ഉറച്ച UDF കോട്ട,
മലപ്പുറത്തെ സാധ്യതകൾ

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളുള്ള മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലേറെയും മുസ്‍ലിം ലീഗിന് വൻ ഭൂരിപക്ഷം ലഭിക്കുന്നതും യു.ഡി.എഫ് ആഭിമുഖ്യമുള്ളതുമാണ്. ഇതിൽനിന്ന് വേറിട്ട റിസൾട്ടിന് ഇത്തവണ സാധ്യതയു​​ണ്ടോ?- ഡോ. കുട്ടികൃഷ്ണൻ എ.പി എഴുതുന്ന ഇലക്ഷൻ പരമ്പര തുടരുന്നു: മലപ്പുറം ജില്ല.

ണ്ടാം ഇ എം എസ് മന്ത്രിസഭയുടെ കാലഘട്ടത്തിൽ 1969 ജൂൺ 16 ന് രൂപീകൃതമായ മലപ്പുറം ജില്ലയാണ് കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജില്ല. സംസ്ഥാന ജനസംഖ്യയുടെ 13 ശതമാനത്തോളമാണ് മലപ്പുറത്തെ ജനസംഖ്യ. 2011-ലെ സെൻസസ് പ്രകാരം മലപ്പുറത്തെ 41 ലക്ഷത്തോളം പേരിൽ 70.24 ശതമാനം മുസ്ലീംകളും 27.60 ശതമാനത്തോളം ഹിന്ദുക്കളും രണ്ടു ശതമാനത്തോളം ക്രിസ്ത്യാനികളുമാണ്. രാജ്യത്തെ മുസ്ലീം ഭൂരിപക്ഷ ജില്ലകളിലൊന്നാണ് മലപ്പുറം.

ജില്ലയിൽ 12 മണ്ഡലങ്ങളാണ് 2006- ലെ തെരഞ്ഞെടുപ്പ് വരെ ഉണ്ടായിരുന്നത്. 2008- ലെ ഡീലിമിറ്റേഷൻ പ്രക്രിയയുടെ ഭാഗമായി ജനസംഖ്യാനുപാതികമായി 16 നിയമസഭാ മണ്ഡലങ്ങൾ രൂപികരിച്ചു. അതുപ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലമുള്ള- 16 എണ്ണം- ജില്ലയാണിത്.

കൊണ്ടോട്ടി, ഏറനാട്, നിലമ്പൂർ, വണ്ടൂർ, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന്, താനൂർ, തിരൂരങ്ങാടി, തിരൂർ, കോട്ടക്കൽ, തവനൂർ, പൊന്നാനി എന്നിവയാണ് 16 മണ്ഡലങ്ങൾ. ഏറനാട്, നിലമ്പൂർ, വണ്ടൂർ മണ്ഡലങ്ങൾ വയനാട് ലോകസഭാ മണ്ഡലത്തിന്റെയും തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ, തവനൂർ, പൊന്നാനി എന്നിവ പൊന്നാനി ലോകസഭാ മണ്ഡലത്തിന്റെയും ബാക്കി ഏഴെണ്ണം മലപ്പുറം ലോക്‌സഭാ മണ്ഡലത്തിന്റെയും ഭാഗമാണ്.

2026- ലെ തീവ്ര വോട്ടർപട്ടിക പരിഷ്കാരത്തിലൂടെ നിലവിൽവന്ന വോട്ടർ പട്ടികയിൽ 36,15,970 വോട്ടർമാരാണ് ജില്ലയിലുള്ളത്.

ഇടതുകോട്ട,
സുധാകര​ന്റെ
കണ്ണൂർ

മലപ്പുറം ജില്ല രാഷ്ട്രീയമായി മുസ്ലീംലീഗിന്റെ ശക്തികേന്ദ്രമാണ്. ലോകസഭ, നിയമസഭ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ മുസ്ലീം ലീഗ് നേതൃത്വം നൽകുന്ന യു.ഡി.എഫിനാണ് മുൻതൂക്കം.

1. കൊണ്ടോട്ടി:
ലീഗ് കോട്ട

  • മുസ്ലിം ലീഗ് ശക്തികേന്ദ്രമായ മണ്ഡലത്തിൽ 1957 മുതൽ ലീഗ് സ്ഥാനാർത്ഥികളാണ് വിജയിക്കുന്നത്.

1957 മുതൽ പ്രാബല്യത്തിലുള്ള മണ്ഡലം. 2008-ലെ അതിർത്തി പുനർനിർണ്ണയത്തിനുശേഷം കൊണ്ടോട്ടി മുനിസിപ്പാലിറ്റിയും വാഴയൂർ, വാഴക്കാട്‌, പുളിക്കൽ, ചെറുകാവ്, ചീക്കോട് ഗ്രാമ പഞ്ചായത്തുകളുമാണുള്ളത്.

മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമായ മണ്ഡലത്തിൽ 1957 മുതൽ ലീഗ് സ്ഥാനാർത്ഥികളാണ് വിജയിക്കുന്നത്. എം. പി. എം. അഹമ്മദ് കുരിക്കൾ, ഉമ്മർ ബാഫഖി തങ്ങൾ, സി. എച്ച്. മുഹമ്മദ് കോയ, എം. പി. എം. അബ്ദുള്ള കുരിക്കൾ, പി. സീതിഹാജി, കെ. കെ. അബു, പി. കെ. കെ. ബാവ, കെ. എൻ. എ. ഖാദർ, കെ. മുഹമ്മുദുണ്ണി ഹാജി, ടി. വി. ഇബ്രാഹിം എന്നിവർ ജനപ്രതിനിധികളായവരാണ് .

2021-ൽ ആകെയുള്ള 2,05,261 വോട്ടർമാരിൽ 164847 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ലീഗിലെ ടി. വി. ഇബ്രാഹിം 82759 വോട്ടും എൽ ഡി എഫിലെ സുലൈമാൻ ഹാജി 65093 വോട്ടും ബി ജെ പിയിലെ ഷീബ ഉണ്ണികൃഷ്ണൻ 11114 വോട്ടും നേടി. ഇബ്രാഹിം 17,666 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കൊണ്ടോട്ടി മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ കൊണ്ടോട്ടി മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

തദ്ദേശ തിരഞ്ഞെടുപ്പിൽ വാഴയൂർ ഗ്രാമപഞ്ചായത്തൊഴികെയുള്ള യു ഡി എഫ് വലിയ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലെത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുപ്രകാരം 36,000 ലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് യു ഡി എഫിനുള്ളത്.

2. ഏറനാട്:
ഉറപ്പാണ് ലീഗ്

  • ലീഗ് ജയിക്കുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങളിലൊന്നാണ് ഏറനാട്.

2008-ലെ ഡീലിമിറ്റേഷൻ പ്രക്രിയക്കുശേഷം രൂപീകരിച്ച ഏറനാട് മണ്ഡലത്തിൽ അരീക്കോട്, എടവണ്ണ, കാവനൂർ, ഊർങ്ങാട്ടിരി, കുഴിമണ്ണ, തൃക്കലങ്ങോട്, ചാലിയാർ ഗ്രാമപഞ്ചായത്തുകളാണുള്ളത്.

ലീഗിന്റെ ശക്തികേന്ദ്രങ്ങളായ പഞ്ചായത്തുകളുൾപ്പെട്ട മണ്ഡലത്തിൽ 2011 മുതൽ നടന്ന മൂന്നു തിരഞ്ഞെടുപ്പുകളിലും ലീഗ് സ്ഥാനാർത്ഥി വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ജയിച്ചത്. 2011- ൽ പി കെ ബഷീറിനെതിരെ സി പി ഐ സ്ഥാനാർത്ഥിയായ അഷ്‌റഫലി കാളിയതിനെ ഔദ്യോഗികമായി രംഗത്തിറക്കിയിരുന്നു. എന്നാൽ അദ്ദേഹത്തിന് 2700 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഇത് സൂചിപ്പിക്കുന്നത് സ്വതന്ത്രനായി രംഗത്തുണ്ടായിരുന്ന പി. വി. അൻവറിനെയാണ് ഇടതുപക്ഷ പ്രവർത്തകർ പിന്തുണച്ചതെന്നാണ്. പി. കെ. ബഷീറിന് 58698 വോട്ടും പി. വി. അൻവറിന് 47452 വോട്ടുമാണ് ലഭിച്ചത്.

ജി. സുധാകരൻ v/s
സി.പി.എം;
ആന്റി ക്ലൈമാക്സിലേക്കോ
ആലപ്പുഴ?

2021-ൽ ആകെയുള്ള 179786 വോട്ടർമാരിൽ 143272 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ലീഗിലെ പി. കെ. ബഷീറിന് 78076 വോട്ടും സി പി ഐ സ്ഥാനാർത്ഥി കെ. ടി. അബ്ദുറഹിമാന് 55530 വോട്ടും ബി ജെ പിയിലെ സി. ദിനേശന് 6683 വോട്ടും ലഭിച്ചു. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലെ വോട്ട് താരതമ്യം ചെയ്യുമ്പോൾ 2021- ൽ പി. കെ. ബഷീറിന്റെ ഭൂരിപക്ഷം 2016- ലേതിനേക്കാൾ ഇരട്ടിയായി.

2011- 2021 കാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ  ഏറനാട് മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർഥികൾ നേടിയ ഭൂരിപക്ഷം.
2011- 2021 കാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഏറനാട് മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർഥികൾ നേടിയ ഭൂരിപക്ഷം.

തദ്ദേശ തിരഞ്ഞെടുപ്പിൽ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും യു ഡി എഫ് വലിയ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലെത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കു പ്രകാരം 32,000 വോട്ടുകളുടെ ഭൂരിപക്ഷമാണ് യു ഡി എഫിന്. ലീഗ് ജയിക്കുമെന്ന് ഉറപ്പുള്ള മണ്ഡലങ്ങളിലൊന്നാണ് ഏറനാട്.

3. നിലമ്പൂർ:
സംശയമില്ലാതെ
യു.ഡി.എഫ്

  • രാഷ്ട്രീയത്തിലും വ്യക്തിപരമായും സ്വാധീനമുള്ള സ്ഥാനാർത്ഥിയെ രംഗത്തിറക്കിയാൽ മാത്രമാണ് 1982, 2016, 2021 വർഷങ്ങളിൽ സംഭവിച്ചപോലെയുള്ള ജയം ഇടതുമുന്നണിയ്ക്ക് പ്രതീക്ഷിക്കാൻ വകയുള്ളൂ.

1965- ൽ രൂപീകരിച്ച മണ്ഡലം. നിലമ്പൂർ നഗരസഭയും അമരമ്പലം, പോത്തുകല്ല്, കരുളായി, എടക്കര, ചുങ്കത്തറ, മൂത്തേടം, വഴിക്കടവ് ഗ്രാമ പഞ്ചായത്തുകളുമാണുള്ളത്.

ജില്ലയിലെ ഭൂരിപക്ഷം മണ്ഡലങ്ങളും ലീഗിന് അനുകൂലമായി വിധിയെഴുതുമ്പോൾ, രണ്ടു മുന്നണികളെയും വിജയിപ്പിച്ച ചരിത്രമുള്ള മണ്ഡലമാണ് നിലമ്പൂർ. ഏതാണ്ട് 45 ശതമാനം ഹിന്ദു വോട്ടർമാരും 44 ശതമാനം മുസ്ലിം വോട്ടർമാരും 11 ശതമാനം ക്രിസ്ത്യൻ വോട്ടർമാരുമുള്ള മണ്ഡലത്തിൽ 4 ശതമാനത്തിനടുത്ത് പട്ടികവർഗ വിഭാഗം വോട്ടർമാരുമുണ്ട് .

മണ്ഡല രൂപീകരണശേഷം നടന്ന 1965, 1967 തിരഞ്ഞെടുപ്പുകളിൽ സി പി എമ്മിലെ കെ. കുഞ്ഞാലിയാണ് വിജയിച്ചത്. കോൺഗ്രസിലെ ആര്യാടൻ മുഹമ്മദായിരുന്നു മുഖ്യ എതിരാളി. നിയമസഭാംഗമായ കുഞ്ഞാലിയെ 1969 ജൂലൈ 26 ന് നിലമ്പൂർ ചുള്ളിയോടുള്ള സി പി എം ഓഫിസിന് എതിർ ഭാഗത്തുള്ള കോൺഗ്രസ് ഓഫീസിൽ കൂട്ടം കൂടിനിന്നവരിലൊരാൾ വെടിവെക്കുകയും ജൂലൈ 28 ന് ആശുപത്രിയിൽവെച്ച് മരിക്കുകയും ചെയ്തു. നിയമസഭാ സാമാജികനായിരിക്കെ രാഷ്ട്രീയ എതിരാളികളാൽ വെടിയേറ്റുമരിച്ച രാജ്യത്തെ ആദ്യത്തെയാളും കേരളത്തിലെ ഏക എം എൽ എയുമാണ് കുഞ്ഞാലിയെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. കുഞ്ഞാലിയുടെ മരണശേഷം 1970 ൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എം.പി. ഗംഗാധരനാണ് നിലമ്പൂരിൽ നിന്ന് വിജയിച്ചത്.

കേരള കോൺഗ്രസുകളുടെ അതിജീവന കോട്ടയം

കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദാണ് മണ്ഡലത്തെ ഏറ്റവും കൂടുതൽ കാലം (1977, 1980, 1987, 1991, 1996, 2001, 2006, 2011 തിരഞ്ഞെടുപ്പുകളിൽ) മണ്ഡലത്തെ പ്രതിനിധീകരിച്ചത്. അഖിലേന്ത്യതലത്തിലുണ്ടായ കോൺഗ്രസിലെ പിളർപ്പിനെ തുടർന്ന് രൂപീകരിച്ച കോൺഗ്രസ് (യു), എ. കെ. ആൻ്റണിയുടെ നേതൃത്വത്തിൽ 1980- ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി പി എം നേതൃത്വത്തിലുള്ള ഇടതുമുന്നണിയുടെ ഘടകകക്ഷിയായിട്ടാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.

1980- ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 93 സീറ്റ് നേടിയ ഇടതുമുന്നണി മന്ത്രിസഭ രൂപീകരിച്ചു. ഇ. കെ. നായനാർ നേതൃത്വം കൊടുത്ത മന്ത്രിസഭയിൽ നിയമസഭാംഗമല്ലാതിരുന്ന ആര്യാടൻ മുഹമ്മദ് മന്ത്രിയായി. 1980- ലെ പൊതു തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ വിജയിച്ച സി. ഹരിദാസ് കോൺഗ്രസ് (യു) നിർദേശപ്രകാരം എം എൽ എ സ്ഥാനം രാജിവെക്കുകയും അതിനെത്തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ ആര്യാടൻ മുഹമ്മദ് അവിടെ മത്സരിക്കുകയും നിയമസഭാംഗമാവുകയും ചെയ്തു. കേരള നിയമസഭയിൽ ഏറ്റവും ചുരുങ്ങിയ കാലം എം എൽ എയായി പ്രവർത്തിച്ചുവെന്ന നിലയിൽ സി. ഹരിദാസിന്റെ നിയമസഭാംഗത്വം ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു.

ദേശീയ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പേരിൽ കോൺഗ്രസ് (യു) സി പി എം നേതൃത്വം കൊടുത്ത സർക്കാരിന് പിന്തുണ പിൻവലിച്ചതിന്റെ അടിസ്ഥാനത്തിൽ 1981 ഒക്ടോബറിൽ നായനാർ മന്ത്രിസഭ രാജിവെക്കുകയും ആൻ്റണി വിഭാഗം കോൺഗ്രസ് (യു) യു.ഡി.എഫിലേക്ക് പോകുകയും ചെയ്തു. 1982- ൽ നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 77 സീറ്റുകളോടെ അധികാരത്തിൽ വന്നെങ്കിലും നിലമ്പൂർ ആര്യാടനെതിരെ വിധിയെഴുതി. 1980- ൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ടി. കെ. ഹംസ കോൺഗ്രസിൽനിന്ന് രാജിവെച്ച് സി പി എം സ്വതന്ത്രനായി മത്സരിക്കുകയും 1982- ൽ വിജയിക്കുകയും ചെയ്തു.

ദീർഘകാലത്തിനുശേഷം 2016- ലാണ് മണ്ഡലത്തിൽ ആദ്യമായി രാഷ്ട്രീയമാറ്റം സംഭവിക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥികളായ ആര്യാടൻ ഷൗക്കത്തിനെ 2016- ലും വി.വി. പ്രകാശിനെ 2021ലും ഇടതു സ്വതന്ത്രനായി മത്സരിച്ച പി.വി. അൻവർ പരാജയപ്പെടുത്തിയതിലൂടെ, ഇടതുമുന്നണിക്ക് വീണ്ടും മണ്ഡലത്തിൽ വിജയമുണ്ടായി. എന്നാൽ 2025- ൽ പി. വി. അൻവർ ഇടതുമുന്നണിയുമായി കലഹിച്ച് എം എൽ എ സ്ഥാനം രാജിവെച്ചപ്പോൾ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ആര്യാടൻ ഷൗക്കത്തിനായിരുന്നു ജയം. ഷൗക്കത്ത് 77,737 വോട്ടും സി പി എമ്മിലെ എം. സ്വരാജ് 66,660 വോട്ടും നേടി. സ്വതന്ത്രനായി വീണ്ടും മത്സരിച്ച അൻവറിന് 19760 വോട്ടാണ് ലഭിച്ചത്.

വോട്ട് വിഹിതം

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ  നിലമ്പൂർ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ നിലമ്പൂർ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

തദ്ദേശ തിരഞ്ഞെടുപ്പിൽ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും യു ഡി എഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി, 19,000 ലേറെ വോട്ടുകളുടെ ഭൂരിപക്ഷം. നിലമ്പൂരിൽ രാഷ്ട്രീയത്തിലും വ്യക്തിപരമായും സ്വാധീനമുള്ള സ്ഥാനാർത്ഥിയെ രംഗത്തിറക്കിയാൽ മാത്രമാണ് 1982, 2016, 2021 വർഷങ്ങളിൽ സംഭവിച്ചപോലെയുള്ള ജയം ഇടതുമുന്നണിയ്ക്ക് പ്രതീക്ഷിക്കാൻ വകയുള്ളൂ.

4. വണ്ടൂർ:
ഉറപ്പിച്ച്
കോൺഗ്രസ്

  • 2026- ലും വിജയിക്കാനാവുമെന്ന യു ഡി എഫിന്റെ വിശ്വാസം കൂടുതൽ ഉറപ്പിക്കുന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പുഫലം.

1977- ൽ രൂപീകൃതമായ വണ്ടൂർ പട്ടികജാതി സംവരണമാണ്. വണ്ടൂർ, മമ്പാട്, ചോക്കാട്, തിരുവാലി, കാളികാവ്, കരുവാരക്കുണ്ട്, തൂവ്വൂർ, പോരൂർ എന്നിവയാണ് മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങൾ.

രൂപീകരണത്തിനുശേഷത്തെ ഒരു തവണ (1996- ൽ) സി പി എമ്മിലെ എൻ. കണ്ണൻ വിജയിച്ചതൊഴിച്ചാൽ കോൺഗ്രസാണ് ഇവിടെ സ്ഥിരമായി വിജയിച്ചിട്ടുള്ളത്. 2001 മുതൽ 2021 വരെ തുടർച്ചയായി വിജയിച്ച എ. പി. അനിൽകുമാറാണ് വണ്ടൂരിൽ കൂടുതൽ കാലം ജനപ്രതിനിധിയായിരുന്നയാൾ. കോൺഗ്രസിലെ വെള്ള ഈച്ചരൻ, എം. എ. കുട്ടപ്പൻ, പന്തളം സുധാകരൻ എന്നിവരും എം.എൽ.എമാരായിരുന്നു.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ വണ്ടൂർ  മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ വണ്ടൂർ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021-ൽ ആകെ 2,26,426 വോട്ടർമാരിൽ പോൾ ചെയ്ത 170390 വോട്ടിൽ എ. പി. അനിൽകുമാറിന് 87415 വോട്ടും സി പി എമ്മിലെ പി. മിഥുനക്ക് 71852 വോട്ടും ബി ജെ പിയിലെ പി. സി. വിജയന് 11350 വോട്ടും ലഭിച്ചു. അനിൽകുമാർ 15,563 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

ചാഞ്ചാട്ട വോട്ടുകളുടെ ഇടുക്കി,
കാർഷിക മേഖലയുടെ വോട്ട്

തദ്ദേശ തിരഞ്ഞെടുപ്പിൽ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും യു ഡി എഫ് വലിയ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലെത്തിയത്, 28,000 -ലേറെ വോട്ടിന്റെ മുൻതൂക്കം. 2026- ലും വിജയിക്കാനാവുമെന്ന യു ഡി എഫിന്റെ വിശ്വാസം കൂടുതൽ ഉറപ്പിക്കുന്നതാണ് തദ്ദേശ തിരഞ്ഞെടുപ്പുഫലം.

5. മഞ്ചേരി:
ഉറച്ച യു.ഡി.എഫ് മണ്ഡലം

  • യു ഡി എഫിനെ സംബന്ധിച്ച് ഏറ്റവും ഉറച്ച മണ്ഡലങ്ങളിലൊന്ന്.

ഞ്ചേരി നഗരസഭയും കീഴാറ്റൂർ, എടപ്പറ്റ, ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതാണ് മഞ്ചേരി മണ്ഡലം. രൂപീകരിച്ച 1957 മുതൽ എല്ലാ തിരഞ്ഞെടുപ്പുകളിലും മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളാണ് വിജയിച്ചത്. എന്നാൽ, 1957- ലും 1960- ലും ജനറൽ വിഭാഗത്തിൽ വിജയിച്ചത് കോൺഗ്രസിലെ പി. പി. ഉമ്മർ കോയയാണ്. 1960- ലെ രണ്ടാം കേരള സർക്കാരിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു ഉമ്മർ കോയ. പിന്നീട് ആർ. ശങ്കർ നയിച്ച സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു അദ്ദേഹം.

മുസ്ലീംലീഗിലെ ചടയൻ മുനിയാണ്ടൻ, കെ. പി. രാമൻ, എം. പി. എം. അബ്ദുല്ല കുരിക്കൾ, സി.എച്ച്. മുഹമ്മദ് കോയ, എം. പി. എം. ഇസഹാക്ക് കുരിക്കൾ, പി. കെ. അബ്ദുറബ്ബ്, എം. ഉമ്മർ എന്നിവർ വിവിധ തിരഞ്ഞെടുപ്പുകളിൽ വിജയിച്ചവരാണ്. 1980- ലും 1982- ലും മഞ്ചാരിയിൽ വിജയിച്ച സി.എച്ച്. മുഹമ്മദ് കോയ 1982- ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരിക്കെയാണ് 1983 സെപ്റ്റംബർ 28- ന് മരിക്കുന്നത്.

വോട്ട് വിഹിതം

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ മഞ്ചേരി മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ).
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ മഞ്ചേരി മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ).

2021-ൽ 2,06,960 വോട്ടർമാരിൽ 157264 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. മുസ്ലിം ലീഗിലെ യു. എ. ലത്തീഫ് 50.22 ശതമാനവും എൽ ഡി എഫിലെ നാസർ ഡി. 40.93 ശതമാനം വോട്ടും നേടി. 14573 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലത്തീഫ് വിജയിച്ചത്.

2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ യു ഡി എഫിന് എൽ ഡി എഫിനേക്കാൾ 42320 വോട്ട് കൂടുതലുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും യു ഡി എഫ് വലിയ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലെത്തിയത്, 33,000-ലേറെ വോട്ടിന്റെ മുൻതൂക്കം. ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത് യു ഡി എഫിനെ സംബന്ധിച്ച് ഏറ്റവും ഉറച്ച മണ്ഡലങ്ങളിലൊന്നാണ് മഞ്ചേരിയെന്നാണ്.

6. പെരിന്തൽമണ്ണ:
കനത്ത പോരാട്ടവേദി

  • മുസ്ലിം ലീഗും ഇടതുപക്ഷവും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്ന പെരിന്തൽമണ്ണയിൽ മേൽക്കൈ യു ഡി എഫിന് തന്നെയാണ്.

1957- ൽ രൂപീകരിച്ച മണ്ഡലം. അതിർത്തി പുനർനിർണയത്തിലൂടെ പ്രദേശങ്ങൾക്ക് മാറ്റം സംഭവിച്ചതിനാൽ നിലവിൽ പെരിന്തൽമണ്ണ നഗരസഭയും മേലാറ്റൂർ, വെട്ടത്തൂർ, താഴേക്കോട്, അലിപ്പറമ്പ്, പുലാമന്തോൾ, ഏലംകുളം ഗ്രാമപഞ്ചായത്തുകളുമാണ് പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലുള്ളത്.

യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ ശക്തമായ രാഷ്ട്രീയ പോരാട്ടം നടന്നുവരുന്ന മലപ്പുറത്തെ ചുരുക്കം നിയമസഭാമണ്ഡലങ്ങളിലൊന്നാണ് പെരിന്തൽമണ്ണ.

1957-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പി. ഗോവിന്ദൻ നമ്പ്യാരും 1960- ൽ ഇ. പി. ഗോപാലനും വിജയിച്ച മണ്ഡലത്തിൽ സി പി എമ്മിലെ പാലോളി മുഹമ്മദ് കുട്ടി (1967), വി. ശശികുമാർ (2006) എന്നിവരും ഇടതുമുന്നണിയുടെ പാനലിൽ വിജയിച്ചു.

മുസ്ലിം ലീഗിലെ കെ. കെ. എസ്. തങ്ങൾ (1970,1977), നാലകത്തു സൂപ്പി (1980,1982,1987 ,1991,2001), മഞ്ഞളാം കുഴി അലി (2011,2016) എന്നിവർ യു.ഡി.എഫ് പാനലിൽ വിജയിച്ചവരാണ്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ പെരിന്തൽമണ്ണ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ പെരിന്തൽമണ്ണ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2021-ൽ, എൽ ഡി എഫ് സ്ഥാനാർത്ഥിയായ കെ.പി.എം. മുസ്തഫയെ വെറും 38 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മുസ്ലിം ലീഗിലെ നജീബ് കാന്തപുരം തോൽപ്പിച്ചത്. 2021- ൽ ആകെ പോൾ ചെയ്ത 165725 വോട്ടിൽ നജീബ് കാന്തപുരത്തിന് 76530 വോട്ടും കെ.പി.എം. മുസ്തഫക്ക് 76492 വോട്ടുമാണ് ലഭിച്ചത്.

വയനാട്:
UDF ​പ്രതീക്ഷയും
LDF-ന്റെ ‘പുനരധിവാസ’
സ്വപ്നവും

തദ്ദേശ തിരഞ്ഞെടുപ്പിൽ ഏലംകുളം ഗ്രാമ പഞ്ചായത്തൊഴികെ മറ്റെല്ലാ തദ്ദേശ സ്ഥാപനങ്ങളിലും യു ഡി എഫാണ് അധികാരത്തിലെത്തിയത്, എൽ ഡി എഫിനേക്കാൾ യു.ഡി.എഫിന് 22000- ലേറെ വോട്ട് കൂടുതലുണ്ട്. മുസ്ലിം ലീഗും ഇടതുപക്ഷവും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്ന പെരിന്തൽമണ്ണയിൽ മേൽക്കൈ യു ഡി എഫിന് തന്നെയാണ്.

7. മങ്കട:
യു.ഡി.എഫ് സാധ്യത

  • യു ഡി എഫിനെ സംബന്ധിച്ച് മങ്കട നല്ല വിജയ സാധ്യതയുള്ള മണ്ഡലം.

ലീഗിന് ശക്തമായ സ്വാധീനമുള്ള മണ്ഡലം. അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി, കുറുവ, മക്കരപ്പറമ്പ്, മങ്കട, മൂർക്കനാട്, പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്.

1957 മുതൽ ലീഗ് സ്ഥാനാർത്ഥികളാണ് മിക്ക തിരഞ്ഞെടുപ്പുകളിലും വിജയിച്ചിട്ടുള്ളത്. മുഹമ്മദ് കെ. വി. പി., പി. അബ്ദുൽ മജീദ്, സി.എച്ച്. മുഹമ്മദ് കോയ, കൊരമ്പയിൽ അഹമ്മദ് ഹാജി, കെ. പി. എ. മജീദ്, ടി. എ. അഹമ്മദ് കബീർ എന്നിവർ മങ്കടയിലെ ജനപ്രതിനിധികളായവരാണ്. 1980 മുതൽ 2001 വരെ എം എൽ എ ആയ കെ. പി. എ. മജീദാണ് ഏറ്റവും കൂടുതൽ കാലം മണ്ഡലത്തിന്റെ ജനപ്രതിനിധിയായത്. മുസ്ലിം ലീഗിന്റെ ശക്തികേന്ദ്രമാണെങ്കിലും ഇടതു പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച മഞ്ഞളാംകുഴി അലി 2001, 2006 വർഷങ്ങളിൽ അട്ടിമറി വിജയം നേടിയിട്ടുണ്ട്. എന്നാൽ ഇടതുബന്ധം ഉപേക്ഷിച്ച് അദ്ദേഹം മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി 2021- ൽ വീണ്ടും രംഗത്തുവരികയും ജയിക്കുകയും ചെയ്തു.

വോട്ട് വിഹിതം

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ   മങ്കട  മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ മങ്കട മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

ആകെ 2,18,774 വോട്ടർമാരിൽ 168500 പേരാണ് 2021-ൽ വോട്ട് ചെയ്തത്. മഞ്ഞളാംകുഴി അലിക്ക് 83231 വോട്ടും സി പി എമ്മിലെ ടി. കെ. റഷീദലിക്ക് 76985 വോട്ടും ലഭിച്ചപ്പോൾ ബി ജെ പിയിലെ സജേഷ് ആലയിലിനു 6641 വോട്ടാണ് ലഭിച്ചത് . 6246 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മഞ്ഞളാം കുഴി അലി വിജയിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും യു ഡി എഫ് വലിയ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലെത്തിയത്, 31,000 ലേറെ വോട്ടുകളുടെ ഭൂരിപക്ഷം. ഈ കണക്കുകളെല്ലാം സൂചിപ്പിക്കുന്നത് യു ഡി എഫിനെ സംബന്ധിച്ച് മങ്കട നല്ല വിജയ സാധ്യതയുള്ള മണ്ഡലമാണെന്നതാണ്.

8. മലപ്പുറം:
മറികടക്കാനാകാത്ത ലീഗ്

  • ലീഗിന്റെ ആധിപത്യം തകർക്കാൻ ഇടതുപക്ഷം ശക്തരെ രംഗത്തിറക്കാറുണ്ടെങ്കിലും മുസ്ലിം ലീഗിന്റെ 50 ശതമാനത്തിലേറെയുള്ള വോട്ടുബാങ്കിന് മുന്നിൽ ഈ ശ്രമങ്ങൾ പരാജയപ്പെടാറാണ് പതിവ്.

1957- മുതൽ പ്രാബല്യത്തിലുള്ള മലപ്പുറം നിയമസഭാ മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങൾ മലപ്പുറം നഗരസഭയും മൊറയൂർ, പൂക്കോട്ടൂർ, ആനക്കയം, പുൽപ്പറ്റ, കോഡൂർ ഗ്രാമ പഞ്ചായത്തുകളുമാണ്. ലീഗിന്റെ ഏറ്റവും ശക്തമായ കോട്ടകളിലൊന്ന്. എല്ലാ തിരഞ്ഞെടുപ്പുകളിലും ലീഗാണ് വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിക്കാറുള്ളത്. കെ. ഹസ്സൻ ഗനി, എം. പി. എം. അഹമ്മദ് കുരിക്കൾ, ചാക്കീരി അഹമ്മദ് കുട്ടി, യു. എ. ബീരാൻ, സി.എച്ച്. മുഹമ്മദ് കോയ, പി. കെ. കുഞ്ഞാലികുട്ടി, യൂനസ് കുഞ്ഞു, എം. കെ. മുനീർ, എം. ഉമ്മർ, പി. ഉബൈദുള്ള എന്നിവർ മലപ്പുറത്ത് വിജയിച്ചവരാണ്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ മലപ്പുറം മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ മലപ്പുറം മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

ആകെ 2,11,990 വോട്ടർമാരിൽ 161285 പേരാണ് 2021-ൽ വോട്ടു രേഖപ്പെടുത്തിയത്. ലീഗിലെ പി. ഉബൈദുള്ള 93166 വോട്ടും സി പി എമ്മിലെ പാലോളി അബ്ദുറഹിമാൻ 57958 വോട്ടും നേടി. ബി ജെ പിയിലെ അരീക്കാട് സേതുമാധവന് 5883 വോട്ടാണ് ലഭിച്ചത്. 35,208 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉബൈദുള്ള വിജയിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും വലിയ ഭൂരിപക്ഷത്തോടെയാണ് യു ഡി എഫ് അധികാരത്തിലെത്തിയത്, 60,000 ലേറെ വോട്ടിന്റെ മുൻതൂക്കം.

പത്തനംതിട്ട ജില്ലയിലെ
ജയവും തോൽവിയും
ആര് തീരുമാനിക്കും?

ലീഗിന്റെ ആധിപത്യം തകർക്കാൻ ഇടതുപക്ഷം ശക്തരെ രംഗത്തിറക്കാറുണ്ടെങ്കിലും മുസ്ലിം ലീഗിന്റെ 50 ശതമാനത്തിലേറെയുള്ള വോട്ട് ബാങ്കിന് മുന്നിൽ ഈ ശ്രമങ്ങൾ പരാജയപ്പെടാറാണ് പതിവ്. മണ്ഡലത്തിന്റെ ചരിത്രം വിലയിരുത്തിയാൽ മുസ്ലിം ലീഗ് ഉൾപ്പെടുന്ന യുഡിഎഫ്. മുന്നണിക്ക് വിജയം ഉറപ്പായ ഒരു മണ്ഡലമാണിതെന്ന് ഉറപ്പായും പ്രവചിക്കാനാവും.

9. വേങ്ങര:
തോൽക്കാത്ത ലീഗ്

  • മുസ്ലീം ലീഗിന്റെ സംഘടനാപരമായ ശക്തിയും 50 ശതമാനത്തിലേറെയുള്ള വോട്ട് വിഹിതവും കാരണം യു ഡി എഫിന് ഏറ്റവും വലിയ വിജയസാധ്യതയുള്ള മണ്ഡലം.

2008-ലെ മണ്ഡല പുനഃസംഘടനയിലൂടെയാണ് വേങ്ങര നിലവിൽ വന്നത്. രൂപീകരിച്ചതിനുശേഷമുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും വലിയ ഭൂരിപക്ഷത്തിൽ മുസ്ലീം ലീഗ് വിജയിക്കുന്ന മണ്ഡലം. അബ്ദുറഹ്മാൻ നഗർ (A.R. നഗർ), കണ്ണമംഗലം, ഊരകം, വേങ്ങര, പറപ്പൂർ, ഒതുക്കുങ്ങൽ എന്നീ ഗ്രാമപഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്.

2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ വേങ്ങര  മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ വേങ്ങര മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2011 ലും 2016 ലും ലീഗ് നേതാവ് പി. കെ. കുഞ്ഞാലിക്കുട്ടിയാണ് വിജയിച്ചത്. എന്നാൽ മലപ്പുറം ലോകസഭാ മണ്ഡലത്തിലെ ലോകസഭാംഗമായ ഇ. അഹമ്മദിന്റെ മരണത്തെത്തുടർന്നുണ്ടായ 2017-ലെ ലോകസഭാ ഉപ തിരഞ്ഞെടുപ്പിൽ പി. കെ. കുഞ്ഞാലികുട്ടി സ്ഥാനാർത്ഥിയാവുകയും വിജയിക്കുകയുമുണ്ടായി. അദ്ദേഹം രാജിവെച്ച വേങ്ങര നിയമസഭാ ഉപ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ കെ. എൻ. എ. ഖാദർ വിജയിച്ചു. 2021-ൽ നിയമസഭയിലേക്ക് വീണ്ടും മത്സരിച്ച കുഞ്ഞാലിക്കുട്ടി എൽ ഡി ഫിലെ പി. ജിജിയെ പരാജയപ്പെടുത്തി.

തദ്ദേശ തിരഞ്ഞെടുപ്പിൽ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും യു ഡി എഫ് വലിയ ഭൂരിപക്ഷത്തോടെയാണ് അധികാരത്തിലെത്തിയത്, 45,000 വോട്ടിന്റെ മുൻതൂക്കം.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾക്ക് 2011 മുതലുള്ള മൂന്നു തിരഞ്ഞെടുപ്പിലും വലിയ സ്വാധീനമുണ്ടാക്കാനായിട്ടില്ല. അതോടൊപ്പം ബി.ജെ.പി. ഉൾപ്പെടെയുള്ള മറ്റു പാർട്ടികൾക്ക് കാര്യമായ സ്വാധീനവുമില്ല. മുസ്ലീം ലീഗിന്റെ സംഘടനാപരമായ ശക്തിയും അൻപതുശതമാനത്തിലേറെയുള്ള വോട്ട് വിഹിതവും കാരണം യു ഡി എഫിന് ഏറ്റവും വലിയ വിജയസാധ്യതയുള്ള മണ്ഡലമായി വേങ്ങരയെ കണക്കാക്കാം.

10. വള്ളിക്കുന്ന്:
ഫലിക്കാത്ത
ഇടതുപരീക്ഷണങ്ങൾ

  • ലീഗ് ഉൾപ്പെടുന്ന യു ഡി എഫിന് വിജയം ഉറപ്പായ ഒരു മണ്ഡലമെന്ന നിലയിൽ വള്ളിക്കുന്നിനെ പരിഗണിക്കാം.

2008- ലെ അതിർത്തി പുനർനിർണയത്തിലൂടെ രൂപീകരിച്ച വള്ളിക്കുന്ന് നിയമസഭ മണ്ഡലം. വള്ളിക്കുന്ന്, പെരുവാല്ലൂർ, തേഞ്ഞിപ്പലം, മൂന്നിയൂർ , ചേലേമ്പ്ര, പള്ളിക്കൽ എന്നീ ഗ്രാമപഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്.

ലീഗിനും യു ഡി എഫിനും ശക്തമായ സ്വാധീനമുള്ള മണ്ഡലം. രൂപീകൃതമായത് മുതൽ ലീഗ് സ്ഥാനാർത്ഥികൾക്കാണ് ജയം. 2011- ൽ കെ. എൻ. എ. ഖാദറും 2016, 2021 തിരഞ്ഞെടുപ്പുകളിൽ പി. അബ്ദുൽ ഹമീദുമാണ് വിജയിച്ചവർ.

2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ വള്ളിക്കുന്ന്  മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ വള്ളിക്കുന്ന് മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

വോട്ടു വിഹിതം സംബന്ധിച്ച കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകുന്നത് 12 ശതമാനത്തിലേറെയുള്ള മേൽക്കൈ യു ഡി എഫിനുണ്ട് എന്നാണ്. ലീഗിന്റെ ആധിപത്യം തകർക്കാൻ ഇടതുപക്ഷം ശ്രമിക്കാറുണ്ടെങ്കിലും ഫലിക്കാറില്ല.

മറ്റൊരു ശ്രദ്ധേയമായ കാര്യം മലപ്പുറത്തെ ഭൂരിപക്ഷം മണ്ഡലത്തിലും ബി ജെ പിക്ക് കാര്യമായ സ്വാധീനമില്ലെങ്കിലും വള്ളിക്കുന്നിൽ 13 ശതമാനത്തിനടുത്തുള്ള വോട്ട് ബി ജെ പിക്കുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പിൽ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും യു ഡി എഫ് വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്, 30,000- ലേറെ വോട്ടിന്റെ ഭൂരിപക്ഷാ. ഈ കണക്കുകൾ പ്രകാരം ലീഗ് ഉൾപ്പെടുന്ന യു ഡി എഫിന് വിജയം ഉറപ്പായ ഒരു മണ്ഡലമെന്ന നിലയിൽ വള്ളിക്കുന്നിനെ പരിഗണിക്കാം.

11. തിരൂരങ്ങാടി:
മാറാത്ത ലീഗ് മണ്ഡലം

  • മുൻ തിരഞ്ഞെടുപ്പുകളുടെ ജനവിധിയും മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവവും പരിഗണിച്ചാൽ തിരൂരങ്ങാടി യു ഡി എഫിന് അനുകൂലമാകാൻ ഏറെ സാധ്യതയുള്ള മണ്ഡലമാണ്.

1957 മുതൽ നിലവിലുള്ള തിരൂരങ്ങാടിയിൽ, അതിർത്തി പുനർനിർണയത്തിലൂടെ പ്രദേശങ്ങൾക്ക് മാറ്റമുണ്ടായിട്ടുണ്ട്. പരപ്പനങ്ങാടി, തിരുരങ്ങാടി നഗരസഭകളും നന്നമ്പ്ര, തെന്നല, എടരിക്കോട്, പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതാണ് മണ്ഡലം.

1957- മുതൽ എല്ലാ തിരഞ്ഞെടുപ്പുകളിലും മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളാണ് വിജയിച്ചിട്ടുള്ളത്. കെ. കരുണാകരൻ 1995 മാർച്ച് 16 ന് മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജിവെച്ചപ്പോൾ നിയമസഭാംഗമല്ലാതിരുന്ന എ. കെ. ആൻ്റണി മുഖ്യമന്ത്രിയായ അവസരത്തിൽ, അദ്ദേഹത്തെ മത്സരിപ്പിക്കുന്നതിനായി ഏറ്റവും വിജയ സാധ്യതയുള്ള മണ്ഡലമായ തിരുരങ്ങാടിയാണ് യു ഡി എഫ് നിർദ്ദേശിച്ചത്. ലീഗിലെ എം എൽ എയായ യു. എ. ബീരാൻ സ്ഥാനം രാജിവെച്ച് തിരൂരങ്ങാടി ആൻ്റണിയ്ക്ക് നൽകി, അദ്ദേഹം വിജയിക്കുകയും ചെയ്തു.

മണ്ഡലത്തിൽ നിന്ന് വിജയിച്ച മറ്റുള്ളവരെല്ലാം ലീഗുകാരാണ്. കെ. അവുക്കാദർ കുട്ടി നഹയാണ് ഏഴ് തവണ (1967-ലെ തിരഞ്ഞെടുപ്പ് ഒഴികെയുള്ള 1957 മുതൽ 1987 വരെ) മണ്ഡലത്തെ പ്രതിനിധീകരിച്ചത്. എ. കെ. എൻ. ലാജി, സി. പി. കുഞ്ഞാലികുട്ടി കേയി, കുട്ടി അഹമ്മദ് കുട്ടി, പി. കെ. അബ്ദുറബ്ബ് എന്നിവർ മണ്ഡലത്തിലെ ജനപ്രതിനിധികളായവരാണ്.

രാഷ്ട്രീയ
അടിയൊഴുക്കുണ്ടോ,
കാസർകോട് ജില്ലയിൽ?

2021-ൽ ആകെ പോൾ ചെയ്ത 148008 വോട്ടിൽ ലീഗിലെ കെ. പി. എ. മജീദിന് 73499 വോട്ടും സി പി ഐയുടെ നിയാസ് പുളിക്കലകത്തിന് 63921 വോട്ടും ലഭിച്ചു. ബി ജെ പിയിലെ കള്ളിയത് സത്താർ ഹാജി 8314 വോട്ടാണ് നേടിയത്. 9578 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ. പി. എ. മജീദ് വിജയിച്ചത്.

മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും 2025-ൽ യു ഡി എഫ് വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്, 34,000 ലേറെ വോട്ടുകളുടെ ഭൂരിപക്ഷം. മുൻ തിരഞ്ഞെടുപ്പുകളുടെ ജനവിധിയും മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവവും പരിഗണിച്ചാൽ തിരൂരങ്ങാടി യു ഡി എഫിന് അനുകൂലമാകാൻ ഏറെ സാധ്യതയുള്ള മണ്ഡലമാണ്.

12. താനൂർ:
രാഷ്ട്രീയ
അടിയൊഴുക്കുകൾ

  • പഴയ കാല തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി മലപ്പുറം ജില്ലയിൽ ഇരുമുന്നണികളും വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമായി താനൂർ മാറിയിരിക്കുന്നു.

1957 മുതൽ പ്രാബല്യത്തിലുള്ള താനൂർ, താനൂർ മുൻസിപ്പാലിറ്റിയും ഒഴുർ, പൊന്മുണ്ടം, താനാളൂർ, നിറമരുതൂർ, ചെറിയമുണ്ടം ഗ്രാമപഞ്ചായത്തുകളും ചേർന്നതാണ്. മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രങ്ങളിലൊന്ന്.

ലീഗിന്റെ മുൻനിര നേതാക്കളിലൊരാളായ സി.എച്ച്. മുഹമ്മദുകോയ ആദ്യമായി നിയമസഭാംഗമായത് 1957- ൽ താനൂരിൽനിന്നാണ്. 1960- ലും താനൂരിൽ വിജയിച്ച അദ്ദേഹം 1962 ഫെബ്രുവരിയിൽ കോഴിക്കോട് മണ്ഡലത്തിൽ നിന്നും ലോകസഭയിലേക്ക് തിരഞ്ഞെടുത്തതിനെത്തുടർന്ന് 1962 മാർച്ച് 6 ന് നിയമസഭാംഗത്വം രാജിവെച്ചു. എം. മൊയ്‌ദീൻകുട്ടി ഹാജി, ഉമ്മർ ബാഫാക്കി തങ്ങൾ, യു. എ. ബീരാൻ, ഇ. അഹമ്മദ്, പി. സീതിഹാജി, കുട്ടി അഹമ്മദ് കുട്ടി, പി. കെ. അബ്ദുറബ്ബ്, അബ്ദുറഹിമാൻ രണ്ടത്താണി എന്നിവരും താനൂരിലെ ജനപ്രതിനിധിയായവരാണ്. താനൂരിൽ നിന്നുള്ള നിയമസഭാംഗമായിരുന്ന പി. സീതിഹാജി 1991- ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ ചീഫ് വിപ്പായിരിക്കേയാണ് 1991 ഡിസംബർ അഞ്ചിന് മരിച്ചത്. 1992- ൽ നടന്ന ഉപതിരഞ്ഞെടുപ്പിലാണ്‌ കുട്ടി അഹമ്മാദ് കുട്ടി വിജയിച്ചത്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ താനൂർ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ താനൂർ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

2016-ൽ സി.പി.എം പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി വി. അബ്ദുറഹ്മാൻ ലീഗിലെ അബ്ദുറഹിമാൻ രണ്ടത്താണിയെ പരാജയപ്പെടുത്തി മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമാക്കി. ഇത് മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാന വഴിത്തിരിവായി.

2021-ലും വി. അബ്ദുറഹ്മാൻ (70704 വോട്ട് ) ലീഗിലെ പി. കെ. ഫിറോസിനെ (69719 വോട്ട്) നേരിയ ഭൂരിപക്ഷത്തിന് (985 വോട്ട് ) പരാജയപ്പെടുത്തി മണ്ഡലം നിലനിർത്തി.

തദ്ദേശ തിരഞ്ഞെടുപ്പിൽ നിറമരുതൂർ, പൊന്മുണ്ടം ഗ്രാമപഞ്ചായത്തൊഴികെയുള്ള മറ്റിടങ്ങളിൽ യു ഡി എഫാണ് അധികാരത്തിലെത്തിയത്​; യു ഡി എഫിന് 16000 ലേറെ വോട്ട് അധികം.

യുഡിഎഫ്. വിരുദ്ധ വോട്ടുകൾ ഏകീകരിച്ചും ലീഗിന്റെ പരമ്പരാഗത വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കിയുമാണ് 2016-ലും 2021-ലും സി പി എം പിന്തുണച്ച സ്വതന്ത്രൻ വി. അബ്ദുറഹ്മാൻ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിച്ചത്. ലീഗിന് ശക്തമായ വേരുള്ള മണ്ഡലമാണെങ്കിലും സമീപകാലത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശ്രദ്ധേയമായ മുന്നേറ്റം താനൂരിന്റെ രാഷ്ട്രീയ സ്വഭാവത്തിൽ ചെറിയതോതിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പഴയ കാല തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി മലപ്പുറം ജില്ലയിൽ ഇരുമുന്നണികളും വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമായി താനൂർ മാറിയിരിക്കുന്നു.

13. തിരൂർ:
അട്ടിമറി സാധ്യത
എത്രത്തോളം?

  • കൂടുതൽ സ്വീകാര്യനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കി 2006-ലെ പോലെ അട്ടിമറി വിജയം നേടാൻ കഴിയുമോ എന്നാണ് ഇടതുമുന്നണി ക്യാമ്പ് ചിന്തിക്കുന്നത്.

തിരൂർ മുനിസിപ്പാലിറ്റിയും ആതവനാട്, കൽപകഞ്ചേരി, തലക്കാട്, തിരുനാവായ, വെട്ടം, വളവന്നൂർ ഗ്രാമപഞ്ചായത്തുകളും അടങ്ങിയ മണ്ഡലം.

1957-ൽ രൂപീകരിച്ച ശേഷം, 2006 ഒഴികെ വിജയിച്ചത് ലീഗ്. ലീഗിലെ കെ. മൊയ്തീൻകുട്ടി ഹാജി, കെ.എം. കുട്ടി, കുഞ്ഞൂകുട്ടി ഹാജി, യു. എ. ബീരാൻ, ഇ. ടി. മുഹമ്മദ് ബഷീർ, സി. മമ്മൂട്ടി എന്നിവരാണ് മുൻകാല ജനപ്രതിനിധികൾ. 2006-ൽ സി പി എമ്മിലെ പി.പി. അബ്ദുള്ളക്കുട്ടി അട്ടിമറി വിജയം നേടിയിരുന്നു. ബി.ജെ.പിക്ക് 4- 10 ശതമാനം വരെ വോട്ട് മുൻ തിരഞ്ഞെടുപ്പുകളിൽ നേടാൻ കഴിഞ്ഞിട്ടുണ്ട്.

രാഹുലും ശശിയും
പാലക്കാടിന്റെ
ഇലക്ഷൻ സൂത്രങ്ങളും

2021-ൽ ആകെ പോൾ ചെയ്ത 170851വോട്ടിൽ ലീഗിലെ കുറുക്കോളി മൊയ്‌ദീന് 82314 വോട്ടും എൽ ഡി എഫിലെ ഗഫൂർ പി ലില്ലിസിന് 75100 വോട്ടുമാണ് ലഭിച്ചത്. ബി ജെ പിയിലെ അബ്ദുൽ സലാമിന് 9097 വോട്ടും ലഭിച്ചു. 7214 വോട്ടിന്റെ ഭൂരിപക്ഷമാണ് കുറുക്കോളി മൊയ്തീന്.

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ  തിരൂർ  മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ തിരൂർ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

തദ്ദേശ തിരഞ്ഞെടുപ്പിൽ മുഴുവൻ തദ്ദേശ സ്ഥാപങ്ങളിലും യു ഡി എഫ് ഭരണത്തിലെത്തി, യു ഡി എഫിന് 32000- ലേറെ വോട്ടിന്റെ ഭൂരിപക്ഷം.

ലീഗിന് വലിയ പിന്തുണയുള്ള മണ്ഡലത്തിൽ കടുത്ത മത്സരം കാഴ്ച്ചവെക്കാനുള്ള ശക്തി ഇടതുമുന്നണിക്കുണ്ട്. കൂടുതൽ സ്വീകാര്യനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കി 2006-ലേതിനെ പോലെ അട്ടിമറി വിജയം നേടാൻ കഴിയുമോയെന്നാണ് ഇടതുമുന്നണി ക്യാമ്പ് ചിന്തിക്കുന്നത്.

14. കോട്ടക്കൽ:
യു.ഡി.എഫ്
മുൻതൂക്കം

  • മുൻ തിരഞ്ഞെടുപ്പുകളുടെ ജനവിധിയും മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവവും പരിഗണിച്ചാൽ യു ഡി എഫിന് അനുകൂലമാകാൻ ഏറെ സാധ്യതയുള്ള മണ്ഡലം.

2008-ലെ ഡീലിമിറ്റേഷൻ പ്രക്രിയക്ക് ശേഷം കുറ്റിപ്പുറം മണ്ഡലം പുനഃസംഘടിപ്പിച്ചാണ് കോട്ടക്കൽ രൂപീകരിച്ചത്. കോട്ടക്കൽ നഗരസഭ, വളാഞ്ചേരി നഗരസഭ, കുറ്റിപ്പുറം, എടയൂർ, മറാക്കര, ഇരുമ്പിളിയം, പൊന്മല എന്നീ പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്.

പൊതുവായ രാഷ്ട്രീയ ചായ്‌വ് യു ഡി എഫിന് (പ്രത്യേകിച്ച് മുസ്ലീം ലീഗിന്) അനുകൂലമാണ്. എന്നിരുന്നാലും, കുറ്റിപ്പുറം ഉണ്ടായിരുന്നപ്പോൾ ലീഗ് വിമതനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയുമായ കെ. ടി. ജലീൽ പി. കെ. കുഞ്ഞാലിക്കുട്ടിയെ 2006- ൽ പരാജയപ്പെടുത്തി ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. ഈ പരാജയം അന്ന് വലിയ രാഷ്ട്രീയ ചലനങ്ങളാണ് സൃഷ്ടിച്ചത്.

1960-ൽ കോൺഗ്രസും പി എസ് പിയും മുസ്ലിം ലീഗും ഉൾപ്പെട്ട മുന്നണി കമ്മ്യൂണിസ്റ്റ് പാർട്ടിയെ പരാജയപ്പെടുത്തി കേരളത്തിൽ അധികാരത്തിലെത്തിയപ്പോൾ കുറ്റിപ്പുറത്തുനിന്ന് ജയിച്ച കെ.എം. സീതി സാഹിബായിരുന്നു സ്പീക്കറായത്. 1961 ഏപ്രിൽ 17-ന് അദ്ദേഹം പദവിയിലിരിക്കെ മരിച്ചപ്പോൾ പിൻഗാമിയായി സി. എച്ച്. മുഹമ്മദ് കോയ സ്പീക്കറായി.

കോട്ടക്കൽ മണ്ഡലം രൂപീകൃതമായ ശേഷം നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലും (2011, 2016, 2021) ലീഗ് സ്ഥാനാർത്ഥികളാണ് വിജയിച്ചത്.

2021 ൽ ആകെ 216518 വോട്ടർമാരിൽ 160235 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ലീഗിലെ ആബിദ് ഹുസൈൻ തങ്ങൾ 81700 വോട്ടും എൽ ഡി എഫിലെ എൻ സി പി സ്ഥാനാർത്ഥി എൻ. എ. മുഹമ്മദ് കുട്ടി 65112 വോട്ടും ബി ജെ പിയിലെ പി. പി. ഗണേശൻ 10796 വോട്ടും നേടി. 16,588 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആബിദ് ഹുസൈൻ തങ്ങൾ വിജയിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ മുഴുവൻ തദ്ദേശ സ്ഥാപങ്ങളിലും യു ഡി എഫ് ഭരണത്തിലെത്തി, യു.ഡി.എഫിന് 29,000 ലേറെ വോട്ട് കൂടുതൽ.

മുൻ തിരഞ്ഞെടുപ്പുകളുടെ ജനവിധിയും മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവവും പരിഗണിച്ചാൽ കോട്ടക്കൽ യു ഡി എഫിന് അനുകൂലമാകാൻ ഏറെ സാധ്യതയുള്ള മണ്ഡലമാണ്.


15.തവനൂർ:
പ്രതീക്ഷ
ഇരു മുന്നണികൾക്കും

  • 2021- ൽ ഇരുമുന്നണികളും തമ്മിൽ നേരിയ വോട്ട് വ്യത്യാസമേയുള്ളൂ എന്നതിനാൽ, 2026ൽ ഇരു മുന്നണികളും വിജയം പ്രതീക്ഷിക്കുന്നുണ്ട്.

2008-ലെ മണ്ഡലങ്ങളുടെ ഡീലിമിറ്റേഷൻ പ്രക്രിയക്ക് ശേഷമാണ് തവന്നൂർ രൂപികൃതമാകുന്നത്. തവനൂർ, വട്ടംകുളം, എടപ്പാൾ, മംഗലം, തൃപ്രങ്ങോട്, പുറത്തുർ, കാലടി ഗ്രാമപഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. ചില പഞ്ചായത്തുകളിൽ യു ഡി എഫിനും മറ്റു ചിലതിൽ എൽ.ഡി.എഫിനും വ്യക്തമായ ആധിപത്യമുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായ കെ.ടി. ജലീലാണ് തുടർച്ചയായി മൂന്നു തവണയും വിജയിച്ചത്‌.

2021-ൽ ആകെ പോൾ ചെയ്ത 151660 വോട്ടിൽ ജലീലിന് 70358 വോട്ടും യു ഡി എഫിലെ ഫിറോസ് കുന്നംപറമ്പിലിന് 67794 വോട്ടും ബി ജെ പിയിലെ രമേശ് കോട്ടയിപുറത്തിന് 9914 വോട്ടും ലഭിച്ചു. 2564 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ. ടി. ജലീൽ ജയിച്ചത്.

2011- 2021 കാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തവനൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥികൾ നേടിയ ഭൂരിപക്ഷം.
2011- 2021 കാലത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തവനൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥികൾ നേടിയ ഭൂരിപക്ഷം.
2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ  തവന്നൂർ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
2011 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ തവന്നൂർ മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

തദ്ദേശ തിരഞ്ഞെടുപ്പിൽ മുഴുവൻ തദ്ദേശ സ്ഥാപന ങ്ങളിലും യു ഡി എഫ് അധികാരത്തിലെത്തി, 9000 ലേറെ വോട്ടിന്റെ മേൽക്കൈ.

മലപ്പുറം ജില്ലയിൽ ഇടതുമുന്നണി വീണ്ടും വിജയിക്കാൻ സാധ്യതയുള്ള മണ്ഡലമാണ് തവനൂർ. 2021- ൽ ഇരുമുന്നണികളും തമ്മിൽ നേരിയ വോട്ട് വ്യത്യാസമേയുള്ളൂ എന്നതിനാൽ, 2026ൽ ഇരു മുന്നണികളും വിജയം പ്രതീക്ഷിക്കുന്നുണ്ട്.

16. പൊന്നാനി:
എൽ.ഡി.എഫ് പ്രതീക്ഷ

  • കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും ഇടതു മുന്നണിയുടെ വോട്ടുവിഹിതം 50 ശതമാനത്തിനടുത്തായിരുന്നു. മുന്നണി വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് പൊന്നാനി.

1957 മുതൽ പ്രാബല്യത്തിലുള്ള മണ്ഡലത്തിന്റെ അതിർത്തി 2008- ൽ പുതുക്കി നിശ്ചയിച്ചിരുന്നു. അതിനുശേഷം പൊന്നാനി നഗരസഭയും മാറഞ്ചേരി, ആലംകോട്, നന്നമുക്ക്, പെരുമ്പടപ്പ്, വെളിയംകോട് ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതാണ് മണ്ഡലം.

1957 ലും 1960 ലും ദ്വയാംഗ മണ്ഡലമായിരുന്ന പൊന്നാനിയിലെ ആദ്യകാല തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനും മുസ്ലിം ലീഗിനും അനുകൂലമായിരുന്നു ജനവിധി. കോൺഗ്രസ്സിലെ കെ കുഞ്ഞമ്പു, കമ്മ്യൂണിസ്റ്റു പാർട്ടിയിലെ ഇ. ടി. കുഞ്ഞൻ, മുസ്ലിം ലീഗിലെ വി. പി. സി. തങ്ങൾ എന്നിവർ ആദ്യ തിരഞ്ഞെടുപ്പുകളിൽ ജയിച്ചവരാണ്. സ്വതന്ത്രനായി മത്സരിച്ച ഹാജി എം. വി. ഹൈദ്രോസ്, കോൺഗ്രസിലെ എം. പി. ഗംഗാധരൻ, പി. ടി. മോഹനകൃഷ്ണൻ, സിപിഎമ്മിലെ കെ ശ്രീധരൻ, ഇ കെ ഇമ്പിച്ചിബാവ, പാലോളി മുഹമ്മദു കുട്ടി, പി. ശ്രീരാമകൃഷ്ണൻ എന്നിവർ വിവിധ കാലങ്ങളിലായി പൊന്നാനിയിലെ ജനപ്രതിനിധികളായവരാണ്.

അസംഘടിത തൊഴിലാളികളെ സംഘടിപ്പിച്ച് സംഘടനാ പ്രവർത്തനം തുടങ്ങിയ ഇ. കെ. ഇമ്പിച്ചിബാവയാണ് പ്രദേശത്തെ രാഷ്ട്രീയത്തെ ഏറെ സ്വാധീനിച്ച നേതാവ്. കേരളത്തിൽ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ വളർച്ചക്ക് പ്രധാന പങ്കു വഹിച്ച അദ്ദേഹം പൊന്നാനി ഉൾപ്പെട്ട ലോകസഭ മണ്ഡലത്തിൽ 1962- ൽ വിജയിച്ചിട്ടുണ്ട്. അതോടൊപ്പം മണ്ണാർക്കാട്ടുനിന്ന് 1967- ൽ തിരഞ്ഞെടുക്കപ്പെട്ട ഇമ്പിച്ചിബാവ രണ്ടാം ഇ. എം. എസ് മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയുമായിരുന്നു. പൊന്നാനിലെ മറ്റൊരു പ്രമുഖ കമ്യൂണിസ്റ്റു നേതാവാണ് പാലോളി മുഹമ്മദ് കുട്ടി. ഇമ്പിച്ചി ബാവക്കുശേഷം പൊന്നാനിയിലെ ജനപ്രതിനിധിയായ അദ്ദേഹം 1996-2001, 2006-2011 മന്ത്രിസഭകളിൽ തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു. മണ്ഡലവുമായി ബന്ധപ്പെട്ട മറ്റൊരു നേതാവായ കോൺഗ്രസിലെ എം. പി. ജനപ്രതിനിധിയായത്. 1982 -87 കാലഘട്ടത്തിലെ കെ. കരുണാകരൻ മന്ത്രിസഭയിലെ അംഗമായിരുന്നു

1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ പൊന്നാനി മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)
1987 മുതൽ 2021 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മുന്നണികൾ പൊന്നാനി മണ്ഡലത്തിൽ നേടിയ വോട്ടുവിഹിതം (ശതമാനത്തിൽ)

ജില്ലയിൽ സി പി എമ്മിന് സ്വാധീനമുള്ള പൊന്നാനിയിൽ 1991 മുതൽ (2001 ലെ തിരഞ്ഞെടുപ്പിലൊഴികെ) തുടർച്ചയായി എൽ ഡി എഫാണ് വിജയിക്കുന്നത്. 2011,2016 വർഷങ്ങളിൽ പൊന്നാനിയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടത് സി പി എമ്മിലെ പി. ശ്രീരാമകൃഷ്ണനാണ്. 2016-21ലെ നിയമസഭയിൽ സ്‌പീക്കറായിരുന്നു.

2021-ൽ സി പി എമ്മിലെ പി. നന്ദകുമാറാണ് വിജയിച്ചത്. ആകെ പോൾ ചെയ്ത 145590 വോട്ടിൽ പി. നന്ദകുമാർ 74668 വോട്ടും കോൺഗ്രസിലെ എ എം രോഹിത് 57625 വോട്ടും ബി ജെ പിയിലെ സുബ്രമണ്യൻ സി 7419 വോട്ടും നേടി. 17043 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നന്ദകുമാർ വിജയിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ പൊന്നാനി നഗരസഭയും വെളിയംകോടും എൽ ഡി എഫും മറ്റ് തദ്ദേശ സ്ഥാപനങ്ങൾ യു ഡി എഫും നേടി, ആയിരത്തിനടുത്ത് വോട്ടുകളുടെ നേരിയ മുൻ‌തൂക്കം യു.ഡി.എഫിന്.

1991 മുതൽ തുടർച്ചയായി ഇടതുമുന്നണി വിജയിക്കുന്ന മണ്ഡലത്തിൽ കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും ഇടതു മുന്നണിയുടെ വോട്ടു വിഹിതം 50 ശതമാനത്തിനടുത്തായിരുന്നു. മുന്നണി വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് പൊന്നാനി.

2026-ലെ
സാധ്യതകൾ

മുൻ തിരഞ്ഞെടുപ്പുകളിലെ വോട്ടുവിഹിതവും ജനപ്രതിനിധികളുടെ പ്രവർത്തനങ്ങളും വിലയിരുത്തിയാൽ 16 നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയിൽ 2026-ൽ മുന്നണികളുടെ സാധ്യത താഴെ സൂചിപ്പിക്കും പ്രകാരമായേക്കാം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പ്രകടിപ്പിച്ച രാഷ്ട്രീയ സ്വഭാവത്തിൽനിന്ന് വ്യത്യസ്തമായി ഏതെങ്കിലും മുന്നണിക്ക് അനുകൂലമായോ പ്രതികൂലമായോ വലിയ തരത്തിൽ വോട്ട് ചാഞ്ചാടിയാൽ ജയിക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ മാറ്റമുണ്ടാകും.

മുൻ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം, രാഷ്ട്രീയ പ്രതികരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലെ 2026-ലെ സാധ്യതകൾ.
മുൻ തെരഞ്ഞെടുപ്പിലെ വോട്ടുവിഹിതം, രാഷ്ട്രീയ പ്രതികരണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലെ 2026-ലെ സാധ്യതകൾ.

Comments