മഴക്കാലരോഗങ്ങൾ
കുട്ടികളിൽ

മഴക്കാലത്ത് വൃത്തിഹീനമായ ഭക്ഷണപാനീയങ്ങൾ വഴി പകരുന്ന രോഗങ്ങളുടെ നിരക്ക് കൂടുതലും ഗൗരവമേറിയതുമാണ്. ഭക്ഷണപാനീയങ്ങളിലൂടെ പകരുന്ന പ്രധാന രോഗങ്ങൾ ഛർദ്ദി, അതിസാരം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയവയാണ്- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ആനന്ദ കേശവൻ ടി.എം എഴുതിയ ലേഖനം.

നുഷ്യനും പ്രകൃതിയും പരസ്​പരം ബന്ധപ്പെട്ടിരിക്കുന്നു. കാലാവസ്​ഥാ വ്യതിയാനവും രോഗങ്ങളും തമ്മിലുള്ള ബന്ധം വളരെ മുൻപുതന്നെ അറിവുള്ളതാണ്. ആധുനിക വൈദ്യശാസ്​ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസ്​ (460- 360 BC) കാലാവസ്​ഥയുടെ വ്യതിയാനവും അതിന് രോഗങ്ങളുമായുള്ള ബന്ധവും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

മഴക്കാല രോഗങ്ങൾ കൂടുതലായി കാണുന്നത്
കുട്ടികളിലാണ്, എന്തുകൊണ്ട്?

കുട്ടികളിൽ രോഗപ്രതിരോധശക്തി മുതിർന്നവരെ അപേക്ഷിച്ച് താരതമ്യേന കുറവായിരിക്കും. ശരീരത്തിലുള്ള പല രോഗപ്രതിരോധ ഘടകങ്ങളും (Immunoglobulin, compliment, etc…) കുറവായിരിക്കും. ചിക്കൻ പോക്സ്​ പോലെയുള്ള രോഗങ്ങൾ ഒരുതവണ വന്നാൽ രണ്ടാമത് വരാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് അത്തരം പകർച്ചവ്യാധികൾ കുട്ടികളിൽ ആദ്യമായി വരാനുള്ള സാധ്യതയും കൂടുതലാണ്.

ഭക്ഷണത്തിലൂടെയും വായുവിലൂടെയും പകരുന്ന രോഗങ്ങൾ കുട്ടികളിൽ കൂടുതലായും അതേസമയം ഗൗരവകരമായും ((common & serious) കാണാറുണ്ട്. ഇതിനുകാരണം കുട്ടികളുടെ ശരീരത്തിന്റെ പ്രത്യേകതയും പുറത്ത് കൂടുതലായി കളിച്ചു നടക്കുന്ന സ്വഭാവമുള്ളതുകൊണ്ടുമാണ്.

വ്യക്തിശുചിത്വമില്ലായ്മയും വൃത്തിഹീനമായ ഭക്ഷണശീലങ്ങളും കൂടുതലായിരിക്കുന്നതും കുട്ടികളിൽ രോഗസാധ്യത കൂടാനുള്ള ഒരു കാരണമാണ്.

മഴക്കാല രോഗങ്ങൾ ഏതൊക്കെയാണ്?

മഴക്കാലരോഗങ്ങൾ അവയുടെ വ്യാപനരീതി അനുസരിച്ച് മൂന്നായി തരംതിരിച്ചിരിക്കുന്നു.

  • വായുവിലൂടെ പകരുന്നവ.

  • ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്നവ.

  • കൊതുകുകൾ വഴി പകരുന്നവ.

വായുവിലൂടെ പകരുന്നവ

ഉദാഹരണം: ജലദോഷം, ഇൻഫ്ളുവൻസ.
മഴക്കാലം വായുവിലൂടെ പകരുന്ന നിരവധി അണുബാധകൾക്ക് കാരണമാകുന്നു. ഇതിനുകാരണം വായുവിലൂടെ പകരുന്ന ചെറിയ സൂക്ഷ്മാണുക്കളാണ് (ഇതിൽ പ്രധാനമായും വൈറസുകളാണ്). ഇത് പനി, ജലദോഷം, ചുമ, തൊണ്ടവേദന എന്നിവയിലേക്ക് നയിക്കുന്നു.

വായുവിലൂടെ പകരുന്ന രോഗങ്ങൾ തടയുന്നതിനുള്ള മാർഗ്ഗങ്ങൾ:

-ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖാവരണം (മാസ്​ക്) ധരിക്കുക.
-രോഗബാധിതരായ ആളുകളിൽനിന്ന് കുട്ടികളെ അകറ്റിനിർത്തുക. -കുട്ടികൾ പുറത്തുനിന്ന് വീട്ടിലെത്തിയാൽ കൈകാലുകൾ കഴുകി ശുചിത്വം പാലിക്കുക.
-കുറച്ച് മണിക്കൂർ ഇടവിട്ട് തിളപ്പിച്ചാറിയ വെള്ളം കുടിക്കുക.
-ഫ്ളൂ വാക്സിനും മറ്റുള്ള പ്രതിരോധ കുത്തിവെപ്പുകളും യഥാസമയം ചെയ്യുക.

ഭക്ഷണപാനീയങ്ങളിലൂടെ പകരുന്ന രോഗങ്ങൾ

മഴക്കാലത്ത് വൃത്തിഹീനമായ ഭക്ഷണപാനീയങ്ങൾ വഴി പകരുന്ന രോഗങ്ങളുടെ നിരക്ക് കൂടുതലും ഗൗരവമേറിയതുമാണ്. ഭക്ഷണപാനീയങ്ങളിലൂടെ പകരുന്ന പ്രധാന രോഗങ്ങൾ ഛർദ്ദി, അതിസാരം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയവയാണ്.

ഛർദ്ദി, വയറിളക്കരോഗങ്ങൾ എന്നിവ മൂലം നിർജലീകരണം സംഭവി ക്കുകയും മാരകമായേക്കാവുന്നതുമാണ്. വൃത്തിഹീനമായ ചുറ്റുപാടിൽ നിന്നും ഭക്ഷണം കഴിക്കുന്നതും, തിളപ്പിക്കാത്ത ഭക്ഷണം കഴിക്കുന്നതുമാണ് പ്രധാന കാരണം. നമ്മുടെ കുട്ടികൾ പുറത്തുനിന്ന് ഷേക്ക്, ജ്യൂസ്​ തുടങ്ങിയവ കഴിക്കുന്നത് ഇപ്പോൾ സർവ്വ സാധാരണമാണല്ലോ. അതുകൊണ്ടുതന്നെയാണ് ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ അസുഖങ്ങളും പകരുന്നത്.

ഭക്ഷണ പാനീയങ്ങളിലൂടെ പകരുന്ന രോഗങ്ങൾ എങ്ങനെ തടയാം?

  • ഭക്ഷണം കഴിക്കുന്നതിനു മുൻപ് കൈ സോപ്പിട്ട് നന്നായി കഴുകുക.

  • തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

  • തണുത്ത ഭക്ഷണം ഉപയോഗിക്കാതിരിക്കുക.

  • ഫ്രിഡ്ജിൽ നിന്നുള്ള ഭക്ഷണങ്ങൾ ചൂടാക്കി കഴിക്കുന്ന പ്രവണത നിർത്തുക.

  • പഴഫലവർഗ്ഗങ്ങൾ, പ്രത്യേകിച്ച് മുന്തിരി പോലെയുള്ളവ നന്നായി കഴുകിയതിനുശേഷം കഴിക്കുക.

  • ഭക്ഷണം അടച്ചുവയ്ക്കുക.

  • വിനോദസഞ്ചാരവേളയിലും മറ്റും പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കി പകരം ഭക്ഷണം കയ്യിൽ കരുതുക.

  • ഐസ്​ ഉപയോഗിച്ച് തണുപ്പിക്കുന്ന പാനീയങ്ങൾ (ജ്യൂസ്​, ഷേക്ക് ) ഉപേക്ഷിക്കുക.

  • മലവിസർജനത്തിനുശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി വൃത്തിയാക്കുക.

  • പ്രതിരോധ കുത്തിവെപ്പുകൾ യഥാസമയം സ്വീകരിക്കുന്നത് (ടൈഫോയ്ഡ് വാക്സിൻ, റോട്ട വൈറസ്​ വാക്സിൻ, ഹെപ്പറ്റൈറ്റിസ്​ വാക്സിൻ തുടങ്ങിയവ) ഭക്ഷണ പാനീയങ്ങളിലൂടെ പകരുന്ന രോഗങ്ങൾ തടയുന്നതിന് ഉപകാരപ്രദമാണ്.

കൊതുകുവഴി പകരുന്ന രോഗങ്ങൾ

ഓരോ വർഷവും 7000 ലക്ഷം ആളുകൾക്ക് കൊതുകു വഴിയുള്ള രോഗങ്ങളുണ്ടാകുന്നു എന്നാണ് കണക്ക്. ഇവ കൂടുതലായും കാണുന്നത് മഴക്കാലത്തോട് ബന്ധപ്പെട്ടാണ്. കൊതുകുകളുടെ പ്രജന നം നടക്കുന്നതത് കൂടുതലായും മഴക്കാലത്താണ്.

നമ്മുടെ നാട്ടിൽ കൊതുകുവഴി പകരുന്ന പ്രധാന രോഗങ്ങൾ: ഡെങ്കിപ്പനി, മലമ്പനി, ചിക്കൻഗുനിയ, റിക്കറ്റ് സിയൽ ഇൻഫെക്ഷൻ (പ്രത്യേകതരം ചെള്ള് പരത്തുന്നത്) എന്നിവയാണ്.

അടുത്തകാലത്തായി പല തരത്തിലുള്ള മസ്​തിഷ്ക ജ്വരം (ജാപ്പനീസ്​ എൻകെഫലൈറ്റിസ്​), സിക്ക (zikaa fever) തുടങ്ങിയവും നമ്മുടെ നാട്ടിൽ കൂടുതലായി കണ്ടുവരുന്നു. അന്തർ സംസ്ഥാന തൊഴിലാളികളുടെ ആധിക്യം മൂലം മലേറിയ പോലെയുള്ള അസുഖങ്ങൾ സർവ്വസാധാരണയായി കണ്ടുവരുന്നു.

ഡെങ്കിപ്പനി മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്ന രോഗമാണ്. ഓരോവർഷവും മുപ്പത്താറായിരത്തിൽ കൂടുതൽ മരണം ഡെങ്കിപ്പനി മൂലം സംഭവിക്കുന്നുണ്ട്. കുട്ടികളിൽ ഡെങ്കിപ്പനി പലപ്പോഴും ഗൗരവ മേറിയതാകുകയും മരണം വരെ സംഭവിച്ചേക്കാവുന്നതുമാണ്. ഡെങ്കിപ്പനിക്കെതിരെ ശരിയായ പ്രതിരോധ കുത്തിവെപ്പ് ഇല്ലാത്തതാണ് ഈ രോഗം കൂടുതലായി പകരുവാനുള്ള മറ്റൊരു കാരണം.

കൊതുകുമൂലം പകരുന്ന രോഗങ്ങളുടെ പ്രതിരോധ മാർഗ്ഗങ്ങൾ

  • വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യം ഒഴിവാക്കുക.

  • ചിരട്ടകളിലും പൊട്ടിയ പാത്രങ്ങളിലും വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യം ഒഴിവാക്കുക.

  • ഖരമാലിന്യങ്ങൾ ശരിയായി സംരക്ഷിക്കുക.

  • കൊതുകുമായുള്ള ചർമ്മസമ്പർക്കം കുറയ്ക്കുന്ന വസ്​ത്രം ധരിക്കുക.

  • കൊതുകുവലകൾ, കൊതുകിനെ അകറ്റുന്നതിനുള്ള രാസവസ്​തുക്കൾ mosquito repellent, skin creme) തുടങ്ങിയവ ഉപയോഗിക്കുക.

  • കൂത്താടികളെ നശിപ്പിക്കുന്ന പ്രത്യേകതരം മത്സ്യങ്ങൾ (Gambusia Affinis Fish) നമ്മുടെ നാട്ടിൽ ഇപ്പോഴും കൂടുതലായി ഉപയോഗിക്കപ്പെടുന്നില്ല.

സംഗ്രഹം

മഴക്കാല രോഗങ്ങൾ ചികിത്സിക്കുന്നതിനേക്കാൾ എളുപ്പം നേരത്തെ പറഞ്ഞ പ്രതിരോധമാർഗങ്ങൾ ഉപയോഗിച്ച് രോഗം വരുന്നത് തടയുക എന്നതാണ്. ഇതിൽ പ്രധാനമാണ് വ്യക്തിശുചിത്വം, സാമൂഹ്യശുചിത്വം, പ്രതിരോധ കുത്തിവെപ്പുകൾ, ഭക്ഷണശുചിത്വം എന്നിവയെല്ലാം. ഈ മഴക്കാലത്തും കുട്ടികളും നമ്മളും ശരിയായ വിധത്തിൽ ശ്രദ്ധിച്ചാൽ ആരോഗ്യകരമായ അവസ്​ഥ സംജാതമാക്കാം, തീർച്ച.

READ: മഴക്കാലത്ത്
ചെവിയും തൊണ്ടയും മൂക്കും
സംരക്ഷിക്കേണ്ടവിധം

ഡെങ്കിപ്പനി

മഴക്കാലത്ത്
എലിപ്പനി
വെല്ലുവിളിക്കുമ്പോൾ

മഴക്കാല
ഗൃഹാതുരത്വങ്ങൾ

മഴക്കാലം പനിക്കാലമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതെല്ലാം…

ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ
പിതാവായ മലയാളി ഡോക്ടർ

തികച്ചും സാധാരണം;
പക്ഷെ, അസാധാരണം

രോഗങ്ങളുടെയും ​വെല്ലുവിളികളുടെയും
മഴക്കാലം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments