ഗ്രേ ഏരിയയിലെ
സത്യങ്ങൾ

‘‘ലോകം ചെറുതാവുകയും മനുഷ്യൻ വലുതാവുകയും ചെയ്യട്ടെ. എല്ലാവർക്കും പരസ്പരം മനസ്സിലാക്കാൻ കഴിയുന്ന ഗ്ലോബൽ സിറ്റിസൺഷിപ്പിലേക്ക് മനുഷ്യകുലം പുലരട്ടെ’’- സീന ജോസഫ് എഴുതുന്നു.

പ്രവാസത്തിന്റെ ആദ്യ വർഷങ്ങളിലേതു പോലെയല്ല, ഇപ്പോൾ ലോകം വിരൽത്തുമ്പിലാണ്. ലോകത്തിന്റെ ഏതു കോണിലും എന്ത് സംഭവിച്ചാലും എല്ലാം നമ്മുടെ കൺമുൻപിൽ തന്നെയുണ്ട്. കണ്ണുകൾ തുറന്നു നോക്കുകയും വരികൾക്കിടയിൽ വായിക്കുകയും ചെയ്യണമെന്നു മാത്രം.

അതിരാവിലെ ചൂടുള്ള ഒരു കപ്പ് ഫോൾജേഴ്സ് ക്ലാസിക് മീഡിയം റോസ്റ്റ് കോഫിയും മറ്റാരുമുണരായ്മയുടെ നിശ്ശബ്ദതയും ലോക്കൽ ആൻഡ് ഇന്റർനാഷണൽ ഓൺലൈൻ ന്യൂസ് മീഡിയ ചാനലുകളിലൂടെയുള്ള അരമുക്കാൽ മണിക്കൂർ സഞ്ചാരവും ദിനചര്യയുടെ വളരെ പ്രധാനപ്പെട്ട ഭാഗമായി മാറിയിട്ട് ഇപ്പോൾ വർഷങ്ങളായിട്ടുണ്ട്.

ഭൂഗോളത്തിന്റെ മറുപാതിയിലുള്ള സുഹൃത്തുക്കൾ ഉറക്കത്തിലായിരിക്കുമ്പോൾ അവിടെ സംഭവിക്കുന്ന പല പ്രധാനപ്പെട്ട കാര്യങ്ങളും മുന്നേ അറിഞ്ഞ്, അവരെ വിളിച്ചുണർത്തി അതേക്കുറിച്ചൊരു സംവാദം സാധിക്കുന്നു എന്നത് ഏറെ മധുരതരമായ അനുഭവമാണ്. പണ്ടൊക്കെ അത് മറിച്ചായിരുന്നു.

ക്ലിക്ക് ബൈറ്റുകളിലൂടെ അനുദിന സംഭവവികാസങ്ങളിലെ ജ്യൂസിനെസ്സ് മാത്രം വില്പനച്ചരക്കാക്കുന്ന സൊ കാൾഡ് യൂ ട്യൂബ് വാർത്താബുള്ളറ്റിനുകളേയും ചാനലുകളേയും പരിധിക്കുപുറത്തു നിർത്താൻ ബോധപൂർവമായ ശ്രമം എപ്പോഴും നടത്താറുണ്ട്.

സമാന തരംഗദൈർഘ്യമുള്ള ആളുകളുടെ പോഡ്‌കാസ്റ്റുകളും എഡിറ്റോറിയലുകളും സ്ഥിരമായി ഫോളോ ചെയ്യുമ്പോൾ ഒരേതരം ചിന്താധാരകളിൽ മാത്രം തളയ്ക്കപ്പെടാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്. എതിരഭിപ്രായങ്ങളും വീക്ഷണകോണുകളുമുള്ള ചാനലുകളിലൂടെയും കയറിയിറങ്ങുകയും കാര്യങ്ങൾ അവലോകനം ചെയ്യാൻ ശ്രമിക്കുകയും ചെയ്യേണ്ടതാണ്. സത്യങ്ങൾ പലപ്പോഴും കറുപ്പിലും വെളുപ്പിലുമല്ല കാണപ്പെടുക, ഇടയിലുള്ള ഗ്രേ ഏരിയകളിലാണ് എന്നു വിവേചിച്ചറിയേണ്ടത് നവലോകത്തെ അനുവാചകരുടെ കേവല ഉത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ, ഫാർ ലെഫ്റ്റ്, ഫാർ റൈറ്റ് എന്നുവേണ്ട, എല്ലാത്തരം വാർത്താ ഏജൻസികളിലൂടെയും ഒരു ഓട്ടപ്രദിക്ഷണം നിത്യേനയെന്നോണം നടത്തുകയും എന്തുകൊണ്ടാണ് ഓരോരുത്തരും അവരുടെ തനതു വഴികളിൽ മാത്രം ചിന്തിക്കുകയും ചരിക്കുകയും ചെയ്യുന്നത് എന്ന് ആലോചിക്കാൻ സമയം കണ്ടെത്താറുമുണ്ട്. ഈ വ്യായാമം നമുക്ക് പരിചിതമല്ലാത്ത ഒരുപാട് ചിന്താധാരകളിലേക്ക് വെളിച്ചം തൂവുകയും നമ്മുടെ ചിന്താശീലങ്ങളെയും ധാരണകളേയും പുതുക്കിപ്പണിയുവാനും ബലപ്പെടുത്തുവാനും സഹായകരമാകുമെന്നും തോന്നാറുണ്ട്. ആശയപരമായ എതിർപ്പുകളിലും ആരോഗ്യകരമായ പരസ്പര ബഹുമാനം പാലിക്കപ്പെടേണ്ടത് ഈ കാലത്തിന്റെ പ്രധാന ആവശ്യകതകളിൽ ഒന്നാണ്. ‘എന്നെപ്പോലെ ചിന്തിക്കാത്തവരൊക്കെ എന്റെ ശത്രുക്കൾ’ എന്നത് ഇക്കാലത്ത് വ്യാപകമായ, വളരെ അപകടം പിടിച്ച ഒരു ട്രെൻഡ് ആണ്.

സമാന തരംഗദൈർഘ്യമുള്ള ആളുകളുടെ പോഡ്‌കാസ്റ്റുകളും എഡിറ്റോറിയലുകളും സ്ഥിരമായി ഫോളോ ചെയ്യുമ്പോൾ  ഒരേതരം ചിന്താധാരകളിൽ മാത്രം തളയ്ക്കപ്പെടാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്.
സമാന തരംഗദൈർഘ്യമുള്ള ആളുകളുടെ പോഡ്‌കാസ്റ്റുകളും എഡിറ്റോറിയലുകളും സ്ഥിരമായി ഫോളോ ചെയ്യുമ്പോൾ ഒരേതരം ചിന്താധാരകളിൽ മാത്രം തളയ്ക്കപ്പെടാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്.

സൂക്ഷ്മവും ഗഹനവുമായ അന്വേഷണക്ഷമതയോടെ പ്രവർത്തിക്കുന്ന മാധ്യമങ്ങളോട് മമത തോന്നുക സ്വാഭാവികം മാത്രം. ‘കാള പെറ്റു’ എന്നു കേൾക്കുന്നതിനു മുൻപേ കയറെടുക്കുന്ന തരത്തിലുള്ള റിപ്പോർട്ടിങ് മാധ്യമങ്ങളുടെ വിശ്വാസ്യത തകർക്കുന്നത് അനുദിനമെന്നോണം നമ്മൾ കാണുന്നതാണ്. ഒരു വ്യക്തിയേയോ, പ്രസ്ഥാനത്തേയോ നിമിഷനേരത്തിനുള്ളിൽ ‘മാളിക മുകളേറ്റുകയും’, 15 മിനിറ്റിസ് ഓഫ് ഫെയിം കഴിയുമ്പോൾ, നിലത്തിട്ടു ചവിട്ടുകയും ചെയ്യുന്നത് ആശാസ്യമല്ല തന്നെ.

ക്ലിക്ക് ബൈറ്റുകളിലൂടെ അനുദിന സംഭവവികാസങ്ങളിലെ ജ്യൂസിനെസ്സ് മാത്രം വില്പനച്ചരക്കാക്കുന്ന സൊ കാൾഡ് യൂ ട്യൂബ് വാർത്താബുള്ളറ്റിനുകളേയും ചാനലുകളേയും പരിധിക്കുപുറത്തു നിർത്താൻ ബോധപൂർവമായ ശ്രമം എപ്പോഴും നടത്താറുണ്ട്.

അതിവിസ്തൃതമായ ഈ ലോകത്തെ കൈനീട്ടി തൊടാൻ കഴിയുന്നത്ര അടുത്തു കൊണ്ടുവന്നുവച്ചു തന്നത് അക്ഷരാർഥത്തിൽ ഡിജിറ്റൽ മീഡിയയാണ്. ലോകം ചെറുതാവുകയും മനുഷ്യൻ വലുതാവുകയും ചെയ്യട്ടെ. എല്ലാവർക്കും പരസ്പരം മനസ്സിലാക്കാൻ കഴിയുന്ന ഗ്ലോബൽ സിറ്റിസൺഷിപ്പിലേക്ക് മനുഷ്യകുലം പുലരട്ടെ.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെന്നിരിക്കിലും നവലോകത്തിന്റെയും ഡിജിറ്റൽ മീഡിയയുടെയും എല്ലാവിധ പ്രിവിലേജുകളും അക്‌സസ്സിബിൾ ആയിരിക്കെത്തന്നെ, ദിനാവസാനത്തിൽ ഉറക്കത്തിലേക്ക് വഴുതും മുന്നേ ഒരു പുസ്തകമെടുത്ത് ഒരു പത്തു പേജുകളെങ്കിലും വായിച്ചു മടക്കിയില്ലെങ്കിൽ ആ ദിവസം അപൂർണ്ണം എന്നു കരുതുന്നവരുടെ ഗണത്തിൽ പെടുന്ന ആളാണ് ഞാനും.
What can I say?
You just can't take that 80's kid out of me.


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

ദിലീപ് പ്രേമചന്ദ്രൻ \ കമൽറാം സജീവ്ജോണി എം.എൽ.പ്രമോദ് പുഴങ്കരകരുണാകരൻകെ.ടി. കുഞ്ഞിക്കണ്ണൻഅരുൺപ്രസാദ്പി.എൻ. ഗോപീകൃഷ്ണൻഡോ. എം. മുരളീധരൻRead More

Comments