മഴക്കാലവും
ശ്വാസകോശ
അണുബാധകളും:
കേരളം അറിയേണ്ടതും
കരുതേണ്ടതും

‘‘പനി, ചുമ, ശരീരവേദന എന്നീ ലക്ഷണങ്ങൾ സാധാരണ വൈറൽ അണുബാധകളാവാമെങ്കിലും, ഇതേ ലക്ഷണങ്ങൾ H1N1, ന്യൂമോണിയ, ക്ഷയം, കോവിഡ് തുടങ്ങിയ ഗുരുതര രോഗങ്ങളുടെയും സൂചനയാകാം. അതുകൊണ്ടുതന്നെ എല്ലാ ചുമയും പനിയും നിസ്സാരമായി കാണാൻ പാടില്ല’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ​ ഡോ. ആതിര സി. എഴുതിയ ലേഖനം.

വേനലവധി കഴിഞ്ഞെത്തുന്ന മൺസൂൺ കാലം, സ്കൂൾ പ്രവേശനോത്സവങ്ങൾ പോലെ മഴക്കാലരോഗങ്ങൾക്കും ആരംഭകാലമാണ്.

മഴ നനഞ്ഞതുകൊണ്ടാണ് പനി വന്നത് എന്ന് നമ്മൾ പലപ്പോഴും കേൾക്കാറുണ്ട്. യഥാർത്ഥത്തിൽ മഴ രോഗങ്ങൾക്ക് കാരണമാകുന്നില്ലെന്നും മറിച്ച് രോഗാണുക്കൾ പകരാൻ ഏറ്റവും അനുകൂലമായ സാഹചര്യം ഒരുക്കികൊടുക്കുകയാണ് ചെയ്യുന്നതെന്ന് മനസ്സിലാക്കുകയാണ് രോഗ പ്രതിരോധത്തിനുള്ള ആദ്യപടി.

പൊതുവെ ഉയർന്ന ഈർപ്പമുള്ള കാലാവസ്ഥയുള്ള കേരളത്തിന്റെ ചുറ്റുപാടിൽ, മഴക്കാലത്ത് ആളുകൾ കൂടുതൽ സമയവും വീടുകളിലും ഓഫീസുകളിലും ക്ലാസ്സ്മുറികളിലും മറ്റ് വായുസഞ്ചാരം കുറവുള്ള ഇടങ്ങളിലും ചെലവഴിക്കുന്നത് വായുജന്യരോഗങ്ങൾ പകരാനുള്ള കാരണങ്ങളിൽ ഒന്നാണ്. ചില ശ്വാസകോശ വൈറസുകൾ ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ നേരം നിലനിൽക്കുകയും പകരുകയും ചെയ്യുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, മഴക്കാലത്തെ താപനിലവ്യതിയാനങ്ങൾ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തെ ബാധിക്കാനും സാധ്യതയുണ്ട്.

ഇതോടൊപ്പം, സ്കൂളുകൾ പ്രവർത്തനസജ്ജമാകുന്നതോടെ കുട്ടികളിൽ വൈറൽ ശ്വാസകോശ അണുബാധകൾ വളരെ വേഗം പടരുകയും തുടർന്ന് കുടുംബാംഗങ്ങളിലേക്കും സമൂഹത്തിലേക്കും വ്യാപിക്കുകയും ചെയ്യുന്നു. കുട്ടികൾ സമൂഹത്തിൽ രോഗവ്യാപനത്തിന്റെ പ്രധാന കണ്ണികളിലൊന്നാണ്.

കേരളത്തിന്റെ ജനസംഖ്യാപരമായ പ്രത്യേകതകളും രോഗഭാരം വർധിപ്പിക്കുന്നതിന് ഹേതുവാണ്‌. രാജ്യത്ത് ഏറ്റവും കൂടുതൽ വയോധികർ താമസിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. പ്രായമായവരിൽ ശരീരത്തിന്റെ സ്വാഭാവികമായ രോഗപ്രതിരോധശേഷി കുറയുന്നതിനോടൊപ്പം പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയ ജീവിതശൈലീരോഗങ്ങളുടെ ഉയർന്ന വ്യാപനവും സങ്കീർണതകൾ വർധിപ്പിക്കുന്നു.

കേരളത്തിന്റെ അന്തർദേശീയബന്ധവും രോഗവ്യാപനത്തിനുള്ള മറ്റൊരു പ്രധാന ഘടകമാണ്. വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന വലിയ പ്രവാസിസമൂഹവും നിരന്തരമായ അന്താരാഷ്ട്ര യാത്രകളും കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രചരിക്കുന്ന പുതിയ ശ്വാസകോശ രോഗാണുക്കളും വൈറസ് വകഭേദങ്ങളും സംസ്ഥാനത്തെത്താനുള്ള സാധ്യത കൂടുതലാണ്.

മഴക്കാലത്ത് ഡെങ്കിപ്പനി, എലിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ മറ്റ് പകർച്ചവ്യാധികളും വർധിക്കുന്നതിനാൽ പനി, ചുമ, ശരീരവേദന തുടങ്ങിയ സമാന ലക്ഷണങ്ങളുള്ള രോഗികളെ കൃത്യമായി തിരിച്ചറിയുക എന്നതിനോടൊപ്പം ഗുരുതരമല്ലാത്ത, നേരിയ രോഗലക്ഷണങ്ങളുമായെത്തുന്ന രോഗികളുടെ തിരക്കു നിയന്ത്രിക്കേണ്ടിവരുന്നതും ആരോഗ്യപ്രവർത്തകർ നേരിടുന്ന വെല്ലുവിളികളാണ്.

കേരളത്തിലെ ജനങ്ങൾ പൊതുവെ ചെറിയ രോഗലക്ഷണങ്ങൾ പോലും അവഗണിക്കാതെ ആശുപത്രികളെ സമീപിക്കുന്ന പ്രവണതയുള്ളവരാണ്. ഇത് രോഗങ്ങൾ നേരത്തേ കണ്ടെത്താൻ സഹായിക്കുന്നുണ്ടെങ്കിലും ആരോഗ്യസ്ഥാപനങ്ങളിൽ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കാൻ കാരണമാകുന്നുണ്ട്.

ഏറ്റവും സാധാരണയായി കാണുന്ന ശ്വാസകോശ അണുബാധയാണ് ജലദോഷപ്പനി. മുതിർന്നവരിൽ റൈനോവൈറസും (Rhinovirus), കുട്ടികളിൽ റെസ്പിറേറ്ററി സിൻസിഷ്യൽ വൈറസും (Respiratory Syncytial Virus -RSV) ആണ് ഏറ്റവും പ്രധാന കാരണങ്ങൾ.

മിക്കപ്പോഴും ആശുപത്രിയിലെത്തുന്ന ഇത്തരം കേസുകൾ സാധാരണ വൈറൽ അണുബാധകളാവാമെങ്കിലും, ചിലപ്പോൾ അതേ ലക്ഷണങ്ങൾ H1N1 (സ്വൈൻ ഫ്ലൂ അഥവാ പന്നിപ്പനി), ന്യൂമോണിയ, ക്ഷയരോഗം (TB), COVID-19 തുടങ്ങിയ ഗുരുതര രോഗങ്ങളുടെയും തുടക്കമാകാം. അതുകൊണ്ടുതന്നെ എല്ലാ ചുമയും പനിയും നിസ്സാരമായി കാണാൻ പാടില്ലെന്നും അതുപോലെ എല്ലാ രോഗങ്ങളെയും ഭയപ്പെടാൻ പാടില്ലെന്നും രോഗികളും ആരോഗ്യപ്രവർത്തകരും ഒരുപോലെ മനസ്സിലാക്കേണ്ടതുണ്ട്. രോഗലക്ഷണങ്ങളെക്കുറിച്ചുള്ള ശരിയായ അറിവും സമയോചിതമായ ചികിത്സയും തന്നെയാണ് ഏറ്റവും നല്ല പ്രതിരോധം.

ശ്വാസകോശ അണുബാധകൾ
എങ്ങനെയാണ് പകരുന്നത്?

ശ്വാസകോശ അണുബാധകളിൽ ഭൂരിഭാഗവും രോഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തേക്ക് വരുന്ന ചെറിയ ശ്വാസത്തുള്ളി (respiratory droplets) കളിലൂടെയാണ് മറ്റൊരാളിലേക്ക് പകരുന്നത്. ചില വൈറസുകൾ വായുവിൽ ചെറിയ കണങ്ങളായി കുറച്ചുസമയം നിലനിൽക്കുകയും അടച്ചിട്ട ഇടങ്ങളിൽ എളുപ്പത്തിൽ വ്യാപിക്കുകയും ചെയ്യാം. അതുകൊണ്ടാണ് ചുമയ്ക്കുമ്പോൾ വായയും മൂക്കും മൂടുക, കൈകൾ ഇടയ്ക്കിടെ കഴുകുക, രോഗലക്ഷണങ്ങൾ ഉള്ളപ്പോൾ തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക, ആവശ്യമായ സാഹചര്യങ്ങളിൽ മാസ്ക് ഉപയോഗിക്കുക തുടങ്ങിയ ലളിതമായ മുൻകരുതലുകൾ ഇന്നും പ്രസക്തമായിരിക്കുന്നത്.

കേരളത്തിൽ കൂടുതലായി കാണുന്ന
ശ്വാസകോശ അണുബാധകൾ:

  • സാധാരണ ജലദോഷപ്പനി (Common cold):

ഏറ്റവും സാധാരണയായി കാണുന്ന ശ്വാസകോശ അണുബാധയാണിത്. മൂക്കൊലിപ്പ്, തുമ്മൽ, തൊണ്ടവേദന, ചെറിയ പനി, നേരിയ ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ഭൂരിഭാഗം ആളുകളിലും 5–7 ദിവസത്തിനുള്ളിൽ പ്രത്യേക ചികിത്സയില്ലാതെ തന്നെ രോഗം ഭേദമാകും.

മുതിർന്നവരിൽ റൈനോവൈറസും (Rhinovirus), കുട്ടികളിൽ റെസ്പിറേറ്ററി സിൻസിഷ്യൽ വൈറസും (Respiratory Syncytial Virus -RSV) ആണ് ഏറ്റവും പ്രധാന കാരണങ്ങൾ. COVID-19-ന് കാരണമാകുന്ന വൈറസിൽനിന്ന് വ്യത്യസ്തമായി കണ്ടുവരുന്ന കൊറോണ വൈറസുകൾ (Seasonal Coronaviruses) അഡിനോ വൈറസ് (Adenovirus) പാരാ ഇൻഫ്ലുവെൻസ വൈറസ് (Parainfluenza virus) എന്നിവയാണ് മറ്റു പ്രധാന രോഗാണുക്കൾ.

എല്ലാ വൈറൽ ജലദോഷത്തിനും ആന്റിബയോട്ടിക് ആവശ്യമില്ല. അനാവശ്യമായി ആന്റിബയോട്ടിക് കഴിക്കുന്നത് ഭാവിയിൽ മരുന്നുകളോട് പ്രതി രോധശേഷിയുള്ള രോഗാണുക്കൾ രൂപപ്പെടാൻ കാരണമാകും.

 ചില വൈറസുകൾ വായുവിൽ ചെറിയ കണങ്ങളായി കുറച്ചുസമയം നിലനിൽക്കുകയും അടച്ചിട്ട ഇടങ്ങളിൽ എളുപ്പത്തിൽ വ്യാപിക്കുകയും ചെയ്യാം.
ചില വൈറസുകൾ വായുവിൽ ചെറിയ കണങ്ങളായി കുറച്ചുസമയം നിലനിൽക്കുകയും അടച്ചിട്ട ഇടങ്ങളിൽ എളുപ്പത്തിൽ വ്യാപിക്കുകയും ചെയ്യാം.
  • ഇൻഫ്ലുവൻസ (Seasonal Influenza):

ഇൻഫ്ലുവൻസ സാധാരണ ജലദോഷത്തേക്കാൾ ഗുരുതരമായ വൈറസ് രോഗമാണ്. കേരളത്തിൽ മഴക്കാലത്താണ് കൂടുതലായി കാണപ്പെടുന്നത്.

2009-ൽ ലോകമെമ്പാടും ആശങ്ക സൃഷ്ടിച്ച Influenza A (H1N1) ഇന്ന് പുതിയ രോഗമല്ല. ഇത് ഇൻഫ്ലുവൻസ വൈറസിന്റെ ഒരു വകഭേദമാണ്. കേരളത്തിൽ പ്രത്യേകിച്ച് മഴക്കാലത്ത് H1N1 ഉൾപ്പെടെയുള്ള ഇൻഫ്ലുവൻസ കേസുകൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. സംസ്ഥാന ആരോഗ്യവകുപ്പ് എല്ലാ വർഷവും Influenza-like Illness (ILI), Severe Acute Respiratory Infection (SARI) എന്നിവ നിരീക്ഷിച്ചുവരുന്നു.

H1N1 ബാധിച്ചവരിൽ ഭൂരിഭാഗവും പൂർണമായി സുഖം പ്രാപിക്കുമെങ്കിലും ചില വിഭാഗങ്ങളിൽ, പ്രത്യേകിച്ച് ഗർഭിണികൾ, അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾ, 65 വയസ്സിന് മുകളിലുള്ളവർ, പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, വൃക്കരോഗം എന്നിവയുള്ളവർ, ആരോഗ്യപ്രവർത്തകർ എന്നിവരിൽ രോഗം ഗുരുതരമാവാൻ സാധ്യതയുണ്ട്.

പെട്ടെന്ന് ആരംഭിക്കുന്ന ഉയർന്ന പനി, ശരീരവേദന, തൊണ്ടവേദന, ചുമ, ക്ഷീണം, ശ്വാസംമുട്ടൽ എന്നിവയൊക്കെയാണ് ലക്ഷണങ്ങൾ.

ഇത്തരം ലക്ഷണങ്ങളുണ്ടായാൽ സ്വയം മരുന്ന് കഴിക്കുന്നതിനേക്കാൾ ഡോക്ടറുടെ നിർദേശം തേടുന്നതാണ് ഉചിതം.

Influenza A (H3N2) കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിൽ പല സീസണുകളിലും പ്രധാനമായി റിപ്പോർട്ട് ചെയ്യപ്പെട്ട വകഭേദമാണ്.

പ്രതിവർഷം ഇൻഫ്ലുവൻസ വാക്സിൻ സ്വീകരിക്കുന്നത് ആരോഗ്യപ്രവർത്തകർ, മുതിർന്നവർ, ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ എന്നിവർക്ക് ഗുണകരമാണ്.

  • ന്യൂമോണിയ (Pneumonia):

ശ്വാസകോശത്തിലെ വായു നിറഞ്ഞിരിക്കുന്ന ചെറിയ സഞ്ചികളായ അൽവിയോളി (Alveoli) കളിൽ അണുബാധ ഉണ്ടാകുന്ന അവസ്ഥയാണ് ന്യൂമോണിയ. വൈറസുകൾ, ബാക്ടീരിയകൾ, ചിലപ്പോൾ ഫംഗസുകൾ എന്നിവയും ന്യൂമോ ണിയയ്ക്ക് കാരണമാകാം. അഡി നോ വൈറസ് (Adenovirus), RSV, ഇൻഫ്ലുവെൻസ , പാരാ ഇൻഫ്ലുവെൻസ എന്നീ വൈറസുകളും ഹീമോഫിലസ് (Haemophilus) സ്ട്രെപ്റ്റോകോക്കസ് (Streptococcus) സ്റ്റഫയിലോകോക്കസ് (Staphylococcus) ക്ലെബ്സിയെല്ല (Klebisella ) ലീജിയനെല്ല (Legionella) എന്നീ ജനുസ്സുകളിൽപെട്ട ബാക്റ്റീരിയകളുമാണ് ന്യൂമോണിയയുടെ പ്രധാന രോഗാണുക്കൾ.

ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലും 65 വയസ്സിന് മുകളിലുള്ളവരിലും ന്യൂമോണിയ ഇപ്പോഴും മരണത്തിനും ആശുപത്രി പ്രവേശനത്തിനും പ്രധാന കാരണങ്ങളിലൊന്നാണ്.

Respiratory Syncytial Virus (RSV) എന്ന വൈറസ് പൊതുജനങ്ങൾക്ക് അത്ര പരിചിതമല്ലെങ്കിലും ചെറിയ കുട്ടികളിലും മുതിർന്നവരിലും ഗുരുതര ശ്വാസകോശ രോഗങ്ങൾക്ക് പ്രധാന കാരണമാണ്. സാധാരണ ജലദോഷം പോലെയാണ് തുടക്കമെങ്കിലും ചില കുഞ്ഞുങ്ങളിൽ ശ്വാസംമുട്ടലും ശ്വാസകോശ അണുബാധയും ഉണ്ടാകാം. അടുത്തകാലത്ത് മുതിർന്നവർക്കായുള്ള RSV വാക്സിനുകളും ലഭ്യമായിട്ടുണ്ട്.

ഉയർന്ന പനി, കഠിനമായ ചുമ, കഫം കൂടുതലായി വരികയോ നിറവ്യത്യാസം അനുഭവപ്പെടുകയോ , ശ്വാസംമുട്ടൽ, നെഞ്ചുവേദന, ഓക്സിജന്റെ അളവ് കുറയുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിലോ വീട്ടിൽ സ്വയം ചികിത്സ തുടരാതെ ഉടനെ തന്നെ ഡോക്ടറെ കാണുകയും ആവശ്യമായ നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. പ്രത്യേകിച്ച് പ്രായമായവരിൽ പനി ഇല്ലാതെയും ന്യൂമോണിയ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഭക്ഷണം കഴിക്കാതിരിക്കുകയോ അമിതമായ ക്ഷീണം, ആശയക്കുഴപ്പങ്ങൾ എന്നീ ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നുണ്ടെങ്കിൽ പെട്ടെന്ന് തന്നെ ചികിത്സ ലഭ്യമാകേണ്ടതാണ്.

ക്ഷയരോഗം (Tuberculosis);
ഇന്നും നമ്മുടെ മുന്നിലുള്ള വെല്ലുവിളി

ക്ഷയരോഗം (Tuberculosis -TB) പലരും പഴയ കാല രോഗമായിട്ടാണ് കാണുന്നതെങ്കിലും ലോകത്ത് ഏറ്റവും കൂടുതൽ ക്ഷയരോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കേരളത്തിൽ ചികിത്സാസൗകര്യങ്ങൾ മികച്ചതാണെങ്കിലും ഓരോ വർഷവും ആയിരണക്കിന് പുതിയ TB രോഗികളെ കണ്ടെത്തിക്കൊണ്ടിരിക്കുന്നത് കാലാവസ്ഥാ - ജനസംഖ്യാ സഹജമായ കാരണങ്ങൾക്കൊപ്പം ചേർത്തുവായിക്കേണ്ടിയിരിക്കുന്നു.

ഒരുപാട് വർഷങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന രോഗമായതിനാലാവണം ക്ഷയരോഗത്തിന്റെ കാര്യത്തിൽ ഒരു 'പരിചയപക്ഷപാതം' (familiarity bias) രൂപപ്പെട്ടിട്ടുള്ളത്. അതിന്റെ ഫലമായി രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമ, ശരീരഭാരം കുറയൽ, രാത്രിവിയർപ്പ് തുടങ്ങിയ ലക്ഷണങ്ങൾ പലപ്പോഴും സാധാരണ ശ്വാസകോശ അണുബാധകളായി തെറ്റിദ്ധരിക്കപ്പെടുകയും രോഗനിർണയവും ചികിത്സയും വൈകുകയും ചെയ്യുന്നുണ്ട്. ക്ഷയരോഗം പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന രോഗമാണ്. എന്നാൽ ചികിത്സ ഇടയ്ക്ക് നിർത്തുന്നത് മരുന്നുകളോട് പ്രതിരോധമുള്ള (Drug-resistant TB) രോഗത്തിന് കാരണമാകാം. അതിനാൽ ഡോക്ടർ നിർദേശിക്കുന്ന മുഴുവൻ ചികിത്സയും കൃത്യമായി പൂർത്തിയാക്കണം.

Respiratory Syncytial Virus (RSV) എന്ന വൈറസ് പൊതുജനങ്ങൾക്ക് അത്ര പരിചിതമല്ലെങ്കിലും ചെറിയ കുട്ടികളിലും മുതിർന്നവരിലും ഗുരുതര ശ്വാസകോശ രോഗങ്ങൾക്ക് പ്രധാന കാരണമാണ്.
Respiratory Syncytial Virus (RSV) എന്ന വൈറസ് പൊതുജനങ്ങൾക്ക് അത്ര പരിചിതമല്ലെങ്കിലും ചെറിയ കുട്ടികളിലും മുതിർന്നവരിലും ഗുരുതര ശ്വാസകോശ രോഗങ്ങൾക്ക് പ്രധാന കാരണമാണ്.

കോവിഡ്-19 അവസാനിച്ചോ?

പലരും കോവിഡ് കഴിഞ്ഞു എന്ന് കരുതുന്നു ണ്ടെങ്കിലും വൈറസ് ഇപ്പോഴും പല വകഭേദങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. വലിയ തരംഗങ്ങളായി രോഗം പടരുന്നില്ലെങ്കിലും ഇടയ്ക്കിടെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഭൂരിഭാഗം ആളുകളിലും രോഗം ഇപ്പോൾ ലഘുവായിരിക്കാം. എന്നാൽ പ്രായമായവരിലും കാൻസർ രോഗികളിലും അവയ വമാറ്റ ശസ്ത്രക്രിയ നടത്തിയവരിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും കോവിഡ് ഗുരുതരമാകാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നു.

RSV: അധികമാരും
അറിയാത്ത ഒരു വൈറസ്

Respiratory Syncytial Virus (RSV) എന്ന വൈറസ് പൊതുജനങ്ങൾക്ക് അത്ര പരിചിതമല്ലെങ്കിലും ചെറിയ കുട്ടികളിലും മുതിർന്നവരിലും ഗുരുതര ശ്വാസകോശ രോഗങ്ങൾക്ക് പ്രധാന കാരണമാണ്. സാധാരണ ജലദോഷം പോലെയാണ് തുടക്കമെങ്കിലും ചില കുഞ്ഞുങ്ങളിൽ ശ്വാസംമുട്ടലും ശ്വാസകോശ അണുബാധയും ഉണ്ടാകാം. അടുത്തകാലത്ത് മുതിർന്നവർക്കായുള്ള RSV വാക്സിനുകളും ലഭ്യമായിട്ടുണ്ട്.

നിപ്പ വൈറസ്: ഭയമല്ല,
ജാഗ്രതയാണ് വേണ്ടത്

കേരളത്തിൽ നിപ്പ വൈറസ് രോഗം റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴെല്ലാം സമൂഹത്തിൽ വലിയ ആശങ്ക ഉയരാറുണ്ട്. യാഥാർത്ഥത്തിൽ നിപ്പ വളരെ അപൂർവമായ രോഗമാണ്. എന്നാൽ രോഗത്തിന്റെ തീവ്രത കാരണം അതീവ ജാഗ്രത ആവശ്യമാണ്. വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്കും പിന്നീട് അടുത്ത സമ്പർക്കത്തിലൂടെ മനുഷ്യരിൽ നിന്നും മറ്റുള്ളവരിലേക്കും രോഗം പകരാം. പനി, തലവേദന, കഠിനമായ ക്ഷീണം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ചിലപ്പോൾ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ എന്നിവ രോഗത്തിന്റെ ഭാഗമാകാം.

എപ്പോൾ ഉടൻ ഡോക്ടറെ കാണണം?

താഴെ പറയുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ വൈകിക്കരുത്:

  • ശ്വാസംമുട്ടൽ.

  • നെഞ്ചുവേദന.

  • മൂന്നു മുതൽ അഞ്ച് ദിവസത്തിലധികം നീളുന്ന ഉയർന്ന പനി.

  • ഓക്സിജന്റെ അളവ് കുറയുക.

  • രക്തം കലർന്ന കഫം.

  • രണ്ടാഴ്ചയിൽ കൂടുതൽ നീളുന്ന ചുമ.

  • കുഞ്ഞുങ്ങൾ പാലുകുടിക്കാതിരിക്കുകയോ പ്രായമായവർ അമിതമായി ക്ഷീണിക്കുകയോ ചെയ്യുക.

ഈ ലക്ഷണങ്ങൾ ഗുരുതര രോഗത്തിന്റെ സൂചനയായിരിക്കാം.

എല്ലാ പനിക്കും ആന്റിബയോട്ടിക് വേണ്ടേ?

"പനി തുടങ്ങി... ഒരു ആന്റിബയോട്ടിക് തുടങ്ങാം" എന്ന ചിന്ത ഇപ്പോഴും സമൂഹത്തിൽ വ്യാപകമാണ്. എന്നാൽ ഇത് അപകടകരമായ ഒരു പ്രവണതയാണ്. ശ്വാസകോശ അണുബാധകളിൽ ഭൂരിഭാഗവും വൈറസുകൾ മൂലമാണ് ഉണ്ടാകുന്നത്. വൈറസ് രോഗങ്ങളിൽ ആന്റിബയോട്ടിക്കുകൾക്ക് യാതൊരു ഫലവുമില്ല. മറിച്ച്, അനാവശ്യമായി ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് മരുന്നുകളോട് പ്രതിരോധശേഷിയുള്ള (Antimicrobial Resistance - AMR) രോഗാണുക്കളുടെ രൂപീകരണത്തിന് കാരണമാകും. ഇന്ന് ലോകാരോഗ്യസംഘടന ഏറ്റവും വലിയ പൊതുജനാരോഗ്യ വെല്ലുവിളികളിലൊന്നായി കണക്കാക്കുന്നതും ഇതുതന്നെയാണ്.

വർഷത്തിൽ ഒരിക്കൽ സ്വീകരിക്കേണ്ട ഇൻഫ്ലുവൻസ  വാക്സിൻ,  60–65 വയസ്സിന് മുകളിലുള്ളവർ, ഗർഭിണികൾ, ആരോഗ്യപ്രവർത്തകർ, പ്രമേഹം, ഹൃദ്രോഗം, ആസ്ത്മ, COPD, വൃക്കരോഗം തുടങ്ങിയ രോഗങ്ങളുള്ളവർ എന്നിവർക്ക് പ്രത്യേകിച്ച് ശുപാർശ ചെയ്യപ്പെടുന്നു.
വർഷത്തിൽ ഒരിക്കൽ സ്വീകരിക്കേണ്ട ഇൻഫ്ലുവൻസ വാക്സിൻ, 60–65 വയസ്സിന് മുകളിലുള്ളവർ, ഗർഭിണികൾ, ആരോഗ്യപ്രവർത്തകർ, പ്രമേഹം, ഹൃദ്രോഗം, ആസ്ത്മ, COPD, വൃക്കരോഗം തുടങ്ങിയ രോഗങ്ങളുള്ളവർ എന്നിവർക്ക് പ്രത്യേകിച്ച് ശുപാർശ ചെയ്യപ്പെടുന്നു.

കേരളം ആന്റിബയോട്ടിക് ദുരുപയോഗം കുറയ്ക്കുന്നതിനായി നിരവധി നടപടികൾ സ്വീകരിച്ച സംസ്ഥാനമാണ്. ഡോക്ടറുടെ കുറിപ്പില്ലാതെ ആന്റിബയോട്ടിക്കുകൾ വാങ്ങി ഉപയോഗിക്കുവാനോ, സ്വയം മരുന്ന് കഴിക്കുകയോ, മുൻപ് ഉപയോഗിച്ച മരുന്ന് വീണ്ടും തുടങ്ങുവാനോ, മറ്റൊരാളുടെ മരുന്ന് ഉപയോഗിക്കുവാനോ ഒരിക്കലും പാടില്ല.

വൈറസ് രോഗത്തിന് വിശ്രമം, ധാരാളം വെള്ളം, പോഷകാഹാരം, ആവശ്യമായ മരുന്നുകൾ എന്നിവയാണ് പ്രധാന ചികിത്സ. ആന്റിബയോട്ടിക് ആവശ്യമുള്ളത് ബാക്ടീരിയ മൂലമുള്ള ചില അണുബാധകളിൽ മാത്രമാണ്.

വാക്സിൻ; രോഗം വന്നശേഷമുള്ള ചികിത്സയേക്കാൾ മികച്ച പ്രതിരോധം

"വാക്സിൻ കുട്ടികൾക്കല്ലേ?" എന്ന ധാരണ ഇപ്പോഴും പലർക്കുമുണ്ട്. യാഥാർത്ഥത്തിൽ മുതിർന്നവർക്കും ചില വാക്സിനുകൾ വളരെ പ്രധാനമാണ്.

  • ഇൻഫ്ലുവൻസ വാക്സിൻ:

വർഷത്തിൽ ഒരിക്കൽ സ്വീകരിക്കേണ്ട ഈ വാക്സിൻ, 60–65 വയസ്സിന് മുകളിലുള്ളവർ, ഗർഭിണികൾ, ആരോഗ്യപ്രവർത്തകർ, പ്രമേഹം, ഹൃദ്രോഗം, ആസ്ത്മ, COPD, വൃക്കരോഗം തുടങ്ങിയ രോഗങ്ങളുള്ളവർ എന്നിവർക്ക് പ്രത്യേകിച്ച് ശുപാർശ ചെയ്യപ്പെടുന്നു. ഈ വാക്‌സിന് എല്ലാത്തരം ശ്വാസകോശ അണുബാധയിൽ നിന്നും സംരക്ഷിക്കാനാവില്ലെങ്കിലും ഗുരുതരമായ ഇൻഫ്ലുവെൻസയും ആശുപത്രി വാസവും കുറയ്ക്കാൻ സഹായിക്കുന്നു.

  • ന്യൂമോകോക്കൽ വാക്സിൻ:

ന്യൂമോണിയയ്ക്കുള്ള പ്രധാന കാരണങ്ങളിലൊന്നായ ന്യൂമോകോക്കസ് ബാക്ടീരിയയിൽ നിന്ന് സംരക്ഷണം നൽകുന്ന വാക്സിനാണിത്. പ്രായമായവർക്കും പ്രതിരോധശേഷി കുറഞ്ഞവർ ക്കും ഇത് ഏറെ പ്രയോജനകര മാണ്.

ശ്വാസകോശ അണുബാധ ഒഴിവാക്കാൻ ചെയ്യാവുന്ന കാര്യങ്ങൾ

രോഗം വന്നാൽ ചികിത്സിക്കുന്നതിനേക്കാൾ അത് വരാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ് നല്ലത്.

ചില ലളിതമായ മുൻകരുതലുകൾ

  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായയും തൂവാലയോ കൈമുട്ടോ ഉപയോഗിച്ച് മൂടുക.

  • കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് ഇടയ്ക്കിടെ വൃത്തിയാക്കുക.

  • രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്കൂൾ, ഓഫീസ്, പൊതുസ്ഥലങ്ങൾ എന്നിവ ഒഴിവാക്കുക.

  • ആവശ്യമായ സാഹചര്യങ്ങളിൽ മാസ്ക് ഉപയോഗിക്കുക.

  • മുറികളിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കുക.

  • സമീകൃതമായ ആഹാരവും മതിയായ ഉറക്കവും വ്യായാമവും രോഗപ്രതിരോധശേഷി വർധിപ്പിക്കും.

  • പുകവലിയും പുകയില ഉപയോഗവും പൂർണമായും ഒഴിവാക്കുക.

  • ഡോക്ടറുടെ നിർദേശപ്രകാരം ആവശ്യമായ വാക്സിനുകൾ സ്വീകരിക്കുക.

ശ്വാസകോശ അണുബാധകൾ മനുഷ്യജീവിതത്തിന്റെ ഭാഗമാണ്. എല്ലാ ചുമയും പനിയും ഗുരുതര രോഗമല്ല. അതുപോലെ എല്ലാ രോഗലക്ഷണങ്ങളെയും നിസ്സാരമായി കാണുന്നതും ശരിയല്ല.

ശരിയായ സമയത്ത് ചികിത്സ തേടുക, അനാവശ്യ ആന്റിബയോട്ടിക് ഉപയോഗം ഒഴിവാക്കുക, ആവശ്യമായ വാക്സിനുകൾ സ്വീകരിക്കുക, മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാൻ ശ്രദ്ധിക്കുക. ഈ ചെറിയ കാര്യങ്ങൾ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. മഴക്കാലം രോഗങ്ങളുടെ കാലമാകേണ്ടതില്ല; അത് കരുതലിന്റെ കാലമാകണം.

ആരോഗ്യകരമായ ജീവിതശൈലിയും ശാസ്ത്രീയമായ അറിവും ഉത്തരവാദിത്തമുള്ള പെരുമാറ്റവുമാണ് ശ്വാസകോശ അണുബാധകൾക്കെതിരായ ഏറ്റവും ഫലപ്രദമായ വാക്സിൻ.

READ: ജലജന്യ രോഗങ്ങൾ

ട്രോപ്പിക്കൽ പനികൾ:
കേരളം നേരിടുന്ന വെല്ലുവിളികളും
പ്രതിരോധ മാർഗങ്ങളും

മാറുന്ന കാലാവസ്ഥയും
പുതിയ രോഗാണുബാധകളും:
നാം എത്രത്തോളം തയ്യാറാണ്?

ഓർത്തില്ലെങ്കിലും...

പൊതുജനാരോഗ്യ നിയമം: മുട്ടയിട്ടാൽ മൊട്ട!

മനസ്സുകൊണ്ട് നാട്ടിലെത്തുമ്പോൾ;
പ്രവാസികളുടെ
ഓണാഘോഷം

ഓണാഘോഷത്തിന്റെ
മാനസികതലങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments