ശസ്ത്രക്രിയക്കു മുമ്പുള്ള
അനസ്തീഷ്യാ പരിചരണം

ശസ്ത്രക്രിയയെ കുറിച്ചുള്ള രോഗിയുടെ അനാവശ്യ ഉൽക്കണ്ഠ മാറ്റാനും പൂർണബോധത്തോടെ എല്ലാം മനസ്സിലാക്കി സമ്മതം തരാനും രോഗിയെ സഹായിക്കുന്നതാണ് പ്രി അനസ്തറ്റിക് ചെക്കപ്പ്- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ചന്ദ്രിക ടി.എൻ. എഴുതിയ ലേഖനം.

പ്രി അനസ്തറ്റിക് ചെക്കപ്പ് (Pre- anesthetic checkup)
എന്നാൽ എന്താണ്?

രോഗിയെ നേരിട്ടു പരിശോധിച്ച് പ്രായം, ശരീരാവസ്ഥ, ശസ്ത്രക്രിയയുടെ പ്രത്യേകതകൾ എന്നിവ കണക്കിലെടുത്ത് അനസ്തീഷ്യ എന്ന പ്രക്രിയയുടെ വരുംവരായകളും, ബദൽ ചികിത്സകളെ കുറിച്ചും, വിവിധ തരത്തിലുള്ള അനസ്തീഷ്യാ സേവനങ്ങളെ കുറിച്ചും രോഗിക്കുള്ള മുൻഗണനയും വിശദീകരിച്ചു കൊടുക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

രോഗിയുടെ ശാരീരികാവസ്ഥ മുൻനിർത്തി നിരവധി ഘടകങ്ങൾ നിർണ്ണയിക്കുന്നു. നടക്കാനിരിയ്ക്കുന്ന ശസ്ത്രക്രിയയ്ക്ക് ഏറ്റവും അനുയോജ്യമായ അനസ്തീഷ്യ തെരഞ്ഞെടുക്കുന്നതിനും അതിനെ കുറിച്ച് ശരിയായ ധാരണ പകർന്നു കൊടുക്കുന്നതിനും ഇതു സഹായകമാകുന്നു. രോഗിയുടെ അനാവശ്യമായ ഉൽക്കണ്ഠ മാറ്റുവാനും പൂർണബോധത്തോടെ എല്ലാം മനസ്സിലാക്കി സമ്മതം തരുവാനും രോഗിയെ സഹായിക്കുന്നു. അനസ്തീഷ്യ ഡോക്ടർക്ക് രോഗിയുടെ അസുഖങ്ങൾ ചോദിച്ചറിയുകയും ശീലങ്ങളെ കുറിച്ചുള്ള അവബോധം ഉണ്ടാകുകയും ചെയ്യും.

1. ശസ്ത്രക്രിയയിലേക്ക് നയിച്ച അസുഖത്തിന്റെ വിശദവിവരങ്ങൾ, മുൻപു വേണ്ടിവന്ന ശസ്ത്രക്രിയകൾ എന്നിവയെ വിശദമായി ചോദിച്ചറിയേണ്ടതുണ്ട്.

2. പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഹൃദയസoബന്ധമായ രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ, പക്ഷാഘാതം, കരൾ, കിഡ്‌നി രോഗങ്ങൾ, അപസ്മാരം, തൈറോയ്ഡ് അസുഖം എന്നിവയെ കുറിച്ച് ഡോക്ടറോട് പങ്കുവയ്ക്കണ്ടത് വളരെ പ്രധാനമാണ്. ഇതിന്റെ ചികിത്സാക്രമങ്ങളും കഴിയ്ക്കുന്ന മരുന്നുകളും അനസ്തീഷ്യ മരുന്നു കളുമായി പ്രവർത്തിക്കുമ്പോൾ പാർശ്വഫലങ്ങൾ ഉണ്ടാകാതിരിയ്ക്കുവാൻ ഇത് അത്യന്താപേക്ഷിതമാണ്. പല മരുന്നുകളും 24 മണിക്കൂർ മുതൽ 5 ദിവസം വരെ രോഗി നിർത്തിവെക്കേണ്ട ആവശ്യകത പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നു. ഉദാ: രക്തം കട്ട പിടിക്കാതെ ഇരിക്കുവാനുള്ള മരുന്ന് അഞ്ചു ദിവസം വരെ നിർത്തിവയ്ക്കേണ്ടതുണ്ട്.

  • രക്തപരിശോധന, ഇ.സി.ജി, എക്സ്റേ, എക്കോ തുടങ്ങി വിശദ പരിശോധനകൾ നടത്തി വിലയിരുത്തി രോഗിയെ കൃത്യമായ ശാരീരിക പരിശോധനക്കു വിധേയമാക്കേണ്ടതുണ്ട്. ഹൃദയം, ശ്വാസകോശം എന്നിവയുടെ പ്രവർത്തന ശേഷിയാണ് ഗാഢമായി വിലയിരുത്തുക.

  • ഹൃദയ- ശ്വാസകോശ രോഗ വിദഗ്ദരുടെ പരിശോധന ആവശ്യമെങ്കിൽ നിർദ്ദേശിയ്ക്കുന്നു.

  • ജനറൽ അനസ്തീഷ്യയിൽ രോഗിയെ ബോധം കെടുത്തിയതിനു ശേഷം ശ്വാസകോശത്തിലേയ്ക്ക് എൻഡോ ട്രക്കിയൽ ട്യൂബ് (endo tracheal tube) ഇട്ട് ഓക്സിജൻ നൽകി ജീവൻ നിലനിർത്തേണ്ടതുണ്ട്. അതുകൊണ്ടുതന്നെ രോഗിയുടെ വായ, കഴുത്ത്, താടിയെല്ലുകൾ, ശ്വാസനാളം, പല്ലുകൾ എന്നിവ വിവിധ സ്പെഷ്യലിസ്റ്റുകൾ പരിശോധിച്ച് ട്യൂബ് ഇടുമ്പോൾ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ വിലയിരുത്തുന്നു. ആവശ്യമെങ്കിൽ ബദൽ സംവിധാനങ്ങൾ സജ്ജമാക്കണം. മരുന്നുകൾ, ഭക്ഷണ പദാർത്ഥങ്ങൾ, മറ്റു വസ്തുക്കളോടുള്ള അലർജി എന്നിവ ചോദിച്ചറിയുക വഴി അനസ്തീഷ്യ സമയത്ത് അപ്രതീക്ഷമായ ഭവിഷ്യത്തുകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുന്നു.

  • ശസ്തക്രിയയ്ക്കു മുൻപു രോഗി പാലിയ്ക്കേണ്ട ചിട്ടകൾ രോഗിയെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്നു. എത്ര മണിക്കുർ മുമ്പ് ആഹാരം, പാനീയങ്ങൾ എന്നിവ ഒഴിവാക്കണം എന്ന നിർദ്ദേശത്തോടൊപ്പം കഴിക്കേണ്ട മരുന്നുകളുടെ സമയക്രമവും എഴുതി കൊടുക്കുന്നു. ശസ്ത്രക്രിയയ്ക്ക് അനുയോജ്യമായ അനസ്ത്രീഷ്യ ഏതാണെന്നും അതിന്റെ ഗുണങ്ങളും ഭവിഷ്യത്തുക്കളും ഈ സമയത്ത് രോഗിയെ ബോദ്ധ്യപ്പെടുത്തും. അപൂർവമായി വിദഗ്ദ ചികിത്സക്കായി തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റേണ്ടിവരാം തുടങ്ങിയ കാര്യങ്ങളും രോഗിയേയും ബന്ധുക്കളേയും അറിയിക്കും. കൃത്രിമ ശ്വാസം നൽകേണ്ടി വന്നാൽ വെൻ്റിലേറ്റർ സഹായം ഉപയോഗിക്കേണ്ടിവരുമെന്നും അവരെ അറിയിക്കും.

  • അനസ്തീഷ്യയെ പറ്റി എല്ലാം പറഞ്ഞു മനസ്സിലാക്കിയെന്നും, അനസ്തീഷ്യ കൊടുക്കുമ്പോൾ ഉണ്ടാകാവുന്ന അപകടസാധ്യതകൾ പറഞ്ഞുതന്നു എന്നും, എല്ലാം മനസ്സിലാക്കിയ ശേഷമാണ് ഒപ്പിടുന്നതെന്നും വ്യക്തമാക്കി രോഗിയും ഏറ്റവും അടുത്ത ബന്ധുവും സമ്മതപത്രത്തിൽ ഒപ്പിട്ടു കൊടുക്കുകയും വേണം.


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

READ: അനസ്തീഷ്യോളജിയും
സാന്ത്വന ചികിത്സയും
പരിണയിക്കുമ്പോൾ

അവൾ,
പിറക്കാത്ത മകൾ…

ഹൈപ്പർ ടെൻഷനും
വൃക്കരോഗവും:
മുട്ടയും കോഴിയും?

മുലയൂട്ടൽ എന്ന
സുകൃതം

ഓണസദ്യയിൽ
കുടൽ ബാക്ടീരിയകൾ
ഇടപെടുമ്പോൾ

ആയുരാരോഗ്യസൗഖ്യം

കേരളത്തിന്റെ ആരോഗ്യ രംഗത്തെ നിർണ്ണായകമായ ചുവടുമാറ്റങ്ങൾ

‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു

Comments