മനുഷ്യന്റെ ഉദരത്തിന്റെ ഏറ്റവും മുകളിലായി വലതു വശത്ത് സ്ഥിതി ചെയ്യുന്ന കരളിന്റെ ((liver) കീഴെ ഒട്ടിപ്പിടിച്ച് പിയര്‍ - സബര്‍ജില്ലി (Pear) പഴത്തിന്റെ ആകൃതിയിലുള്ള ഒരു സഞ്ചിയാണ് പിത്തസഞ്ചി (Gall bladder). കരളില്‍ നിന്നും സ്രവിക്കുന്ന പിത്തരസം (bile) ശേഖരിച്ചുവയ്ക്കുന്നതാണ് ഇതിന്റെ ധര്‍മ്മം. ആഹാരത്തിനുശേഷം പിത്താശയം സങ്കോചിച്ച് പിത്തരസത്തെ പിത്തനാളിവഴി (bileduct) ചെറുകുടലില്‍ എത്തിക്കുന്നു. നമ്മുടെ ആഹാരത്തിലുള്ള കൊഴുപ്പിനെ (fat) ദഹിപ്പിക്കുവാന്‍ പിത്തരസം അത്യന്താപേക്ഷിതമാണ്.
പിത്തസഞ്ചിയില്‍ വച്ച് പിത്തരസത്തില്‍ നിന്നും രൂപപ്പെടുന്ന കൊളസ്ട്രോൾ ക്രിസ്റ്റലുകള്‍ പൊടിയായും (sludge) കല്ലുകളായും രൂപാന്ത രപ്പെടുന്നു. ഇതിനെയാണ് Gall stones അഥവാ പിത്താശയ കല്ലുകള്‍ എന്നുവിളിക്കുന്നത്. ഈ അവസ്ഥയെ Cholelithiasis എന്നു വിളിക്കുന്നു.
കല്ലുകള്‍ എങ്ങനെ രൂപപ്പെടുന്നു?
കരളില്‍നിന്ന് ഒരു ദിവസം ഏകദേശം ഒരു ലിറ്റ റോളം പിത്തരസം ഉല്പാദിപ്പിക്കപ്പെടുന്നു. ഇതില്‍ 98 ശതമാനം ജലമാണ്. ബാക്കി ബൈല്‍ സാള്‍ട്ട് ((bile salts), ബൈല്‍ പിഗ് മെന്റ്സ് (bile pigments), സോഡിയം, പൊട്ടാസ്യം, ബൈ കാര്‍ബണേറ്റ് (HCO3), കാല്‍സ്യം, മഗ്‌നീഷ്യം, വിവിധ പ്രോട്ടീനുകള്‍എന്നിവയാണ്.

പിത്തസഞ്ചി വഴുവഴുപ്പുള്ള മ്യൂക്കസ് (mucous) എന്ന ലൂബ്രിക്കന്റ് (lubricant) സ്രവിപ്പിക്കുകയും ശരീരത്തിന്റെ ആവശ്യത്തിനനുസരിച്ച് ലവണങ്ങ ളും സോഡിയവും പൊട്ടാസ്യവും മറ്റും തിരികെ ആഗിരണം ചെയ്ത് പിത്തരസത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുകയും ചെയ്യുന്നു. ഇതിലടങ്ങിയ ലെസിത്തിന്‍, ബൈല്‍ സാള്‍ട്ട്, കൊളസ്റ്ററോള്‍ തുടങ്ങിയവയുടെ അനുപാതം നിലനിര്‍ത്തി ഫാറ്റ് ദഹിപ്പിക്കുന്നതിന് പിത്തരസത്തെ സജ്ജമാക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഈ അനുപാതത്തിന് ഭംഗം വരികയും cholesterol crystal രൂപീകരണത്തിന് കാരണമാകുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പിത്തരസത്തെ ലിത്തോജനിക് ബൈല്‍ (lithogenic bile) എന്നു വിളിക്കുന്നു. ആദ്യം ക്രിസ്റ്റലുകള്‍ പൊടിയായും (sludge), പിന്നീട് ചെറുതും വലുതുമായ കൊളസ്ട്രോൾ കല്ലുകളായും രൂപപ്പെടുകയാണ് ചെയ്യുന്നത്. വിവിധതരം രോഗങ്ങളില്‍ കാല്‍സ്യവും രക്തവും മറ്റു പിഗ്മെന്റുകളും കൂടിച്ചേര്‍ന്ന് വിവിധതരം പിത്താശയ കല്ലുകള്‍ രൂപപ്പെടാറുണ്ട്.
വിവിധ പ്രേരകഘടകങ്ങള്‍
1. രക്തകോശങ്ങള്‍ (RBC) കൂടുതലായി ശരീരത്തില്‍നശിപ്പിക്കപ്പെടുന്ന രോഗങ്ങള്‍ (Hemolytic disease) ഉണ്ടായാല്‍ ബിലിറൂബിന്റെ (Bilirubin) അളവ് വളരെയധികം കൂടുന്ന അവസ്ഥയുണ്ടാകുന്നു. ഇത് പിഗ്മെന്റ് കല്ലുകള്‍ (pigment stone) ഉണ്ടാകാന്‍ കാരണമാകുന്നു. ഉദാഹരണം, മലേറിയ, അരിവാള്‍ രോഗം, താലസീമിയ മുതലായവ.
2. പ്രമേഹം: കൊളസ്ട്രോളിന്റെ അളവ് ഉയരുന്നതാണ് പ്രധാന കാരണം.
3. ജനിതക വൈകല്യങ്ങള്‍ (Gene mutations).
4. അമിതവണ്ണം (obesity).
5. ചെറുകുടലില്‍ ഉണ്ടാകുന്ന അണുബാധ.
6. ക്രോൺസ്, അല്‍സറേറ്റീവ് കൊളൈറ്റിസ് മുതലായ അസുഖങ്ങള്‍.
7. ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം.
8. ഈസ്ട്രോജൻ (Estrogen therapy) ചികിത്സ.
9. പിത്തനാളികള്‍ക്കുണ്ടാകുന്ന തടസങ്ങള്‍(strictures).
10. ഇ- കോളി, ടൈഫോയ്ഡ് അണുബാധകള്‍ കല്ലുകള്‍ ഉണ്ടാകുവാന്‍ കാരണമാകുന്നു.
11. കുടലിലെ വിരകള്‍, ലിവര്‍ ഫ്ലൂക്ക്‌സ് (liver fluke) മുതലായവ പിത്തസഞ്ചിയില്‍ പ്രവേശിക്കുകയും കല്ലുകള്‍ ഉണ്ടാകുവാന്‍ കാരണമാകുകയും ചെയ്യാം.
12. വിവിധതരം കല്ലുകള്‍.
Cholesterol stones
Cholesterol കൊണ്ടുമാത്രം സൃഷ്ടിക്കപ്പെടുന്ന കല്ലുകളാണിവ. മഞ്ഞനിറത്തില്‍ വിവിധ വലിപ്പത്തില്‍ കാണുന്ന ഇത്തരം കല്ലുകള്‍ പാശ്ചാത്യരില്‍ പ്രധാനമായും കാണപ്പെടുന്നു.
Mixed stones
Cholesterol, calcium, മറ്റു pigments ചേർന്നുണ്ടാകുന്ന ഇത്തരം കല്ലുകള്‍ ഇന്ത്യക്കാരി ലാണ് കൂടുതലായി കാണപ്പെടുന്നത് (90 ശതമാനം).
Pigment stones
കറുപ്പോ പച്ചകലര്‍ന്നതോ ആയ ഈ കല്ലുകള്‍ പ്രധാനമായും ഹീമോലൈറ്റിക് അസുഖങ്ങള്‍ (hemolytic disease) ഉള്ള ആളുകളിലാണ് കണ്ടുവരുന്നത്.
പിത്താശയത്തിലെ കല്ലുകള്‍ പുരാതനകാലം മുതല്‍ മനുഷ്യരാശിയെ ബാധിച്ചിരുന്നതായി ഈജിപ്തില്‍ നിന്നും ചൈനയില്‍ നിന്നും കണ്ടെടുത്ത മമ്മികള്‍ തെളിവുകള്‍ നല്‍കുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ ഇപ്പോള്‍ വിപുലമായി ഈ രോഗം കണ്ടുവരുന്നു. ലോകജനതയുടെ ഏകദേശം 6 ശതമാനം ആളുകളില്‍ പിത്താശയകല്ലുകള്‍ ഉണ്ടെന്നു കണ ക്കാക്കപ്പെടുന്നു. എന്നാല്‍ തെക്കേ അമേരിക്കയില്‍ 11.2 ശതമാനവും ഉയര്‍ന്ന സാമ്പത്തിക വരു മാനമുള്ള യുറോപ്യന്‍ രാജ്യങ്ങളില്‍ 8.9 ശതമാനവും ആളുകളില്‍ ഈ രോഗബാധയുള്ളതായി ആഗോള കണക്കുകള്‍ സൂചിപ്പിക്കുന്നു. ലോകത്തില്‍ വര്‍ഷം തോറും രോഗസംഖ്യ ഉയരുന്നതായി നിരീക്ഷിക്കപ്പെടുന്നു. എല്ലാ രാജ്യങ്ങളിലും സ്ത്രീകളിലാണ് ആണുങ്ങളേക്കാള്‍ ഈ രോഗം കൂടുതലായി കണ്ടുവരുന്നത് (7.6%: 5.4%).

കുട്ടികളിലും ഈ രോഗത്തിന്റെ അനുപാതം ഉയര്‍ന്നുകൊണ്ടിരിക്കുന്നത് (0.13%- 4%) ആശങ്കാജനകമാണ്.
ജനിതക മാറ്റങ്ങള്‍, ഭക്ഷണ രീതിയിലെ പ്രകടമായ വ്യതിയാനങ്ങള്‍, അമിതവണ്ണം (obesity), കുടലിലെ സ്വാഭാവിക ബാക്ടീരിയകളിലെ സമൂല മാറ്റങ്ങള്‍, ചില മരുന്നുകളുടെ തുടര്‍ ഉപയോഗങ്ങള്‍, മറ്റു വിഷാംശങ്ങള്‍ മുതലായവയാണ് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കുട്ടികളിലും പെണ്‍കുട്ടികളിലുമാണ് രോഗം കൂടുതലായി കാണുന്നത് എന്നതും ശ്രദ്ധേയമാണ്.
ഇന്ത്യയില്‍ 4-6 ശതമാനം ആളുകളിലാണ് പിത്താശയകല്ലുകള്‍ കാണപ്പെടുന്നത് എന്നതിനാല്‍ പാശ്ചാത്യനാടുകളെ അപേക്ഷിച്ച് കുറവാണ് എന്നാശ്വസിക്കാം. ഉത്തരേന്ത്യയില്‍ കൂടുതലായും ദക്ഷിണേന്ത്യയില്‍ വളരെ കുറവുമായാണ് രോഗം കുവരുന്നത്. (24 മടങ്ങ് കൂടുതലാണ് ഉത്തരേന്ത്യയില്‍.)
Mixed stones
ഉത്തരേന്ത്യയില്‍ കൂടുതലാ യി കാണുന്നു. എന്നാല്‍ pigment stone കള്‍ ദക്ഷിണേന്ത്യയില്‍ താരതമ്യേന കൂടുതലാണ് എന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. പിത്താശയ കാന്‍സറുകള്‍ ഉത്തരേന്ത്യയില്‍ കൂടുതലാണ് എന്നത് കല്ലുകളുടെ സാന്നിധ്യം അധികമാണെന്നതിന് ഉപോത്ബലകമായ വസ്തുതയാണ്. കേരളത്തില്‍ വളരെ അപൂര്‍വ്വമായി ചെയ്തിരുന്ന പിത്താശയ ശസ്ത്രക്രിയകള്‍ ഇപ്പോള്‍സര്‍വ്വസാധാരണയായി മാറിക്കഴിഞ്ഞുവെന്നത് ഈ അസുഖം നമ്മുടെ നാട്ടിലും പതിന്മടങ്ങായി മാറി എന്നതിന്റെ സൂചകമാണ്.
രോഗലക്ഷണങ്ങള്‍:
'Fatty Fertile, Flatulent Female of Forties/Fifties’.
അമിതവണ്ണവും നാല്പതു വയസ്സു കഴിഞ്ഞ് ധാരാളം കുട്ടികളുമുള്ള ദഹനക്കേടുള്ള സ്ത്രീകളിലാണ് ഒരു കാലത്ത് ഈ അസുഖം പ്രധാനമായും കണ്ടിരുന്നത്. എന്നാല്‍ ഈ കാലഘട്ടത്തില്‍ ചെറിയ കുട്ടികളിലും പുരുഷന്മാരിലും പരക്കെ കാണാന്‍ തുടങ്ങിയത് നമ്മുടെ ജീവിതശൈലിയിലുണ്ടായ ആശാസ്യമല്ലാത്ത മാറ്റങ്ങളാണ് എന്ന് നിരീക്ഷിക്കപ്പെടുന്നു.
1. സൈലന്റ് സ്റ്റോണ്‍സ് (Silent Stones):
പിത്താശയത്തില്‍ കല്ലുകളുണ്ടെങ്കിലും ഭൂരിഭാഗം ആളുകളിലും കാര്യമായ രോഗലക്ഷണങ്ങള്‍ കാണപ്പെടണമെന്നില്ല. ഭക്ഷണത്തിനുശേഷം വയറില്‍ ചെറിയ അസ്വസ്ഥത അല്ലെങ്കില്‍ ദഹനക്കേട് (dyspepsia) മാത്രമാണ് ഉണ്ടാകുന്നത്. മറ്റ് അസുഖങ്ങള്‍ക്കുവേണ്ടി പരിശോധന നടത്തുമ്പോള്‍ വെളിവാക്കപ്പെടുന്ന പിത്താശയ കല്ലുകളെയാണ് silent stones എന്ന് വിളിക്കുന്നത്.
2. ബിലിയറി ഡിസ്പെപ് സിയ (Biliary dyspepsia):
ദഹനക്കുറവ്, ഭക്ഷണത്തിനുശേഷം പ്രത്യേകിച്ച് കൊഴുപ്പുള്ള ഭക്ഷണത്തിനുശേഷം (fatty meals) വയറിന്റെ മുകള്‍ഭാഗത്ത് വേദന, വിയര്‍പ്പ്, ഏമ്പ ക്കം മുതലായവയാണ് ലക്ഷണങ്ങള്‍.
3.പിത്തസഞ്ചിയില്‍ അണുബാധ:
ശക്തമായ വയറുവേദന, പനി, ഛര്‍ദ്ദി, വിറയല്‍, വയറിന്റെ വലതുഭാഗത്ത് അമര്‍ത്തുമ്പോള്‍ അമിതവേദന, പിടുത്തം മുതലായവ അണുബാ ധയെ (cholesystits) സൂചിപ്പിക്കുന്നു.
4. ബൈല്‍ഡക്ടിലെ തടസ്സം (Bile duct obstruction)
പിത്തവാഹിനിയിലെ കല്ലു മൂലമുണ്ടാകുന്ന തടസ്സങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന മഞ്ഞപ്പിത്തം, ചൊറിച്ചില്‍, പനി, വിറയല്‍ എന്നീ ലക്ഷണങ്ങള്‍ കാണിക്കുന്നു.
പിത്താശയകല്ലുകള്‍ ഉണ്ടാക്കുന്ന ഭവിഷ്യത്തുകള്‍(Complication of Gall Stones)
1. ശക്തമായ അണുബാധ
മാരകമായ രീതിയില്‍ അണുബാധയുണ്ടായാല്‍ ശക്തമായ വേദനയും ഛര്‍ദ്ദിയും അനുഭവപ്പെടുന്നു. പിത്താശയത്തില്‍ പഴുപ്പു നിറയുവാന്‍ (empyema) ഇത് കാരണമാകുന്നു. പിത്തസഞ്ചി വികസിക്കു കയും ആന്തരികമര്‍ദ്ദം കൂടുകയും പിത്താശയഭിത്തി നേര്‍ത്ത് ശക്തികുറഞ്ഞതാകുകയും സഞ്ചി പൊട്ടി പഴുപ്പ് ഉദരത്തില്‍ നിറയുവാന്‍ ഇടയാവുകയും ചെയ്യും (Peritonitis). ഇത് ഉടനടി ശസ്ത്രക്രിയ ആവശ്യമായ നിലയിലെത്തുകയും അല്ലാത്തപക്ഷം മരണം സംഭവിക്കുകയും ചെയ്യും.
2. മഞ്ഞപ്പിത്തം (Obstructive Jaundice)
പിത്തസഞ്ചിയില്‍ രൂപപ്പെടുന്ന കല്ലുകള്‍ പിത്തവാഹിനി കുഴലുകളില്‍ (bile ducts) കട ക്കുവാന്‍ ഇടയാകുന്നു. ഇത് പിത്തരസപ്രവാഹത്തെ തടസ്സപ്പെടുത്തുകയും പിത്തരസം കരളില്‍ തന്നെ കെട്ടിക്കിടക്കുവാന്‍ ഇടയാവുകയും ചെയ്യും. ഇത് മഞ്ഞപ്പിത്തമുണ്ടാക്കുകയും ദേഹമാസകലം ചൊറിച്ചില്‍ അനുഭവപ്പെടാന്‍ ഇടയാവുകയും ചെയ്യും. ഈ കല്ലുകള്‍ ഉടനടി മാറ്റി പിത്തരസത്തിന്റെ ഒഴുക്ക് പുനഃസ്ഥാപിക്കുകയും ചെയ്തില്ലെങ്കില്‍ കരളിന്റെ പ്രവര്‍ത്തനം നിലയ്ക്കുവാന്‍ കാരണമാകുകയും ചെയ്യും. മാത്രമല്ല, കെട്ടിക്കിടക്കുന്ന പിത്തരസത്തില്‍ അണുബാധയുണ്ടാകാന്‍ കാരണമാകുകയും ജീവഹാനിതന്നെ സംഭവിക്കുന്ന ഘട്ടത്തിലേക്ക് പോവുകയും ചെയ്യും.
3. പാന്‍ക്രിയാറൈറ്റിസ് (Pancreatitis)
കല്ലുകള്‍ ഗ്രന്ഥിയില്‍ വീക്കവും തടസ്സവും ഉണ്ടാക്കുന്നതുവഴി chronic pancreatitis എന്ന രോഗമുണ്ടാവുന്നു. മരണത്തിലേക്ക് നയിക്കാവുന്ന ഒരു അസുഖമാണിത്. മദ്യം മൂലമല്ലാതെയുണ്ടാകുന്ന pancreatitis എന്ന രോഗത്തിന്റെ ഏറ്റവും പ്രധാനമായ കാരണക്കാരന്‍ പിത്താശയകല്ലുകളാണ്.

ചെറുകുടലിലെ തടസ്സങ്ങള്‍.
(Intestinal obstruction):
പിത്താശയത്തില്‍ അടിക്കടിയുണ്ടാകുന്ന അണുബാധ, ചെറുകുടലുമായി ഒട്ടിപ്പിടിക്കുവാന്‍ കാരണമാകുന്നു. അതുമൂലം ഭിത്തികളില്‍ രൂപപ്പെടുന്ന ദ്വാരം വഴി പിത്തസഞ്ചിയിലെ കല്ലുകള്‍ കൂട്ടമായി ചെറുകുടലില്‍ പ്രവേശിക്കുകയും ചെറു കുടലിനുള്ളില്‍ തടസ്സമണ്ടാകാന്‍ കാരണമാവുകയും ചെയ്യുന്നു. ചില ഘട്ടങ്ങളില്‍ അടിയന്തര ശസ്ത്രക്രിയ വഴി കല്ലുകള്‍ നീക്കംചെയ്യേണ്ടിവരാറുണ്ട്.
പിത്തസഞ്ചിയെ ബാധിക്കുന്ന അര്‍ബുദം
((Gall Bladder Cancer):
90 ശതമാനം പിത്താശയ കാന്‍സറുകള്‍ പിത്താശയകല്ലുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. അണുബാധയുണ്ടാക്കുന്ന കല്ലുകള്‍ 3 ശതമാനം കാന്‍സറുകള്‍ക്ക് കാരണമാണ്. 2 സെ.മീ - നു താഴെ വലിപ്പമുള്ള കല്ലുകള്‍ കാന്‍സറുണ്ടാക്കാന്‍ സാധ്യതയില്ലെന്ന് കണക്കാക്കപ്പെടുന്നു. 3 സെ.മീറ്ററിലധികം വലിപ്പം ഉള്ളതോ പത്തോ അതിലധികം വരുന്ന കല്ലുകളോ കാലക്രമേണ കാന്‍സറിന് കാരണമാകാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു.
രോഗനിര്‍ണ്ണയം
1. Ultrasound scan/CT scan
10 കല്ലുകള്‍ മാത്രമെ x-ray-യില്‍ കാണപ്പെടുകയുള്ളൂ എന്നതുകൊണ്ടുതന്നെ സാധാ രണയായി രോഗിക്ക് അള്‍ട്രാ സൗണ്ട് സ്കാന്‍ ആണ് രോഗനിര്‍ണ്ണയത്തിന് ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം. (93 ശതമാനത്തോളം കൃത്യത). റേഡിയേഷന്‍ സാധ്യത ഒട്ടുമില്ലാത്തതിനാല്‍ ഗര്‍ഭി ണികള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ രോഗനിര്‍ണ്ണയ മാര്‍ഗ്ഗമാണ്. മരുന്നു കഴിച്ചിട്ട് x-ray ഉപയോഗിച്ച് ചെയ്യുന്ന oral cholecystogram പൂര്‍ണമായും തിരസ്ക്കരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
CT scan
കല്ലുകളെ വ്യകതമായി കുപിടിക്കാനും കല്ലു മൂലമുണ്ടാകുന്ന ഭവിഷ്യത്ത് വ്യക്തമായി മനസ്സിലാക്കാനും വിശ്വസനീയമാണ് CT scan. പക്ഷേ ഗര്‍ഭിണികള്‍ക്ക് അനുവദനീയമല്ല.
2. MRI scan:
കല്ലുകള്‍ കരളിലോ പിത്തവാഹനിക്കുഴലിലോ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കാന്‍ ഇതാണ് കൂടുതല്‍ വ്യക്തത ലഭിക്കുന്ന മാര്‍ഗ്ഗം. സ്ത്രീകള്‍ ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ പരിശോധനാ മാര്‍ഗ്ഗവുമാണ്.
HIDA scan (Hepatobiliary Imino Diacotic scan): ന്യൂക്ലിയര്‍ മെഡിസിനുകള്‍ ഉപയോഗിച്ചുള്ള ഈ ടെസ്റ്റ് കരളിനും പിത്തസഞ്ചിക്കും ബൈല്‍ ഡക്ടിനെ ബാധിക്കുന്ന അസുഖങ്ങള്‍ക്കും യോജിച്ച ടെസ്റ്റാണ്.
ERCP (Endoscopic Retrograde Cholangio Pancreaticogram): പിത്തസഞ്ചി, ആഗ്‌നേയ ഗ്രന്ഥി (pancreas), കരള്‍ മുതലായ സ്ഥലങ്ങളില്‍ കുടുങ്ങിയ കല്ലുകളുടെ നിജസ്ഥിതി കണ്ടുപിടിക്കാന്‍ഉപയോഗിക്കുന്ന endoscope ഉപയോഗിച്ചുള്ള ടെസ്റ്റ് ആണിത്. ഈ ഉപകരണം വഴി കല്ലുകള്‍ നീക്കി, മഞ്ഞപ്പിത്തം പൂര്‍ണ്ണമായും മാറ്റുവാന്‍ സാധിക്കും. മാത്രമല്ല, stent ഉപയോഗിച്ച് പിത്തരസത്തിന്റെ ഒഴുക്കിനെ പ്രോത്സാഹിപ്പിക്കുന്നതിനും സാധിക്കും.
ചികിത്സാമാര്‍ഗ്ഗങ്ങള്‍
പിത്താശയം ശസ്ത്രക്രിയ വഴി കല്ലുകള്‍ മാത്രം നീക്കം ചെയ്താല്‍ വീണ്ടും കല്ലുകള്‍ രൂപപ്പെടുകയും വീണ്ടും അണുബാധയുണ്ടാകുവാന്‍ കാരണമാകുകയും ചെയ്യും എന്നതിനാല്‍ പിത്തസഞ്ചി പൂര്‍ണ്ണമായും നീക്കം ചെയ്യുക എന്ന താണ് ശരിയായ ചികിത്സാമാര്‍ഗ്ഗം. പിത്താശയഗ്രന്ഥി, ഉദരം തുറന്ന് നീക്കം ചെയ്യുന്ന തിനെ open cholecystectomy എന്നും കീ ഹോള്‍ വഴി ചെയ്യുന്നതിനെ laparo scopic cholecystectomy എന്നും പറയുന്നു.
താക്കോല്‍ദ്വാര ശസ്ത്രക്രിയയാണ് ഈ കാലഘട്ട ത്തിലെ പവന്‍മാറ്റുള്ള (gold standard) ചികിത്സ. ഇത് പ്രചാരത്തിലാകുന്നതിനുമുമ്പ് വയറു തുറന്ന് നേരിട്ട് പരിശോധിച്ച്, കൈകള്‍ കൊണ്ട് gall bladder നീക്കം ചെയ്യുന്ന രീതി ഒരു നൂറ്റാണ്ടോളം പ്രചാരത്തില്‍ ആയിരുന്നു. 1882-ല്‍ Carl Cangenbeck ആണ് ആദ്യമായി വിജയകരമായി പിത്താശയം നീക്കം ചെയ്തത്. വയറിനു നടുവിലൂടെയും അല്ലെങ്കില്‍ വയറിനു വലതുവശത്ത് വാരിയെല്ലുകള്‍ക്കു സമാന്തരമായി കീറി മുറിച്ച് ചെയ്യുന്ന ശസ്ത്രക്രിയ കൂടുതല്‍ വേദനയ്ക്കും ആരോഗ്യം പൂര്‍ണ്ണമായും തിരിച്ചുവരാന്‍ വൈകുന്ന തിനും കാരണമായതിനാല്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയ അസാധ്യമായ സന്ദര്‍ഭങ്ങളില്‍ മാത്രമേ ഉപയോഗിക്കാറുള്ളൂ.
ആദ്യത്തെ താക്കോല്‍ദ്വാര ശസ്ത്രക്രിയ (Laparoscopic cholecystectomy) ജര്‍മ്മനിയില്‍ വച്ച് Dr. Erich Miihf, 1985 Sept. 12 ന് നടത്തി. 1987 Â Dr. Philip Muret - ഉം മറ്റ് സര്‍ജന്‍ മാരും ചേര്‍ന്ന് നടത്തിയ നൂതനാവിഷ്‌കാരങ്ങള്‍ ഇന്ന് ഈ ശസ്ത്രക്രിയമാര്‍ഗ്ഗത്തിന് പ്രചുരപ്രചാരം നേടിക്കൊടുത്തു.
ചെറിയ മുറിവുകള്‍ (small Incisions), വേദനയും അണുബാധയും വളരെ കുറവ്, 24 മുതല്‍ 48 മണിക്കൂറിനുള്ളില്‍ വീട്ടിലേക്ക് മടങ്ങാം എന്നീ കാരണങ്ങളാല്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയ വലിയ സ്വീകാര്യത നേടി. പ്രത്യേകം വില കൂടിയ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ പക്ഷേ, ചികിത്സാചെലവ് മറ്റ് ഓപ്പറേഷനുകളെ അപേക്ഷിച്ച് കൂടുതലാണ്.

പാന്‍ക്രിയാറൈറ്റിസ് മുതലായ ഭവിഷ്യത്തുകള്‍ മരുന്നുകള്‍ കൊണ്ട് നിയന്ത്രണത്തില്‍ വരുത്തിയതിനുശേഷം കാലതാമസം കൂടാതെ പിത്താശയഗ്രന്ഥി നീക്കം ചെയ്ത് ഈ ഗുരുതരാവസ്ഥ ഒഴിവാക്കാവുന്നതാണ്. പിത്തവാഹിനിയില്‍ കുടുങ്ങിയ കല്ലുകള്‍ ERCP മുഖേന നീക്കം ചെയ്തതിനുശേഷം, പിത്തസഞ്ചി പൂര്‍ണ്ണമായും മേല്‍പറഞ്ഞതുപ്രകാരം നീക്കം ചെയ്യേതാണ്. ERCP വഴിയല്ലാതെ താക്കോല്‍ദ്വാരം വഴി തന്നെ ഇത്തരം കല്ലുകള്‍ നീക്കംചെയ്യാനുള്ള വിദ്യകള്‍ ഇന്ന് ലഭ്യമാണ്.
രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍
മുതിര്‍ന്നവരിലും കുട്ടികളിലും ഈ രോഗം നാള്‍ക്കുനാള്‍ കൂടിവരുന്ന ഈ സാഹചര്യത്തില്‍, ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ പിത്താശയ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് ഒരു പരിധിവരെ സഹായകമാണ്.
1. ഉയര്‍ന്ന അളവില്‍ കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ((fatty foods) ഒഴിവാക്കുക.
2.പൊരിച്ച ആഹാരങ്ങള്‍, മാംസം, പാലുല്പന്നങ്ങള്‍ വര്‍ജ്ജിക്കുക.
3. സംസ്കരിച്ച ഭക്ഷണങ്ങള്‍ (processed foods), refined sugar ഒഴിവാക്കുക.
4. കൂടുതല്‍ caffein അടങ്ങിയ പാനീയങ്ങള്‍, മദ്യ ഉപയോഗം ഉപേക്ഷിക്കുക.
5. ഉപ്പ് അടങ്ങിയ packaged foods ഒഴിവാക്കുക.
6.മധുരപലഹാരങ്ങള്‍ (Desserts), cream, candy ഉപേക്ഷിക്കുക.
7.കൊഴുപ്പു കുറഞ്ഞ മാംസം, മത്സ്യം ഉപയോഗിക്കുക.
8. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക.
9. നാരുകള്‍ (fibre content) അടങ്ങിയ ഭക്ഷണങ്ങള്‍പ്രോത്സാഹിപ്പിക്കുക.
10. ധാരാളം വെള്ളം കുടിക്കുക.
11. വീട്ടില്‍ ക്രമപ്പെടുത്തി ഉണ്ടാക്കിയ ഭക്ഷണം കഴിക്കുവാന്‍ ശ്രമിക്കുക.
12. ഇടവിട്ട് ചെറിയ അളവില്‍ ഭക്ഷണം കഴിക്കുക.
13. പ്രമേഹം നിയന്ത്രിച്ചു നിര്‍ത്തുക.
Read: ഡോ. ശംഭുനാഥ് ദേ; രാജ്യം മറന്നുപോയ
ഇന്ത്യൻ വൈദ്യശാസ്ത്ര പ്രതിഭ
ഉറക്കത്തിൽ മൂത്രമൊഴിക്കുന്ന കുട്ടികൾ
മെഡിക്കൽ വിദ്യാഭ്യാസം: വെല്ലുവിളികൾ,
മാറ്റൊലികൾ
അസ്വസ്ഥരാവുന്ന
യുവ ഡോക്ടർമാർ
പത്മവ്യൂഹത്തിനുള്ളിലെ ഡോക്ടർ;
തൊഴിൽപരമായ വെല്ലുവിളികൾ, പരിഹാരങ്ങൾ
സംഗീതം പോലെ
എന്നെ തഴുകിയ
ഡോക്ടർമാർ
വിവിധ ചികിത്സാരീതികളുടെ സംയോജനം:
ദുരന്തത്തിലേക്കുള്ള പടിവാതിൽ
