ഡോ. ശംഭുനാഥ് ദേ;
രാജ്യം മറന്നുപോയ
ഇന്ത്യൻ വൈദ്യശാസ്ത്ര പ്രതിഭ

കോളറ എന്ന മഹാമാരിയെക്കുറിച്ച്, മാരകരോഗത്തെക്കുറിച്ച് പഠിക്കാനും അതിനെ ചെറുക്കാനും ജീവിതം ഉഴിഞ്ഞുവെച്ച പ്രശസ്തനായ ഇന്ത്യൻ മെഡിക്കൽ ശാസ്ത്രജ്ഞനായിരുന്നു ഡോ. ശംഭുനാഥ് ദേ. അദ്ദേഹത്തെ രണ്ടു തവണ നോബൽ സമ്മാനത്തിനായി നാമനിർദ്ദേശം ചെയ്തി രുന്നെങ്കിലും അർഹമായ നോബൽ സമ്മാനം നിഷേധിക്കപ്പെടുകയാണുണ്ടായത്- ഡോ. ബി. ഇക്ബാൽ ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ എഴുതിയ ലേഖനം.

കോളറയെക്കുറിച്ചുള്ള ശ്രദ്ധേയമായ ഗവേഷ ണങ്ങളിലൂടെ പ്രശസ്തനായ ഇന്ത്യൻ മെഡിക്കൽ ശാസ്ത്രജ്ഞനായിരുന്നു ഡോ. ശംഭുനാഥ് ദേ (Dr. Sambhu Nath De: 1915- 1985). കോളറ എന്ന മഹാമാരിയെക്കുറിച്ച്, മാരകരോഗത്തെക്കുറിച്ച് പഠിക്കാനും അതിനെ ചെറുക്കാനും അദ്ദേഹം ജീവിതം ഉഴിഞ്ഞുവെച്ചു.

1915 ഫെബ്രുവരി ഒന്നിന് ഇന്നത്തെ ബംഗ്ലാദേശിലെ ജെസ്സോർ ജില്ലയിൽ ഗരിബ്പൂർ ഗ്രാമത്തിലാണ് ഡോ. ദേ ജനിച്ചത്. കൊൽക്കത്തയിലെ പ്രശസ്തമായ കൽക്കട്ട മെഡിക്കൽ കോളേജിൽ നിന്ന് 1939-ൽ എം.ബി.ബി.എസ് ബിരുദവും 1944-ൽഎം.ഡി ബിരുദവും അദ്ദേഹം നേടി. 1947-ൽ ലനി ലെ യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്പിറ്റൽ മെഡിക്കൽ സ്കൂളിൽ ചേർന്ന അദ്ദേഹം, ഹൈഡ്രോസെഫാലസ് മൂലമുണ്ടാകുന്ന മസ്തിഷ്‌ക മാറ്റങ്ങളെക്കുറിച്ച് ഗവേഷണം നടത്തി. പിന്നീട്, ഒരു സഹപ്രവർത്തകൻ വയറിളക്കത്തിനു കാരണമായ വിഷവസ്തുവിനെപറ്റി നടത്തിയ പഠനം നിരീക്ഷിച്ചപ്പോൾ, അദ്ദേഹത്തിന് സൂക്ഷ്മാണു ശാസ്ത്രത്തിൽ (ബാക്ടീരിയോളജിക്കൽ പാത്തോളജി) വലിയ താൽപ്പര്യം തോന്നി. ബാക്ടീരിയോളജിക്കൽ പാത്തോളജിയിൽ പരിശീലനം നേടിയശേഷം അദ്ദേഹം കൊൽക്കത്തയിലെ കാംപ്‌ബെൽ മെഡിക്കൽ സ്കൂളിൽ (പിന്നീട് നീൽ രത്തൻ സിർക്കാർ മെഡിക്കൽ കോളേജ്) പാത്തോളജി വിഭാഗം മേധാവിയായി ചുമതലയേറ്റു.

അക്കാലത്ത് അവിടുത്തെ ആശുപത്രിയിൽ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും കോളറ കേസുകൾ കൂടുതലായി കൈകാര്യം ചെയ്തിരുന്നതിനാൽ, കോളറ അദ്ദേഹത്തിന്റെ പ്രധാന പഠനവിഷയമായി മാറി. ഇവിടെ വെച്ച്, കോളറ കേസുകളിലെ വൃക്കകളിലുണ്ടാകുന്ന ശ്രദ്ധേയമായ രോഗാവസ്ഥകളെക്കുറിച്ച് ദേ പഠനങ്ങൾ ആരംഭിച്ചു. 1950-നും 1955-നും ഇടയിൽ ഈ വിഷയത്തിൽ നിരവധി പ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു.

കോളറയെക്കുറിച്ചുള്ള ശ്രദ്ധേയമായ ഗവേഷ ണങ്ങളിലൂടെ പ്രശസ്തനായ ഇന്ത്യൻ മെഡിക്കൽ ശാസ്ത്രജ്ഞനായിരുന്നു ഡോ. ശംഭുനാഥ് ദേ
കോളറയെക്കുറിച്ചുള്ള ശ്രദ്ധേയമായ ഗവേഷ ണങ്ങളിലൂടെ പ്രശസ്തനായ ഇന്ത്യൻ മെഡിക്കൽ ശാസ്ത്രജ്ഞനായിരുന്നു ഡോ. ശംഭുനാഥ് ദേ

ബംഗാളിലെ ഡോ. ഹേമേന്ദ്രനാഥ് ചാറ്റർജിയാണ് (Hemendra Nath Chatterjee) ആദ്യമായി ഉപ്പും ഗ്ലൂക്കോസും വെള്ളത്തിൽ ലയിപ്പിച്ച് കോളറ രോഗികൾക്ക് വായിലൂടെ നൽകി നിരവധിപേരുടെ ജീവൻ രക്ഷിച്ചത്. അമേരിക്കൻ ബയോകെമിസ്റ്റ് റോബർട്ട് ക്രേൻ (Robert Kellogg Crane: 1919 –2010) 1960- കളിൽ നടത്തിയ ഗവേഷണങ്ങളിലൂടെ സോഡിയം ഗ്ലൂക്കോസ് മിശ്രിതം കോളറ ബാധിക്കുന്നവരിലും കുടലിലൂടെ ആഗിരണം ചെയ്യപ്പെടുമെന്ന് കൂടുതൽ ശാസ്ത്രീയാടിത്തറയോടെ തെളിയിച്ചു. കോളറ രോഗികളുടെ കുടൽ സ്തരത്തിന് (Intestinal Mucosa) കാര്യമായ തകരാറ് സംഭവിക്കാത്തതുകൊണ്ടാണ് ഇങ്ങനെ സാധി ക്കുന്നതെന്ന് ക്രേൻ വിശദീകരിച്ചു.

1967-68 കാലത്ത് ബംഗ്ലാദേശിലെ ഡാക്കയിൽ അമേരിക്കൻ പൊതുജനാരോഗ്യ വിദഗ്ധൻ നോർബേർട്ട് ഹിർഴ് ഹോൺ (Norbert Hirschhorn: 1938-), കൽക്കട്ടയിൽ ജോൺ ഹോപ്ക്കിൻസ് സർവകലാശാലയിലെ നതാനിയേൽ പീയേഴ്‌സ് (Nathaniel Pierce), അമേരിക്കൻ ഗവേഷകരായ ഡേവിഡ് നാലിൻ (David R. Nalin: 1941-), റിച്ചാർഡ് കാഷ് (Richard Alan: 1941-) എന്നിവർ ഈ ചികിത്സാരീതിയുടെ ഫലസിദ്ധി കൂടുതൽ പഠനങ്ങ ളിലൂടെ വ്യക്തമാക്കി.

1959- ൽ, വിബ്രിയോ കോളറേ (Vibrio cholerae) എന്ന ബാക്ടീരിയ പുറത്തുവിടുന്ന ഒരു പ്രോട്ടീനായ കോളറ എന്ററോടോക്‌സിൻ (Cholera Enterotoxin) ഡോ. ദേ കണ്ടെത്തി. കോളറ രോഗത്തിനു കാരണമായ കോശപരവും തന്മാത്രാപരവുമായ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആധുനിക ധാരണ യുടെ കവാടം തുറന്ന താക്കോലായിരുന്നു ദേയുടെ ഈ കണ്ടെത്തൽ. കോളറയുടെ പ്രധാന ലക്ഷണമായ അതിസാരത്തിന് ഈ ടോക്‌സിനാണ് കാരണമെന്ന് അദ്ദേഹം തെളിയിച്ചു.

