്രോട്ടീൻ മൂത്രത്തിലൂടെ നഷ്ടപ്പെടാതെ തടഞ്ഞുനിർത്തുന്നതും ഈ അരിപ്പയാണ്. അതുകൊണ്ട് നെഫ്രോണിന് തകരാർ സംഭവിക്കുമ്പോൾ സാധാരണയായി മൂത്രത്തിലൂടെ നഷ്ടപ്പെടാൻ പാടില്ലാത്ത ആൽബുമിൻ മൂത്രപരിശോധനയിൽ കാണപ്പെടുന്നു. പിന്നീട് പല ഘട്ടങ്ങളിലായി വൃക്കകളുടെ എല്ലാ ഘടകങ്ങൾക്കും തകരാർ സംഭവിച്ചു ക്രമേണ വൃക്ക സ്തംഭനത്തിലേക്ക് (kidney failure) നീങ്ങുന്നു.

രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടുന്നത് വൃക്കയിലെ അടിസ്ഥാന കോശമായ നെഫ്രോണിനെയാണ് (Nephron) ബാധിക്കുന്നത്.
രക്തത്തിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടുന്നത് വൃക്കയിലെ അടിസ്ഥാന കോശമായ നെഫ്രോണിനെയാണ് (Nephron) ബാധിക്കുന്നത്.

പ്രമേഹരോഗികളിലെ വൃക്കരോഗം അഞ്ചു ഘട്ടങ്ങളായി തരംതിരിച്ചിരിക്കുന്നു. മൂത്രത്തിലെ അൽബുമിന്റെ അളവ്, ഇ ജി.എഫ്.ആർ (eGFR) എന്നീ പരിശോധനകൾ ഉപയോഗിച്ചാണ് ഈ തരംതിരിവ്. രക്തത്തിലെ ക്രിയാറ്റിനിന്റെ അളവ് അടിസ്ഥാനമാക്കിയാണ് സ്മാർട്ട്ഫോണോ കമ്പ്യൂട്ടറോ മുഖേന eGFR കണക്കാക്കുന്നത്.

ആരംഭഘട്ടങ്ങളിൽ (eGFR 90-100%) ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടാവണമെന്നില്ല. രക്തത്തിൽ ക്രിയാറ്റിനിന്റെ അളവും നോർമൽ ആയിരിക്കും. മൂത്രത്തിൽ സൂക്ഷ്മമായ അളവിൽ ആൽബുമിൻ (മൈക്രോആൽബുമിൻ) കാണപ്പെടുക എന്നത് മാത്രമായിരിക്കും സൂചന. രണ്ടും മൂന്നും ഘട്ടങ്ങളിൽ (eGFR 30-89%) രക്തത്തിലെ ക്രിയാറ്റിനിന്റെ അളവ് കൂടി വരുകയും ചെറിയ തോതിലുള്ള ലക്ഷണങ്ങൾ കാണപ്പെടുകയും ചെയ്യുന്നു. മൂത്രത്തിൽ അമിതമായ പത, ബ്ലഡ് പ്രഷറിൽ ഉള്ള വ്യതിയാനം, രക്തക്കുറവ് എന്നിവ ഈ ഘട്ടത്തിലെ സൂചനകളാവാം. നാലാം ഘട്ടം (eGFR 15-29%) ആവുമ്പോഴേക്കും വൃക്കകളുടെ പ്രവർത്തനം സാരമായ അളവിൽ കുറയുന്നു. പാദത്തിലും മുഖത്തും നീര് വരുക, മൂത്രത്തിന്റെ അളവ് കുറയുക, രക്തത്തിൽ യൂറിയ, യൂറിക് ആസിഡ്, പൊട്ടാസിയം, ഫോസ്ഫറസ് മുതലായവ ക്രമാതീതമായി കൂടുക എന്നതും ഈ സ്റ്റേജിലാണ് സംഭവിക്കുന്നത്.

അഞ്ചാം ഘട്ടം (eGFR 15 ശതമാനത്തിൽ താഴെ) ആവുമ്പോഴേക്കും രോഗലക്ഷണങ്ങൾ മൂർച്ഛിച്ചു ഓക്കാനം, ഛർദ്ദി, ശ്വാസംമുട്ടൽ, ചൊറിച്ചിൽ, അമിതമായ ക്ഷീണം, വിശപ്പില്ലായ്മ എന്നീ ഗുരുതര ലക്ഷണങ്ങൾ പ്രകടമാവുമ്പോൾ ഡയാലിസിസ് ആരംഭിക്കേണ്ടി വരുന്നു. വൃക്ക മാറ്റിവെക്കൽ സാധ്യമായവരിൽ അതുമായി മുന്നോട്ടു പോവുകയും ചെയ്യുന്നു, വളരെ സങ്കീർണവും ചിലവേറിയതുമായ ചികിത്സാരീതികളാണവ. ആരംഭ ഘട്ടത്തിൽ തന്നെ രോഗം നിർണയം നടത്താനായാൽ ആവശ്യമുള്ള ചികിത്സ നൽകി വൃക്കകളെ സംരക്ഷിക്കുവാൻ സാധ്യമാണ്. രോഗപ്രതിരോധത്തിന് ഏറ്റവും പ്രധാനം രോഗസാധ്യതയുള്ളവരെ തിരിച്ചറിയുക എന്നതാണ്.

DKD- രോഗസാധ്യത ആർക്കൊക്കെ?
(High risk individuals)

  • പാരമ്പര്യം (Family History): കുടുംബത്തിൽ DKD (Diabetic kidney disease) ഉള്ളവർ.

അനിയന്ത്രിതമായ പ്രമേഹം
(Uncontrolled diabetes)

  • കാലപ്പഴക്കമേറിയ പ്രമേഹം (Longer duration).

  • അമിത രക്തസമ്മർദ്ദം.

High BP

  • പുകവലി (Smoking).

  • അമിതവണ്ണം (Obesity).

  • അമിതമായ കൊളസ്റ്റെറോൾ (Dyslipidemia).

  • അനാരോഗ്യകരമായ ഭക്ഷണരീതി.

Unhealthy diet

  • വ്യായാമക്കുറവ്.

Sedentary lifestyle

DKD- രോഗനിർണ്ണയം

രോഗസാധ്യതയുള്ളവർ (High risk individuals) തുടക്കത്തിൽ തന്നെ വൃക്കരോഗം തടയാനുള്ള മാർഗ്ഗങ്ങൾ അവലംബിക്കണം. പ്രമേഹ ത്തിനോ വൃക്കരോഗത്തിനോ തുടക്കത്തിൽ ബാഹ്യലക്ഷണങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ലബോറട്ടറി പരിശോധനകൾ നടത്തിയാലേ രോഗ സൂചനകൾ ലഭിക്കുകയുള്ളൂ.

വൃക്കരോഗനിർണയത്തിനുള്ള പരിശോധനകൾ

മൂത്രപരിശോധനകൾ

ആൽബുമിൻ / ക്രിയാറ്റിനിൻ ratio ( Urinary ACR) എന്ന പരിശോധനയാണ് DKDയുടെ ആരംഭം കണ്ടുപിടിക്കാൻ ഏറ്റവും ഉത്തമം. ടൈപ്പ് 2 പ്രമേഹത്തിൽ തുടക്കത്തിൽ തന്നെ വർഷത്തിൽ ഒരിക്കൽ ACR ടെസ്റ്റ് നടത്തണം. ACR കൂടുതലാണെ ങ്കിൽ 3-6 മാസത്തിൽ ഒരിക്കലെങ്കിലും പരിശോധിച്ച് ആവശ്യമുള്ള ചികിത്സ ചെയ്യണം. മറ്റു മൂത്രപരിശോധനകളായ Urine RE, 24 മണിക്കൂർ യൂറിൻ പ്രോട്ടീൻ പരിശോധന മുതലായവ സന്ദർഭമനുസരിച്ച് ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്. മൂത്രത്തിൽ പ്രോട്ടീൻ കണ്ടുതുടങ്ങുമ്പോൾ നേത്രപരിശോധന (Eye test) ചെയ്യേണ്ടത് പ്രധാനമാണ്. പ്രമേഹമല്ലാതെ വേറെ എന്തെങ്കിലും കാരണത്താലാണോ പ്രോട്ടീൻ നഷ്ടപ്പെടുന്നത് എന്ന് മനസ്സിലാക്കാൻ നേത്രപരിശോധന സഹായിക്കും.

രക്തപരിശോധനകൾ

വൃക്കരോഗത്തിന്റെ സൂചകങ്ങളായ യൂറിയ, ക്രിയാറ്റിനിൻ, യൂറിക് ആസിഡ് എന്നിവയെയാണ് കിഡ്നി ഫങ്ഷൻ ടെസ്റ്റ് അഥവാ റീനൽ ഫങ്ഷൻ ടെസ്റ്റ് (RFT) എന്ന് പറയുന്നത്. ആരംഭത്തിൽ ഈ പരിശോധനകളുടെ ഫലം സാധാരണ നിലയിലാവാമെങ്കിലും DKDയുടെ തുടർഘട്ടങ്ങളിൽ അളവുകൾ കൂടുന്നതായി കാണാം. വൃക്കരോഗവുമായി ബന്ധപ്പെട്ട മറ്റു സങ്കീർണതകൾ ഉണ്ടോ എന്നറിയാൻ ഹീമോഗ്ലോബിൻ, കാൽസ്യം, ഫോസ്ഫറസ്, സോഡിയം, പൊട്ടാസിയം മുതലായ പരിശോധനകളും ആവശ്യമാണ്.

