പ്രസവാനന്തര
മാനസിക പ്രശ്നങ്ങൾ

‘‘കുറച്ചു വർഷങ്ങളായി ആത്മഹത്യ ചെയ്യുന്ന ഗർഭിണികളുടെയും നവമാതാക്കളുടെയും എണ്ണം ഗണ്യമായി വർദ്ധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. സ്ത്രീകളിൽ ഏറിവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങളും അവയെ ഫലപ്രദമായി കൈകാര്യം ചെയ്യുവാൻ ബന്ധുമിത്രാദികൾക്കും ആരോഗ്യദായകർക്കും സാധിക്കാതെവരുന്നതും ഏറെ നിർഭാഗ്യകരമാണ്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ജോസ് പി.വി എഴുതിയ ലേഖനം.

ജീവിതം പലപ്പോഴും വികാരങ്ങളുടെ കുത്തഴിഞ്ഞ പെരുവെള്ളപ്പാച്ചിലാണ്. കൊച്ചു കൊച്ചു സന്തോഷങ്ങളുടെ അതിലോലമായ, നിശ്ച ലതയോടടുത്ത ഓളങ്ങൾ മുതൽ അത്യാഹ്ലാദത്തിന്റെ വൻ തിരകൾ വരെയാകാം. സങ്കടം, ക്ഷോഭം, ഉൽക്കണ്ഠ, പേടി, വിഷാദം ഇത്യാദികളുടെ കാര്യവും അങ്ങനെ തന്നെ. മിതത്വമാണ് എപ്പോഴും ഏതിലും അഭികാമ്യം.

എന്നാൽ, തടഞ്ഞുനിർത്താനാവാത്ത വികാരങ്ങളുടെ കുത്തൊഴുക്ക് സർവ്വനാശത്തിലേ അവസാനിക്കൂ. ഉരുൾപൊട്ടൽ പോലെയോ അഗ്‌നിപർവ്വത വിസ്ഫോടനം പോലെയോ ജീവനെയും ചുറ്റുപാടുകളെയും അതില്ലാതാക്കും. ഇത്തരം സർവ്വനാശങ്ങളിൽ നിന്ന് മോചനമുണ്ടോ എന്ന അന്വേഷണം അത്യാവശ്യമല്ലേ?

കർണ്ണങ്ങളിൽ പതിക്കാത്ത വിലാപങ്ങൾ

ചില വിലാപങ്ങൾ നമ്മുടെ ഉൾബോധ ശീലങ്ങളുമായി ഒട്ടും ഒത്തുപോകുന്നവയേയല്ല. പലപ്പോഴും അതൊരു വിലാപമായി തോന്നുക പോലുമില്ല. അവയെ കേൾക്കാത്ത വിലാപമെന്നോ നിശബ്ദ വിലാപമെന്നോ വിളിക്കാം.

മെഡിക്കൽ കോളേജുകളിൽ ഞായറാഴ്ച റൗണ്ട്സ് ജൂനിയർ ഡോക്ടേഴ്‌സിന്റെ നേതൃത്വത്തിലാണ് സാധാരണ നടക്കാറ്. അതീവ ശ്രദ്ധയോ കൗശലമോ അത്രമേൽ ആവശ്യപ്പെടാത്ത ഒരു ചടങ്ങ്. ആരെല്ലാമോ കൃത്യവും ഭദ്രവുമായി അടുക്കിവെച്ച പുസ്തക നിരകളിലൂടെ അലസമായി കൈയുരസി നടക്കുംപോലെ.

10 വർഷം മുമ്പത്തെ കാര്യമാണ്.

ആ ഞായറാഴ്ച റൗണ്ട്സിന്റെ ചുമതല എനിക്കായിരുന്നു. 57ാം വാർഡിലെ അവസാ നത്തെ രോഗി. നാലു ദിവസം മുമ്പ് പ്രസവിച്ച അതിസുന്ദരിയായ ഒരു യുവതി. കുട്ടി ഉറങ്ങുന്നു. അവൾ അലസമായി കിടക്കുകയാണ്.
പതിവുചോദ്യം, 'എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?’
'ഇല്ല' എന്നുത്തരം.
പിന്നെ അവൾ അത്ര ഉച്ചത്തിലല്ലാതെ പറഞ്ഞു, 'മനസ്സിൽ എന്തോ വല്ലാത്ത സങ്കടോം ബേജാറും. ചെലപ്പോ വല്ലാണ്ട് കരച്ചിലും വരും'.

‘എന്തിനു ബേജാറാകണം. എന്തിന് കരയണം, കുട്ടിയെ നോക്കി സുഖമായിരിക്കൂ' എന്ന പ്രത്യുത്തരമേ ഞങ്ങൾക്കുണ്ടായിരുന്നു.

58ാം വാർഡിലേക്ക് ഞങ്ങൾ നടന്നു നീങ്ങി. ധൃതിപ്പെട്ട് ആരോ പുറകിൽ നിന്നും ഓടി വരുന്നതായി തോന്നി. തിരിഞ്ഞുനോക്കുമ്പോൾ ആ പെൺകുട്ടി തന്നെ. എന്തോ സംശയം ചോദിക്കാനാണ് വരുന്നതെന്ന് കരുതി ഞങ്ങളവിടെ നിന്നു. എന്നാൽ ഞങ്ങളുടെ അസ്തിത്വം അവൾക്കൊരു ബാധ്യതയല്ലയെന്ന മട്ടിൽ ഞങ്ങളെ ഗൗനിക്കാതെ അവൾ മുന്നോട്ടോടി പാരപ്പിറ്റിനുമുകളിലൂടെ അഞ്ചാം നിലയിൽ നിന്നും താഴേക്കു ചാടി. ഒരു നിമിഷം. ഞങ്ങടെയെല്ലാം നെഞ്ചിലൂടെ കൊള്ളിയാൻ പാഞ്ഞു. ഞാൻ സ്റ്റെയർകേസിലൂടെ അതിവേഗം താഴേക്ക് കുതിച്ചു. താഴെയെത്തുമ്പോഴേക്കും മൃതദേഹം ആരെല്ലാമോ താങ്ങിയെടുത്ത് കാഷ്വാൽറ്റിയിൽ എത്തിച്ചിരുന്നു. അവളുടെ ഹൃദയവേദനകൾ മനസ്സിലാക്കാത്തവരോടുള്ള പക തീർക്കലായിരുന്നോ അവളുടെ ആത്മാഹുതി? അവസാ ന വാക്കുകൾ എന്നോട് പറയുവാനായിരുന്നുവോ അവൾ കരുതിവച്ചത്? അതിന്റെ ഉൾക്കനമോ അർഥവ്യാപ്തിയോ കത്തൊൻ ഞങ്ങൾക്കു കഴിയാതെ പോയി.

എന്തുകൊണ്ട് കേരളത്തിൽ?

2004 മുതൽ കേരളത്തിൽ മാതൃമരണ കാരണങ്ങൾ കണ്ടെത്തി പരിഹരിക്കാനുള്ള ഒരു പഠനം ഡോ. പൈലിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്, Confidential review of maternal death എന്ന പേരിൽ (ഇന്ത്യയിൽ ഏറ്റവും കുറവ് മാതൃ മരണനിരക്ക് കേരളത്തിലാണ്). കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആത്മഹത്യ ചെയ്യുന്ന ഗർഭിണി കളുടെയും, നവമാതാക്കളുടെയും എണ്ണം ഗണ്യമായി വർദ്ധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. സ്ത്രീകളിൽ ഏറിവരുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളും അവയെ ഫലപ്രദമായി കൈകാര്യം ചെയ്യുവാൻ ബന്ധുമിത്രാദികൾക്കും ആരോഗ്യദായകർക്കും സാധിക്കാതെ വരുന്നതും ഏറെ നിർഭാഗ്യകരമാണ്. കൃത്യമായ രോഗനിർണയം നടത്തി ശരിയായ ചികിത്സാവിധിയും മരുന്നുകളും നിർദ്ദേശിക്കപ്പെട്ട രോഗിക്ക്, ഇത്തരം മരുന്നുകൾ ഒരിക്കൽ തുടങ്ങിയാൽ ജീവിതകാലമത്രയും കഴിക്കേണ്ടിവരുമെന്ന അബദ്ധധാരണ മൂലം അവ നൽകാതിരിക്കുകയും, ആത്മഹത്യക്കു കാരണമാവുകയും ചെയ്ത സംഭവങ്ങൾ പോലും ഈ പ്രബുദ്ധ കേരളത്തിലുണ്ടായിട്ടുണ്ട്.

