ദാപാട എന്ന
ഗ്രാമത്തിൽനിന്ന്
ഡേറ്റ സെന്ററുകളിലേയ്ക്ക്

ആഗോളതലത്തിൽ ഓളമുണ്ടാക്കിക്കൊണ്ടിരിക്കുന്ന AI ഡേറ്റ സെന്ററുകൾ നിർമിക്കാൻ ഇന്ത്യ ആവേശത്തോടെ ഇറങ്ങുമ്പോൾ, ദാദ്രാ- നഗർ ഹവേലിയുടെ ഭാഗമായ ദാപാട ഗ്രാമത്തിന്റെ അനുഭവത്തിലേക്ക് ഒരു യാത്ര. ലീഷ മഞ്ജു എഴുതുന്ന കോളം തുടരുന്നു.

ദൂരങ്ങളെക്കാളും വേഗത്തിൽ കാലങ്ങളിലൂടെ സഞ്ചരിക്കുന്നതു പോലെയാണ് പല ട്രെയിൻ യാത്രകളും അനുഭവപ്പെടുക; പ്രത്യേകിച്ച് ഇന്ത്യയിലെ ഉൾനാടുകളിലെത്തുമ്പോൾ.

മുംബൈയിൽ നിന്ന് വാപി വഴി ദാപാട ഗ്രാമത്തിലെത്തിയപ്പോഴും അങ്ങനെത്തന്നെ തോന്നി. തിങ്ങിനിറഞ്ഞ മനുഷ്യരും കെട്ടിടങ്ങളും, ട്രാഫിക് ബഹളങ്ങളും, കണ്ണുകടക്കാത്ത രീതിയിൽ ചുറ്റുപാടും നിറയുന്ന കാഴ്ച്ചയുടെ ആരവങ്ങളും- എല്ലാം കടന്ന് എത്തിയത് തുറന്ന, നിശ്ശബ്ദമായ ഭൂമിയിലേക്കാണ്; വെറും 30 കിലോമീറ്റർ സഞ്ചരിച്ചപ്പോൾ.

രണ്ടു വശത്തും നിരത്തി പണിത കടകളും വീടുകളുമുള്ള മെയിൻ റോഡ് വിട്ടാൽ പിന്നെ ചുവപ്പു കലർന്ന തവിട്ടു മണ്ണിന്റെ വിശാലത. വഴിയുടെ കുറുകെ ഒഴുകുന്ന ദാമൻഗംഗ നദിയുടെ കൈവഴി. കടുത്ത നിറങ്ങളിൽ സാരി വാരിയുടുത്ത സ്ത്രീകൾ, പൊടിപിടിച്ച് ഇളം ചുവപ്പായ വെള്ള ദോത്തിയും കുപ്പായവുമായി പ്രായമായ ആണുങ്ങൾ. മാറുന്ന നാടിന്റെ കാഴ്ചയായി മോഡേൺ വേഷത്തിൽ ചെറുപ്പക്കാർ.

മഹാരാഷ്ട്ര, ഗുജറാത്ത് അതിർത്തി പങ്കിടുന്ന കേന്ദ്രഭരണപ്രദേശമായ ദാദ്രാ- നഗർ ഹവേലിയുടെ ഭാഗമാണ് ദാപാട ഗ്രാമം. 83% തദ്ദേശീയരും ആദിവാസി സമുദായക്കാർ; കൂടുതലും വാർളി, കോകണ ഗോത്രക്കാർ. 60% മാത്രമാണ് രേഖകളിലെ ശരാശരി സാക്ഷരത, പക്ഷെ എഴുതാനും വായിക്കാനും അറിയുന്നവർ അതിലും എത്രയോ താഴെ.


READ: വീട്ടിൽനിന്ന്
പുറത്താക്കപ്പെട്ട
സ്ത്രീകൾ

ദുരന്തനിവാരണം എന്ന ദുരന്തം;
കാഠ്‌മണ്ഡു മുതൽ കേരളം വരെ

ദിവസക്കൂലിയും പശുവളർത്തലും ചെറു കൃഷികളുമാണ് ജീവിതോപാധി. ഇവിടുത്തെ കർഷകരിൽ 92.76% പേരും ദുർബല വിഭാഗങ്ങളിൽ പെട്ടവരാണ്. ജലസേചനം, ആധുനിക കൃഷിരീതികൾ, ഇതൊന്നും എത്തിയിട്ടില്ല. ഒറ്റ നോട്ടത്തിൽ, അതിസാധാരണമായ ഒരു അവികസിത ഗ്രാമമേഖല.

ചരിത്രം നോക്കിയാൽ പക്ഷെ തകർപ്പനാണ്.

ഈ നാട്ടിലെ കോലി വംശ പ്രഭുക്കന്മാരെ 1262-ൽ, രാജസ്ഥാനിൽ നിന്നുള്ള റാം സിംഗ് എന്ന രജപുത്ര രാജകുമാരൻ പരാജയപ്പെടുത്തുന്നതോടെയാണ് ദാദ്ര- നഗർ ഹവേലിയുടെ അറിയപ്പെടുന്ന ചരിത്രം ആരംഭിക്കുന്നത്. ഇപ്പോഴത്തെ ധരംപൂർ ആയ രാംനഗറിന്റെയും ചുറ്റുമുള്ള പ്രദേശങ്ങളുടെയും ഭരണാധികാരിയായി 'മഹാറാണ'യായി സ്വയം അവരോധിച്ചു, റാം സിംഗ്. പിന്നീട് മറാഠാ ശക്തിയുടെ വളർച്ചയോടെ, ശിവജി മഹാരാജ് രാംനഗറിനെ പിടിച്ചടക്കി.

1772-ൽ മറാഠ നാവികസേന പോർച്ചുഗീസ് കപ്പലിന് വരുത്തിയ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായി, 1779-ൽ ഒപ്പുവെച്ച സൗഹൃദ ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ് പോർച്ചുഗീസുകാർക്ക് നഗർ ഹവേലി പ്രദേശം ലഭിക്കുന്നത്. പിന്നീട് പോർച്ചുഗീസുകാർ ദാദ്ര വിലയ്ക്ക് വാങ്ങുകയും അത് ‘പോർച്ചുഗീസ് സ്റ്റേറ്റ് ഓഫ് ഇന്ത്യ’യോട് കൂട്ടിച്ചേർക്കുകയും ചെയ്തു. 1954-ൽ ഇന്ത്യൻ യൂണിയന്റെ പിന്തുണയുള്ള സ്വാതന്ത്ര്യസമരസേനാനികൾ ദാദ്രയും നഗർ ഹവേലിയും പിടിച്ചെടുക്കുന്നതുവരെ പോർച്ചുഗീസ് ഭരണം തുടർന്നു.

കൃഷികൾ നിർത്തിവച്ച വിശാലമായ ഭൂമിയിൽ, അങ്ങിങ്ങായി നിൽക്കുന്ന മരങ്ങൾക്കിടയിൽ, മണ്ണു തേച്ച ഭിത്തിയും ചാണകം മെഴുകിയ മുറ്റവുമുള്ള വീടുകളുടെ ഇടയിൽ, വെള്ളയടിച്ച ഭീമാകാരങ്ങളായ ചതുരപ്പെട്ടികൾ ഇടയ്ക്കിടെ കാണാം.

ഒരു ദിവസത്തേയ്ക്ക് ഒരു പ്രധാനമന്ത്രിയെ കിട്ടിയ പ്രദേശം കൂടിയാണ് ഇവിടം. 1961-ൽ ഗോവ, ദാമൻ, ദിയു എന്നിവ പിടിച്ചെടുക്കാനുള്ള ഇന്ത്യൻ സൈനിക നീക്കങ്ങൾക്കിടയിൽ IAS ഉദ്യോഗസ്ഥനായ കെ.ജി. ബദ്‌ലാനിയെ ഒരു ദിവസത്തേക്ക് ദാദ്ര- നഗർ ഹവേലിയുടെ 'പ്രധാനമന്ത്രി'യായി നിയമിച്ചു. ഭരണത്തലവൻ എന്ന നിലയിൽ അദ്ദേഹം അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവുമായി കരാറിൽ ഒപ്പിടുകയും ദാദ്ര- നഗർ ഹവേലിയെ ഔദ്യോഗികമായി ഇന്ത്യൻ റിപ്പബ്ലിക്കിൽ ലയിപ്പിക്കുകയും ചെയ്തു.


READ: ദുരന്തനിവാരണം എന്ന ദുരന്തം;
കാഠ്‌മണ്ഡു മുതൽ കേരളം വരെ

2019-ൽ, ദാദ്ര- നഗർ ഹവേലിയെ സമീപത്തുള്ള ദാമൻ, ദിയു കേന്ദ്രഭരണ പ്രദേശവുമായി ലയിപ്പിച്ച് "ദാദ്ര ആന്റ് നഗർ ഹവേലി ആന്റ് ദാമൻ ആന്റ് ദിയു" എന്ന ഒറ്റ കേന്ദ്രഭരണപ്രദേശമാക്കുന്നതിനുള്ള നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കി.

ഈ സംഭവബഹുലമായ ചരിത്രത്തിന്റെ നേരെ വിപരീതമായ വൈബ് തരുന്ന, ഉറക്കച്ചടവ് മാറാത്ത ഒരു ഗ്രാമമായി തോന്നും ദാപാട. ഇപ്പോഴും ശരിയായ റോഡോ വാഹനസൗകര്യമോ ഇല്ലാത്ത ഉൾഗ്രാമങ്ങളിൽ നിന്ന് പഠിക്കാനെത്തുന്ന പെൺകുട്ടികൾക്കുവേണ്ടി നടത്തുന്ന ബോർഡിംഗ് സ്കൂളിന്റെ അസ്സെസ്സ്മെന്റിന് പോയതാണ്; സ്ഥാപനത്തിന്റെ 25-ാം വാർഷികത്തിനു മുന്നോടിയായി.

“അന്നൊക്കെ ബോർഡിംഗ് നടത്താൻ എളുപ്പമായിരുന്നു, ആവശ്യമുള്ളതൊക്കെ ഈ നാട്ടിൽ നിന്നു തന്നെ കിട്ടും’’; ആദ്യ കാലങ്ങളെക്കുറിച്ചു പറഞ്ഞപ്പോൾ ഡയറക്ടർ കുമുദിനി ഇടയ്ക്ക് പറഞ്ഞു: “കുട്ടികൾ കുളിക്കുന്നതും നനയ്ക്കുന്നതും എല്ലാം ഈ നദിയിലായിരുന്നു, ഈ വെള്ളം തന്നെ കൊണ്ടുവന്നു തിളപ്പിച്ചാണ് കുടിച്ചിരുന്നത്”.

നോക്കിയപ്പോൾ ഇരുണ്ട നീല വെള്ളം ചാലു പോലെ ഒഴുകുന്ന പുഴ.

‘ഇതിലാണോ കുട്ടികളെ ഇറക്കിയത്?’ എന്ന ചോദ്യത്തോടെയുള്ള നോട്ടത്തിനു അവർ മറുപടി തന്നു: “അന്നൊക്കെ ഇത് തെളിനീരു പോലെയായിരുന്നു. ഈ നാടിന്റെ മൊത്തം ജീവിതം പുഴയെ ആശ്രയിച്ചായിരുന്നു. ഇതിൽനിന്നുള്ള വെള്ളം കൊണ്ടായിരുന്നു ഇവിടുത്തെ പച്ചക്കറികൃഷിയും നെൽകൃഷിയുമെല്ലാം’’.

കൂടെയുണ്ടായിരുന്ന ബോർഡിംഗ് വാർഡൻ കൂട്ടിച്ചേർത്തു, “ഇപ്പോൾ ഈ വെള്ളത്തിലിറങ്ങിയാൽ ദേഹം ചൊറിയും, ചുറ്റുമുണ്ടായിരുന്ന കൃഷികൾ മുഴുവൻ നശിച്ചു, പച്ചക്കറികൾ പോലും പുറത്തുന്നു വരണം.”

“ഈ ഫാക്ടറികൾ വന്നതോടെയാണ് ഇതൊക്കെ ഇങ്ങനെയായത്,” രണ്ടാൾ പൊക്കത്തിൽ മതിലും അതിന്റെ മുകളിൽ മുള്ളുവേലിയും പിടിപ്പിച്ച, പേരോ മറ്റു വിവരങ്ങളോ ഒന്നും എഴുതിയിട്ടില്ലാത്ത വലിയൊരു ഫാക്ടറി ചൂണ്ടിക്കൊണ്ട് കുമുദിനി പറഞ്ഞു.

കൃഷികൾ നിർത്തിവച്ച വിശാലമായ ഭൂമിയിൽ, അങ്ങിങ്ങായി നിൽക്കുന്ന മരങ്ങൾക്കിടയിൽ, മണ്ണു തേച്ച ഭിത്തിയും ചാണകം മെഴുകിയ മുറ്റവുമുള്ള വീടുകളുടെ ഇടയിൽ, വെള്ളയടിച്ച ഭീമാകാരങ്ങളായ ചതുരപ്പെട്ടികൾ ഇടയ്ക്കിടെ കാണാം. പ്ലാസ്റ്റിക്‌, കെമിക്കൽസ്, സോപ്പ് തുടങ്ങിയവയുടെ ഫാക്ടറികൾ ആണ്. കൃത്യം വിവരങ്ങൾ ആർക്കും അറിയില്ല. “ഗേറ്റിനകത്ത് പ്രവേശിക്കരുത്” എന്നൊരു ബോർഡ് മാത്രമുണ്ട്.

