കവിത എഴുതിത്തുടങ്ങിയപ്പോൾ കവിത കേരളത്തിൽ എവിടെയാണ് സംഭവിക്കുന്നതെന്നറിയാൻ താൽപര്യം ഉണ്ടായിരുന്നു. കവിത എഴുതുന്നവരുടെ / വായിക്കുന്നവരുടെ കൂട്ടങ്ങൾ അഥവാ കവിതയുടെ ഒരു ‘പബ്ലിക്’ / പൊതുവിടം ഉണ്ടോ എന്നറിയാൻ കൗതുകമുണ്ടായിരുന്നു. പക്ഷേ അതു കണ്ടെത്താൻ പലതരത്തിലുള്ള പരിമിതികളുണ്ടായിരുന്നു.
മലയാളകവിതയുടെ പൊതുചരിത്രം രക്ഷാധികാരികളായ പുരുഷൻമാർ കൂട്ടം കൂടി അവരുടെ റിപ്പബ്ലിക് സ്ഥാപിക്കാൻ നിരന്തരം പരിശ്രമിക്കുന്നതിനെക്കുറിച്ചു കൂടിയാണ്. അത്തരമൊരു പബ്ലിക്കിന്റെ ഏറെക്കുറെ പ്രതീകാത്മകമായ പ്രതിഫലനങ്ങൾ ആദ്യം കണ്ടു കിട്ടിയത് ഡിജിറ്റൽ മീഡിയയിൽ നിന്നാണ്.
പ്രാദേശികമായ ഒരു പബ്ലിക്കിനെ, കവിതയുടേതോ അല്ലാത്തതോ ആയ ഒന്നിനെ തന്നെ, ഡിജിറ്റൽ മീഡിയ കീഴ്മേൽ മറിച്ചു. പക്ഷേ, അപ്പോഴും കവിതയാകട്ടെ, മറ്റേത് കലയുമാവട്ടെ, ഇത്തരം ഒരു പ്രതലത്തെ മുൻനിർത്തി നിർണ്ണയിക്കാൻ പറ്റുന്ന ഒരു സാധ്യതയുമല്ല. രക്ഷാധികാരികൾ, ഡിജിറ്റൽ മീഡിയ തുടങ്ങിയതിനെയെല്ലാം വെല്ലുന്നതാണ് കലയുടെ മാന്ത്രികത. അതെല്ലാത്തിലൂടെയും കടന്നു പോവുന്നു, വേണ്ടത് എടുക്കുന്നു, രൂപം മാറുന്നു. ഡിജിറ്റൽ മീഡിയയും അതിന്റെ വഴിയിലുണ്ട്.
എന്താണ് കവിതയുടെ മാധ്യമം?
അല്ലെങ്കിൽ എന്താണ് കവിത എന്ന മാധ്യമം?
ആത്യന്തികമായി കവിതയുടെ മാധ്യമം അതിന്റെ ആന്തരികമായ ഊർജവും താളവും വിനിമയ ശേഷിയുമാണ്. അത് തീർച്ചയായും ഡിജിറ്റൽ മീഡിയയിൽ നിന്നോ അല്ലെങ്കിൽ ഇനി ഒരു അമ്പതു വർഷങ്ങൾ കഴിഞ്ഞുവരുന്ന മറ്റൊരു മീഡിയയിൽ നിന്നോ വരുന്നതല്ല.
മലയാളകവിതയുടെ പൊതുചരിത്രം രക്ഷാധികാരികളായ പുരുഷൻമാർ കൂട്ടം കൂടി അവരുടെ റിപ്പബ്ലിക് സ്ഥാപിക്കാൻ നിരന്തരം പരിശ്രമിക്കുന്നതിനെക്കുറിച്ചു കൂടിയാണ്.
അത് എഴുതുന്ന കവിയിൽ നിന്ന് വരുന്നതാണ്. കവിതയുടെ മാധ്യമത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഇന്നത്തെ കാലത്ത് ഡിജിറ്റൽ മീഡിയ / സോഷ്യൽ മീഡിയ എന്ന മാധ്യമത്തെ മുൻനിർത്തി സംസാരിക്കാൻ വളരെ എളുപ്പമാണ്. അത് പലതും എളുപ്പമാക്കിയിരിക്കാം. പക്ഷേ, ആദ്യം കവിത എന്ന കലാരൂപം നേരത്തെ പറഞ്ഞ ഘടകങ്ങളെ മുൻനിർത്തി ഓരോ കാലത്തും ആർജിച്ചെടുക്കുന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ മാത്രമാണ് എങ്ങനെയാണ് നവീകരിച്ച് കവിത മുന്നോട്ട് പോവുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. അത്തരം ചർച്ചകൾ നമ്മുടെ മേഖലയിൽ വളരെ കുറവാണ്.
ആധുനിക കവിതയുടെ കാലത്ത് ഡിജിറ്റൽ മാധ്യമങ്ങൾ ഉണ്ടായിരുന്നില്ല. എങ്കിലും അതെഴുതിയ എല്ലാവർക്കുംവേണ്ടി നിലകൊള്ളുന്ന സവർണ പുരുഷന്മാരുടെ ശബ്ദം വളരെ വലുതായിരുന്നു. അവർക്കുശേഷം വന്ന കവികൾ, 90-കളിൽ എഴുതിയവർ, ഭാവനയുടെ വളരെ ambitious ആയ ഒരു ഭാഷയിലേക്ക് ഒരിക്കലും എത്തിയില്ല.
കവിതയിൽ ശബ്ദം കുറഞ്ഞാൽ കവിത നന്നാവും എന്നിവർ കരുതി. അത് വലിയ ശബ്ദത്തിൽ പ്രചരിപ്പിക്കാനും ഇവർ ശ്രദ്ധിച്ചു. ശബ്ദവും തിളക്കവും ഇവരേക്കാൾ കൂടിയ ഡിജിറ്റൽ മീഡിയ വന്നപ്പോൾ സ്വഭാവികമായും ഇവർ ശബ്ദം ഇരട്ടിപ്പിച്ചു. ഈ ലേഖനത്തിന്റെ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ കവികൾ രക്ഷാധികാരികളാവുന്നതിന്റെ പൊതുചരിത്രം (അത് 90- കളിലെഴുതിയ കവികൾക്ക് മുൻപും ആൺകവികളുടെ റിപ്പബ്ലിക് സ്വാഭാവികമെന്ന നിലയിൽ ചെയ്തുവന്നതായിരിക്കാമെന്നിരിക്കെ) വെളിവാക്കപ്പെടുന്നത് ഇവരിലൂടെയാണ്.
അതിക്കാലത്ത് കൂടുതൽ കൂടുതൽ വെളിപ്പെട്ടുവരുന്നതിൽ ഡിജിറ്റൽ മീഡിയയ്ക്ക് പങ്കുണ്ട്. രേഖീയമായി ആധുനികരിലും പിന്നീട് വന്നവരിലും ഊന്നിപ്പറയാൻ കാരണം, അവരാണ് കവിതയുടെ പബ്ലിക് എന്ന തോന്നലുണ്ടാക്കാൻ അവർക്ക് കഴിഞ്ഞു എന്നതുകൊണ്ടാണ്.
2000-നുശേഷം എഴുതിയ കവിതയെക്കുറിച്ച് ഇനിയും പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു. അത് തീർച്ചയായും 90-കളിലെ കവിതയോ അതിന്റെ തുടർച്ചയോ അല്ലേയല്ല. 2000-ങ്ങളിൽ കവിതയുടെ ലോകത്തേക്ക് പ്രവേശിച്ച തലമുറ മറ്റൊരു ലോകത്ത് ജീവിക്കുന്നവരാണ്. ഡിജിറ്റൽ മീഡിയയുടെ കാലത്ത് എഴുതിയ കവിതകൾക്കെല്ലാം ഒരേ സ്വഭാവമാണെന്നു സമർത്ഥിക്കുന്ന പഠനങ്ങൾ കവിയെയോ കവിതയെയോ സഹായിക്കുന്നില്ല. 2000- നുശേഷമുള്ള കവിതയെ കുറിച്ച് പറയുമ്പോൾ കവിത എന്ന മാധ്യമത്തെ മുൻനിർത്തിയുള്ള പഠനങ്ങൾ വരേണ്ടതുണ്ട്.
Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍
ദിലീപ് പ്രേമചന്ദ്രൻ \ കമൽറാം സജീവ് • ജോണി എം.എൽ. • പ്രമോദ് പുഴങ്കര • കരുണാകരൻ • കെ.ടി. കുഞ്ഞിക്കണ്ണൻ • അരുൺപ്രസാദ് • പി.എൻ. ഗോപീകൃഷ്ണൻ • ഡോ. എം. മുരളീധരൻ • Read More