പ്രധാനമായും മൂന്നു വിധം മാനസിക രോഗങ്ങളാണ് പ്രസവാനന്തരം സ്ത്രീകളെ ബാധിക്കുന്നത്.

- പോസ്റ്റ് പാർട്ടം ബ്ലൂ.
- പോസ്റ്റ് പാർട്ടം ഡിപ്രഷൻ.
- പോസ്റ്റ് പാർട്ടം സൈക്കോസിസ്.

ഈ അവസ്ഥകൾക്ക് പല കാരണങ്ങളാണ് വിദഗ്ധർ മുന്നോട്ടുവെക്കുന്നത്. പാരമ്പര്യമാണ് അതിൽ ഏറ്റവും പ്രധാനം (ജനിതക / കുടുംബ പശ്ചാത്തലം).
രക്തബന്ധമുള്ള കുടുംബാംഗങ്ങൾക്ക് ഈ അസുഖമുണ്ടായാൽ ബാക്കിയുള്ളവർക്കും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഒരു പ്രാവശ്യം ഇതുണ്ടായാൽ അവർക്കു തന്നെ അടുത്ത ഗർഭത്തിൽ വീണ്ടും വരാനുള്ള സാധ്യതയും പലമടങ്ങ് അധികമാണ്.

പ്രസവത്തിനു ശേഷം പെട്ടെന്നുണ്ടാകുന്ന ഹോർ മോണുകളുടെ അസന്തുലിതാവസ്ഥയാണ് (ഈസ്ട്രജൻ, പ്രൊജസ്ട്രോൺ, തൈറോയ്ഡ് മുതലായ) മറ്റൊരു പ്രധാന കാരണം.

പ്രധാനമായും മൂന്നു വിധം മാനസിക രോഗങ്ങളാണ് പ്രസവാനന്തരം സ്ത്രീകളെ ബാധിക്കുന്നത്
പ്രധാനമായും മൂന്നു വിധം മാനസിക രോഗങ്ങളാണ് പ്രസവാനന്തരം സ്ത്രീകളെ ബാധിക്കുന്നത്

മറ്റു കാരണങ്ങൾ

ഗർഭധാരണത്തിന് മുമ്പേയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളും മരുന്നുകളുടെ ഉപയോഗവും, ഗർഭ സംബന്ധമായ സങ്കീർണ്ണതകൾ, ഇരട്ടകളോ അതിലധികമോ കുട്ടികളുള്ള അവസ്ഥ, കുട്ടിക്ക് വൈകല്യമുണ്ടെന്ന അറിവ്, കുട്ടിയെ ശരിയാംവണ്ണം പരിപാലിക്കാൻ സാധിക്കാതെ വരുമോ എന്ന ഭയം, പ്രസവസമയത്തുണ്ടാകുന്ന ഉറക്കക്കുറവ്, വേദന, ശാരീരികമായി ക്ഷീണം, ഭക്ഷണക്കുറവ്, പങ്കാളിയുമായി സ്വരചേർച്ചയില്ലായ്മ, പ്രസവം മൂലം തന്റെ സൗന്ദര്യത്തിനും ആകാരവടിവിനും ഭംഗം സംഭവിക്കുമോയെന്ന ഭയം, കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും വേണ്ടത്ര സഹായമോ പരിഗണനയോ കിട്ടാതെ വരിക… അങ്ങനെ നീണ്ടു പോകുന്നു അവ. ഭർത്താവടക്കം ബന്ധുക്കളും സന്ദർശകരും തന്നെ തീർത്തും അവഗണിച്ചുകൊണ്ട് കുട്ടിക്ക് പരിഗണന നൽകുന്നത്, അമിത പ്രാധാന്യവും ലാളനയും, സ്ത്രീ ഹൃദയങ്ങളെ ആഴത്തിൽ മുറിവേൽപ്പിക്കാം.

പോസ്റ്റ് പാർട്ടം ബ്ലൂ

പ്രസവിച്ച സ്ത്രീകളിൽ 50 മുതൽ 70 ശതമാനത്തോളം, പ്രത്യേകിച്ച്, ആദ്യ പ്രസവത്തിൽ ചെറിയ തോതിലുള്ള മാനസിക സംഘർഷങ്ങളുണ്ടാകാം. ഇവയെ പോസ്റ്റ്പാർട്ടം ബ്ലൂ അഥവാ ബേബി ബ്ലൂ എന്ന് വിളിക്കുന്നു. പ്രസവിച്ച് ഒന്നുരണ്ട് ദിവസം കൊണ്ട് തുടങ്ങി രണ്ടാഴ്ച കൊണ്ട് തീരുന്നവയാണ് ഈ ലഘു പ്രശ്‌നം. കരച്ചിൽ, സങ്കടം, വിഷാദം, ഉത്കണ്ഠ, ക്ഷോഭം, ഉറക്ക ക്കുറവ്, വിശപ്പില്ലായ്മ, ക്ഷീണം, ആശയക്കുഴപ്പം മുതലായവയാണ് ലക്ഷണങ്ങൾ. സാധാരണഗതിയിൽ കുട്ടിയുടെ പരിപാലനത്തെയോ ദൈനംദിന ജീവിതത്തെയോ ഇത് കാര്യമായി ബാധിക്കാറില്ല. പോസ്റ്റ് പാർട്ടം ബ്ലൂ തീവ്രമായാൽ ഒരു പക്ഷേ പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്ന ഗുരുതരാവസ്ഥയിലേക്ക് എത്തിച്ചേക്കാം.

പോസ്റ്റ് പാർട്ടം ഡിപ്രഷൻ

പ്രസവിച്ച ഏകദേശം 15 ശതമാനം സ്ത്രീകളെ ബാധിക്കുന്ന ഈ അവസ്ഥ ഒരു വർഷത്തിനുള്ളിൽ എപ്പോൾ വേണമെങ്കിലും ആരംഭിക്കാം, മാസങ്ങളോളം നീണ്ടുനിൽക്കാം. ദുഃഖമോ വിലയില്ലാത്തതോ ആയി തോന്നുക, ഒരിക്കൽ ആസ്വദിച്ച സംഗതികളിൽ താൽപര്യം കുറയുക, അമിതവും തുടർച്ചയുമായ കരച്ചിൽ, മാനസികാവ സ്ഥയിൽ പെട്ടെന്നുണ്ടാകുന്ന കാതലായ മാറ്റങ്ങൾ, അമിത ക്ഷീണം മുതലായവയാണ് ലക്ഷണങ്ങൾ. കുട്ടിയെ പരിപാലിക്കുന്നതിലും ദൈനംദിന കാര്യങ്ങളിലും അലംഭാവമുണ്ടാകാം. കുട്ടിയെ ഉപദ്രവിക്കാനും അപായപ്പെടുത്തുവാനും, മാത്രമല്ല ആത്മഹത്യാ പ്രവണതയുമുണ്ടായേക്കാം.

പോസ്റ്റ് പാർട്ടം സൈക്കോസിസ്

വളരെ അപൂർവമായി ഉണ്ടാകുന്ന ഈ ഗുരുതരാവസ്ഥ, ഒരു സ്ത്രീജന്മം അഭിമുഖീകരിക്കു ന്ന ഏറ്റവും ഭീകരമായ അവസ്ഥകളിൽ ഒന്നാണ്. പ്രസവിച്ച ആയിരത്തിൽ ഒരു സ്ത്രീക്കേ ഇതു വരാനുള്ള സാധ്യതയെങ്കിൽ കൂടി ഇവരിൽ അഞ്ചു ശതമാനത്തോളം പേർ ആത്മഹത്യ ചെയ്യുകയോ കുട്ടിയെ കൊലപ്പെടുത്തുകയോ ചെയ്യുന്നു.

പ്രധാന ലക്ഷണങ്ങൾ:

ഭ്രമാത്മകത (Hallucinations):
കണ്ണ്, ചെവി, ത്വക്ക് മുതലായ ഇന്ദ്രിയങ്ങളിൽ നിന്ന് യഥാർത്ഥ ഉത്തേജനങ്ങൾ ഇല്ലാതെ തന്നെ വിഹ്വലങ്ങളായ സന്ദേശങ്ങൾ തലച്ചോറിൽ എത്തുകയും അതിനനുസൃതമായി മസ്തിഷ്‌കം പ്രവർത്തിക്കുകയും ചെയ്യുന്ന അവസ്ഥ. അക്രമാസക്തമായ ചെന്നായക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ പുറത്തേക്കോടുക, ശത്രുവിന്റെ അക്രമം ചെറുക്കാൻ വായുവിൽ കത്തി വീശുക, കടൽ വിഴുങ്ങുവാൻ വരുന്നുവെന്നലറി തറയിൽ നീന്തുക മുതലായ പ്രവർത്തികൾ ഉദാഹരണങ്ങളാണ്.

ഭ്രാന്തമായ മിഥ്യാബോധം (Paranoid delusion): നിങ്ങൾ വിശ്വസിക്കുന്നത് സത്യമല്ലെന്ന് ബോധ്യപ്പെടുത്തുന്നതിന് തെളിവുണ്ടെങ്കിൽ പോലും നിങ്ങൾക്കവ മാറ്റാൻ പറ്റുന്നില്ല. ആരെങ്കിലും നിങ്ങളെ പിടികൂടാൻ ശ്രമിക്കുന്നുവെന്ന് വിശ്വ സിക്കുക, മറ്റൊരാൾ നിങ്ങളുടെ ശരീരത്തെ നിയന്ത്രിക്കുന്നുവെന്നു തോന്നുക, നിങ്ങൾക്കൊരു കുട്ടി ഇല്ലെന്നോ ഗർഭിണി ആയിരുന്നില്ലയെന്നോ ശഠിക്കുക, ഒരപരിചിതൻ വേഷം മാറിയ പ്രശസ്തനായ ഒരു വ്യക്തിയാണെന്ന് കരുതുക മുതലായവ ഉദാഹരണങ്ങളാണ്.

  • ശ്രദ്ധക്കുറവും ആശയക്കുഴപ്പവും (Delirium).

  • വിലയിരുത്തലിൽ വരുന്ന അപാകം.

  • നിയന്ത്രിക്കാനാവാത്ത പെരുമാറ്റങ്ങൾ (Impulsivity).

  • അസ്ഥിരവും ചപലവുമായ സ്വഭാവ വൈകല്യങ്ങൾ.

  • ആശയക്കുഴപ്പം.

  • ഉറക്കമില്ലായ്മ.

  • വിശപ്പില്ലായ്മ.

  • കുറ്റബോധം.

  • പ്രവൃത്തികളിൽ പതിവിലും കൂടുതൽ വേഗത.

