ഡോ. ബി. ഇക്ബാൽ

വായനയുടെയും എഴുത്തിന്റെയും
പ്രസാധനത്തിന്റെയും സ്വതന്ത്രലോകം

‘‘ഗൂഗിൾ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ്, യൂട്യൂബ് തുടങ്ങിയ സാമൂഹ്യശൃംഖലകൾ ജനങ്ങൾ തമ്മിലുള്ള ആശയവിനിമയത്തേയും ആത്മാവിഷ്ക്കാരത്തേയും പുതിയ തലങ്ങളിലേക്ക് ഉയർത്തി. ഭരണകൂടത്തിന്റെ പൂർണ്ണനിയന്ത്രണത്തിലല്ലാതെ ഇപ്പോൾ പ്രവർത്തിച്ചുവരുന്ന സാമൂഹ്യശൃംഖലകൾ ശബ്ദമില്ലാത്തവരുടെ ശബ്ദവും ഇടമില്ലാത്തവരുടെ ഇടവുമായി മാറി’’- ഡിജിറ്റൽ സാങ്കേതികവിദ്യാ മുന്നേറ്റം നമ്മുടെ വൈജ്ഞാനിക മേഖലയെ എങ്ങനെയാണ് ജനാധിപത്യവൽക്കരിച്ചത് എന്ന് അന്വേഷിക്കുന്നു, ഡോ. ബി. ഇക്ബാൽ.

ഡിജിറ്റൽ സാങ്കേതികവിദ്യാ മുന്നേറ്റം വിജ്ഞാനാർജ്ജനത്തിന്റേയും ആശയവിനിമയത്തിന്റേയും മേഖലയിൽ ലോകമെമ്പാടും വിസ്മയകരമായ സാധ്യതകളാണ് തുറന്നുതന്നിട്ടുള്ളത്. വിജ്ഞാനവും വിവരവും അക്ഷരാർത്ഥത്തിൽ വിരൽതുമ്പുകളിലെത്തിച്ചുകൊണ്ട് ഇന്റർനെറ്റ് തൊണ്ണൂറുകളോടെ വിജ്ഞാനമഹാസരണിയായി മാറി. നവീനവിവരങ്ങൾ തത്സമയം ലോകത്തിന്റെ ഏതുഭാഗത്തിരുന്നും വലിയ ചെലവില്ലാതെ ആർക്കും ലഭ്യമാവുമെന്ന സ്ഥിതി വന്നു. വിജ്ഞാനകുത്തക അവസാനിക്കുകയും അച്ചടിയന്ത്രത്തിന്റെ കണ്ടുപിടിത്തതോടെ ആരംഭിച്ച വിജ്ഞാനത്തിന്റെ വികേന്ദ്രീകരണവും ജനാധിപത്യവൽക്കരണവും കൂടുതൽ വ്യാപകമാവുകയും ശക്തിപ്പെടുകയും ചെയ്തു.

ഗൂഗിൾ, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ്, യൂട്യൂബ് തുടങ്ങിയ സാമൂഹ്യശൃംഖലകൾ ജനങ്ങൾ തമ്മിലുള്ള ആശയവിനിമയത്തേയും ആത്മാവിഷ്ക്കാരത്തേയും പുതിയ തലങ്ങളിലേക്ക് ഉയർത്തി. ഭരണകൂടത്തിന്റെ പൂർണ്ണനിയന്ത്രണത്തിലല്ലാതെ ഇപ്പോൾ പ്രവർത്തിച്ചുവരുന്ന സാമൂഹ്യശൃംഖലകൾ ശബ്ദമില്ലാത്തവരുടെ ശബ്ദവും ഇടമില്ലാത്തവരുടെ ഇടവുമായി മാറി. ലോകമെമ്പാടും സമീപകാലത്ത് ഉയർന്നുവന്ന ജനാധിപത്യ- പുരോഗമന പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുന്നതിൽ സാമൂഹ്യശൃംഖലകൾ വഴി നടക്കുന്ന ആശയപ്രചരണം വലിയൊരു പങ്കുവഹിക്കുന്നു.

മൈക്രോസോഫ്റ്റ് തുടങ്ങിയ ഡിജിറ്റൽ കോർപ്പറേറ്റ് ഭീമന്മാർക്കെതിരെ സോഫ്റ്റ് വെയർ നിർമ്മിതിയിലും വ്യാപനത്തിലും സഹകരണവും പങ്കിടലും സ്വാതന്ത്ര്യവും പ്രഖ്യാപിച്ച് സ്വതന്ത്ര സോഫ്റ്റ് വെയർ പ്രസ്ഥാനവും ക്രിയേറ്റീവ് കോമൺസ് തുടങ്ങിയ കുത്തക വിരുദ്ധ ബൗദ്ധിക സ്വത്തവകാശ സംരംഭങ്ങളും ഉയർന്നുവന്നു. ഇതോടൊപ്പം ഇന്റർനെറ്റിലെ ഇംഗ്ലീഷ് ഭാഷാ മേധാവിത്വം അവസാനിപ്പിച്ച്, ദേശീയഭാഷാ സാങ്കേതിക വിദ്യാവികസനം കൂടി വ്യാപകമായതോടെ ഇന്റർനെറ്റ് ഉപയോഗത്തിന്റെ കാര്യത്തിൽ സാമാന്യ ജനങ്ങൾ കൂടുതൽ ശാക്തീകരിക്കപ്പെട്ടു.

ഭരണകൂടത്തിന്റെ പൂർണ്ണനിയന്ത്രണത്തിലല്ലാതെ ഇപ്പോൾ പ്രവർത്തിച്ചുവരുന്ന സാമൂഹ്യശൃംഖലകൾ ശബ്ദമില്ലാത്തവരുടെ ശബ്ദവും ഇടമില്ലാത്തവരുടെ ഇടവുമായി മാറി.
ഭരണകൂടത്തിന്റെ പൂർണ്ണനിയന്ത്രണത്തിലല്ലാതെ ഇപ്പോൾ പ്രവർത്തിച്ചുവരുന്ന സാമൂഹ്യശൃംഖലകൾ ശബ്ദമില്ലാത്തവരുടെ ശബ്ദവും ഇടമില്ലാത്തവരുടെ ഇടവുമായി മാറി.

ഇന്റർനെറ്റ് ഒരു വായനാമാധ്യമം

അച്ചടിമാധ്യമത്തോടൊപ്പം വലിയൊരു വായനാമാധ്യമമായി (Reading Media) കഴിഞ്ഞിട്ടുള്ള ഇന്റർനെറ്റും അനുബന്ധ സാങ്കേതികങ്ങളും വായനയെ ഗുണപരമായി പുതിയൊരു തലത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. സാങ്കേതിക വിദ്യകൾ എഴുത്തിനേയും വായനയേയും എല്ലാ കാലത്തും സ്വാധീനിച്ചിട്ടുണ്ട്, മാറ്റിമറിച്ചിട്ടുണ്ട്.

വായ്മൊഴിയിൽ നിന്ന് വരമൊഴിയിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിൽ അച്ചടിയന്ത്രം വലിയ പങ്കു വഹിച്ചു. ജൊഹാൻ ഗുട്ടൻബർഗ് 1450- ൽ അച്ചടിവിദ്യ കണ്ടുപിടിക്കുന്ന അവസരത്തിൽ യൂറോപ്പിലാകമാനം കേവലം 30,000 ഗ്രന്ഥങ്ങളാണുണ്ടായിരുന്നത്. കൂടുതലും കൈകൊണ്ടെഴുതിയ മതഗ്രന്ഥങ്ങൾ. മതസ്ഥാപനങ്ങളുടെ അലമാരകളിൽ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരുന്ന ഈ കൈയെഴുത്ത് ഗ്രന്ഥങ്ങളിൽ ഭൂരിഭാഗവും പൊതുജന വിജ്ഞാനമാധ്യമങ്ങളായിരുന്നില്ല.

അച്ചടിവിദ്യ കണ്ടുപിടിച്ച് വെറും 50 വർഷം കൊണ്ട് യൂറോപ്പിൽ ലഭ്യമായ ഗ്രന്ഥങ്ങളുടെ എണ്ണം ഒൻപത് ദശലക്ഷമായി വർധിച്ചു. കുറഞ്ഞ ചെലവിൽ ഓരോ ഗ്രന്ഥത്തിന്റേയും കൂടുതൽ പ്രതികൾ തയ്യാറാക്കാൻ അച്ചടിവിദ്യ സഹായിച്ചു. വിജ്ഞാനകുത്തക അവസാനിക്കുകയും വിജ്ഞാനം സാമാന്യജനങ്ങൾക്ക് പ്രാപ്യമാവുകയും ചെയ്തു. മതകാര്യങ്ങൾ മാത്രമല്ല ശാസ്ത്രവും മാനവികവിഷയങ്ങളും എഴുതപ്പെടാനും വ്യാപകമായി പ്രചരിപ്പിക്കപ്പെടാനുമുള്ള വിഷയങ്ങളായി മാറി. വിജ്ഞാനത്തിന്റെ വ്യാപനവും സുതാര്യതയും അച്ചടി സാധ്യമാക്കി.

ജൊഹാൻ ഗുട്ടൻബർഗ് അച്ചടിവിദ്യ കണ്ടുപിടിച്ച് വെറും 50 വർഷം കൊണ്ട് യൂറോപ്പിൽ ലഭ്യമായ ഗ്രന്ഥങ്ങളുടെ എണ്ണം ഒൻപത് ദശലക്ഷമായി വർധിച്ചു.
ജൊഹാൻ ഗുട്ടൻബർഗ് അച്ചടിവിദ്യ കണ്ടുപിടിച്ച് വെറും 50 വർഷം കൊണ്ട് യൂറോപ്പിൽ ലഭ്യമായ ഗ്രന്ഥങ്ങളുടെ എണ്ണം ഒൻപത് ദശലക്ഷമായി വർധിച്ചു.

വായ്മെഴി, വരമൊഴി, തിരമൊഴി

വായ്മൊഴിക്കും വരമൊഴിക്കും ശേഷം വിജ്ഞാനവിനിമയത്തിനുള്ള പുതിയ രീതിയായ തിരമെഴി വിവരസാങ്കേതികവിദ്യയുടെ സംഭാവനയാണ്. സ്ഥലകാലപരിമിതികളെ ഉല്ലംഘിച്ച് ആർക്കും എവിടെയിരുന്നും വിവരങ്ങൾ തിരഞ്ഞെടുത്ത് കണ്ടെത്താൻ കഴിയുമെന്ന സ്ഥിതി വന്നു. അതോടെ അച്ചടിയുടെ വരവോടെയാരംഭിച്ച വിജ്ഞാനത്തിന്റെ വികേന്ദ്രീകരണവും ജനാധിപത്യവൽക്കരണവും കൂടുതൽ ശക്തിപ്രാപിച്ചു.

വിജ്ഞാനകുത്തകകൾ തകർന്നു തുടങ്ങി. കമ്പ്യൂട്ടറിന്റെ സഹായത്തോടെ ഭാഷക്ക് ലഭിക്കുന്ന അധിമമാനമായാണ് കവി പി. പി. രാമചന്ദ്രൻ തിരമൊഴിയെ വിശേഷിപ്പിക്കുന്നത്. വിവരങ്ങൾ സൂക്ഷിച്ചിട്ടുള്ള ഒരു കമ്പ്യൂട്ടറിൽ നിന്ന് മറ്റൊന്നിലേക്ക് അതിവേഗത്തിൽ എത്താൻ കഴിയുന്ന ഹൈപ്പർ ടെക്സ്റ്റ് (Hypertext) എന്ന ഇന്റർനെറ്റ് സാങ്കേതികവിദ്യയാണ് തിരമെഴി എന്ന പുതിയ വായനാരീതി സാധ്യമാക്കുന്നത്. എട്ടുകാലി വലകണ്ണി (Web) പോലെ പരസ്പരബന്ധിതമായി പ്രവർത്തിക്കുന്ന വിവരശേഖരത്തിൽ നിന്ന് ആവശ്യാ‍നുസരണം വിവരശേഖരണം നടത്താൻ കഴിയുമെന്നത് തിരമൊഴിയെ വരമൊഴിയിൽ നിന്ന് വ്യത്യസ്തമായ വായനാനുഭവമായി മാറ്റുന്നു.

കവി പി. പി. രാമചന്ദ്രൻ
കവി പി. പി. രാമചന്ദ്രൻ

അച്ചടിപുസ്തകവായനയിൽനിന്ന് തിരമൊഴിവായനയെ മറ്റൊരു തലത്തിലേക്കുയർത്തുന്ന ഗുണപരമായ വ്യത്യസ്തതകൾ പി.പി. രാമചന്ദ്രൻ വിശദീകരിക്കുന്നുണ്ട്. (സൈബർ മലയാളം: ടി.വി. സുനിത). മുൻപിൻ പുറംചട്ടകൾക്കുള്ളിൽ സാംഖ്യാക്രമത്തിലാണ് പുസ്തകങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. ഈ പൗർവാപര്യക്രമം പിന്തുടർന്നാണ് അച്ചടിപുസ്തകങ്ങൾ വായിക്കപ്പെടുക.

ആദിമന്ത്യാന്തങ്ങളും കർതൃത്വത്തിന്റെ ആധികാരികതയിൽ വിശ്വാസമർപ്പിക്കുന്നതുമായ ഒരു പ്രപഞ്ചവീക്ഷണമാണ് പരോക്ഷമായിട്ടാണെങ്കിലും അച്ചടിപുസ്തകവായനയിൽ പ്രകടമാവുന്നത്. പുസ്തകം പ്രതിനിധാനം ചെയ്യുന്ന രേഖീയ പുരോഗതി, പൗർവാപര്യക്രമം, തുടക്കം- ഒടുക്കം, ആധികാരികത തുടങ്ങിയ കീഴ് വഴക്കങ്ങളിൽ അന്തർലീനമായ ലോകവീക്ഷണത്തെ തിരമൊഴി തിരസ്കരിക്കുന്നു.

കേവലം വാക്കുകളുടെയും ചിത്രങ്ങളുടെയും രേഖപ്പെടുത്തൽ മാത്രമാണ് അച്ചടി പുസ്തകങ്ങളിലുള്ളത്. ശബ്ദവും ചലനത്തോടൂകൂടിയ ചിത്രങ്ങളും ഇ- പുസ്തകത്തിലേക്ക് സന്നിവേശിപ്പിക്കാൻ കഴിയും.

തിരമൊഴി പാഠങ്ങളിൽ നിന്ന് തനിക്കാവശ്യമായ വിവരങ്ങൾ ക്രമീകരിച്ച് വായനയുടെ ദിശയെ നിശ്ചയിക്കുന്നത് വായനക്കാരാണ്. വായനയിലൂടെ ലഭിക്കുന്ന വിവരങ്ങളുടെ ആധികാരികത സ്വയം പരിശോധിച്ച് ബോധ്യപ്പെടാനോ തള്ളിക്കളയാനോ തിരമൊഴി വായനക്കാർക്ക് സ്വാതന്ത്ര്യമുണ്ട്. പുസ്തകവായനയുടെ കാലയളവിൽ എഴുത്തുകാരുടെ നിയന്ത്രണത്തിൽ സ്വയം തളച്ചിടേണ്ട ആവശ്യകത വരമൊഴി വായനക്കാർക്കില്ല.

അടഞ്ഞതും ലംബമാനമായതുമായ (Vertical) പുസ്തകവായനയുടെ സ്ഥാനത്ത് വിവിധ ദിശകളിലുള്ള ശൃംഖലാബന്ധിതമായ (Netrworeked) വിവരശേഖരണ കേന്ദ്രങ്ങളിലേക്ക് നിരന്തരം സഞ്ചരിച്ചുകൊണ്ടുള്ള തുറന്നതും (Open) തിരശ്ചീനവുമായ (Horizontal) വാ‍യനയാണ് തിരമൊഴി സാധ്യമാക്കുന്നത്. അച്ചടിത്താൾ ഗ്രന്ഥകാരരുടെ ഏകസ്വരമായ കാഴ്ച്ചപ്പാടാണ് അവതരിപ്പിക്കുന്നതെങ്കിൽ തിരത്താൾ ബഹുസ്വരതയുടേതാണ്. പിന്തുടർച്ചാ സംസ്കൃതിയിൽ (Hierarchical Culture) നിന്ന് ശൃംഖലാ സംസ്കൃതിയിലേക്കുള്ള (Networked Culture) സാമൂഹ്യപരിണാമത്തിന്റെ സൂചകം കൂടിയാണ് തിരമൊഴിയെന്ന് രാമചന്ദ്രൻ വിലയിരുത്തുന്നു.

അച്ചടിപുസ്തകങ്ങൾ ഇ പുസ്തകങ്ങളായി (ഇലക്ട്രോണിക്ക് പുസ്തകങ്ങൾ) മാറുമ്പോൾ ഒട്ടനവധി സാങ്കേതിക സാധ്യതകളും തുറക്കപ്പെടും.
അച്ചടിപുസ്തകങ്ങൾ ഇ പുസ്തകങ്ങളായി (ഇലക്ട്രോണിക്ക് പുസ്തകങ്ങൾ) മാറുമ്പോൾ ഒട്ടനവധി സാങ്കേതിക സാധ്യതകളും തുറക്കപ്പെടും.

അച്ചടിപുസ്തകങ്ങൾ ഇ പുസ്തകങ്ങളായി (ഇലക്ട്രോണിക്ക് പുസ്തകങ്ങൾ) മാറുമ്പോൾ ഒട്ടനവധി സാങ്കേതിക സാധ്യതകളും തുറക്കപ്പെടും. കേവലം വാക്കുകളുടെയും ചിത്രങ്ങളുടെയും രേഖപ്പെടുത്തൽ മാത്രമാണ് അച്ചടി പുസ്തകങ്ങളിലുള്ളത്. ശബ്ദവും ചലനത്തോടൂകൂടിയ ചിത്രങ്ങളും ഇ- പുസ്തകത്തിലേക്ക് സന്നിവേശിപ്പിക്കാൻ കഴിയും. അത്തരത്തിൽ ബഹുമാധ്യമങ്ങളുടെ (Multimedia) സാധ്യതകൾ പ്രയോജനപ്പെടുത്തിയ പുസ്തകങ്ങളെ വൂക്ക്സ് (Vooks) എന്നും വിളിക്കാറുണ്ട്. യേശുദാസിനെക്കുറിച്ചുള്ള ഇ പുസ്തകത്തിൽ യേശുദാസിന്റെ ഗാനങ്ങൾ കൂടി ചേർക്കാൻ കഴിയും. പ്രേംനസീറിനെക്കുറിച്ചുള്ള ഇ പുസ്തകത്തിൽ അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട അഭിനയമുഹൂർത്തങ്ങളുടെ വിഡിയോകൾ കൂടി നൽകാവുന്നതാണ്. വായനയെ സമഗ്രതയിലേക്ക് നയിക്കാൻ വിവരസാങ്കേതികവിദ്യകൾ ഒട്ടനവധി സാധ്യതകൾ ലഭ്യമാക്കുന്നുണ്ട്.

അച്ചടി പ്രസിദ്ധീകരണങ്ങളും നെറ്റിലൂടെയുള്ള ഇ പ്രസിദ്ധീകരണങ്ങളും പരസ്പരം ബന്ധപ്പെടാതെ, ഒന്ന് മറ്റൊന്നിനെ അപ്രസക്തമാക്കിയും നിഷേധിച്ചും നടക്കുന്ന പ്രക്രിയകളല്ല.

ബ്ലോഗ് എഴുത്ത്

ബ്ലോഗ് എഴുത്ത് അച്ചടിമാധ്യമങ്ങൾക്ക് സമാന്തരമായി ആത്മാവിഷ്ക്കാരത്തിനുള്ള വിപുലമായ മേഖലയായി വളർന്നുകഴിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച്, പ്രവാസികളായ മലയാളികളുടെ ജന്മനാടിനെ കുറിച്ചുള്ള ഗൃഹാതുരത്വത്തോടെയുള്ള രചനകളാണ് ബ്ലോഗെഴുത്തിൽ ആദ്യകാലത്ത് പ്രത്യക്ഷപ്പെട്ടിരുന്നത്. കവിതയും കഥയും സാഹിത്യ- സിനിമാ നിരൂപണങ്ങളും സാമൂഹ്യവിമർശനങ്ങളും കൊണ്ട് സർഗ്ഗസിദ്ധിയുള്ള കേരളീയ യുവാക്കൾ ബ്ലോഗ് സാഹിത്യസരണിയെ സമ്പന്നമാക്കി വരികയാണ്.

പ്രസാധകരുടെ കരുണക്കായി കാത്തു നിന്ന്, ബുദ്ധിമുട്ടി പുസ്തകം അച്ചടിച്ച് വാങ്ങി സ്വയം വിറ്റ് സർഗ്ഗാത്മകപ്രവർത്തനം നടത്തിയവരായിരുന്നു ബഷീറും ചങ്ങമ്പുഴയുമെല്ലാം. പ്രസാധകരുടെ മേധാവിത്വത്തിൽ നിന്ന് രക്ഷപ്പെടാൻ കേരളീയ സാഹിത്യപ്രതിഭകൾക്ക് സാഹിത്യപ്രവർത്തക സഹകരണസംഘം രൂപീകരിക്കേണ്ടിവന്നു.

പ്രസാധകരുടെ കരുണക്കായി കാത്തു നിന്ന്, ബുദ്ധിമുട്ടി  പുസ്തകം അച്ചടിച്ച് വാങ്ങി സ്വയം വിറ്റ് സർഗ്ഗാത്മകപ്രവർത്തനം നടത്തിയവരായിരുന്നു ബഷീറും ചങ്ങമ്പുഴയുമെല്ലാം.
പ്രസാധകരുടെ കരുണക്കായി കാത്തു നിന്ന്, ബുദ്ധിമുട്ടി പുസ്തകം അച്ചടിച്ച് വാങ്ങി സ്വയം വിറ്റ് സർഗ്ഗാത്മകപ്രവർത്തനം നടത്തിയവരായിരുന്നു ബഷീറും ചങ്ങമ്പുഴയുമെല്ലാം.

ഇപ്പോൾ ഇന്റർനെറ്റിന്റെ വരവോടെ ആരുടെയും അനുവാദത്തിനായി കാത്തുനിൽക്കാതെ അല്പമെങ്കിലും സൃഷ്ടിപരതയുള്ളവർക്ക് തങ്ങളുടെ കൃതികൾ ലക്ഷക്കണക്കിന് അനുവാചകരിലേക്ക് ബ്ലോഗുകളിലൂടെയും സാമൂഹ്യശൃംഖലകളിലൂടെയും നിമിഷങ്ങൾക്കകം എത്തിക്കാൻ കഴിമെന്ന സ്ഥിതിയിലേക്ക് കാലം മാറിയിരിക്കുന്നു. ആത്മാവിഷ്കാരത്തിനായി ആരെയും ആശ്രയിക്കാതെയുള്ള “അവനവൻ പ്രസാധനം” സാധ്യമാക്കി എന്നതാണ് വിവരസാങ്കേതികവിദ്യയുടെ ഏറ്റവും വലിയ സംഭാവന.

അച്ചടിപുസ്തക പ്രസാധനത്തിൽ നിന്ന് വ്യത്യസ്തമായി ബ്ലോഗ് എഴുത്ത് ഒരു സംവാദപരിസരത്തിലാണ് നടക്കുക. എന്തെഴുതിയാലും ഉടനുടൻ അതേപ്പറ്റിയുള്ള വായനക്കാരുടെ പ്രതികരണവും എഴുത്തുകാർക്ക് ലഭിച്ചുകൊണ്ടിരിക്കും. പത്രാധിപർക്കുള്ള കത്തുകളുടെ രൂപത്തിലുള്ള പ്രതികരണങ്ങളുടെ സ്ഥലകാലപരിമിതിയും സാമൂഹ്യശൃംഘലാ പ്രതികരണങ്ങൾക്കില്ല.

ബ്ലോഗിൽ നിന്ന് ബ്ലൂക്കിലേക്ക്

അച്ചടി പ്രസിദ്ധീകരണങ്ങളും നെറ്റിലൂടെയുള്ള ഇ പ്രസിദ്ധീകരണങ്ങളും പരസ്പരം ബന്ധപ്പെടാതെ, ഒന്ന് മറ്റൊന്നിനെ അപ്രസക്തമാക്കിയും നിഷേധിച്ചും നടക്കുന്ന പ്രക്രിയകളല്ല. മറിച്ച്, ഒന്ന് മറ്റൊന്നിനെ സമ്പുഷ്ടമാക്കുന്നു എന്ന യാഥാർത്ഥ്യം പലരും കാണാതെ പോവുന്നുണ്ട്. ഏറ്റവും ശ്രദ്ധേയമാ‍യ ആദ്യകാല ബ്ലോഗായ കൊടകര പുരാണത്തിലെ നർമ്മലേഖനങ്ങൾ (കറന്റ് ബുക്സ്, തൃശ്ശൂർ 2007) ബ്ലോഗർ വിശാലമനസ്കനും (സജീവ് എടത്താൻ) ബ്ലോഗിലെ തെരഞ്ഞെടുത്ത കവിതകൾ നാലാമിടം (ഡി.സി ബുക്ക്സ്, 2010) എന്ന പേരിൽ സച്ചിദാനന്ദനും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബ്ലോഗ് എഴുത്ത് അച്ചടിപുസ്തകമായി പ്രസിദ്ധീകരിക്കുന്നതിനെ ബ്ലൂക്ക് (Blook) എന്ന് വിളിക്കാറുണ്ട്. ഇതിനകം പ്രസിദ്ധീകരിക്കപ്പെട്ട ഇരുപതോളം സാഹിത്യകൃതികൾ ടി.വി. സുനിത പട്ടികപ്പെടുത്തിയിട്ടുണ്ട്. (ഇ മലയാളം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 2012). ഇവയിൽ കൂടുതലും കവിതാപുസ്തകങ്ങളെന്നത് ഏറെ ശ്രദ്ധേയമാണ്.

മലയാളകവിത വസന്തകാലം പിന്നിട്ട് ഊഷരകാലത്തേക്ക് കടന്നിരിക്കുന്നു എന്ന് വിലപിക്കപ്പെടുന്ന കാലത്താണ് ബ്ലോഗിൽ കവിതയുടെ നിറസാന്നിധ്യം അനുഭവപ്പെട്ടുവരുന്നത്. ബ്ലോഗിലെ മികച്ച രചനകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാൻ ബ്ലോഗർമാർ ചേർന്ന് രൂപീകരിച്ച ബുക്ക് റിപ്പബ്ലിക്ക് എന്ന സ്വതന്ത്ര പുസ്തകപ്രസാധന വിതരണ സംരംഭം ശ്രദ്ധേയമായ കൂട്ടായ്മയാണ്. ലാപുടയുടെ (ടി.പി.വിനോദ്) നിലവിളിയെക്കുറിച്ചുള്ള കടങ്കഥകൾ എന്ന കവിതാ സമാഹാരം, വി. എം. ദേവദാസിന്റെ ഡിൽഡ്രോ എന്ന നോവൽ, അന്തരിച്ച കവി ജ്യോനവന്റെ കവിതകൾ സുഹൃത്തുക്കൾ സമാഹരിച്ച് തയ്യാറാക്കിയ പൊട്ടക്കലം എന്ന കവിതാസമാഹാരം എന്നിവ ഇത്തരത്തിൽ പ്രസിദ്ധീകൃതമായ കൃതികളാണ്. ബ്ലോഗിലെഴുതിയ കഥ ബ്ലോഗർമാർ തന്നെ ചിത്രീകരിച്ച് പരോൾ എന്ന ഷോർട്ട് ഫിലിം നിർമിച്ചിട്ടുള്ളത് ശ്രദ്ധേയമായ മറ്റൊരു സംരംഭമാണ്.

വിക്കി ഗ്രന്ഥാലയം

അച്ചടി- ഇ മാധ്യമങ്ങൾ തമ്മിലുള്ള പരസ്പരം സഹവർത്തിത്വം മലയാള ഭാഷയേയും സാഹിത്യത്തേയും ഏറ്റവും ഉദാത്തമായി സമ്പുഷ്ടമാക്കികൊണ്ടിരിക്കുന്നതിന്റെ മികച്ച മാതൃകയാണ് വിക്കി ഗ്രന്ഥാലയം. സഹകരണ വിജ്ഞാനകോശമായ വിക്കിപീഡിയയിൽ എറ്റവും ശക്തമായ സാന്നിധ്യമുള്ള പ്രാദേശികഭാഷയാണ് മലയാളം. വിക്കി വിവരതാളുകളുകൾക്ക് പുറമേ വിക്കി നിഘണ്ടു, ശബ്ദകോശം, വിക്കി പാഠശാല, വിക്കി ചൊല്ലുകൾ വിക്കി ഗ്രന്ഥാവലി തുടങ്ങിയ അനുബന്ധസേവനങ്ങളും മലയാളം വിക്കിയിൽ ഒരുക്കിയിരിക്കുന്നു.

എഴുത്തച്ഛൻ, ചെറുശ്ശേരി, കുഞ്ചൻനമ്പ്യാർ, കുമാരനാശാൻ, ചങ്ങമ്പുഴ, ഇടപ്പള്ളി രാഘവൻപിള്ള എന്നിവരുടെ എല്ലാ രചനകളും കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയും വിക്കിഗ്രന്ഥാവലിയിൽ ചേർത്തുകഴിഞ്ഞിട്ടിട്ടുണ്ട്. ഇപ്പോൾ ലഭ്യമല്ലാത്തവയും ഇനി മറ്റൊരു അച്ചടിപതിപ്പായി പ്രസിദ്ധീകരിക്കാൻ തീരെ സാധ്യതയില്ലാത്തവയുമായ നിരവധി അമൂല്യരചനകൾ വിക്കി ഗ്രന്ഥാവലിയിൽ വായിക്കാം. ഉള്ളൂരിന്റെ ദീപാവലി, ഭക്തിദീപിക, ചിത്രശാല തുടങ്ങിയ ഖണ്ഡകാവ്യങ്ങൾ, പണ്ഡിറ്റ് കറുപ്പന്റെ ജാതികുമ്മി എന്ന കാവ്യശില്പം, വേങ്ങയിൽ കുഞ്ഞിരാമൻ നായനാരുടെ ദ്വാരക എന്ന ചെറുകഥ, കെ.സി. കേശവൻ പിള്ളയുടെ കേശവീയം, സ്വദേശാഭിമാനി രാ‍മകൃഷ്ണപിള്ളയുടെ വൃത്താന്ത പത്രപ്രവർത്തനം തുടങ്ങിയ അപൂർവ്വ രചനകൾ വിക്കി ഗ്രന്ഥാവലിയെ സമ്പന്നമാക്കുന്നു.

ടി.പി. വിനോദ്, വി.എം. ദേവദാസ്, ജ്യോനവൻ
ടി.പി. വിനോദ്, വി.എം. ദേവദാസ്, ജ്യോനവൻ

ശ്രീനാരായണ ഗുരുദേവന്റെ സമ്പൂർണ്ണ കൃതികളും, ചട്ടമ്പിസ്വാമികളുടെ ക്രിസ്തുമത നിരൂപണം, പ്രാചീന മലയാളം തുടങ്ങി ഇപ്പോൾ തീരെ ലഭ്യമല്ലാത്ത കൃതികളും വിക്കി ഗ്രന്ഥാവലിയിൽ ചേർത്തുകഴിഞ്ഞിട്ടുണ്ട്. ഇവയിൽ പലതും ഭാഷാസ്നേഹികളായ അധ്യാപകരും സ്കൂൾ വിദ്യാർത്ഥികളും ചേർന്നാണ് വിക്കി ഗ്രന്ഥാവലിയിൽ ചേർത്തിട്ടുള്ളത്. മലയാളത്തിലെ ആദ്യ നോവലായ അപ്പു നെടുങ്ങാടിയുടെ കുന്ദലതയുടെ ഡിജിറ്റൈസേഷൻ നടത്തികൊണ്ടിരിക്കുന്നത് കബനിഗിരി നിർമ്മല ഹൈസ്കൂളിലെ കുട്ടികളുടെ കൂട്ടായ്മയാണ്. മലയാളത്തിലെ ആദ്യ മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ ഡിജിറ്റൈസേഷൻ ചവറ ഉപജില്ലയിലെ 15 വിദ്യാലയങ്ങൾ കൂട്ടായി ചെയ്തുവരുന്നു. മലയാളഭാഷാ സാഹിത്യപ്രേമികളെ സംബന്ധിച്ച് അപൂർവ്വ സാഹിത്യകൃതികളുടെ വിലമതിക്കാനാവാത്ത ഖനിയായി വിക്കി ഗ്രന്ഥാലയം മാറികഴിഞ്ഞിട്ടുണ്ട്. ‘അ’ പുസ്തകത്തിൽ നിന്ന് ‘ഇ’ പുസ്തകങ്ങളിലേക്കുള്ള വലിയൊരു കുതിച്ചുചാട്ടത്തിന് മലയാള ഭാഷയും സാഹിത്യവും സാക്ഷ്യം വഹിക്കയാണ്.

പ്രായാധിക്യമുള്ളവരുടെയും കാഴ്ചശക്തിയെ ബാധിക്കുന്ന പ്രമേഹരോഗികളുടേയും എണ്ണം വർധിച്ചുവരുന്ന കേരളം പോലുള്ള പ്രദേശങ്ങളിൽ ഇ ബുക്ക് റീഡറുകൾ വായനയെ കൂടുതൽ വ്യാപകമാക്കാൻ സഹായിക്കും.

ഇ ബുക്ക് റീഡർ

കമ്പ്യൂട്ടറുകളിൽനിന്ന് നേരിട്ടുള്ള വായന ഇ പുസ്തകങ്ങളുടെ സ്വീകാര്യതയേയും വ്യാപനത്തേയും തടസ്സപ്പെടുത്തിയിരുന്നു. ഇ പുസ്തകങ്ങളുടെ വില്പന വർഷം തോറും 10 മുതൽ 20 ശതമാനം വരെ വർധിക്കാൻ സാധ്യതയുണ്ടെന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ്, അമേരിക്കൻ അസോസിയേഷൻ ഓഫ് പബ്ലിക്കേഷൻസ് തുടങ്ങിയ എജൻസികൾ 2000- മാണ്ടിന്റെ ആരംഭത്തിൽ പ്രവചിച്ചിരുന്നു.

എന്നാൽ കേവലം ഒരു ശതമാനം വളർച്ചാനിരക്ക് മാത്രമാണ് ഇ പുസ്തകമാർക്കറ്റിൽ 2005- ആവുമ്പോഴേക്കും രേഖപ്പെടുത്തിയത്. 2005- ൽ ആമസോൺ അവരുടെ ഇ ബുക്ക് വായനാ ഉപാധിയായ കിന്റിൽ (Kindle) ഇ ബുക്ക് റീഡർ മാർക്കറ്റിലേത്തിച്ചു. ഒരു നോട്ട് ബുക്കിന്റെ വലിപ്പമുള്ള കിന്റൽ ഇ ബുക്ക് റീഡർ പുസ്തകതാളുകൾ പോലെ വായിച്ചു പോകാവുന്നവയും നേത്രസുഖം നൽകുന്നവയുമാണ്.

കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് വായിക്കുന്നതുവഴിയുള്ള ശാരീ‍രിക പ്രശ്നങ്ങൾ ഇ ബുക്ക് റീഡർ വന്നതോടെ പരിഹരിക്കപ്പെട്ടു. ഇരുന്നോ കിടന്നോ വായനക്കാരുടെ സൗകര്യമനുസരിച്ച് പുസ്തകം പോലെ തന്നെ ബുദ്ധിമുട്ടില്ലാതെ വായിക്കാൻ ഇ ബുക്ക് റീഡർ സൗകര്യമൊരുക്കുന്നു. അച്ചടി പുസ്തകങ്ങൾക്കില്ലാത്ത മറ്റ് ചില മേന്മകളും ഇ ബുക്ക് റീഡറുകൾക്കുണ്ട്. കാഴ്ചശക്തിക്കനുസരിച്ച് അക്ഷരവലിപ്പം വർധിപ്പിക്കാനുള്ള സൗകര്യം ഇ ബുക്ക് റീഡറുകൾക്കുണ്ട്.

കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് വായിക്കുന്നതുവഴിയുള്ള ശാരീ‍രിക പ്രശ്നങ്ങൾ ഇ ബുക്ക് റീഡർ വന്നതോടെ പരിഹരിക്കപ്പെട്ടു.
കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് വായിക്കുന്നതുവഴിയുള്ള ശാരീ‍രിക പ്രശ്നങ്ങൾ ഇ ബുക്ക് റീഡർ വന്നതോടെ പരിഹരിക്കപ്പെട്ടു.

പ്രായാധിക്യമുള്ളവരുടെയും കാഴ്ചശക്തിയെ ബാധിക്കുന്ന പ്രമേഹരോഗികളുടേയും എണ്ണം വർധിച്ചുവരുന്ന കേരളം പോലുള്ള പ്രദേശങ്ങളിൽ ഇ ബുക്ക് റീഡറുകൾ വായനയെ കൂടുതൽ വ്യാപകമാക്കാൻ സഹായിക്കും. മാത്രമല്ല വാക്കുകളുടെ അർത്ഥം അപ്പപ്പോൾ മനസ്സിലാക്കാനായി നിഘണ്ടുക്കളും പുസ്തക ഭാഗത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ സമ്പാദിക്കാൻ സഹായകരമായ നെറ്റ് തിരയലും ഇ ബുക്ക് റീഡർ സാധ്യമാക്കുന്നു. കിന്റലിനു പുറമേ ഐ പാഡുപോലുള്ള (Ipad) ടാബ് ലറ്റ് പിസികളും (Tablet PC) എന്തിന് സ്മാർട്ട് മൊബൈൽ ഫോണുകളും ഉപയോഗിച്ച് ഇ പുസ്തകങ്ങൾ ഇപ്പോൾ വായിക്കാൻ കഴിയും.

അച്ചടിപുസ്തകങ്ങളുടെ വിലകുറഞ്ഞ പതിപ്പുകളാണ് ഇ ബുക്കുകളായി ആമസോൺ മാർക്കറ്റ് ചെയ്തുവരുന്നത്. ഇതുവഴി വായനക്കാർക്ക് സാമ്പത്തികനേട്ടം ലഭിക്കുന്നു. ചില പുസ്തകങ്ങൾ ഇ ബുക്കുകൾ മാത്രമായും പ്രസിദ്ധീകരിച്ചുവരുന്നുണ്ട്. പ്രസിദ്ധ ത്രില്ലർ നോവലിസ്റ്റ് സ്റ്റീഫൻ കിങ്ങിന്റെ (Stephen King) റൈഡിംങ് ദി ബുള്ളറ്റ് (Riding the Bullet) എന്ന നോവലാണ് ഇങ്ങനെ ഇ ബുക്കായി മാത്രം പ്രസിദ്ധീകരിച്ച ആദ്യ കൃതി. അച്ചടി പുസ്തകമായിരുന്നെങ്കിൽ 25 ഡോളറെങ്കിലും വിലയിടുമായിരുന്ന ഈ നോവൽ കേവലം 2.5 ഡോളറിനാണ് ഇ പുസ്തകമായി മാർക്കറ്റ് ചെയ്തത്. പ്രസിദ്ധീകരിച്ച് 24 മണിക്കൂറിനകം നാല് ലക്ഷം കോപ്പിയും രണ്ടാഴ്ചക്കകം ആറുലക്ഷം കോപ്പിയുമാണ് റൈഡിംങ് ദി ബുള്ളറ്റ് വിറ്റഴിക്കപ്പെട്ടത്.

പകർപ്പവകാശ കാലാവധി കഴിഞ്ഞ ക്ലാസിക്ക് പുസ്തകങ്ങൾ സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഇ ബുക്ക് റീഡറിൽ സൂക്ഷിക്കാൻ കഴിയും. ഷേക്സ്പിയർ കൃതികളും, ദസ്​തയെവ്സ്കിയുടെ നോവലുകളും മാർക്സിന്റേയും ഏംഗത്സിന്റേയും ഗ്രന്ഥങ്ങളും യാതൊരു ചെലവുമില്ലാതെ അനായാസം വായിക്കാൻ ഇ ബുക്ക് റീഡർ സഹായിക്കുന്നു. ഗുട്ടൻ ബർഗ് പ്രോജക്ട് തുടങ്ങി നിരവധി വെബ്സൈറ്റുകൾ സൗജന്യമായി ക്ലാസിക്ക് കൃതികൾ ഡൗൺലോഡു ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ആയിരക്കണക്കിന് പുസ്തകങ്ങളുടെ ശേഖരം എപ്പോഴും കൊണ്ടുനടക്കാനും ഇഷ്ടമുള്ള പുസ്തകങ്ങൾ സൗകര്യം പോലെ വായിക്കാനും ഇ ബുക്ക് റീഡറിലൂടെ കഴിയും. മലയാളത്തിലും പല പ്രസാധകരും അച്ചടിപുസ്തകങ്ങളോടൊപ്പം ഇ പുസ്തകങ്ങളുടേയും വില്പനക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ബെന്യാമിന്റെ നോവൽ മഞ്ഞവെയിൽ മരണങ്ങൾ വിദേശമലയാളികൾ വായിച്ചത് ഇ ബുക്കായിട്ടാണ്. ഈ ബുക്കുകളിൽ താത്പര്യമുള്ള ഭാഗങ്ങൾ ഹൈലൈറ്റ് ചെയ്ത് അവ മാത്രമായി ഫയലാക്കി പിന്നീട് പല ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്താനുള്ള സാധ്യതയുമുണ്ട്.

പുസ്തക പ്രസാധനത്തിലും വിവരസാങ്കേതികവിദ്യ പുസ്തകപ്രേമികളെ സന്തോഷിപ്പിക്കുന്ന ഒട്ടനവധി സാധ്യതകൾ തുറന്നിട്ടുണ്ട്. പുസ്തകമെഴുത്ത്, എഡിറ്റിംഗ്, കവർ രൂപകല്പന തുടങ്ങിയ പ്രസാധനത്തിന്റെ വിവിധ ഘട്ടങ്ങൾ വളരെ വേഗത്തിലും കൂടുതൽ കാര്യക്ഷമതയോടെയും നടപ്പിലാക്കാൻ സഹായകരമായ സോഫ്റ്റ് വെയറുകൾ ഇപ്പോൾ ലഭ്യമാണ്. രചന പൂർത്തിയാക്കികഴിഞ്ഞാൽ പ്രസിദ്ധീകരിക്കുന്നതുവരെയുള്ള കാലയളവ് വളരെ കുറക്കാൻ ഇതുവഴികഴിയും.

ബെന്യാമിന്റെ നോവൽ മഞ്ഞവെയിൽ മരണങ്ങൾ വിദേശമലയാളികൾ വായിച്ചത് ഇ ബുക്കായിട്ടാണ്.
ബെന്യാമിന്റെ നോവൽ മഞ്ഞവെയിൽ മരണങ്ങൾ വിദേശമലയാളികൾ വായിച്ചത് ഇ ബുക്കായിട്ടാണ്.

പുസ്തകങ്ങളുടെ അമർത്ത്യത

പുസ്തകത്തിന്റെ വലിപ്പം കൂടുതലായതിനാലും ആവശ്യക്കാരുടെ എണ്ണം പരിമിതമായതുകൊണ്ടും പുനഃപ്രസിദ്ധീകരണം നടത്താൻ ബുദ്ധിമുട്ടൂള്ള നിരവധി ക്ലാസിക്ക് കൃതികളുണ്ട്, ഇവയുടെ അച്ചടി സാധ്യമാക്കുന്ന തരത്തിൽ ഷോർട്ട് റൺ ഡിജിറ്റൽ പബ്ലിക്കേഷൻ (Short Run Digital Publication) എന്ന അച്ചടിരീതി ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഇതുവഴി എത്ര പേജുള്ള പുസ്തകങ്ങളുടെയും ആവശ്യാനുസരണമുള്ള കോപ്പികൾ പോലും അച്ചടിച്ച് നൽകാൻ കഴിയും. അച്ചടിക്കുക- വിൽക്കുക എന്ന രീതിയിൽ നിന്ന് (Print and Sell) ആവശ്യക്കാരുടെ ഓർഡർ ലഭിച്ചശേഷം മാത്രം അച്ചടിക്കുക എന്ന പുതിയൊരു പ്രസാധനരീതി (Sell and Print) നടപ്പിലാക്കിവരുന്നുണ്ട്.

കൂടുതൽ കോപ്പി അച്ചടിക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് ബാക്ക് ലിസ്റ്റ് ചെയ്തിട്ടുള്ള പുസ്തകങ്ങൾ ആവശ്യമായ കോപ്പികൾ മാത്രമായി അച്ചടിക്കാൻ കഴിയുമെന്ന് വന്നതോടെ ഇനിയൊരിക്കലും ലഭ്യമാവില്ലെന്ന് കരുതിയിരുന്ന പല അമൂല്യ ഗ്രന്ഥങ്ങളും വീണ്ടും പ്രസിദ്ധീകരിക്കപ്പെട്ടുവരികയാണ്.

കൂടുതൽ കോപ്പി അച്ചടിക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് ബാക്ക് ലിസ്റ്റ് ചെയ്തിട്ടുള്ള പുസ്തകങ്ങൾ ആവശ്യമായ കോപ്പികൾ മാത്രമായി അച്ചടിക്കാൻ കഴിയുമെന്ന് വന്നതോടെ ഇനിയൊരിക്കലും ലഭ്യമാവില്ലെന്ന് കരുതിയിരുന്ന പല അമൂല്യ ഗ്രന്ഥങ്ങളും വീണ്ടും പ്രസിദ്ധീകരിക്കപ്പെട്ടുവരികയാണ്. വിക്കി ഗ്രന്ഥാവലിയും ഗുട്ടൻബർഗ് പ്രോജക്ട് തുടങ്ങി ക്ലാസിക്ക് കൃതികൾ ഇ ബുക്കായി പ്രസിദ്ധീകരിച്ചുവരുന്ന വെബ്സൈറ്റുകളും ഷോർട്ട് റൺ ഡിജിറ്റൽ പബ്ലിക്കേഷൻ പോലുള്ള പുത്തൻ പ്രസാധന രീതികളും പുസ്തകങ്ങളുടെ അമർത്ത്യതയിലേക്കാണ് നയിച്ചുകൊണ്ടിരിക്കുന്നതെന്ന് കാണാൻ കഴിയും.

വിവരസാങ്കേതികവിദ്യ പുസ്തകങ്ങളുടെയും വായനയുടേയും അന്ത്യം കുറിക്കുമെന്ന അശുഭാപ്തി കലർന്ന പ്രവചനങ്ങൾ തെറ്റിപ്പോയെന്നാണ് വായനയിലും എഴുത്തിലും പ്രസാധനത്തിലുമെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്ന സമകാലീന മാറ്റങ്ങൾ തെളിയിക്കുന്നത്.

പുസ്തകങ്ങൾ ആവശ്യമായ കോപ്പികൾ മാത്രമായി  അച്ചടിക്കാൻ കഴിയുമെന്ന് വന്നതോടെ ഇനിയൊരിക്കലും ലഭ്യമാവില്ലെന്ന് കരുതിയിരുന്ന പല അമൂല്യ ഗ്രന്ഥങ്ങളും വീണ്ടും പ്രസിദ്ധീകരിക്കപ്പെട്ടുവരികയാണ്.
പുസ്തകങ്ങൾ ആവശ്യമായ കോപ്പികൾ മാത്രമായി അച്ചടിക്കാൻ കഴിയുമെന്ന് വന്നതോടെ ഇനിയൊരിക്കലും ലഭ്യമാവില്ലെന്ന് കരുതിയിരുന്ന പല അമൂല്യ ഗ്രന്ഥങ്ങളും വീണ്ടും പ്രസിദ്ധീകരിക്കപ്പെട്ടുവരികയാണ്.

പുത്തൻ പകർപ്പവകാശ നിയമങ്ങൾ

മസാച്ചുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ കമ്പ്യൂട്ടർ വിദഗ്ധനായിരുന്ന റിച്ചാർഡ് മാത്യു സ്റ്റോൾമാൻ (Richard Mathew Stallman) ആവിഷ്കരിച്ച സ്വതന്ത്ര സോഫ്റ്റ് വെയർ (Free Software) തത്വശാസ്ത്രത്തിന്റെ ചുവടുപിടിച്ച് രൂപപ്പെടുത്തിയ പുത്തൻ പകർപ്പവകാശനിയമങ്ങളും വായനയുടേയും പ്രസാധനത്തിന്റേയും മുന്നിൽ പുതിയ സാധ്യതകൾ തുറന്നിട്ടുണ്ട്.

സ്റ്റാൻഫോർഡ് സർവ്വകലാശാലയിൽ നിയമവകുപ്പ് മേധാവി ലോറൻസ് ലെസ്സിഗാണ് (Lawrence Lessig) ക്രിയേറ്റീവ് കോമൺസ് (Creative Commons) എന്ന പേരിൽ പുതിയ പകർപ്പവകാശ നിയമങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. സർഗ്ഗാത്മക കൃതികളും ശാസ്ത്രവിവരങ്ങളും സൃഷ്ടാവിന്റെ പങ്ക് അംഗീകരിച്ചും സ്രഷ്ടാവാരാണ് എന്ന് വെളിപ്പെടുത്തിയും (Attribution) താത്പര്യമുള്ള ആർക്കും ലാഭേച്ഛ കൂടാതെ പ്രചരിപ്പിക്കാൻ അവസരം നൽകുകയും അതുവഴി പൊതുസമൂഹത്തിന് ലഭ്യമാക്കുകയും (Sharing) ചെയ്യുക എന്നതാണ് ക്രിയേറ്റീവ് കോമൺസ് പകർപ്പവകാശ നിയമങ്ങളിലൂടെ പ്രധാനമായൂം ലക്ഷ്യമിടുന്നത്.

ഇന്റനെറ്റ് ഒരു വായനാമാധ്യമാണെന്ന തിരിച്ചറിവും പുസ്തകവും ടെലിവിഷനും ഇന്റർനെറ്റുമെല്ലാം വിജ്ഞാനാർജ്ജനത്തിനും കലാസ്വാദനത്തിനുമുള്ള വിവിധ സ്രോതസ്സുകളാണെന്ന കണ്ടെത്തലും വായനയുടെ മരണത്തെ പറ്റിയുള്ള നിരാശ കലർന്ന പ്രവചനങ്ങളെ അപ്രസക്തമാക്കിയിട്ടുണ്ട്.

ഇപ്പോൾ പിന്തുടർന്നുവരുന്ന നിയമപ്രകാരം പകർപ്പവകാശത്തിന്റെ കാലാവധി കഴിയുന്നതുവരെ പുസ്തകങ്ങൾ അച്ചടിച്ച് വിതരണം ചെയ്യാനുള്ള അധികാരം പ്രസാധകരിൽ നിക്ഷിപ്തമാണ്. ക്രിയേറ്റീവ് കോമൺസ് പകർപ്പവകാശ നിയമം അംഗീകരിച്ച് പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾ മുഴുവനായോ എതെങ്കിലും ഭാഗമോ എഴുതിയാതാരാണെന്ന് വ്യക്തമാക്കി, ആർക്കും പുനഃപ്രസിദ്ധീകരണം നടത്താം. ക്രിയേറ്റീവ് കോമൺസ് പകർപ്പവകാശനിയമത്തിന്റെ ചുവടുപിടിച്ചാണ് ഓപ്പൺ ആക്സസ് പബ്ലിക്കേഷൻ (Open Access Publication) എന്ന സംരംഭത്തിന്റെ ഭാഗമായി നിരവധി ജേർണലുകൾ നെറ്റിൽ പ്രസിദ്ധീകരിച്ചുവരുന്നത്. വൻവില കൊടുത്ത് അക്കാദമിക്ക് ജേർണലുകൾ വാങ്ങേണ്ട സ്ഥിതി ഇതോടെ മാറിയിരിക്കയാണ്.

മലയാളം കമ്പ്യൂട്ടിങ്

ഭാഷാപ്രയോഗവും അക്ഷരരൂപങ്ങളും ഭാഷാ സാങ്കേതികവിദ്യയുമായി അഭേദ്യമായി ബന്ധപ്പെട്ടാണ് നിലകൊള്ളുന്നതും വികസിച്ചുവരുന്നതും. വായ്മൊഴിയിൽ നിന്ന് വരമൊഴിയിലേക്ക് മാറുകയും അച്ചടിയന്ത്രം ഉപയോഗിച്ചുതുടങ്ങുകയും ചെയ്തതോടെ ഭാഷയിലെ അക്ഷരങ്ങളുടെ രൂപത്തിന് മാറ്റം വന്നു. ചതുരത്തിലെഴുതിയിരുന്ന മലയാള അക്ഷരങ്ങൾ അച്ചടിക്ക് യോജിച്ച രീതിയിൽ വടിവൊത്ത ഉരുളൻ അക്ഷരങ്ങളായി ബെഞ്ചമിൻ ബെയിലിയും മറ്റും പരിഷ്കരിച്ചു.

പിന്നീട് ടൈപ്പ് റൈറ്റിങ്ങിനുള്ള സൗകര്യത്തിന് മലയാള അക്ഷരങ്ങളെ മുറിക്കേണ്ടിവന്നതാണ് മലയാളഭാഷക്ക് സംഭവിച്ച എറ്റവും വലിയ ദുരന്തം. എന്നാലിപ്പോൾ കമ്പൂട്ടർ സാങ്കേതികവിദ്യയുടെ സഹായത്തോടെ മലയാള അക്ഷരങ്ങൾക്ക് മുൻകാല തനത് രൂപങ്ങളിലേക്ക് തിരിച്ചുപോവാൻ അവസരം കൈവന്നിരിക്കയാണ്.

കോട്ടയം സി.എം.എസ്. പ്രസിന് മുന്നിലെ ബഞ്ചമിൻ ബെയ്ലി പ്രതിമ
കോട്ടയം സി.എം.എസ്. പ്രസിന് മുന്നിലെ ബഞ്ചമിൻ ബെയ്ലി പ്രതിമ

രചന, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് തുടങ്ങിയ ഭാഷാ പ്രേമികളുടെ കൂട്ടായ്മകളും സി ഡാക്, സി ഡിറ്റ് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളൂം വികസിപ്പിച്ചെടുത്ത മലയാളം സോഫ്റ്റ് വെയറുകളും ഫോണ്ടുകളും മറ്റും ഇന്റർനെറ്റിൽ മലയാള ഭാഷയുടെ സാന്നിധ്യം ഉറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. പുത്തൻ സാങ്കേതികവിദ്യകളുടെ സഹായത്തോടെ മലയാളം കമ്പ്യൂട്ടിങ് മലയാള ഭാഷയുടെ സൗന്ദര്യവും ശക്തിയും കൂടുതൽ അരക്കിട്ടുറപ്പിക്കയാണ് ചെയ്തിട്ടുള്ള്ത്.

ചാറ്റ് ബോട്ടുകൾ

ചാറ്റ് ജി പി റ്റി, ജെമിനി, മെറ്റ തുടങ്ങിയ ചാറ്റ് ബോട്ടുകൾ എഴുത്തിനേയും വായനയേയും പുതിയ തലത്തിലേക്കുയർത്തിയിട്ടുണ്ട്. വിജ്ഞാനസ്രോതസ്സ് എന്നതിനുപുറമേ ലേഖനങ്ങളും പുസ്തകങ്ങളും എഡിറ്റ് ചെയ്യാനും മലയാളത്തിൽ നിന്ന് ഏത് ഭാഷയിലേക്കും മറിച്ചും പരിഭാഷപ്പെടുത്താനും ചാറ്റ് ബോട്ടുകൾ സഹായിക്കുന്നു,

വായന മരിക്കുന്നില്ല

ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ കടന്നുവരവ് വായനയുടെ അന്ത്യം കുറിക്കുമെന്ന് ഭയപ്പെടുന്നവരുണ്ട്. നേരത്തെ ടെലിവിഷൻ ചാനലുകളുടെ കടന്നുവരവോടെയാണ് പുസ്തകങ്ങളുടേയും വായനയുടേയും മരണത്തെക്കുറിച്ചുള്ള ആശങ്ക നിറഞ്ഞ ചർച്ച ആരംഭിക്കുന്നത്. എന്നാലിപ്പോൾ ഇന്റനെറ്റ് ഒരു വായനാമാധ്യമാണെന്ന തിരിച്ചറിവും പുസ്തകവും ടെലിവിഷനും ഇന്റർനെറ്റുമെല്ലാം വിജ്ഞാനാർജ്ജനത്തിനും കലാസ്വാദനത്തിനുമുള്ള വിവിധ സ്രോതസ്സുകളാണെന്ന കണ്ടെത്തലും വായനയുടെ മരണത്തെ പറ്റിയുള്ള നിരാശ കലർന്ന പ്രവചനങ്ങളെ അപ്രസക്തമാക്കിയിട്ടുണ്ട്. വിവരസാങ്കേതിക വിദ്യമേഖലയിലെ വികാസപരിണാമങ്ങൾ വായനക്ക് വിഘാതം സൃഷ്ടിക്കുന്ന പുസ്തകവിലയുടെയും പകർപ്പവകാശ നിയമങ്ങളുടേയും തടസ്സങ്ങൾ നീക്കി, പുസ്തകവായനക്കുള്ള കൂടുതൽ അവസരങ്ങൾ ഒരുക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അച്ചടി പുസ്തക വായനയും ഇ-വായനയും പരസ്പര പൂരകങ്ങളാണെന്നും ഇവയെ ദ്വന്ദങ്ങളായി കണ്ട് ഒന്ന് മറ്റൊന്നിനെ ഇല്ലാതാക്കുമെന്ന ധാരണ ശരിയല്ലെന്നുമുള്ള ശാസ്ത്രീയവും യാഥാർത്ഥ്യ ബോധത്തോടുകൂടിയതുമായ സമീപനമാണ് ഇപ്പോൾ പൊതുവേ സ്വീകരിക്കപ്പെട്ടുവരുന്നത്.

റഫറൻസ്:

1.സുനിത ടി.വി (എഡിറ്റർ: സൈബർ മലയാളം. കറന്റ് ബുക്ക്സ് തൃശ്ശൂർ. 2009.
2.സുനിത ടി വി., ഇ. മലയാളം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. തിരുവനന്തപുരം 2012.
3.കെ. രവീന്ദ്രൻ, ഡോ ബി. ഇക്ബാൽ: ഇന്റർനെറ്റും ഇൻഫർമേഷൻ വിപ്ലവും. ഡി.സി ബുക്സ്, 1999.
4.വിക്കി മലയാ‍ളം: www.ml.wikipedi.com.
5.സ്വതന്ത്ര സോഫ്റ്റ് വെയർ: www.gnu.org.
6.ക്രിയേറ്റീവ് കോമൺസ്: www.creativecommons.org.
7.സ്വതന്ത്ര മലയാള കമ്പ്യൂട്ടിങ്: www.smc.org.
8.ഗുട്ടൻബർഗ് പ്രോജക്ട്: www.gutneberg.org.


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

ദിലീപ് പ്രേമചന്ദ്രൻ \ കമൽറാം സജീവ്ജോണി എം.എൽ.പ്രമോദ് പുഴങ്കരകരുണാകരൻകെ.ടി. കുഞ്ഞിക്കണ്ണൻഅരുൺപ്രസാദ്പി.എൻ. ഗോപീകൃഷ്ണൻഡോ. എം. മുരളീധരൻRead More


Summary: Dr. B Ekbal writes on how reading evolved in Kerala and how digital innovation changed his reading habits in Truecopy Webzine 200th Edition.


ഡോ. ബി. ഇക്ബാൽ

സംസ്​ഥാനത്ത്​ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന വിദഗ്​ധ സമിതി അധ്യക്ഷൻ. പബ്ലിക്​ ഹെൽത്ത്​ ആക്​റ്റിവിസ്​റ്റ്​. കേരള സർവകലാശാല മുൻ വി.സി. കോവിഡിനോട് പൊരുതി ജയിക്കുന്ന കേരളം (എഡിറ്റർ), പുതിയ വിദ്യാഭ്യാസ നയം: സമീപനവും വിമർശനവും (എഡിറ്റർ), മഹാമാരികൾ- പ്ലേഗ്​ മുതൽ​ കോവിഡ്​ വരെ- ചരിത്രം ശാസ്​ത്രം അതിജീവനം, എഴുത്തിന്റെ വൈദ്യശാസ്ത്രവായന, ഇന്ത്യൻ ഔഷധ മേഖല: ഇന്നലെ ഇന്ന്, നിരോധിച്ച മരുന്നുകൾ, നിരോധിക്കേണ്ട മരുന്നുകൾ, കേരള ആരോഗ്യ മാതൃക: വിജയത്തിൽ നിന്ന് പ്രതിസന്ധികളിലേക്ക് തുടങ്ങിയവ പ്രധാന പുസ്തകങ്ങൾ.

Comments