കുഞ്ഞുണ്ണി സജീവ്

അവിടെ നടക്കുന്നത് ഗോത്രങ്ങൾ തമ്മിലുള്ള പോരാണ്,
ആധുനിക മനുഷ്യർ തമ്മിലുള്ള ചർച്ചയല്ല

എന്തുകൊണ്ട് താൻ ഡിജിറ്റൽ ലോകത്തോട് പുറംതിരിഞ്ഞു നിൽക്കുന്നു എന്ന് വ്യക്തമാക്കുകയാണ് കുഞ്ഞുണ്ണി സജീവ്. വിനോദം മാത്രം ലക്ഷ്യം വെക്കുന്ന ആരാധകക്കൂട്ടങ്ങളാണ് ഡിജിറ്റൽ ലോകത്തെ മനുഷ്യർ എന്നും ആരാധകകൂട്ടങ്ങളുടെ ഭാഗമോ, നേതാവോ ആകുക എന്ന ലക്ഷ്യമാണ് ഓരോ മനുഷ്യനെയും ഡിജിറ്റൽ ലോകത്ത് ജീവിതം തുടരുവാൻ പ്രേരിപ്പിക്കുന്നത് എന്നും അദ്ദേഹം എഴുതുന്നു.

സോഷ്യൽ മീഡിയ അക്കൗണ്ട് നോക്കി മനുഷ്യരുടെ തനിനിറം കണ്ടെത്തുന്ന ഒരാളെ ഞാൻ അടുത്തിടെ പരിചയപ്പെട്ടു. ഗെയിമിങ്ങും ​വ്ലോഗിങും ലൈവ് സ്ട്രീമിംഗ് ചാറ്റിങ്ങുമെല്ലാം ചെയ്യാറുള്ള അയാൾക്ക്‌ ഓഫ്‌ലൈൻ ജീവിതത്തേക്കാൾ വിശ്വാസം ഓൺലൈൻ ജീവിത്തിലാണ്; ‘അവിടെ താൽപര്യങ്ങളെയും വിധേയത്വത്തെയും മൂടി വെക്കാൻ മനുഷ്യന് സാധ്യമല്ല’.
ഇൻസ്റ്റഗ്രാം 'ബയോ'യിൽ, വാട്സ്ആപ്പ് സ്റ്റാറ്റസിൽ, സ്റ്റോറിയിൽ, പോസ്റ്റുകളിൽ, കമന്റുകളിൽ, ഫോളോ ചെയ്യുന്ന പേജുകളിലെല്ലാം തെളിഞ്ഞുനിൽക്കുക, അക്കൗണ്ടിന്റെ - അക്കൗണ്ട് ഉപയോഗിക്കുന്ന മനുഷ്യന്റെ താൽപര്യങ്ങളും വീക്ഷണങ്ങളും, വിധേയത്വവുമാണ്.
‘നേരിട്ട് കാണുമ്പോൾ അണിയാറുള്ള പൊയ് മുഖങ്ങൾ അവിടെ അഴിഞ്ഞുവീഴും. ഫേക്ക് അക്കൗണ്ടുകൾ നിർമിക്കുക, യഥാർത്ഥ അക്കൗണ്ടിൽ അഴിഞ്ഞുപോകുന്ന പൊയ്യ്മുഖങ്ങളെ മുറുക്കിക്കെട്ടാനാകും’ - അയാൾ പറയുന്നു.

മനുഷ്യൻ്റെ ഓഫ്‌ലൈൻ ജീവിതത്തേക്കാൾ ഓൺലൈൻ ജീവിതമാണ് കൂടുതൽ സത്യസന്ധം - ‘ഓരോ മനുഷ്യന്റെയും യഥാർത്ഥ മുഖം തെളിയുന്നത് ഓൺലൈനിൽ മാത്രമാണ്. യഥാർത്ഥ ജീവിതം ഓൺലൈൻ ജീവിതത്തിന്റെ എക്സറ്റൻഷനും’, അയാൾ കൂട്ടിച്ചേർത്തു.

നിങ്ങളിന്ന് ഒരാളെ പരിചയപ്പെട്ടാൽ ആദ്യം ചോദിക്കുക, സോഷ്യൽ മീഡിയ ഹാൻഡിൽ ആകും, അല്ലാതെ അയാളുടെ യഥാർത്ഥ മേൽവിലാസമാകില്ല. അതെ, താമസിക്കുന്ന വീടിന്റെ മേൽവിലാസത്തെക്കാൾ ഇന്ന് പ്രധാനം സോഷ്യൽ മീഡിയ ഹാൻഡിലാണ്.

അടുപ്പിക്കാൻ പറ്റുന്നവനാണോ (friend request accept ചെയ്യുക), അടുപ്പം സ്ഥാപിക്കേണ്ടവനാണോ (follow ചെയ്യുക അല്ലെങ്കിൽ friend request അയക്കുക), ഒഴിവാക്കേണ്ടവനാണോ (remove അല്ലെങ്കിൽ block ചെയ്യുക) എന്നെല്ലാമുള്ള തീരുമാനങ്ങൾ എടുക്കുന്നത് അതാത് അക്കൗണ്ടുകളുടെ അസ്തിത്വത്തെ മനസിലാക്കിക്കൊണ്ടാണ്. ഓൺലൈൻ ജീവിതവും, ഓഫ്‌ലൈൻ ജീവിതവും രണ്ട് ചോയ്‌സുകളായി അയാളുടെ മുൻപിൽ അവതരിപ്പിച്ചാൽ ഓൺലൈൻ ജീവിതമാകും അയാൾ തെരഞ്ഞെടുക്കുക.

ജീവിതത്തിന്റെ ഓരോ നിമിഷവും ഡിജിറ്റൽ ലോകത്ത് അപ്ഡേറ്റ് ചെയ്യുന്ന ജനങ്ങളുള്ള രാജ്യത്ത്, ദിനംപ്രതി ഡിജിറ്റൽ ലോകം വികസിക്കുകയാണ്. ഡിജിറ്റൽ ജീവിതമില്ലാത്ത മനുഷ്യർ അദൃശ്യരായി തീരുന്നതും അയാൾ കണ്ടെത്തുന്ന രസകരമായ വൈരുദ്ധ്യമാണ്. അദൃശ്യമായ ലോകത്തിന്റെ ഭാഗമായില്ലെങ്കിൽ അദൃശ്യജീവികളായി തീരുന്ന മനുഷ്യർ.
നിങ്ങളിന്ന് ഒരാളെ പരിചയപ്പെട്ടാൽ ആദ്യം ചോദിക്കുക, സോഷ്യൽ മീഡിയ ഹാൻഡിൽ ആകും, അല്ലാതെ അയാളുടെ യഥാർത്ഥ മേൽവിലാസമാകില്ല. അതെ, താമസിക്കുന്ന വീടിന്റെ മേൽവിലാസത്തെക്കാൾ ഇന്ന് പ്രധാനം സോഷ്യൽ മീഡിയ ഹാൻഡിലാണ്. ഇന്നിന്റെ മനുഷ്യൻ പൂർണമായും ഡിജിറ്റൽ ജീവികളും. സോഷ്യൽ മീഡിയ ഹാൻഡിലാണ് അവരുടെ മേൽവിലാസം. ആ മേൽവിലാസമില്ലാത്തവർ അദൃശ്യരും.

ജീവിതത്തിന്റെ ഓരോ നിമിഷവും ഡിജിറ്റൽ ലോകത്ത് അപ്ഡേറ്റ് ചെയ്യുന്ന ജനങ്ങളുള്ള രാജ്യത്ത്, ദിനംപ്രതി ഡിജിറ്റൽ ലോകം വികസിക്കുകയാണ് / Photo : pexels.com
ജീവിതത്തിന്റെ ഓരോ നിമിഷവും ഡിജിറ്റൽ ലോകത്ത് അപ്ഡേറ്റ് ചെയ്യുന്ന ജനങ്ങളുള്ള രാജ്യത്ത്, ദിനംപ്രതി ഡിജിറ്റൽ ലോകം വികസിക്കുകയാണ് / Photo : pexels.com

എല്ലാ മനുഷ്യർക്കുചുറ്റും കറങ്ങുന്ന അദൃശ്യ ലോകമായാണ് ഡിജിറ്റൽ ലോകത്തെ ഞാൻ മനസിലാക്കുന്നത്. അൽഗോരിതങ്ങൾ കറക്കുന്ന എൻ്റെ അദൃശ്യലോകത്തോടൊപ്പം കറങ്ങാൻ പോരുക എൻ്റെ താൽപര്യങ്ങളും വീക്ഷണങ്ങളുമുള്ള മനുഷ്യർ മാത്രമാകും. ഒരേ വീക്ഷണങ്ങളുള്ള, ഒരേ താൽപര്യങ്ങളുള്ള ഒരു കൂട്ടം മനുഷ്യരെ ദേശ- ഭാഷാ വ്യത്യാസമില്ലാതെ അവിടെ കണ്ടെത്താം, പരിചയപ്പെടാം. പ്രാചീന ഗോത്രങ്ങളെ അനുസ്മരിപ്പിക്കും വിധം എൻ്റെ കൂട്ടരോട് ഞാൻ അവിടെ ചേർന്നുനിൽക്കുന്നു, ഇടപഴകുന്നു, പരസ്പരം വിധേയത്വം കാട്ടുന്നു. അവരുടെ പോസ്റ്റുകളെ ഞാൻ ലൈക്കും ഷെയറും ചെയ്യും - അവർ തിരിച്ചും. മറ്റൊരു ലോകത്തുനിന്ന് വഴി തെറ്റി വന്നവരുടെ പോസ്റ്റും, റീൽസും ഞാൻ ബ്ലോക്ക് ചെയ്യുകയോ, തഴയുകയോ ചെയ്യുമ്പോൾ എന്റെ ഇഷ്ടങ്ങളോട് പ്രതികരിക്കുന്ന അൽഗോരിതം തുടർന്ന് അതേ സ്വഭാവമുള്ള കണ്ടെന്റുകൾ ഒഴിവാക്കും. എന്റെ ഇഷ്ടാനിഷ്ടങ്ങൾ എന്നേക്കാൾ നന്നായി അറിയാവുന്ന ഡിജിറ്റൽ ലോകം എനിക്ക് വിയോജിപ്പ് തോന്നുന്ന, എനിക്ക് താല്പര്യമില്ലാത്ത വിഷയങ്ങളിൽ നിന്ന് എന്നെ (സം)രക്ഷിച്ചു നിർത്തുന്നു. സന്തോഷവും, ആഘോഷവും നിറഞ്ഞുനിൽക്കുന്ന ഡിജിറ്റൽ ലോകത്ത് സംഗീതവും, സിനിമയും, നൃത്തവും ഇടകലരുന്ന പോലെ എല്ലാം വിനോദം മാത്രമാണ്. രാഷ്ട്രീയവും, സാമൂഹികവുമായ പ്രശ്നങ്ങൾ അവിടെ വിനോദത്തിൽ പൊതിഞ്ഞാണ് അവതരിപ്പിക്കുക. മനുഷ്യന്റെ എല്ലാ വികാരങ്ങൾക്കുമുള്ള സാധ്യതയും അവസരവും അവിടെ ഒരുക്കപ്പെടുന്നു. അൽഗോരിതങ്ങൾ കറക്കുന്ന ലോകത്ത് മനുഷ്യൻ എല്ലാ വികാരങ്ങളെയും തൊട്ടറിയുന്നു; ഒറ്റയ്ക്ക്.

അൽഗോരിതങ്ങൾ കറക്കുന്ന എൻ്റെ അദൃശ്യലോകത്തോടൊപ്പം കറങ്ങാൻ പോരുക എൻ്റെ താൽപര്യങ്ങളും വീക്ഷണങ്ങളുമുള്ള മനുഷ്യർ മാത്രമാകും / Photo : designstripe
അൽഗോരിതങ്ങൾ കറക്കുന്ന എൻ്റെ അദൃശ്യലോകത്തോടൊപ്പം കറങ്ങാൻ പോരുക എൻ്റെ താൽപര്യങ്ങളും വീക്ഷണങ്ങളുമുള്ള മനുഷ്യർ മാത്രമാകും / Photo : designstripe

യഥാർത്ഥ ജീവിതത്തെ വിനോദമായി മാറ്റുന്ന ലോകത്ത് മനുഷ്യന്റെ സങ്കടം മുതൽ അമർഷം വരെയുള്ള എല്ലാ വികാരങ്ങളും വിനോദമാവും. പ്രകൃതിദുരന്തങ്ങൾ മുതൽ പ്രണയനൈരാശ്യം വരെ, വർഗീയത മുതൽ ദുരഭിമാന കൊലകൾ വരെ അവിടെ ഡിജിറ്റൽ ജീവികൾക്കുവേണ്ടിയുള്ള വിനോദമാണ്. 'ആ ഇടത്തിൽ സ്ഥാനംനേടുക' എന്നതിനർത്ഥം സ്വയം മറ്റുള്ളവരുടെ വിനോദമായി മാറുക എന്നതും. ട്രെൻഡ് എന്താണോ അതിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും എഴുത്തും ആശയങ്ങളും അവിടെ പ്രോത്സാഹിപ്പിക്കപ്പെടുന്നു. അംഗീകരിക്കപ്പെട്ട ഒരു ഗോത്രത്തോടുള്ള വിധേയത്വവും അവിടെ പ്രധാനമാണ്. ചിലർക്കത് ഏതെങ്കിലും മനുഷ്യരോടുള്ള ആരാധനയാണ്, ചിലർക്കത് ചില രാഷ്ട്രീയ പാർട്ടികളോടുള്ള, ഗ്രൂപ്പുകളോടുള്ള വിധേയത്വവും.

വിനോദം മാത്രം ലക്ഷ്യം വെക്കുന്ന ആരാധകക്കൂട്ടങ്ങളായാണ് ഡിജിറ്റൽ ലോകത്തെ മനുഷ്യരെ ഞാൻ മനസിലാക്കുന്നത്. യുക്തിക്ക് വിരുദ്ധമായി, കാര്യങ്ങളോട് വൈകാരികമായി പെരുമാറുന്ന മനുഷ്യരാണ് അവിടെ അധികവും. അത്തരം ആരാധകകൂട്ടങ്ങളുടെ ഭാഗമോ, നേതാവോ ആകുക എന്ന ലക്ഷ്യമാണ് ഓരോ മനുഷ്യനെയും ഡിജിറ്റൽ ലോകത്ത് ജീവിതം തുടരുവാൻ പ്രേരിപ്പിക്കുന്നത്. കിട്ടുന്ന ഓരോ ലൈക്കിനും ഷെയറിനും അനുഭവഭേദ്യമാകുന്ന മാനസികസന്തോഷം പറഞ്ഞറിയിക്കുവാൻ കഴിയാത്തതാണ്.

യഥാര്‍ത്ഥ ജീവിതത്തെ വിനോദമായി മാറ്റുന്ന ലോകത്ത് മനുഷ്യന്റെ സങ്കടം മുതല്‍ അമര്‍ഷം വരെയുള്ള എല്ലാ വികാരങ്ങളും വിനോദമാവും. / Photo : insights.som
യഥാര്‍ത്ഥ ജീവിതത്തെ വിനോദമായി മാറ്റുന്ന ലോകത്ത് മനുഷ്യന്റെ സങ്കടം മുതല്‍ അമര്‍ഷം വരെയുള്ള എല്ലാ വികാരങ്ങളും വിനോദമാവും. / Photo : insights.som

‘എന്റെ അസ്തിത്വത്തെ അതാ മറ്റൊരാൾ തിരിച്ചറിഞ്ഞിരിക്കുന്നു, അംഗീകരിച്ചിരിക്കുന്നു, അയാൾ എന്നെ പ്രൊമോട്ട് ചെയ്യുന്നു’- മനുഷ്യൻ എന്ന സാമൂഹിക ജീവിയുടെ അടിസ്ഥാനമായ ഒരു ആവശ്യത്തെ താൽക്കാലികമായി നിറവേറ്റി കൊടുക്കുന്നതിൽ ഡിജിറ്റൽ ലോകം ഇവിടെ വിജയിക്കുന്നുണ്ട്. ചെറിയ ക്ലാസുകളിൽ ഉയർന്ന മാർക്ക് ലഭിക്കുമ്പോൾ ലോകം തന്നെ ജയിച്ചെന്ന തോന്നലിൽ അഭിരമിക്കുന്ന കുട്ടികളെ ഓർമിപ്പിക്കും, താൽക്കാലിക പ്രശസ്തിയും അംഗീകാരവും ലഭിച്ച ഡിജിറ്റൽ ലോകത്തെ മനുഷ്യർ. ലൈക്കുകളുടെ എണ്ണവും റീച്ചും എത്ര അധികമുണ്ടോ, അത്രയധികം ആരാധകർ തങ്ങൾക്കുണ്ടെന്ന് വീമ്പ് പറയുന്നവരേയും ഞാൻ പരിചയപ്പെട്ടിട്ടുണ്ട്. കേരളം വിട്ട് വിദേശരാജ്യങ്ങളിലേക്ക് കുടിയേറിയ മനുഷ്യർ ഡിജിറ്റൽ ലോകത്ത് വരുത്തുന്ന സ്വാധീനവും അദൃശ്യലോകത്ത് വ്യക്തമാണ്. വിദേശ രാജ്യങ്ങളിലെ ജീവിതരീതി, ഭക്ഷണം, വസ്തുക്കൾ, വസ്ത്രങ്ങൾ എന്നിങ്ങനെ എല്ലാം ഡിജിറ്റൽ ലോകത്ത് പ്രദർശിപ്പിക്കുമ്പോൾ അവയൊന്നും വാങ്ങാൻ കഴിയാതെ ജീവിക്കുന്ന മനുഷ്യർ സ്വന്തം അസ്തിത്വത്തിൽ ആശങ്കാകുലരാകും.

ഡിജിറ്റൽ ലോകത്ത് ഭക്ഷണം വിശപ്പ് മാറ്റുവാനുള്ളവ മാത്രമല്ല അവയുടെ സൗന്ദര്യാത്മകമായ പ്രദർശനം ഭക്ഷണത്തെ ഒരു സ്റ്റാറ്റസ് സിംബലായി മാറ്റുന്നുണ്ട്.

ഡിജിറ്റൽ ലോകം അംഗീകരിച്ച ജീവിതം ജീവിക്കുന്നതിന് എന്ത് ത്യാഗവും സഹിക്കുവാൻ സാധാരണ മനുഷ്യർ പ്രേരിതരാകുന്നുണ്ട്. ഉദാഹരണത്തിന് ഡിജിറ്റൽ ലോകത്ത് ഭക്ഷണം വിശപ്പ് മാറ്റുവാനുള്ളവ മാത്രമല്ല അവയുടെ സൗന്ദര്യാത്മകമായ പ്രദർശനം ഭക്ഷണത്തെ ഒരു സ്റ്റാറ്റസ് സിംബലായി മാറ്റുന്നുണ്ട്. ആ ഭക്ഷണം പ്രതിനിധാനം ചെയ്യുന്ന സാമൂഹിക ചുറ്റുപാടിനെ വാഴ്ത്തിപ്പാടുന്ന ഫുഡ് ​​വ്ലോഗുകൾ ഇന്ന് സാധാരണമാണ്. രാജഭരണത്തിന്റെ മേന്മകൾ പറയുന്ന പേജുകളും ഡിജിറ്റൽ ലോകത്ത് കണ്ടെത്താം. മതവും, ജാതിയും, ആഘോഷവും ചേരുന്ന ഒരു സാമൂഹിക സാഹചര്യത്തിന്റെ എക്സ്റ്റൻഷനായി കേരളത്തിൽ ഡിജിറ്റൽ ലോകം പ്രവർത്തിക്കുന്നുണ്ട്. ഭരണവർഗത്തിൻേറയും, സവർണ്ണതയുടെയും ആഘോഷമാക്കി ഉപഭോഗ സംസ്ക്കാരത്തെ പ്രൊമോട്ട് ചെയ്യുന്ന ഡിജിറ്റൽ ലോകത്തെ കാഴ്ച മനംമടുപ്പിക്കുന്നതാണ്. അവിടെ ഇടപെടുന്ന മനുഷ്യർ മുന്നോട്ട് വെക്കുന്ന എല്ലാ പദ്ധതികൾക്കും പിന്നിൽ ഒരു വിൽപനസാധ്യത ഒളിഞ്ഞുകിടക്കുന്നുവെന്നതും ഞാൻ പലപ്പോഴായി തിരിച്ചറിഞ്ഞു.

ഡിജിറ്റല്‍ ലോകത്ത്  ഭക്ഷണം വിശപ്പ് മാറ്റുവാനുള്ളവ മാത്രമല്ല അവയുടെ സൗന്ദര്യാത്മകമായ പ്രദര്‍ശനം ഭക്ഷണത്തെ ഒരു സ്റ്റാറ്റസ് സിംബലായി മാറ്റുന്നുണ്ട് / Photo : newfoodmagazine
ഡിജിറ്റല്‍ ലോകത്ത് ഭക്ഷണം വിശപ്പ് മാറ്റുവാനുള്ളവ മാത്രമല്ല അവയുടെ സൗന്ദര്യാത്മകമായ പ്രദര്‍ശനം ഭക്ഷണത്തെ ഒരു സ്റ്റാറ്റസ് സിംബലായി മാറ്റുന്നുണ്ട് / Photo : newfoodmagazine

മറ്റുള്ളവരാൽ അംഗീകരിക്കപ്പെടാൻ വേണ്ടി ഭക്ഷണവും വസ്ത്രവും മറ്റു വസ്തുക്കളും പ്രദർശിപ്പിക്കുവാൻ ഡിജിറ്റൽ ലോകം ഇന്ന് ഓരോ മനുഷ്യനേയും പ്രേരിപ്പിക്കുന്നുണ്ട്. യഥാർത്ഥ ജീവിതത്തിൽ ആകാൻ കഴിയാതെ പോയ പല മുഖങ്ങളും ഡിജിറ്റൽ ലോകത്ത് മനുഷ്യർ അണിയുന്നതായും കണ്ടെത്താം. അത്തരം മുഖങ്ങൾക്ക് ധാരാളം ആരാധകരും വരാറുണ്ട്. ട്രെൻഡുകളിലൂടെ പ്രശസ്തി നേടുന്ന മനുഷ്യർ ഡിജിറ്റൽ ലോകത്തെ സ്റ്റാറുകളായി മാറുന്നു, താൽക്കാലിക പ്രശസ്തിയുടെ കാലാവധി കഴിയുമ്പോൾ അവർ വീണ്ടും ജീവിതത്തിന്റെ സാധാരണത്വത്തിലേക്ക് മറയുന്നു. ഒരു പരിചയവുമില്ലാത്ത നേതാക്കൾക്കുവേണ്ടിയും, അഭിനേതാക്കൾക്കുവേണ്ടിയും പരസ്പരം വഴക്കടിക്കുന്ന മനുഷ്യരായും അവർ പരിണമിക്കുന്നു. ഫേക്ക് ന്യൂസുകൾക്കും, ക്ലിക്ക് ബൈറ്റുകൾക്കും മാത്രം സ്ഥാനം നൽകുന്ന ഒരിടത്ത്, സത്യത്തിന്റെ കണിക കണ്ടെടുക്കാവാൻ സാധിക്കാതെ വരുമ്പോൾ, അതിവൈകാരികതയും, വർഗീയതയും എളുപ്പം പ്രചാരം നേടും.

രാഷ്ട്രീയ ഇടപെടൽ ഒരു പോസ്റ്റിലൂടെ നടത്തി - ഞാൻ എൻ്റെ രാഷ്ട്രീയം പറഞ്ഞു - ഞാൻ സ്റ്റോറി ഇട്ടു - എന്നിങ്ങനെയുള്ള സമാധാനം പറച്ചിൽ അല്ലാതെ, ഡിജിറ്റൽ ലോകത്തെ രാഷ്ട്രീയം ഒന്നും നേടിത്തരുന്നില്ല.

മേൽപ്പറഞ്ഞ പല കാരണങ്ങൾ കൊണ്ടും ഡിജിറ്റൽ ലോകത്തോട് പുറംതിരിഞ്ഞു നിൽക്കുന്ന വ്യക്തിയാണ് ഞാൻ. ആദ്യമായി ഫേസ്ബുക് അക്കൗണ്ട് തുടങ്ങുന്നത്, ക്ലാസിൽ ഒപ്പം പഠിച്ച കൂട്ടുകാരോടുള്ള ബന്ധം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ്. ഫേസ്ബുക്ക് ചാറ്റിൽ മാത്രം സൗഹൃദങ്ങൾ ഒതുങ്ങുന്നു എന്നുകണ്ടപ്പോൾ പതിയെ ഫേസ്ബുക്കിനോട് താൽപര്യം കുറഞ്ഞു. പഴയ തലമുറയാണ് ഫേസ്ബുക്കിലുള്ളത്. രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിൽ ഗൗരവമായി ഇടപെടുന്ന മനുഷ്യരേയും, വെറുതെ സമയം പോക്കിനായി എഴുതിക്കൂട്ടുന്ന മനുഷ്യരേയും അവിടെ കാണാം. പരസ്പരം ഒരു തരത്തിലുള്ള സ്വാധീനവും ചെലുത്താത്ത, സ്വയം പരിവർത്തനത്തിന് വിധേയമാകാത്ത ചർച്ചകളാണ് ഫേസ്ബുക്കിൽ നടക്കുക. സ്വന്തം ഗോത്രങ്ങളുടെ വിശ്വാസവും, അഭിമാനവും നിലനിർത്തുവാൻ അഹോരാത്രം പണിയെടുക്കുന്ന ഫേസ്ബുക്ക് തൊഴിലാളികളെ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്. സൈബർ ലോകത്ത് എന്തിനോവേണ്ടി യുദ്ധം ചെയ്യുന്ന മനുഷ്യർ അനാവശ്യമായി ആർക്കോ വേണ്ടി സമയവും, ഊർജ്ജവും ചെലവാക്കുന്നത് കണ്ടാണ് ഫേസ്ബുക്കിൽ നിന്ന് പൂർണമായും മാറിനിന്നത്. ഡിജിറ്റൽ ലോകത്തെ രാഷ്ട്രീയം യഥാർത്ഥ ലോകത്ത് ഒരു തരത്തിലുള്ള മാറ്റവും വരുത്തുവാൻ കഴിവില്ലാത്തവയാണ് എന്നതാണ് തിരിച്ചറിഞ്ഞ മറ്റൊരു വസ്തുത.
രാഷ്ട്രീയ ഇടപെടൽ ഒരു പോസ്റ്റിലൂടെ നടത്തി - ഞാൻ എൻ്റെ രാഷ്ട്രീയം പറഞ്ഞു - ഞാൻ സ്റ്റോറി ഇട്ടു - എന്നിങ്ങനെയുള്ള സമാധാനം പറച്ചിൽ അല്ലാതെ, ഡിജിറ്റൽ ലോകത്തെ രാഷ്ട്രീയം ഒന്നും നേടിത്തരുന്നില്ല. അവിടെ നടക്കുന്നത് ഗോത്രങ്ങൾ തമ്മിലുള്ള പോരാണ്, ആധുനിക മനുഷ്യർ തമ്മിലുള്ള ചർച്ചയല്ല.

ഡിജിറ്റൽ ലോകത്തെ രാഷ്ട്രീയം യഥാർത്ഥ ലോകത്ത് ഒരു തരത്തിലുള്ള മാറ്റവും വരുത്തുവാൻ കഴിവില്ലാത്തവയാണ്
ഡിജിറ്റൽ ലോകത്തെ രാഷ്ട്രീയം യഥാർത്ഥ ലോകത്ത് ഒരു തരത്തിലുള്ള മാറ്റവും വരുത്തുവാൻ കഴിവില്ലാത്തവയാണ്

ദൂരങ്ങളിൽ താമസിക്കുന്ന സുഹൃത്തുക്കളെ അറിയുക, അവർ അടുത്തെത്തുമ്പോൾ നേരിൽ കണ്ടുമുട്ടുക എന്നീ ലക്ഷ്യങ്ങളെ സഹായിക്കാതെയായി, എന്റെ ഡിജിറ്റൽ ലോകവും, ആ ലോകം നിർമിക്കുന്ന സംസ്കാരവും. ജൈവികമായ മനുഷ്യബന്ധങ്ങളെ ഡിജിറ്റൽ ലോകം ഏറ്റെടുക്കുമ്പോൾ ബന്ധങ്ങൾ പൂർണമായും യാന്ത്രികമായി തീരുന്നുണ്ട്. ഒറ്റപ്പെട്ട തുരുത്തുകളിൽ പെട്ട് സ്വന്തം ഇഷ്ടങ്ങൾ മാത്രം കണ്ട് ജീവിക്കുന്നവർക്കിടയിൽ ബന്ധങ്ങളില്ല, മറിച്ച് പരസ്പരമുള്ള അംഗീകരിക്കൽ മാത്രമാണ്.

അടുത്തിടെ ഞാൻ എഴുതിയ ലേഖനം ഒരു സുഹൃത്തിന് അയച്ചുകൊടുത്തപ്പോൾ ഏതാനും ഇമോജികൾ അവൻ മറുപടിയായി അയച്ചുതന്നു. സ്നേഹത്തിന് 'ഹൃദയം', അംഗീകാരത്തിന് 'തീ',-മറ്റൊന്നും അവൻ പറഞ്ഞില്ല. മറുപടി വാക്കുകളിൽ എഴുതുവാൻ കഴിയാത്തവരാണ് എന്റെ സുഹൃത്തുക്കളിൽ ഭൂരിഭാഗവും. മലയാളം വായിക്കുന്നവരും നന്നേ കുറവ്. വാക്കുകൾ തേടിപ്പോകുന്നതിനേക്കാൾ എന്തുകൊണ്ടും എളുപ്പം ഇമോജികളാൽ ഒരു മറുപടി തരികയാണ്. അവർ കാമുകിമാർക്ക് പ്രണയലേഖനങ്ങൾ എഴുതാറില്ല, ജീവിതത്തെക്കുറിച്ച് നീണ്ട വിവരണം നൽകുവാൻ പറഞ്ഞാൽ അവർ ഏതാനം ഇമോജികളിൽ കാര്യം ഒതുക്കും. പരീക്ഷകൾക്കുവേണ്ടി നെടുനീളൻ എഴുത്തുകൾ എഴുതാറില്ലാത്ത അവർക്ക് സാധ്യമായത് രണ്ടേരണ്ട് കാര്യങ്ങൾ മാത്രമാണ് - ലൈക്ക് ചെയ്യുക, ഷെയർ ചെയ്യുക.

ഭാഷ ഇമോജികളായി ചുരുങ്ങുന്ന ലോകത്ത് ഒറ്റപ്പെട്ട മനുഷ്യരിൽ ഒരാളാണ് ഞാനും. ഇപ്പോഴുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടും വാട്സ്ആപ് അക്കൗണ്ടും എന്റെ സാന്നിധ്യം മറ്റുള്ളവരെ അറിയിക്കുവാനും, ബന്ധപ്പെടാനും വേണ്ടിയുള്ള ഉപകരണങ്ങൾ മാത്രമാണ്, അവ രണ്ടും ഒരുനാൾ ഇല്ലാതായാൽ എന്നെ തന്നെ പലരും മറന്നുപോകും എന്നതാണ് സത്യം. യഥാർത്ഥ ജീവിതത്തിൽ അദൃശ്യനാവാതിരിക്കാൻ അദൃശ്യലോകത്ത് ഒരു ഇടം കരുതുവാൻ ഞാനും നിർബന്ധിതനാകുന്നു.


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

ദിലീപ് പ്രേമചന്ദ്രൻ \ കമൽറാം സജീവ്ജോണി എം.എൽ.പ്രമോദ് പുഴങ്കരകരുണാകരൻകെ.ടി. കുഞ്ഞിക്കണ്ണൻഅരുൺപ്രസാദ്പി.എൻ. ഗോപീകൃഷ്ണൻഡോ. എം. മുരളീധരൻRead More

Comments