രോഗനിർണയം

രോഗിയുടെയും, പരിചരിക്കുന്നവരുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാനമായും രോഗനിർണയം നടത്തേണ്ടത്. ചെറിയ രീതിയിലു ള്ള രോഗാവസ്ഥയിലെ ബുദ്ധിമുട്ടുകൾ, പ്രസവശേഷം സാധാരണ എല്ലാവർക്കുമുണ്ടാകുന്നതുപോലായതിനാൽ രോഗനിർ ണയം അത്ര എളുപ്പമായിരിക്കണമെന്നില്ല. അതിനാൽ ചെറിയ മാറ്റങ്ങളോ സംശയമോ പോലും ഡോക്ടർമാരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. എഡിൻബർഗ് പോസ്റ്റ്‌നേറ്റൽ ഡിപ്രഷൻ സ്കെയിൽ(EPNDS) രോഗനിർണയത്തെ സഹായിക്കുന്നു. ലളിതമായ ചോദ്യങ്ങളുടെ ഉത്തരം രോഗിയിൽ നിന്നു ലഭ്യമാക്കുന്നതാണ് ഈ രീതി.

മാനസിക രോഗമാണെന്ന് സ്ഥിരീകരിക്കുന്നതിനു മുമ്പ് ഈ ലക്ഷണങ്ങൾ ശാരീരികരോഗത്തിന്റേതല്ല എന്ന് (organic cause) 100 ശതമാനം ഉറപ്പാക്കേണ്ടതുണ്ട്. അതിനുവേണ്ടി രക്തം, സെറിേബ്രാ സ്പൈനൽ ഫ്ലൂയിഡ്, സി.ടി. സ്കാൻ, എം. ആർ. ഐ മുതലായ ടെസ്റ്റുകൾ ആവശ്യാനുസരണം ചെയ്യേണ്ടതായി വരാം.

ചികിത്സ

പോസ്റ്റ് പാർട്ടം ബ്ലൂവിന് പ്രത്യേക ചികിത്സയുടെ ആവശ്യമില്ല. ഒന്നുരണ്ടാഴ്ച കൊണ്ട് തനിയെ മാറുന്ന ഒരു നിസ്സാര പ്രശ്‌നമായി കണക്കാക്കിയാൽ മതി. എന്നിരുന്നാൽ തന്നെയും ബന്ധുമിത്രാദികളുടെയും പങ്കാളിയുടെയും പിന്തുണയും പ്രോത്സാഹനവും ഗുണം ചെയ്യും.

പോസ്റ്റ് പാർട്ടം ഡിപ്രഷന് ശരിയായി ചികിത്സ ആരംഭത്തിലേ ചെയ്തില്ലെങ്കിൽ അസുഖം ദീർഘകാലം നിലനിൽക്കാം, മാറാത്ത ഡിപ്രഷനായി പരിണമിക്കാം. സപ്പോർട്ട് ഗ്രൂപ്പിന്റെ പിന്തുണ, കോഗിനെറ്റിവ് ബിഹേവറിൽ തെറാപ്പി, ഇന്റർ പേഴ്‌സണൽ തെറാപ്പി, ആന്റി ഡിപ്രെസെന്റ് മരുന്നു കളുടെ ഉപയോഗം, അപൂർവമായി ഇലക്​ട്രോ കൺവെൽസീവ് തെറാപ്പി (ECT) എന്നിവയാണ് ചികിത്സാരീതികൾ.

പോസ്റ്റ് പാർട്ടം സൈക്കോസിസ്: ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ സൈക്ക്യാട്രിസ്റ്റിന്റെ മേൽനോട്ടത്തിൽ കിടത്തിചികിത്സ തുടങ്ങേണ്ട ഒരു മെഡിക്കൽ എമർജൻസിയാണ്, ജീവനുപോലും ഭീഷണി ആയേക്കാവുന്ന ഈ രോഗം.

ഇലക്​ട്രോ കൺവെൾസീവ് തെറാപ്പി (ECT) ആണ് പ്രധാന ആശ്രയം. സിനിമയടക്കം ദൃശ്യമാധ്യമങ്ങൾ, സാഹിത്യ കൃതികൾ, പൊതുജന സംസാരം തുടങ്ങിയെല്ലാ വേദികളും ഈ രോഗത്തെ ഭീകരമായി ചിത്രീകരിക്കുകയും വളരെ അവജ്ഞയോടെ നോക്കിക്കാണുകയും ചെയ്യുന്ന തായാണനുഭവം. എന്നാൽ അനേകായിരം ജീവനെ രക്ഷിക്കുകയും, മാറാരോഗങ്ങളെന്നു കരുതിയിരുന്ന സൈക്കോസിസിനെയും ഡിപ്രഷനെയും സുഖപ്പെടുത്തുകയും ചെയ്യുന്ന ഈ ചികിത്സാ പദ്ധതിയുടെ നേർരൂപം സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതായിട്ടുണ്ട്. പൂർണ്ണമായി അനസ്തീഷ്യ കൊടുത്തു തീർത്തും വേദനാരഹിതമായി സെക്കൻഡുകൾ കൊണ്ട് ചെയ്തു തീർക്കാം. രോഗിക്ക് ചെറിയൊരു അനക്കമുണ്ടാകുമെന്നല്ലാതെ അലറിവിളിച്ച് പുളഞ്ഞു മറിഞ്ഞ് പരാക്രമം കാണിക്കുന്ന ഒരു സാഹചര്യവും ഇതിലില്ല.

ഇതോടൊപ്പം തന്നെ ആന്റി സൈക്കോട്ടിക് (ലിഥിയം മുതൽ ലുറാസിഡോൺ, അരിപ്പിപ്രസോൾ തുടങ്ങിയ) മരുന്നുകളുടെ ഉപയോഗവും വേണ്ടിവരും. ഡോക്ടർ നിർദ്ദേശിക്കുന്ന അതേ അളവിലും കാലദൈർഘ്യത്തിലും മരുന്നു കഴിക്കുന്നതാണ് പ്രാധാനം.

മുന്നോട്ട്

അടുത്തകാലം വരെ മാനസികരോഗങ്ങളെ ദുഷ്ട പിശാചുക്കളുടെ ആവേശങ്ങളായി കണക്കാക്കി മന്ത്രപൂജാദി കർമ്മങ്ങൾ ചെയ്തിരുന്ന സമൂഹം, പൂർണമായല്ലെങ്കിൽ കൂടി ശാസ്ത്രീയമായി കാര്യ ങ്ങളെ ഗ്രഹിക്കാനും, ഒരു രോഗമായി കണക്കാക്കി ചികിത്സ തേടാനും തുടങ്ങിയെന്നത് ആശ്വാസകരവും അഭിലഷണീയവും തന്നെ. എങ്കിൽ തന്നെയും ഇക്കാര്യങ്ങളിൽ നാം ഇനിയും എത്രയോ മുന്നോട്ടു പോകേണ്ടതായിട്ടുണ്ട്.

READ: ലിംഗ​വൈവിധ്യമുള്ളവരുടെ പരിചരണം:
മനഃശാസ്ത്രപരമായ കാഴ്ചപ്പാട്

മനസ്സ് / ശരീരം

മനോരോഗ മരുന്നുകളെക്കുറിച്ചുള്ള
മിഥ്യാധാരണകൾ

തെറ്റിദ്ധാരണകളിൽ
വലയുന്ന മനോരോഗ ചികിത്സ

നിങ്ങൾ
ഉള്ളതുകൊണ്ടുമാത്രം…

ഇ​ളംമനസ്സിലേക്കുള്ള
പാസ്സ്​വേഡുകൾ

പുരാതന ഭാരതീയ
മനോരോഗ ചികിത്സയും
ആധുനിക വൈദ്യശാസ്ത്രവും

മലയാളിയുടെ മുൻഗണനയിലില്ലാത്ത മാനസികാരോഗ്യം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments