പ്രമോദ് പുഴങ്കര

ഡിജിറ്റൽ ലോകം;
വ്യവസ്ഥ, വ്യക്തി, അപരൻ

ഡിജിറ്റൽ ലോകവും അനുബന്ധ സാ​ങ്കേതികവിദ്യാ മുന്നേറ്റവും മുതലാളിത്ത മൂലധനം എങ്ങനെ തങ്ങൾക്ക് അനുകൂലമാക്കിയെടുക്കുന്നു എന്ന് വിശലകനം ചെയ്തുകൊണ്ട്, അതിന്റെ ജനകീയവും വ്യാപകവുമായ ഉപയോഗത്തിലൂടെ ഉരുത്തിരിയുന്ന പുതിയ ജനാധിപത്യ ഇടപെടലിനുള്ള സാധ്യതകളെക്കുറിച്ച് പ്രമോദ് പുഴങ്കര എഴുതുന്നു.

ൺലൈൻ മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും സമൂഹത്തിലെ സാമൂഹ്യ, രാഷ്ട്രീയാധികാരത്തിന്റെ ഘടനകളേയും അതിന്റെ മേൽക്കീഴ് ബന്ധങ്ങളേയും അവയുടെ പ്രത്യയശാസ്ത്ര അജണ്ടകളെയും പരിപാലിക്കുകയും മുന്നോട്ടുകൊണ്ടുപോവുകയും ദൃഢപ്പെടുത്തുകയും ചെയ്യുന്ന ഭരണകൂട- കോർപ്പറേറ്റ്- സാമ്പ്രദായിക മാധ്യമ ലോകത്തിന്റെ തത്സ്ഥിതികളെ ഉലയ്ക്കാവുന്ന ചില ബദൽ രാഷ്ട്രീയ സാദ്ധ്യതകൾ മുന്നോട്ടുവെക്കാൻ പ്രാപ്തമാണ്. അത് ഈ ഡിജിറ്റൽ ലോകത്തിന്റെ വിപണികേന്ദ്രീകൃതമായ വ്യവഹാര സമുച്ചയത്തിനകത്ത് ബോധപൂർവ്വം ഉൾക്കൊള്ളിക്കുന്ന ഒരു സാധ്യതയല്ല, മറിച്ച് അതിൽ ഇടപെടുന്ന സമൂഹത്തിലെ നാനാതട്ടുകളിലുള്ള കളിക്കാർ ഉണ്ടാക്കിയെടുക്കുന്ന പ്രതിരോധത്തിന്റെയും ചെറുത്തുനില്പിന്റെയും അട്ടിമറികളുടെയും സാധ്യതകളാണ്. അതിൽ രാഷ്ട്രീയബോധം കൂടി ചേരുമ്പോൾ സ്വാഭാവികമായും അത് വിശാലമായ വർഗ്ഗസമരത്തിന്റെയും ജനാധിപത്യ മുന്നേറ്റങ്ങളുടെയും ഭാഗമാവുകയും ചെയ്യും. ഇത് ഭരണകൂടങ്ങളും മുതലാളിത്ത വ്യവസ്ഥിതിയും നേരിടുന്ന വെല്ലുവിളിയാണ്. അവരതിനെ ഫലപ്രദമായി ഇപ്പോളും തടഞ്ഞുനിർത്തുന്നുണ്ട് എന്നത് വാസ്തവവുമാണ്.

മനുഷ്യരാശിയുടെ
ഡിജിറ്റൽ ചരക്കുവത്ക്കരണം

ഡിജിറ്റൽ ലോകത്തിന്റെ സാങ്കേതികവികാസവും വികസനപ്രക്രിയയും മറ്റ് പലതിനെയും പോലെ മുതലാളിത്തത്തിന്റെ ചൂഷണ വ്യവസ്ഥക്കുള്ളിൽ നിന്നാണ് ഉരുത്തിരിഞ്ഞുവന്നത്. അതുകൊണ്ടുതന്നെ അതിന്റെ സ്വഭാവവിശേഷങ്ങളും ആ വ്യവസ്ഥയുടെ താത്പര്യങ്ങൾക്കനുസരിച്ചാണ് രൂപപ്പെട്ടത്. മുതലാളിത്തത്തിൽ സാങ്കേതികവിദ്യയുടെ വികാസം ചരക്കുവത്ക്കരിക്കപ്പെട്ട ഒന്നാണ്. വിപണിയിൽനിന്ന് ഭിന്നമായി സാങ്കേതികവിദ്യക്കോ അതിന്റെ ഉപയോഗത്തിനോ മുതലാളിത്തത്തിൽ നിലനിൽപ്പില്ല. ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും അതിനുള്ളിൽ വികസിച്ച ഓൺലൈൻ മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും അടക്കമുള്ള നാനാവിധ സേവന മേഖലകളിലും ഈ സാങ്കേതികവിദ്യ വികാസപ്രക്രിയ മുതലാളിത്ത മൂലധന താത്‌പര്യങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നതും. മുതലാളിത്തത്തിന്റെ ചൂഷണപ്രക്രിയയയുടെ അടിസ്ഥാന പ്രമാണമായ, മനുഷ്യ തൊഴിൽ ശേഷിയെ പരമാവധി പുറത്താക്കുകയും മനുഷ്യാദ്ധ്വാനത്തിന് മേലുള്ള ആശ്രിതത്വം കുറയ്ക്കുകയും ചെയ്യുക എന്നതിന്റെ ഏറ്റവും ഭീതിദമായ രൂപങ്ങളാണ് ഡിജിറ്റൽ ലോകം മുന്നോട്ടുവെക്കുന്നത് എന്നുകൂടിയുണ്ട്.

ഒരുതരത്തിൽ സാമ്പ്രദായികമായ ദേശ-രാഷ്ട്ര ഭൗമാതിർത്തികളെയും അതിന്റെ പരമാധികാര സങ്കൽപ്പനത്തെയും ഈ ഡിജിറ്റൽ ലോകം സാവകാശത്തിൽ മായ്ക്കാൻ തുടങ്ങുന്നുണ്ട്.
ഒരുതരത്തിൽ സാമ്പ്രദായികമായ ദേശ-രാഷ്ട്ര ഭൗമാതിർത്തികളെയും അതിന്റെ പരമാധികാര സങ്കൽപ്പനത്തെയും ഈ ഡിജിറ്റൽ ലോകം സാവകാശത്തിൽ മായ്ക്കാൻ തുടങ്ങുന്നുണ്ട്.

മനുഷ്യനാഗരികതയെ ഏതാണ്ട് പൂർണ്ണമായി അതുവരെയില്ലാത്തവിധത്തിൽ മറ്റൊരു ജീവിതക്രമത്തിലേക്കും വ്യവസ്ഥയിലേക്കും മാറ്റിമറിച്ച ഒന്നായിരുന്നു വ്യാവസായിക വിപ്ലവം. അതിനുമുമ്പുള്ള ലോകവുമായുള്ള സകല വൈകാരികതകളേയും അത് നിഷ്ക്കരുണം തള്ളിക്കളഞ്ഞു. വ്യാവസായികവിപ്ലവം അതിന്റെ പൂർവ്വകാലവൃത്താന്തങ്ങൾക്ക് ഗൃഹാതുരത്വത്തിനപ്പുറം മറ്റൊരു പ്രസക്തിയുമില്ലാതാക്കിക്കളഞ്ഞു. അത്തരത്തിലൊരു മാറ്റമാണ് ഡിജിറ്റൽ മുതലാളിത്തം (Digital Capitalism) കൊണ്ടുവരുന്നത്. മനുഷ്യരാശിയുടെ ഡിജിറ്റൽ ചരക്കുവത്ക്കരണം എന്നതിലേക്കാണ് അത് നമ്മെ എത്തിക്കുന്നത്. ഉത്പ്പന്നങ്ങളെയും ഉപയോഗമൂല്യമുള്ള ചരക്കുകളെയും മാത്രമല്ല നമ്മുടെ വൈകാരികചോദനകളേയും അത് നിർമ്മിച്ചെടുക്കുകയും ചരക്കാക്കി മാറ്റുകയും ചെയ്യുന്നു.

ഓൺലൈൻ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും മുതലാളിത്ത വ്യവസ്ഥയുടെ നടത്തിപ്പുക്രമത്തിന്റെയും അതിന്റെ മൂലധന താത്‌പര്യങ്ങളുടെയും ഭാഗമായിരിക്കുമ്പോൾത്തന്നെ അതിന്റെ ജനകീയമായ, വ്യാപകമായ ഉപയോഗത്തിലൂടെ ഉരുത്തിരിയുന്ന ഒരു പുതിയ ജനാധിപത്യ ഇടപെടലിനുള്ള സാധ്യതകളെ പൂർണ്ണമായും ഇല്ലാതാക്കാനാകില്ല.

എന്നാൽ വ്യാപകമായ സാമൂഹ്യോപയോഗം നിലനിൽപ്പിനായി ആവശ്യപ്പെടുന്ന ഏതൊരു സാങ്കേതികവിദ്യയും തുറക്കുന്ന സാധ്യതകൾ ഡിജിറ്റൽ ലോകവും തുറക്കുന്നുണ്ട്. അച്ചടിയും അതിനെത്തുടർന്നുള്ള അറിവിന്റെ വ്യാപനവും എങ്ങനെയാണോ അറിവിനെ അതിന്റെ ദന്തഗോപുരങ്ങളിൽ നിന്നും വിപ്ലവകരമായ ഒരു രാഷ്ട്രീയ, സാമൂഹ്യ പ്രയോഗമാക്കി മാറ്റിയത് അതേതരം സാദ്ധ്യതകൾ മറ്റൊരു തരത്തിൽ ഡിജിറ്റൽ ലോകവും തുറക്കുന്നു.

ഒരുതരത്തിൽ സാമ്പ്രദായികമായ ദേശ-രാഷ്ട്ര ഭൗമാതിർത്തികളെയും അതിന്റെ പരമാധികാര സങ്കൽപ്പനത്തെയും ഈ ഡിജിറ്റൽ ലോകം സാവകാശത്തിൽ മായ്ക്കാൻ തുടങ്ങുന്നുണ്ട്. അതിന്റെ ബഹുമാർഗപ്രയാണം എങ്ങനെയാണ് ഇതിനെ സമൂർത്തമായി രൂപപ്പെടുത്തുക എന്ന് പറയുക എന്നത് ഇപ്പോൾ സാധ്യമല്ലെങ്കിലും ഭൗതികമായ അതിർത്തികൾക്ക് അതിന്റെ പഴയ തടയൽശേഷി ഇല്ലാത്തവണ്ണം ഡിജിറ്റൽ ലോകം വളരുന്നു എന്ന് കാണാം.

ഉത്പ്പന്നങ്ങളെയും ഉപയോഗമൂല്യമുള്ള ചരക്കുകളെയും മാത്രമല്ല നമ്മുടെ വൈകാരികചോദനകളേയും അത് നിർമ്മിച്ചെടുക്കുകയും ചരക്കാക്കി മാറ്റുകയും ചെയ്യുന്നു
ഉത്പ്പന്നങ്ങളെയും ഉപയോഗമൂല്യമുള്ള ചരക്കുകളെയും മാത്രമല്ല നമ്മുടെ വൈകാരികചോദനകളേയും അത് നിർമ്മിച്ചെടുക്കുകയും ചരക്കാക്കി മാറ്റുകയും ചെയ്യുന്നു

സാധ്യതകളുടെ
മറ്റൊരു ഡിജിറ്റൽ ലോകം

ഓൺലൈൻ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും മുതലാളിത്ത വ്യവസ്ഥയുടെ നടത്തിപ്പുക്രമത്തിന്റെയും അതിന്റെ മൂലധന താത്‌പര്യങ്ങളുടെയും ഭാഗമായിരിക്കുമ്പോൾത്തന്നെ അതിന്റെ ജനകീയമായ, വ്യാപകമായ ഉപയോഗത്തിലൂടെ ഉരുത്തിരിയുന്ന ഒരു പുതിയ ജനാധിപത്യ ഇടപെടലിനുള്ള സാധ്യതകളെ പൂർണ്ണമായും ഇല്ലാതാക്കാനാകില്ല. ഒരേസമയം ഉപഭോക്താക്കളും അതേസമയം അതേ ക്രമത്തിന്റെതന്നെ എതിരാളികളുമായി മാറുന്ന ഒരു വിഭാഗമാണ് ഇവിടെയുള്ളത്. ഇത് അനിവാര്യമായ വൈരുദ്ധ്യമാണ്. ഈ വൈരുധ്യം ഏത് ദിശയിലേക്കാണ് വികസിക്കുക എന്നത് മുതലാളിത്ത വ്യവസ്ഥക്കെതിരായ, നിലവിലെ അധികാരഘടനകൾക്കെതിരായ സമരങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. മറ്റേത് സാമൂഹ്യ, രാഷ്ട്രീയ സംവിധാനവുമെന്നപോലെ ഓൺലൈൻ, സാമൂഹ്യ മാധ്യമങ്ങളും ഈ സമരത്തിന്റെയും വൈരുധ്യങ്ങളുടെയും സ്വഭാവത്തെ നിരന്തരം പ്രകടിപ്പിച്ചുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ ഓൺലൈൻ മാധ്യമങ്ങളിൽ മാത്രമായി എന്തെങ്കിലും തരത്തിൽ ഒരു പുതിയ രാഷ്ട്രീയ, സാമൂഹ്യാധികാര ക്രമത്തിന്റെ മേൽക്കോയ്മയോ സ്വഭാവമാറ്റങ്ങളോ നമുക്ക് കണ്ടെടുക്കാനാവില്ല.

എന്നാൽ മറ്റ് പരമ്പരാഗത മാധ്യമങ്ങളിൽ (online മാധ്യമങ്ങൾക്കും സാമൂഹ്യമാധ്യമങ്ങൾക്കും തൊട്ടു മുമ്പുവരെ രൂപപ്പെട്ട, നിലനിന്ന മാധ്യമങ്ങളെയെല്ലാം ഈ ഗണത്തിൽ പെടുത്തിക്കൊണ്ടാണ്) നിന്ന് വ്യത്യസ്തമായി ഓരോ വ്യക്തിക്കും, സമൂഹത്തിലെ ഓരോ പൗരനും ഇടപെടാനും തങ്ങളുടേതായ സംവാദമണ്ഡലമുണ്ടാക്കാനുമുള്ള ഒരു വലിയ സാധ്യത ഓൺലൈനിലുണ്ട്. അതിന്റെ സാങ്കേതികതയുടെ ഉൽപ്പന്നം കൂടിയാണ് ഈ സാധ്യത. അതുകൊണ്ടുതന്നെ എത്രയൊക്കെ അടക്കിവെച്ചാലും ഈ സാധ്യത ജനങ്ങൾക്കുമുന്നിൽ തുറന്നുവരികതന്നെ ചെയ്യുന്നുണ്ട്. ഇത് സാമ്പ്രദായികമായ പൊതുവ്യവഹാരമണ്ഡലത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ പോന്നതാണ്. ആശയസംവേദനത്തിനുള്ള ഏതു മാധ്യമത്തിന്റെയും സാങ്കേതിക വികാസത്തിലൂടെയുണ്ടാകുന്ന കുതിച്ചുചാട്ടത്തിന് വില്പനസാധ്യതയും അതിന്റെ കുത്തകയും മുതലാളിത്തം കയ്യടക്കുമെങ്കിലും ജനാധിപത്യസമരങ്ങൾക്കും സമൂഹങ്ങൾക്കും വേണ്ടി അതിന്റെ പ്രയോഗസാധ്യതകൾ തുറക്കുന്നതിനെ അവർക്ക് പൂർണ്ണമായും തടയാനാകില്ല. ഇത് ഓൺലൈൻ മാധ്യമങ്ങളുടെ കാര്യത്തിലുള്ള വലിയൊരു സാധ്യതയാണ്.

മറ്റ് ചരിത്രകാലങ്ങളിൽനിന്ന് വ്യത്യസ്തമായി വിവരങ്ങളുടെ സംവേദനം വിശാലമായൊരു സാമൂഹ്യസ്വഭാവം കൈവരിച്ചിട്ടുണ്ട്, ഈ ഓൺലൈൻ ഡിജിറ്റൽ കാലത്ത്.
മറ്റ് ചരിത്രകാലങ്ങളിൽനിന്ന് വ്യത്യസ്തമായി വിവരങ്ങളുടെ സംവേദനം വിശാലമായൊരു സാമൂഹ്യസ്വഭാവം കൈവരിച്ചിട്ടുണ്ട്, ഈ ഓൺലൈൻ ഡിജിറ്റൽ കാലത്ത്.

മറ്റ് ചരിത്രകാലങ്ങളിൽനിന്ന് വ്യത്യസ്തമായി വിവരങ്ങളുടെ സംവേദനം വിശാലമായൊരു സാമൂഹ്യസ്വഭാവം കൈവരിച്ചിട്ടുണ്ട്, ഈ ഓൺലൈൻ ഡിജിറ്റൽ കാലത്ത്. വിവരങ്ങളുടെ കൈമാറ്റവും അതിന്റെ കുത്തകയും ഇതുവരെ കയ്യാളിയിരുന്ന പരമ്പരാഗത രൂപങ്ങൾക്ക് പകരം പുതിയ വിവരവിനിമയ സാങ്കേതിക സംവിധാനങ്ങൾ ഈ മേഖലയിൽ വന്നിരിക്കുന്നു. അവയാകട്ടെ അവയുടെ മുൻഗാമികൾക്ക് ചിന്തിക്കാനാകാത്ത വിധത്തിൽ വിവരവിനിമയത്തിന്റെ വേഗതയെ പുനർനിർണ്ണയിച്ചുകഴിഞ്ഞു. സ്ഥലം, സമയം,കാലം എന്നിവയെ അതിസങ്കീർണ്ണമായ വിധത്തിൽ നിരന്തരം അട്ടിമറിച്ചുകൊണ്ടാണ് അവ മുന്നേറുന്നത്. ഇതുണ്ടാക്കുന്ന മാറ്റത്തിനൊപ്പം സഞ്ചരിക്കുക എന്നത് പരമ്പരാഗത മാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളിയാണ്.

ഒപ്പം തന്നെ, മാധ്യമങ്ങളും അവയുടെ ഉപഭോക്താക്കളും വായനക്കാരും കാഴ്ചക്കാരും എന്നതിലെ ശ്രേണീബന്ധത്തിൽനിന്ന് വ്യത്യസ്തമായി ഓൺലൈൻ മാധ്യമങ്ങളിൽ വലിയ മാറ്റങ്ങൾ ഭാവിയിൽ ഉണ്ടാകാനുള്ള സാധ്യത കൂടിയാണ് ഉള്ളത്. അതായത്, മാധ്യമസ്ഥാപനത്തെപ്പോലെത്തന്നെ വാർത്താവിശകലന സാധ്യതകളും; എന്തിന്, വാർത്താ പ്രക്ഷേപണ സാദ്ധ്യതകൾ വരെയുള്ളവരായി ഓരോ വ്യക്തിക്കും മാറാനുള്ള സാങ്കേതിക സാധ്യത രൂപപ്പെടുകയാണ്. ഇതൊരുതരത്തിൽ വലിയ ജനാധിപത്യ സാധ്യതകളെ തുറക്കുന്നുണ്ട്. രാഷ്ട്രീയ മണ്ഡലത്തെ പുനഃക്രമീകരിക്കാനുള്ള സൂചനകൾ ഉയർത്തുന്നുണ്ട്.

വിവരങ്ങളുടെ കൈമാറ്റവും അതിന്റെ കുത്തകയും ഇതുവരെ കയ്യാളിയിരുന്ന പരമ്പരാഗത രൂപങ്ങൾക്ക് പകരം പുതിയ വിവരവിനിമയ സാങ്കേതിക സംവിധാനങ്ങൾ ഈ മേഖലയിൽ വന്നിരിക്കുന്നു.
വിവരങ്ങളുടെ കൈമാറ്റവും അതിന്റെ കുത്തകയും ഇതുവരെ കയ്യാളിയിരുന്ന പരമ്പരാഗത രൂപങ്ങൾക്ക് പകരം പുതിയ വിവരവിനിമയ സാങ്കേതിക സംവിധാനങ്ങൾ ഈ മേഖലയിൽ വന്നിരിക്കുന്നു.

ഈ സാദ്ധ്യതകൾ പരമ്പരാഗത മാധ്യമങ്ങളെ അവയുടെ ഒരു തരത്തിലുള്ള വാർത്താവിനിമയ കുത്തകയിൽ നിന്ന് പിടിച്ചിറക്കുന്നു. ഒപ്പം തന്നെ, അതാഗ്രഹിച്ചില്ലെങ്കിൽപ്പോലും പുതിയ സാങ്കേതിക സാധ്യതകളുടെ ജനാധിപത്യ സാധ്യതകൾക്കൂടി തുറക്കുകതന്നെ ചെയ്യുകയാണ്. കനത്ത മൂലധന നിക്ഷേപത്തിന്റെ പിന്തുണയില്ലാതെക്കൂടി സൂക്ഷ്മമായ രാഷ്ട്രീയ, സാമൂഹ്യ ഇടപെടലുകൾ നടത്താനും കുത്തക വാർത്താമാധ്യമങ്ങളുടെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യാനും ബദൽ രാഷ്ട്രീയ സാധ്യതകളെ ഉപയോഗിക്കാനും കഴിയുന്ന ഇത്തരം ജനാധിപത്യ സാധ്യതകളുടെ വലിയൊരു ലോകം ഉരുത്തിരിയുന്നുണ്ട്. ഒരുപക്ഷെ വ്യവസായ വിപ്ളവാനന്തരമുള്ള മാധ്യമ ലോകത്തിൽ ഇതാദ്യമായിട്ടായിരിക്കും മൂലധനത്തിന്റെ താത്പര്യങ്ങളെ വ്യക്തികൾ എന്ന നിലയ്ക്കുപോലും മറികടന്ന് അതേ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ട് സാധാരണക്കാരായ മനുഷ്യർ അവർക്കുകൂടി കർതൃത്വമുള്ള ഒരിടം ഉണ്ടാക്കിയെടുക്കുന്നത്. മനുഷ്യർക്ക് ഒരു ethical hacker -ടെ രാഷ്ട്രീയ സാദ്ധ്യതകൾ തുറന്നുകിട്ടുന്നു എന്ന് ആലങ്കാരികമായി പറയാം.

ടെലിവിഷൻ ചാനലുകളിലെ അഭിപ്രായ സ്വാതന്ത്യത്തെയോ പത്രസ്വാതന്ത്ര്യത്തെയോ അടിച്ചമർത്തുമ്പോൾ ഉണ്ടാക്കുന്നതിനേക്കാൾ ഇരട്ടിയായ മട്ടിലാണ് സാമൂഹ്യ മാധ്യമങ്ങൾക്കു നേരെയുള്ള ആക്രമണം സൃഷ്ടിക്കുക.

ഭരണകൂട ഷട്ട്ഡൗൺ

ഓൺലൈൻ മാധ്യമങ്ങളെയും സാമൂഹ്യ മാധ്യമങ്ങളെയും കടുത്ത നിയന്ത്രണങ്ങൾക്കു കീഴിൽ കൊണ്ടുവരാനുള്ള ശ്രമം വേറിട്ട് കാണേണ്ട ഒന്നല്ല. അത് രാജ്യത്തെ ജനാധിപത്യ സ്വാതന്ത്ര്യത്തിനും പൗരാവകാശങ്ങൾക്കും നേരെ നടക്കുന്ന അടിച്ചമർത്തലിന്റെ തുടർച്ചയാണ്. വിമതശബ്ദമുള്ള പരമ്പരാഗത മാധ്യമങ്ങൾക്കുനേരെ നടക്കുന്ന അടിച്ചമർത്തലിന്റെ തുടർച്ചയാണിത്. എന്നാൽ അത്തരം മാധ്യമങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓൺലൈൻ മേഖലയിലെയും സാമൂഹ്യമാധ്യമങ്ങളിലെയും ഡിജിറ്റൽ പ്ലാറ്റുഫോമുകളുടെയും നേരെയുള്ള ഭരണകൂട നിയന്ത്രണശ്രമങ്ങളുടെ സ്വഭാവത്തെ വ്യത്യസ്തമാക്കുന്നത്, അത് ജനങ്ങളുടെ നേരിട്ടുള്ള ഇടപെടലുകൾ നടക്കുന്ന ഒരിടമാണ് എന്നതുകൂടിക്കൊണ്ടാണ്. ടെലിവിഷൻ ചാനലുകളിലെ അഭിപ്രായ സ്വാതന്ത്യത്തെയോ പത്രസ്വാതന്ത്ര്യത്തെയോ അടിച്ചമർത്തുമ്പോൾ ഉണ്ടാക്കുന്നതിനേക്കാൾ ഇരട്ടിയായ മട്ടിലാണ് സാമൂഹ്യ മാധ്യമങ്ങൾക്കു നേരെയുള്ള ആക്രമണം സൃഷ്ടിക്കുക. കാരണം അത് ജനങ്ങളുടെ ഈ പുതിയ ദൈനംദിന ജനാധിപത്യ സാമൂഹ്യവ്യവഹാര ശേഷിയെത്തന്നെയാണ് ഇല്ലാതാക്കുന്നത്.

ഓൺലൈൻ മാധ്യമങ്ങളെയും സാമൂഹ്യ മാധ്യമങ്ങളെയും കടുത്ത നിയന്ത്രണങ്ങൾക്കുകീഴിൽ കൊണ്ടുവരാനുള്ള ശ്രമം വേറിട്ട് കാണേണ്ട ഒന്നല്ല. വിമതശബ്ദമുള്ള പരമ്പരാഗത മാധ്യമങ്ങൾക്കുനേരെ നടക്കുന്ന അടിച്ചമർത്തലിന്റെ തുടർച്ചയാണിത്.
ഓൺലൈൻ മാധ്യമങ്ങളെയും സാമൂഹ്യ മാധ്യമങ്ങളെയും കടുത്ത നിയന്ത്രണങ്ങൾക്കുകീഴിൽ കൊണ്ടുവരാനുള്ള ശ്രമം വേറിട്ട് കാണേണ്ട ഒന്നല്ല. വിമതശബ്ദമുള്ള പരമ്പരാഗത മാധ്യമങ്ങൾക്കുനേരെ നടക്കുന്ന അടിച്ചമർത്തലിന്റെ തുടർച്ചയാണിത്.

അതുകൊണ്ടാണ് ലോകത്തെ സമഗ്രാധിപത്യ ഭരണകൂടങ്ങൾ രാഷ്ട്രീയ സമരങ്ങളോ പ്രതിഷേധങ്ങളോ പൊട്ടിപ്പുറപ്പെടുമ്പോൾ ഉടൻ Internet റദ്ദാക്കുന്നത്. മനുഷ്യരുടെ അറിയാനും സംവദിക്കാനുമുള്ള ജനാധിപത്യാവകാശത്തെത്തന്നെയാണ് ഇത്തരത്തിൽ ഇല്ലാതാക്കുന്നത്. ഒരു ടെലിവിഷൻ ചാനലിനെക്കാളോ പത്രത്തേക്കാളോ ഓൺലൈൻ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും അപകടകാരികളാണ് എന്ന് ഭരണകൂടത്തിന് തോന്നുന്നത്, അവയിലുൾച്ചേർന്നിട്ടുള്ള ഒറ്റയ്ക്കും കൂട്ടായും മനുഷ്യർക്ക്, പൗരർക്ക് അതിലുള്ള ജനാധിപത്യ വ്യവഹാര സാധ്യതകൾക്കൊണ്ടാണ്. ലോകത്തുതന്നെ ഏറ്റവുമധികം തവണ Internet shutdown നടപ്പാക്കിയ രാജ്യങ്ങളിലൊന്നാണ് മോദിയുടെ സർക്കാർ ഭരിക്കുന്ന ഇന്ത്യ എന്നത് നമ്മെ അത്ഭുതപ്പെടുത്തത് അതുകൊണ്ടാണ്. കാശ്മീരിലെ ജനകീയ പ്രതിഷേധങ്ങളും ആർട്ടിക്കിൾ 370-ലെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരായ കാശ്മീർ ജനതയുടെ സമരവും ഐതിഹാസികമായ കർഷക സമരങ്ങളുമൊക്കെയാണ് മിക്ക internet shutdown ഉത്തരവുകളുടെയും പശ്ചാത്തലം എന്നത് യാദൃച്ഛികമല്ല.

മാധ്യമങ്ങളിൽ മാത്രമായി ഫാഷിസ്റ്റ്- കോർപ്പറേറ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ ആഖ്യാനത്തിന് മേൽക്കൈ ഉണ്ടാകില്ല. രാഷ്ട്രീയ, സാമൂഹ്യ മണ്ഡലങ്ങളിലാകെ അത്തരത്തിലൊരു ബദൽ രാഷ്ട്രീയത്തിന്റെ നവസമരങ്ങൾ ഉണ്ടാകുമ്പോഴാണ് മാധ്യമങ്ങളിലും അതിന്റെ പടർച്ചയുണ്ടാകുന്നത്.

കഴിഞ്ഞ ആറുവർഷക്കാലം തുടർച്ചയായി ലോകത്ത് ഏറ്റവും കൂടുതൽ തവണ ഭരണകൂടം Internet shut down ഏർപ്പെടുത്തിയ രാജ്യം ഇന്ത്യയാണ്. ഏതാണ്ട് 500-ലേറെത്തവണയാണ് ഇക്കാലയളവിൽ ഇന്ത്യൻ സർക്കാർ ഈ നിരോധനം നടപ്പാക്കിയത്. മണിപ്പുരിലും പഞ്ചാബിലും കാശ്മീരിലുമൊക്കെ ഇത് പല രീതിയിൽ പ്രയോഗിച്ചു. 2023-ൽ മാത്രം 116 തവണ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തി. രാഷ്ട്രീയ,സാമൂഹ്യ വ്യവഹാരങ്ങളിൽ ഏറ്റവും ക്രിയാത്മകമായ ഒരു ജനകീയ ഇടപെടൽ സാധ്യതയെയാണ് ഭരണകൂടം ഇല്ലാതാക്കുന്നത് എന്നതാണ് വാസ്തവം.
2022-ൽ അഞ്ചു ദിവസത്തിലേറെയുള്ള internet shut down 15% ആയിരുന്നെങ്കിൽ 2023-ൽ അത് 41% മായി ഉയരുകയാണ് ഉണ്ടായത്. മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യ പിന്നോട്ടുപോയിക്കൊണ്ടിരിക്കുന്ന അതേ കാലയളവിലാണ് ഈ shutdown graph ഉയരുന്നതെന്നത് അനുപൂരകമാണ്. 2029-ലെ കാശ്മീർ പ്രതിഷേധവും അതിനെത്തുടർന്നുണ്ടായ കടുത്ത അടിച്ചമർത്തലും അതിന്റെ ഭാഗമായുള്ള മാസങ്ങൾ നീണ്ട Internet shutdown ഉം ഈ പ്രശ്നത്തെ സുപ്രീംകോടതിയിലെത്തിച്ചു. ആ വിഷയത്തിൽ Bhasin v . Union of India കേസിൽ, internet shutdown വളരെ സുതാര്യവും നിയന്ത്രിതവുമായ രീതിയിൽ പൗരാവകാശങ്ങളെ, അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിക്കുന്ന മട്ടിൽ നടപ്പാക്കാനുള്ള നിർദ്ദേശങ്ങൾ സുപ്രീംകോടതി നൽകിയതിനുശേഷമാണ് 2023-ൽ ഈ സ്ഥിതി എന്നോർക്കണം.

മനുഷ്യരുടെ അറിയാനും സംവദിക്കാനുമുള്ള ജനാധിപത്യാവകാശത്തെത്തന്നെയാണ് ഇത്തരത്തിൽ ഇല്ലാതാക്കുന്നത്
മനുഷ്യരുടെ അറിയാനും സംവദിക്കാനുമുള്ള ജനാധിപത്യാവകാശത്തെത്തന്നെയാണ് ഇത്തരത്തിൽ ഇല്ലാതാക്കുന്നത്

ഓൺലൈൻ മാധ്യമങ്ങളിലെയും സാമൂഹ്യ മാധ്യമങ്ങളിലെയും വസ്തുതാവിരുദ്ധമായ വാർത്തകളെയും പരാമർശങ്ങളെയുമൊക്കെ നീക്കം ചെയ്യാനെന്ന പേരിൽ കേന്ദ്ര സർക്കാർ വിഭാവനം ചെയ്ത ‘വസ്തുത പരിശോധന സമിതി’ പൂർണ്ണമായും സർക്കാരിന്റെ ഒരു അനുബന്ധ ഘടകമായാണ്, കേന്ദ്ര സർക്കാർ നിയമമാക്കാൻ പുറപ്പെട്ട ഭേദഗതിയിൽ ഉൾക്കൊള്ളിച്ചത്. അതായത് എന്താണ് വാസ്തവം, അവാസ്തവം, സത്യം, അസത്യം എന്നതൊക്കെ ഭരണകൂടം തീരുമാനിക്കും എന്നാണ്. ഇതിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്യുന്ന ഹർജിയിൽ ബോംബെ ഹൈക്കോടതി ഈ വസ്തുത പരിശോധന സമിതി ഉണ്ടാക്കാനുള്ള നിയമം ഭരണഘടന വിരുദ്ധമാണെന്ന് വിധിച്ചു. IT ചട്ടങ്ങൾ 2021 -ലെ 69A അനുസരിച്ചുതന്നെ രാജ്യത്തിന്റെ അഖണ്ഡത, പരമാധികാരം, സുരക്ഷ എന്നിവയെ അപകടത്തിലാക്കുന്ന എന്ന പേരിൽ ഏതു വാർത്തയെയും ഉള്ളടക്കത്തെയും നീക്കം ചെയ്യാനും നടപടിയെടുക്കാനുമുള്ള അധികാരം ഇപ്പോഴും പലതരത്തിൽ ഭരണകൂടം കൈവശം വെക്കുന്നുണ്ട്. ഇതുപയോഗിക്കുന്നത് ഭരണകൂടത്തിനും സർക്കാരിന്റെ രാഷ്ട്രീയത്തിനുമെതിരായ വാർത്തകളെ നീക്കം ചെയ്യാനാണ് എന്നത് വ്യക്തമാണ്.

മാധ്യമ പ്രവർത്തകർക്കെതിരായ ഭരണകൂട നടപടികൾ അതിവേഗം ഓണലൈൻ മാധ്യമപ്രവർത്തകരിലേക്കും തിരിഞ്ഞത് കാണാനാകും. Altnews സഹസ്ഥാപകനായ മുഹമ്മദ് സുബൈറിനെ സർക്കാർ അറസ്റ്റ് ചെയ്തത് ഭരണകൂടത്തിന്റെ രാഷ്ട്രീയ താത്‌പര്യങ്ങൾക്ക് എതിരായി വാർത്തകളുടെ വസ്തുത പരിശോധന നടത്തി എന്നതിനാണ്. കർഷക സമരക്കാലത്ത് സർക്കാരിനെതിരായ സമരക്കാർക്കനുകൂലമായി നിന്നു എന്നതിന്റെ പേരിലും നിരവധി മാധ്യമങ്ങൾക്കെതിരെ നടപടിയെടുത്തു. The Wire പോലുള്ള ഓൺലൈൻ വാർത്താമാധ്യമങ്ങൾക്കെതിരെ സർക്കാർ പ്രതികാര നടപടികൾ കൈക്കൊണ്ടു. ഒരുപക്ഷെ ഓൺലൈൻ മാധ്യമങ്ങൾ അവയുടെ തുടക്കക്കാല പ്രതിസന്ധികളെ വിപണിയിലും അവയുടെ സംഘാടനത്തിലും പൂർണ്ണമായും മറികടന്നിട്ടില്ലാത്ത ഘട്ടത്തിലും ഭരണകൂടം അതിവേഗത്തിൽ അവയെ വേട്ടയാടുന്നതിന്റെ കാരണം അവയുടെ ജനാധിപത്യ വ്യാപന സാദ്ധ്യതകൾ മൂലമാണ്.

Altnews സഹസ്ഥാപകനായ മുഹമ്മദ് സുബൈറിനെ സർക്കാർ അറസ്റ്റ് ചെയ്തത് ഭരണകൂടത്തിന്റെ രാഷ്ട്രീയ താത്‌പര്യങ്ങൾക്ക് എതിരായി വാർത്തകളുടെ വസ്തുത പരിശോധന നടത്തി എന്നതിനാണ്
Altnews സഹസ്ഥാപകനായ മുഹമ്മദ് സുബൈറിനെ സർക്കാർ അറസ്റ്റ് ചെയ്തത് ഭരണകൂടത്തിന്റെ രാഷ്ട്രീയ താത്‌പര്യങ്ങൾക്ക് എതിരായി വാർത്തകളുടെ വസ്തുത പരിശോധന നടത്തി എന്നതിനാണ്

മാധ്യമങ്ങളിൽ മാത്രമായി ഫാഷിസ്റ്റ്- കോർപ്പറേറ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ ആഖ്യാനത്തിന് മേൽക്കൈ ഉണ്ടാകില്ല. രാഷ്ട്രീയ, സാമൂഹ്യ മണ്ഡലങ്ങളിലാകെ അത്തരത്തിലൊരു ബദൽ രാഷ്ട്രീയത്തിന്റെ നവസമരങ്ങൾ ഉണ്ടാകുമ്പോഴാണ് മാധ്യമങ്ങളിലും അതിന്റെ പടർച്ചയുണ്ടാകുന്നത്. കോർപ്പറേറ്റ് നിയന്ത്രണത്തിലും ഭരണകൂട സ്വാധീനത്തിലുമുള്ള മാധ്യമങ്ങളുടെ ഒരു വലിയ നിര മാധ്യമലോകത്തെ മൂടിനിൽക്കുകയാണ്. അതിനിടയിൽ ജനാധിപത്യ സമൂഹത്തിന്റെയും കോർപ്പറേറ്റ് താത്പര്യങ്ങൾക്ക് വിധേയമാകാതെയും നിൽക്കുന്ന മാധ്യമങ്ങളുടെ നിലനിൽപ്പ് വലിയ പ്രതിസന്ധികൾ നേരിടുന്നതാണ്. സ്വതന്ത്ര മാധ്യമപ്രവർത്തനം നേരിടുന്ന പ്രതിസന്ധി അത് സ്വതന്ത്രമായി നിലനിൽക്കാൻ ശ്രമിക്കുന്നു എന്നതാണ്. അതിനർത്ഥം അതിന് പക്ഷങ്ങളില്ല എന്നല്ല. അതിന്റെ മാധ്യമ ചോദനകൾ ഉണ്ടാകുന്നത് ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെയും ആധുനിക ജനാധിപത്യ സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകുന്ന രാഷ്ട്രീയത്തിൽ നിന്നുമാണ്. ഇത്തരത്തിലുള്ള രാഷ്ട്രീയ പക്ഷം അതിനുണ്ട്. എന്നാൽ അതിനെ ഭരണാധികാരികളോടും ഭരണകൂടത്തോടും ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ സംഘടനയോടുമൊക്കെയുള്ള വിധേയത്തമോ അനുയാത്രയോ ആയി ചുരുക്കിക്കാണാൻ ശ്രമിക്കുന്നതോടെയാണ് സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് നാനാവശത്തുനിന്നും ശത്രുക്കളെ നേരിടേണ്ടിവരുന്നത്.
അദാനി എന്ന് പറയുമ്പോൾ, വിഴിഞ്ഞത്തൊരു അദാനി, അതിന് പുറത്ത് വേറൊരുതരം അദാനി എന്ന മെയ്‌വഴക്കം സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് വശമില്ലാതെ പോകുന്നു. അപ്പോഴാകട്ടെ ഒരേ സമയം കോർപ്പറേറ്റ്- ഭരണകൂട എതിർപ്പും അതിനൊപ്പം വിധേയ സ്വഭാവം കാണിക്കാത്തതുകൊണ്ട് സാമാന്യമായി ജനാധിപത്യ രാഷ്ട്രീയത്തിനുവേണ്ടി നിലകൊള്ളും എന്ന് കരുതുന്ന സംഘടനകളുടെ എതിർപ്പും അതിനു നേരിടേണ്ടിവരും.

കോർപ്പറേറ്റ് നിയന്ത്രണത്തിലും ഭരണകൂട സ്വാധീനത്തിലുമുള്ള മാധ്യമങ്ങളുടെ ഒരു വലിയ നിര മാധ്യമലോകത്തെ മൂടിനിൽക്കുകയാണ്.
കോർപ്പറേറ്റ് നിയന്ത്രണത്തിലും ഭരണകൂട സ്വാധീനത്തിലുമുള്ള മാധ്യമങ്ങളുടെ ഒരു വലിയ നിര മാധ്യമലോകത്തെ മൂടിനിൽക്കുകയാണ്.

വാസ്തവത്തിൽ മാധ്യമങ്ങളും പ്രചാരണ യന്ത്രങ്ങളും- propaganda machines- ഉം തമ്മിലുള്ള വ്യത്യാസം അപ്രത്യക്ഷമാവുകയും പ്രചാരണമാധ്യമ മാരീചന്മാരായി ഭരണകൂട- കോർപ്പറേറ്റ് മാധ്യമ സ്ഥാപനങ്ങൾ മാറുകയും ചെയ്യുന്നു. ഇത് ജനാധിപത്യത്തിനെ ഇല്ലാതാക്കാനുള്ള ഏറ്റവും സുസംഘടിതമായൊരു പണിയാണ്. വാർത്തകളുടെയും വിവരങ്ങളുടെയും അപ്പുറത്ത് ആ പാഠത്തിനെ (text) കൈകാര്യം ചെയ്യാനുള്ള ജനങ്ങളുടെ, പൗരസമൂഹത്തിന്റെ ജനാധിപത്യശേഷിയെയാണ് ഇത് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. ഇത് അടിസ്ഥാനപരമായ രാഷ്ട്രീയ സ്വഭാവത്തിന്റെ പ്രകടനമാണ്. അത് ജനാധിപത്യവിരുദ്ധമായ ഒരു സമൂഹത്തിലെ ഉച്ചഭാഷിണികൾ മാത്രമാണ്. മറുവശത്ത് അതിനെ എതിർക്കുന്ന ജനാധിപത്യ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന മാധ്യമങ്ങളിൽ നിന്നും അപ്പുറത്തുള്ള പ്രചാരണ മാധ്യമങ്ങൾ അവിടെ കാണിക്കുന്നതരം വിധേയത്വവും അനുസരണയും ആവശ്യപ്പെടുന്നതോടെ സ്വതന്ത്ര മാധ്യമപ്രവർത്തനത്തെയും ജനാധിപത്യ സമൂഹത്തിലേക്കുള്ള രാഷ്ട്രീയയാത്രയേയും ഒറ്റയടിക്ക് തോൽപ്പിക്കുകയായിരിക്കും ഫലം.

സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്ന വ്യക്തികൾ സങ്കീർണ്ണമായൊരു ഘടനയുടെ കൂടി ഭാഗമാവുകയാണ്. എന്നാലത് പ്രത്യക്ഷത്തിൽ വളരെ ലളിതവും വ്യക്തികളുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതാണെന്ന് തോന്നിക്കുകയും ചെയ്യുന്നതാണ്.

ഇത്തരത്തിലുള്ള വിധേയ സംഘങ്ങൾക്കപ്പുറം ജനങ്ങൾക്ക് തങ്ങളുടേതായ രാഷ്ട്രീയ വ്യവഹാരങ്ങൾക്കും ഇടപെടലുകൾക്കുമുള്ള ഇടമുണ്ടാക്കിയെടുക്കാനുള്ള ജനാധിപത്യസാധ്യതയാണ് ഓൺലൈൻ വാർത്താമാധ്യമങ്ങളെയും സാമൂഹ്യ മാധ്യമങ്ങളെയും ജൈവമായൊരു രാഷ്ട്രീയ സാധ്യതയുടെ ഭാഗമാക്കുന്നത്. അതിനെ വളർത്തിക്കൊണ്ടുവരേണ്ട ബദൽ രാഷ്ട്രീയാഖ്യാനമാകട്ടെ പൊതുസമൂഹത്തിൽ, അതിന്റെ രാഷ്ട്രീയ സമ്പദ് വ്യവസ്ഥയിലെ നിരന്തര സമരങ്ങളിലൂടെയും വിമതത്വത്തിലൂടെയും സൃഷ്ടിയ്ക്കപ്പെടേണ്ടതാണ്.

സാമൂഹ്യമാധ്യമത്തി​ലെ വ്യക്തി

സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കുന്ന വ്യക്തികൾ സങ്കീർണ്ണമായൊരു ഘടനയുടെ കൂടി ഭാഗമാവുകയാണ്. എന്നാലത് പ്രത്യക്ഷത്തിൽ വളരെ ലളിതവും വ്യക്തികളുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതാണെന്ന് തോന്നിക്കുകയും ചെയ്യുന്നതാണ്. ഒരാൾ അയാളുടെ / അവളുടെ സ്വന്തമായ നിയന്ത്രണത്തിലുള്ളൊരു ലോകത്തെ സൃഷ്ടിക്കുന്നു എന്നൊരു പ്രതീതി സാമൂഹ്യമാധ്യമങ്ങളിൽ ഉണ്ടാക്കിയെടുക്കാൻ കഴിയും. ഒരുതരത്തിൽ ഒരു സാമൂഹ്യജീവി എന്ന നിലയിൽ മനുഷ്യൻ കൂടുതൽ വ്യാപകമായൊരു പാരസ്പര്യം ഇതിലൂടെ നേടിയെടുക്കുന്നുണ്ട്. സ്ഥലം, സമയം എന്നിവയുടെ എല്ലാതരം സങ്കൽപ്പനങ്ങളേയും ഉല്ലംഘിക്കാൻ അത് ഇന്നുവരെ മറ്റൊരു സാങ്കേതികവിദ്യക്കും സാധ്യമാകാത്ത തരത്തിലുള്ള അവസരം മനുഷ്യന് നൽകുന്നുണ്ട്. മനുഷ്യ സമൂഹത്തിന്റെ സാമൂഹ്യവിനിമയ സാധ്യതകളെ അത് പതിന്മടങ്ങായി വർധിപ്പിക്കുന്നുണ്ട്.

ഒരാൾ അയാളുടെ / അവളുടെ സ്വന്തമായ നിയന്ത്രണത്തിലുള്ളൊരു ലോകത്തെ സൃഷ്ടിക്കുന്നു എന്നൊരു പ്രതീതി സാമൂഹ്യമാധ്യമങ്ങളിൽ ഉണ്ടാക്കിയെടുക്കാൻ കഴിയും
ഒരാൾ അയാളുടെ / അവളുടെ സ്വന്തമായ നിയന്ത്രണത്തിലുള്ളൊരു ലോകത്തെ സൃഷ്ടിക്കുന്നു എന്നൊരു പ്രതീതി സാമൂഹ്യമാധ്യമങ്ങളിൽ ഉണ്ടാക്കിയെടുക്കാൻ കഴിയും

ഇതൊക്കെയാണെങ്കിലും അത് വ്യാജമായ ഒരു ലോകത്തിന്റെ നിഴൽപ്രദേശം കൂടിയാണ്. അവിടെ നിങ്ങളുടെ വ്യക്തിത്വത്തിന്റെ വ്യാജ സാധൂകരണമാണ് നടക്കുന്നത്. യഥാർത്ഥ ലോകത്തിന് ശമിപ്പിക്കാനോ തൃപ്തമാക്കാനോ കഴിയാത്ത നിങ്ങളുടെ ഇച്ഛകളെ, കാമനകളെ അത് നിർലോഭം ആഘോഷിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ അവനവന്റെ ഒരു ചിത്രമിട്ടു കഴിയുമ്പോൾ അതിനുകീഴിൽ വന്നുനിറയുന്ന ആസ്വാദനങ്ങൾ നിങ്ങൾക്ക് നിങ്ങളെക്കുറിച്ചുള്ള മതിപ്പ് കൂട്ടുന്നത് അങ്ങനെയാണ്. അതാകട്ടെ വളരെ വ്യാജമായൊരു പ്രതീതിയാണെന്നും, ഒരുതരം അപരലോക സാധൂകരണത്തിന്റെ മയക്കുവെടിയാണ് നിങ്ങൾക്കേൽക്കുന്നതെന്നും, നിങ്ങൾ മനസിലാക്കാനുള്ള കാലം എത്ര അകലെയാണോ അത്രയും കാലം വരെ ഈ വ്യാജാനന്ദം നിങ്ങളെ യഥാർത്ഥ ലോകത്തുനിന്നും സംരക്ഷിച്ചുനിർത്തും. വ്യാജമാണെങ്കിലെന്താ, അല്പം ആനന്ദം ആരാണാഗ്രഹിക്കാത്തത് എന്നൊരു ചോദ്യത്തിനവിടെ സ്ഥലമുണ്ടെങ്കിലും വ്യക്തി എന്ന നിലയിൽ നിങ്ങൾക്ക് സാധൂകരിക്കപ്പെടുന്നതിനുള്ള അളവ് മയക്കുമരുന്ന് പോലെ കൂട്ടേണ്ടിവരും.

മുതലാളിത്തത്തിന്റെ വായനകളും അറിവുകളുമെല്ലാം വിപണിയുടെ മസ്തിഷ്ക്കത്തിലാണ് ശേഖരിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ സാമൂഹ്യമാധ്യമങ്ങളിൽ നിന്നും സ്വാഭാവികമായും നിങ്ങളുടെ അപരപൗരത്വം മുതലാളിത്തത്തിന്റെ ആഗോളവിപണി റിപ്പബ്ലിക്കിൽ അടയാളപ്പെടുത്തും.

