നമ്മൾ ഡിജിറ്റൽ കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്നത് 1970-ൽ വെസ്റ്റിൽ കമ്പ്യൂട്ടർ വരുകയും 1980- ൽ വ്യാപകമാകുകയും ചെയ്തതിന് വളരെ കാലം കഴിഞ്ഞ ശേഷമായിരുന്നു. സമൂഹം ഡിജിറ്റലിനെ നാശോന്മുഖമായ പുരോഗതിയായിക്കണ്ട് സ്വീകരിക്കാൻ മടിച്ചു നിൽക്കുകയും, വ്യക്തികൾ ഹോട്ടലുകളിലും ബാർബർ ഷോപ്പുകളിലും വണ്ടികളിലും കളറാക്കാൻ എന്തിനെയും ഡിജിറ്റൽ എന്ന് എഴുതിവെക്കുകയും ചെയ്തതായി ഓർക്കുന്നു. ഡിജിറ്റൽ എന്നാൽ വേൾഡ് ക്ലാസ് എന്ന മനോഭാവം മനുഷ്യനിൽ വന്നുചേർന്നുകൊണ്ടിരുന്നു.
ലോകത്തിനൊപ്പം ഇന്ത്യയും ഡിജിറ്റലിനെ മടിച്ചു സ്വീകരിക്കുന്ന ഒരു ‘സൈറ്റ് ഗെയ്സ്റ്റ്’ (Zeitgeist- ഒരു കാലഘട്ടത്തിന്റെ വികാര വിചാര ഗതികളെക്കുറിച്ചുള്ള ജർമൻ സങ്കല്പം) സംഭവിച്ചുകൊണ്ടിരുന്നു.
ഞങ്ങളുടെ പ്രദേശം കാലിക്കറ്റ് യൂണിവേഴ്സിറ്റി ആകുന്നതിനു മുമ്പ്, ഞങ്ങളുടെ റിയലിസ്റ്റിക് അങ്ങാടിയായ പാണമ്പ്രയിൽ തിയ്യറ്റർ വരുന്നതിനു മുമ്പ്, അമ്മയുടെ ചെറുപ്പകാലത്ത് സിനിമാ വണ്ടിയിൽ സിനിമ കാണിക്കാനെത്തിയതും സിനിമ കണ്ടതായും അമ്മ പറയും. സിനിമ ഏതായിരുന്നു എന്നൊന്നും അമ്മയ്ക്ക് ഓർമയില്ല. അല്ലെങ്കിൽ അറിയില്ല. അമ്മ കാണിയായിരുന്നു എന്നുമാത്രം. അത് അമ്മയുടെ ഡിജിറ്റൽ കാലഘട്ടമായിരുന്നു. ലോകത്തിൽ സംഭവിച്ചതുപോലെ കേരളത്തിലെ ഗ്രാമങ്ങൾ സിനിമയെ സ്വീകരിക്കാൻ അന്ന് മടിച്ചു നിന്ന കാലഘട്ടമായിരുന്നു. ആ സിനിമാവണ്ടി ആധുനിക വിപ്ലവപ്രവർത്തകരായ അന്നത്തെ ആരുടെയൊക്കെയോ തീവ്രശ്രമമായിരുന്നു.
എന്റെ ചെറുപ്പകാലമായപ്പോഴേക്കും പാണമ്പ്രയിൽ തിയേറ്റർ വന്നിരുന്നു. തിയറ്ററല്ല, അന്ന് ഓലമേഞ്ഞ കൊട്ടക. കാറ്റടിക്കുമ്പോൾ മേൽക്കൂരമേഞ്ഞ ഓല പൊങ്ങി വെളിച്ചം കയറുന്ന നാച്ചുറൽ ഡിജിറ്റൽ കൊട്ടക. സെവന്റീസ് ഡിജിറ്റൽ കൊട്ടക.
1996- ലോ 97- ലോ ആണ് അന്നത്തെ മദ്രാസിൽ, ഇന്നത്തെ ചെന്നൈ സിറ്റിയിൽ, ക്രിയ ടെക്നോളജി എന്ന കമ്പനിയിൽ കംപ്യൂട്ടർ ഗ്രാഫിക് ഡിസൈനറായി എനിക്ക് ജോലി കിട്ടുന്നത്. ഇന്ത്യയിൽ ഐ ടി മേഖല വളർന്നു തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. മദ്രാസിൽ വണ്ടിയിറങ്ങുമ്പോൾ അന്ന് രണ്ടു ലോകങ്ങൾ തമ്മിലുള്ള വിള്ളലുകൾ വളരെ വ്യക്തമായി കാണാമായിരുന്നു. സെൻട്രൽ റെയിൽവേ സ്റ്റേഷന് മുന്നിലുണ്ടായിരുന്ന ചേരി (Slum) ഇന്നില്ല. മദ്രാസിൽ വളർന്ന മലയാള സിനിമ കേരളത്തിലേക്ക് സെറ്റിൽ ചെയ്തുപോയിരുന്നു. എ വി എം സ്റ്റുഡിയോയും ഭരണി സ്റ്റുഡിയോയും സെറ്റിട്ട ഷൂട്ടുകൾക്കുമാത്രം സജീവമായി. സ്റ്റുഡിയോ കവാടങ്ങളിലെ മുദ്രകൾ രാത്രികളിൽ പ്രകാശിച്ചു നിന്നു. സിനിമകളുടെ പ്രതാപകാല പേച്ചുകൾ തെരുവുവിട്ട് പോയിത്തുടങ്ങിയിരുന്നു. പ്രസാദ് കളർ ലാബിൽ ഫിലിം കഴുകാറുണ്ട് (Develop ചെയ്യാറുണ്ട്). ചില എഡിറ്റിംഗ് ജോലികളും നടക്കുന്നുണ്ട്.
ലോകത്ത് ഒരു ധ്രുവീകരണം സംഭവിക്കുന്നു. വേൾഡ് വൈഡ് വെബ്, വേൾഡ് ഡിവൈഡ് വെബ് ആകുമോ എന്ന ആശങ്ക ലോകത്തെ ബാൽക്കനൈസേഷനിലേക്ക് നയിക്കുമോ എന്ന് പാനിക് ആക്കുന്നുണ്ടായിരുന്നു.
എന്റെ കമ്പനിയിൽ അമേരിക്കൻ സമയസിസ്റ്റമായിരുന്നു. എട്ടു മണിക്കൂറേ പണിയുണ്ടായിരുന്നുള്ളു. അത് നമുക്ക് എപ്പോൾ വേണമെങ്കിലും ചെന്ന് ചെയ്യാം. മിക്കപ്പോഴും നാലുമണിക്കിറങ്ങുന്ന ഞാൻ വടപളനിയിലേക്ക് വണ്ടി കയറും. ചിലപ്പോൾ നടക്കും. ഓഫീസ് വടപളനിക്കടുത്തായിരുന്നു.
ഭരണി സ്റ്റുഡിയോയിൽ ഫിലിം എഡിറ്റർ കെ. രാജഗോപാൽ ‘നിറം' ( സംവിധാനം: കമൽ) എന്ന മലയാള സിനിമയുടെ റീലുകൾ എഡിറ്റ് ചെയ്ത് ഇടിയുടെ സൗണ്ട് ഇഫക്റ്റ് സിങ്ക് ചെയ്യുന്നുണ്ടായിരുന്നു. അവരുടെ (അസിസ്റ്റന്റിന്റെയും) ഫിലിം പിടിച്ച് അനവധി പോറൽ വീണ കൈവെള്ളയിലെ ഭാവിരേഖകളിൽ പോറൽ പാടുകൾ ഡിജിറ്റൽ രേഖകൾ പോലെ കിടന്നു. അവിടെ ഡിജിറ്റൽ കാലഘട്ടത്തിലെ ആശങ്കകൾ വ്യത്യസ്ത തൊഴിൽ മേഖലകളെ ബാധിച്ചുതുടങ്ങിയിരുന്നു. എഡിറ്റർ കെ. രാജഗോപാൽ ഭരണി സ്റ്റുഡിയോയിൽ റൂമുകൾ വാടകക്കെടുത്താണ് പണി ചെയ്തിരുന്നതെന്നാണ് ഓർമ. പുതിയ കാലഘട്ടത്തിലെ സോഫ്റ്റ്‌വെയർ പഠിച്ച് പണികൾ ചെയ്യാൻ പുള്ളിക്ക് താല്പര്യമില്ലായിരുന്നു എന്നാണ് പറഞ്ഞത്. കമ്പ്യൂട്ടറിൽ പണികൾ ചെയ്യാൻ എളുപ്പമാണെന്ന എന്റെ മോട്ടിവേഷൻ അത്രക്ക് ഏറ്റില്ല.
വെട്ടിയും ഒട്ടിച്ചും എഴുതിയും പോസ്റ്ററുകൾ ചെയ്തിരുന്ന സിനിമാ പോസ്റ്റർ കലാകാരന്മാരുടെ ഭാവിയും ആശങ്കയിലായിരുന്നു. പ്രസാദ് കളർ ലാബ് സ്റ്റുഡിയോ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നു. അവിടെ ഷൂട്ട് പകുതി തീർന്ന സിനിമകളുടെ ഫിലിം പെട്ടിയും ഫിലിം കാനുകളും സൂക്ഷിച്ച സിനിമകളുടെ ഒരു ആർക്കൈവുണ്ട്. ആ സിനിമകൾക്ക് ഇനി ഡിജിറ്റൽ ഭാവി ഉണ്ടാകുമോ…?.
ഒന്നര വർഷങ്ങൾക്കുശേഷം ഞാനെന്റെ ഭാവി അന്വേഷിച്ച് എറണാകുളത്തേക്ക് വന്നു, മദ്രാസിൽ ഭാവിയില്ലാഞ്ഞല്ല. വർഷങ്ങൾക്കുശേഷം വീണ്ടും ചെല്ലുമ്പോൾ മദ്രാസിനെ പുരട്ചി തലൈവി ജയലളിത ചെന്നൈയായി മാറ്റിയിരുന്നു. ചെന്നൈയിലെ പാരീസ് കോർണറിലെ മദ്രാസ് ഹൈക്കോടതിക്കുമുമ്പിൽ റോഡിനിരുവശവും കുഞ്ഞു സെറ്റപ്പുകളിലിരുന്ന് ടൈപ്പ് ചെയ്തിരുന്നവർ ഡാറ്റാ എൻട്രിയോടുകൂടി തൊഴിൽരഹിതരായി അപ്രത്യക്ഷരായിരുന്നു. പാരീസിലെ ആകർഷണമായിരുന്ന ഇലക്ട്രോണിക് നിശാ മാർക്കാറ്റ് ഡിജിറ്റൽ ഭീഷണിയിലായി. അവിടെ സിനിമ സിഡികൾ കോപ്പി ചെയ്തുതന്നിരുന്ന തമിഴൻ സിനിമ വാങ്ങാൻ ചെന്നപ്പോൾ ഇങ്ങനെ പറഞ്ഞു, മൂന്നുലക്ഷം രൂപയുടെ ഒറിജിനൽ സിനിമ സിഡികളുണ്ട്, സാറിന് ഒരു ലക്ഷം രൂപയ്ക്ക് തരാം. ഡിജിറ്റൽ ലോകത്തിന്റെ ജിഗാ ബൈറ്റ് മാറ്റങ്ങൾ അയാൾ നേരത്തെ കണ്ടിരിക്കും. ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. പിന്നെ അന്വേഷിച്ചപ്പോൾ അയാളെ അവിടെ കണ്ടില്ല.
ഇന്ന് എ ഐ വരുമ്പോഴുള്ള ആശങ്ക പോലെ തന്നെ അന്ന് ഡിജിറ്റൽ എല്ലാ മേഖലകളെയും വിറപ്പിച്ചു. പരമ്പരാഗത തൊഴിലിടങ്ങൾ ഡിജിറ്റൽ കാലഘട്ടത്തിലേക്ക് കുതിച്ചു. അരി വരെ ഡിജിറ്റൽ അരികളായി മാറി.
എല്ലാം ഡിജിറ്റൽ മയം. കാഴ്ചയും കേൾവിയും ഡിജിറ്റൽ അനുഭവമായി രൂപാന്തരപ്പെട്ടു. ലോകം നോളജ് എക്കണോമിയിലേക്ക് അപ് ലോഡ് ചെയ്യുന്നു. പാരമ്പര്യ നിയമങ്ങൾ ചട്ടങ്ങൾ, കമ്മ്യൂണിക്കേഷൻ, വ്യാപാരവും വാണിജ്യവും തുടങ്ങി മൗലിക മൂല്യങ്ങളെല്ലാം വളരെ വേഗം വികസിച്ചുകൊണ്ടിരുന്ന ഡിജിറ്റൽ വലയത്തിന്റെ വെല്ലുവിളി നേരിട്ടു. വരാൻ പോകുന്ന സൂയി ജനറിസിനെ (leonardo da Vinci de code) എങ്ങനെ നേരിടണം എന്നറിയാതെ ലോകം മിഴിച്ചുനിന്നു.
ഇന്ന് എ ഐ വരുമ്പോഴുള്ള ആശങ്ക പോലെ തന്നെ അന്ന് ഡിജിറ്റൽ എല്ലാ മേഖലകളെയും വിറപ്പിച്ചു. പരമ്പരാഗത തൊഴിലിടങ്ങൾ ഡിജിറ്റൽ കാലഘട്ടത്തിലേക്ക് കുതിച്ചു. അരി വരെ ഡിജിറ്റൽ അരികളായി മാറി.
ലോകത്ത് ഒരു ധ്രുവീകരണം സംഭവിക്കുന്നു. വേൾഡ് വൈഡ് വെബ്, വേൾഡ് ഡിവൈഡ് വെബ് ആകുമോ എന്ന ആശങ്ക ലോകത്തെ * ബാൽക്കനൈസേഷനിലേക്ക് നയിക്കുമോ എന്ന് ആശങ്കപ്പെടുത്തുന്നുണ്ടായിരുന്നു. എങ്കിലും റിയലിസ്റ്റിക് ലോകമായിരുന്ന 20-ാം നൂറ്റാണ്ട് ഡിജിറ്റൽ വേൾഡ് എന്ന 21-ാം നൂറ്റാണ്ടിന് ശയനസൗകര്യമൊരുക്കി.
ചിപ്പുകളുടെയും ഹാർഡ്‌വെയറുകളുടെയും കഥയല്ല ലോകത്ത് പരക്കെ അറിയപ്പെട്ടത്. സോഷ്യൽ മീഡിയയുടെയും സർച്ച് എൻജിന്റെയും അൽഗോരിതത്തിന്റെയും ലോകമായ മെറ്റാ വേഴ്സിന്റെ കഥയായിരുന്നു. ലോകം നാലാം ഇൻഡസ്ട്രിയുടെ മൾട്ടിലാറ്ററൽ സ്പേയ്സുകളായി മാറി. അടുക്കള മുതൽ അങ്ങാടിവരെ ഡിജിറ്റലാകുന്നു. ഡൊമസ്റ്റിക് കോപിയർ പ്രിന്ററുകൾ വലിയ ഫ്ലക്സു പ്രിന്ററുകളായി, സംഗീതം മാറി. ക്യാമറകൾ മാറി. സംവിധാനങ്ങളെല്ലാം അട്ടിമറിഞ്ഞു. പല പ്രതിഭകളും പുറന്തള്ളപ്പെട്ടു. പല ഭീമന്മാരും തകർന്നടിഞ്ഞു. ഫിലിം കമ്പനിയായ കോഡാക്കും ക്യാമറ കമ്പനിയായ ഒളിംപസും പൂട്ടി. മദ്രാസിൽ അന്ന് ബാക്കിയുണ്ടായിരുന്ന കോഡാക്കിന്റെ അവസാനത്തെ സ്റ്റോക്ക് ഫിലിം കാനുകളായിരുന്നു, ഒരു പരസ്യചിത്രം ചെയ്യാൻ ഞാൻ പിന്നീട് വർഷങ്ങൾ കഴിഞ്ഞ് വാങ്ങിച്ചത്. അരിഫ്ലക്സ് ഫിലിം ക്യാമറയുടെ കേരളത്തിലേക്കുള്ള അവസാനത്തെ വരവുമായിരിക്കണം കോഴിക്കോട് നടന്ന പരസ്യചിത്ര ചിത്രീകരണം.
ഡിജിറ്റൽ യുഗത്തിൽ തുടക്കത്തിലെ യാഹൂവും ഹോട്ട്മെയിലും പൂട്ടിക്കെട്ടി. ജി മെയിൽ രംഗത്ത് സ്ഥാനമുറപ്പിച്ചു. ഡസ്ക് ടോപ്പുകൾ ഇന്റർനെറ്റുകളും സൈബർ സ്പേസുമായി മാറി. തുറന്നതും സ്വതന്ത്രവുമായ സംവിധാനമായി ലോകത്തോട് സംവദിച്ചു. എല്ലാ മേഖലകളെയും ഡിജിറ്റൈസ് ചെയ്തത് ഇന്ത്യയിൽ അതിനൂതനമായ ത്വരിത പുരോഗതിക്കും വികസനത്തിനും സാധ്യതയൊരുക്കി. വികസ്വര രാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലും അത് വേഗത്തിൽ സംഭവിച്ചു.
സൈബർ ക്രൈമുകളായ ഫിഷിംഗ്, ഐഡന്റിറ്റി തെഫ്റ്റ്, ഇലക്ട്രോണിക് മണി ലോൺഡറിംഗ്, ടെററിസം, സെയിൽസ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ഫ്രോഡ്‌സ്, ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ, പൈറസി തുടങ്ങി പുതിയ ക്രിമിനൽ പരിപാടികൾ ഭൂഖണ്ഡ വ്യത്യാസമില്ലാതെ രാജ്യങ്ങൾ നേരിടേണ്ടി വന്നു. കോടതികൾ പുതിയ ടെക്നിക്കൽ നോളജുകൾ പഠിച്ച് വിധിന്യായങ്ങൾ പുറപ്പെടുവിക്കേണ്ടതായി വന്നു.
സൈബർ ക്രൈമുകളും പ്രൈവസി സർവൈലൻസും സൈബർ ഇൻസെക്യൂരിറ്റിയും സംഭവിക്കാം എന്ന യാഥാർത്ഥ്യം ലോകത്തെ ബോധ്യപ്പെടുത്തിയത് യു എസ് നാഷണൽ സെക്യൂരിറ്റി ഏജൻസിയെ പൊളിച്ച എഡ്വേഡ് സ്നോഡൻ എന്ന IT പ്രൊഫഷണലായിരുന്നു.
ഡിജിറ്റൈസേഷൻ കാലത്ത് നമ്മൾ ഓർക്കാൻ മടിക്കുന്ന ഒന്നാണ് മോദി സർക്കാറിന്റെ ഡി മോണിറ്റൈസേഷൻ. അത് കള്ളപ്പണ വിമലീകരണത്തിനായിരുന്നല്ലോ നടപ്പിലാക്കിയത്. അവികസിത രാജ്യങ്ങൾ പോലും ഗവൺമെന്റ് പോളിസികളിലൂടെ മുന്നേറ്റം ലക്ഷ്യം വച്ചു നീങ്ങിയ കാലം. കൺസ്യൂമർ ബാങ്കിംഗ്, കോർപ്പറേറ്റ് ഫിനാൻസിംഗ്, ഡിഫൻസ്, അഗ്രികൾച്ചർ ആൻഡ് ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ, ഡ്രൈവർ ലൈസൻസസ്, ലാൻഡ്, ഹൗസ് ആൻഡ് ബിസിനസ് ഓണർഷിപ്പ് റെക്കോർഡ്സ്, മെഡിക്കൽ ആൻഡ് ഇൻഡിവിജ്വൽ ഹെൽത്ത് / ഡിസീസ് ഡാറ്റ, എജുക്കേറ്റഡ് ആൻഡ് ടെക്നിക്കൽ മാൻപവർ സ്റ്റാറ്റിസ്റ്റിക്സ്, വെതർ പാറ്റേൺസ്, സപ്ലൈ ചെയിൻ മാനേജ്മെന്റ്, എയർ ട്രാഫിക് കൺട്രോൾ, എൻട്രൻസ് എക്സാമിനേഷൻസ്, ഇലക്ട്രോണിക് വോട്ടിംഗ് തുടങ്ങി സകലതും ഡിജിറ്റലിലേക്ക് അപ്‌ലോഡ് ചെയ്തു ലോകം മുന്നേറ്റത്തിന് തയ്യാറെടുക്കുന്ന സമയം.
ഇന്ത്യയിൽ ഡി മോണിറ്റൈസേഷൻ നടപ്പിലാക്കിയ മോദി സർക്കാരിന്റെ ധൈര്യം കണ്ട് ലോകം ആദ്യം ഞെട്ടിത്തരിച്ചു. അത് ഇന്ത്യയെ പിന്നോട്ടടിക്കുന്ന പരാജയമാകും എന്ന് ലോകം പത്രങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും തുറന്നെഴുതി. ബാങ്കിൽ നിക്ഷേപിച്ച പണം പിൻവലിക്കാൻ എ ടി എമ്മിനു മുമ്പിൽ രാജ്യമാകെ ജനങ്ങൾ ക്യൂ നിന്നു. സേന ജനങ്ങളെ നേരിട്ടു. നിരവധി പേർ കൊല്ലപ്പെട്ടു. കള്ളപ്പണം വന്നില്ല. അത് ബാങ്കുകൾ ഡിജിറ്റൈസ് ചെയ്യുന്നതിന്റെ ഭാഗമായി സൃഷ്ടിച്ച സ്കാൻഡൽ മാത്രമായിരുന്നു. കള്ളപ്പണ നിർമ്മാർജനം എന്ന മൊറാലിറ്റിയുടെ മുൻബലത്തിൽ നടത്തിയ കൊള്ള. അത് ഡിജിറ്റൽ കാലത്തെ ഓർമ്മകളെ കടന്നാക്രമിക്കുന്ന ദുരന്തമായി. പൗരർക്ക് മറക്കാനാകാത്ത ദുരനുഭവമായി. കള്ളപ്പണമില്ലാത്ത ഒരു മാവേലി രാജ്യമെന്ന രൂപകം ജനങ്ങൾ ഏകീകൃതമായി വിശ്വസിച്ചു എന്നതായിരുന്നു ആ ദുരന്തത്തിന്റെ ഈട്. ലോകം മാത്രമല്ല, ഏതു പൗരർക്കും 2016 നവംബർ 8 ഇന്ത്യൻ ദേശീയദുരന്തമായി ഓർത്ത് നെടുവീർപ്പിടാതെ കടന്നുപോകാനാകില്ല.
