ഞാനെന്റെ ഒരു ദിവസം തുടങ്ങുന്നത് ഫേസ്ബുക്കിലൂടെയാണ്. ഓൺലൈൻ വായന നടത്തുന്നതിനും സമകാലിക സംഭവങ്ങളെക്കുറിച്ച് അപ്ഡേറ്റ് ചെയ്യുന്നതിനും ജീവിതത്തിലെ വിലപ്പെട്ട നിമിഷങ്ങൾ പങ്കിടാനും ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിനും സുഹൃത്തുക്കളുമായും കുടുംബങ്ങളുമായും കണക്ട് ചെയ്യുന്നതിനുമൊക്കെയാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഡിജിറ്റൽ മീഡിയക്ക് എന്റെ ജീവിതത്തിൽ വളരെയധികം പ്രാധാന്യമുണ്ട്. എന്റെ ജീവിതത്തിന്റെ കാഴ്ചകൾ മറ്റുള്ളവരുമായി പങ്കിടുമ്പോൾ എനിക്ക് സ്വാതന്ത്ര്യവും ആത്മപ്രകാശനത്തിന്റെ സന്തോഷവും അനുഭവപ്പെടുന്നു.
സ്വയം ശാക്തീകരിക്കുന്ന, സ്വയം പ്രകടിപ്പിക്കുന്ന ഇടമാണ് എനിക്ക് ഡിജിറ്റൽ മീഡിയ. സമൂഹ മാധ്യമങ്ങളിൽ എന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ ഒരു ആൺകേന്ദ്രീകൃത ലോകത്തിൽ ഞാൻ എന്റെ ശബ്ദം വീണ്ടെടുക്കുന്നു.
2007- ലോ മറ്റോ ആണ് ഞാൻ സമൂഹമാധ്യമങ്ങളിൽ വരുന്നത്. ഫേസ്ബുക്കും പിന്നീട് ഇൻസ്റ്റഗ്രാമും ആയിരുന്നു തുടക്കം. എഴുത്ത് തുടങ്ങിയത് സമൂഹ മാധ്യമങ്ങളിലൂടെയാണ്. സമൂഹ മാധ്യമങ്ങളിൽ കുറെയെഴുതിയ ശേഷമാണ് ആനുകാലികങ്ങളിൽ എഴുതാൻ ധൈര്യം കിട്ടിയത്. ഫേസ്ബുക്കിൽ ഇടക്ക് ഫോട്ടോകൾ പോസ്റ്റു ചെയ്യുമായിരുന്നു. പലപ്പോഴും ഞാൻ സഞ്ചരിക്കുന്ന ഇടങ്ങൾ, കണ്ടുമുട്ടുന്ന ആളുകൾ അങ്ങനെ പലരും എന്റെ ഫേസ്ബുക്കിന്റെ ഭാഗമാവാറുണ്ട്.
സ്വയം ശാക്തീകരിക്കുന്ന, സ്വയം പ്രകടിപ്പിക്കുന്ന ഇടമാണ് എനിക്ക് ഡിജിറ്റൽ മീഡിയ. സമൂഹ മാധ്യമങ്ങളിൽ എന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ ഒരു ആൺകേന്ദ്രീകൃത ലോകത്തിൽ ഞാൻ എന്റെ ശബ്ദം വീണ്ടെടുക്കുന്നു. ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുകൾ, എഴുത്തുകാർ, കലാകാരർ എന്നിവരുമായി സമൂഹ മാധ്യമങ്ങളിലൂടെ ഇടപെടുന്നതുവഴി എന്റെ അറിവും കാഴ്ചപ്പാടുകളും വികസിക്കുകയും ചെയ്യുന്നു. പലപ്പോഴും സമൂഹമാധ്യമങ്ങൾ പരമ്പരാഗത ആഖ്യാനങ്ങളെ അട്ടിമറിക്കുകയും സാമൂഹികമാറ്റങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
വളരെയധികം അസ്വാതന്ത്ര്യങ്ങൾ നേരിടുന്ന ഒരു കമ്മ്യൂണിറ്റിൽ നിന്നാണ് ഞാൻ വരുന്നത്. തലയിൽ തട്ടമിടാതെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥ നാട്ടിലുണ്ട്. പാട്രിയാർക്കൽ ബോധത്തിൽ നിന്നാണ് ഇത്തരം നിർബന്ധങ്ങൾ വരുന്നത്. വ്യക്തി സ്വാതന്ത്രത്തിന് ഇവിടെ പ്രസക്തിയില്ല. ഇതിനെയൊക്കെ പൊളിക്കണം എന്ന ചിന്തയിൽ നിന്നാണ് തട്ടമിടാത്ത ഫോട്ടോകൾ എഫ് ബി യിലൂടെ പോസ്റ്റ് ചെയ്തുതുടങ്ങുന്നത്. പൗരോഹിത്യ മതത്തിന്റെ നിയമാവലിക്കുള്ളിൽനിന്ന് പുറത്തു കടക്കാനുള്ള ശ്രമമായിരുന്നു. അങ്ങനെ ഞാൻ എനിക്കിഷ്ടമുള്ള രീതിയിൽ എന്നെ അവതരിപ്പിച്ചു തുടങ്ങി. പലപ്പോഴും ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാവുമായിരുന്നു. ഉമ്മയെ വേദനിപ്പിക്കാൻ ഞാനിഷ്ടപ്പെടുന്നില്ല. അതിനാൽ കോംപ്രമൈസ് നില സ്വീകരിച്ചു. 75 വയസ്സായ ഉമ്മയോട് എന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് എന്ത് പറയാൻ! ഉമ്മയെ വേദനിപ്പിക്കാതിരിക്കാൻ ഞാൻ മലപ്പുറത്ത് എത്തിയാൽ തട്ടമിട്ടു, എന്നാൽ മലപ്പുറം ബോർഡർ കടന്നാൽ തട്ടമൂരി.
ഞാനൊരു മുസ്‍ലിം ആണോ, ആണെങ്കിൽ എന്തുകൊണ്ട് തല മറയ്ക്കുന്നില്ല, എന്തുകൊണ്ട് ഫേസ്ബുക്കിൽ തല മറയ്ക്കാത്ത ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നു എന്ന് പലരും ചോദിക്കാറുണ്ട് ഇത്തരം ചോദ്യങ്ങൾക്കൊന്നും ഞാൻ മറുപടി പറയാറില്ല.
പലപ്പോഴും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള തിരെഞ്ഞെടുപ്പുസ്വാതന്ത്ര്യം മനസ്സിലുറയ്ക്കുന്നത് സോഷ്യൽ മീഡിയയിൽ സജീവമാകുമ്പോഴാണ്. അവിടെ എന്നെപ്പോലെയുള്ളവരെ കണ്ടത് എന്നിൽ ആത്മവിശ്വാസമുണ്ടാക്കി. എങ്കിലും വീട്ടിലായിരിക്കുമ്പോൾ ഉമ്മക്കുവേണ്ടി തലമറച്ചു. എന്നാൽ ഫേസ്ബുക്കിൽ തട്ടമിടാത്ത മോഡേൺ വസ്ത്രങ്ങൾ ഇട്ട ഫോട്ടോകൾ അപ്‌ലോഡ് ചെയ്തു. ഇതിന്റെ പേരിൽ നാട്ടിൽ വലിയ പ്രശ്നങ്ങളൊക്കെ ഉണ്ടായി. ഞാൻ ചെയ്യുന്നത് ശരിയല്ലെന്നുപറഞ്ഞ് ഒരാൾ എന്റെ സഹോദരനെ സമീപിച്ചു. അത് പിന്നീട് വഴക്കിൽ കലാശിച്ചു. എൻ്റെ തിരെഞ്ഞെടുപ്പ് എന്റെ ശരിയാണെന്നും ഞാൻ അതിനുവേണ്ടി നിൽക്കുമെന്നും ഞാൻ വാദിച്ചു.
ഞാനൊരു മുസ്‍ലിം ആണോ, ആണെങ്കിൽ എന്തുകൊണ്ട് തല മറയ്ക്കുന്നില്ല, എന്തുകൊണ്ട് ഫേസ്ബുക്കിൽ തല മറയ്ക്കാത്ത ഫോട്ടോകൾ അപ്‌ലോഡ് ചെയ്യുന്നു എന്ന് പലരും ചോദിക്കാറുണ്ട് ഇത്തരം ചോദ്യങ്ങൾക്കൊന്നും ഞാൻ മറുപടി പറയാറില്ല. ഇതിന് മറുപടി അർഹിക്കുന്നില്ല എന്നാണ് ഞാൻ വിചാരിക്കാറ്. ഉത്തരം കൊടുത്താലും അവർ വീണ്ടും ചോദ്യങ്ങളുമായി വരുമെന്നറിയാവുന്നതുകൊണ്ടാണ് ഇത്തരം കാര്യങ്ങളിൽ ഞാൻ മൗനം പാലിക്കുന്നത്.
കടുത്ത വിഷാദത്തിലൂടെ കടന്നുപോകുന്ന ആളുകൂടിയാണ് ഞാൻ. വിഷാദത്തിൻ്റെ ഓരോ എപ്പിസോഡിലും ആ കാലഘട്ടത്തിലെ രാഷ്ട്രീയ വാർത്തകൾ എന്നെ അസ്വസ്ഥപ്പെടുത്തും. സി എ എ നടപ്പിലാക്കിയ സമയത്ത് ഞാൻ അതുമായി ബന്ധപ്പെട്ട് വായിച്ച് കിടക്കുമ്പോൾ ഭീകര സ്വപ്നങ്ങൾ കാണാൻ തുടങ്ങി. ആ വാർത്തകൾ വായിച്ച് മുസ്‍ലിം ഐഡന്റിറ്റിയിലുള്ള എന്നെയും മറ്റു മനുഷ്യരെയും കുറിച്ചോർത്ത് എനിക്ക് അസ്വസ്ഥതകളുണ്ടായി. നിരന്തരമുള്ള സ്വപ്നങ്ങൾ എൻ്റെ ഉറക്കം കൊടുത്തി. ഇടക്ക് പേടി കൊണ്ട് ഞാൻ നിലവിളിച്ചു. പലപ്പോഴും രാഷ്ട്രീയ വാർത്തകൾ വായിക്കുന്നതിലൂടെ എന്റെ ഭയങ്ങളുടെ സ്ഥാനത്ത് ചില ഉറപ്പുകളുണ്ടായി. ഞാൻ വീണ്ടും വീണ്ടും വായിച്ചു. എന്നാൽ രാഷ്ട്രീയ വാർത്തകൾ ഒരേസമയം എന്നെ ഭയപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്തു. വായനയിലൂടെ പ്രാദേശികവും ആഗോളവുമായ പ്രശ്നങ്ങളെ കുറിച്ച് അറിഞ്ഞു. അതിലൂടെ എന്റെ കാഴ്ചപ്പാട് വിശാലമായി. അത് എൻ്റെ ഉള്ളിൽ സഹാനുഭൂതിയായി വളർന്നു. ഞാൻ, 'ഞാൻ' എന്ന വ്യക്തിയിൽ നിന്ന് മോചനം നേടി. സമൂഹത്തെ കുറിച്ച് ചിന്തിച്ചുതുടങ്ങി. എൻ്റെ ഉള്ളിൽ നിന്ന് ഞാൻ പുറത്തുകടന്നു.
ഡിജിറ്റൽ മീഡിയ എനിക്ക് സ്വതന്ത്ര്യത്തിൻ്റെയും അറിവിൻ്റെയും ജനാധിപത്യ ചർച്ചകളുടെ ഇടമെന്നതുപോലെ സ്വാതന്ത്രത്തിൻ്റെ ഇടം കൂടിയാണ്. ഡിജിറ്റൽ മീഡിയയിലൂടെ പാർശ്വവൽക്കരിക്കപ്പെട്ട ശബ്ദങ്ങൾ, മുഖ്യധാരാ വിവരങ്ങളെ വെല്ലുവിളിക്കുന്ന ബദൽ വീക്ഷണങ്ങൾ , അതിരുകൾ മറികടക്കുന്ന ചിന്തകൾ ഉൽപാദിപ്പിക്കുന്നു. കൂടാതെ സാമൂഹിക മാറ്റത്തെ സമാഹരിക്കുന്ന സോഷ്യൽ മീഡിയ കാമ്പയിനുകൾ ഇതിനുദാഹരണമാണ്. മനുഷ്യവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്ന ബ്ലോഗർമാർ, സംഘട്ടന മേഖലകളിൽ നിന്ന് റിപ്പോട്ടു ചെയ്യുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകർ തുടങ്ങിയവരൊക്കെ ഡിജിറ്റൽ മീഡിയയെ സാമൂഹ്യമാറ്റത്തിന് ഉപയോഗിക്കുന്നു.
എന്നാൽ ഡിജിറ്റൽ മീഡിയയുടെ സ്വാതന്ത്ര്യം വെല്ലുവിളികൾ കൂടിയുള്ളതാണ്. തെറ്റായ വിവരങ്ങൾ കൊടുക്കുക, സൈബർ ഭീഷണി, കണക്റ്റിവിറ്റി പ്രശ്നങ്ങൾ, ഓൺലൈൻ തട്ടിപ്പുകൾ തുടങ്ങിയ വെല്ലുവിളികൾ മറികടക്കുന്നത് ഡിജിറ്റൽ മീഡിയയെ നല്ല രീതിയിൽ ഉപയോഗിക്കുന്നതിലൂടെയാണ്. ഇതിന് ഉത്തരവാദിത്വവും ശ്രദ്ധയും ബോധപൂർവമായ ശീലങ്ങളും ആവശ്യമാണ്. കൂടുതലും ഡിജിറ്റൽ വീഡിയോയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുക വഴി ഡിജിറ്റൽ മീഡിയയുടെ നെഗറ്റീവ് ആഘാതങ്ങൾ കുറക്കാൻ നമുക്ക് കഴിയും.
ഡിജിറ്റൽ മീഡിയ പുതിയ ലോകത്തെ സൃഷ്ടിക്കുന്നതിലൂടെ ജനാധിപത്യപരമായ സംവാദങ്ങൾക്ക് വേദിയൊരുക്കുന്നുണ്ട്. ജനാധിപത്യ ചിന്തകൾ ചർച്ച ചെയ്യുന്നതിലൂടെ ഡിജിറ്റൽ മീഡിയക്ക് മെച്ചപ്പെട്ട സമൂഹത്തെ സൃഷ്ടിക്കാനാകട്ടെ.
Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍
ദിലീപ് പ്രേമചന്ദ്രൻ \ കമൽറാം സജീവ് • ജോണി എം.എൽ. • പ്രമോദ് പുഴങ്കര • കരുണാകരൻ • കെ.ടി. കുഞ്ഞിക്കണ്ണൻ • അരുൺപ്രസാദ് • പി.എൻ. ഗോപീകൃഷ്ണൻ • ഡോ. എം. മുരളീധരൻ • Read More