Why should our bodies end at the skin, or include at best other beings encapsulated by skin?
- Donna Haraway.
ഡാറ്റ (Data) എന്ന നിലയിലുള്ള എന്റെ ജീവിതത്തെ അല്ലെങ്കിൽ ജീവിതങ്ങളെക്കുറിച്ച് ഞാൻ ആലോചിക്കാറുണ്ട്. വാൾട് വിറ്റ്മാന്റെ യോഗദൃഷ്ടിയിൽ കണ്ടതുപോലെ, I am large, I contain multitudes. വല്ലാത്തൊരു ബാഹുല്യം. എന്നിലെ അനേകരിൽ ചിലർ ചിലരെ തിരിച്ചറിയുക പോലുമില്ല. ചിലർ മറ്റു ചിലരുമായി പൊരുത്തപ്പെടുകയുമില്ല. ഞാൻ ആരുടെയൊക്കെ ഡാറ്റയാണ്- ആധാറിന്റെ, ഗൂഗ്‌ളിന്റെ (Google), ഫേസ്ബുക്കിന്റെ (Facebook), ഇൻസ്റ്റയുടെ, എക്സിന്റെ (എക്സ്-ട്വിറ്ററിന്റെ), ആമസോണിന്റെ, നെറ്റ്ഫ്ലിക്സിന്റെ, മാഗ്‌സ്റ്ററിന്റെ, ജിയോയുടെ, ബി എസ് എൻ എല്ലിന്റെ, പരിവാഹന്റെ, സ്വിഗ്ഗിയുടെ, ബുക്ക് മൈ ടിക്കറ്റ്സ്-ന്റെ, ഓലയുടെ, റെഡ് ബസിന്റെ, മേക് മൈ ട്രിപ്പിന്റെ, ലുലുവിന്റെ, ബാങ്കുകളുടെ, മെട്രോപോളിസിന്റെ, ദ വയറിന്റെ, സ്ക്രോളിന്റെ, തിങ്കിന്റെ -അങ്ങനെ അറിയുന്നതും അറിയപ്പെടാത്തതുമായ അനേകം ഓൺലൈനും ഓഫ്‌ലൈനുമായ സൈറ്റുകളുടെ. ഞാൻ അനേകങ്ങളായ ഡാറ്റയായി ചിതറുകയാണ്. ഇതൊക്കെ കൂട്ടിയോജിപ്പിച്ചാൽ ഞാൻ ആകുമോ. ആർക്കറിയാം. ചിലപ്പോൾ പലതുമാകും. അത് ഞാന്‍ അല്ലാതെയാകും.
ഡാറ്റയുടെ കൂമ്പാരങ്ങൾ ഓൺലൈനിൽ നിക്ഷേപിച്ചുപോകുന്ന എന്നെ ഗൂഗ്ൾ എങ്ങനെയാണ് തിരിച്ചറിയുന്നുണ്ടാവുക. ഡിജിറ്റലീകരിക്കപ്പെട്ട ഞ്യാനാകുന്ന ഡാറ്റാ കൂമ്പാരത്തെ ചാറ്റ് ജി പി റ്റിയും മെറ്റയും ചതച്ചരച്ചു മറ്റൊരു ഡാറ്റയായി പലതായി പരിവർത്തിപ്പിച്ചിട്ടുണ്ടാകാം. Multitude എന്ന സങ്കൽപനത്തെ Datatitude എന്നും ഇവിടെ പരാവർത്തനം ചെയ്യാം. ഡാറ്റ ബാഹുല്യമാണത്. Multitude -നെഗ്രിയുടെ പരികല്പനയിൽ, രാഷ്ട്രീയ കർതൃത്വമുള്ള ജനബാഹുല്യമാണ്. Datatitude -ഏറെക്കുറെയെന്നല്ല, ഒട്ടുമിക്കതും വാണിജ്യ ഡാറ്റയാണ്. കർതൃത്വരഹിതമാണ്. ഡാറ്റ സന്ദർഭാനുസരണമാണ് കർത്തൃത്വ നിർവഹണം നടത്തുന്നത്. ആഗോള മൂലധന വ്യവസ്ഥയെ ചലനാത്മകമാക്കുന്നുണ്ട് ഡാറ്റ. ഡാറ്റാ സ്രഷ്ടാവ് എന്ന നിലയിൽ, ആഗോള മൂലധനവ്യവസ്ഥയെ പരിപോഷിപ്പിക്കുന്ന ഡാറ്റയേതര ലോകത്തിൽ ഇരുന്നുകൊണ്ടും രാപകൽ തിരച്ചിൽ നടത്തുന്ന എന്നെ നോക്കി ഗൂഗ്ൾ പറയുന്നുണ്ടാവും; ഡാ, ഡാറ്റയോളി, തിരയട നീ തിരയട, ഡാറ്റാമോനേ, നിന്നെ നുറുക്കിനുറുക്കി ആവശ്യക്കാർക്ക് വിൽക്കണ്ട്. നിനക്കുപോലും നിന്നെ തിരിച്ചറിയില്ല.
ഡാറ്റാ ജീവിതം എത്ര വിചിത്രമായ സർവൈലൻസ് വ്യവസ്ഥകളിലൂടെയായിരിക്കും കടന്നുപോയിട്ടുണ്ടാവുക. ദൃശ്യവും പാഠവും കേവലം ഡാറ്റയായി. ആരുടെയൊക്കെ നോട്ടത്തിലാകാം എന്റെ ഡാറ്റാ ജീവിതം. മരണപ്പെട്ടാലും ഡാറ്റയായി മരണാനന്തരം അതിജീവിക്കുന്ന അന്ത്യവിധിവരെ കാത്തുനിൽക്കേണ്ട ഡാറ്റ ഒരർത്ഥത്തിൽ എനിക്ക് അനശ്വരത നൽകിക്കഴിഞ്ഞു. എന്നിൽ പിറന്ന ഡാറ്റ പിന്നീടൊരിക്കലും എന്നെ തിരിച്ചറിയുക പോലുമില്ല. എന്റെ ഓരോ ശരീരഅംഗവും ഇതുവരേക്കും ഇത്ര ഡാറ്റയായിട്ടുണ്ടാകും. സ്വകാര്യത എന്ന മൗലികാവകാശമൊക്കെ സുപ്രീംകോടതിയുടെ സുപ്രസിദ്ധ പുട്ടസ്വാമി വിധിയിൽ ജീവസമാധിയിലാണ്. വാഹനത്തിന്റെ പൊല്യൂഷൻ കൺട്രോൾ സർട്ടിഫിക്കറ്റ് ഒരു ദിവസം വൈകിയാൽ എന്നിൽ നിന്ന് അടർത്തിയെടുക്കപ്പെട്ട ഡാറ്റ എന്നെ തേടിയെത്തും. ഏറ്റവും സ്വകാര്യമായ വായനപോലും ഡാറ്റാ നീരിക്ഷണത്തിലാണ്. സത്യത്തിൽ, എന്താണ് ഇപ്പോൾ നിങ്ങൾ വായിക്കുന്നതെന്ന ചോദ്യം ഞാൻ ഏറ്റവും വെറുക്കുന്ന ചോദ്യമാണ്. ഞാൻ പലതായിരിക്കും വായിക്കുന്നുണ്ടാവുക. പക്ഷെ ആമസോണിനെ എന്തുചെയ്യും? ഞാൻ സമീപകാലങ്ങളിൽ വാങ്ങിയ പുസ്തകങ്ങളുടെ അൽഗോരിതം വിശകലനത്തിൽ നിന്ന് എനിക്ക് ഒരുകെട്ട് പുസ്തക റെക്കമെൻഡേഷനുമായി വരും, ജെഫ് ബെസോസിന്റെ ഡാറ്റാകൂടം. ആമസോണെ, ചങ്ങായീ, നീ എന്റെ ഡാറ്റ കുഴച്ചുമറിച്ചോ, നിന്റെ നിർദേശം എനിക്കു വേണ്ട. നീ പറഞ്ഞതൊന്നുമല്ല ഞാൻ വായിക്കുന്നത്, കിൻഡൽ വായനക്കാരനെ നീ ട്രാക്ക് ചെയ്തോ ഞാൻ അനലോകത്തിലാണ്.
ഒരു രാജ്യത്തെ തകർക്കാൻ മിസൈൽ ആക്രമണമോ ആണവസ്ഫോടനമോ ഒന്നും വേണ്ട. രാജ്യത്തിന്റെ ഡാറ്റാ ശേഖരങ്ങളെ ആക്രമിച്ചാൽ മതി. ഡാറ്റാ ശേഖരങ്ങൾ പരിപൂർണമായും തിരിച്ചെടുക്കാൻ പറ്റാത്തവിധം നഷ്ടമാക്കുക പോലും വേണമെന്നില്ല. ഡാറ്റയിൽ മാലിന്യം ചേർത്താൽ മതി.
എന്റെ ഡാറ്റയ്ക്ക് പ്രത്യേകതയൊന്നുമില്ല. ഏതൊരു മധ്യവർഗക്കാരൻ പുരുഷ ഉപഭോക്താവ് എന്ന നിലയ്ക്കുള്ള ഡാറ്റ തന്നെയായിരിക്കും എന്റേതും. പക്ഷെ അതാണ് എന്റെ ഡാറ്റയുടെ പ്രത്യേകത. ഞാൻ വേറിട്ടൊരു ഡാറ്റയായിരുന്നെങ്കിൽ ആരെടുക്കുമായിരുന്നു ഈ വിൽക്കാഡാറ്റയെ? അനേക ജനസഹസ്രങ്ങളുമായി ഐക്യപ്പെടുന്ന, ഞാൻ ഉല്പാദിപ്പിക്കുന്ന ഡാറ്റയാണ് ഡാറ്റാ മുതലാളിത്തത്തിന് വേണ്ടത്. രാഷ്ട്രീയ പ്രതികരണ കവിയെ പോലെ, അവസാനം അഭിപ്രായം പറഞ്ഞ് ‘എന്റെ ശബ്ദം വേറിട്ടുകേട്ടുവോ’ എന്നു പറയുന്ന ഏർപ്പാടില്ല, ഡാറ്റസഞ്ചയത്തിൽ. ഡാറ്റ പോലീസിന്റെ പ്രാഥമിക നോട്ടത്തിലെ അളവ് രേഖപ്പെടുത്തി: മധ്യവർഗം, പുരുഷൻ. ആഗോള പൗരരുടെ മതവും ഇന്ത്യക്കാരുടെ വിശിഷ്ട തിരിച്ചറിയൽ സ്വത്വവുമായ ജാതിയോ? ഡാറ്റയെ നുറുക്കിയാലും ജാതി കിട്ടുമായിരിക്കാം. അത് ഡാറ്റ മജ്ജയിൽ അലിഞ്ഞുചേർന്നതാകണമല്ലോ. ഭാഷയിൽ, വേഷത്തിൽ, ചേഷ്ടകളിൽ അകത്തുനിന്നും പുറത്തുനിന്നും ഉല്പാദിപ്പിക്കുന്ന എന്തും ഡാറ്റയാകുന്നു. ഞാൻ മാത്രമല്ല നിങ്ങളും. നിങ്ങളിലുള്ളതെന്തോ അതൊക്കെ ഡാറ്റയാകുന്നു.
തൃശൂർ പൂരം പല തവണ കാണാൻ പോയിട്ടുണ്ട്. പക്ഷെ കണിമംഗലം ശാസ്താവ് മുതൽ വെടിക്കെട്ട് വരെ മുഴുവൻ കണ്ടത് മൂന്നു തവണ മാത്രമായിരിക്കും. എഡിറ്റ് ചെയ്താണ് പൂരം ഒട്ടു മിക്കവാറും കാണാറുള്ളത്. എങ്കിലും അത്രയ്ക്ക് ഉത്സവപ്രിയനല്ല ഞ്യാൻ. ഒരിക്കൽ പൊരിവെയിലത്തു തലയും ചുറ്റിയിട്ടുണ്ട്. ആനകളെ വെയിലത്തുനിർത്തി മേളിക്കുന്നത് അത്ര സുഖകരമായ കാഴ്ചയല്ല. പക്ഷെ പൂരത്തിന്റെ ഹരം ജനബാഹുല്യമാണ്. അതിൽ തന്മാത്ര ലയിക്കുന്നതിലാണ് പൂരലഹരി. വിപ്ലവം ജനത്തിന്റെ ഉത്സവമാണല്ലോ. ഡാറ്റാ സഞ്ചയത്തിലും സംഭവിക്കുന്നതും ഇതാണ്. എന്റെ ഇത്തിരി ഡാറ്റ വലിയ ഡാറ്റയിൽ വിലയിക്കുന്നു. വലിയ ഡാറ്റ, ബിഗ് ഡാറ്റയാണ് കോർപറേറ്റുകൾക്ക് വേണ്ടത്; ഭരണകൂടത്തിനും. വലിയ ഡാറ്റയിലാണ് താല്പര്യം. അവർ ഓരോ ഉപഭോക്താവിനെയും പൗരനെയും പൗരത്വമില്ലാത്തവളെയും ഇതിൽ കാണുന്നു. ഓരോ നുറുങ്ങു പീസ് ഡാറ്റയിലും തീവ്രവാദിയേത്, മിതവാദിയേത്, അമിതവാദിയേത്, അപവാദിയേത്, വിതണ്ഡവാദിയേത്, അവാദിയേത് എന്ന് അൽഗോരിതം യന്ത്രങ്ങൾ കണ്ടെത്തുന്നു. ഭൂമിശാസ്ത്രപരമായ ഡാറ്റയും വ്യക്തിഗത ഡാറ്റയും ചേർത്തുവെച്ച് ഡാറ്റസഞ്ചയത്തിൽ വ്യക്തിയെയും വ്യക്തിത്വത്തെയും നിർമിച്ചെടുക്കും, പഠിച്ച യന്ത്രങ്ങൾ. ഡാറ്റാ വിശകലനം, ജ്യോതിഷം പോലെ, നിങ്ങളെയും നിങ്ങളുടെ ഭൂതവർത്തമാന ഭാവിയേയും അടയാളപ്പെടുത്തിതരും. പോരേ പൂരം!
ഒരു രാജ്യത്തെ തകർക്കാൻ മിസൈൽ ആക്രമണമോ ആണവസ്ഫോടനമോ ഒന്നും വേണ്ട. രാജ്യത്തിന്റെ ഡാറ്റാ ശേഖരങ്ങളെ ആക്രമിച്ചാൽ മതി. ഡാറ്റാ ശേഖരങ്ങൾ പരിപൂർണമായും തിരിച്ചെടുക്കാൻ പറ്റാത്തവിധം നഷ്ടമാക്കുക പോലും വേണമെന്നില്ല. ഡാറ്റയിൽ മാലിന്യം ചേർത്താൽ മതി. മലിനീകൃതമായ ഡാറ്റ ഉപയോഗക്ഷമമല്ല. രാജ്യത്തിൽ അരാജകത്വം പടരാൻ വേറെയെന്തു വേണം. മുതലാളിത്തത്തിന്റെ അന്ത്യം കുറിക്കാൻ സായുധവിപ്ലവം വേണ്ട. ഡാറ്റയെ ഒന്ന് കലക്കിയാൽ മതി. പൂരം കലക്കാൻ മാത്രമുള്ള കുബുദ്ധി മതിയാകില്ല എന്നുമാത്രം. ഡാറ്റയാണ് ആയുധം.
ഡാറ്റാ വിപ്ലവം മുതലാളിത്തത്തിന്റെ ലോകാവസാനത്തിലേക്ക് നയിക്കും. മുതലാളിത്തത്തിന്റെ കൂടെ പലതും അവസാനിക്കുമെന്നുമാത്രം. രാജ്യത്തെയും മുതലാളിത്തത്തെയും തകർക്കുക എന്നത് ബൃഹത്പദ്ധതിയാണ്. പക്ഷെ ഒരു വ്യക്തിയെ പ്രതിസന്ധിയിലാക്കാൻ ഒരു കഷണം ഡാറ്റ മതി. വിർച്വൽ അറസ്റ്റും സാമ്പത്തിക തട്ടിപ്പും ഡാറ്റാ മോഷണത്തിന്റെ പരിണിതഫലമാണ്. ഡാറ്റയെ കാണുന്നവര്‍ വ്യക്തിയെ കാണുന്നില്ല. ഞാൻ ഉത്പാദിപ്പിച്ച ഡാറ്റകൾ കൈവശപ്പെടുത്തി ഒരു ഡാറ്റാവത്കൃത സങ്കല്പത്തിലെ എന്നെയാണ് അയാൾ തിരിച്ചറിയുന്നത്. എന്റെ നുറുങ്ങു ഡാറ്റ ഇന്ന് ലോകത്തിന്റെ ഏതൊക്കെ ഭാഗത്ത് ആരുടെയൊക്കെ ഡാറ്റാശേഖരത്തിൽ കുടുങ്ങി ഡാറ്റയുടെ ഉത്ഭവസ്ഥലത്തേക്ക് വഴിതിരയുന്നുണ്ടാകാം.
എന്റെ എത്രയോ പ്രിയപ്പെട്ട ഡാറ്റ; ഇന്ന് ആരുടെ കൈവശമാണ്?
എന്റെ തിരച്ചിലുകൾ ജീവിതഡാറ്റയായി എനിക്കുമുമ്പിൽ അനാവൃതമാകുമ്പോൾ ഞാൻ എന്നെ തന്നെയാണോ കാണുക, അതോ ജീവിക്കാൻ ആഗ്രഹിച്ച, അല്ലെങ്കിൽ ആഗ്രഹിക്കാത്ത ഒരു ഡിജിറ്റൽ ഉണ്മയെയാണോ?
ഞാൻ ഉത്പാദിപ്പിച്ച ഡാറ്റയോട് ഞ്യാൻ എന്റെ ജീവചരിത്രം തേടുകയാണ്? ഡിജിറ്റലായി കഴിഞ്ഞതിനുശേഷം, പിന്നിട്ട ജീവിതത്തിന്റെ അർദ്ധകാലത്തിന്റെയെങ്കിലും ജീവിതരേഖ ഡാറ്റയ്ക്ക് തരാനാകും, ഗൂഗ്ൾ ഇടക്കു തരുന്ന ഡിജിറ്റൽ സർവേലെൻസ് റിപ്പോർട്ടുകൾ പോലെ. ഞാൻ സന്ദർശിച്ച സ്ഥലങ്ങൾ, ഞാൻ നടന്ന ഇത്തിരി ദൂരങ്ങൾ, ഭക്ഷണം കഴിക്കാൻ കയറിയ റസ്റ്റോറന്റുകൾ, താമസിച്ച സ്ഥലങ്ങൾ. ഗൂഗ്ൾ അൽഗോരിതത്തിന് തീർത്തും വിവേകമില്ലാത്തതിനാൽ തൃശ്ശൂർ ടൗൺ ഹാൾ പബ്ലിക് ലൈബ്രറിയിലെ താമസം എങ്ങനെയുണ്ടായിരുന്നുവെന്നും ചോദിക്കും. സ്ഥിരമായി പോകാത്തതും എന്നാൽ കൂടുതൽ സമയം ചെലവാക്കിയതുമായ സ്ഥലം എന്ന അൽഗോരിതം ഡാറ്റാ നിർദ്ധാരണമാണ് ഗൂഗ്‌ളിനെ ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിച്ചത്.
ഇതുപോലുള്ള ബുദ്ധിശൂന്യതയും വിവേകരാത്യവുമുണ്ടാകാമെങ്കിലും എന്റെ ഡാറ്റാ ജീവിതം എനിക്കറിയാത്ത പലതും കാണിച്ചുതരാനിടയുണ്ട്. ആസ്വാദനത്തിൽ, ശരീര സംബന്ധിയായ കാര്യങ്ങളിൽ, വായനയിൽ, സെക്സിന്റെ അഭിരുചിയിൽ എല്ലാം വന്ന സൂക്ഷ്മമായ മാറ്റങ്ങൾ ഡാറ്റയിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ടാകും. എന്റെ തിരച്ചിലുകൾ ജീവിതഡാറ്റയായി എനിക്കുമുമ്പിൽ അനാവൃതമാകുമ്പോൾ ഞാൻ എന്നെ തന്നെയാണോ കാണുക, അതോ ജീവിക്കാൻ ആഗ്രഹിച്ച, അല്ലെങ്കിൽ ആഗ്രഹിക്കാത്ത ഒരു ഡിജിറ്റൽ ഉണ്മയെയാണോ? ബഹുവിധമായ സെൽഫികളും മറ്റു ചിത്രങ്ങളും എന്റെ ഏതു ഡിജിറ്റൽ പ്രതിച്ഛായയാണ് വെളിവാക്കുക? ഡാറ്റയ്ക്കറിയാത്ത എന്റെ ജീവിതവും ജീവിതത്തിനു തിരിച്ചറിയാൻ പറ്റാത്ത ഡാറ്റാ ഉൺമയും തമ്മിലുള്ള ഇന്റർഫേസ്, ഇതിൽ നിന്നൊക്കെ അകന്നു നിൽക്കുന്ന മൂന്നാം പാർട്ടിയായ ഞ്യാൻ എങ്ങനെ അഭിമുഖീകരിക്കും.
മെഹ്ദി ഹസനും ജഗ്ജിത് സിങ്ങും പാടിപ്പാടി കേൾപ്പിച്ചു മധുരിപ്പിച്ച, സലിം കൗസർ എഴുതിയ ആ വരികൾ ഓർക്കുകയാണ്:
"മെയ്ൻ ഖയാൽ ഹും കിസൈ ഓർ കാ, മുജേ സോച്ചതാ കോയി ഓർ ഹേ".