റേഡിയോളജി പരിശോധനകൾ

വൃക്കകളുടെ എണ്ണം, ആകൃതി, വലിപ്പം, സ്ഥാനം എന്നിവ നിർണയിക്കാൻ ഉപയോഗിക്കുന്ന ലളിതമായ പരിശോധനയാണ് അൾട്രാസൗണ്ട് സ്കാൻ. കല്ലുകൾ, സിസ്റ്റുകൾ, മുഴകൾ എന്നിവ കണ്ടെത്താനും സ്കാൻ സഹായകമാണ്. എക്സ് റേ, സിടി സ്കാൻ, MRI എന്നീ പരിശോധനകളും ആവശ്യാനുസരണം ഉപയോഗിക്കാറുണ്ട്.

DKD- ചികിത്സാരീതികൾ

പ്രാരംഭഘട്ടങ്ങളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുക, രക്തമർദ്ദം നിയന്ത്രിക്കുക , ചിട്ടയായ ഭക്ഷണ ക്രമം പാലിച്ചു ആവശ്യമുള്ള വ്യായാമം ചെയ്യുക എന്നത് മാത്രമാണ് രോഗപ്രതിരോധത്തിനാവശ്യം. പക്ഷെ ബഹുഭൂരിപക്ഷം പേരും ആദ്യ ഘട്ടങ്ങളിൽ രോഗത്തെ അവഗണിച്ചു വൃക്ക രോഗം മൂർഛിക്കുന്ന അവസ്ഥയിലാണ് വിദഗ്ധ ചികിത്സ തേടുന്നത്. മൂത്രത്തിൽ പ്രോട്ടീന്റെ അളവ് കൂടിയാൽ പോലും ഫലപ്രദമായി ചികിത്സിക്കാനുള്ള മരുന്നുകൾ ഇന്ന് ലഭ്യമാണ്. ഇത്തരം മരുന്നുകൾ പ്രമേഹനിയന്ത്രണ ത്തിനും പ്രെഷർ കൺട്രോൾ ചെയ്യാനും സഹായിക്കുന്നവയാണ്. വൃക്കരോഗവുമായി ബന്ധപ്പെട്ട മറ്റു സങ്കീർണതകൾക്കുള്ള ചികിത്സയും ആവശ്യമായി വരുന്നു. അതിനാൽ വൃക്കരോഗികൾ തങ്ങളുടെ രോഗത്തിന്റെ കാഠിന്യം (Stage) അനുസരിച്ചു ആവശ്യമുള്ള മരുന്നുകളും, ഭക്ഷണരീതികളും പിന്തുടരേണ്ടതുണ്ട്. DKDയുള്ള രോഗികൾ മൂന്നോ നാലോ മാസത്തിൽ ഒരിക്കലെങ്കിലും ഒരു വൃക്കരോഗവിദഗ്ധനെ സന്ദർശിച്ചു വേണ്ട നിർദ്ദേശങ്ങൾ എടുക്കുക. സ്റ്റേജ് 5 ഒക്കെ ആവുമ്പോഴേക്കും മാസത്തിൽ ഒരു തവണയെങ്കിലും ഡോക്ടർ സന്ദർശനം ആവശ്യമായി വന്നേക്കാം. സാമൂഹിക മാധ്യമങ്ങളിൽ കാണുന്ന പല വിവരങ്ങളും ശാസ്ത്രീയമാവണമെന്നില്ല. അതിനാൽ അത്തരം വാർത്തകളുടെ സത്യാവസ്ഥയും ശാസ്ത്രീയതയും ഉറപ്പുവരുത്തുക.

DKD- ഭക്ഷണക്രമം

DKD ചികിത്സയിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ശരിയായ ഭക്ഷണക്രമം. ആഹാരക്രമീകരണം വൃക്കകളുടെ പ്രവർത്തനം സംരക്ഷിക്കുക മാത്രമല്ല, പൊതുവെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

പ്രമേഹരോഗികൾ അന്നജം(carbohydrate) നിയന്ത്രിക്കുന്നതിനോടൊപ്പം വൃക്കരോഗ ത്തിന്റെ തുടക്കത്തിൽ തന്നെ മാംസ്യ (Protein) വും നിയന്ത്രിക്കണം. സസ്യജന്യമായ പ്രോട്ടീനാണ് അഭികാമ്യം. ദിവസവും ഒരു കോഴിമുട്ട കഴിക്കാവുന്നതാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ മിതമായ അളവിൽ മത്സ്യം, കോഴിയിറച്ചി എന്നിവ കറിവച്ചു കഴിക്കാവുന്നതാണ്. തേങ്ങയരച്ച കറികൾ ഒഴിവാക്കുക. ആട്ടിറച്ചിയും പോത്തിറച്ചിയും പാടെ ഒഴിവാക്കേണ്ടതുണ്ട്.

പൊട്ടാസിയം കൂടിയ അളവിലുള്ള പഴങ്ങളും പച്ചക്കറികളും ലീച്ചിങ് ചെയ്തു മിതമായ അളവിൽ ഉപയോഗിക്കാം. പച്ചക്കറികളുടെ കോശങ്ങളിൽ നിന്ന് വെള്ളത്തിൽ ലയിക്കുന്ന ധാതുവായ പൊട്ടാസിയത്തെ കളയുന്നതിനായി പച്ചക്കറികൾ രണ്ടോ മൂന്നോ മണിക്കൂർ വെള്ളത്തിൽ കുതിർക്കുകയോ അല്ലെങ്കിൽ തിളപ്പിച്ചു വെള്ളം ഊറ്റുകയോ ചെയ്യുന്ന പ്രക്രിയയാണ് ലീച്ചിങ്. പൊട്ടാസ്യം അമിതമായ അളവിൽ ഉള്ള ഇലക്കറികളായ മുരിങ്ങയില, ചീര, അഗത്തിച്ചീര, കടുകില എന്നിവ ഒഴിവാക്കാം. ഉരുളക്കിഴങ്ങിലും മധുരക്കിഴങ്ങിലും പൊട്ടാസിയം അധികമായുണ്ട്. മുരിങ്ങ, പച്ചക്കായ, വാഴക്കാമ്പ്, വാഴക്കൂമ്പ് (വാഴപ്പൂ) എന്നിവയും പൊട്ടാസിയം കൂടിയതിനാൽ അഭികാമ്യമല്ല. സോയാബീനും രാജ്മയും ഒഴിവാക്കേണ്ടതുണ്ട്. ചെറുപയർ, കടല, പരിപ്പ് എന്നിവ മിതമായ അളവിൽ കഴിക്കാവുന്നതാണ്.

ഉപ്പിന്റെ അളവും നിജപ്പെടുത്തേണ്ട ആവശ്യമുണ്ട്. ഒരു ദിവസം 5 ഗ്രാം (1 ടീസ്‌പൂൺ )ഉപ്പാണ് അനുവദനീയം. ഉപ്പു കൂടുതലുള്ള അച്ചാർ, പപ്പടം, ഉപ്പിലിട്ടത്, ഉണക്കമീൻ, ചിപ്സ്, മുതലായവ വർജ്ജിക്കുക. വൃക്കരോഗികൾ ഉപ്പിനു പകരം ഇന്ദുപ്പ് ഉപയോഗിക്കുന്നത് നല്ലതല്ല.

മേൽപറഞ്ഞ നിർദ്ദേശങ്ങൾ വൃക്കരോഗത്തിന്റെ സ്റ്റേജ് അനുസരിച്ചു മാറാമെന്നുള്ളതിനാൽ ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ നിർദേശം അനുസരിച്ചു മാത്രം പാലിക്കുക.

DKD- ചില മിഥ്യാധാരണകൾ

‘‘പ്രമേഹത്തിന്റെയും ബി.പിയുടെയും മരുന്നുകൾ ദീഘകാലം കഴിച്ചാൽ വൃക്കകൾ കേടാവും "

തികച്ചും തെറ്റായ ചിന്താഗതിയാണിത്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ശരിയായ അളവിൽ കൃത്യമായ കാലയളവിൽ മരുന്നുകൾ കഴിച്ചാൽ എല്ലാ മരുന്നുകളും സുരക്ഷിതമാണ്. പക്ഷേ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് വാങ്ങി കഴിക്കുന്നതും ഡോക്ടറുടെ സന്ദർശനം നടത്താതെ സ്വയം ചികിത്സ നടത്താൻ ശ്രമിക്കുന്നതും അപകടം വരുത്തി വെക്കും. പഴയ കുറിപ്പടി (Prescription) കാണിച്ചു മരുന്നുകൾ വാങ്ങി കഴിക്കരുത്. ഒരു പുതിയ ഡോക്ടറുടെ അടുത്ത് പോവുമ്പോൾ താൻ കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങൾ കൊണ്ടുപോവുകയാണെങ്കിൽ ചേരാത്ത മരുന്നുകൾ ഒരുമിച്ചു കഴിക്കേണ്ടി വരുന്നത് ഒഴിവാക്കാം. വേദനാസംഹാരികളുടെ അമിത ഉപയോഗം വൃക്കകൾക്ക് ദോഷം ചെയ്യും.

"ഭക്ഷണത്തിലൂടെയാണ്
ക്രിയാറ്റിനിൻ കൂടുന്നത്"

ക്രിയാറ്റിനിൻ കുറയുമെന്നുള്ള പ്രതീക്ഷയിൽ അമിതമായി ഭക്ഷണം നിയന്തിക്കുന്ന പ്രവണത വൃക്കരോഗികൾക്കിടയിൽ ഉണ്ട്. അമിതമായ ഭക്ഷണ നിയന്ത്രണം ആരോഗ്യത്തിന് ദോഷമാണ്. ആവശ്യമുള്ള പോഷകങ്ങൾ ശരീരത്തിന് ലഭിക്കണമെങ്കിൽ മതിയായ അളവിൽ ഭക്ഷണം കഴിക്കണം. എന്ത് കഴിക്കണം എന്നതിന് ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശം തേടുക.

"വൃക്കരോഗികൾ
വെള്ളം കുടിക്കരുത് "

വൃക്കരോഗത്തിന്റെ അന്ത്യഘട്ടത്തിൽ മാത്രമേ വെള്ളത്തിന്റെ അളവ് നിയന്ത്രിക്കേണ്ട ആവശ്യമുള്ളൂ. രോഗത്തിന്റെ സ്റ്റേജ്, രോഗിയുടെ ആരോഗ്യനില, ശരീരത്തിലെ ജലാംശം എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങൾ അനുസരിച്ചാണ് എത്ര വെള്ളം കുടിണമെന്ന് ഡോക്ടര്‍ നിർദ്ദേശിക്കുന്നത്. അമിതമായി വെള്ളം കുടിക്കുന്നതും ഗുണകരമല്ല.

"കാലിലെ നീര്
വൃക്കരോഗമാണ്’’

വൃക്കരോഗമല്ലാതെ വേറെ ഒരുപാട് അസുഖങ്ങൾ കാരണം നീരുണ്ടാകാം. തൈറോയ്ഡ് സംബന്ധമായ അസുഖം, ഹൃദയ സ്തംഭനം (Heart failure), അണുബാധ, വെരികോസ് വെയിൻ എന്നത് ചിലതു മാത്രം. അതുകൊണ്ടു കാലിൽ നീര് കണ്ട ഉടനെ വൃക്കരോഗമാണെന് ധരിച്ചു പരിഭ്രാന്തരാവാതിരിക്കുക.

ഉപസംഹാരം

പ്രമേഹത്തിൽ വൃക്ക തകരാറിലാകുന്നത് തടയാൻ, രക്തത്തിലെ പഞ്ചസാരയും രക്തസമ്മർദ്ദവും നിയന്ത്രിക്കുന്നതിലും, വൃക്കയ്ക്ക് അനുയോജ്യമായ ഭക്ഷണക്രമം പാലിക്കുന്നതിലും വ്യായാമത്തിലും ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രമേഹത്തിന്റെ തുടക്കത്തിൽ തന്നെ വൃക്കരോഗ പ്രതിരോധവും തുടങ്ങുക. ആവശ്യമായ പരിശോധനകൾ നടത്തി ശാസ്ത്രീയമായ ചികിത്സാ രീതികൾ പിന്തുടരുക.

READ: ആരോഗ്യത്തിന്റെ
രാഗസമന്വയം

റിവേർസ് ഡയബറ്റിസ്
എന്ത്, എങ്ങനെ?

ഇൻസുലിൻ,
പ്രമേഹരോഗിയുടെ
നിതാന്ത സുഹൃത്ത്

പ്രമേഹ ചികിത്സയിൽ
സ്വയം ഗ്ലൂക്കോസ് പരിശോധിക്കുന്നതിന്റെ പ്രസക്തി

കുട്ടികൾക്കും
പ്രമേഹം ഉണ്ടാകുമോ?

ചെണ്ട എന്റെ നിത്യ ഔഷധം

സമൂഹജീവിതവും
വയോധികരും

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments