ഡിജിറ്റൽ കാലം ലോകത്തെ മാറ്റിമറിച്ചിരിക്കുന്നു. 20-ാം നൂറ്റാണ്ടിലെ ഒമ്പതു ദശകങ്ങളിലുണ്ടായ സാങ്കേതിക പരിണാമങ്ങളെയൊക്കെ നിഷ്പ്രഭമാക്കുന്ന തരത്തിലായിരുന്നു തുടർന്നുള്ള പത്തു വർഷങ്ങളിലെ സാങ്കേതികവിദ്യാമുന്നേറ്റം. 20-ാം നൂറ്റാണ്ട് 21-ാം നൂറ്റാണ്ടിലേയ്ക്ക് സംക്രമിയ്ക്കുന്ന വേളയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിരുന്ന വിഷയമായിരുന്നു Y2K എന്നത്. 21-ാം നൂറ്റാണ്ടിലേയ്ക്ക് ലോകം കടക്കുമ്പോൾ (അതും കേവലം ഒരു സാങ്കേതിക സങ്കല്പനം മാത്രമാണല്ലോ) കഴിഞ്ഞ നൂറ്റാണ്ടിലേയ്ക്കായി തയാറാക്കിയിരുന്ന എല്ലാ ഡിജിറ്റൽ കണക്കുകൂട്ടലുകളും തെറ്റുമെന്നും, ലോകത്തെ എല്ലാ കമ്പ്യൂട്ടറുകളും പുതിയ കണക്കിലേക്ക് റീ സെറ്റ് ചെയ്യാൻ കഴിയാതെ ലോകം അങ്കലാപ്പിലാകുമെന്നും അത് ബാങ്കിങ്, ലോക സൈനിക സംവിധാനങ്ങൾ, ചരക്കുനീക്കം തുടങ്ങി എല്ലാ മേഖലകളിലും ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും അതോടെ ലോകം അരാജകത്വത്തിലേക്ക് നീങ്ങുമെന്നും ഒക്കെയുള്ള പ്രവചനങ്ങളുണ്ടായി. എന്നാൽ, ഒന്നും സംഭവിയ്ക്കാത്തതു പോലെ ലോകത്തിന്റെ പ്രയാണം മുന്നോട്ടുതന്നെ തുടർന്നു.
21-ാം നൂറ്റാണ്ട് ആരംഭിയ്ക്കുമ്പോൾ നമ്മുടെ കൈയിലുണ്ടായിരുന്നതും എന്നാൽ ഇപ്പോൾ ഇല്ലാത്തതുമായ സാങ്കേതികവിദ്യകൾ ഒന്നോർത്തെടുക്കുന്നത് നന്നായിരിക്കും. വ്യക്തിപരമായാണ് വീക്ഷണങ്ങൾ അവതരിപ്പിക്കേണ്ടത് എന്നുള്ളതിനാൽ ആ ഒരു രീതിയിൽ തുടരാം. ലോകത്ത് പേഴ്സണൽ കമ്പ്യൂട്ടറുകൾ എൺപതുകളിൽത്തന്നെ വന്നിരുന്നെങ്കിലും നമ്മുടെ ഡെസ്‌ക്ടോപ്പുകളിലേയ്ക്ക് അവ വരുന്നത് തൊണ്ണൂറുകളുടെ പകുതിക്കുശേഷമായിരുന്നു.
1997-യാണ് ആദ്യമായി ഒരു ഡെസ്ക് ടോപ് കമ്പ്യൂട്ടർ ഞാൻ വാങ്ങുന്നത്. എഴുത്തുകാരനായ എനിയ്ക്ക് സ്വാഭാവികമായും അന്ന് ഡെസ്ക്ടോപ്പ് കൊണ്ടുള്ള ഉപയോഗം എന്നത് എഴുത്തിനെ ടൈപ്പ് റൈറ്ററിൽ നിന്ന് വിടർത്തി കമ്പ്യൂട്ടറിലേക്ക് ആക്കുക എന്നതായിരുന്നു. ഒരു ഡയൽ അപ് ഇന്റർനെറ്റ് സേവനം കൂടി കൈവന്നപ്പോൾ എഴുതുന്ന കാര്യം ആർക്കെങ്കിലുമൊക്കെ അയച്ചുകൊടുക്കാം എന്നായി. എന്നാൽ മലയാളത്തിൽ എഴുതണമെങ്കിൽ മലയാളം ഫോണ്ടുകൾ അടങ്ങുന്ന ഫ്ലോപ്പി ഡിസ്ക് ഉപയോഗിക്കണമായിരുന്നു. കൂടാതെ എഴുതുന്നതൊക്കെയും സ്റ്റോർ ചെയ്യുന്നതിന് ഈ ഫ്ലോപ്പികൾ വേണ്ടിയിരുന്നു. അന്ന് എക്സ്റ്റേണൽ ഹാർഡ് ഡിസ്ക് ഒന്നും പ്രചാരത്തിൽ വന്നിരുന്നില്ല.
ഒരു ഡെസ്ക്ടോപ്പ് വന്നതോടെ നമ്മൾ, വ്യക്തിജീവിതത്തിൽ ഡിജിറ്റൽ ലോകത്തേയ്ക്ക് കടന്നു എന്ന് പറയുവാനാവുമായിരുന്നില്ല. കാരണം കമ്പ്യൂട്ടർ എന്നത് സ്വയം ചിന്തിയ്ക്കുന്ന, നമ്മളെ ചിന്തിയ്ക്കാൻ പ്രേരിപ്പിയ്ക്കുന്ന ഒരു ഉപകരണമായിരുന്നില്ല. യുവാൽ നോവ ഹരാരി എന്ന ചരിത്രകാരൻ പറയുന്നതുപോലെ, ഒരു പ്രിന്റിങ് പ്രസ്സിനോ ന്യൂക്ലിയർ ബോംബിനോ സ്വയം ചിന്തിയ്ക്കാനോ പ്രവർത്തിയ്ക്കാനോ കഴിയുമായിരുന്നില്ല. പുസ്തകങ്ങൾ അച്ചടിയ്ക്കാനും ശത്രുപാളയത്തിൽ ബോംബിടാനും ഒക്കെ മനുഷ്യൻ തീരുമാനിയ്ക്കണമായിരുന്നു. നിർവ്വാഹകത്വം മനുഷ്യന്റെ കൈകളിൽ 'സുരക്ഷിത’മായിരുന്നു. ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ വന്നപ്പോഴും നിർവ്വാഹകശേഷി നമ്മുടെ കൈകളിൽനിന്ന് പോയിരുന്നില്ല. ടൈപ്പ് റൈറ്റർ ഉപേക്ഷിയ്ക്കുന്നതിൽ എനിയ്ക്ക് വലിയ മനഃസ്താപമുണ്ടായിരുന്നു. എന്നാൽ ക്രമേണ കമ്പ്യൂട്ടർ വഴങ്ങി. എന്നാൽ കമ്പ്യൂട്ടറിൽനിന്ന് അതിൽക്കൂടുതൽ എന്താണ് പ്രതീക്ഷിയ്ക്കേണ്ടത് എന്നറിയില്ലായിരുന്നു. ചിലപ്പോൾ സി ഡി ഉപയോഗിച്ച് സിനിമ കാണും. മറ്റു ചിലപ്പോൾ പോർണോഗ്രാഫി കാണും.
ഡിജിറ്റൽ കാലത്തിലേക്ക് പൂർണ്ണമായും നമ്മൾ മാറുന്നത് ഫേസ്ബുക് വന്നതോടെയാണ് എന്ന് കാണാം. ഫേസ്ബുക് എന്ന സോഷ്യൽ നെറ്റ്‌വർക്ക് ഇന്റർഫേസ് ആളുകൾ വളരെ ആവേശപൂർവമാണ് ഏറ്റെടുത്തത്.
പോർണോഗ്രഫിയ്ക്ക് ലോകചരിത്രത്തിൽ വലിയൊരു സ്ഥാനമുണ്ട്. ഏതൊരു സാങ്കേതികവിദ്യയും ആദ്യം ലക്ഷ്യമിടുന്നത് ചില പുരുഷാസക്തികളെയാണ്. അതിൽ യുദ്ധം മുതൽ സ്ത്രീകളുടെ നഗ്നശരീരം വരെ വരും. ജപ്പാനിലും ചൈനയിലും ഒക്കെ ആദ്യമായി വുഡ് ബ്ലോക്ക് ഉപയോഗിച്ച് പ്രിന്റ് എടുക്കാം എന്നൊരു സാങ്കേതികവിദ്യ വന്നപ്പോൾ മതസാഹിത്യത്തോടൊപ്പം ആദ്യം ഉണ്ടായത് പോർണോഗ്രാഫി ആയിരുന്നു. മറ്റെല്ലാ കാര്യത്തിലും എന്ന പോലെ ലോകത്തെ എലീറ്റ് എന്ന് പറയാവുന്നവരാണ് എല്ലാ സാങ്കേതികവിദ്യയുടെയും പ്രാഥമിക ഉപഭോക്താക്കൾ എന്നിരിയ്ക്കേ, പോർണോഗ്രഫിയും ആദ്യം ഉണ്ടായത് സമ്പന്ന വർഗത്തിനുവേണ്ടിയാണ്. എന്നാൽ സാങ്കേതികവിദ്യയുടെ ഒരു പ്രത്യേകത എന്തെന്നാൽ, അത് ക്രമേണ സ്വയം ജനാധിപത്യവൽക്കരിക്കും. ആ പ്രോസസ്സിൽ ആദ്യമായി വിപുലമായ ജനസമൂഹം ഏറ്റെടുക്കുന്നത് പോർണോഗ്രാഫി ആയിരിക്കും. അച്ചടിയോടൊപ്പം അശ്ളീല സാഹിത്യവും വളർന്നു. ഫോട്ടോഗ്രാഫിയോടൊപ്പം പോർണോഗ്രഫിയും വളർന്നു. അമേരിക്കൻ സൈനികാവശ്യങ്ങൾക്കായി ഉണ്ടാക്കിയെടുത്ത ഇന്റർനെറ്റ് സംവിധാനം ജനാധിപത്യവൽക്കരിച്ചപ്പോൾ ആദ്യം ഉണ്ടായത് ഇന്റർനെറ്റ് പോൺ ആയിരുന്നു. കോവിഡ് കാലത്ത് ലോകത്ത് ഏറ്റവുമധികം ഉപഭോഗം ചെയ്യപ്പെട്ട ഉത്പന്നം പോർണോഗ്രാഫി ആയിരുന്നു. കൊറോണാ വൈറസ് ആദ്യം ഏറ്റവുമധികം ആളുകളെ കൊന്നൊടുക്കിയ ഇറ്റലി പോലുള്ള രാജ്യങ്ങളിൽ ഇന്റർനെറ്റ് പോർണോഗ്രഫിയുടെ പ്രചാരണം സർക്കാർ തന്നെ സാധുവാക്കുകയും ഇന്റർനെറ്റ് സേവനങ്ങൾ സൗജന്യമാക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ വന്നിരുന്നു.
പരമ്പരാഗത മാധ്യമങ്ങൾ ക്രമേണ ഡിജിറ്റൽ സാങ്കേതികവിദ്യയിലേയ്ക്ക് മാറുവാനുള്ള ശ്രമങ്ങൾ നടത്തുകയായിരുന്നു. ആ സംക്രമണകാലത്താണ് ‘അപ് സ്കെയിലിംഗ്’ എന്ന പ്രക്രിയയ്ക്ക് മാധ്യമപ്രവർത്തകർ അപ്പാടെ വിധേയരായത്. മുൻപ് റിപ്പോർട്ടർ മുതൽ പേസ്റ്റിങ് ആർട്ടിസ്റ്റ് വരെ വിവിധ തലങ്ങളിലാണ് ഒരു മാധ്യമം അച്ചടിയ്ക്കപ്പെട്ടിരുന്നെകിൽ, ഒരു പത്രപ്രവർത്തകൻ തന്നെ റിപ്പോർട്ട് തയാറാക്കുകയും, പേജ് ലേ ഔട്ട് ചെയ്യുകയും, വേണ്ട ചിത്രങ്ങൾ സംഘടിപ്പിച്ച് പേജ് ഡിസൈൻ ചെയ്യുകയും തുടങ്ങി പ്രൊഡക്ഷന്റെ അവസാനഘട്ടം വരെയുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന അവസ്ഥയുണ്ടായി. അപ്പോഴാണ് ഡെസ്ക്ടോപ്പിന് കൂടുതൽ ഉപയോഗങ്ങളുണ്ടെന്ന് എന്നെപ്പോലൊരാളിനു മനസ്സിലായി തുടങ്ങുന്നത്. അങ്ങോട്ടൊന്നും ചോദിയ്ക്കാനില്ലായിരുന്ന കാലത്തുനിന്ന് അങ്ങോട്ട് ചോദിച്ചാൽ ചിലതൊക്കെ കിട്ടും എന്നൊരു അവസ്ഥയിലേയ്ക്ക് കമ്പ്യൂട്ടർ സംവിധാനങ്ങൾ മാറുകയായിരുന്നു. ‘ആസ്‌ക് ജീവ്സ്’ എന്നൊരു സേർച്ച് സംവിധാനമുണ്ടായിരുന്നു. ഇന്നത്തെ ഗൂഗിളിന്റെ മുതുമുത്തച്ഛൻ എന്ന് പറയാം. എന്നാൽ പലതിനും ഉത്തരമുണ്ടാകില്ല. ഇന്ന് അതിന്റെ കാരണം അറിയാം. മെഷീൻ ലേണിങ് എന്ന് പറഞ്ഞാൽ, നമ്മൾ മെഷീന് നൽകുന്ന ലാംഗ്വേജ് മോഡലുകൾക്കനുസരിച്ചാണ് മെഷീൻ ചിന്തിയ്ക്കുന്നത് എന്നാണ്. അന്ന് കമ്പ്യൂട്ടർ / ഇന്റർനെറ്റ് പോപ്പുലേഷൻ / പെനിട്രേഷൻ എന്ന് പറയുന്നത് വളരെ പരിമിതമായിരുന്നു.
ഇന്ന് മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഐക്കണോഗ്രഫിക്കൽ ആട്രിബ്യൂട്ട് ആണ് സ്മാർട്ട് ഫോൺ. ആപ്പിൾ കമ്പനി അതിനെ വിശേഷിപ്പിക്കുന്നത്, ആപ്പിൾ ഇക്കോ സിസ്റ്റം എന്നാണ്.
പുതിയ നൂറ്റാണ്ടിലേയ്ക്ക് കടക്കുമ്പോഴും നമ്മൾ ഉപയോഗിച്ചിരുന്നത് ഹോട്ട്മെയിൽ ആയിരുന്നു എന്നാലോചിച്ചാൽ മനസ്സിലാകും, അന്നത്തെ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ വേഗത. പോരെങ്കിൽ മൊബൈൽ ഫോൺ എന്നത് വളരെ അപൂർവമായ വസ്തുവും. ഇത്തരം പരിമിതമായ അവസ്ഥയിലും ഇന്ത്യയിൽ മാധ്യമങ്ങൾ ഓൺലൈനിലേയ്ക്ക് മാറാൻ ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. ആദ്യം എല്ലാ മാധ്യമങ്ങൾക്കും സ്ഥാപനങ്ങൾക്കും ബിസിനസുകൾക്കും എല്ലാം വെബ് സൈറ്റ് വേണം എന്നതായാണ് തുടക്കം. ഇന്ന് ഫേസ്ബുക്, ഇൻസ്റ്റഗ്രാം, എക്സ്, ലിങ്ക്ഡ് ഇൻ, സ്നാപ്ചാറ്റ് തുടങ്ങി അനേകം സംഗതികൾ ഒരു സ്ഥാപനത്തിന് ആവശ്യമാണ് എന്നതുപോലെയാണ് അന്ന് വെബ്സൈറ്റിനെക്കുറിച്ചുള്ള ചിന്ത. ഒരാളിന്റെ സാങ്കേതികമായ മുന്നേറ്റം മനസ്സിലാക്കണമെങ്കിൽ അയാളുടെ വിസിറ്റിങ് കാർഡ് നോക്കിയാൽ മതി. അയാൾക്ക് മൊബൈൽ ഫോൺ നമ്പറും ഹോട്ട്മെയിൽ, റീഡിഫ് മെയിൽ, യാഹൂ മെയിൽ എന്നിവയിൽ ഏതെങ്കിലും ഉണ്ടാകും, കൂടാതെ വെബ്സൈറ്റും. ഇത്രയും ഉണ്ടെങ്കിൽ ആള് അഡ്വാൻസ്ഡ് ആണെന്ന് നമുക്ക് മനസ്സിലാകും. ഇതിനിടെ പേജർ എന്നൊരു സംവിധാനമുണ്ടായി. പേജർ അരയിൽ തിരുകി നടക്കുന്ന ആളുകളെ അത്ഭുതത്തോടെ നോക്കിനിന്നിട്ടുണ്ട്. എന്നാൽ അതൊരു ചെറിയ കാലത്തിനുള്ളിൽ അപ്രത്യക്ഷമാവുകയാണുണ്ടായത്.
ടൈപ്പ്‌റൈറ്ററിനു പകരംസംവിധാനം എന്ന നിലയിൽ നിന്ന് കമ്പ്യൂട്ടറിനെ മാറ്റുവാൻ കഴിഞ്ഞത്, ഇന്ത്യയിലെ തന്നെ ആദ്യത്തെ ഡിജിറ്റൽ / ഓൺലൈൻ മാധ്യമസംരംഭം എന്ന് പറയാവുന്ന തെഹൽക്ക ഡോട്ട് കോമിൽ ഒരു സീനിയർ കറസ്‌പോണ്ടന്റ് ആയി ജോലി ചെയ്യാൻ തുടങ്ങിയപ്പോഴാണ്. ചില രാഷ്ട്രീയപ്പാർട്ടികളുടെ ബീറ്റായിരുന്നു എനിയ്ക്ക് നൽകിയിരുന്നത്. ജോർജ് ഫെർണാണ്ടസ് അന്ന് പ്രതിരോധ വകുപ്പ് മന്ത്രിയാണ്. ജയ ജെയ്റ്റ്ലി സാംസ്‌കാരിക പ്രവർത്തക എന്ന നിലയിൽ എന്റെ സുഹൃത്ത് കൂടിയായിരുന്നു. മിക്കവാറും ഈ മന്ത്രിമാരുടെയും എം.പിമാരുടെയുമൊക്കെ വീടുകളിൽ പോവുക, പത്രസമ്മേളനങ്ങളിൽ പങ്കെടുക്കുക തുടങ്ങി നേരംകൊല്ലി എന്ന് എനിയ്ക്ക് തോന്നിയിരുന്ന പരിപാടികളാണ് ചെയ്യേണ്ടിയിരുന്നത്. വൈകുന്നേരത്തോടെ ഓഫീസിലെത്തി റിപ്പോർട്ട് ചെയ്യുക, എഡിറ്റർമാരുടെ കമ്പ്യൂട്ടറുകളിലേയ്ക്ക് നൽകുക, പിന്നെ സ്റ്റോറി 'അപ്പ്' ആകുന്നതുവരെ കാത്തിരിയ്ക്കുക, മറ്റെന്തെങ്കിലും എഴുത്തുപണികളുണ്ടെങ്കിൽ അത് ചെയ്യുക എന്നിങ്ങനെ പൂർണമായും ഡിജിറ്റൽ / ഇന്റർനെറ്റ് ലോകത്തുതന്നെ പ്രവർത്തിയ്ക്കാൻ കഴിഞ്ഞു.
ഡിജിറ്റൽ ലോകം ലക്ഷ്യമിടുന്നത് ഭൗതികമായ ഒരു വ്യവസ്ഥയുടെ നിലനിൽപ്പ് തന്നെയാണ്. എന്നാൽ ആ ഭൗതികതയെ പൂർണ്ണമായും നിയന്ത്രിയ്ക്കുന്നത് ഈ ഡാറ്റാ മൊണോപ്പൊളി കമ്പനികൾ ആയിരിക്കും.
തെഹൽക്കയിൽനിന്ന് കിട്ടിയ പ്രവർത്തനപരിചയമാണ് 2005-ൽ, മലയാള മനോരമയിലെ ഒരു വർഷത്തെ പ്രവർത്തനത്തിന് ശേഷം, എന്നെ ഒരു ഓൺലൈൻ മാധ്യമം തുടങ്ങാൻ പ്രേരിപ്പിച്ചത്. സുഹൃത്തും കലാകാരനുമായ അനൂപ് കമ്മത്തുമായി ചേർന്ന് ഞാൻ മാറ്റേഴ്സ് ഓഫ് ആർട്ട് എന്ന ഓൺലൈൻ ആർട്ട് ജേണൽ ആരംഭിച്ചു. അങ്ങനെ ഇന്ത്യയിലെ ആദ്യത്തെ ഓൺലൈൻ ആർട്ട് മാഗസിന്റെ സ്ഥാപക എഡിറ്ററായി എന്നൊരു ക്രെഡിറ്റു കൂടി എനിയ്ക്കുണ്ടായി. ഇപ്പോഴും അനൂപ് കമ്മത്ത് അത് നടത്തുന്നുണ്ട്. 2007-ൽ ഞാൻ ആർട്ട് കൺസേൺസ് ഡോട്ട് കോം എന്നൊരു ഓൺലൈൻ മാധ്യമം തുടങ്ങി. മലയാള മനോരമയിലെ ചീഫ് ഫോട്ടോ എഡിറ്റർ ആയിരുന്ന ഫിറോസ് ബാബു ആയിരുന്നു എനിയ്ക്ക് വേണ്ട സാങ്കേതിക പിന്തുണ കൊച്ചിയിലിരുന്ന് നൽകിയത്. നാല് വർഷത്തോളം ഞാൻ ആർട്ട് കൺസേൺ വിജയകരമായി നടത്തി. ഇന്ത്യയിലെ കലാരംഗത്തുണ്ടായ പല പ്രധാന സംഭവങ്ങളെയും ലോകത്തിനു മുന്നിലെത്തിക്കാൻ ഈ രണ്ടു ഓൺലൈൻ മാധ്യമങ്ങളുടെ എഡിറ്ററായിരുന്നുകൊണ്ട് എനിയ്ക്ക് കഴിഞ്ഞു.
2008-ലാണ് ഞാൻ ഒരു ബ്ലോഗ് തുടങ്ങുന്നത്. യഥാർത്ഥത്തിൽ വളർന്നു വരുന്ന ബ്ലോഗ് ഇടങ്ങളെക്കുറിച്ച് എനിയ്ക്ക് നല്ല ധാരണ ഉണ്ടായിരുന്നെങ്കിലും ഓൺലൈൻ മാധ്യമങ്ങളുടെ എഡിറ്ററായിരിക്കുന്ന കാലയളവിൽ ബ്ലോഗിൽ എഴുതാൻ വേണ്ട സമയമോ സൗകര്യമോ ലഭിച്ചിരുന്നില്ല. എന്നാൽ കൂട്ടുകാരിൽനിന്നുള്ള ചില സമ്മർദ്ദങ്ങളും അന്ന് ഡൽഹിയിലുണ്ടായിരുന്ന ഒരു അമേരിയ്ക്കൻ കലാവിമർശകൻ എന്റെ മുന്നിൽ വെച്ച വെല്ലുവിളിയുമായിരുന്നു ബ്ലോഗ് തുടങ്ങാൻ കാരണമായത്.
ഒരു വിരുന്നുസൽക്കാരത്തിൽ വെച്ച് ആ അമേരിക്കൻ യുവാവ് തന്റെ ബ്ലോഗിനെക്കുറിച്ചു പറയുകയും അത്തരമൊരു ബ്ലോഗിനെ കൊണ്ടുപോകാൻ വേണ്ട സംഗതിയൊന്നും കലാരംഗത്ത് നടക്കുന്നില്ലെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. അങ്ങനെയെങ്കിൽ ഓരോ ദിവസവും എഴുതുവാൻ ഇന്ത്യൻ കലാരംഗത്ത് കാര്യങ്ങളുണ്ട് എന്ന് ഞാൻ പറയുകയും പിറ്റേന്നുതന്നെ ഒരു ബ്ലോഗ്സ്പോട്ട് ആരംഭിയ്ക്കുകയും ചെയ്തു. ബൈ ആൾ മീൻസ് നെസസ്സറി എന്നായിരുന്നു ഞാൻ അതിനിട്ട പേര്. മാൽക്കം എക്സിന്റെ ജീവിതത്തെക്കുറിച്ചു പഠിയ്ക്കുകയും അദ്ദേഹത്തെക്കുറിച്ചു ലഭ്യമായ വിവരങ്ങളൊക്കെ ശേഖരിയ്ക്കുകയും ചെയ്തിരുന്ന ഒരു സമയം എനിയ്ക്കുണ്ടായിരുന്നതിനാൽ, മാൽകം എക്സിന്റെ തന്നെ പ്രശസ്തമായ ആ പ്രസ്താവന 'ബൈ ആൾ മീൻസ് നെസസ്സറി', ഞാൻ എടുക്കുകയും ചെയ്തു. ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ എന്റെ ബ്ലോഗ് പ്രശസ്തമാവുകയും, എന്റെ ബ്ലോഗിൽ പരാമർശിയ്ക്കപ്പെടുന്നതുതന്നെ വലിയ കാര്യമായി ഇന്ത്യയിലെ കലാകാരരും ഗ്യാലറികളും ഒക്കെ കാണുകയും ചെയ്തു. ബ്ലോഗിൽ എഴുതുന്നതിനായിരിക്കണം ഞാൻ ഇന്ത്യയിലും വിദേശത്തുമൊക്കെ ഏറ്റവും കൂടുതൽ സഞ്ചരിച്ചിട്ടുള്ളത്. അവയെല്ലാം സ്‌പോൺസേർഡ് യാത്രകളും ആയിരുന്നു.
ഇന്ന് വ്ലോഗർമാരുടെയും റീലന്മാരുടെയും യൂട്യൂബർസിന്റെയും കാലമാണ്. ഒരു കാലത്ത് എന്റെ ബ്ലോഗ് അത്രയും പ്രശസ്തമായിരുന്നു എന്ന് പറഞ്ഞാൽ ഇന്ന് ആരും വിശ്വസിക്കില്ല. ഇപ്പോഴും അത് ഗൂഗിളിൽ ലഭ്യമാണ്, ഞാൻ ഇടയ്ക്കൊക്കെ എഴുതാറുമുണ്ട്.
ഡിജിറ്റൽ കാലത്തിലേക്ക് പൂർണ്ണമായും നമ്മൾ മാറുന്നത് ഫേസ്ബുക് വന്നതോടെയാണ് എന്ന് കാണാം. ഫേസ്ബുക് എന്ന സോഷ്യൽ നെറ്റ്‌വർക്ക് ഇന്റർഫേസ് ആളുകൾ വളരെ ആവേശപൂർവമാണ് ഏറ്റെടുത്തത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന പഠനങ്ങളും വെളിപ്പെടുത്തലുകളും പറയുന്നത്, സുക്കർബർഗും കൂട്ടരും ഫേസ്ബുക് തുടങ്ങുമ്പോൾ അവർക്ക് അതൊരു ഹ്യൂമൻ അഗ്രഗേഷൻ ഇന്റർഫേസ് ആക്കാം എന്നല്ലാതെ അതിനെ എങ്ങനെ മോണിറ്റൈസ് ചെയ്യണം എന്നറിയില്ലായിരുന്നു എന്നാണ്. മെഷീൻ ലേണിങ് നടത്തി നിർമ്മിതബുദ്ധി ഉണ്ടാക്കണം എന്ന ഉദ്ദേശ്യം ഉണ്ടായിരുന്നെങ്കിലും അതിനെ ഏതൊക്കെ രീതിയിലേക്ക് കൊണ്ടുപോകാം എന്നൊരു ആശയവും ഇല്ലായിരുന്നു. ഫേസ്ബുക്കിലേക്ക് മനുഷ്യർ നിക്ഷേപിയ്ക്കുന്ന ചിത്രങ്ങളും ഭാഷകളും തന്നെയാണ് മെഷീൻ ലേണിങ്ങിന്റെ അസംസ്കൃത വസ്തുവായി അവർ എടുത്തത്. എന്നാൽ ക്രമേണ ഡാറ്റ എന്നത് പുതിയ ക്രൂഡ് ആയി മാറുന്നത് ഈ സാങ്കേതികവിദ്യാനേതാക്കൾ തിരിച്ചറിയുകയും ഡാറ്റയെ പണമാക്കുക എന്നതിലേയ്ക്ക് തിരിയുകയും ചെയ്തു. അതിനായി സർവശക്തനായ ഒരു പുതിയ ഉപകരണത്തിന്റെ ആവശ്യമുണ്ടായിരുന്നു; അതാണ് സ്മാർട്ട് ഫോൺ. ഇന്ന് മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഐക്കണോഗ്രഫിക്കൽ ആട്രിബ്യൂട്ട് ആണ് സ്മാർട്ട് ഫോൺ. ആപ്പിൾ കമ്പനി അതിനെ വിശേഷിപ്പിക്കുന്നത്, ആപ്പിൾ ഇക്കോ സിസ്റ്റം എന്നാണ്. അതായത് എല്ലാ മനുഷ്യപ്രവർത്തികളെയും ഭാവനകളെയും തമ്മിൽ ബന്ധിപ്പിയ്ക്കുന്ന, അവരെ അതിനുള്ളിൽത്തന്നെ സർവനിർവ്വാഹകത്വവും നൽകി ഡാറ്റാ നിർമ്മാതാക്കളാക്കി നിർത്തുന്ന ഒരു സവിശേഷ പാരിസ്ഥിതിക വലയം.
അമിതത്വത്തിന്റെ പ്രശ്നമുണ്ടാകുന്നത് ഡിജിറ്റൽ മാധ്യമങ്ങളിലൂടെ വളരുന്ന ആസക്തികളിലൂടെയാണ്. അപ്പോൾ അമിതത്വം ഇല്ലാതാക്കുകയും പരിമിതങ്ങളെ മാക്സിമൈസ് ചെയ്യുക എന്നതുമാണ് വേണ്ടത്.
എല്ലാവർക്കും ആപ്പിൾ ഫോൺ ഇല്ലെങ്കിലും ആപ്പിൾ ഫോൺ ഉദ്ദേശിക്കുന്നതുമുഴുവൻ എല്ലാവരിലും എത്തിക്കാൻവേണ്ട സാങ്കേതിക സമാനതകൾ ഇതര കമ്പനികൾ വികസിപ്പിച്ചുകൊണ്ടേയിരിക്കുന്നു. അതോടെ എല്ലാ മനുഷ്യരും കൂടുതൽ കൂടുതൽ ഡാറ്റ ഈ ഡിജിറ്റൽ ലോകത്ത് പ്രക്ഷേപിച്ചു കൊണ്ടിരിക്കുന്നു. ചെറിയ തുകകൾ പ്രതിഫലമായി നൽകി ആളുകളോട് ഡിജിറ്റൽ ഉള്ളടക്കം സൃഷ്ടിയ്ക്കാൻ ഈ കമ്പനികൾ പറയാതെ പറയുന്നു. ലോകത്തെ ആബാലവൃദ്ധം ജനങ്ങൾ ഗ്രാറ്റിഫിക്കേഷൻ എന്നൊരു ഒറ്റ പ്രതിഫലം മാത്രം സ്വീകരിച്ച് ഈ കമ്പനികൾക്കുവേണ്ടി ഡാറ്റ സൃഷ്ടിക്കുന്നു. അതിലൂടെ മനുഷ്യന് ആവശ്യമില്ലാത്ത വസ്തുക്കളുടെ ഉപഭോക്താക്കളാക്കി അവരെ മാറ്റുവാൻ ഈ വ്യവസ്ഥയ്ക്ക് കഴിയുന്നു.
ഡിജിറ്റൽ ലോകം ലക്ഷ്യമിടുന്നത് ഭൗതികമായ ഒരു വ്യവസ്ഥയുടെ നിലനിൽപ്പ് തന്നെയാണ്. എന്നാൽ ആ ഭൗതികതയെ പൂർണ്ണമായും നിയന്ത്രിയ്ക്കുന്നത് ഈ ഡാറ്റാ മൊണോപ്പൊളി കമ്പനികൾ ആയിരിക്കും. ഒരു ട്രൂ മാൻ ഷോ അവസ്ഥയിലേക്കാണ് നമ്മൾ നീങ്ങുന്നത്. ട്രൂ മാൻ ഷോ എന്ന സിനിമ ആദ്യം കാണുമ്പോൾ എനിയ്ക്ക് തോന്നിയത്, സാങ്കേതികവിദ്യ എങ്ങനെയാണ് ഒരു മനുഷ്യനെ മായകളിൽ നിലനിർത്തുന്നത് എന്നായിരുന്നു. എന്നാൽ ക്രമേണയാണ്, അതൊരു ഉട്ടോപ്പിയയും ഡിസ്റ്റോപ്പിയയും ഒരേസമയം മനുഷ്യന് നൽകുന്നതായി മനസ്സിലായത്. ട്രൂമാന് അറിയില്ലായിരുന്നു, അയാൾ ഒരു നിർമ്മിത ലോകത്താണെന്ന്. എന്നാൽ ഇന്ന് നമുക്കറിയാം, നമ്മൾ മറ്റാരോ നിർമ്മിയ്ക്കുന്ന ഒരു ലോകത്തെ ചെറിയ കരുക്കൾ മാത്രമാണെന്ന്.
എല്ലാം ഡിജിറ്റൈസ് ചെയ്യുന്ന ഒരു കാലത്ത് പുസ്തകങ്ങളും വായനയും ഡിജിറ്റലാകാതെ നിവൃത്തിയില്ല. എല്ലാ സേവനങ്ങളും ഓൺലൈൻ ആയതോടെ പുസ്തകങ്ങൾക്ക് മാത്രമായൊരു യാഥാർഥ്യം ഇല്ലാതെ വന്നു. പുസ്തകങ്ങളുടെ ഡിജിറ്റൽ രൂപാന്തരങ്ങൾ കിൻഡിൽ എന്നൊരു സംവിധാനത്തിലൂടെ വായിക്കാൻ കഴിയുമെന്നായി. എന്നാൽ കിൻഡിലിനെ ഞാൻ കാണുന്നത് പേജർ എന്ന ഉപകരണം പോലെയാണ്. കാരണം, സ്മാർട്ട്ഫോണുകളുടെ ക്ഷമത വർദ്ധിയ്ക്കുകയും ടാബുകളും തൂവൽഭാരം മാത്രമുള്ള ലാപ്ടോപ്പുകളും പ്രചാരത്തിലെത്തുകയും ചെയ്തതോടെ പുസ്തകം വായിക്കാൻ മാത്രമായി ഒരു ഉപകരണം വേണ്ട എന്നുവന്നു. അതിനാൽ ഇന്ന് കിൻഡിൽ എന്ന ഉപകാരണത്തെക്കുറിച്ച് അധികം കേൾക്കാൻ കഴിയുന്നില്ല. വ്യക്തിപരമായി പറഞ്ഞാൽ വായനയുടെ കാര്യത്തിൽ ഞാൻ ഇപ്പോഴും പഴയ കാലത്തിന്റെ ഒരു പ്രതിനിധിയാണ്. പുസ്തകങ്ങൾ കൈകൊണ്ടെടുത്ത് വായിക്കാനുള്ള ആദിമമായ വാസനയെ കുടഞ്ഞെറിയാൻ ഇനിയും എനിയ്ക്ക് കഴിഞ്ഞിട്ടില്ല. അതിനാൽത്തന്നെ കിൻഡിൽ എന്ന സംവിധാനം വന്നപ്പോൾ അതിലേയ്ക്ക് ശ്രദ്ധ പോയതും ഇല്ല.
ഡിജിറ്റൽ ലോകത്തിനെ പ്രശ്നവും സാധ്യതയുമായി കാണുവാനുള്ള ശ്രമമാണ് എന്റേത്. ബദലുകൾ നിർദ്ദേശിയ്ക്കാനില്ല എങ്കിലും, ഇപ്പോൾ വളർന്നു വരുന്ന മിനിമലിസത്തെ ഞാൻ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിയ്ക്കുന്നുണ്ട്.
അറിവിന്റെ ജനാധിപത്യവൽക്കരണം എന്ന നിലയിൽ ഡിജിറ്റൽ കാലം നമുക്ക് വലിയ ഒരു തുറവിയാണ് നൽകിയിരിക്കുന്നത്. എത്ര സങ്കീർണ്ണമായ വിവരങ്ങളും നമുക്ക് ലഭ്യമാകുന്ന തരത്തിലാണ് ഡിജിറ്റൽ ലോകം വികസിച്ചു വരുന്നത്. തീർച്ചയായും പുതിയ പ്രസിദ്ധീകരണങ്ങളും അക്കാദമിക പഠനങ്ങളും ഒന്നും വായനക്കാരൻ എന്ന നിലയിൽ ഉടനടി ഡിജിറ്റൽ മാധ്യമത്തിലൂടെ സൗജന്യമായി ലഭിയ്ക്കാറില്ല. എന്നാൽ വേണമെങ്കിൽ പൈറേറ്റഡ് പി ഡി എഫുകളായി പുസ്തകങ്ങൾ ലഭിയ്ക്കുന്ന സംവിധാനങ്ങളും ഉണ്ട്. പോർണോഗ്രാഫി പോലെ തന്നെയാണ് പൈറസിയും. ഔദ്യോഗിക ഡിജിറ്റൽ ഉത്‌പാദനം പോലെ തന്നെയാണ് ഹാക്കർമാരുടെ അധോലോകങ്ങളും. അവിടെയിരുന്ന് അവർ പലപ്പോഴും മനുഷ്യനെ വെറും ഡിജിറ്റൽ അടിമകളാക്കുന്ന പലതിനും എതിരെ അവർ അട്ടിമറികളും പ്രതിരോധങ്ങളും സൃഷ്ടിയ്ക്കുന്നു. ഡിജിറ്റൽ മൂലധനാധികാരത്തിന്റെ നാളുകളിലാണ് നമ്മൾ ജീവിയ്ക്കുന്നതെന്ന് പ്രമുഖ സാമ്പത്തിക ചിന്തകനായ യാനിസ് വാരുഫാക്കിസ് പറയുന്നു. നിർമ്മിത ബുദ്ധിയെന്ന് നമ്മൾ ഇപ്പോൾ പറയുന്ന എല്ലാറ്റിന്റെയും ഉത്ഭവസ്ഥാനം ക്രമേണയുണ്ടായ ഈ ഡിജിറ്റൽ പരിവർത്തനം തന്നെയാണ്.
ഡിജിറ്റൽ ലോകത്തെ ഒരു പ്രശ്നമായിട്ടാണോ അതോ ഒരു സാധ്യതയായിട്ടാണോ ഞാൻ കരുതുന്നത് എന്ന ചോദ്യം എന്നോടുതന്നെ ചോദിയ്ക്കേണ്ടതുണ്ട്. പ്രശ്നമായിട്ടു കണ്ടാൽ അതിനൊരു പരിഹാരമോ ബദലോ കണ്ടു പിടിയ്ക്കേണ്ടിവരും. സാധ്യതായിട്ടു കണ്ടാൽ, വ്യക്തിപരമായി പല പ്രയോജനങ്ങൾ ഉണ്ടാകുമെങ്കിലും, ഒരു സമൂഹം എന്ന നിലയിൽ നമ്മൾ മറ്റൊന്നായി മാറിക്കൊണ്ടിരിക്കും. ഒരു അപകടം കണ്ടാൽ ഓടിച്ചെന്നു സഹായിക്കുന്നതിനു പകരം സ്മാർട്ട്ഫോണിലെ വീഡിയോ ഓൺ ചെയ്യുന്ന രീതിയിലേക്ക് സമൂഹം മാറിക്കഴിഞ്ഞു. അതൊരു നെഗറ്റിവ് വളർച്ചയായിട്ടാണ് ഞാൻ കാണുന്നത്. ഡിജിറ്റൽ ലോകത്തിനെ പ്രശ്നവും സാധ്യതയുമായി കാണുവാനുള്ള ശ്രമമാണ് എന്റേത്. ബദലുകൾ നിർദ്ദേശിയ്ക്കാനില്ല എങ്കിലും, ഇപ്പോൾ വളർന്നു വരുന്ന മിനിമലിസത്തെ ഞാൻ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിയ്ക്കുന്നുണ്ട്.
അമിതത്വത്തിന്റെ പ്രശ്നമുണ്ടാകുന്നത് ഡിജിറ്റൽ മാധ്യമങ്ങളിലൂടെ വളരുന്ന ആസക്തികളിലൂടെയാണ്. അപ്പോൾ അമിതത്വം ഇല്ലാതാക്കുകയും പരിമിതങ്ങളെ മാക്സിമൈസ് ചെയ്യുക എന്നതുമാണ് വേണ്ടത്. അതോടെ ജീവിതത്തിന്റെ ഗതി തന്നെ മാറും. ഈ ലോകത്തെ അതിന്റെ ഡിജിറ്റൽ സാധ്യതകളിലൂടെ അറിയുകയും ജീവിയ്ക്കുകയും ചെയ്യുമ്പോൾത്തന്നെ അതിൽ നിന്ന് വേറിട്ടൊരു ജീവിതം ജീവിയ്ക്കാനുള്ള ശ്രമങ്ങൾ ഉണ്ടാക്കുക എന്നതാണ് പ്രധാനം. അതിന് ജാഗ്രത ആവശ്യമാണ്.
Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍
റിഹാൻ റാഷിദ് • എം.പി. അനസ് • തനൂജ ഭട്ടതിരി • ബിജു ഇബ്രാഹിം • കെ.പി. ജയകുമാർ • ജിസ ജോസ് • സിദ്ദിഹ • റാഷിദ നസ്‌റിയ • സമുദ്ര നീലിമ • യു. അജിത്കുമാർ • Read More