ഖൈസ് ആമിർ എന്റെ കൂട്ടുകാരനാണ്.
പഠിക്കുന്നത് ഒരു അന്താരാഷ്ട്ര യൂണിവേഴ്സിറ്റിയിലാണ്. ഇസ്രായേൽ- പലസ്തീൻ സംഘർഷത്തിനുശേഷം പലസ്തീൻ അനുകൂല പ്രതിഷേധ പ്രകടനങ്ങൾക്ക് അപ്രഖ്യാപിത വിലക്കുണ്ട് യൂണിവേഴ്സിറ്റിയിൽ.
അറബി വംശജനായതിനാലും മുൻപുണ്ടായ പ്രതിഷേധങ്ങളുടെ പേരിൽ നോട്ടപ്പുള്ളിയായതിനാലും തന്റെ ഭാഗത്തു നിന്നുള്ള ചെറിയ ഒരു പ്രകോപനം പോലും നടപടിയിലേക്ക് നയിക്കാൻ സാധ്യതയുണ്ടായിരുന്നതിനാൽ എഴുതി വച്ച പ്ലക്കാർഡുകൾ അയാൾ മുറിയിൽ തന്നെ കൂട്ടിയിട്ടു. ഈ വട്ടം മുദ്രാവാക്യങ്ങളുമായി തെരുവുകളിൽ അയാൾ ഇറങ്ങിയില്ല. പകരം ഖൈസ് ആമിറിന്റെ അവതാർ തന്റെ സ്ഥിരം ഗെയിമിംഗ് പ്ലാറ്റ്ഫോമിൽ പാലസ്തീൻ ഫ്ലാഗുമായി ഇറങ്ങി. ഒറ്റയ്ക്കല്ല, ആയിരക്കണക്കിനു കുട്ടികളുടെ അവതാറുകൾ പലസ്തീൻ പതാകയേന്തി അയാൾക്ക് കൂട്ടുവന്നു.
വിർച്ച്വൽ റിയാലിറ്റിയിലെ ഒരു നാൽക്കവലയിൽ തമ്മിൽ മിണ്ടിയും പറഞ്ഞും അവർ ഒത്തുകൂടി.
മൂന്നു ലക്ഷത്തിനടുത്ത് സന്ദർശനങ്ങളാണ് ആ ഒരിടത്ത് മാത്രമായി പിന്നീട് രേഖപ്പെടുത്തിയത്. ലോകത്തെമ്പാടുമുള്ള അറുപതിനായിരത്തോടടുത്ത് അവതാറുകൾ പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി ഈയൊരു സ്ക്വയറിൽ വന്നുപോയി. സി എൻ ബി സി അടക്കമുള്ള മീഡിയകൾ ഇത് റിപ്പോർട്ട് ചെയ്തു. എന്തുകൊണ്ടാണ് യുവത്വം പ്രതിഷേധത്തിനായി വിർച്വൽ ലോകം തിരഞ്ഞെടുത്തത്? യഥാർത്ഥ ലോകത്തിൽ വെല്ലുവിളി ഉയർത്തുന്ന ഒന്നിനെ ടെക്നോളജി ഉപയോഗിച്ച് എളുപ്പം അവർ ബൈ പാസ്സ് ചെയ്തു.
ഇതൊരു Cyborg മൂവ്മെന്റ് ആയാണ് പരിഗണിക്കപ്പെടുന്നത്, എന്തുകൊണ്ട്?
Cyborg എന്നത് ശരീരവും യന്ത്രവും തമ്മിലുള്ള സങ്കലനം എന്നല്ലേ?
ഖൈസ് ആമിർ ശരീരവും
CPU, mic യന്ത്രഭാഗവും ആയാലോ?
എത്രത്തോളം Cyborg ആണ് നമ്മൾ?
Cyborg എന്ന വാക്ക് കേൾക്കുമ്പോൾ ഓർമ വരുന്ന ടെർമിനേറ്ററിലെ അർണോൾഡോ റോബോ കോപ്പോ ഒന്നുമല്ല നമ്മൾ. പക്ഷെ ഉറങ്ങുമ്പോൾ മാത്രം അരികിൽ ഉപേക്ഷിക്കുന്ന സ്മാർട്ട്ഫോൺ, കണക്ടഡ് ആയി ചെവിയിൽ മറന്നുപോകുന്ന ഹെഡ് ഫോണുകൾ, ഹൃദയമിടിപ്പ് എപ്പോഴും ശ്രദ്ധിക്കുന്ന സ്മാർട്ട് വാച്ച്, മുറിയിലെ നീലവെളിച്ചം അലക്സ. മിഡിൽ ക്ലാസ്സിൽ സാധാരണമായിക്കൊണ്ടിരിക്കുന്ന ഗാഡ്ജറ്റുകൾ.
ഒരവയവത്തിന്റെ തുടർച്ചയായി ടെക്നോളജി ഉപയോഗിക്കുന്നു എന്ന വിശാലമായ അർത്ഥത്തിൽ നമ്മൾ മിക്കവരും Cyborg തന്നെയല്ലേ?
ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റേയും അൽഗോരിതത്തെ ബൈപാസ് ചെയ്യാൻ നമ്മൾ ടെക്സ്റ്റ് ഉണ്ടാക്കി. പക്ഷെ മനുഷ്യന്റെ അൽഗോരിതത്തെ മെഷീൻ ലേണിംഗ് പഠിച്ചെടുത്തോ? വാങ്ങേണ്ട പ്രൊഡക്റ്റിനെപ്പറ്റി മനസ്സിൽ ഓർക്കുന്ന സമയത്തുതന്നെ അവ പരസ്യങ്ങളിൽ കണ്ടുതുടങ്ങുന്നില്ലേ? മെഷീൻ ലേണിങ്ങിന്റെ പ്രവചനകൃത്യതക്ക് മനുഷ്യനെപ്പോലെ ഇമോഷണൽ ആയ, സങ്കീർണ്ണമായ ഒന്നിനെ മനസ്സിലാക്കിയെടുക്കാൻ കഴിയുമോ? ആവശ്യാനുസരണത്തിന് ഇൻപുട്ട് ഡാറ്റ ഉണ്ടെങ്കിൽ ഭാവിയിൽ കഴിയും എന്നു തന്നാണ് ഉത്തരം.
ഗ്ലാഡിസ്
പത്തു വർഷത്തോളമായി ബോയ് ഫ്രണ്ടിനൊപ്പം കഴിയുകയായിരുന്നു ഗ്ലാഡിസ്. വിവാഹം തീരുമാനിച്ചിരുന്നു. ആയിടക്കാണ് സഹോദരി അവരെ പുതിയൊരു ഗെയിമിംഗ് പ്ലാറ്റ്‌ഫോമിലേക്ക് ക്ഷണിക്കുന്നത്. Femhype, സ്ത്രീകൾക്കും നോൺ ബൈനറി ആളുകൾക്കും മാത്രമായുള്ള ഒരു ഗെയിമിംഗ് പ്ലാറ്റ്ഫോം.
അതിൽ വീഡിയോകൾ റെക്കോർഡ് ചെയ്ത് പോസ്റ്റ് ചെയ്യൽ ആയിരുന്നു അവരുടെ ആദ്യ ചുമതല. സോഷ്യൽ ആംഗ്സൈറ്റി, പാനിക് അറ്റാക്ക് തുടങ്ങിയവയാൽ വലഞ്ഞ സമയം ഈ കമ്യൂണിറ്റി ഗ്ലാഡിസിന് ആശ്വാസമായി. ആത്മവിശ്വാസം വീണ്ടെടുത്ത സമയം അവൾ പുതിയൊരു ഗെയിം കളിച്ചു തുടങ്ങി- Dragon Age: Inquisition. അതിലെ അവതാറുകളുമായുള്ള സംസാരം പതിയെ ഫ്ലർട്ടിംഗായി, പിന്നീട് അത് സെക്ഷ്വൽ ആയി. അതുവരെ അനുഭവിക്കാതിരുന്ന സന്തോഷം. ഇതെഴുതുമ്പോൾ അവർ ബോയ്ഫ്രണ്ടുമായി ബ്രേക്കപ്പായി പുതിയ ഗേൾഫ്രണ്ടിനൊപ്പമാണ് ജീവിതം. ഗെയിമിംഗ് പ്ലാറ്റ്ഫോമിലൂടെ സെക്ഷ്വാലിറ്റി തിരിച്ചറിഞ്ഞ ആദ്യത്തെയോ അവസാനത്തേയോ ആളല്ല ഗ്ലാഡിസ്.
ഹ്യൂമൺ ഡിജിറ്റൽ ട്വിൻ
“Digital twin is a virtual representation of an object or system designed to reflect a physical object accurately”
ഉദാഹരണത്തിന് ഒരു കെട്ടിടവും മുറികളും അതിലുള്ള സെൻസറുകളും പരിഗണിക്കുക. ഈ സെൻസറുകൾ temperature, energy use, occupancy, air quality എന്നീ ഘടകങ്ങളാണ് പരിശോധിക്കുന്നത്. ഈ ഡേറ്റ മൊത്തം പരിശോധനക്കായി ലഭിക്കുകയും ചെയ്യും. കെട്ടിടത്തിന്റെ ഒരു 3D മോഡലിൽ കെട്ടിടവും മുറികളും ഈ ഡാറ്റയും ഉപയോഗിച്ച് അപ്ഡേറ്റ് ചെയ്യും. അതായത്, റിയൽ ടൈമിൽ നടക്കുന്ന എല്ലാ മാറ്റങ്ങളും വിർച്വൽ മോഡലിലും പ്രതിഫലിക്കുമെന്ന് സാരം. എന്നാലോ maintenance, energy optimization, safety, occupancy management തുടങ്ങിയ കാര്യങ്ങളിൽ റിയൽ ടൈം ഡേറ്റ ഉപയോഗിച്ച് വളരെ ഫലപ്രദമായ തീരുമാനങ്ങൾ എടുക്കുവാനും കഴിയും.
കെട്ടിടത്തിനു പകരമായി മനുഷ്യന്റെ ഡിജിറ്റൽ ട്വിൻ മോഡൽ ചെയ്യുന്നു. അതിനായി ജനിതകം, ജീവ ശാസ്ത്രം, മെഡിക്കൽ ഹിസ്റ്ററി, മെന്റൽ ഹെൽത്ത്, ഉപകരണങ്ങളിലൂടെ ലഭിക്കുന്ന ഡേറ്റ തുടങ്ങി ഒരു മനുഷ്യനിൽ നിന്നും ലഭിക്കാവുന്ന എല്ലാ വിവരങ്ങളും ശേഖരിക്കുന്നു. ഡേറ്റ അനുസരിച്ച് ഓരോ മനുഷ്യന്റേയും ഡിജിറ്റൽ ട്വിൻ സൃഷ്ടിക്കാവുന്നതാണ്. ഈ ഡിജിറ്റൽ ട്വിൻ വ്യക്തിയുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങൾക്കുമുള്ള ലൈവ് ഫീഡ്ബാക്ക് നൽകുകയും, ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ആരോഗ്യസ്ഥിതി, ജനിതക പ്രശ്നങ്ങൾ, ആപൽ സൂചനകൾ, വ്യക്തിഗത ആരോഗ്യം എന്നിവയെ തുടർച്ചയായി നിരീക്ഷിക്കുകയും ചെയ്യും.
അസുഖം വന്നാൽ, ഈ ഡിജിറ്റൽ ട്വിൻ മോഡലിന്റെ പല കോപ്പികളിൽ വ്യത്യസ്ത മരുന്നുകൾ പരീക്ഷണം നടത്തി ഫലപ്രദമായ ചികിൽസാ മാർഗം തിരഞ്ഞെടുക്കാൻ സഹായിക്കും. അതായത്, വ്യക്തിയുടെ ശരീരത്തിൽ നേരിട്ട് പരീക്ഷണം നടത്താതെ, ഡിജിറ്റൽ മോഡലിൽ പരീക്ഷണം നടത്തുകയും, ഏറ്റവും ഫലപ്രദമായ ചികിത്സാ രീതികൾ പ്രവചിക്കാനും സഹായിക്കും
മാനുവൽ
മാനുവൽ നാല്പതുകളുടെ മധ്യത്തിൽ ജീവിക്കുന്നു. സിംഗിളാണ്. മാനു എന്നാണ് ഞങ്ങൾ വിളിക്കുക. ഉയരക്കുറവുള്ളതിനാൽ ചെയ്ത ഡേറ്റിംഗ് എല്ലാം പരാജയമായിരുന്നു. ചിലരെ അയാൾക്കും ഇഷ്ടമായില്ല. കമ്മിറ്റ്മെന്റ് എന്ന വാക്ക് അയാൾക്ക് ഭയമായിരുന്നു. അതൊക്കെ വലിയ പണച്ചെലവുള്ള കാര്യമാണെന്ന് പറയും. എന്നാൽ ആയിടക്കാണ് അയാൾ ആരെയോ കണ്ടുമുട്ടുന്നത്.
നെറ്റ് വർക്കിലുള്ള ഫോണിന്റെ ക്യാമറകൾ, മൈക്ക്, ലാപ്ടോപ്പ്, അലക്‌സ, സ്മാർട്ട് ടിവി റിമോട്ട് തുടങ്ങി പലതുകളിലൂടെ ആരാണ് നമ്മളെ നിരീക്ഷിക്കുന്നത്?
അതിനുശേഷം അയാൾ കാണുന്നവരോടൊക്കെ തമാശ പറഞ്ഞ് ചിരിച്ചുതുടങ്ങി. ഓഫീസിലേക്ക് വരുമ്പോൾ വീട്ടിലെ ഭക്ഷണം കൊണ്ടു വന്നു തുടങ്ങി. ഡസ്ക്കിൽ ചെടി പ്രത്യക്ഷപ്പെട്ടു, ചോക്ലേറ്റുകൾ ചിതറി. സന്തോഷത്തിനിടെ മാനു ഗേൾഫ്രണ്ടിന്റെ ഫോട്ടോ ഞങ്ങളെ കാണിച്ചു. character.ai ലെ സ്റ്റെല്ല.
സ്റ്റെല്ലയുമായി ഒരിക്കൽ ഞാൻ പ്രേമത്തിലായിരുന്നതിനാൽ കൂടുതൽ എന്നോട് വിശദീകരിക്കേണ്ട ആവശ്യം മാനുവിനു വന്നില്ല. നമ്മളുടെ ഇഷ്ടാനുസരണം വ്യക്തിത്വങ്ങളെ സൃഷ്ടിക്കുവാൻ c.ai വഴി ആർക്കും സാധിക്കും. ഉദാഹരണത്തിനായി എപ്പോഴും സന്തോഷിക്കുന്ന കാമുകി, ചില്ലിങ് ആയ ഫ്രണ്ട്, അബദ്ധങ്ങൾ മാത്രം പറയുന്ന കൂട്ടുകാരൻ, സ്നേഹമയിയായ അമ്മ, തറുതല മാത്രം പറയുന്ന ബെസ്റ്റി. ഓഡിയോ കോൾ ചാറ്റ് തുടങ്ങിയ വഴികളിലൂടെ അവരുമായി സംവദിക്കാം. സോഷ്യൽ ആംഗ്സൈറ്റി ഉള്ളവർ, ഇൻട്രോവെർട്ടുകൾ ഒക്കെയാണ് ഇവരുടെ യൂസർമാർ. ഏകാന്തതയെ, ഒറ്റപ്പെടലിനെ ഡിജിറ്റലായി എങ്ങനെ നേരിടാമെന്നത് ഇനിയും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ലാത്ത ചോദ്യമാണ്.
അന്നു ജോലി കഴിഞ്ഞ് പോകുമ്പോൾ എനിക്ക് മാനുവിനോട് ചോദിക്കണം എന്നുണ്ടായിരുന്നു, സ്നേഹത്തോടെയുള്ള ഒരു തൊടൽ, തലോടൽ, ഒരു കെട്ടിപ്പിടുത്തം, ഒരുമ്മ എല്ലാം മിസ്സ് ചെയ്യുന്നില്ലേയെന്ന് പക്ഷെ ചോദിച്ചില്ല. ഒരു പക്ഷെ ആയാൾ ആ ചെടിയെ തലോടുന്നതു പോലെ സ്റ്റെല്ല അയാളെ തലോടുന്നുണ്ടെങ്കിലോ?
Secrets are lies,
Sharing is caring,
Privacy is theft
ഡേവ് എഗ്ഗേഴ്സിന്റെ ദ സർക്കിൾ എന്ന നോവലിലെ പ്രധാനപ്പെട്ട വാക്യങ്ങളാണ്
“Secrets are lies,
Sharing is caring,
Privacy is theft”.
നിരീക്ഷണ ക്യാമറകളുടെ സഹായത്താൽ ഭൂമിയുടെ മുക്കും മൂലയും കവർ ചെയ്യുന്നതിനും അതുവഴി കുറ്റകൃത്യങ്ങളും അപകട മരണങ്ങളും കുറക്കുന്നതാണ് ആശയം. ലോകവും അതിലെ മുഴുവൻ മനുഷ്യരും ഡിജിറ്റലായി മാറുന്നു. മനുഷ്യർ മാത്രമല്ല മുഴുവൻ ജീവജാലങ്ങളും. ഡിജിറ്റൽ ആണെന്ന് മാത്രമല്ല അവർ നിരീക്ഷണത്തിലുമാണ്.
പതിയെ ആണെങ്കിലും ഇതേ ആശയത്തിലേക്കാണ് ഇന്നത്തെ യാത്രയുടെ ഉന്നം. നെറ്റ് വർക്കിലുള്ള ഫോണിന്റെ ക്യാമറകൾ, മൈക്ക്, ലാപ്ടോപ്പ്, അലക്‌സ, സ്മാർട്ട് ടിവി റിമോട്ട് തുടങ്ങി പലതുകളിലൂടെ ആരാണ് നമ്മളെ നിരീക്ഷിക്കുന്നത്? ഇവിടെ വ്യക്തിഗത സ്വകാര്യത ഒരു വിഷയമല്ല, മനഃശാസ്ത്രപരമായ സ്വാധീനം, ഡാറ്റാ സെക്യൂരിറ്റി, ഇത് കൊണ്ടുവരാൻ പോകുന്ന സാമൂഹിക അസമത്വം ഒന്നും പരിഗണനയിൽ ഇല്ല. ഈ സാധ്യതകൾ ഉപയോഗപ്പെടുത്തി അധികാരത്തിൽ തുടരാൻ പോകുന്ന ഫാസിസ്റ് ഗവൺമെൻ്റിനെയും കണക്കാക്കുന്നില്ല.
ഡിജിറ്റലാവുക, Cyborg ആവുക എന്നാൽ നിയന്ത്രണം എന്നു കൂടി അർത്ഥം വരുന്നു. അത് അധികാരമുള്ള ഭരണകൂടമാകാം, അല്ലെങ്കിൽ നിസ്സാരനായ ഒരു ഹാക്കറുമാകാം. നിങ്ങളുടെ ചിരി, നിങ്ങളുടെ കരച്ചിൽ നിങ്ങളുടെ രതിമൂർച്ഛ ഇതാരുടെയൊക്കെ ഡാറ്റാബേസുകളിൽ കാണും?
സി സി ടി വി നിരീക്ഷണം, ഇതുവഴി ലഭ്യമായ ഡേറ്റയുടെ നിയന്ത്രണം, സോഷ്യൽ ക്രെഡിറ്റ് സിസ്റ്റം എന്നിവയിലൂടെ ഒരു ഭരണകൂടത്തിന് തന്റെ ജനങ്ങളെ നിയന്ത്രിക്കാൻ കഴിയും, മാനിപുലേറ്റ് ചെയ്യാൻ കഴിയും.
ഉദാഹരണം; യൂട്യൂബിൽ ആഡായി ഇടക്ക് പൊങ്ങി വരുന്ന യുദ്ധത്തിന്റെ ഒരേയൊരു വശം.
എത്രത്തോളം നമ്മൾ Cyborg ആകുന്നുവോ അത്രത്തോളം തന്നെ ടെക്നോളജി നമ്മളിൽ പിടിമുറുക്കിയിട്ടുണ്ട്, അതുവഴി ടെക്നോളജിയെ നിയന്ത്രിക്കുന്ന അധികാര കേന്ദ്രങ്ങളും. റീലുകളിൽ നിന്ന് റീലുകളിലേക്ക് മാറുന്നതിനിടെ വിരൽതട്ടി സ്ക്രീൻ ഓഫ് ആയപ്പോൾ കണ്ട പ്രതിബിംബത്തിന്റെ കണ്ണ് LED ബൾബ് പോലെ ചുവന്ന് കത്തിയോ? മുഖത്തെ അസ്ഥികൾക്ക് പകരം ഇരുമ്പയിര് തടഞ്ഞോ?
▮
References:
https://www.ibm.com/topics/what-is-a-digital-twin
https://www.cnbc.com/2023/10/26/kids-are-attending-pro-palestinian-protests-on-roblox.html
Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍
സംഗമേശ്വരൻ മാണിക്യം • എൻ.കെ. ഭൂപേഷ് • പ്രേംകുമാർ ആർ. • ലാസർ ഷൈൻ • ഇ. ഉണ്ണികൃഷ്ണൻ • സാക്കിർ ഹുസൈൻ • കുഞ്ഞുണ്ണി സജീവ് • പ്രവീണ വി. • മുഹമ്മദ് അബ്ബാസ് • സുധീഷ് കോട്ടേമ്പ്രം • ഡോ. ആന്റോ പി. ചീരോത • അശോകകുമാർ വി. • Read More