മെറ്റാ വേഴ്സിൽ യാഥാർത്ഥ്യങ്ങളെ മറന്ന് ഭാവനക്കും യാഥാർത്ഥ്യത്തിനും ഇടയിൽ ജീവിതത്തെ ആഘോഷമാക്കാം എന്നത് 21-ാം നൂറ്റാണ്ടിന്റെ മെറ്റാവേഴ്സ് സാധ്യതയാണ്.
ഇത്തരം ചില ദുരന്തങ്ങളെ ഓർക്കുമ്പോൾ ഫോണിലെ ഡാറ്റ തീരുന്നത് ഒരു പ്രശ്നമല്ല. മെറ്റാ വേഴ്സിൽ യാഥാർത്ഥ്യങ്ങളെ മറന്ന് ഭാവനക്കും യാഥാർത്ഥ്യത്തിനും ഇടയിൽ ജീവിതത്തെ ആഘോഷമാക്കാം എന്നത് 21-ാം നൂറ്റാണ്ടിന്റെ മെറ്റാവേഴ്സ് സാധ്യതയാണ്. വിരൽത്തുമ്പിലെ വിനോദം മനുഷ്യർക്ക് ആശ്വാസമാവുന്നത്, പ്രതിസന്ധികളിലും ചിരിക്കാനാവുന്നത്, ആഭ്യന്തര യുദ്ധം നിർവീര്യമാക്കൽ കൂടിയാണ്.
സൈബർ ക്രൈമുകളും പ്രൈവസി സർവൈലൻസും സൈബർ ഇൻസെക്യൂരിറ്റിയും സംഭവിക്കാം എന്ന യാഥാർത്ഥ്യം ലോകത്തെ ബോധ്യപ്പെടുത്തിയത് യു എസ് നാഷണൽ സെക്യൂരിറ്റി ഏജൻസിയെ പൊളിച്ച എഡ്വേഡ് സ്നോഡൻ എന്ന IT പ്രൊഫഷണലായിരുന്നു. യാഥാർത്ഥ്യങ്ങളെ മറന്നു ജീവിക്കുന്നത് അതിജീവനത്തിന്റെ ഡിഫൻസ് മെക്കാനിസം കൂടിയാണ്.
സൈബർ അറ്റാക്കുകളും, കൗണ്ടർ അറ്റാക്കുകളും കൗണ്ടർ കൾച്ചറും ഇനി വരാനിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അനാർക്കീ ലോകത്തും ഒരു തുടർച്ചയെന്നോണം പ്രതിസന്ധി സൃഷ്ടിച്ചേക്കാം. ഇത് സെൽഫിയുടെ ലോകമാണ്, ഫീഡുകളുടെ, സ്റ്റോറികളുടെ റീലുകളുടെ, ലോഗുകളുടെ ലോകമാണ്. രാഷ്ട്രീയം ഇവിടെ വിനോദമാണ്, കലയാണ്.
ഓർക്കുമ്പോൾ എനിക്ക് തോന്നുന്നത് ഒരു ഡിജിറ്റൽ യുഗം പിറന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷേ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം എന്നപോലെ ലോകം തീവ്രമായ ഡിപ്രഷനിലേക്ക് പോകുമായിരുന്നു.
▮
(* ബാൽക്കനൈസേഷൻ ഒരു പ്രദേശത്തെ പരസ്പര ശത്രുതയോടുകൂടിയ ചെറുരാജ്യങ്ങളായി വിഭജിക്കുക).
Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍
ദിലീപ് പ്രേമചന്ദ്രൻ \ കമൽറാം സജീവ് • ജോണി എം.എൽ. • പ്രമോദ് പുഴങ്കര • കരുണാകരൻ • കെ.ടി. കുഞ്ഞിക്കണ്ണൻ • അരുൺപ്രസാദ് • പി.എൻ. ഗോപീകൃഷ്ണൻ • ഡോ. എം. മുരളീധരൻ • Read More