മെമ്മറിഫുൾ

‘‘ഉറക്കത്തിലും ഒപ്പം കൂട്ടുന്ന നമ്മുടെ മൊബൈൽ ഫോണുകളിൽ എത്ര ആപ്പുകൾ ഉറങ്ങുന്നുണ്ട് എന്നറിയാമോ? എണ്ണിനോക്കൂ, എങ്ങനെ വന്നാലും നൂറ് ആപ്പുകളെ നിങ്ങൾ, നിങ്ങളുടെ ഫോണിൽ സൂക്ഷിക്കുന്നുണ്ടാകും’’- ആനന്ദ് ഗംഗൻ എഴുതുന്ന പരമ്പര- 90’s Nostalgia- തുടരുന്നു.

90’s Nostalgia
ഓടിയോടി
പകുതിയെത്തിയവരുടെ
ഓർമോപനിഷത്ത്:
ഒമ്പതാം വഴി

ർമോപനിഷത്തിന്റെ ഈ പാക്കറ്റ് നിങ്ങൾ ഫോണിൽ അല്ലാതെ വായിക്കണം. അതെന്ത് കൂത്തെന്ന് ചോദിക്കരുത്. മറ്റൊന്നുമല്ല, ഫോൺ തൊട്ടുകൂട്ടി വായിച്ചുതീർക്കേണ്ട അത്യപൂർവ രചനാശൈലി ഈ ലേഖനം അവകാശപ്പെടുന്നുണ്ട്.

എല്ലാം എണ്ണിയാലൊടുങ്ങാത്ത അവകാശവാദങ്ങളോടെ പുറത്തിറങ്ങുന്ന കാലത്ത്, എന്തുകൊണ്ട് ഒരു ലേഖനത്തിന് അതായിക്കൂടേ?. ഹേയ്, ഇല്ല, അവകാശവാദങ്ങൾ ഒന്നുംതന്നെയില്ല. അതെല്ലാം ആദ്യവരിയുടെ പഞ്ചിനുചേർത്തെന്ന് മാത്രം. ഈ ലേഖനം വായിക്കപ്പെടുന്ന പ്രതലം ഏതെന്നതിന് യാതൊരു പ്രസക്തിയുമില്ല. എങ്കിലും ഫോണിലേക്കൊരു പെയറിംഗ് സങ്കൽപ്പിച്ച് വായിച്ചു തുടങ്ങൂ എന്ന അഭ്യർത്ഥന മുന്നോട്ടുവക്കുന്നു. എന്തെന്നാൽ ഇക്കുറി നമ്മൾ ഓർമകളുടെ അറ തുറക്കുന്നത് ആപ്പുകൾ ഓപ്പൺ ചെയ്താണ്. ഓർമോപനിഷത്തിൻറെ പുതിയവഴി, മെമ്മറി ഫുൾ.

അറിയാമോ,
ഫോണിലെ
ആപ്പുകളുടെ എണ്ണം?

ഉറക്കത്തിലും ഒപ്പം കൂട്ടുന്ന നമ്മുടെ മൊബൈൽ ഫോണുകളിൽ എത്ര ആപ്പുകൾ ഉറങ്ങുന്നുണ്ട് എന്നറിയാമോ? എണ്ണിനോക്കൂ, എങ്ങനെ വന്നാലും നൂറ് ആപ്പുകളെ നിങ്ങൾ, നിങ്ങളുടെ ഫോണിൽ സൂക്ഷിക്കുന്നുണ്ടാകും. ഓർക്കണം, പത്തോ, ഇരുപതോ, അൻപതോ അല്ല, നിശ്ചയമായും ഇൻബിൽറ്റ് ആപ്പുകളുടേയും ഇൻസ്റ്റാൾഡ് ആപ്പുകളുടേയും എണ്ണം നൂറിനരികിലോ നൂറ് കവിഞ്ഞിട്ടോ ഉണ്ടാകും.