ഞാൻ ഏതു ഡാറ്റയുടെ ചിന്തയാണ്? എന്നെ ഏതു ഡാറ്റയാണ് ഓർക്കുന്നത്? ഇറ്റലിക്കാരനായ ദത്തചിന്തകൻ ല്യൂഷ്യൻ ഫ്ലോറിഡിയുടെ Online Manifesto: Being Human in a hyperconnected world എന്ന രേഖയിൽ നീരിക്ഷിക്കുന്ന കാര്യം, ഓൺലൈൻ ലോകത്തിൽ കേവലം മനുഷ്യന്റെ നിർദേശങ്ങൾക്കനുസരിച്ചു പ്രവർത്തിക്കുന്ന യന്ത്രങ്ങളല്ലാതെയായിരിക്കുന്നു നിർമിതികൾ (artefacts). അതിനു സ്വച്ഛന്ദമായ രീതിയിൽ പ്രവർത്തിക്കാൻ കഴിയും. ഡാറ്റയുടെ വൻസഞ്ചയത്തിൽ നിന്ന് ആവശ്യമുള്ളത് കുഴിച്ചെടുത്തുകൊണ്ടുവരാൻ സാധിക്കും. ഡാറ്റ എല്ലാ രൂപത്തിലും രേഖപ്പെടുത്തുകയും സംഭരിക്കുകയും കംപ്യൂട്ടു ചെയ്യുകയും തിരികെ നൽകുകയും ചെയ്യുന്നു. യന്ത്രങ്ങളും അപ്ലിക്കേഷനുകളും ഉപകരണങ്ങളും അനുയോജ്യവും വ്യക്തിഗതവുമായ പരിസ്ഥിതിക്കനുസരിച്ച് നൂതനമായ രീതിയിൽ അനന്തമായ സാധ്യതകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. മനുഷ്യ ഇടപെടലുകൾക്കും പുതിയ വിജ്ഞാന സമ്പ്രദായങ്ങൾക്കും പുതിയ ഇടങ്ങൾ തുറന്നു തരുന്നു, ബയോ ഇൻഫോർമേഷണലിസം.
ല്യൂഷ്യൻ ഫ്ലോറിഡിയുടെ ബയോ ഇൻഫോർമെഷണലിസത്തിന്റെ പ്രത്യാശകൾ അതേവിധം പിന്തുടരണമെന്നില്ല; കാരണം സംവേദനാത്മക ജൈവമുതലാളിത്തം ആഗിരണം ചെയ്തിരിക്കുന്ന വ്യവസ്ഥയാണിത്. പകൽക്കൊള്ളയ്ക്ക് ശാശ്വത സുസ്ഥിരതയുടെ പ്രത്യയശാസ്ത്ര സാധൂകരണം നൽകപ്പെട്ടിരിക്കുന്നു. സ്വച്ഛന്ദമായി പ്രവർത്തിക്കുന്ന ഇൻഫർമേഷൻ വ്യവസ്ഥയാണ് നിർമിതബുദ്ധിയുടേത്. നമ്മൾ അതിലേക്ക് സഭാപ്രവേശം നടത്തിക്കഴിഞ്ഞിരിക്കുന്നു. വിവസ്‌ത്രീകരിക്കുന്തോറും ഡാറ്റ പൊതിഞ്ഞുവരുന്നു. നമ്മൾ മുതലാളിത്തത്തെ നമിക്കുന്നു:
കൃഷ്ണ, കൃഷ്ണ; നീ എന്നോട് പറഞ്ഞു, നീ കേവലം ഡാറ്റയാണെന്ന്. ഉരിയുന്തോറും പൊതിയുന്ന ഡാറ്റ.
കൃഷ്ണൻ പറയുന്നു: നിന്റെ സ്മാൾ ഡാറ്റ ... ഡാറ്റ ബാഹുല്യത്തിൽ വിലയം പ്രാപിക്കുന്നു. ഡാറ്റാ ബാഹുല്യത്തിൽ നീ ഒന്നുമല്ലാതെയാകുന്നു.
അഹം ഡാറ്റ ബാധയാസ്മി.
ഞാനും നീയുമില്ലാത്ത ലോകത്തിൽ ഡാറ്റയാകുന്നു സത്യം.
ശുഭം.
Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍
ദിലീപ് പ്രേമചന്ദ്രൻ \ കമൽറാം സജീവ് • ജോണി എം.എൽ. • പ്രമോദ് പുഴങ്കര • കരുണാകരൻ • കെ.ടി. കുഞ്ഞിക്കണ്ണൻ • അരുൺപ്രസാദ് • പി.എൻ. ഗോപീകൃഷ്ണൻ • ഡോ. എം. മുരളീധരൻ • Read More