കോളറ രോഗികളിൽ കാണുന്ന നിർജ്ജലീകരണ ത്തിനും ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയ്ക്കും കാരണമാകുന്ന, വൻകുടലിലേക്ക് വലിയ അളവിൽ ജലവും ഇലക്ട്രോലൈറ്റുകളും സ്രവിക്കാൻ ഈ ടോക്‌സിൻ ഇടയാക്കുന്നുവെന്ന് ദേയുടെ പരീക്ഷണങ്ങൾ വ്യക്തമാക്കി. വിബ്രിയോ കോളറേ രോഗത്തിന് കാരണമാകുന്നത് എങ്ങനെയെന്ന് വ്യക്തമാക്കിയ തിനാൽ, ഈ കണ്ടെത്തൽ കോളറ നിയന്ത്രണത്തിലെ വലിയ മുന്നേറ്റത്തിനു കാരണ മാവുകയും ഫലപ്രദമായ ചികിത്സാരീതികൾ വികസിപ്പിക്കുന്നതിനുള്ള വഴിതുറക്കുകയും ചെയ്തു.

കോളറയുടെ ചികിത്സയിലും നിയന്ത്രണത്തിലും ദേയുടെ കണ്ടെത്തലിന് വലിയ സ്വാധീനമുണ്ടായി. അദ്ദേഹത്തിന്റെ പഠനങ്ങൾ പാനീയ ചികിത്സ (ഓറൽ റീഹൈഡ്രേഷൻ തെറാപ്പി: Oral Rehydratin Therapy: ORT) എന്ന ചികിത്സാരീതിയുടെ കൂടുതൽ ശാസ്ത്രീയാടിത്തറയോടെയുള്ള വികാസത്തിന് വഴിയൊരുക്കി. വയറിളക്ക രോഗപ്രതിരോധ ത്തിനായി ഒരു നുള്ള് ഉപ്പും ഒരു കോരി പഞ്ചസാരയും ഒരു ഗ്ലാസ് ശുദ്ധജലത്തിൽ കലക്കി കുടിക്കുക എന്ന ഏറ്റവും ലളിതവും ചെലവ് കുറഞ്ഞതുമായ ഈ ചികിത്സാരീതി ലോകമെമ്പാടും ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ചു.

20ാം നൂറ്റാിലെ ഏറ്റവും വിലപ്പെട്ട വൈദ്യശാസ്ത്ര മുന്നേറ്റങ്ങളിലൊന്നായാണ് പാനീയ ചികിത്സ (ORT) കണക്കാക്കപ്പെടുന്നത്. ലോകാരോഗ്യസംഘടനയും യൂനിസെഫും ചേർന്ന് സോഡിയം ക്ലോറൈഡ്, പൊട്ടാഷ്യം ക്ലോറൈഡ്, ഗ്ലൂക്കോസ്, ട്രൈസോഡിയം സിട്രേറ്റ് എന്നിവയടങ്ങിയ കൂടുതൽ ശാസ്ത്രീയവും ഫലപ്രദവുമായ പാനീയം (Oral Rehydration Solution: ORS) തയ്യാറാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1971- ൽ ബംഗ്ലാദേശ് വിമോചനസമര കാലത്ത് പല പ്രദേശങ്ങളിലും കോളറ പടർന്നുപിടിച്ചിരുന്നു. ബംഗ്ലാദേശിലെ ഡോക്ടറും ഗവേഷകനുമായ ഡോ. റഫിക്വൽ ഇസ്ലാം (Rafiqul Islam: 1936 –2018), കൽക്കട്ടായിലെ ജോൺ ഹോപ്ക്കിൻസ് ഇന്റർനാഷണൽ മെഡിക്കൽ ട്രെയിനിംഗ് സെന്ററിലെ ഇന്ത്യൻ ശിശുരോഗ വിദഗ്ധൻ ഡോ. ദിലീപ് മഹലാനബിസ് (Dilip Mahalanabis) എന്നിവർ ചേർന്ന് ഓറോസലൈൻ (Orosaline) എന്ന് പേരിട്ട് ORS നൽകി ആയിരക്കണക്കിന് കോളറാരോഗികളുടെ ജീവൻ രക്ഷപ്പെടുത്തിയത് സാർവദേശീയ ശ്രദ്ധയാകർഷിച്ചിരുന്നു.

1990- ൽ ആഫ്രിക്കയിലെ മൊസാംബിക്കിലും മലാവിയിലും ആഭ്യന്തരയുദ്ധകാലത്ത് അഭയാർത്ഥി ക്യാമ്പുകളിൽ കോളറ പൊട്ടിപ്പുറപ്പെട്ടപ്പോൾ ORS ഉപയോഗിച്ചുള്ള പാനീയ ചികിത്സയിലൂടെയാണ് ആയിരക്കണക്കിനാളുകളുടെ ജീവൻ രക്ഷപ്പെടുത്തിയത്.

റേയുടെ സംഭാവനകളുടെ പ്രാധാന്യം വ്യക്തമായിരുന്നിട്ടും, അദ്ദേഹത്തിന്റെ ഗവേഷണഫലങ്ങൾക്ക് തുടക്കത്തിൽ അർഹിച്ച അംഗീകാരം ലഭിച്ചില്ല; പ്രത്യേകിച്ച് വിദേശരാജ്യ ങ്ങളിൽ. 1958-ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ അമേരിക്കൻ മോളിക്യുലാർ ബയോളജിസ്റ്റ് ജോഷ്വാ ലെഡർബർഗ് (1925- 2008) അദ്ദേഹത്തെ രണ്ടു തവണ നോബൽ സമ്മാനത്തിനായി നാമനിർദ്ദേശം ചെയ്തി രുന്നെങ്കിലും അർഹമായ നോബൽ സമ്മാനം നിഷേധിക്കപ്പെടുകയാണുണ്ടായത്.

അദ്ദേഹം അന്തരിച്ച് അഞ്ച് വർഷത്തിനുശേഷം, ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ് അദ്ദേഹത്തിനായി 'കറന്റ് സയൻസി’ന്റെ ഒരു പ്രത്യേക പതിപ്പ് പുറത്തിറക്കി (Special Issue on S N De and Cholera Enterotoxin, Current Science, Vol.59, Nos 13 & 14, 25 July 1990). കാലക്രമേണ അർഹിച്ച അംഗീകാരം ലഭിച്ചില്ലെങ്കിലും, കോളറയ്‌ക്കെതിരായ പോരാട്ടത്തിൽ അദ്ദേഹത്തിന്റെ കണ്ടെത്തലുകൾക്ക് പിൽക്കാലത്ത് വലിയ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. ദേയുടെ ഗവേഷണങ്ങൾ ആധുനിക കോളറ ചികിത്സയ്ക്ക് അടിത്തറയി ടുകയും ആഗോള പൊതുജനാരോഗ്യമേഖലയിൽ ദീർഘ കാല സ്വാധീനം ചെലുത്തുകയും ചെയ്തതായി ഇപ്പോൾ സാർവദേശീയമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

1884- ൽ ഇന്ത്യയിൽ വെച്ച് കോളറ ബാക്ടീരിയയെ കണ്ടെത്തിയ റോബർട്ട് കോക്ക്, അതേവർഷം ബർലിനിൽ നടന്ന ആദ്യത്തെ കോളറ സമ്മേളനത്തിൽ സംസാരിക്കുമ്പോൾ ഒരു കാര്യം പറയുകയുണ്ടായി: ‘‘കഴിഞ്ഞ 10 വർഷത്തിനിടെ കോളറ ഗവേഷണ ത്തിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. കാരണം, മറ്റ് പകർച്ചവ്യാധികളെക്കുറിച്ച് ഗവേഷണം നടക്കുന്ന രാജ്യങ്ങളിൽ കോളറ ഉണ്ടായിരുന്നില്ല. എന്നാൽ, കോളറ ധാരാളമായി ഉണ്ടായിരുന്ന ഇന്ത്യയിൽ ഗവേഷണം നടത്താൻ ആദ്യകാലത്ത് ആരുമുണ്ടായിരുന്നില്ല.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ കോളറ ഒരു വലിയ പ്രശ്‌നമല്ലാതായി മാറിയതിനാൽ, അതിനെക്കുറിച്ചുള്ള ഗവേഷണത്തിന് യൂറോപ്പിൽ താൽപ്പര്യം കുറഞ്ഞു. എന്നാൽ ഇന്ത്യയിൽ കോളറ ഒരു പ്രശ്‌നമല്ലാതിരുന്നിട്ടില്ല, അതുകൊണ്ടുതന്നെ കോളറ ഗവേഷണത്തിന് ഒരു വലിയ സംഭാവന നൽകാൻ ദേക്ക് അവസരം ലഭിച്ചു. അദ്ദേഹമത് ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും ചെയ്തു’’.

ശംഭുനാഥ് ദേയുടെ കോളറ ടോക്‌സിൻ കണ്ടുപിടുത്തം കോളറ രോഗകാരണത്തെക്കു റിച്ചുള്ള നമ്മുടെ ധാരണയിൽ വിപ്ലവം സൃഷ്ടിക്കുകയും ലക്ഷക്കണക്കിനാളുകളുടെ ജീവൻരക്ഷിക്കുന്ന ലളിത ചികിത്സാരീതിക്ക് വഴിയൊരു ക്കുകയും ചെയ്തു. ശാസ്ത്രീയ ഗവേഷണത്തോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധവും വൈദ്യശാസ്ത്രത്തിനുള്ള സംഭാവനകളും ഈ മേഖലയിൽ മായാത്ത മുദ്ര പതിപ്പിച്ചു, വൈദ്യശാസ്ത്ര ചരിത്രത്തിലെ ഒരു മാർഗ്ഗദർശകൻ എന്ന സ്ഥാനം അദ്ദേഹത്തിന് ലഭിച്ചു. 1985 ഏപ്രിൽ 15ന് ഡോ. ദേ അന്തരിച്ചു. വൈദ്യ ശാസ്ത്രത്തിന് അദ്ദേഹം നൽകിയ മികച്ച സംഭാവനകളിലൂടെ അദ്ദേഹത്തിന്റെ സാന്നിധ്യം ഇന്നും അനുഭവപ്പെടുന്നുണ്ട്. പകർച്ചവ്യാധികളെ ചെറുക്കുന്നതിനും പൊതുജനാരോഗ്യം മെച്ചപ്പെടു ത്തുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ഗവേഷകർ ക്കും ആരോഗ്യവിദഗ്ധർക്കും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഇന്നും പ്രചോദനമാണ്.

READ: ഉറക്കത്തിൽ
മൂത്രമൊഴിക്കുന്ന
കുട്ടികൾ

കുട്ടികളിലെ
അഡിനോയ്ഡ്
പ്രശ്നഭരിതമാകുമ്പോൾ

ഗർഭപാത്രം
നീക്കം ചെയ്യൽ
അനിവാര്യമോ?

മറക്കാനാകാത്ത രോഗി: റൊണാൾഡോ 2002

‘നോവും നിലാവും’;
ഒരു ആസ്വാദനം

സൊറിയാസിസ്
ചർമ്മരോഗം മാത്രമല്ല

പ്രസവത്തിന്
മുൻപും പിൻപും

മെഡിക്കൽ ടൂറിസവും
കേരളവും

ആയുഷിനും
ആയു​സ്സിനുമിടയിൽ

വനിതാ ഡോക്ടർമാരുടെ അനുഭവങ്ങളും പോരാട്ടങ്ങളും

മെഡിക്കൽ വിദ്യാഭ്യാസം: വെല്ലുവിളികൾ,
മാറ്റൊലികൾ

അസ്വസ്ഥരാവുന്ന
യുവ ഡോക്ടർമാർ

പത്മവ്യൂഹത്തിനുള്ളിലെ ഡോക്ടർ;
തൊഴിൽപരമായ വെല്ലുവിളികൾ, പരിഹാരങ്ങൾ

സംഗീതം പോലെ
എന്നെ തഴുകിയ
ഡോക്ടർമാർ

വിവിധ ചികിത്സാരീതികളുടെ സംയോജനം:
ദുരന്തത്തിലേക്കുള്ള പടിവാതിൽ

വെല്ലുവിളികൾ നേരിടുന്ന
ഇന്ത്യൻ ഡോക്ടർ സമൂഹം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: dr b ekbal writes about indian medical scientist Dr. Sambhu Nath De for indian medical association nammude arogyam magazine


ഡോ. ബി. ഇക്ബാൽ

സംസ്​ഥാനത്ത്​ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിദഗ്​ധ സമിതി അധ്യക്ഷൻ. പബ്ലിക്​ ഹെൽത്ത്​ ആക്​റ്റിവിസ്​റ്റ്​. കേരള സർവകലാശാല മുൻ വി.സി. കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം (എഡിറ്റർ), പുതിയ വിദ്യാഭ്യാസ നയം: സമീപനവും വിമർശനവും (എഡിറ്റർ), മഹാമാരികൾ- പ്ലേഗ്​ മുതൽ​ കോവിഡ്​ വരെ- ചരിത്രം ശാസ്​ത്രം അതിജീവനം, എഴുത്തിന്റെ വൈദ്യശാസ്ത്രവായന, ഇന്ത്യൻ ഔഷധ മേഖല: ഇന്നലെ ഇന്ന്, നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, കേരള ആരോഗ്യ മാതൃക: വിജയത്തിൽ നിന്ന് പ്രതിസന്ധികളിലേക്ക് തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments