ഉറക്കത്തിൽ
മൂത്രമൊഴിക്കുന്ന
കുട്ടികൾ

‘‘ഉറക്കത്തിൽ മൂത്രമൊഴിക്കുന്നത് കുട്ടികൾക്ക് ശാരീരികമായും, മാനസികമായും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രശ്‌നമാണ്. അതിനെ നിസ്സാരമായി കാണാതെ യഥാസമയം ചികിത്സ തേടണം’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ഹരിശങ്കർ ടി. എഴുതിയ ലേഖനം.

കുട്ടികളിൽ വളരെ സാധാരണയായി കണ്ടുവരുന്ന ഒരു അവസ്ഥയാണ്, ബെഡ് വെറ്റിംഗ് അഥവാ ഉറക്കത്തിലെ മൂത്രമൊഴിക്കൽ. ഇത് കൂടുതലും രാത്രിയിലെ ഉറക്കത്തിലാണ് കാണാറുള്ളത് എങ്കി ലും, ചിലപ്പോൾ പകലുറക്കത്തിലും കണ്ടേക്കാം. അഞ്ചു വയസ്സുവരെ ഇത് കുട്ടികളിൽ സാധാരണമാണ്. എന്നാൽ, അഞ്ചു വയസ്സിനു ശേഷം ഇത് ശ്രദ്ധിക്കേണ്ടതാണ്. 5 വയസ്സിനു ശേഷമുണ്ടാകുന്ന ബെഡ് വെറ്റിംഗ് ചികിത്സിച്ച് ഭേദമാക്കേണ്ടതായ ഒരു അവസ്ഥാവിശേഷമാണ് എന്നതാണ് കാരണം.

അഞ്ചു വയസ്സുവരെ കിടക്കയിൽ മൂത്രമൊഴിക്കുക എന്നത് 33 ശതമാനം കുട്ടികളിലും കാണാറുണ്ട്. 5 വയസ്സിനുശേഷം ഇത് ഏകദേശം 15 ശതമാനം കുട്ടികളിൽ മാത്രമേ കണ്ടുവരുന്നുള്ളൂ. പ്രായം കൂടുന്തോറും ഇത് കുറഞ്ഞുവരുമെങ്കിലും, 1 മുതൽ 2 ശതമാനം പേരിലെങ്കിലും ഇത് 18 വയസ്സിനു ശേഷവും നീണ്ടുനിൽക്കാം.

ബെഡ് വെറ്റിംഗ് പലപ്പോഴും രക്ഷിതാക്കൾ 'മാറിക്കോളും', 'ശരിയായിക്കോളും' എന്നൊക്കെ പറഞ്ഞ് തള്ളിക്കളയാറുണ്ടെങ്കിലും അത് കുട്ടികളിലുണ്ടാക്കുന്ന മാനസിക പ്രശ്‌നങ്ങൾ ചെറുതല്ല. കുട്ടികളിൽ ആത്മവിശ്വാസം കുറയാനും, അപകർഷതാ ബോധം ഉടലെടുക്കുവാനും, താൻ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാണെന്ന തോന്നൽ ഉളവാക്കാനും കാരണമായേക്കാം.

പരീക്ഷയുടെ തലേന്ന് അല്ലെങ്കിൽ ഒരു പ്രധാന സ്കൂൾ മത്സരത്തിന്റെ തലേന്ന് കിടക്കയിൽ മൂത്രമൊഴിച്ച് ഉറക്കം നഷ്ടപ്പെട്ട് കരയേണ്ടിവരുന്ന ഒരു കുട്ടിയുടെ അവസ്ഥയെപ്പറ്റി ഓർത്തിട്ടുണ്ടോ?

പല കാരണങ്ങൾ കൊണ്ടും ബെഡ് വെറ്റിംഗ് ഉണ്ടാകാമെങ്കിലും, കാരണം കണ്ടെത്തിയാൽ പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നാണിത്.

ഈ അസുഖത്തെ രണ്ടായി തരംതിരിക്കാം

1. പ്രൈമറി (Primary bed wetting).
2. സെക്കന്ററി (Secondary bed wetting).

കുട്ടിക്കാലം മുതലുള്ള കിടക്ക നനയ്ക്കൽ തുടർന്നു വരികയും, അത് മാറാതിരിക്കുകയും ചെയ്താൽ Primary bedwetting എന്നു പറയും.

5 വയസ്സിനുശേഷം തുടങ്ങുന്ന ബെഡ് വെറ്റിംഗിനെ സെക്കന്ററി ബെഡ് വെറ്റിംഗ് എന്നു വിളിക്കുന്നു.

സെക്കൻഡറി ബെഡ് വെറ്റിംഗ് പുതുതായി ഉണ്ടായ എന്തെങ്കിലും പ്രശ്‌നങ്ങൾ കൊണ്ടാകാം. അത് മൂത്രത്തിലെ അണുബാധയുടെ (Urinary Tract Infection) ഭാഗമായോ, അതിനുശേഷമോ താൽക്കാലികമായോ ഉണ്ടാകാം. അതുകൂടാതെ, കുട്ടിയുടെ സാമൂഹിക- കുടുംബ ജീവിതത്തിലുള്ള ചില മാറ്റങ്ങളുടെ ഭാഗമായിട്ടും വരാം (ഉദാ: താമസ സ്ഥലം മാറുക, പഠിക്കുന്ന സ്കൂൾ മാറുക, ബോർഡിംഗ് സ്കൂളിലേക്ക് പറിച്ചുനടപ്പെടുക എന്നിവ). മൊത്തത്തിലുള്ള ബെഡ് വെറ്റിംഗിന്റെ വളരെ ചെറിയ അംശം മാത്രമാണ് സെക്കന്ററി ബെഡ് വെറ്റിംഗ്.

ഇനി കുട്ടികളിൽ കൂടുതലായി കാണപ്പെടുന്ന പ്രൈമറി ബെഡ് വെറ്റിംഗിലേക്ക് കടക്കാം. പ്രൈമറി ബെഡ് വെറ്റിംഗിനെ രണ്ടായി തിരിക്കാം.

1. Mono symptomatic: ബെഡ് വെറ്റിംഗ് മാത്രം.
2. Non mono symptomatic:
ബെഡ് വെറ്റിംഗിനോടൊപ്പം മറ്റു ലക്ഷണങ്ങൾ കാണുക. ഉദാ: ഇടക്കിടക്ക് മൂത്രം ഒഴിക്കേണ്ടിവരുന്ന അവസ്ഥ, മൂത്രം പിടിച്ചു വയ്ക്കാൻ പറ്റാത്ത അവസ്ഥ, മൂത്രം പിടിച്ചു വെക്കാനാവാതെ അടിവസ്ത്രത്തിൽ പോകുന്ന അവസ്ഥ എന്നിവ.

നോൺ മോണോ സിംമ്റ്റമാറ്റിക്
ബെഡ് വെറ്റിംഗ് (NMS - BW):

ADH (Anti Diuretic Hormone) എന്ന അന്തഃസ്രാവ ത്തിന്റെ രാത്രികാല ഉത്പാദനക്കുറവു മൂലമാണ് ഈ രോഗം സാധാരണയായി കാണപ്പെടുന്നത്. (ഉറക്കത്തിനുശേഷം മൂത്രത്തിന്റെ അമിതമായ ഉത്പാദനം തടയുന്ന ഹോർമോൺ ആണ് ADH).

മൂത്രസഞ്ചിയുടെ ചില പ്രശ്‌നങ്ങൾ കാരണവും NMS - BW സംഭവിക്കാം. മൂത്രസഞ്ചിയുടെ വലിപ്പ (capactiy) ക്കുറവുകൊണ്ടോ അമിതമായ സങ്കോചങ്ങൾ (contractions) കൊണ്ടോ ഇതു വരാം.

താരതമ്യേന ചെലവ് കുറഞ്ഞ, അൾട്രാ സോണോ ഗ്രാം (USG) പരിശോധനകൊണ്ടും മൂത്രപരിശോധന, യൂറിൻ കൾച്ചർ പോലുള്ള ടെസ്റ്റുകൾ കൊണ്ടും ബ്ലാഡർ ഡയറി ((Bldder diary) പോലുള്ള മാർഗ്ഗങ്ങൾ കൊണ്ടും ഒരു പരിധിവരെ ഇത്തരം പ്രശ്‌നങ്ങളെ മനസ്സിലാക്കുവാനും വളരെ ഫലപ്രദമായി ചികിത്സിച്ചു ഭേദമാക്കുവാനും സാധിക്കുന്നതാണ്.

യൂറിനോ തെറാപ്പി (Urinotherapy- രാത്രികാല ഭക്ഷണ- പാനീയ ക്രമീകരണം) കൊണ്ട് ഒരു പരിധിവരെ ബെഡ് വെറ്റിംഗ് തടയാനാകുമെങ്കിലും പലപ്പോഴും ചില മരുന്നുകളുടെ ഉപയോഗം കൂടി വേണ്ടിവന്നേക്കാം.

മലബന്ധം (Constipation) ഉണ്ടെങ്കിൽ അതിന്റെ ചികിത്സ, ഈ രോഗചികിത്സയിൽ നല്ല ഫലം നൽകും.

ഉറക്കത്തിൽ മൂത്രമൊഴിക്കുന്നത് കുട്ടികൾക്ക് ശാരീരികമായും, മാനസികമായും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രശ്‌നമാണ്. അതിനെ നിസ്സാരമായി കാണാതെ യഥാസമയം ചികിത്സ തേടേണ്ടത് രക്ഷാകർത്താക്കളുടെ അടിയന്തര ശ്രദ്ധ പതിയേണ്ട കാര്യമാണ് എന്ന് ഉറപ്പിച്ചു പറയാം.

READ: കുട്ടികളിലെ
അഡിനോയ്ഡ്
പ്രശ്നഭരിതമാകുമ്പോൾ

ഗർഭപാത്രം
നീക്കം ചെയ്യൽ
അനിവാര്യമോ?

മറക്കാനാകാത്ത രോഗി: റൊണാൾഡോ 2002

‘നോവും നിലാവും’;
ഒരു ആസ്വാദനം

സൊറിയാസിസ്
ചർമ്മരോഗം മാത്രമല്ല

പ്രസവത്തിന്
മുൻപും പിൻപും

മെഡിക്കൽ ടൂറിസവും
കേരളവും

ആയുഷിനും
ആയു​സ്സിനുമിടയിൽ

വനിതാ ഡോക്ടർമാരുടെ അനുഭവങ്ങളും പോരാട്ടങ്ങളും

മെഡിക്കൽ വിദ്യാഭ്യാസം: വെല്ലുവിളികൾ,
മാറ്റൊലികൾ

അസ്വസ്ഥരാവുന്ന
യുവ ഡോക്ടർമാർ

പത്മവ്യൂഹത്തിനുള്ളിലെ ഡോക്ടർ;
തൊഴിൽപരമായ വെല്ലുവിളികൾ, പരിഹാരങ്ങൾ

സംഗീതം പോലെ
എന്നെ തഴുകിയ
ഡോക്ടർമാർ

വിവിധ ചികിത്സാരീതികളുടെ സംയോജനം:
ദുരന്തത്തിലേക്കുള്ള പടിവാതിൽ

വെല്ലുവിളികൾ നേരിടുന്ന
ഇന്ത്യൻ ഡോക്ടർ സമൂഹം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments