​ഈ സൈബറിടത്തിലൂടെ കടന്നുപോകുന്നു,
എന്റെ വസന്തവും ശരത്തും ഹേമന്തവും…

‘‘മനുഷ്യൻ്റെ സർഗ്ഗശേഷി എന്നത് ഡൗൺലോഡ് ചെയ്തെടുക്കാവുന്ന ഒരു ആപ്ലിക്കേഷനായി മാറിയിരിക്കുന്നു. മനുഷ്യനിർമ്മിതിയേത്, യന്ത്ര നിർമ്മിതിയേത് എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധമാണ് ആർട്ടിൻ്റെ കുതിച്ചുചാട്ടം’’- വി.കെ. അനിൽകുമാർ എഴുതുന്നു.

ഹാഭാരതം വനപർവ്വത്തിൽ, യുധിഷ്ഠിരനും യക്ഷനും തമ്മിലുള്ള സംവാദം ഏറെ പ്രസിദ്ധമാണ്. പഞ്ചപാണ്ഡവന്മാരുടെ വനവാസക്കാലത്ത് നേരിട്ട വിചിത്രമായ സംഭവങ്ങളാണ് യക്ഷനും ധർമ്മ ദേവനും തമ്മിലുള്ള ചോദ്യോത്തരം.
ഉത്തരം പറഞ്ഞില്ലെങ്കിൽ മരണം ഉറപ്പാണ്.
യക്ഷൻ്റെ ചോദ്യങ്ങൾക്ക് ജീവിതത്തെ സംബന്ധിച്ച വലിയ വലിയ ഉത്തരങ്ങളാണ് ജ്യേഷ്ഠപാണ്ഡവൻ നല്കുന്നത്.
പഞ്ചപാണ്ഡവന്മാരിൽ മറ്റ് നാല് പേരും യക്ഷൻ്റെ ചോദ്യങ്ങൾക്കുത്തരം പറയാനാകാതെ മരണത്തിന് കീഴടങ്ങി. പക്ഷെ ജ്ഞാനിയായ ധർമ്മപുത്രർ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരങ്ങൾ നല്കി. കാറ്റിനെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്നതെന്ത് എന്ന ചോദ്യത്തിന് ധർമ്മാത്മജൻ നല്കുന്ന ഉത്തരം, മനസ്സ് എന്നാണ്.

ഇന്നാണ് യക്ഷൻ യുധിഷ്ഠിരനോട് അങ്ങനെയൊരു ചോദ്യം ചോദിക്കുന്നതെങ്കിൽ ഇൻ്റർനെറ്റിലൂടെയുള്ള ഇൻസ്റ്റൻ്റ് മെസ്സേജിങ് എന്ന ഉത്തരമാകും പാണ്ഡു മൂപ്പൻ പറയുക. മനസ്സിനെക്കാൾ വേഗത്തിൽ, മനസ്സെത്തുന്നതിനും എത്രയോ മുൻപേ ഈ ഭൂമിയിലെ ഏതറ്റത്തേക്കും ഇൻസ്റ്റൻ്റ് മെസ്സേജിങ്ങ് എന്ന IM സഞ്ചരിക്കുന്നു.

സൈബറിടങ്ങളിൽ
മറ്റൊരു ജീവിതം സാധ്യമാണ്

വെള്ളം, വായു, വെളിച്ചം, ഭക്ഷണം, പാർപ്പിടം എന്നതുപോലെ അനിവാര്യമായ ഒന്നായി ഇൻ്റർനെറ്റ് മാറിക്കഴിഞ്ഞു. ദൈനംദിന മനുഷ്യവ്യവഹാരങ്ങളെ ഇൻ്റർനെറ്റും ഡിജിറ്റലും സൈബറും അത്രയേറെയാഴത്തിലാണ് സ്വാധീനിച്ചിരിക്കുന്നത്.

ഇവിടെ സ്വാധീനമെന്നത്, കേവലം ഭൗതികമായ ഒന്നല്ല. ജീവിതത്തെ സമഗ്രമായി ബാധിക്കുന്നതാണ്. കഴിഞ്ഞ പത്തിരുപത് വർഷങ്ങളായി നമ്മുടെ ജീവിതം അതിന് മുമ്പുവരെ പിൻതുടർന്ന മെത്തഡോളജിയിലൂടെയല്ല കടന്നുപോകുന്നത്. അത് മറ്റൊന്നായി മാറിക്കഴിഞ്ഞു. അതുവരെ നിലനിന്നിരുന്ന മെത്തഡോളജിയിൽ നിന്ന് തികച്ചും വിഭിന്നമായ മറ്റൊരു ജീവിതക്രമം ക്രമേണ സ്വീകരിക്കുകയായിരുന്നു. സ്ഥല കാല സമയ ദൂരങ്ങൾ കീഴ്മേൽ മറിഞ്ഞ ഡിജിറ്റൽ സൈബർ ലോകത്ത് ആധുനിക മാനവൻ മാനസികമായും ശാരീരികമായും നവീകരിക്കപ്പെട്ടുകൊണ്ടിരുന്നു.

സ്ഥല കാല സമയ ദൂരങ്ങൾ കീഴ്മേൽ മറിഞ്ഞ ഡിജിറ്റൽ സൈബർ ലോകത്ത് ആധുനിക മാനവൻ മാനസികമായും ശാരീരികമായും നവീകരിക്കപ്പെട്ടുകൊണ്ടിരുന്നു. /photo: KamalUddin Dk
സ്ഥല കാല സമയ ദൂരങ്ങൾ കീഴ്മേൽ മറിഞ്ഞ ഡിജിറ്റൽ സൈബർ ലോകത്ത് ആധുനിക മാനവൻ മാനസികമായും ശാരീരികമായും നവീകരിക്കപ്പെട്ടുകൊണ്ടിരുന്നു. /photo: KamalUddin Dk

ഇടം, സ്ഥലം എന്നതിനെ സ്പേസ് എന്ന് പരിഭാഷപ്പെടുത്തുമ്പോൾ ദേശം എന്നത് അതിൻ്റെ എല്ലാ സ്വാഭാവിക പരിമിതികളെയും ഉല്ലംഘിച്ച് ആഗോള പരികല്പനയായി രൂപാന്തരപ്പെടുന്നു. സൈബർലോകത്ത് പ്രാദേശികം എന്ന ഒന്നില്ല.

ജീവിതം ഒരു ഞൊടിയിടയിൽ എന്തുമാത്രം മാറിപ്പോയി. എത്രയോ കാലമെടുത്ത് സംഭവിക്കേണ്ട മാറ്റങ്ങളാണ് പത്തിരുപത് വർഷങ്ങൾക്കുള്ളിൽ ഒറ്റയടിക്കുണ്ടായത്. നമ്മുടെ ഭാഷ, ഭക്ഷണം, കുടുംബബന്ധങ്ങൾ, വിനോദങ്ങൾ, സാമൂഹ്യ ബന്ധങ്ങൾ, സാംസ്കാരിക വിനിമയങ്ങൾ, വായന, എഴുത്ത്, പരസ്പര വിശ്വാസം, ആശയ വിനിമയങ്ങൾ, സൗഹൃദം, പ്രണയം, ദാമ്പത്യം, തട്ടിപ്പ്, കുറ്റകൃത്യങ്ങൾ, കേസന്വേഷണം...
അങ്ങനെയങ്ങനെ പുതുകാലം പുതുക്കിപ്പണിത ജീവിതത്തിൻ്റെ പട്ടിക അനന്തമായി നീളുന്നു. മാറ്റം എന്നത് ഒട്ടും അമാന്തമില്ലാതെ നോക്കിനോക്കി നില്ക്കെ വീട്ടിൽ നിന്നറങ്ങി ഗേറ്റിലെത്തുമ്പോഴേക്കും സംഭവിക്കുന്നു.

ജീവിതം ഒരു ഞൊടിയിടയിൽ എന്തുമാത്രം മാറിപ്പോയി. എത്രയോ കാലമെടുത്ത് സംഭവിക്കേണ്ട മാറ്റങ്ങളാണ് പത്തിരുപത് വർഷങ്ങൾക്കുള്ളിൽ ഒറ്റയടിക്കുണ്ടായത്.

മനുഷ്യൻ്റെ തന്നെ നിർവചനങ്ങൾ മാറുന്നു. സൈബർ എന്നത് നമുക്കൊപ്പമുള്ള നാം ഇടപെടുന്ന മറ്റൊരു ലോകമാണ്. സൈബർ ലോകത്ത് നമ്മളെ കാണുന്നവർ നേർജീവിതത്തിൽ നമുക്ക് മുഖം തരാതിരിക്കുന്നു. സൈബറിടങ്ങളിൽ നമുക്ക് മറ്റൊരു ജീവിതം സാധ്യമാണ്. കരയിലുള്ള തെല്ലാം കടലിൽ ഉണ്ടെന്നു പറയുന്നത് പോലെ സാധാരണ ജീവിതത്തിൽ ഉള്ളതെല്ലാം സൈബർ ജീവിതത്തിലുമുണ്ട്.

ഡിജിറ്റൽ മാനവൻ

പ്രകൃതിയാണല്ലോ എത് ജീവിതത്തിൻ്റെയും അടിസ്ഥാനം. പ്രകൃതിയിൽനിന്ന് ഭിന്നമായി ഒരു ജീവിതം ഈ ഭൂമിയിൽ സാധ്യമല്ല. ഏതുകാലത്തും അതാത് പ്രകൃതിയുമായി സമരസപ്പെട്ടേ മനുഷ്യന് ജീവിക്കാൻ സാധിക്കൂ. പത്തുമുപ്പത് കൊല്ലം മുമ്പ് തൃക്കരിപ്പൂരിൽ മരിച്ചുപോയ ഒരാൾ ഇന്നത്തെ ജീവിതത്തിലേക്ക് നേരിട്ട് വരികയാണെങ്കിൽ എന്താണ് സംഭവിക്കുക?. ഇന്നത്തെ കാഴ്ച്ചകൾ കാണുന്ന അയാൾക്ക് ആകെ അമ്പരപ്പായിരിക്കും. ഒന്നും തിരിയില്ല. പ്രത്യേക അനുപാതത്തിൽ ചിട്ടപ്പെടുത്തപ്പെട്ട പുതുകാല മനുഷ്യരുടെ ചെയ്തികളെക്കുറിച്ച് യാതൊന്നും പഴയ കാലത്തെ മനുഷ്യന് തിരിയണമെന്നില്ല. മൊബൈൽ ഫോണോ നെറ്റോ കമ്പ്യൂട്ടാറോ ഡേറ്റയോ റേയ്ഞ്ചോ ഇല്ലാത്ത ഒരു കാലത്താണ് പഴയ മനുഷ്യർ ജീവിച്ചത്.

പുതുകാല കാഴ്ചകൾ വേറെയാണ്. എല്ലാവരും മൊബൈൽ ഫോൺ കൊണ്ടുനടക്കുന്നു. ഊണിലും ഉറക്കിലും അത് കൂടെത്തന്നെയുണ്ട്. കിടക്കപ്പായിൽ നിന്നെഴുന്നേറ്റുവരുമ്പോൾത്തന്നെ അത് കയ്യിലുണ്ട്. ആൾക്കാർ കൂടിനിൽക്കുന്ന കവലകളിൽ, ജോലി സ്ഥലങ്ങളിൽ, തീവണ്ടികളിൽ, ബസിൽ എവിടെയും ഈ ഒരു വസ്തു കയ്യിൽ കൊണ്ടുനടക്കുന്ന ജനങ്ങളെയാണ് കാണാൻ സാധിക്കുക. പണ്ടൊക്കെ ചെറുപ്പക്കാർ കൂട്ടംകൂടി വർത്തമാനം പറഞ്ഞിരുന്ന കവലകളിൽ എല്ലാവരും കൂട്ടംകൂടി അവരവരുടെ ഉള്ളം കയ്യിലേക്കുതന്നെ നോക്കിയിരിക്കുന്നു. വീട്ടിലെത്തിയാൽ അച്ഛനും അമ്മയും കുട്ടികളും വേറെ വേറെ ലോകങ്ങളിൽ മാറിയിരുന്ന് ഈ ഉപകരണത്തിൽ മുഴുകുന്നു. ഒരു വീട്ടിലെ എല്ലാവരും ഒരുമിച്ചിരുന്ന് വർത്തമാനം പറയുന്ന പഴയ കാഴ്ചകൾ അയാൾ എവിടെയും കണ്ടില്ല. എല്ലാ മനുഷ്യരും അവരവരുടെ ലോകങ്ങളിൽ ഒറ്റപ്പെടുന്നു. മൊബൈൽ ഫോൺ എന്ന ഉപകരണത്തിൽ ജീവിതം പൂർണമായും ബന്ധിക്കപ്പെട്ടിരിക്കുന്നു. ചുറ്റിലുമുള്ള മനുഷ്യരുമായും ജീവിതങ്ങളുമായും പ്രകൃതിയുമായും സാമൂഹിക വ്യവഹാരങ്ങളുമായും സമരസപ്പെട്ട മനുഷ്യന് ഇതൊക്കെ വിചിത്രമായ കാഴ്ചയായിരിക്കും. ഇങ്ങനെയൊരു ജീവിതം അവർ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടുണ്ടാകണമെന്നില്ല.

എല്ലാവരും മൊബൈൽ ഫോൺ കൊണ്ടുനടക്കുന്നു. ഊണിലും ഉറക്കിലും അത് കൂടെത്തന്നെയുണ്ട്. /photo: ROBIN WORRALL
എല്ലാവരും മൊബൈൽ ഫോൺ കൊണ്ടുനടക്കുന്നു. ഊണിലും ഉറക്കിലും അത് കൂടെത്തന്നെയുണ്ട്. /photo: ROBIN WORRALL

ജീവിതത്തിൽ വന്ന ഈ മാറ്റം ഗുണമോ ദോഷമോ എന്ന് വിചന്തനം ചെയ്യുന്നതിൽ യാതൊരു അടിസ്ഥാനവുമില്ല. മാറ്റത്തിലൂടെയാണ് എല്ലാ കാലത്തും മനുഷ്യനും സമൂഹവും പുരോഗമിച്ചിട്ടുള്ളത്. മാറ്റമില്ലാതെ ജീവിതം സാധ്യമല്ല. ഓരോ കാലത്തെയും പ്രകൃതിയാണ് അതാത് കാലത്തെ മനുഷ്യനെ നിശ്ചയിക്കുന്നത്. ഇന്നത്തെ സാമൂഹിക ക്രമത്തിനുതകുന്ന ഒരു മനുഷ്യനെ തന്നെയാണ് ഈ പ്രകൃതിയും നിർമ്മിച്ചിട്ടുള്ളത്. അതാണ് പ്രകൃതിയുടെ നീതി. ഇന്നത്തെ പ്രകൃതിജീവനം എന്ന് പറയുന്നത് ഇൻറർനെറ്റും മൊബൈൽ ഫോണും ഡിജിറ്റൽ ടെക്നോളജിയും ഓൺലൈൻ സങ്കേതങ്ങളും എല്ലാം കൂടിക്കുഴഞ്ഞതാണ്. അത് പ്രകൃതിവിരുദ്ധമായ ഒന്നല്ല. പ്രകൃതിവിരുദ്ധമായി ഒന്നിന് നിലനിൽക്കുക എന്നത് അത്രമേൽ ശ്രമകരമായ കാര്യമാണ്.

ഡിജിറ്റലാവുക എന്നാൽ
സ്വതന്ത്രരാകുക

പുതിയകാലം മനുഷ്യനെ കുറേക്കൂടി വിശാലതയുള്ള മനുഷ്യനാക്കി, ലോകത്തെ സമഗ്രമായി കാണുന്നതിനുള്ള കെൽപ്പും ബുദ്ധിയും അവർക്ക് നൽകുന്നുണ്ട്. കാരണം മനുഷ്യർ നിലനിൽക്കുന്നത് അവരുടെ ഇത്തിരി വട്ടത്തിലല്ല. ഇന്നത്തെ മനുഷ്യർ ആഗോള മനുഷ്യരാണ്. ലോകത്തിലെവിടെയും അവർക്ക് ആക്സിസ് ഉണ്ട്. ഈ ലോകത്തിലെ ആരുമായും അവർക്ക് നേർക്കുനേരെ കമ്യൂണിക്കേഷൻ സാധ്യമാണ്. മനുഷ്യനെന്ന അനന്തസാധ്യതയെ അതിൻ്റെ എല്ലാ അർത്ഥത്തിലും ഉൾക്കൊള്ളുന്നതാണ് ഇന്നത്തെ ഡിജിറ്റൽ സൈബർ ലോകം. കഴിഞ്ഞ 25 വർഷം കൊണ്ട് ജീവിതത്തെ ആകമാനം പുതുക്കി നിശ്ചയിച്ചു. അതിൻ്റെ ആഖ്യാനങ്ങൾ മാറിയപ്പോൾ മനുഷ്യൻ്റെ സർഗാത്മക പ്രവർത്തികളെ വലിയ നിലക്കാണ് സ്വാധീനിച്ചിട്ടുള്ളത്.

സർഗാവിഷ്കാരങ്ങളിൽ മനുഷ്യൻ ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം നേടിയ ഒരു കാലമാണ് ഇന്നത്തെ ഡിജിറ്റൽ കാലം. എഴുത്തിലും ജീവിതത്തിലും അതു വരെയില്ലാതിരുന്ന ഡെമോക്രസി കൂടുതൽ തെളിഞ്ഞുവന്നു. സാഹിത്യത്തിന്റെയും സൗന്ദര്യാസ്വാദനത്തിന്റെയും ലോകത്ത് ഇങ്ങനെ ഒരു സ്വാതന്ത്ര്യം മനുഷ്യൻ ഇന്നോളം നേടിയെടുത്തിട്ടില്ല. ഡിജിറ്റൽ സാങ്കേതികവിദ്യയിൽ ഒരാൾക്ക് അവരെ ആവിഷ്കരിക്കുന്നതിന് മറ്റൊരാളുടെ സഹായം വേണ്ട. എഡിറ്റർ എന്നു പറയുന്ന സർവ്വസംഹാരിയായ അധികാര കേന്ദ്രം എന്നന്നേക്കുമായി ഇല്ലാതാകുന്നതാണ് ഇന്നത്തെ ഡിജിറ്റൽ ലോകത്തിലെ ഏറ്റവും പ്രധാന സവിശേഷത. നല്ലത്- മോശം, ഇത് വേണം- ഇത് വേണ്ട എന്നുള്ള അധികാരമുപയോഗിച്ച് എഡിറ്റിങ്ങിന് വിധേയമാക്കുന്ന എഡിറ്റർമാരുടെ കാലം കഴിഞ്ഞിരിക്കുന്നു. ഒരാൾക്ക് കവിതയെഴുതാൻ, ചിത്രമെഴുതാൻ, നാടകമെഴുതാൻ, അത് ആവിഷ്കരിക്കാൻ ഇന്ന് മറ്റൊരാളുടെയും ഔദാര്യമോ അനുവാദമോ ആവശ്യമില്ല. അത് ജനങ്ങളിലേക്കും വായനക്കാരിലേക്കും ആസ്വാദകരിലേക്കും എത്തിക്കുന്നതിന് ഡിജിറ്റൽ സാങ്കേതികവിദ്യ അവരെ പ്രാപ്തമാക്കുന്നു.

സർഗാവിഷ്കാരങ്ങളിൽ മനുഷ്യൻ ഏറ്റവും കൂടുതൽ സ്വാതന്ത്ര്യം നേടിയ ഒരു കാലമാണ് ഇന്നത്തെ ഡിജിറ്റൽ കാലം. എഴുത്തിലും ജീവിതത്തിലും അതു വരെയില്ലാതിരുന്ന ഡെമോക്രസി കൂടുതൽ തെളിഞ്ഞുവന്നു.

ഡിജിറ്റൽ ഒരു സ്വകാര്യതയേ അല്ല. ജനാധിപത്യത്തെ അതിൻ്റെ സാമൂഹിക സങ്കല്പങ്ങളെ പൂർണ തോതിൽ ഉപയോഗിക്കുന്നതിന് ഡിജിറ്റൽ സാങ്കേതികവിദ്യയും സൈബർ സ്പേസും ഒരാൾക്ക് വേണ്ടത്ര അധികാരവും സ്വാതന്ത്ര്യവും നൽകുന്നു എന്നത് ഒരു ചെറിയ കാര്യമല്ല. സിംഗിൾ ആയ, സിമ്പിൾ ആയ ഒന്നിനെ മൾട്ടി ഡയമെൻഷനിലേക്ക് പരിണമിപ്പിക്കുന്നതിന് സൈബർ സ്പേസിന് കഴിയുന്നു.

എഴുത്തുകാരൻ എന്ന നിലയിലുള്ള ഈ ലേഖകൻ്റെ സർഗ്ഗവ്യവഹാരങ്ങൾ അതിൻ്റെ വൈവിധ്യമായ സരണികളിലൂടെ സഞ്ചരിച്ചത് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെത്തന്നെയാണ്. ഗൂഗിൾ എന്ന അനന്ത വിസ്മയലോകം മനുഷ്യനു മുന്നിൽ തുറന്നതോടെ മനുഷ്യൻ അറിവിന്റെയും അനുഭവങ്ങളുടെയും മറ്റൊരു ലോകത്തെ കൂടി സ്വായത്തമാക്കുകയായിരുന്നു. അപ്രാപ്യമായി യാതൊന്നുമില്ല എന്ന അമൂർത്തതയിൽ നിന്ന് മൂർത്ത യാഥാർത്ഥ്യത്തിലേക്ക് ഒരാളെ നയിക്കുന്നതിന് ഗൂഗിൾ അയാളെ പ്രാപ്തമാക്കുന്നു.

എഴുത്തിലും വായനയിലും ഒരു സാധാരണ മനുഷ്യന് ചിന്തിക്കാൻ പറ്റാത്ത ലോകമാണ് ഓൺലൈൻ തുറന്നിട്ടത്. കിൻ്റൽ, മെഗ്സ്റ്റാർ പോലുള്ള ഇലക്ട്രോണിക്ക് ബുക്കുകൾ, വ്യത്യസ്ത സ്വഭാവത്തിലുള്ള ഓൺലൈൻ പോർട്ടലുകൾ, സൈറ്റുകൾ, ഓൺലൈൻ മീഡിയ, വിക്കിപീഡിയ പോലുള്ള അറിവിൻ്റെ മഹാസഞ്ചയങ്ങൾ... വായിക്കാനാഗ്രഹിക്കുന്നവർക്ക് വായനയുടെ കടലിൽ മുങ്ങിക്കുളിക്കാവുന്ന അത്രയും വിഭവങ്ങൾ ഓൺലൈൻ സാധ്യമാക്കുന്നു.

എഴുത്തിലും വായനയിലും ഒരു സാധാരണ മനുഷ്യന് ചിന്തിക്കാൻ പറ്റാത്ത ലോകമാണ് ഓൺലൈൻ  തുറന്നിട്ടത്. /photo: Andrew Neel
എഴുത്തിലും വായനയിലും ഒരു സാധാരണ മനുഷ്യന് ചിന്തിക്കാൻ പറ്റാത്ത ലോകമാണ് ഓൺലൈൻ തുറന്നിട്ടത്. /photo: Andrew Neel

ബ്ലോഗെഴുത്തിനെ തുടർന്നുവന്ന ഫേസ്ബുക്ക് എന്ന മൾട്ടി മീഡിയ പ്ലാറ്റ്ഫോം ഉണ്ടാക്കിയപോലെ ഒരു വിപ്ലവം മറ്റൊന്നും ഉണ്ടാക്കിയിട്ടില്ല. പ്രായഭേദമന്യേ ആർക്കും വഴങ്ങുന്ന, എല്ലാവരെയും ഉൾക്കൊള്ളുന്ന മീഡിയ എന്ന നിലയിൽ ഫേസ് ബുക്കിൻ്റെ പ്രാധാന്യം ഒട്ടും കുറഞ്ഞിട്ടില്ല. യുവാക്കളൊക്കെ ഇൻസ്റ്റഗ്രാമിൽ തകർക്കുമ്പോഴും ജനകീയതയിൽ ഫേസ് ബുക്ക് തന്നെയാണ് മുൻപിൽ.

ഞാൻ ഞാനല്ലാതെ പലതാകുന്നത്

ടെക്സ്റ്റായും വിഷ്വലായും ഓഡിയോ ആയും ആർക്കും ആവിഷ്കൃതമാകാവുന്ന ഫേസ്ബുക്ക് എന്ന മുഖപുസ്തകം തുറന്നതോടുകൂടി എഴുത്ത് അതിൻ്റെ സർവ്വസ്വാതന്ത്ര്യത്തോടും കൂടി മനുഷ്യനു മുന്നിൽ തുറന്നിടുകയായിരുന്നു.

വ്യക്തിപരമായി എഴുത്തിനെ അത്രയേറെ സ്നേഹിച്ചിരുന്നു. എഴുത്ത് വ്യക്തിജീവിതവുമായി കൂടിക്കുഴഞ്ഞുകിടക്കുകയായിരുന്നു. ഡിജിറ്റൽ ഓൺലൈൻ മീഡിയകൾ പ്രബലമാവുകയും അതിൻ്റെ സാങ്കേതികത്വങ്ങൾ ശീലമാവുകയും ചെയ്തതോടെ സർഗാത്മക പ്രവർത്തികൾ അതിന്റെ സാധ്യതകളെ തേടുകയായിരുന്നു. എഴുത്ത് സർവ്വ സ്വാതന്ത്ര്യത്തോടെയും അതിൻ്റെ സർഗാത്മക തലങ്ങളിലേക്ക് വ്യാപരിക്കുന്നതിൽ ഡിജിറ്റൽ സാങ്കേതികവിദ്യയും ഓൺലൈൻ സൈബർ ലോകവും നൽകിയ പിന്തുണ ചെറുതൊന്നുമല്ല.

എഴുത്തിന്റെ മറ്റൊരു വിശാല സങ്കൽപ്പനങ്ങളെ ചേർത്തുപിടിക്കുന്നതിൽ ഫേസ്ബുക്ക് പേജിനോളം പര്യാപ്തമായ മറ്റൊന്നില്ലെന്ന് വ്യക്തിയനുഭവത്തിൽ നിന്ന് മനസ്സിലാക്കിയിട്ടുള്ളതാണ്. ഡോക്യുമെൻ്ററി സംരംഭങ്ങളോടെയാണ് എൻ്റെ സർഗ്ഗാത്മക ജീവിതം തുടങ്ങുന്നത്. കാസർഗോഡ് ജില്ലയിലെ എൻ്റെ ഗ്രാമമായ തൃക്കരിപ്പൂരിനെ കേന്ദ്രീകരിച്ചുള്ള ഡോക്യുമെൻ്ററി പ്രോജക്ടുകൾ വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. 2005 കാലഘട്ടം മുതൽ ഡോക്യുമെൻ്ററി ചെയ്യാനുള്ള ശ്രമം തുടങ്ങി. ഡിജിറ്റൽ സാങ്കേതികവിദ്യ കൂടുതൽ പ്രബലമായതോടെ ഡോക്യുമെൻ്ററികൾ യാഥാർത്ഥ്യമാക്കുകയും ചെയ്തു. നാലോളം വലിയ ഡോക്യുമെൻ്ററിയായിരുന്നു ആദ്യം പൂർത്തിയാക്കിയത്. അന്ന് എഴുത്ത് ഇത്രമേൽ ഒഴിയാബാധയായി കൂടെ കൂടിയിരുന്നില്ല. ഉള്ളിൽ എഴുതാനുള്ള അഭിവാഞ്ച ശക്തമായിരുന്നു. പക്ഷേ അന്നത്തെ കാലം മാതൃഭൂമി, കലാകൗമുദി പോലുള്ള പ്രബലമായ ആനുകാലികങ്ങളിൽ വലിയ എഴുത്തുകാർ മാത്രം എഴുതുമ്പോൾ നമ്മളെപ്പോലുള്ള തുടക്കക്കാരൊക്കെ വല്ലാതെ ഭയപ്പെട്ടുപോയ ഒരു കാലവുമായിരുന്നു അത്.

എഴുത്തിന്റെ മറ്റൊരു വിശാല സങ്കൽപ്പനങ്ങളെ ചേർത്തുപിടിക്കുന്നതിൽ ഫേസ്ബുക്ക് പേജിനോളം പര്യാപ്തമായ മറ്റൊന്നില്ലെന്ന് വ്യക്തിയനുഭവത്തിൽ നിന്ന് മനസ്സിലാക്കിയിട്ടുള്ളതാണ്.
എഴുത്തിന്റെ മറ്റൊരു വിശാല സങ്കൽപ്പനങ്ങളെ ചേർത്തുപിടിക്കുന്നതിൽ ഫേസ്ബുക്ക് പേജിനോളം പര്യാപ്തമായ മറ്റൊന്നില്ലെന്ന് വ്യക്തിയനുഭവത്തിൽ നിന്ന് മനസ്സിലാക്കിയിട്ടുള്ളതാണ്.

പ്രിൻ്റല്ലാതെ പ്രസിദ്ധീകരണത്തിന് വേറെ വഴിയൊന്നുമില്ല. അത്രയും പ്രതിഭയും ഭാഗ്യവുമുണ്ടെങ്കിലേ എഴുത്തോ എഴുത്തുകാരോ പ്രകാശിതമാവുകയുള്ളൂ. അത്തരം ആനുകാലികങ്ങൾ വലിയ എഴുത്തുകാർ മാത്രം വിരാജിച്ചിരുന്ന ഒരുകാലം കൂടിയായിരുന്നു അത്.

കാലം പിന്നെയും കടന്നുപോയി. എഴുതാനുള്ള ഇച്ഛാശക്തിയും ആത്മവിശ്വാസവുമേറി. തൃക്കരിപ്പൂരിലെ തെയ്യക്കാഴ്ചകളിലെ ദുരന്തജീവിത യാഥാർത്ഥ്യങ്ങൾ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതിക്കൊണ്ടായിരുന്നു എൻ്റെ എഴുത്തു ജീവിതത്തിന്റെ തുടക്കം. മാതൃഭൂമി ആഴ്ചപ്പതിപ്പ് എൻ്റെ ആദ്യ ലേഖനം വലിയ പ്രാധാന്യത്തോടെ കവർ സ്റ്റോറിയായി പബ്ലിഷ് ചെയ്തു. കോളേജ് പഠനകാലങ്ങളിൽ മാഗസിനിൽ കഥകളൊക്കെ എഴുതിയിരുന്നു. അതിനൊന്നും തുടർച്ചയുണ്ടായില്ല. എഴുത്ത് പൂർണ്ണമായും നിർത്തി. പിന്നീട് 22 വർഷങ്ങൾക്കുശേഷം, 42-ാമത്തെ വയസ്സിലാണ് എഴുത്തിന്റെ ശരിയായ ലോകത്തേക്ക് പ്രവേശിക്കുന്നത്.

എഴുതിത്തുടങ്ങിയ കാലത്ത് ഒരൊറ്റ വിഷയത്തെ കേന്ദ്രീകരിച്ച് ഒരു വർഷത്തിൽ ഒന്നോ രണ്ടോ വലിയ ലേഖനങ്ങൾ മാത്രമാണ് എഴുതിയത്. അന്ന് ഫേസ്ബുക്ക് എഴുത്തുകളും മറ്റ് ഓൺലൈൻ ഡിജിറ്റൽ പോർട്ടലുകളും മലയാളത്തിൽ സജീവമായിരുന്നില്ല. കുറച്ചുകഴിഞ്ഞപ്പോൾ ഓൺലൈൻ എഴുത്തുകൾ വളരെ ശക്തമായി മലയാള വായനയെ സ്വാധീനിച്ചു തുടങ്ങി. വായനയിൽ ഓൺലൈൻ എന്ന സാങ്കേതിക സംവിധാനത്തിന് അത്രയും പ്രാധാന്യമുണ്ടെന്ന് വന്നതോടെ വ്യക്തിപരമായി നമ്മുടെ എഴുത്തും അതിൻ്റെ സർഗ്ഗസാധ്യതകളെ കണ്ടെടുക്കാൻ തുടങ്ങി. കേവലം ലേഖനമെഴുത്തുകാരൻ എന്ന ഏകശില രൂപത്തിൽ നിന്നു വിട്ട് എഴുത്തുകൾ വൈവിധ്യപൂർണ്ണമായ മേഖലകളിലേക്ക് സർവ്വ സ്വാതന്ത്ര്യത്തോടെയും പടർന്നു.

ഫേസ്ബുക്കിൽ ഒരു പേജ് ക്രിയേറ്റ് ചെയ്യുകയും പല പ്രകാരത്തിലുള്ള സർഗ്ഗാവിഷ്കാരങ്ങളായി പുതുമയാർന്ന ഫോമുകളിലുള്ള എഴുത്തുകൾ രൂപപ്പെടുത്തുകയും ചെയതു. ഭാഷയിലും ആഖ്യാനത്തിലും പുതിയ ചുവട് വെയ്പായിരുന്നു. സ്മാർട്ട് ഫോണുകളിൽ ഗൂഗിൾ ഹാൻഡ് റൈറ്റിംഗ് ആപ്പ് വരുന്നതോടെ ഓൺലൈൻ എഴുത്തിൽ വലിയ വിപ്ലവമാണ് സംഭവിച്ചത്. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ടൈപ്പിംഗ് എന്നതിനുപകരം വിരൽ ഉപയോഗിച്ചോ പേന ഉപയോഗിച്ചോ എഴുതാൻ കൂടി തുടങ്ങുന്നതോടെ എഴുത്തുകാരന് എഴുത്തിൽ അത്രയും സ്വാതന്ത്ര്യമാണുണ്ടായത്. എഴുത്തുകാരൻ്റെ സ്വകാര്യത, ധനാത്മകമായ ഇടം, എഴുതാനാവാശ്യമായ ശാന്തമായ സ്ഥലം- ഇതൊക്കെ ഡിജിറ്റൽ ഒറ്റയടിക്ക് നിരർത്ഥകമാക്കി. ഇതൊന്നും വ്യക്തിപരമായി എൻ്റെ എഴുത്തു ജീവിതത്തിൽ ഉണ്ടായിട്ടില്ല. നിരന്തരം യാത്രകളും സാമാന്യം തിരക്കുമുള്ള ഔദ്യോഗിക ജീവിതവുമായതിനാൽ എഴുത്തിനുവേണ്ടി മാത്രം പ്രത്യേകമായ സമയമോ സ്ഥലമോ ഒന്നും ഉണ്ടായിട്ടില്ല. മൊബൈൽ ഫോൺ കയ്യിലുള്ളതിനാൽ പല കാര്യങ്ങൾക്കുമിടയിലാണ് എഴുത്തും സംഭവിക്കുന്നത്. എഴുത്തിന് സ്വസ്ഥവും സമാധാനാവുമായ ഒരിടം എന്നത് സ്വപ്നത്തിൽ മാത്രം. പലപ്പോഴുള്ള തിരക്കിട്ട യാത്രകളിൽ, ഹോട്ടലിൽ ഭക്ഷണം ഓർഡർ ചെയ്ത് കാത്തിരിക്കുന്ന ഇടവേളകളിൽ, കുടുംബത്തോടൊപ്പം തുണിക്കടകളിലോ ഹൈപ്പർ മാളുകളിലോ പർച്ചേസ് ചെയ്യുമ്പോൾ... അങ്ങനെയങ്ങനെ ജീവിതത്തിലെ സർവ്വ തിരക്കുകൾക്കുമുള്ളിൽ നിന്നുകൊണ്ടുതന്നെയാണ് കാര്യമായ എല്ലാ എഴുത്തുകളും രൂപപ്പെട്ടു വന്നിട്ടുള്ളത്.
എന്തിനധികം ബൈക്കിലോ, കാറിലോ യാത്ര ചെയ്യുമ്പോൾ ലെവൽ ക്രോസിൽ കുടുങ്ങിക്കിടക്കുന്ന ഇടവേളകളിൽ പോലും സാഹിത്യം സൃഷ്ടിക്കുന്നു. അങ്ങനെ എഴുതുന്നതുകൊണ്ട് അത് നിസ്സാരമായി പോവുകയോ ഗൗരവസ്വഭാവം കുറഞ്ഞു പോകുന്നതായോ ഒരിക്കലും തോന്നിയിട്ടില്ല. നമ്മളെ പോലുള്ള ജോലിത്തിരക്കും മറ്റ് പല കാര്യങ്ങളുമുള്ളവർ എഴുത്തുകാരായി മാറുന്നതിന് ഇന്നത്തെ ഡിജിറ്റൽ ടെക്നോളജിയുടെ വികാസം തന്നെയാണ് പ്രധാന കാരണം. എഴുത്തുകാരെ സംബന്ധിച്ച് ഗൂഗിൾ ഹാൻ്റ് റൈറ്റിങ്ങ് ആപ്പ് ഒരു ചെറിയ കാര്യമല്ല. ഡിജിറ്റൽ എഴുത്തിനെ അടിമുടിപ്പുതുക്കിപ്പണിയുന്നതിന് ഹാൻ്റ് റൈറ്റിങ്ങ് ആപ്പിന് സാധിച്ചിട്ടുണ്ട്.

 ജോലിത്തിരക്കും മറ്റ് പല കാര്യങ്ങളുമുള്ളവർ എഴുത്തുകാരായി മാറുന്നതിന് ഇന്നത്തെ ഡിജിറ്റൽ ടെക്നോളജിയുടെ വികാസം തന്നെയാണ് പ്രധാന കാരണം./photo: x @JoshuavdBroek
ജോലിത്തിരക്കും മറ്റ് പല കാര്യങ്ങളുമുള്ളവർ എഴുത്തുകാരായി മാറുന്നതിന് ഇന്നത്തെ ഡിജിറ്റൽ ടെക്നോളജിയുടെ വികാസം തന്നെയാണ് പ്രധാന കാരണം./photo: x @JoshuavdBroek

പാരമ്പര്യ സാഹിത്യ - സർഗാത്മക മേഖലയിൽ പത്തുമുപ്പതു വർഷം മുൻപ് പേപ്പറും പേനയുമില്ലാതെ ഇങ്ങനെയൊരു എഴുത്ത് സങ്കൽപ്പിക്കാൻ പോലും പറ്റുമായിരുന്നില്ല. എഴുത്തുകാരെ സംബന്ധിച്ച്, അവർ ഇത്രയധികം സ്വാതന്ത്ര്യം നേടിയ ഒരു കാലം ഇതുപോലെ മുമ്പുണ്ടായിട്ടില്ല. ഒരാൾക്ക് സ്വയം സർഗാത്മകമായി ആവിഷ്കരിക്കുന്നതിനും അതിന്റെ എല്ലാ സാധ്യതകളോടെയും ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഇന്നത്തെ ഡിജിറ്റൽ ഓൺലൈൻ സംവിധാനങ്ങളിലൂടെ വളരെ എളുപ്പമാണ്. കഥയോ കവിതയോ നോവലോ ചിത്രമോ നാടകമോ എന്തും എഴുതിയോ ആവിഷ്കരിച്ചോ സ്വന്തം വാട്സാപ്പിലൂടെയോ എഫ് ബിയിലൂടെയൊ സുഹൃത്തുക്കൾക്കോ കുടുംബ സൗഹൃദങ്ങളിലേക്കോ മറ്റ് ഗ്രൂപ്പുകളിലേക്കോ ഫോർവേഡ് ചെയ്യാൻ പറ്റുന്നു എന്നത് കലാകാരർ നേടിയെടുത്ത ഏറ്റവും വലിയ സ്വാതന്ത്ര്യം തന്നെയാണ്.

സമൂഹത്തിലെ പലവിധ പ്രശ്നങ്ങളും പല അനീതികളും തുറന്നു കാണിക്കുന്നതിന് ഓൺലൈൻ ഡിജിറ്റൽ മീഡിയ വലിയൊരു സഹായമാണ്. സോഷ്യൽ മീഡിയയെ പേടിച്ചുമാത്രം പലരും പല അരുതായ്മകളിൽ നിന്നും വിട്ടുനിൽക്കുന്നുണ്ട്. വൈറൽ എന്ന മഹാസംഭവം കൂടിവരുന്നതോടെ നിമിഷനേരം കൊണ്ട് ഒന്നുമല്ലാത്തവർക്ക് വലിയ പ്രസ്ഥാനമായി മാറുന്നതിനും വലിയ സ്വീകാര്യത നേടുന്നതിനും കഴിയുന്നു. അതേപോലെ, അങ്ങനെയുള്ള വലിയ സ്ഥാനമാനങ്ങളിലുള്ളവരെ അല്പ ദിവസങ്ങളിലേക്കെങ്കിലും ഒന്നുമല്ലാതാക്കി തീർക്കാനും വൈറൽ എന്ന നിർമ്മിത പ്രതിഭാസത്തിന് കഴിയുന്നു. വൈറൽ എന്നത് ഒരു നിർമ്മിതിയാണ്. ആർക്കും പിടിച്ചാൽ പിടികിട്ടാത്ത വൈറസ് ബാധ പോലെ തന്നെയാണ് ഈ വൈറൽ പ്രതിഭാസവും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.

ഓൺലൈൻ പോർട്ടലുകളും ജേണലുകളും സജീവമായതോടെ എഴുതുന്ന വിഷയങ്ങളും എഴുത്തും സജീവമായി. ഫേസ്ബുക്ക് പേജിലൂടെ പല സീരിസുകൾക്കും തുടക്കം കുറിച്ചു.

ഓൺലൈൻ പോർട്ടലുകളും ജേണലുകളും സജീവമായതോടെ എഴുതുന്ന വിഷയങ്ങളും എഴുത്തും സജീവമായി. ഫേസ്ബുക്ക് പേജിലൂടെ പല സീരിസുകൾക്കും തുടക്കം കുറിച്ചു. ഇത്രയധികം എഴുതാനുണ്ടെന്നും എഴുത്തിലെ സാധ്യതകൾ വളരെ വലുതാണെന്നും തിരിച്ചറിഞ്ഞത് ഫേസ്ബുക്കിൽ സീരീസുകൾ എഴുതിത്തുടങ്ങിയതോടു കൂടിയാണ്. അടഞ്ഞിരിക്കുമ്പോൾ തുറക്കുന്ന ജാലകങ്ങൾ, പൈനാണിപ്പെട്ടി, എളവർണ്ണം, അമ്മ കടലരികെ മലയരികെ ഇങ്ങനെ വളരെ വ്യത്യസ്തമായ എഴുത്തു സീരിസുകൾ ഫേസ്ബുക്കിലൂടെ നിരന്തരമായി എഴുതിക്കൊണ്ടിരുന്നു. സ്ഥിരമായി എഴുതിക്കൊണ്ടിരിക്കുന്ന Fb എഴുത്തുകൾക്ക് പുറമെയാണ് ഈ സീരീസുകൾ കൂടി എഴുതുന്നത്. ഇതുപോലുള്ള തികച്ചും വ്യത്യസ്തമായ സീരീസുകൾ ഇനിയും എഴുതാനുണ്ട്.

എഴുതുക എന്നത് ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ ഒന്നാണ്. സ്വതന്ത്രമായി തോന്നിയതുപോലെ ആരെയും പേടിക്കാതെ നില്ക്കുന്ന ജീവിതത്തിലെ ഒരേയൊരിടമാണ് എഴുത്ത്. എഴുത്തിന് യാതൊരു മുൻ മാതൃക കകളുമില്ല. ഗദ്യമാണെങ്കിലും പലപ്പോഴും എഴുതി വരുമ്പോൾ കവിതയായി ഗതിമാറിയൊഴുകാറുണ്ട്. അങ്ങനെ ഗതി മാറുമ്പോഴാണ് കല സംഭവിക്കുന്നത്. സാധാരണയായി, നോർമൽ, മിനിമൽ ആയിരിക്കുന്നതിൽ എന്ത് ആർട്ടാണുള്ളത്.

ഓൺലൈനിൽ എഴുത്തിൻ്റെ വസന്തവും ശരത്തും ഹേമന്തവുമായിരുന്നു. കുറച്ചാളുകളെ എന്നെ കാര്യമായി വായിച്ചിട്ടുള്ളു എന്നതും വാസ്തവമാണ്. നാലഞ്ച് വർഷം മുൻപ് കോഴിക്കോട് നിന്നും പ്രസിദ്ധീകരിച്ചിരുന്ന ദി ആർട്ടി ഏരിയയിൽ 'പൈനാണിപ്പെട്ടി' എന്ന പേരിൽ പ്രത്യേക സീരീസ് ഒരു വർഷക്കാലം എല്ലാ ആഴ്ചയും എഴുതിയിരുന്നു. എഴുത്തിൻ്റെ തികച്ചും വൈവിധ്യപൂർണ്ണമായ മേഖലകളിലൂടെ കടന്നുപോകുവാനും സർഗാത്മകമായി ഇത്രയും സാധ്യതകൾ എഴുത്തുകാരനെന്ന നിലയിൽ എന്നിൽ ഉറഞ്ഞുകൂടി കിടപ്പുണ്ട് എന്ന് മനസ്സിലാക്കിയതും ഓൺലൈൻ ഡിജിറ്റൽ സങ്കേതങ്ങൾ ഉള്ളതുകൊണ്ട് മാത്രമാണ്. കഴിഞ്ഞ ഏഴെട്ട് വർഷങ്ങൾക്കുള്ളിൽ ആയിരത്തിലധികം കണ്ടന്റുകൾ എഴുതിക്കഴിഞ്ഞു എന്നത് അതിശയകരമായ ഒന്നല്ല. ഓൺലൈൻ, പ്രിൻ്റ് പ്ലാറ്റ്ഫോമുകളിലും ഫേസ്ബുക്ക് പോസ്റ്റുകളിലുമായി അത്രയും എഴുത്തുകൾ സമാഹരിക്കാതെ ചിതറിക്കിടക്കുന്നുണ്ട്.

കഴിഞ്ഞ ഏഴെട്ട് വർഷങ്ങൾക്കുള്ളിൽ ആയിരത്തിലധികം കണ്ടന്റുകൾ എഴുതിക്കഴിഞ്ഞു എന്നത് അതിശയകരമായ ഒന്നല്ല. ഓൺലൈൻ, പ്രിൻ്റ് പ്ലാറ്റ്ഫോമുകളിലും  ഫേസ്ബുക്ക് പോസ്റ്റുകളിലുമായി അത്രയും എഴുത്തുകൾ സമാഹരിക്കാതെ ചിതറിക്കിടക്കുന്നുണ്ട്.
കഴിഞ്ഞ ഏഴെട്ട് വർഷങ്ങൾക്കുള്ളിൽ ആയിരത്തിലധികം കണ്ടന്റുകൾ എഴുതിക്കഴിഞ്ഞു എന്നത് അതിശയകരമായ ഒന്നല്ല. ഓൺലൈൻ, പ്രിൻ്റ് പ്ലാറ്റ്ഫോമുകളിലും ഫേസ്ബുക്ക് പോസ്റ്റുകളിലുമായി അത്രയും എഴുത്തുകൾ സമാഹരിക്കാതെ ചിതറിക്കിടക്കുന്നുണ്ട്.

ഓർമ്മകളുടെ
ഡിജിറ്റൽ ഡോക്യുമെൻ്റേഷൻ

എഴുത്തുകളൊക്കെ വായനക്കാർക്കായി പങ്കുവെക്കുന്നതാണെങ്കിലും സ്വന്തം എഴുത്തുകളെ ഇങ്ങനെ ഡിജിറ്റൽ ഡോക്യുമെൻ്റുകളായി സൂക്ഷിച്ചു വെക്കുക കൂടിയാണ് ചെയ്യുന്നത്. സ്വന്തം ആവശ്യത്തിനായി മൺഭരണികളിൽ മാങ്ങകൾ ഉപ്പിലിട്ടു വെക്കുന്നതുപോലെ, പറങ്കിമാങ്ങ വാറ്റി വീര്യമേറുന്നതിനായി കുപ്പിയിലാക്കി മണ്ണിൽ കുഴിച്ചിടന്നതുപോലെ. അങ്ങനെയാണ് പല ഫേസ്ബുക്ക്- ഓൺലൈൻ മീഡിയ എഴുത്തുകളും. ചിലത് ആൾക്കാർ തീരെ കാണണമെന്നില്ല. പക്ഷെ പിന്നീടാണ് പല എഴുത്തുകളും ആവശ്യമായി വരിക.

അങ്ങനെയിരിക്കെ രസകരമായ ഒരു സംഭവമുണ്ടായി. പലപ്പോഴായി Fb പേജിൽ എഴുതിയ സീരിസുകളിൽ ചിലത് കണ്ണൂർ ആകാശവാണി എഫ് എം നിലയത്തിലെ പ്രോഗ്രാം മേധാവി കെ. വി. ശരത്ചന്ദ്രൻ വായിക്കാനിടയായി. ശ്രദ്ധേയമായ നിരവധി റേഡിയോ നാടകങ്ങൾ സാക്ഷാത്കരിച്ച ശരത്തേട്ടന് എഴുത്തുകൾ ഏറെയിഷ്ടമായി. അദ്ദേഹത്തിൻ്റെ സംവിധാനത്തിൽ മികച്ച ശബ്ദമിശ്രണവിന്യാസങ്ങളോടെ എൻ്റെ തന്നെ ശബ്ദത്തിൽ ആകാശവാണി കണ്ണൂർ നിലയം എഴുത്തുകൾ പ്രക്ഷേപണം ചെയ്യുന്നതിനെ കുറിച്ചാലോചിച്ചു. രണ്ടുമൂന്നെണ്ണം മാത്രം ഒരു പരീക്ഷണാടിസ്ഥാനത്തിൽ ചെയ്തുനോക്കാം എന്നാണ് ആദ്യം തീരുമാനിച്ചത്. ഞായറാഴ്ച രാവിലെ ഏഴു മണിക്കുള്ള ജാലകത്തിൽ ഓലച്ചൂട്ട് എന്ന പേരിൽ പ്രോഗ്രാം പ്രക്ഷേപണം ചെയ്തുതുടങ്ങി. ഒന്നു രണ്ടെണ്ണം കഴിഞ്ഞതോടെ ഓലച്ചൂട്ടിന് വലിയ ജനപിൻതുണ ലഭിച്ചു. പിന്നീട് ആ പരിപാടിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. എല്ലാ ഞായറാഴ്ചയും രാവിലെ ഏഴുമണിക്ക് പ്രക്ഷേപണം ചെയ്തുവരുന്ന ഒലച്ചൂട്ട് കണ്ണൂർ എഫ്. എം. നിലയത്തിൻ്റെ പ്രക്ഷേപണകലയിലെ ചരിത്രമായി മാറി. രണ്ടര വർഷക്കാലമായി മുടങ്ങാതെ ഇപ്പോഴും ഓലച്ചൂട്ട് ജനങ്ങൾ കേട്ടുകൊണ്ടിരിക്കുന്നു.

45-50 വർഷം മുൻപുള്ള തൃക്കരിപ്പൂർ ജീവിതമാണ് ഓലച്ചൂട്ടിൻ്റെ ഇതിവൃത്തം. അക്കാലത്തെ പ്രകൃതിയും നാട്ടുമനുഷ്യരും കാർഷിക സംസ്കൃതിയും ആവാസവ്യവസ്ഥകളും പുഴകളും തോടുകളും കുളങ്ങളും നാട്ടുപൂക്കളും സസ്യ ജന്തുജാലങ്ങളും അങ്ങനെയെല്ലാമെല്ലാം മനുഷ്യജീവിതവുമായി ജൈവികമായും വൈകാരികമായും സമന്വയിക്കപ്പെട്ടതിനെ സർഗ്ഗാത്മകമായി ആവിഷ്കരിക്കുകയായിരുന്നു.

മറ്റൊരു സവിശേഷത, ഡിജിറ്റൽ കാലത്തെ ഇലക്ട്രോണിക്ക് വെളിച്ചത്തിൻ്റെ ആലക് തികപ്രഭയിൽ ഓലച്ചൂട്ട് പഴയ റേഡിയോ തിരികെത്തന്നു എന്നതാണ്. പോയകാലത്ത് റേഡിയോ മലയാളിയുടെ ജീവനായിരുന്നുവല്ലോ. ഓഡിയോ എന്നത് ഇന്ന് വായന പോലെ തന്നെ ജനങ്ങളെ ഏറെ സ്വാധീനിക്കുന്ന മാധ്യമമാണ്. പോഡ് കാസ്റ്റിങ്ങിന് ഏറെ സാധ്യതകളുണ്ട്. ഡിജിറ്റൽ കാലം ജനങ്ങൾ മറന്നുതുടങ്ങിയ റേഡിയോയെ തിരികെക്കൊണ്ടുവന്നു എന്നത് അത്ര ചെറിയ കാര്യമല്ല. അത്രയേറെ റേഡിയോ പ്രക്ഷേപണങ്ങൾ ഇന്ന് ലോകത്ത് നിലനിൽക്കുന്നുണ്ട്. ന്യൂസ് ഓൺ എയർ എന്ന ആപ്ലിക്കേഷനിലൂടെ ലോകത്തിൻ്റെ പല ഭാഗങ്ങളിൽ ഇരുന്ന് ജനങ്ങൾ ഓലച്ചൂട്ട് എന്ന പരിപാടി ശ്രദ്ധാപൂർവ്വം കേട്ടു. അവർ അവരുടെതന്നെ പിന്നിട്ടു പോയ ജീവിതങ്ങളിലെ നിഴലുകൾ പടർന്ന നീണ്ട ഇടവഴികളിലൂടെ വീണ്ടും വീണ്ടും സഞ്ചരിച്ചു... തങ്ങളുടെ സ്മൃതിപഥങ്ങളിൽ ജീർണിച്ച് ഇല്ലാതായിപ്പോയ കാഴ്ചകളെ അനുഭൂതികളെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലൂടെ അവർ പുനർനിർമ്മിച്ചുകൊണ്ടിരുന്നു...

ഓഡിയോ എന്നത് ഇന്ന് വായന പോലെ തന്നെ ജനങ്ങളെ ഏറെ സ്വാധീനിക്കുന്ന മാധ്യമമാണ്. പോഡ് കാസ്റ്റിങ്ങിന് ഏറെ സാധ്യതകളുണ്ട്. ഡിജിറ്റൽ കാലം ജനങ്ങൾ മറന്നുതുടങ്ങിയ റേഡിയോയെ തിരികെക്കൊണ്ടുവന്നു എന്നത് അത്ര ചെറിയ കാര്യമല്ല.
ഓഡിയോ എന്നത് ഇന്ന് വായന പോലെ തന്നെ ജനങ്ങളെ ഏറെ സ്വാധീനിക്കുന്ന മാധ്യമമാണ്. പോഡ് കാസ്റ്റിങ്ങിന് ഏറെ സാധ്യതകളുണ്ട്. ഡിജിറ്റൽ കാലം ജനങ്ങൾ മറന്നുതുടങ്ങിയ റേഡിയോയെ തിരികെക്കൊണ്ടുവന്നു എന്നത് അത്ര ചെറിയ കാര്യമല്ല.

സൈബർ എന്ന സമാന്തരലോകം

സൈബർ സ്പേസ് എന്നത് സമാന്തരമായ ഒരു ലോകമാണ്. ഭൗതികമായി നമ്മൾ ഇൻവോൾവ് ചെയ്യുന്നില്ലെങ്കിലും അത് നമുക്ക് എക്സ്പീരിയൻസ് ചെയ്യാൻ സാധിക്കുന്നു എന്നുള്ളതാണ് സൈബർസ്പേസിന്റെ പ്രത്യേകത. അവിടെയെല്ലാം സാധ്യമാണ്. എല്ലാ അനുഭവവും അനുഭൂതിയും. അസാധ്യമായി ഒന്നുമില്ല. ഫിസിക്കൽ എന്നത് തികച്ചും നിരർത്ഥകമാവുകയും അതിൻ്റെ അനുഭൂതിയും ആസ്വാദനവും പ്രധാനമാവുകയും ചെയ്യുന്നു എന്നതാണ് സൈബർ സ്പേസിന്റെ ഏറ്റവും പ്രധാന സവിശേഷത.

മനുഷ്യൻ്റെ തലച്ചോറിനകത്തെ അതിസങ്കീർണ്ണമായ ന്യൂറോണുകളെയും ഡെൻഡ്രൈറ്റുകളെയും മാതൃകയാക്കിയാണ് ശാസ്ത്രജ്ഞന്മാർ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എന്ന സങ്കേതം രൂപപ്പെടുത്തിയിരിക്കുന്നത്. അതിനടിസ്ഥാനമായ മെഷീൻ ലേണിങ്ങ് ആർട്ടിഫിഷൽ ന്യൂറൽ നെറ്റ്‌വർക്ക് എന്ന സംവിധാനം ഉപയോഗിച്ചാണ് സാധ്യമാക്കിയത്. ലോകത്തെ മറ്റൊരു വിപ്ലവത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പുതിയ ഡിജിറ്റൽ സംവിധാനത്തിന്റെ അടിസ്ഥാനം തന്നെ ഈ മെഷീൻ ലേണിങ്ങാണ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ മായാജാലങ്ങൾ നമ്മൾ അനുദിനം കണ്ടുകൊണ്ടിരിക്കുകയാണ്. സർഗാത്മകത എന്നുള്ള വാക്കുപോലും അന്യം നിന്നു പോകുകയാണ്. സർഗ്ഗവ്യവഹാരങ്ങളെ ശാസ്ത്രവും മനുഷ്യബുദ്ധിയും യുക്തിയും നിയന്ത്രിക്കുമ്പോൾ കലയുടെയും ആവിഷ്കാരങ്ങളുടെയും മുകളിൽ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നു.

മനുഷ്യൻ്റെ സർഗ്ഗശേഷി എന്നത് ഡൗൺലോഡ് ചെയ്തെടുക്കാവുന്ന ഒരു ആപ്ലിക്കേഷനായി മാറിയിരിക്കുന്നു. മനുഷ്യനിർമ്മിതിയേത്, യന്ത്ര നിർമ്മിതിയേത് എന്ന് തിരിച്ചറിയാൻ പറ്റാത്ത വിധമാണ് ആർട്ടിൻ്റെ കുതിച്ചുചാട്ടം. നിർമ്മിത ബുദ്ധിയോട് എന്ത് ചോദിച്ചാലും അത് പ്രാവർത്തികമാക്കുന്ന കാലം സമാഗതമായിരിക്കുകയാണ്. കയ്യിലെ താലത്തിൽ നിന്ന് മധുരനാരങ്ങ നീട്ടുന്ന സുന്ദരിയും കഴുത്തു നീട്ടി ദമയന്തിയെ തൊടുന്ന ഹംസവും ആകാശത്തിൽ നിന്നു മുറിഞ്ഞു വീഴുന്ന ജടായു പത്രവും -അങ്ങനെ ചലിക്കുന്ന രവിവർമ്മ ചിത്രങ്ങളെ A I നമുക്ക് കാണിച്ചുതന്നു. എത്രയോ കാലമായി നിശ്ചലമായ രവിവർമ്മയുടെ ഐതിഹാസിക ചിത്രങ്ങളെ ചലിപ്പിക്കാനുള്ള മനോധൈര്യം നിർമ്മിതബുദ്ധി കാണിച്ചുതന്നു.

ജോൺ ഹോപ് ഫീൽഡ്, ജെഫ്രി ഹിൻ്റൺ
ജോൺ ഹോപ് ഫീൽഡ്, ജെഫ്രി ഹിൻ്റൺ

A I യെ കുറിച്ചിങ്ങനെ വാചാലമാകുന്നതിനിടയിലാണ് ഇന്നത്തെ പത്രം ശ്രദ്ധയിൽപെട്ടത്:
‘എ ഐക്ക് അടിത്തറ പാകിയവർക്ക് ഭൗതികശാസ്ത്ര നൊബേൽ'.

‘നിർമ്മിത ബുദ്ധിക്ക് അടിത്തറ പാകിയ മെഷിൻ ലേണിങ്ങ് സങ്കേതം വികസിപ്പിച്ച അമേരിക്കൻ ശാസ്ത്രജ്ഞനായ ജോൺ ഹോപ് ഫീൽഡ്, ബ്രിട്ടീഷ് - കനേഡിയൻ ശാസ്ത്രജ്ഞൻ ജെഫ്രി ഹിൻ്റൺ എന്നിവർക്ക് ഭൗതിക ശാസ്ത്ര നൊബേൽ.
യു.എസിൽ പ്രിൻസ്റ്റൻ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞനാണ് ഹോപ്ഫീൽഡ്, കാനഡയിൽ ടൊറന്റോ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനാണ് ഹിന്റൺ’.

ഫിസിക്സിൽ ദീർഘകാലമായി ഗേവേഷണ പരീക്ഷണങ്ങൾ നടത്തുന്ന രണ്ട് മനുഷ്യർക്ക് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനം സാധ്യമാക്കിയതിന് നോബൽ പ്രൈസ് കിട്ടി എന്ന പത്രവാർത്ത വായിച്ചു കൊണ്ടാണ് ഈ എഴുത്ത് പൂർണ്ണമാക്കുന്നത്.


Digital Being | Being Digital - മറ്റു ഉള്ളടക്കങ്ങള്‍

ദിലീപ് പ്രേമചന്ദ്രൻ \ കമൽറാം സജീവ്ജോണി എം.എൽ.പ്രമോദ് പുഴങ്കരകരുണാകരൻകെ.ടി. കുഞ്ഞിക്കണ്ണൻഅരുൺപ്രസാദ്പി.എൻ. ഗോപീകൃഷ്ണൻഡോ. എം. മുരളീധരൻRead More

Comments