സ്വന്തമായ ഇടമാണുണ്ടാക്കുന്നത് എന്നത് ഒരു വ്യക്തിയെ ബോധ്യപ്പെടുത്തുമ്പോഴും വാസ്തവത്തിൽ വ്യക്തികളെ അവരുടെ എല്ലാവിധ സ്വകാര്യതകളിൽ നിന്നും എന്നെന്നേക്കുമായി പുറത്തേക്കെറിയുകയാണ് സാമൂഹ്യമാധ്യമങ്ങളും, വിശാലാർത്ഥത്തിൽ ഡിജിറ്റൽ ലോകവും. സാമൂഹ്യമാധ്യമങ്ങളിലെ ഒരു വ്യക്തിയുടെ ഇടപെടലുകളിലും അയാൾ / അവളെ അവിടെ അവശേഷിപ്പിക്കുന്ന മുദ്രകളിലും നിന്ന് അവരുടെ വ്യക്തിത്വത്തെ ഏതാണ്ട് പൂർണ്ണമായിത്തന്നെ വായിച്ചെടുക്കുക എന്നത് അത്ര സങ്കീർണ്ണമായൊരു കാര്യമല്ല, ഇപ്പോൾ. വ്യക്തികളുടെ രാഷ്ട്രീയ ചായ്‌വുകൾ, ലൈംഗികാഭിരുചി, ജീവിതാനുഭവങ്ങൾ, അവരുടെ സാമൂഹ്യ താത്പര്യങ്ങൾ, പരിചയവൃത്തങ്ങൾ, ദൗർബ്ബല്യങ്ങൾ, ബന്ധങ്ങൾ എന്നിവയുടെയെല്ലാം ഒരു സൂചകമായും കണ്ണാടിയായും വഴികാട്ടിയായും അവരുടെ സാമൂഹ്യ മാധ്യമ ഇടപാടുകൾ നിൽക്കുന്നുണ്ട്. നിങ്ങളുടെ നിരവധിയായ സാമൂഹ്യ മാധ്യമ ഇടപാടുകളിൽ നിന്നും ഇടപെടലുകളിൽ നിന്നും നിങ്ങളെ വായിച്ചെടുക്കുക എന്നത് വളരെ ലളിതമായൊരു കാര്യമാണ്. മുതലാളിത്തത്തിന്റെ വായനകളും അറിവുകളുമെല്ലാം വിപണിയുടെ മസ്തിഷ്ക്കത്തിലാണ് ശേഖരിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ സാമൂഹ്യമാധ്യമങ്ങളിൽ നിന്നും സ്വാഭാവികമായും നിങ്ങളുടെ അപരപൗരത്വം മുതലാളിത്തത്തിന്റെ ആഗോളവിപണി റിപ്പബ്ലിക്കിൽ അടയാളപ്പെടുത്തും.

ഡിജിറ്റൽ പാദമുദ്രകളിലൂടെ വ്യക്തികൾ അവരുടെ അപരനെ സൃഷ്ടിക്കുകയാണ്  / Photo : greatbigphotography
ഡിജിറ്റൽ പാദമുദ്രകളിലൂടെ വ്യക്തികൾ അവരുടെ അപരനെ സൃഷ്ടിക്കുകയാണ് / Photo : greatbigphotography

തൊട്ടറിയാവുന്നൊരു ലോകമല്ലാത്തൊരു ലോകം നമുക്കുണ്ട് എന്ന തോന്നലിലാണ് സാമൂഹ്യ മാധ്യമങ്ങളിൽ മനുഷ്യർ നിൽക്കുന്നത്. എന്റെ ജീവിതം ആഹ്ളാദഭരിതമാണെന്നും എനിക്ക് ആത്മഹത്യ ചെയ്യാൻ തോന്നുന്നെന്നും, എന്റെ വിവാഹ ജീവിതം തകർന്നു എന്നും, എനിക്ക് പ്രണയിക്കാൻ തോന്നുന്നു എന്നും, എന്റെ ലൈംഗികജീവിതത്തിന്റെ ഛായകൾ ഇങ്ങനെയൊക്കെയാണെന്നുമൊക്കെ ആളുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ, അവർ കണ്ടിട്ടുപോലുമില്ലാത്ത, പരസ്പരമുള്ള ജീവിത വൈകാരികതകളിലോ വാസ്തവികതകളിലോ കഥാശ്രവണത്തിന്റെയോ കല്പനാരതിയുടെയോ ഒക്കെ സാദ്ധ്യതകൾ മാത്രമുള്ള ഒരു കൂട്ടം മനുഷ്യരോടായി വിളിച്ചുപറയുന്നത്, തങ്ങളിടപെടുന്ന യഥാർത്ഥ ലോകത്തിൽ നിന്നുള്ള അന്യവത്ക്കരണത്തിൽ നിന്നുള്ള പലായനമാണ്. ഇത് സമ്പൂർണ്ണമായും അയഥാർത്ഥമല്ല. എന്നാലത് വ്യാജവുമാണ്. സാമൂഹ്യ മാധ്യമങ്ങളിൽ നിരന്തരമായി നിങ്ങൾ സ്വന്തം ചിത്രമിടുമ്പോൾ അതിനു ലഭിക്കുന്ന ആസ്വാദനം നിങ്ങൾക്ക് നൽകുന്നത് നിങ്ങളുടെ വ്യക്തിത്വത്തിന്റെ സാധൂകരണമാണ്. തൊട്ടറിയാവുന്ന ചുറ്റുമുള്ള ലോകം നിങ്ങളെ അരക്ഷിതവും നിസ്സഹായവുമായ, ചൂഷണവും വഞ്ചനയും നിറഞ്ഞ അനുഭവങ്ങളിലൂടെയാണ് കൊണ്ടുപോകുന്നത് എന്ന് തോന്നുന്നൊരാളാണ് നിങ്ങളെങ്കിൽ ഈ സാമൂഹ്യ മാധ്യമ സാധൂകരണം (Social media validation) നിങ്ങൾക്ക് ഒരു അംഗീകാരമാണ് എന്ന് തോന്നുകയും ചെയ്യും. അതേസമയം നിങ്ങളവിടെ കൂടുതൽ വെളിപ്പെടുകയും ചെയ്യും.

ഡിജിറ്റൽ പാദമുദ്രകളിലൂടെ വ്യക്തികൾ അവരുടെ അപരനെ സൃഷ്ടിക്കുകയാണ്. ഒരുഘട്ടം കഴിഞ്ഞാൽ നിങ്ങൾ സൃഷ്ടിച്ച ഈ അപരനെ ഉപയോഗിച്ച് നിങ്ങളെ മനസിലാക്കാനും നിങ്ങളെ രൂപപ്പെടുത്താനും കഴിയും. നിങ്ങൾ നടക്കുമ്പോഴാണ് നിങ്ങളുടെ നിഴലുണ്ടാകുന്നത് എന്നത് മാറുകയും, നിഴലിനൊപ്പം നിങ്ങൾ നടക്കുകയാണ് എന്നാവുകയും ചെയ്യും.


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

ഡോ. പ്രസന്നൻ പി.എ.യമഷിനോജ് ചോറൻഡോ. ഔസാഫ് അഹ്‌സൻഎൻ.ഇ. സുധീർവി. വിജയകുമാർപി. പ്രേമചന്ദ്രൻഎസ്. ജോസഫ്ജി.ആർ. ഇന്ദുഗോപൻപി.പി. ഷാനവാസ്പ്രിയ ജോസഫ്Read More

Comments