ഈ ലോകത്ത് ഇതുവരെ സൃഷ്ടിക്കപ്പെട്ട ആപ്പുകളുടെ എണ്ണം അഞ്ചുമില്യന് മുകളിലെന്നാണ് കണക്കുകൾ പറയുന്നത്. അതിൽ മൂന്നരമില്യൻ ആപ്പുകൾ ഞങ്ങളുടെ പക്കലെന്ന് ഗൂഗിൾ പ്ലേ സ്റ്റോറിനും ഒന്നരമില്യൻ ആപ്പുകൾ ഞങ്ങളുടെ പക്കലെന്ന് ആപ്പിൾ സ്റ്റോറിനും അവകാശപ്പെടാം. അവയിൽനിന്ന് തരാതരം നമ്മൾ കുത്തിയിട്ട നൂറെണ്ണം മാത്രമാണ് നമ്മുടെ ഹോംസ്ക്രീനിൽ വീണുകിടക്കുന്നത്. ആ ആപ്പുകളിലാകട്ടെ ശരാശരി അഞ്ചു മണിക്കൂർ ഓരോരുത്തരും ചെലവഴിക്കുന്നുവെന്ന് ഗവേഷണകുതുകികൾ അവരുടെ പഠനത്തിലൂടെ പറയുന്നു. നമ്മുടെ പരിപാടി, ആപ്ലിക്കേഷൻ അനാലിസിസ് അല്ലെന്നിരിക്കെ ഓർമകളുടെ ഉപനിഷത്ത് തന്നെ എഴുതിപ്പോരാം.

ഹോംസ്ക്രീനിൽ നിന്ന് പോപ്പ് ചെയ്ത് ഓരോ ആപ്പും ഓരോ കഥ പറയട്ടെ. വെളിച്ചംപോൽ വേഗമുള്ള ഈ പുതിയ നൂറ്റാണ്ടുകാലത്തിൻറെ കഥ.

വായിക്കാം, കേൾക്കാം: എന്തു വെളിച്ചമാണ്,
വെള്ളിയാഴ്ചകൾക്ക്…

താലീസും
പാലൈസും

90’s Nostalgia
ഓടിയോടി
പകുതിയെത്തിയവരുടെ
ഓർമോപനിഷത്ത് ഒന്നാം വഴി

വിയർത്തു നനഞ്ഞ,
വീണു മുറിഞ്ഞ മൈതാനങ്ങൾ

തിരികെപ്പോകാൻ
കൊതിയുള്ള വഴികൾ,
ഓർമച്ചുഴികൾ

ഒരു പ്രണയപ്പൊട്ടിന്റെ
ഓർമയ്ക്ക്

പ്രാണൻ നിറച്ച പാട്ടുകൾ

കാലം,
എംബാപ്പെയുടെ
കാൽവേഗത്തിൽ

നീലാകാശ ചെരിവും
പച്ചപ്പുൽക്കുന്നും

എല്ലാം ക്യാമറ വഴി ഗ്യാലറിയിൽ വീഴുന്ന കാലമാണ്. ഓടിമറയുന്ന നേരങ്ങളെ അത്രയും നമ്മൾ ഒറ്റ ക്ലിക്കിലാക്കി സൂക്ഷിക്കുന്ന കാലം. പോർട്രൈറ്റ് ചെയ്ത് പോകാത്ത പകലിരവുകളില്ലാക്കാലം എന്നുപറഞ്ഞാൽ അതിശയോക്തിയാകില്ല. മുൻ - പിൻ ക്യാമറകളിൽ ഒപ്പിയെടുത്ത് സൂക്ഷിക്കുന്ന ഒരായിരം നൈര്യന്തരനേരങ്ങളിൽ ഒതുങ്ങില്ല നമ്മുടെ ചിത്ര- ദൃശ്യ ശേഖരം. പഴയൊരു ക്ലാസ് ഗ്രൂപ്പ് ഫോട്ടോയോ ഫാമിലി ഫോട്ടോയോ പുതിയൊരു ആപ്പിലിട്ട് പുതുക്കിയെടുത്ത് നമ്മൾ അക്കൂട്ടത്തിൽ കരുതിവച്ചിട്ടുണ്ടാകും. ഉജാല മുക്കി വെൺമ കൂട്ടിയ പഴയ കുപ്പായം പോലെ, ഫിൽട്ടറിട്ട് വെളിച്ചം കൂട്ടിയൊരു കുട്ടിക്കാലപ്പടം നിശ്ചയമായും നമ്മുടെ ഗ്യാലറിയുടെ ഏതെങ്കിലും ഒരു കോണിൽ ഒളിച്ചിരിക്കുന്നുണ്ടാകും.

ഓർക്കുന്നുണ്ടോ വർഷത്തിലൊരിക്കൽ വരി വരിയായി പോയ് നിരനിരയായ് നിന്നെടുത്ത ക്ലാസ് ഗ്രൂപ്പ് ഫോട്ടോകൾ. അതും ഏതെങ്കിലുമൊരു ഗ്രൂപ്പ് വഴി ഗ്യാലറിയിലേക്ക് ഓട്ടോസേവ് ആയി കിടക്കുന്നുണ്ടാകാം. ആ പഴഞ്ചൻ ഫോട്ടോയുടെ പിറവിയിലേക്ക് അധിക ദൂരമില്ലെന്നതാണ് യാഥാർത്ഥ്യം. കൂടിവന്നാൽ 20 വർഷം. 20 വർഷം പിന്നിലേക്ക് ടൈം ട്രാവൽ ചെയ്താൽ ആ ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ ഉറുമ്പുവരിപോൽ പോയ പൌഡർകുട്ടപ്പൻമാരായ നമ്മളെ നമുക്ക് കാണാം.

ഒരു വേനലവധിപ്പൂട്ടിന് മുൻപാണ് ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നുണ്ടെന്ന അറിയിപ്പ് കിട്ടുക. നിശ്ചിത ദിവസം അവധി എടുക്കാതെ എല്ലാവരും എത്തണമെന്ന കർശന നിർദേശം പിന്നാലെ വരും. എത്രവയ്യാത്തവരും അന്ന് എങ്ങനെയെങ്കിലും എത്താൻ ശ്രമിക്കും. കളിയാവേശം കുറച്ച് ചേറും ചെളിയും പറ്റാതെ ആ നേരത്തിനായ് കാത്തിരിക്കും. നാട്ടിലെ പേരുകേട്ട സ്റ്റുഡിയോയിൽ നിന്ന് ഒരു ഫോട്ടോഗ്രാഫർ വരും. പടം പിടുത്തം മുതിർന്ന ക്ലാസുകാരിൽ തുടങ്ങും. അങ്ങോട്ട് കണ്ണെറിഞ്ഞ് കൊണ്ടിരിക്കും. ഒടുവിൽ സ്വന്തം ക്ലാസിന്റെ ഊഴമെത്തും. ഒരുവരിയായ് ചെന്ന് മൂന്നോ നാലോ നിരകളിലേക്ക് നാൽപതു പേരും ചേർന്നുനിൽക്കും. ഇഷ്ടപ്പെട്ടവനൊപ്പം നിൽക്കാൻ പറ്റണമെന്നില്ല. നീളവും തൂക്കവുമൊക്കെ നോക്കി ഒരിടം കിട്ടും. കണ്ണുചിമ്മിപ്പോയോ, നോട്ടം പാളിപ്പോയോ എന്ന നെടുവീർപ്പിനും സ്ഥാനമേയില്ല. എല്ലാം ഫോട്ടോ വരുമ്പോൾ കണ്ടറിയുക തന്നെ വേണം. ആശിച്ചുകാത്തിരുന്ന ഫോട്ടോയുടെ കോപ്പി കിട്ടുന്ന കാര്യവും കയ്യാലപ്പുറത്താണ്. കാശുണ്ടെങ്കിൽ മേടിക്കും. അല്ലെങ്കിൽ വാങ്ങിയവരുടെ കയ്യിൽനിന്ന് വാങ്ങി കൊതിതീരുംവരെ നോക്കി തിരികെ കൈമാറും.

വർഷത്തിലൊരിക്കൽ സംഭവിക്കുന്ന ക്ലാസ് ഫോട്ടോ, ആരുടെയെങ്കിലും കല്യാണവേളയിലെ ഫോട്ടോ, ജോലിയുമായോ പഠനവുമായോ ബന്ധപ്പെട്ട് എടുക്കേണ്ടി വരുന്ന പാസ്പോർട്ട് സൈസ് ഫോട്ടോ അക്കാലം ക്യാമറ കൂടുതൽ നേരവും ഈ മൂന്നുകൽപ്പനകൾക്കായി കണ്ണു ചിമ്മി. അവനവൻ ഫോട്ടോകൾക്കപ്പുറം സിനിമാ- കായിക താരങ്ങളുടെ രാഷ്ട്രീയക്കാരുടെ ഫോട്ടോകളെ വെട്ടിയും ഒട്ടിച്ചും നടന്നകാലം.

അക്കാലം, നമ്മൾ നയൻറീസ് കിഡ്, ഏറ്റവും തവണ കണ്ട ഫോട്ടോ ഏതാണെന്ന് ഓർമയുണ്ടോ?. പാഠ്യപദ്ധതിക്കൊപ്പം ഐ.ടി കൂടി എഴുതിചേർത്തപ്പോൾ സ്കൂളിലെത്തിയ കുംഭ വീർത്ത കംപ്യൂട്ടറുടെ സ്ഥിരം വാൾപേപ്പർ ഓർക്കുന്നില്ലേ? ഒരു നീലാകാശ ചെരിവും ഒരു പച്ചപ്പുൽക്കുന്നും. ഒന്നോ രണ്ടോ വർഷം മാറാതെ നോക്കി നിന്ന ആ വാൾപേപ്പറിൽ നിന്ന്, കാണുന്ന സകലതും ക്യാമറ വഴി ഗ്യാലറിയിലേക്ക് വീഴുന്ന കാലത്തേക്ക് നമ്മൾ കുതിരവേഗത്തിൽ കുതിച്ചു. ക്യാമറയും ഗ്യാലറിയും തൊട്ടുപോകാത്തൊരുദിനം ഇന്ന് നമുക്കുണ്ടോ?

പാഠ്യപദ്ധതിക്കൊപ്പം ഐ.ടി കൂടി എഴുതിചേർത്തപ്പോൾ സ്കൂളിലെത്തിയ കുംഭ വീർത്ത കംപ്യൂട്ടറുടെ സ്ഥിരം വാൾപേപ്പർ ഓർക്കുന്നില്ലേ? ഒരു നീലാകാശ ചെരിവും ഒരു പച്ചപ്പുൽക്കുന്നും.
പാഠ്യപദ്ധതിക്കൊപ്പം ഐ.ടി കൂടി എഴുതിചേർത്തപ്പോൾ സ്കൂളിലെത്തിയ കുംഭ വീർത്ത കംപ്യൂട്ടറുടെ സ്ഥിരം വാൾപേപ്പർ ഓർക്കുന്നില്ലേ? ഒരു നീലാകാശ ചെരിവും ഒരു പച്ചപ്പുൽക്കുന്നും.


വിശാലമനസേ
വിരോധമരുതേ!

വയനാടൻ ചുരമിറങ്ങി അമ്മക്ക് ബന്ധുക്കളുടെ കത്തുകളെത്തുമായിരുന്നു. കുഞ്ഞുകാലയോർമകളിൽ, പോസ്റ്റുമാനൊരു പ്രധാന കഥാപാത്രമാണ്. കത്തിൽ ഞങ്ങൾക്കുള്ള സ്നേഹാന്വേഷണവരികൾ അമ്മ ഉറക്കെവായിച്ചുകേൾപ്പിക്കും. സ്കൂളിലേക്കുള്ള യാത്രയിൽ മറുപടി കത്തുകൾ പോസ്റ്റ് ചെയ്യാനേൽപ്പിക്കും. തപാൽപ്പെട്ടിയുടെ വായിലേക്ക് കത്ത് കുത്തിക്കയറ്റുന്നത് രസമുള്ള ഏർപ്പാടായിരുന്നു. അമ്മക്ക് വരുന്ന മണിയോർഡറുകളിലും താഴെ രണ്ടോ മൂന്നോവരി വിശേഷം പറച്ചിലുകൾ കുറിച്ചിട്ടതുകാണാം. കത്തും കുറിപ്പുമെല്ലാം ഫോണിൻറെ വരവോടെ നിലച്ചു. ലാൻഡ് ഫോൺ വീട്ടിലെത്തും മുൻപ് STD / ISD ബൂത്തുകളിലേക്കുള്ള യാത്ര വേണ്ടുവോളം ആഘോഷിച്ചു.

ആ യാത്രയ്ക്കിടയിൽ ഞങ്ങൾ തപാൽപെട്ടിയേക്കാൾ വലുപ്പം വച്ചു. ആ പെട്ടിയെ തിരിഞ്ഞുനോക്കാതെയായി. വിളിക്കേണ്ടവരുടെ നമ്പർ കുത്തി റിംഗുണ്ടെന്ന് ഉറപ്പിക്കുന്നതായി പുതിയ കൌതുകം. അതിനിടക്ക് കോയൻ ഫോൺ വന്നു. ഒരു രൂപ കിട്ടിയാൽ എടുത്തുവക്കുന്നതിന് പകരം എങ്ങനെയെങ്കിലും കളയുന്ന ശീലമുള്ള ഞങ്ങൾക്ക് ആ ഫോൺ ഒരു ഭണ്ഡാരപ്പെട്ടിയായി. അറുപത് സെക്കൻറിന്റെ ആനന്ദനേരം.

മൊബൈൽ ഫോണുകൾ നാട്ടിലിറങ്ങിയെന്ന് കേട്ടുതുടങ്ങിയെങ്കിലും കംപ്യൂട്ടറുകളാണ് ആദ്യം അവതരിച്ചത്. ജി- ടെക് ഇൻഫോസിസിനും തലപ്പൊക്കത്തിൽ നിന്നു. വില്ലേജ് ഓഫീസറേക്കാൾ ഗമയിൽ അക്ഷയയിലെ ചേച്ചിമാർ അതിരാവിലെ ഷട്ടർ വലിച്ചിട്ടു. സ്കൂൾ ലൈബ്രറിയുടെ വലുപ്പം ഒന്ന് ഒതുക്കി ഞങ്ങൾക്ക് വേണ്ടിയൊരു ഐടി ലാബുണ്ടായി.

തപാൽപ്പെട്ടിയുടെ വായിലേക്ക് കത്ത് കുത്തിക്കയറ്റുന്നത് രസമുള്ള ഏർപ്പാടായിരുന്നു.
തപാൽപ്പെട്ടിയുടെ വായിലേക്ക് കത്ത് കുത്തിക്കയറ്റുന്നത് രസമുള്ള ഏർപ്പാടായിരുന്നു.

സത്യത്തിൽ സകല പാഠപരീക്ഷണങ്ങളുടേയും ഇരകൾ കൂടിയായിരുന്നു നയൻറീസ് കിഡ്സ്. ഡി പി ഇ പി, ഗ്രേഡിംഗ് സംവിധാനം, ഐ.ടി പഠനം- തരാതരമാറ്റങ്ങൾ പഠനം കൂടുതൽ രസകരമാക്കി. മുന്നേ പടിച്ചുപോയവരുടെ പഴയ പുസ്തകം പേറേണ്ട ഗതികേട് വന്നില്ല. എല്ലാക്കൊല്ലവും പുതിയ പുസ്തകം കിട്ടി. മാറുന്ന സിലബസ് പഠിക്കാൻ അധ്യാപകർ ഇടക്കിടെ പോയി. ചോദ്യപേപ്പർ പതിവില്ലാതെ മിക്ക പരീക്ഷയ്ക്കും ചോർന്നുകിട്ടി. ചരിത്രത്തിലാദ്യമായാണോ എന്നറിയില്ല, രണ്ടോ മൂന്നോ മാസം അധ്യാപകർ പണിമുടക്കിയ ഒരു സമരകാലവും കണ്ടു. എല്ലാം പിന്നിട്ട് പത്തും പൂർത്തിയാക്കി കംപ്യൂട്ടർ വിപ്ലവത്തിന്റെ പുതിയ ഏടായ പരീക്ഷാഫലം ആദ്യമായി ഓൺലൈനിലറിഞ്ഞ് ഞങ്ങൾ സ്കൂളിറങ്ങി.

കംപ്യൂട്ടറിലൂടെ ജയവും തോൽവിയുമറിഞ്ഞെങ്കിലും പത്താം ക്ലാസ് കാലത്തെ ഓർമയിലേക്ക് കൂട്ടികെട്ടാൻ ഒരു സെൽഫി സൈനോഫ് അക്കാലം സാധ്യമായിരുന്നില്ല. നോക്കിയയുടെ ആദ്യകാല ക്യാമറാഫോൺ മുംബൈയിലും ദൽഹിയിലുമെല്ലാം സമ്പന്നരുടെ കയ്യിൽ മാത്രം കറങ്ങുന്ന കാലമായിരുന്നു അത്. സോഷ്യൽ സ്റ്റഡീസ് പരീക്ഷയിൽ ഭൂപടം വരച്ച് കുത്തിട്ടുകാണിക്കാനറിയാമെന്നല്ലാതെ ദൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ- നാല് നഗരവുമായി ഞങ്ങൾക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. പാൻ ഇന്ത്യൻ പരിപാടി ആലോചനയിലേ ഇല്ലായിരുന്നു. ഓട്ടോഗ്രാഫ് വാങ്ങി ബി.എ പഠിച്ചാലും എം.എ പഠിച്ചാലും എന്നെ മറക്കരുതെന്ന് എഴുതി നൽകി ഞങ്ങൾ സ്കൂൾകാലത്തെ ലോഗ്ഔട്ട് ചെയ്തു.

നോക്കിയ-
കണക്ടിംഗ് പീപ്പിൾ

2000-ന്റെ രണ്ടാംപകുതി അക്ഷരാർത്ഥത്തിൽ നോക്കിയ അങ്ങ് എടുത്തു. ‘കണക്ടിംഗ് പീപ്പിൾ’ എന്ന പരസ്യവാചകം പോലെ നോക്കിയക്കാർ ഒരു നാടിനെ കുത്തിട്ടു പൂരിപ്പിച്ചു. നോക്കിയയുടെ സുവർണകാലം. ഞങ്ങളുടെ പ്ലസ്ടുക്കാലം. ക്യാമറയില്ലാകുഞ്ഞൻഫോണിനെ കയ്യിൽതന്ന കാലം. നോക്കിയക്കൊപ്പം അനിയൻ അംബാനി ആർ വേൾഡ് കൂടി അവതരിപ്പിച്ചതോടെ ഫോൺ വിപ്ലവം ഡബിൾ സ്ട്രോംഗായി. ബി എസ് എൻ എല്ലിനൊപ്പം എയർടെലും വോഡാഫോണും കളംപിടിച്ചു. എ.ആർ. റഹ്മാന്റെ എയർടെൽ സിഗനേച്ചർ ടോൺ ഒരു മിനി ദേശീയഗാനംപോലെ പ്രചരിച്ചു. പ്രകാശ് വർമയുടെ, പറമ്പാകെ ഓടുന്ന പഗിനെപ്പോലെ എല്ലാവരുടെ പറമ്പിലും ഫോണെത്തി. കത്തും കാർഡും കളംവിട്ടു. ടെക്സ്റ്റും നോട്ടും കളംപിടിച്ചു. പ്രതിദിന നൂറുമെസേജുകൾ നൂറുനിർവൃതികളായി.

2000-ന്റെ രണ്ടാംപകുതി അക്ഷരാർത്ഥത്തിൽ നോക്കിയ അങ്ങ് എടുത്തു. ‘കണക്ടിംഗ് പീപ്പിൾ’ എന്ന പരസ്യവാചകം പോലെ നോക്കിയക്കാർ ഒരു നാടിനെ കുത്തിട്ടു പൂരിപ്പിച്ചു. നോക്കിയയുടെ സുവർണകാലം.
2000-ന്റെ രണ്ടാംപകുതി അക്ഷരാർത്ഥത്തിൽ നോക്കിയ അങ്ങ് എടുത്തു. ‘കണക്ടിംഗ് പീപ്പിൾ’ എന്ന പരസ്യവാചകം പോലെ നോക്കിയക്കാർ ഒരു നാടിനെ കുത്തിട്ടു പൂരിപ്പിച്ചു. നോക്കിയയുടെ സുവർണകാലം.

ലാൻഡ് ഫോണിൽ നിന്ന് മൊബൈൽ ഫോണിലേക്കുള്ള മാറ്റം കേവലം സൗകര്യത്തിന്റേതായി മാത്രം തോന്നിയിട്ടുണ്ട്. എന്നാൽ ക്യാമറാ ഫോണുകൾ സൗകര്യത്തിനപ്പുറം സാധ്യതയെ കാട്ടുകയായിരുന്നു. ക്യാമറയുള്ള ഫോണുകളുടെ പിറവിയാണ് വലിയ വിപ്ലവമെന്ന് തന്നെ വിശ്വസിക്കുന്നു. കോളേജുകാലത്താണ് ചെറിയ ക്യാമറാഫോണുകൾ സജീവമാകുന്നത്. ചിതലും മാറാലയും പൊതിയാതെ ഓർമകളെ സേവ് ചെയ്യാവുന്ന കാലത്തേക്ക് ലോകത്തെ ക്യാമറാഫോണുകൾ കൈപിടിച്ചു നടത്തി. ഓട്ടോഗ്രാഫുകൾ, ആശംസാകാർഡുകൾ, ആൽബങ്ങൾ പൊടിതട്ടി കാത്ത്, അവയെയൊന്നാകെ സെലക്ട് ചെയ്ത് നമ്മൾ ട്രാഷിലേക്കിട്ടു.

ഡാറ്റയും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളും സീനാകെ മാറ്റി. ഓട്ടോഗ്രാഫെല്ലാം മാഞ്ഞുപോയ കാലത്തുനിന്ന് നേരെ നടന്നുകയറിയത് ഓർക്കൂട്ടിന്റെ ലോകത്തേക്കായിരുന്നു. കലുങ്കിലും കടകളിലും മാത്രമല്ല ഒരുമിച്ചിരുന്ന് സൊറ പറയാൻ ഓൺലൈനായും സാധിക്കുമെന്ന് ആദ്യം കാട്ടിത്തന്നത് ഓർക്കൂട്ടാണ്. ഓർക്കൂട്ടുണ്ടിൽ ഒരു അക്കൌണ്ട് ഉണ്ടായിരുന്നുവെന്ന ഓർമക്കപ്പുറം ഓർക്കൂട്ടിലെ ഇടപെടലുകൾ ഓർമയിലില്ലെന്നതാണ് സത്യം. ഇന്ന് ഫേസ്ബുക്ക്, ഇൻസ്റ്റ, വാട്സാപ്പ്, ട്വിറ്റർ, ത്രെഡ്, മെസെഞ്ചർ, സ്നാപ് ചാറ്റ്- ഹോം സ്ക്രീനിൽ കൂട്ടുകമ്പനികൾ കുറഞ്ഞത് അഞ്ചെങ്കിലും കാണും. ഫേസ്ബുക്കിൽ നിന്ന് ഫേസ്കോളിലേക്ക് എത്തി പുതുലോകം.

ഓട്ടോഗ്രാഫെല്ലാം മാഞ്ഞുപോയ കാലത്തുനിന്ന് നേരെ നടന്നുകയറിയത് ഓർക്കൂട്ടിന്റെ ലോകത്തേക്കായിരുന്നു.
ഓട്ടോഗ്രാഫെല്ലാം മാഞ്ഞുപോയ കാലത്തുനിന്ന് നേരെ നടന്നുകയറിയത് ഓർക്കൂട്ടിന്റെ ലോകത്തേക്കായിരുന്നു.

സകലതും ആപ്പിലേക്ക്,
സർവം ആപ്പുമയം

മീറ്റിംഗുകൾക്കുവേണ്ടിയുള്ള യാത്രകളിൽ നിന്ന് യാത്രകളിലെ മീറ്റിംഗുകളിലേക്ക് നമ്മൾ മാറി. എന്തിന് യാത്രകൾ പോലും മാറി. ബസ് കാത്തിരുന്ന കാലത്തുനിന്ന് യൂബർ നമ്മെ കാത്തിരിക്കുന്ന കാലത്തേക്കുള്ള ഗിയർ ചേഞ്ചുകണ്ടു, ടിക്കറ്റിന്റെ ബാക്കി നോക്കിയിരുന്ന കാലത്തുനിന്ന് ഓൺലൈൻ ടിക്കറ്റിലേക്ക് യാത്രകളെ നമ്മൾ അപ്ഡേറ്റ് ചെയ്തു. ഇനി യാത്ര വഴിയറിയാ ദിക്കിലേക്കാണോ ഫോൺ തന്നെ വഴികാട്ടി. യാത്രാടിക്കറ്റിലെ മാറ്റം സിനിമാടിക്കറ്റിലും കണ്ടു. ഓടിത്തള്ളി തല്ലും കൊണ്ടുകണ്ട സിനിമകളെ ഫോണിൽ ഒരു വിരലുകൊണ്ട് കുത്തിനിർത്തി നമ്മൾ പകരം ചോദിച്ചു. ഉണ്ണാനും ഊട്ടാനും ഉടുക്കാനും പാട്ടുപാടി ഉറക്കാനും ആപ്പുകളുണ്ടായി. കളിക്കാനും പഠിക്കാനും ആപ്പുണ്ടായി. ‘ലേബർ ഇന്ത്യ’യിൽ നിന്ന് ലേണിംഗ് ആപ്പുകളിലേക്ക് സൈൻ ഇൻ ചെയ്തു. വിൽക്കാനും വാങ്ങാനും ആപ്പ് ആയിരം പിറന്നു. ആക്രിയെടുക്കാൻ പോലും ആപ്പെന്ന സ്ഥിതി. പണം കൊടുക്കുന്നതും വാങ്ങുന്നതും അതുപോലെ തന്നെ. സകലതും ആപ്പിലേക്ക്, സർവം ആപ്പുമയം

പഴയതൊന്നും അത്ര പഴയതല്ലെന്നതാണ് സത്യം. ആദ്യ ഫോണിലേക്ക് 20 വർഷം ദൂരമെങ്കിൽ, ആദ്യ ക്യാമറാഫോണിലേക്ക് 15 വർഷം മാത്രം ദൂരം കാണും. ഓർക്കൂട്ടിൽ നിന്ന് ഫേസ്ബുക്കിലേക്ക് കാലുമാറിയ കാലത്തിന് അത്രതന്നെ പഴക്കം. വാട്സാപ്പ് നമ്മുടെ പോക്കറ്റിലായിട്ട് പത്തുവർഷം പോലുമായില്ല. അനിൽ അംബാനിയുടെ ആർ വേൾഡിൽ നിന്ന് മുകേഷ് അംബാനിയുടെ ജിയോ വേൾഡിലേക്ക് കാലം പാഞ്ഞതും ശരവേഗത്തിൽ തന്നെ. ശാസ്ത്രത്തിൻറെ വേഗം, രണ്ടുപതിറ്റാണ്ടിന്റെ ദൂരത്തിന് നൂറ്റാണ്ടിന്റെ നീളം തോന്നിപ്പിക്കുന്നുവെന്നുമാത്രം. ഒരു ആൽഫാക്കുഞ്ഞും ഒരു ബീറ്റാക്കുഞ്ഞും പിറന്ന കാലം കൂട്ടിക്കുറച്ചാൽ ദൂരമത്രയുമില്ലെങ്കിലും അവർ പിറന്ന ലോകം തീർത്തും വിഭിന്നമാക്കാൻ പുതിയ കണ്ടെത്തലുകളാൽ മായാജാലം കാട്ടി, ലോകം.

എന്താണ് നമ്മൾ തൊണ്ണൂറാന്മാരുടെ വലിയ സൗഭാഗ്യമെന്ന ചോദ്യത്തിന് എനിക്കൊരുത്തരം മാത്രമേയുള്ളൂ: അവരും സാങ്കേതികതയും ഒരുമിച്ച് വളർന്നവരാണ്. ആശയവിനിമയത്തിന്റെ എത്ര അടരുകൾ നമ്മൾ കണ്ടറിഞ്ഞു, തൊട്ടറിഞ്ഞു. സർവതലസ്പർശിയായ സാങ്കേതികക്കുതിപ്പിനൊപ്പം നമ്മൾ ഓടികിതക്കുന്നുണ്ടോ എന്ന ചോദ്യം മാത്രം അവശേഷിക്കുന്നു.


Summary: First half life of 90's Kids and their Nostalgia and memories from different fields, Anand Gangan writes a series, part 9.


ആനന്ദ് ഗംഗൻ

24 ന്യൂസിൽ അസോസിയേറ്റ് ന്യൂസ് എഡിറ്ററായും മനോരമ ന്യൂസിൽ അസ്സി. പ്രോഗ്രാം പ്രൊഡ്യൂസറായും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ ഫ്രീലാൻസ് കണ്ടന്റ് റൈറ്റർ.

Comments