ഗൂഗ്ൾ മാപ്പിലൂടെ
ആമാശയത്തിലേക്ക്
പറന്നുവരുന്ന
ഗിഗ് മുതലാളിത്തം

‘21-ാം നൂറ്റാണ്ടിലെ ആദ്യ 25 വർഷങ്ങളിലെ മലയാളി’; ദാമോദർ പ്രസാദ് എഴുതുന്ന പരമ്പരയുടെ ഏഴാം ഭാഗം.

21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി; ഭാഗം 7

സൊമാറ്റോ ഡെലിവറി ആപ്പ് ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചത് 2015 ലാണ്. ഭക്ഷണ വിതരണ ആപ്പുകൾ മെട്രോകളിൽ നിന്ന് വളരെ പെട്ടെന്ന് ഉപനഗരങ്ങളിലേക്കും അർദ്ധ നഗരങ്ങളിലേക്കും വ്യാപിച്ചു. ഭക്ഷണ വിതരണ ആപ്പുകൾക്ക് തൊട്ടുമുമ്പേ യാത്രാവാഹനങ്ങൾക്കുള്ള യൂബർ / ഓല ആപ്പുകളും പ്രവർത്തനയോഗ്യമായി.

ഒരു ദശകത്തിനകം ആപ്പുകൾ നഗരജീവിതസംസ്കാരത്തിൽ നവസാരള്യം (new ordinariness) അനുഭവവേദ്യമാക്കി. ഉപരി / മധ്യ വർഗ ജീവിതത്തിനു ലഭ്യമായത് ധാരാളം മിച്ച സമയമാണ്. ദിവസവും ഭക്ഷണമുണ്ടാക്കുന്നത് ജീവിതത്തിന്റെ നല്ലൊരു സമയവും പാഴാക്കലായി അനുഭവപ്പെടാൻ തുടങ്ങിയിരുന്നു. അടുക്കള സാങ്കേതിക വിദ്യയിൽ വിപ്ലവകരമായ മാറ്റം സംഭവിച്ചിരുന്നു. ഉപരിവർഗങ്ങൾ ഭക്ഷണമുണ്ടാക്കുന്നതിനും വീട് വൃത്തിയാക്കുന്നതിനും പരിചാരകരെയും വേലക്കാരെയും നിയമിച്ചിരുന്നു. അവരുടെ സമയത്തിന്റെ പകരമായി ഉപരിവർഗ്ഗത്തിനു ലഭ്യമായത് സാമൂഹ്യവൽക്കരണത്തിനുള്ള അധിക സമയമാണ്.

മെട്രോ നഗരജീവിതത്തിൽ ഈയൊരു സമ്പ്രദായം വളരെ മുമ്പേ വ്യവസ്ഥാപിതമായതാണ്. എന്നാലും ഏറെക്കുറേ ഏകതാനമായിരുന്നു ജീവിതക്രമം. വ്യത്യസ്ത ആവശ്യങ്ങൾക്കായുള്ള ആപ്പുകൾ ഈയൊരു ഏകതാനതയിൽ നിന്നുള്ള വിമോചനമായിരുന്നു. ഫുഡ് ഡെലിവറി ആപ്പുകൾ വൈവിധ്യമാർന്ന ഭക്ഷണം പരീക്ഷിക്കാനും ആസ്വദിക്കാനും അവസരമൊരുക്കി. ലോകമെമ്പാടും നിന്നുള്ള ഫുഡ്വ്ലോഗുകൾ യുട്യൂബിൽ കണ്ടാസ്വദിക്കാനും സമയം ലഭ്യമാവുകയാണ്. പ്ലാറ്റ്ഫോം മുതലാളിത്തം 20-ാം നൂറ്റാണ്ടിലെ വിനോദ മുതലാളിത്തത്തിൽ (Liesure Capitalism) നിന്ന് വ്യതിരിക്തമാണ്.

ഫുഡ് ഡെലിവറി ആപ്പുകൾ വഴി ഓർഡർ ചെയ്യുമ്പോൾ താല്പര്യമുള്ള ഭക്ഷണം കഴിക്കാമെന്നും സമയത്തിന്റെ സമർത്ഥമായ വിനിയോഗത്തിലൂടെ കാര്യക്ഷമത വർധിപ്പിക്കാമെന്നുമാണ് പോസ്റ്റ് മുതലാളിത്ത പാഠം

വിനോദ മുതലാളിത്തം വ്യക്തികളുടെ സ്വകാര്യ സമയങ്ങളെ അതിക്രമിച്ചാണ് നിലനിന്നിരുന്നത്. സ്വകാര്യതയെ ടാക്സ് ചെയ്യുകയാണ് അത് ലക്ഷ്യം വെച്ചിരുന്നത്. മുതലാളിത്തം പ്രത്യക്ഷമായും പരോക്ഷമായും വിനോദത്തെ നികുതിവൽക്കരിച്ചിരുന്നു. എന്നാലും സ്വകാര്യതയെ എങ്ങനെ വിനിയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്യം നിലനിന്നിരുന്നു.

വായിക്കാം, കേൾക്കാം: കൂട്ടപിരിച്ചുവിടലിന്റെ
കാൽനൂറ്റാണ്ട്

21-ാം നൂറ്റാണ്ടിലെ
ആദ്യ 25 വർഷങ്ങളിലെ
മലയാളി

കാലാവസ്ഥാമാറ്റവും
നിർമിതബുദ്ധിയും;
മലയാളി വേവലാതികളെന്ന
നിലയിൽ

മലയാളിയുടെ
മാധ്യമാസക്തിയുടെ
Algorithm

പുത്തൻ വലതുപക്ഷത്തിന്റെ
25 വർഷങ്ങൾ

വിമർശനാത്മക ചിന്തയുടെ ഉന്മൂലനം,
വിലയിടിഞ്ഞ സാംസ്കാരിക ബുദ്ധിജീവിതം

Algo New Speak
മീമുകൾ മാത്രം മതി

തിരഞ്ഞെടുപ്പിന്റെ സാദ്ധ്യതകൾ പ്രദാനം ചെയ്യുന്നതായിരുന്നു 20-ാം നൂറ്റാണ്ടിലെ പ്രബലമായിരുന്ന വിനോദ മുതലാളിത്തം. ആപ്പുകൾ ഈ തിരഞ്ഞെടുപ്പ് എന്നതിനെ ഭാരിച്ച അനുഭവമാക്കി. ആപ്പുകൾ എന്നാൽ പ്ലാറ്റ്ഫോം മുതലാളിത്തം. തിരഞ്ഞെടുപ്പ് എന്ന പ്രക്രിയ അസാധുവാക്കിയത് സ്വകാര്യത / പൊതു എന്ന ദ്വന്ദ്വത്തെ ഭേദിച്ചാണ്. ആപ്പുകളുടെ സാർവ്വത്രികത സ്വകാര്യതയുടെ ലോകങ്ങളെ വിപുലമാക്കുകയും അതിനെ ഡാറ്റയുടെ ആഗോളീയമായ പൊതുവിന്യാസത്തിലേക്ക് തുറന്നുകൊടുക്കയും ചെയ്തിരിക്കുന്നു. ആപ്പുകൾ നിവേശിക്കാത്ത സ്വകാര്യമെന്നു വിളിക്കാവുന്നത്, മനുഷ്യരുടെ കാര്യത്തിൽ ഭോഗവും (സൈബർ ലൈംഗികത അതിനുള്ള പരിഹാരവും തേടുന്നുണ്ട്) വിസർജ്ജനവും മാത്രമായിരിക്കും. അതിപ്പോഴും സ്വന്തം ചുമതലയായി നരവംശത്തിൽ അവശേഷിക്കുന്നുണ്ട്.

ലോകമെമ്പാടും ഇന്ററാക്ടീവ് സ്ക്രീൻ (interactive screen) ജീവിതം വ്യവസ്ഥാപിതമായിട്ട് പത്തു വർഷം മാത്രമേയാകുന്നുള്ളൂ. ഇന്ററാക്ടീവ് അല്ലാത്ത (non interactive) സ്ക്രീൻ ജീവിതത്തിലേക്ക് നേരത്തെ പ്രവേശിച്ചിരുന്നു. ആപ്പുകൾ തുറന്ന് അതിൽ നിന്ന് അതേ സ്‌ക്രീനിൽ തന്നെ വസ്തുക്കൾ പ്രാപ്യമാകുന്നതിനെകുറിച്ചാണ് ഇന്ററാക്റ്റീവ് എന്ന് ഉദേശിച്ചത്. ടെലിവിഷൻ, കമ്പ്യൂട്ടർ, ലാപ്ടോപ്പ് സ്‌ക്രീനുകളാണ് അതിനു മുമ്പ് കാഴ്ചയുടെ ലോകം പ്രദാനം ചെയ്തിരുന്നത്. പ്രതിപ്രവർത്തന സാധ്യതയില്ലാത്ത അത്തരം സ്ക്രീനുകൾ മൃതമായി (dead screen). ആപ്പുകൾക്ക് മുമ്പുള്ള കാലം നഗരത്തിലെ വർത്തമാന ജീവിതത്തെ സംബന്ധിച്ച് ദിനോസർ കാലമാണ്. അപ്രാപ്യതയാണ് (inaccessibility) ഈ കാലത്തെ നിർണയിക്കുന്നത്.

സൊമാറ്റോ ഡെലിവറി ആപ്പ് ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചത് 2015 ലാണ്. ഭക്ഷണ വിതരണ ആപ്പുകൾ മെട്രോകളിൽ നിന്ന് വളരെ പെട്ടെന്ന് ഉപനഗരങ്ങളിലേക്കും അർദ്ധ നഗരങ്ങളിലേക്കും വ്യാപിച്ചു.
സൊമാറ്റോ ഡെലിവറി ആപ്പ് ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചത് 2015 ലാണ്. ഭക്ഷണ വിതരണ ആപ്പുകൾ മെട്രോകളിൽ നിന്ന് വളരെ പെട്ടെന്ന് ഉപനഗരങ്ങളിലേക്കും അർദ്ധ നഗരങ്ങളിലേക്കും വ്യാപിച്ചു.

വിരോധഭാസമെന്തെന്നാൽ, കോവിഡിനെതുടർന്നുള്ള സാമൂഹിക അകലത്തിന്റെ കാലത്താണ് സ്ക്രീൻ സ്പർശത്തിലൂടെയുള്ള ആഗോള പ്രാപ്യതയ്ക്ക് അഭൂതപൂർവമായ ഗതിമാനം സംഭവിച്ചത്. ‘ലോഗ്ഔട്ട്’ (logout) എന്നതൊരു വിച്ഛേദമാണ്. ശൃംഖലയിൽ നിന്ന് പുറത്തുകടന്ന് ഭൗതികമായ ജീവിതവ്യവസ്ഥയിലേക്ക് തിരികെ മടങ്ങുന്ന പ്രക്രിയയാണ് ലോഗ്ഔട്ട്. സ്വകാര്യതയെയും പൊതുവായതിനെയും കുറിച്ചുള്ള അകലങ്ങളുടെ അതിർത്തി രേഖപ്പെടുത്തൽ കൂടിയാണ് ലോഗ്ഔട്ട്. ആപ്പുകളുടെ ലോകത്തിൽ എക്സിറ്റ് എന്ന ഉപാധിയുണ്ടെങ്കിലും ശൃംഖലയിൽ നിന്ന് ഒരിക്കലും ലോഗ്ഔട്ട് ആകുന്നില്ല. മൊബൈൽ ഉപാധിയെ മുഖ്യമായും കേന്ദ്രീകരിച്ചിരിക്കുന്ന പ്ലാറ്റ്ഫോം മുതലാളിത്തത്തിൽ നിന്ന് ലോഗ്ഔട്ട് ആകുന്നില്ല. മൊബൈലിൽ ഡാറ്റ ഓഫ് ചെയ്യുക വഴിയുള്ള ബന്ധവിച്ഛേദനം (Disconnection) പ്ലാറ്റ്ഫോം മുതലാളിത്തം ഡാറ്റാ ഉപഭോക്താവിന്റെ പുതുക്കൽ (refreshing) സമയമായാണ് കാണുന്നത്. ഡിജിറ്റൽ കാലടികളിൽ അതും അവശേഷിക്കും.

ഡേറ്റിംഗ്, യാത്ര, സിനിമ, ഭക്ഷണം ആപ്പുകൾ ജീവിതത്തെ പ്ലാറ്റ്ഫോംവൽക്കരിച്ചിരിക്കുന്നു. അതിബൃഹത്തായ പോസ്റ്റ് മുതലാളിത്ത യന്ത്രത്തിലെ ഡാറ്റ ഉല്പാദകനും വസ്തുക്കളുടെയും ഡാറ്റയുടെയും ഉപഭോക്താവുമാണ്. ഫുഡ് ഡെലിവറി ആപ്പുകൾ വഴി ഓർഡർ ചെയ്യുമ്പോൾ താല്പര്യമുള്ള ഭക്ഷണം കഴിക്കാമെന്നും സമയത്തിന്റെ സമർത്ഥമായ വിനിയോഗത്തിലൂടെ കാര്യക്ഷമത വർധിപ്പിക്കാമെന്നുമാണ് പോസ്റ്റ് മുതലാളിത്ത പാഠം. മൂലധനത്തിന്റെ ക്രിയാശേഷി വർധിപ്പിക്കുക എന്നതാണ് മുതലാളിത്ത വ്യവസ്ഥയിൽ കാര്യക്ഷമതയുടെ പ്രായോഗികമായ അർഥം- അതിന് നൂറ്റാണ്ടുകളായിട്ടും മാറ്റമുണ്ടായിട്ടില്ല.

സോഷ്യലിസത്തിൽ കാര്യക്ഷമതയ്ക്ക് മറ്റൊരു തലമാണുള്ളത്. വ്യക്തികളുടെ കൂടിച്ചേരലിലൂടെ സാമൂഹികമായ ജീവിതനിലകൾ മെച്ചപ്പെട്ടു (improvement). അത് വ്യക്തിപരം എന്നതിനേക്കാൾ സമൂഹത്തിന് ഗുണകരമാകും എന്നതാണ് സാമൂഹികസമത്വം അടിസ്ഥാനമാക്കിയുള്ള കാര്യക്ഷമതയുടെ പ്രായോഗിക നിർവചനം. പ്ലാറ്റ്ഫോം മുതലാളിത്തത്തിന്റെ ഫുഡ് ആപ്പുകൾ നവ സാധാരണീകരണമാകുമ്പോൾ (new ordinary) ഉപഭോഗത്വര വർധിക്കുന്നു. ഉപഭോഗ രീതികൾക്കനുസരിച്ച് മാലിന്യ (waste) സഞ്ചയവും വർധിക്കുന്നു. ആപ്പുകൾ അദൃശ്യവൽക്കരിക്കുന്നത് ഉല്പാദനത്തിന്റെയും മാലിന്യ സഞ്ചയത്തിന്റെയും ലോകങ്ങളെയാണ്. വിതരണശൃംഖല ഉല്പാദനതുടർച്ചയുടെ അഭേദ്യഭാഗമെന്ന നിലയിൽ വിതരണക്കാരായ പങ്കാളികളെയും അദൃശ്യമാക്കുന്നു. ഈ അദൃശ്യലോകം മനുഷ്യരാൽ പെരുകിയതാണ്. മനുഷ്യരുടെ ഈ ലോകത്തെ അൽഗോരിതമിക് ഘടനയ്ക്ക് പുറത്ത്, 19-ാം നൂറ്റാണ്ടിന്റെ കൂലിഅടിമത്തത്തിന്റെ വ്യവസ്ഥയിലേക്ക് പ്ലാറ്റ്‌ഫോം മുതലാളിത്തം പുനഃസ്ഥാപിച്ചിട്ടുണ്ട്.

മലയാളികൾ തൊണ്ണൂറുകളിലും അതിനു മുമ്പും പ്രകടിപ്പിച്ച ടെക്നോളജി വിരുദ്ധ എതിർപ്പുകൾ പൂർണമായും മാറ്റിവെച്ച്, പുതുസാങ്കേതിക വിദ്യകളെ വിമർശനരഹിതമായി സ്വാഗതം ചെയ്യുന്ന പ്രവണതയാണ് കണ്ടുവരുന്നത്.

സേവനമുതലാളിത്തത്തിന്റെ ഏറ്റവും നൂതനമായ ആവിഷ്ക്കാരമാണ് ആപ്പുകൾ. ആപ്പുകൾ ഓരോ വ്യക്തിക്കും ആവശ്യമായ സേവനത്തിലേക്ക് ഒരു ഇന്റർഫേസ് ഒരുക്കിത്തരുകയാണ്. താമസസൗകര്യത്തിന് മുറി ബുക്ക് ചെയ്യാനും യാത്രയ്ക്ക് വാഹനം തേടുമ്പോഴും ഇഷ്ടഭക്ഷണത്തിന് ഭക്ഷണശാലകളെ അന്വേഷിക്കുമ്പോഴും ഇന്റർഫേസാണ് ആപ്പുകൾ സജ്‌ജമാക്കുന്നത്. ഇന്റർഫേസ് പ്രസ്തുത സേവനത്തിന്റെ ഉപഭോഗ ഘടകത്തെ മാത്രമേ ദൃശ്യവൽക്കരിക്കുന്നുള്ളൂ. ഉത്പാദനവും വിതരണവും അദൃശ്യമാണ്. ആപ്പുകൾ ഈ ഇടപാടുകളെയെല്ലാം മനുഷ്യേതരമാക്കുന്നു (non human). മനുഷ്യേതരവുമാണ് ആപ്പുകളുടെ ഇന്റർഫേസ്.

ആപ്പുകൾ സേവനമുതലാളിത്തത്തിന്റെ നവീകരണമാകുന്നത് ഉല്പാദനത്തിന്റെയും വിതരണത്തിന്റെയും പ്രക്രിയയിൽ നേരിട്ട് പങ്കാളിയാവാതെയായാണ്. ആപ്പുകൾ അവരുടെ ശൃംഖലയിലേക്ക് ഭക്ഷണ നിർമാണ കേന്ദ്രങ്ങളെ (റസ്റ്റോറന്റ് മുതൽ ക്ലൗഡ് കിച്ചൻ വരെ) കണ്ണിചേർക്കുന്നു, വിതരണത്തിന് സേവക തൊഴിലാളികളെയും. ഉപഭോക്താക്കൾ ആപ്പുകളിൽ ഓർഡർ നൽകുന്നു. ഇവരെ പരസ്പരം കണ്ണിചേർക്കുന്ന ഡാറ്റാ പ്ലാറ്റ്ഫോമാണ് ആപ്പുകൾ. ഇതിൻെറ ഫീസാണ് ആപ്പുകൾക്ക് ലഭിക്കുന്നത്. നൂതനമായ സേവനമുതലാളിത്തത്തിന്റെ പുതുസംരഭമാണ് ആപ്പുകൾ. ഇത് സേവനമേഖലയുടെ കുത്തകവൽക്കരണത്തിലേക്കുമാണ് നയിക്കുന്നത്.

25 വർഷം മുമ്പ് ആപ്പ് എന്നു പറയുമായിരുന്നിലെങ്കിലും ആപ്ലിക്കേഷൻ അപേക്ഷയായിരുന്നു. പ്രയോഗം എന്നൊരു അർത്ഥത്തിലും ഉപയുക്തമായിട്ടുണ്ട്. സാങ്കേതിക ഉപാധികളുടെ ഘടകങ്ങളെക്കുറിച്ചും ആപ്ലിക്കേഷൻ എന്ന് പറയാറുണ്ട്. പക്ഷെ ആപ്പ് ഇന്ന് സ്വയം സിദ്ധമായ ജീവലോകമാണ്. ആപ്പ് വായ തുറന്നാൽ ഈരേഴു പതിനാലു ലോകങ്ങളായി.

പ്ലാറ്റ്ഫോം മുതലാളിത്തത്തിന്റെ ഫുഡ് ആപ്പുകൾ നവ സാധാരണീകരണമാകുമ്പോൾ (new ordinary) ഉപഭോഗത്വര വർധിക്കുന്നു. ഉപഭോഗ രീതികൾക്കനുസരിച്ച് മാലിന്യ (waste) സഞ്ചയവും വർധിക്കുന്നു.
പ്ലാറ്റ്ഫോം മുതലാളിത്തത്തിന്റെ ഫുഡ് ആപ്പുകൾ നവ സാധാരണീകരണമാകുമ്പോൾ (new ordinary) ഉപഭോഗത്വര വർധിക്കുന്നു. ഉപഭോഗ രീതികൾക്കനുസരിച്ച് മാലിന്യ (waste) സഞ്ചയവും വർധിക്കുന്നു.

ഗിഗ് മുതലാളിത്തത്തിന്റെ ഉയർച്ച

സേവന മുതലാളിത്തത്തിന്റെ നൂതന സംരംഭമാണ് ഗിഗ് മുതലാളിത്തം. പ്ലാറ്റ്ഫോം അധിഷ്ഠിത സേവനങ്ങളാണ് ഗിഗ്സേവനങ്ങളായി മാറുന്നത്. വളരെമുമ്പേ മുതലാളിത്തം ലക്ഷ്യം വെച്ച ഓട്ടോമേഷന്റെ തുടർച്ചയിലെ ഏറ്റവും പുതിയ പരിണിതിയാണ് ഗിഗ്. സേവന മുതലാളിത്തം ഓട്ടോമേഷനിലേക്ക് കടന്നിട്ട് വളരെ നാളുകളായി. യന്ത്രവൽക്കരണത്തിന്റെ സ്ഥാനത്ത് ഡിജിറ്റൽവൽക്കരണമാണ് കാൽനൂറ്റാണ്ടായി മുൻഗണനയോടെ നടക്കുന്ന പ്രവത്തനം.

25 വർഷങ്ങളിൽ ജീവിതത്തിന്റെ വ്യതിരിക്ത മേഖലകളുടെ ഗുണഭോക്താവ് എന്ന നിലയിൽ മലയാളികൾ തൊണ്ണൂറുകളിലും അതിനു മുമ്പും പ്രകടിപ്പിച്ച ടെക്നോളജി വിരുദ്ധ എതിർപ്പുകൾ പൂർണമായും മാറ്റിവെച്ച്, പുതുസാങ്കേതിക വിദ്യകളെ വിമർശനരഹിതമായി സ്വാഗതം ചെയ്യുന്ന പ്രവണതയാണ് കണ്ടുവരുന്നത്. സാങ്കേതിക ഉപാധികളിലെ നൂതനവൽക്കരണം വിമർശനരഹിതമായി, അതിന്റെ ആഘാതവും ഭവിഷ്യത്തും പഠനവിധേയമാക്കാതെ തന്നെ സ്വീകരിക്കേണ്ടതാണെന്ന മട്ടിൽ മലയാളികൾ പരുവപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങളും സാംസ്കാരിക ബുദ്ധിജീവികളും നിരന്തര ശാസനകളിലൂടെ മലയാളിയുടെ പൊതുബോധ്യങ്ങളെ സാങ്കേതികവിദ്യയ്ക്ക് അനുകൂലമാക്കിയിട്ടുണ്ട്. എഴുത്തുകാരൻ സക്കറിയയുടെ നോൺ ഫിക്ഷൻ എഴുത്തുകളുടെ പ്രഥമോദ്ദേശ്യം തന്നെ, മുതലാളിത്ത വികസനസംസ്കാരത്തിലേക്ക് മലയാളിയുടെ പൊതുബോധത്തെ നിരന്തരമായ ശാസനകളിലൂടെ പരിവർത്തിച്ചെടുപ്പിക്കുക എന്നതാണ്. വ്യക്തിസ്വാതന്ത്ര്യമാണ് സക്കറിയ ഉദ്‌ഘോഷിക്കുന്നതെങ്കിലും. സക്കറിയയുടെ പേര് പരാമർശിച്ചത് ചിന്താപരമായ വ്യഗ്രതയോടെ ലിബറൽ വ്യക്തികേന്ദ്രിത വികസന സംസ്കാരത്തെക്കുറിച്ചു സംസാരിക്കുന്ന പ്രമുഖ എഴുത്തുകാരൻ എന്ന നിലയ്ക്കാണ്. ഇതേ മാർഗരേഖ പിന്തുടരുന്ന അനേകർ മുഖ്യധാരയിലുണ്ട്. അവരൊക്കെ പൊതുബോധ്യം പ്രകടിപ്പിക്കുന്നതിനപ്പുറം ചിന്തയുടെ മിഴിവില്ലാത്തവരാണ്.

സാങ്കേതികവിദ്യകളോടുള്ള മലയാളിയുടെ പ്രതിലോമ മനോഭാവത്തിന് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അതിപ്രസരമാണെന്നതാണ് പൊതുബോധ്യം. സാങ്കേതികവിദ്യകൾ മൂലധനവ്യവസ്ഥയുടെ ചൂഷണസ്വഭാവം എങ്ങനെ പുനരാവർത്തിക്കുകയും രൂഢമൂലമാക്കുകയും ചെയ്യുന്നു എന്നാണ്, കേരളത്തിൽ മാത്രമല്ല ലോകമെമ്പാടും ഇടതുപക്ഷം എന്നും ഉയർത്തിയിരുന്ന വിമർശനം.

സേവനമുതലാളിത്തം സമ്പൂർണമായ ഡിജിറ്റൽവൽക്കരണത്തിലൂടെ ഗിഗ് മുതലാളിത്തത്തിന്റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചത് പ്രതിസന്ധിഘട്ടങ്ങളെ വിദഗ്ദ്ധമായി ഉപയോഗപ്പെടുത്തിയാണ്.

1993- ലാണ് തിരുവനന്തപുരത്ത് HSBC ഒരു ATM ആദ്യമായി സ്ഥാപിച്ചത്. അതിനെതിരെ ഉദ്‌ഘാടന ദിവസം തന്നെ പ്രതിഷേധമുണ്ടായി. ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ ബാങ്കിങ് തൊഴിലുകൾ വെട്ടിക്കുറയ്ക്കാനുള്ളതാണ് എന്നതായിരുന്നു പ്രതിഷേധത്തിനാധാരം. വസ്തുതപരമായി ഇത് ശരിയാണുതാനും. വാസ്തവത്തിൽ, ATM ഒരു യാന്ത്രിക ഉപകരണമാണ്. ഡിജിറ്റൽ ഇന്റർഫേസ് ഉണ്ടെന്നൊഴിച്ചാൽ അതിന്റെ പ്രവർത്തനം അനലോഗ് സ്വഭാവമുള്ളതാണ്. പണം അച്ചടി നോട്ടുകളായി നിലനിൽക്കുന്നതുവരെ മാത്രമേ അതിന് ഭാവിയുള്ളൂ. ഈ നൂറ്റാണ്ട് ആരംഭത്തോടെ ATM മെഷീനുകൾ നഗരങ്ങളിലും ഉപനഗരങ്ങളിലും പാർശ്വപ്രദേശങ്ങളിലും വ്യാപകമായി. ATM-ൽ ആദ്യമായി കാർഡ് ഉപയോഗിക്കുന്നവരെ കൗണ്ടറുകൾക്കുമുമ്പിലെ ക്യൂവിൽ കുറച്ചു വർഷം മുമ്പുവരെ കാണാൻ കഴിഞ്ഞിരുന്നു. സമീപകാലം വരെ എ.ടി.എമ്മിനു മുന്നിൽ ക്യൂ കാണാമായിരുന്നു. അന്തർസംസ്ഥാന തൊഴിലാളികൾ എ.ടി.എം ഉപയോഗിക്കുന്നതിനെക്കുറിച്ച് ഈയടുത്തകാലം വരെ ആരാഞ്ഞിരുന്നു. അതും പഴങ്കഥയായി. ATM കൗണ്ടറിനുമുന്നിലെ സെക്യൂരിറ്റി ജീവനക്കാരനും അപ്രത്യക്ഷമായി. CCTV-യ്ക്കാണ് സുരക്ഷാ ചുമതല.

ATM ഡിജിറ്റൽപൂർവ സാങ്കേതികവിദ്യയിട്ടും അത് ബാങ്കിങ് സേവനത്തിൽ കാര്യക്ഷമത കൊണ്ടുവന്നു എന്നത് യാഥാർഥ്യമാണ്. ഇന്ന് ബാങ്കിങ് സേവനങ്ങളുടെ അധികഭാഗവും ഡിജിറ്റൽവൽക്കരിച്ചിരിക്കുന്നു. ബാങ്കുകളുടെ സേവനമേഖലകൾ മാറി. പണമിടപാടിന്റെ സേവനത്തുറ എന്ന നിലയിൽ നിന്ന് വാണിജ്യത്തിന്റെ പുതിയ മേഖലകളിലേക്ക് മാറി. വാസ്തവത്തിൽ, ATM ബാങ്കിങ് തൊഴിലുകളിൽ കുറവ് വരുത്തിയിട്ടുണ്ട്. ചില ജോലികൾ അപ്രത്യക്ഷമായി. ബാങ്കിങ്ങിൽ ഇന്ന് ജോലിഭാരത്തെക്കാൾ സമ്മർദ്ദം അധികമായി. ബാങ്കുകളിലെ അധികരിച്ച സമ്മർദ്ദം എന്ന ഗുരുതര വിഷയം രാജ്യസഭയിൽ എ.എ. റഹിം ഉന്നയിച്ചു. Right to Disconnect ബില്ലിന് അനുബന്ധമായി ഇതിനെ കാണണം.

മലയാളിയുടെ പൊതുജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓട്ടോമേഷൻ അനുഭവം ATM ആകണം. കേരളത്തിന്റെ റെമിറ്റൻസ് സമ്പദ്‌വ്യവസ്‌ഥ ബാങ്കുശാഖകളുമായുള്ള മലയാളികളുടെ ബന്ധത്തെ വിപുലപ്പെടുത്തിയിരുന്നു. മലബാറിലെ ബാങ്കുശാഖകളിൽ പ്രായം ചെന്ന ഉമ്മമാർ തിരക്കുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ATM വന്നതോടെ അത് മാറി. തലമുറ- ലിംഗ ​ഭേദമില്ലാതെ ടെക്നോളജി ഉപയോഗം പെട്ടെന്ന് പ്രായം ചെന്ന ഉമ്മമാരും വശമാക്കി. ആപ്പുകളുടെ ഉപയോഗവും സ്വായത്തമാക്കിയിട്ടുണ്ടാകണം.

ഇന്ത്യ അഭിമുഖീകരിച്ച വലിയ രണ്ടു പ്രതിസന്ധികളിൽ ഒന്നായ നോട്ടു നിരോധന കാലയളവാണ് ആപ്പുകളുടെ ഉപയോഗത്തിലേക്ക് മലയാളികൾ മുന്നേറാനിടയായ ഒരു സാഹചര്യം. എന്നിരുന്നാലും ആപ്പുകൾ ജീവിതവ്യവസ്ഥയുടെ അനിഷേധ്യഭാഗമാകുന്നത് കോവിഡ് വ്യാപനത്തോടെയാണ്. ഡിജിറ്റിൽവൽക്കരണ ഓട്ടോമേഷൻ സാങ്കേതികവിദ്യകൾ സ്വയം വ്യാപനത്തിനായി ഗൂഢാലോചന നടത്തിയ പോലെയാണ്, ഇന്ത്യക്കാർ 21-ാം നൂറ്റാണ്ടിൽ അഭിമുഖീകരിച്ച ഈ രണ്ടു സുപ്രധാന ഘട്ടങ്ങളും കടന്നുപോയത്.

1993- ലാണ് തിരുവനന്തപുരത്ത് HSBC ഒരു ATM ആദ്യമായി സ്ഥാപിച്ചത്. അതിനെതിരെ ഉദ്‌ഘാടന ദിവസം തന്നെ പ്രതിഷേധമുണ്ടായി. ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ ബാങ്കിങ് തൊഴിലുകൾ വെട്ടിക്കുറയ്ക്കാനുള്ളതാണ് എന്നതായിരുന്നു പ്രതിഷേധത്തിനാധാരം.
1993- ലാണ് തിരുവനന്തപുരത്ത് HSBC ഒരു ATM ആദ്യമായി സ്ഥാപിച്ചത്. അതിനെതിരെ ഉദ്‌ഘാടന ദിവസം തന്നെ പ്രതിഷേധമുണ്ടായി. ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ ബാങ്കിങ് തൊഴിലുകൾ വെട്ടിക്കുറയ്ക്കാനുള്ളതാണ് എന്നതായിരുന്നു പ്രതിഷേധത്തിനാധാരം.

സേവനമുതലാളിത്തം സമ്പൂർണമായ ഡിജിറ്റൽവൽക്കരണത്തിലൂടെ ഗിഗ് മുതലാളിത്തത്തിന്റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചത് പ്രതിസന്ധിഘട്ടങ്ങളെ വിദഗ്ദ്ധമായി ഉപയോഗപ്പെടുത്തിയാണ്. കോവിഡ് സംഭവിച്ചില്ലായിരുന്നെങ്കിൽ ഗിഗ് സമ്പദ് വ്യവസ്ഥയിലേക്കും ഡിജിറ്റൽവൽക്കരണത്തിലേക്കുമുള്ള പരിവർത്തനം വൈകുമായിരുന്നുവെന്നു മാത്രമല്ല, മറ്റു പ്രതിബന്ധങ്ങളും സൃഷ്ടിക്കപ്പെടുമായിരുന്നു. ഇതിന്റെ അർഥം ഡിജിറ്റൽവൽക്കരണം കോവിഡ് സൃഷ്ടിയാണെന്നല്ല. 21-ാം നൂറ്റാണ്ടിന്റെ ആരംഭം മുതൽക്കേ ഡിജിറ്റൽ സാങ്കേതികവിദ്യകളും അതിന്റെ വ്യാപനവും നടക്കുന്നുണ്ട്. എങ്കിലും, സാങ്കേതികവിദ്യ സാംശീകരണം താരതമ്യേന പതുക്കെയായിരുന്നു. പ്രതിസന്ധിഘട്ടം ഡിജിറ്റൽ സാങ്കേതികവിദ്യയിലുള്ള ആശ്രിത്വത്തെ പരിപൂർണമാക്കി. ഇതോടെയാണ് സാംശീകരണത്തിന്റെ തോത് കുതിക്കുന്നത് (accelerate).

പകർച്ചവ്യാധിയുടെ ഘട്ടം- ഇന്നും വേണ്ടപോലെ കണക്കെടുത്തിട്ടില്ലാത്ത- വ്യാപക തൊഴിൽ നഷ്ടങ്ങൾക്ക് കാരണമായി. വ്യവസായ നിർമാണ മേഖലയിൽ വ്യാപകമായ തൊഴിൽ ഉന്മൂലനം സംഭവിച്ചു. അതിനേക്കാൾ ഇരട്ടിയുടെ ഇരട്ടിയാണ് അനൗപചാരിക മേഖലയിലെ തൊഴിൽ ഉന്മൂലനം. സാമ്പ്രദായിക മുതലാളിത്ത വികസനത്തിന്റെ അതേ മാതൃകയിൽ തൊഴിലാളികളുടെ ചോറ്റുപട്ടാളം (reserved army of labour) ലോകവ്യാപകമായി സൃഷ്ടിക്കപ്പെട്ടു. ഗിഗ് മുതലാളിത്തത്തിന് അവ്യവസ്ഥിതമായ തൊഴിൽകൂട്ടങ്ങളെ ആവശ്യമായിരുന്നു. ഇത് ആഗോളീയമായി നടന്ന പരിണാമപ്രക്രിയയാണ്. അതിശയോക്തി എന്ന നിലയിൽ റിപ്പോർട്ട് ചെയ്യുന്ന വാർത്തകളിൽ ഇത് കാണാം. അഫ്ഘാനിസ്ഥാനിൽ സർവകലാശാല അധ്യാപകനായിരുന്ന വ്യക്തി ബെർലിനിൽ ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്നു, അല്ലെങ്കിൽ ഹൂസ്റ്റണിൽ ടാക്സി ഡ്രൈവർ, അല്ലെങ്കിൽ ഹീത്രോവിൽ വെയർഹൌസ് തൊഴിലാളി. യഥാർത്ഥത്തിൽ കുടിയേറ്റം എന്ന പ്രതിസന്ധിയുടെ സൃഷ്ടിയാണിത്. കുടിയേറിയവരാണ് പ്രാഥമിക മനുഷ്യത്വരയായ അതിജീവനത്തിനായി ഗിഗ് തൊഴിൽ സ്വീകരിക്കുന്നത്. ഗിഗ് തൊഴിലുകളും കുടിയേറ്റവും അവ്യവസ്ഥിതമായ അധ്വാനശക്തിയും തമ്മിൽ ബന്ധമുണ്ട്. കുടിയേറ്റവും നവലിബറൽ സാമ്പത്തികവും സൈനികവുമായ വളച്ചുകെട്ടലിന്റെ (enclosure) സൃഷ്ടിയാണ്. 18, 19 നൂറ്റാണ്ടുകളിൽ വളച്ചുകെട്ടലും അധിനിവേശവും ദൃശ്യമായിരുന്നു. നവലിബറൽ കാലത്ത് തീർത്തും അദൃശ്യവും. പുതിയ തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടു എന്നാണ് യാഥാസ്ഥിതിക സമ്പത്തിക വിദഗ്ദ്‌ഗർ വിശദീകരിക്കുക. എന്നാൽ ഗിഗ് സമ്പദ്‌വ്യവസ്ഥയും ഗിഗ് തൊഴിലാളികളും അദൃശ്യവൽക്കരിക്കുന്നത് അനൗപചാരികവൽക്കരിക്കപ്പെട്ട അവ്യവസ്ഥിതമായ തൊഴിലുകളെയാണ്. അധ്വാനശക്തിയുടെ മേൽ നടന്ന അധിനിവേശം അദൃശ്യവൽക്കരിക്കപ്പെട്ടിരിക്കുന്നു.

ഇന്ത്യയിൽ തൊഴിൽ വളർച്ചാ മരവിപ്പോടെയാണ് ഗിഗ് തൊഴിൽ മേഖല വികസ്വരമാകുന്നത്. ഓട്ടോമേഷന്റെ ഭാഗമായി വ്യവസായങ്ങളിൽ തൊഴിലുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ചെറുകിട കാർഷിക മേഖലയിൽ നിന്ന് നഗരങ്ങളിലേക്ക് പലായനം തുടരുന്നു.

‘ഗിഗ്' എന്ന പദത്തിന്റെ വേര് കിടക്കുന്നത് ജാസ് സംഗീതത്തിലാണ്. ‘താൽക്കാലികം’ എന്ന അർഥം തുടക്കം മുതൽക്കേ ഇതിനുണ്ടായിരുന്നു. ഴാക് കേറൂവാക് 1952-ലാണ് ആദ്യമായി ഈ വാക്ക് ‘താല്ക്കാലിക ജോലി’ എന്നർത്ഥത്തിൽ ഉപയോഗിക്കുന്നത്. ഗിഗ് എന്നതിനർത്ഥം 'സ്വതന്ത്ര കോൺട്രാക്ടർമാർ’ എന്നാകാം. താൽക്കാലിക ജീവനക്കാർ എന്നുമാകാം. അടിസ്ഥാനപരമായി ഗിഗ് തൊഴിലാളികൾ കൃത്യമായ വേതനമോ നിയമപരമായ ജീവനാംശമോ വ്യവസ്ഥാപിതമായ ആനുകൂല്യങ്ങളോ ലഭിക്കുന്നവരല്ല. മുൻ‌കൂർ നോട്ടീസ് നൽകേണ്ടതില്ല, പിരിച്ചുവിടേണ്ടതില്ല. അവർക്ക് നൽകുന്ന ഐ.ഡി റദ്ദാക്കിയാൽ പ്ലാറ്റ്ഫോം വ്യവസ്ഥയിൽ നിന്ന് അവർ പുറന്തള്ളപ്പെടും. ആപ്പിന്റെ ഉടമകളോ മാനേജ്‌മെന്റുമായോ ബന്ധപ്പെടേണ്ട ആവശ്യവുമില്ല. അതായത്, ഗിഗ് സമ്പദ്‌വ്യവസ്ഥയിൽ വ്യവസ്ഥാപിതമായ നിയമപ്രകാരമുള്ള കമ്പനി അല്ലെങ്കിൽ ഉടമകളുമായി ഇന്റർഫേസ്- മുഖാമുഖം ലഭ്യമല്ല.

ഇന്ത്യയിലെയും ന്യൂയോർക്കിലെയും ഗിഗ് തൊഴിലാളികൾ തമ്മിൽ അടിസ്ഥാനപരമായി വേർതിരിവുകളില്ല. ഗിഗ് തൊഴിലാളികളുടെ ആഗോള സംഘാടനം ഒരു യാഥാർഥ്യവും കൂടി വെളിപ്പെടുത്തും. ആഗോള ഗിഗ് ശൃംഖലയിലെ തൊഴിലാളികളിൽ ഭൂരിപക്ഷത്തിലധികം ദക്ഷിണ ദേശക്കാരായിരിക്കും. ഉത്തരവാദിത്വങ്ങളും അടിസ്ഥാന നൈപുണികളും ലോകത്തെവിടെയും ഒന്നു തന്നെ.

ഇന്ത്യയിലെയും ന്യൂയോർക്കിലെയും ഗിഗ് തൊഴിലാളികൾ തമ്മിൽ അടിസ്ഥാനപരമായി വേർതിരിവുകളില്ല. ഗിഗ് തൊഴിലാളികളുടെ ആഗോള സംഘാടനം ഒരു യാഥാർഥ്യവും കൂടി വെളിപ്പെടുത്തും. ആഗോള ഗിഗ് ശൃംഖലയിലെ തൊഴിലാളികളിൽ ഭൂരിപക്ഷത്തിലധികം ദക്ഷിണ ദേശക്കാരായിരിക്കും.
ഇന്ത്യയിലെയും ന്യൂയോർക്കിലെയും ഗിഗ് തൊഴിലാളികൾ തമ്മിൽ അടിസ്ഥാനപരമായി വേർതിരിവുകളില്ല. ഗിഗ് തൊഴിലാളികളുടെ ആഗോള സംഘാടനം ഒരു യാഥാർഥ്യവും കൂടി വെളിപ്പെടുത്തും. ആഗോള ഗിഗ് ശൃംഖലയിലെ തൊഴിലാളികളിൽ ഭൂരിപക്ഷത്തിലധികം ദക്ഷിണ ദേശക്കാരായിരിക്കും.

സ്ഥിരം തൊഴിലുകൾ ഇല്ലാതായതോടെയാണ് ഗിഗ് തൊഴിലിലേക്ക് ധാരാളം പേർ കടന്നുവരുന്നത്. ഇന്ത്യയിൽ തൊഴിൽ വളർച്ചാ മരവിപ്പോടെയാണ് ഗിഗ് തൊഴിൽ മേഖല വികസ്വരമാകുന്നത്. ഓട്ടോമേഷന്റെ ഭാഗമായി വ്യവസായങ്ങളിൽ തൊഴിലുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ചെറുകിട കാർഷിക മേഖലയിൽ നിന്ന് നഗരങ്ങളിലേക്ക് പലായനം തുടരുന്നു. നഗരങ്ങളിൽ ചേക്കേറിയവർ നിർമാണ തൊഴിൽ മേഖലയേക്കാൾ അഭികാമ്യമായി കാണുന്നത് ഭക്ഷണ ഡെലിവറി ജോലിയാണ്. നിർമാണ മേഖലയെക്കാൾ തൊഴിൽ കാഠിന്യത്തിന്റെ കുറവ് ഗിഗ് തൊഴിൽ സ്വീകരിക്കുന്നതിന് ഒരു കാരണമാണ്. ഗിഗ് തൊഴിലാളികൾ സാധാരണ ഔപചാരിക തൊഴിൽ കരാറുകളോ ആനുകൂല്യങ്ങളോ സാമൂഹിക സംരക്ഷണമോ ഇല്ലാത്തവരാണ്, ഇത് അവരെ ചൂഷണത്തിന്റെയും സാമ്പത്തിക അരക്ഷിതാവസ്ഥയുടെയും ഇരയാക്കുന്നു.

ഇന്ത്യയിലുടനീളമുള്ള ഗിഗ് തൊഴിലാളികൾ 2025- ലെ ക്രിസ്മസിനും 2026- ലെ പുതുവത്സരാഘോഷത്തിനും രാജ്യവ്യാപകമായി പണിമുടക്കി. സൊമാറ്റോ, സ്വിഗ്ഗി, ബ്ലിങ്കിറ്റ്, സെപ്‌റ്റോ എന്നിവയുടെ ഡെലിവറി പങ്കാളികൾ ഈ സമരത്തിൽ പങ്കെടുത്തു. പത്തു മിനിറ്റിനുള്ളിൽ വിതരണം (Ten Minutes Delivery) ചെയ്യണം എന്ന ആപ്പുകളുടെ നിബന്ധന ഗിഗ് തൊഴിലാളികളിൽ കടുത്ത സമ്മർദമാണ് സൃഷ്ടിക്കുന്നത്. ഇതിൽ അയവുവരുത്തുക എന്നതായിരുന്നു അവരുടെ ആവശ്യം. 2025 നവംബറിൽ പുതുതായി വിജ്ഞാപനം ചെയ്ത സാമൂഹിക സുരക്ഷാ കോഡ്, "ഗിഗ് തൊഴിലാളികളെ" നിയമപരമായി അംഗീകരിക്കുകയും പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള സാമൂഹിക സുരക്ഷാ സംഭാവനകൾ നിർബന്ധമാക്കുകയും ചെയ്യുന്നുണ്ടെങ്കിലും, യഥാർത്ഥ പരിരക്ഷ നടപ്പായിട്ടില്ല. ആരോഗ്യ പരിരക്ഷാ ഇൻഷുറൻസോ അപകടം സംഭവിച്ചാൽ ലഭിക്കേണ്ട ആനുകൂല്യമോ പ്ലാറ്റ്ഫോമുകൾ നടപ്പാക്കിയിട്ടില്ല. തൊഴിലാളികളുടെ ചെറുത്തുനിൽപ്പ് സൃഷ്ടിക്കുന്ന സമ്മർദങ്ങളുടെ ഫലമായി മുതലാളിത്തം മാനുഷികമുഖം പ്രകടിപ്പിക്കാറുണ്ടെങ്കിലും അതിന്റെ നിലനിൽപിനാധാരമായ മിച്ചോത്പാദനത്തിന് ഹേതുവായ ചൂഷണത്തിൽ നിന്ന് ഒരിക്കലും അതിന് മുക്തമാകാൻ കഴിയില്ല.

ഹോം ഡെലിവറി ആപ്പുകൾ മധ്യവർഗ ജീവിതത്തിന് ഏറെ പ്രിയങ്കരമാണ്. ആഴ്ചയിൽ അഞ്ചു ദിവസം ജോലി എന്നതിനെ ശക്തിയുക്തം എതിർത്തിരുന്ന സ്ഥിരം വരുമാനക്കാരായ സർക്കാർ ജീവനക്കാർ ഇന്ന് അതിന് സമ്മതം നൽകുന്നതിനുപിന്നിലെ ഒരു കാരണം, സേവനങ്ങൾ മിക്കവാറും ഡിജിറ്റൽവൽക്കരിച്ചത്തോടെ ശനിയാഴ്ചകൾ പ്രവൃത്തിദിനമാകേണ്ടതില്ല എന്നതാണ്. രണ്ടാമത്തെ കാരണം, സ്ഥിരം വരുമാനക്കാർ നേടിയെടുത്ത സാമ്പത്തികഭദ്രത കൂടുതൽ മിച്ച സമയം വേണമെന്ന തോന്നലിലേക്ക് അവരെ നയിച്ചിരിക്കുന്നു. വിശ്രമദിനങ്ങളിൽ ഹോം ഡെലിവറി വഴി സംതൃപ്തമാക്കാമെന്ന തോന്നലുമുണ്ടാകാം. ഹോം ഡെലിവറി, ചെറു സഞ്ചാരങ്ങൾ, മാളുകളിലേക്കുള്ള സന്ദർശനങ്ങൾ- സമ്പത്തികഭദ്രത നേടിയ സ്ഥിരം വരുമാനക്കാരായ മധ്യവർഗങ്ങൾക്ക് കഴിഞ്ഞ കാലങ്ങളിൽ വന്ന വലിയ പരിവർത്തനമാണിത്. ഇതിന്റെ കൂടി പ്രതിഫലനമാണ് വികസിത രാജ്യങ്ങളിലെ മധ്യ വരുമാന രാജ്യങ്ങളുടെ ജീവിത നിലവാരം കാംക്ഷിക്കാനുള്ള പുത്തൻ മധ്യവർഗ്ഗത്തിന്റെ അഭിലാഷം.

അവകാശാധിഷ്ഠിത സമൂഹത്തിൽ നിന്ന് ഗുണഭോക്തൃ സമൂഹത്തിലേക്ക് കേരളം കഴിഞ്ഞ 20 വർഷത്തിനുളളിൽ മാറിയിരിക്കുന്നു. ഇന്ന് അവകാശത്തെക്കുറിച്ചു പറയുന്നത് ഉപഭോക്തൃ അവകാശത്തിന്റെ പരിധികളിൽ നിന്നാണ്.

സമൂഹത്തിൽ സാമ്പത്തിക അന്തരം കുറയ്ക്കാനുള്ള ഒരു മാന്ത്രികവിദ്യയും കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എന്നാൽ, വർധിച്ചുവരുന്ന അസമത്വത്തെ സർക്കാരിന്റെ ഗുണഭോക്തൃ പദ്ധതികളിലൂടെ പരിഹരിക്കാമെന്നാകണം നിഗമനം. അവകാശാധിഷ്ഠിത സമൂഹത്തിൽ നിന്ന് ഗുണഭോക്തൃ സമൂഹത്തിലേക്ക് കേരളം കഴിഞ്ഞ 20 വർഷത്തിനുളളിൽ മാറിയിരിക്കുന്നു. ഇന്ന് അവകാശത്തെക്കുറിച്ചു പറയുന്നത് ഉപഭോക്തൃ അവകാശത്തിന്റെ പരിധികളിൽ നിന്നാണ്.

Zwigato / Zomato ഡെലിവറി ബോയ്

ഫിറാഖ്, മാന്റോ (Manto) എന്നീ സിനിമകൾക്കുശേഷം നന്ദിത ദാസ് സംവിധാനം ചെയ്ത ചലച്ചിത്രമാണ് സ്വിഗാറ്റോ. സ്വിഗ്ഗി ഫുഡ് ഡെലിവറിയെ ഓർമപ്പെടുന്നതാണ് സ്വിഗാറ്റോ. കോവിഡ് കാലത്ത് ഫാക്ടറി മാനേജർ ജോലി നഷ്ടപ്പെട്ടശേഷം സ്വിഗാറ്റോ എന്ന ഫുഡ് ഹോം ഡെലിവറി ആപ്പിൽ ഡെലിവറി ബോയിയായി ജോലി ചെയ്യുകയാണ് കപിൽ ശർമ്മ അവതരിപ്പിക്കുന്ന മനാസ് സിങ് മഹാതോ. ഇടത്തരത്തിൽ താഴെ വരുമാനമുള്ള കുടുംബമാണ് അയാളുടേത്. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബദ്ധപ്പെടുന്നു. ഒറ്റമുറി വീട്ടിൽ അയാളും ഭാര്യയും രണ്ടു മക്കളും വൃദ്ധയായ അമ്മയും താമസിക്കുന്നു, ഗ്രാമത്തിൽ നിന്ന് ജീവിതമാർഗം തേടി നഗരത്തിലേക്ക് കുടിയേറിയതാണ് കുടുംബം. വൈകാരികതയോ സ്തോഭജനകമായ മുഹൂർത്തമോ സിനിമയിലല്ല. എങ്കിലും, വൈകാരികാനുഭവ മുഹൂർത്തങ്ങളുണ്ട്. സാമ്പത്തിക അസമത്വവും പെരുകുന്ന തൊഴിൽരഹിത്യവും അത് സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും ഉയർത്തുന്ന സമകാലിക ലോകത്തെ വർഗരാഷ്ട്രീയത്തിന്റെ സവിശേഷത ഈ സിനിമ അടയാളപ്പെടുത്തുന്നു. വർഗവും ജാതിയും ജീവിതവ്യവസ്ഥയുടെ അടരുകളിൽ വേർപ്പെടുത്താനാവാത്തവിധം ചേർന്നിരിക്കുന്നു ഈ സിനിമയിലെ ജീവിതാഖ്യാനത്തിൽ.

സഹാന ഗോസ്വാമിയുടെ കഥാപാത്രമാണ് മനാസ് മഹാതോയുടെ ഭാര്യ പ്രൊതിമ. സാമ്പത്തിക പ്രതിസന്ധികളിൽ ഉഴലുന്ന കുടുംബത്തിന് താങ്ങാകാൻ പ്രൊതിമയും ജോലിക്ക് പോകാൻ തയ്യാറാകുന്നു. ആദ്യം സുഹൃത്ത് വഴി സമ്പന്നഗൃഹത്തിലെ സ്ത്രീക്ക് മസ്സാജ് ചെയ്യാൻ പോവുകയാണ്. മണിക്കൂറിന് ലഭിക്കുന്ന 300 രൂപ താൽക്കാലികമായി പിടിച്ചുനിൽക്കാൻ പറ്റിയ വേതനമായി അവർ മനസ്സിലാക്കുന്നു. സമ്പന്നഗൃഹത്തിലെ പുരുഷനും മസാജ് ആവശ്യപ്പെടുമ്പോൾ പ്രൊതിമ അത് നിരസിക്കുന്നു. അവർ അല്പം കൂടി അന്തസ്സ് ലഭിക്കുന്ന ഷോപ്പിംഗ് മാളിലെ വാഷ് റൂം ക്ളീനിങ് ജോലി ഏറ്റെടുക്കുന്നു. മനാസ് അതിനോട് വിസ്സമ്മതം രേഖപ്പെടുത്തുന്നുണ്ട്.

 സാമ്പത്തിക അസമത്വവും പെരുകുന്ന തൊഴിൽരഹിത്യവും അത് സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും ഉയർത്തുന്ന സമകാലിക ലോകത്തെ വർഗരാഷ്ട്രീയത്തിന്റെ സവിശേഷത സ്വിഗാറ്റോ എന്ന  സിനിമ അടയാളപ്പെടുത്തുന്നു.
സാമ്പത്തിക അസമത്വവും പെരുകുന്ന തൊഴിൽരഹിത്യവും അത് സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും ഉയർത്തുന്ന സമകാലിക ലോകത്തെ വർഗരാഷ്ട്രീയത്തിന്റെ സവിശേഷത സ്വിഗാറ്റോ എന്ന സിനിമ അടയാളപ്പെടുത്തുന്നു.

മനാസ് ബൈക്കിൽ ഡെലിവറികളുടെ എണ്ണം വർധിപ്പിക്കാൻ പരക്കം പായുകയാണ്. ഡെലിവറിക്ക് ഫൈവ് സ്റ്റാർ റേറ്റിങ്ങും ഒരു ദിവസം പത്തു ഡെലിവറിയും ചെയ്താൽ ഇൻസെന്റീവ് വർധിക്കും. ഏഴെണ്ണം വരെ മാത്രമേ മനാസിനു സാധിക്കുന്നുള്ളൂ. അതിനടിയിൽ സ്വന്തം വിശപ്പ് പോലും വിസ്മരിക്കേണ്ടിവരുകയാണ്. ഡെലിവറി ആപ്പാണ് മനാസിനെ നിയന്ത്രിക്കുന്നത്. റേറ്റിങിന് വേണ്ടിയുള്ളതാകുന്നു ജീവിതം. മനാസിന്റെയും പ്രോതിമയുടെയും രണ്ടു മക്കളും വരേണ്യർ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിക്കുന്നത്. ഒരിക്കൽ ഫുഡ് ഡെലിവറി ചെയ്യുന്നത് മനാസിന്റെ മകൾ പഠിക്കുന്ന സ്കൂളിന്റെ പ്രിൻസിപ്പലിന്റെ വീട്ടിലാണ്. മനാസ് തന്റെ മകൾ ആ സ്കൂളിൽ പഠിക്കുന്ന കാര്യം പറയുന്നു. അവളുടെ സഹപാഠി പ്രിൻസിപ്പലിന്റെ പേരമകളാണ്. വൈകീട്ട് വീട്ടിൽ വരുന്ന മകൾ, അച്ഛൻ ഡെലിവറി ബോയിയാണ് എന്നറിയിച്ചതിൽ നീരസം പ്രകടിക്കുന്നു. എന്നാൽ മനാസ്സ് ആത്മബോധമുള്ള തൊഴിലാളിയായതിനാൽ അതിൽ ഇളകുന്നില്ല. ഒരു തൊഴിലാളി നേതാവ് വർത്തമാന ഇന്ത്യയെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു ചെറിയ തൊഴിലാളി സമ്മേളനത്തിൽ മനാസ് പങ്കെടുക്കുന്നുണ്ട്. ലഘുലേഖകൾ ഡെലിവറി ബാഗിൽ അവിടെ എത്തിക്കുന്നത് മനാസാണ്.

ഡെലിവറി ചെയ്യുന്നത് വരേണ്യ ഗൃഹങ്ങളിലാണ്. ഗിഗ് തൊഴിലാളികളും സമ്പന്നരും തമ്മിലുള്ള വൈരുധ്യം പ്രകടമാക്കുന്ന അനേകം സന്ദർഭങ്ങളുണ്ട്. മകനും മകളും അവരുടെ അതേപ്രായത്തിലുള്ള സമ്പന്ന ഗൃഹങ്ങളിലെ കുട്ടികളുമായി കണ്ടുമുട്ടുന്ന രംഗങ്ങളിൽ സൂക്ഷ്മ വർഗ വ്യതിരിക്തതകളാണ് നന്ദിത ദാസ് നിശ്ശബ്ദം അടയാളപ്പെടുത്തുന്നത്. ഈ സന്ദർഭങ്ങൾ പ്രേക്ഷകമനസ്സിൽ മായാതെ കിടക്കും. പ്രൊതിമയുടെ കഥാപാത്രം അസാധാരണമായ ആത്മബോധം പ്രകടിപ്പിക്കുന്നു, അവർ അതിജീവനം ലക്ഷ്യമാക്കി സ്വയം തീരുമാനമെടുക്കുകയാണ്. അതിൽ അല്പം പോലും വൈകാരിക വിക്ഷുബ്ധത പ്രകടിപ്പിക്കുന്നില്ല. സാമ്പത്തിക സ്വാശ്രയത്വം സ്വജീവിതത്തിനും പങ്കാളിക്കും മക്കൾക്കും ആവശ്യമാണെന്ന ബോധ്യമാണ് പ്രൊതിമയ്ക്കുള്ളത്.

ഫുഡ് ഡെലിവറി കമ്പനി ഗിഗ് തൊഴിലാളികളുടെ ജീവിതത്തെ ചൂഷണം ചെയ്യുന്ന അനുഭവങ്ങൾ മനാസിന്റെയും മറ്റു തൊഴിലാളികളുടെയും അനുഭവത്തിലൂടെ പകർത്തുന്നു. നിന്ദിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന സന്ദർഭങ്ങൾ കാണിച്ചുതരുന്നു. തൊഴിലുകൾ ലഭ്യമല്ലാത്ത കാലത്ത് മനാസ് മറ്റുള്ളവർക്ക് മാതൃകയാകുന്നു. മനാസ്സിനെ പിന്തുടരുന്ന തൊഴിൽരഹിതനായ ദരിദ്ര യുവാവ് ചോദിക്കുന്നത് സൈക്കിൾ മതിയോ സ്വിഗാറ്റൊയിൽ ജോലി കിട്ടാൻ എന്നാണ്. ജീവിതവ്യവസ്ഥകൾ തകിടം മറിയ്ക്കപ്പെട്ട കാലത്തെയാണ് നന്ദിത ദാസ് അനാവരണം ചെയ്യുന്നത്.

അരക്ഷിതരായ, നിരാലംബരായ, നിയമത്തിന്റെ പിൻബലമോ സുരക്ഷിതത്വമോ ലഭ്യമല്ലാത്ത, തീർത്തും അപകടകരമായ ജീവിതോപാധി തിരഞ്ഞെടുക്കാൻ നിർബന്ധിതമായിരിക്കുന്ന രക്തദാഹിയായ മുതലാളിത്തത്തിന്റെ മടങ്ങിവരവിലാണ് ഡിജിറ്റൽ പ്ലാറ്റ്ഫോം 21-ാം നൂറ്റാണ്ടിന്റെ ആരംഭത്തിനുശേഷം രണ്ടു ദശകം പിന്നിട്ടപ്പോൾ എത്തിനിൽക്കുന്നത്.

വർധിച്ചുവരുന്ന അസമത്വവും ദാരിദ്ര്യവും. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പറ്റാതെ ഉഴറുന്ന നിരാലംബ ജീവിതം. പ്രതിസന്ധികളിൽ ജീവിതം തേടിപ്പിടിക്കാൻ ശ്രമിക്കുന്ന സ്ത്രീകൾ. കോവിഡാനന്തരം ക്ഷതമേൽക്കപ്പെട്ട മനുഷ്യജീവിതം. അവകാശവും അംഗീകാരവും ഗിഗ് തൊഴിലാളിക്ക് ലഭ്യമല്ല. ഒരു കസ്റ്റമറുടെ വ്യാജ പരാതിയിൽ മനാസിന് ജോലി നഷ്ടപ്പെടുന്നു. ജോലി നഷ്ടപ്പെടുകയെന്നാൽ ഐ.ഡി റദ്ദാക്കപ്പെടുന്നു എന്നാണർഥം. പിന്നീട് അയാൾക്ക് ഡെലിവറി നോട്ടിഫിക്കേഷൻ വരില്ല. പരാതിപ്പെടാനോ ചെറുത്തുനിൽക്കാനോ സഹപ്രവർത്തകരില്ല. സംഘടനയും ഇല്ല. ജീവിതം വീണ്ടും പ്രതിസന്ധിയിലേക്ക്.

ഇന്ത്യൻ യാഥാർഥ്യത്തിലെ വംശീയതയുടെ അടരുകൾ അനാവരണം ചെയ്യുന്ന സന്ദർഭങ്ങളും ഈ സിനിമയിലുണ്ട്. മുസ്ലിമായ ഡെലിവറി ബോയിക്ക് ക്ഷേത്രത്തിൽ കൃത്യസമയത്ത് ഭക്ഷണം എത്തിക്കാനാകുന്നില്ല. ക്ഷേത്രത്തിൽ പ്രവേശിച്ചാൽ ഗോമാതാ ആൾക്കൂട്ടം ജീവച്ഛവമാക്കുമെന്ന് അയാൾക്കറിയാം. എന്നാൽ കൃത്യസമയത്തു ഡെലിവറി ചെയ്തില്ലെങ്കിൽ റേറ്റിംഗ് കുറയും, ഇൻസെന്റീവും.

ഭക്ഷണം കഴിക്കാൻ ഒരല്പം സമയം കണ്ടെത്താൻ ശ്രമിക്കുന്ന മനാസ് മഹാതോയെ ആപ്പ് ജാഗ്രതപ്പെടുത്തുന്നു- അടുത്ത ഡെലിവറി ഏറ്റെടുക്കാൻ. ഈ ഘട്ടത്തിൽ മനാസ് പറയുന്നുണ്ട്: ‘അടിമത്തമാണിത്, പക്ഷെ യജമാനനെ കാണാനും പറ്റില്ല’. മടുപ്പിനു ഇവിടെ ഇടമില്ല; അടുത്ത ഡെലിവറിക്കായി അയാൾക്ക് ബൈക്കിൽ ഓടിയെത്തേണ്ടതുണ്ട്.
ഗിഗ് സമ്പദ് വ്യവസ്ഥയുടെ ചൂഷണസ്വഭാവത്തെയും സാമൂഹിക അന്തരത്തെയുമാണ് ഇന്ത്യയുടെ സവിശേഷ സാഹചര്യത്തിൽ സ്വിഗാറ്റൊ അനുഭവവേദ്യമാക്കുന്നത്. ഭുവനേശ്വർ നഗരത്തിലാണ് കഥ നടക്കുന്നത്. എന്നാൽ ഇത് ഇന്ത്യയിലെ ഏതു നഗരവുമാകാം.

ഷാജു വി.വിയുടെ "സൊമാറ്റോ ഡെലിവറി ബോയ്" എന്ന കവിതയിൽ ആവിഷ്കൃതമാകുന്ന അന്യവൽക്കരണത്തിന്റെ തീക്ഷ്ണാനുഭവം നമ്മുടെ സിരകളെ പിളർക്കുംവിധം ആഘാതശക്തിയുള്ളതാണ്. ഹോം ഡെലിവറിക്കായി കാത്തുനിൽക്കുന്ന സൊമാറ്റോ ഡെലിവറി ബോയിയുടെ കോവിഡ് കാലാനുഭവത്തിലൂടെ അതിജീവനത്തിന്റെ സങ്കീർണതകളാണ് കവിത അവതരിപ്പിക്കുന്നത്. മനുഷ്യസ്പർശനത്തിനായി കൊതിക്കുകയാണ് ആറു നാൾ പനിച്ചുകിടന്ന ഏകാന്തതയുടെ തടവുകാരൻ. ഏഴാം നാൾ ഏകാകിയായി ഈ മനുഷ്യൻ മറ്റൊരു മനുഷ്യന്റെ ശരീര സാമീപ്യത്തിനായി തീവ്രമായി ഇച്ഛിക്കുകയാണ്. നമ്മുടെ ഏകാന്തതയെയും ചുറ്റുമുള്ള ഒടുങ്ങാത്ത നിശ്ശബ്ദതകളെയും ഭേദിക്കാൻ കഴിവുള്ള ദൈവമാണ് അൽഗൊരിതം. അൽഗൊരിതം മനുഷ്യ മനസ്സുകളെ വായിക്കുന്നത് ദൈവത്തിനു പോലും അചിന്ത്യം.

വായിക്കാം: നിശ്ചലതയെ
ധ്യാനിക്കുന്ന
കവിതകൾ

ഷാജു വി.വിയുടെ "സൊമാറ്റോ ഡെലിവറി ബോയ്" എന്ന കവിതയിൽ ആവിഷ്കൃതമാകുന്ന അന്യവൽക്കരണത്തിന്റെ തീക്ഷ്ണാനുഭവം നമ്മുടെ സിരകളെ പിളർക്കുംവിധം ആഘാതശക്തിയുള്ളതാണ്.
ഷാജു വി.വിയുടെ "സൊമാറ്റോ ഡെലിവറി ബോയ്" എന്ന കവിതയിൽ ആവിഷ്കൃതമാകുന്ന അന്യവൽക്കരണത്തിന്റെ തീക്ഷ്ണാനുഭവം നമ്മുടെ സിരകളെ പിളർക്കുംവിധം ആഘാതശക്തിയുള്ളതാണ്.

സൊമാറ്റോ ഡെലിവറി ബോയ്ക്കായുള്ള കാത്തിരിപ്പ് തുടങ്ങുന്നതിങ്ങനെ:

‘‘മഴ കനത്ത ഈ രാത്രിയിൽ
ആരെ പ്രതീക്ഷിക്കാനാണ്?
മനസ്സിൽ കാണുന്നത്
സൊമാറ്റോ കാണും
മെയിൽബോക്സിൽ
സൊമാറ്റോ തിരയിളക്കം

പറ പറ
ആമാശയജീവി
കണ്ണടച്ചു തുറക്കുമ്പോഴെക്കെത്തും
സൊമാറ്റോ ഡെലിവറി ബോയ്’’.

ഗൂഗ്ൾ മാപ്പ് കാണിച്ചുതരുന്ന വഴി നോക്കി നോക്കി വരുന്നു സൊമാറ്റോ ഡെലിവറി ബോയ്. ഗിഗ് വ്യവസ്ഥയുടെ ഘടനയിലേക്ക് സൂക്ഷ്മവും തീക്ഷ്ണവുമായ ഒരു നോട്ടം പായിക്കുന്നുണ്ട് കവി:

‘‘ദൈവം വായ കീറുന്നു
ഏതോ കുശിനിയിൽ വേവുന്നു
സൊമാറ്റോ
ആസൂത്രണം ചെയ്യുന്നു
ഡെലിവറി ബോയ്
ഏതു പാതിരാത്രിയിലും
ഗൂഗ്ൾ ചിറകുകളിൽ പറക്കും
വിളിപ്പുറത്തുള്ള
തീറ്റ മാലാഖയായി ഒഴുകുന്നു

....

സൊമാറ്റോ
ഡോർ ഡെലിവറി ബോയ്.
ഭൂതമോ ഭാവിയോ ഇല്ല
ഇരവിലും പകലിലും
ഗൂഗ്ൾ മാപ്പിൻ
വെളിച്ചം നയിക്കും
ഡെലിവറി ബോയ്’’.

മാലാഖ വിശക്കുന്ന ആമാശയത്തിനാശ്വാസമായി പറന്നെത്തുന്ന തിരക്കിൽ അപകടത്തിൽപ്പെടുന്നു. ചെളിയിൽ കമിഴ്ന്നുവീണപ്പോഴും തന്റെ ശരീരത്തിന് പരിക്കുപറ്റിയോ എന്നല്ല നോട്ടം, ആഹാരത്തിനു പരിക്കു പറ്റിയോ എന്നാണ്. തല കല്ലിലിടിച്ചോ എന്നല്ല ഭക്ഷണപ്പൊതി സുരക്ഷിതമാണോ എന്നാണ്.

‘‘സമയകൃത്യതയുടെ മാലാഖയാണ്
സൊമാറ്റോ ഡെലിവറി ബോയ്.
ലോകം അവസാനിച്ചാലും
വാതിൽക്കലാ- ഹാര- വുമായി
പുഞ്ചിരിക്കണം
വിനീത മാലാഖ’’.

ക്ഷമാപണത്തോടെയാണ് സൊമാറ്റോ ഡെലിവറി ബോയ് ആഹാരം കൈമാറുന്നത്. ചൂടാറിയോ എന്ന ഭയമുണ്ട്. ചൂടറിയാൽ സൊമാറ്റോ ഡഡെലിവറി ബോയിയുടെ റേറ്റിങ് കുത്തനെ കുറയും. പിന്നെ പല പകലുകളും രാത്രികളും വേണം, അതൊന്നു തിരിച്ചുപിടിക്കാൻ. ഡെലിവറി ആപ്പുകളിൽ അതിന്റെതായ ശിക്ഷണ സമ്പ്രദായമുണ്ട്. റൂട്ട് വൈകിയതിന് അഞ്ചു ഡെലിവറികൾ പകുതി ഫീസിന് ഡെലിവറി ചെയ്യാനാണ് സ്വിഗാറ്റൊയിലെ മനാസ് മഹാതോയോട് ആപ്പ് ആവശ്യപ്പെടുന്നത്. അത് നിർവഹിച്ചില്ലെങ്കിൽ അധ്വാനം മുഴുവൻ വെറുതെയാകാൻ അതുമതി. ആഹാരത്തേക്കാൾ അയാൾ തേടുന്നത് ഒരുവന്റെ സ്പർശമാണ്. അയാൾ യാചിക്കുകയാണ്, തൊടലിനായി. ആമാശയത്തെക്കാൾ വിശക്കുന്ന ശരീരത്തിന്റെ വിശപ്പുമായി, ഒരു സ്പർശത്തിനായി. പനി മാറിയോ എന്നറിയാൻ നെറ്റിയിൽ ഒരു സ്പർശം. ഒരു തലോടലിൽ നഷ്ടപ്പെട്ട മനുഷ്യാനുഭൂതികൾ വീണ്ടെടുക്കപ്പെടുക്കാനാണ് ആറു നാൾ പനിച്ചുകിടന്നശേഷം അയാൾ അഭിലഷിക്കുന്നത്. സൊമാറ്റോ ഡെലിവറി ബോയ് തനിക്ക് ആപ്പ് നൽകിയ ഉത്തരവാണ് അയാളോടു പറയുന്നത്:

‘‘സ്പർശമരുത് സാർ
നിയമലംഘനമാകും
പരിക്ഷീക്കരുത്’’.

അയാൾ യാചന തുടരുകയാണ്. ഒരു സ്പർശം മാത്രം മതി. അത് ഉയിർപ്പിനേക്കാൾ അനുഭവ തീക്ഷ്ണമായിരിക്കും. ഒടുവിൽ അയാൾ തൊടലിനു വിധേയനാവുകയാണ്:

‘‘അവൻ തൊട്ടു
തന്ത നെറ്റിയിലെന്നപോലെ
മനുഷ്യന്റെ കൈ
അഞ്ചു വിരലുകൾ
ഇന്ദ്രിയമഞ്ചിലേറ്റം
ആഴത്തിൽ
തൊടുന്നത്
തൊടൽ തന്നെ’’.

ആ സ്പർശത്തിൽ അയാൾ ഉദ്‌ഭുതനായി. കണ്ണുകൾ കവിഞ്ഞൊഴുകി. അന്നേരമാണ് സൊമാറ്റോ ഡെലിവറി ബോയിയുടെ ശിരസ്സിൽ നിന്ന് ചോരയുടെ ഒഴുക്ക്. ഗൂഗ്ൾ മാപ്പിൽ ആമാശയക്കാരനെ തിരഞ്ഞുതിരഞ്ഞു വരുമ്പോൾ സൊമാറ്റോ ഡെലിവറി ബോയ് വീണിരുന്നു. കല്ലിൽ തലയിടിച്ചിരുന്നു. ശിരസ്സ് മുറിഞ്ഞിരുന്നു. പക്ഷെ ആപ്പിന്റെ കൃത്യത പാലിക്കാൻ ബാധ്യതപ്പെട്ട ഡെലിവറി ബോയ് തന്റെ കൃത്യനിർവഹണത്തിൽ അമാന്തത വരുത്തുകയില്ല. ഒരു സ്പർശത്തിനായി യാചിച്ച അയാളുടെ നെഞ്ചിലേക്കാണ് ഡെലിവറി ബോയ് വീണത്:

കൂടിയ ജോലി സമയം, കുറഞ്ഞ വേതനം, ജോലി നഷ്ടപ്പെടുമോ എന്ന ഭയം, ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന അരക്ഷിതാവസ്ഥ എന്നിവയെല്ലാം ഗിഗ് തൊഴിലാളികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു
കൂടിയ ജോലി സമയം, കുറഞ്ഞ വേതനം, ജോലി നഷ്ടപ്പെടുമോ എന്ന ഭയം, ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന അരക്ഷിതാവസ്ഥ എന്നിവയെല്ലാം ഗിഗ് തൊഴിലാളികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു

‘‘എന്റെ നെഞ്ചിലേക്കവൻ
കുഴഞ്ഞുവീണു.
ആമാശയത്തിലേക്കുള്ള
ഗൂഗിൾ മാപ്പ് പോരാ
ആശുപത്രിയവിടെയാണ്?’’

കൂടിയ ജോലി സമയം, കുറഞ്ഞ വേതനം, ജോലി നഷ്ടപ്പെടുമോ എന്ന ഭയം, ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന അരക്ഷിതാവസ്ഥ (precarity) എന്നിവയെല്ലാം അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. അരക്ഷിതരായ നിരാലംബരായ നിയമത്തിന്റെ പിൻബലമോ സുരക്ഷിതത്വമോ ലഭ്യമല്ലാത്ത തീർത്തും അപകടകരമായ (precarious) ജീവിതോപാധി തിരഞ്ഞെടുക്കാൻ നിർബന്ധിതമായിരിക്കുന്ന രക്തദാഹിയായ (vampire) മുതലാളിത്തത്തിന്റെ മടങ്ങിവരവിലാണ് ഡിജിറ്റൽ പ്ലാറ്റ്ഫോം 21-ാം നൂറ്റാണ്ടിന്റെ ആരംഭത്തിനുശേഷം രണ്ടു ദശകം പിന്നിട്ടപ്പോൾ എത്തിനിൽക്കുന്നത്. വിർച്വൽ മുതലാളിത്തം Precarity- യെ അദൃശ്യവൽക്കരിച്ചിരിക്കുന്നു. ദരിദ്രർ- നിരാലംബർ- അങ്ങനെയുള്ളവർ ഇപ്പോഴുമുണ്ടോ? ആപ്പുകളുടെ സ്ക്രീൻ ഇന്റർഫേസിൽ തെളിയാത്തതൊന്നും യാഥാർഥ്യമല്ല. നിർമാർജ്ജനം ചെയ്യപ്പെട്ട ദരിദ്രർ ഉയിർത്തെഴുനേൽക്കുക സ്ക്രീൻ സ്‌പേസിൽ ആയിരിക്കുകയില്ല, അൽഗോരിതത്തിനും അത് നിശ്ചയമുണ്ടാകില്ല.

(അവസാനിക്കുന്നില്ല).

Comments