മഹാരാഷ്ട്ര, ഗുജറാത്ത് അതിർത്തി പങ്കിടുന്ന കേന്ദ്രഭരണപ്രദേശമായ ദാദ്രാ- നഗർ ഹവേലിയുടെ ഭാഗമാണ് ദാപാട ഗ്രാമം.
മഹാരാഷ്ട്ര, ഗുജറാത്ത് അതിർത്തി പങ്കിടുന്ന കേന്ദ്രഭരണപ്രദേശമായ ദാദ്രാ- നഗർ ഹവേലിയുടെ ഭാഗമാണ് ദാപാട ഗ്രാമം.

1971-ൽ കേന്ദ്രഭരണ പ്രദേശത്തെ വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന പ്രദേശമായി പ്രഖ്യാപിക്കുകയും വ്യവസായ യൂണിറ്റുകൾക്ക് ക്യാഷ് സബ്‌സിഡി ഉയർത്തി വേഗത്തിലുള്ള വ്യവസായ വികസനത്തിന് വഴിവെക്കുകയും ചെയ്തു. ആ പദ്ധതി 1988-ൽ അവസാനിപ്പിച്ചെങ്കിലും പിന്നീട് വിൽപ്പന നികുതി ഇളവ് ലഭിച്ചു. ഇത്തരം നികുതിയിളവുകൾ കാരണം ഈ മേഖലയിലുണ്ടായ വ്യാവസായികവൽക്കരണത്തിന്റെ ഭാഗമാണ് ഈ കൂറ്റൻ ഫാക്ടറികൾ.


READ: കക്കൂസ്;
ഒരു മറയില്ലാക്കഥ

നികുതിയിളവുകൾ മാത്രമല്ല ഇങ്ങനെ കൂണുകൾ പോലെ ഫാക്ടറികൾ ഉണ്ടാവാൻ കാരണം. അവർ പുറന്തള്ളുന്ന മലിന്യങ്ങൾ, ജലവും പുകയും മറ്റുള്ളവയും, പരിശോധിക്കാനോ നിയന്ത്രിക്കാനോ ഈ ഉൾപ്രദേശത്ത് ആരും വരില്ലെന്ന ധൈര്യവുമുണ്ട്. ‘വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത’ നാട്ടുകാരെ പിന്നെ പേടിക്കേണ്ടല്ലോ. മാലിന്യ സംസ്കരണത്തിനായി ചെലവഴിക്കേണ്ട വലിയൊരു തുക ലഭിക്കുകയും ചെയ്യാം.

“അതെല്ലാം നേരെ പുഴയിലെയ്ക്കാണ് ഒഴുക്കുന്നത്,” കുമുദിനി വിവരിച്ചു. “എന്തെല്ലാം കെമിക്കൽസ് ഇതുവഴി ഒഴുകുന്നുണ്ടെന്നു ആർക്കറിയാം, എത്ര നാൾ ഈ പുഴ ഉണ്ടാകുമെന്നും.”

പുഴയിൽ രാസവസ്തുക്കൾ നിറഞ്ഞതോടെ വല്ല കാലത്തും വെള്ളമെത്തുന്ന ഗവണ്മെന്റ് വാട്ടർ സപ്ലൈ ആശ്രയിക്കേണ്ടിവന്നു അന്നാട്ടുകാർക്ക്‌. അല്ലെങ്കിൽ ദൂരെയുള്ള കിണറുകളിൽനിന്ന് കോരിയെടുക്കുന്ന വെള്ളം. പുഴയെ ആശ്രയിച്ചിരുന്ന കൃഷികൾ ഇല്ലാതായി. മരുന്നടിച്ച പച്ചക്കറികളും ധാന്യങ്ങളും അടുത്തുള്ള ടൗൺ വഴി എത്തിത്തുടങ്ങി. സ്വന്തമായ ഭക്ഷണഉത്പാദനം പഴകിയ ഓർമയായി. തീരാത്ത ആരോഗ്യപ്രശ്നങ്ങൾ പരക്കെയായി. വാപിയിലെ പ്രൈവറ്റ് ഹോസ്പിറ്റലിലെയ്ക്ക് ഷട്ടിൽ ഓടാൻ തുടങ്ങി, ജീപ്പുകൾ.

“എന്താണ് ആരും ഇതിനെക്കുറിച്ച് സംസാരിക്കുകയോ എതിർക്കുകയോ ചെയ്യാത്തത്?” ചോദ്യം കേട്ടപ്പോൾ വാർഡൻ പുച്ഛത്തോടെയാണ് ചിരിച്ചത്.

“ആരേ, എങ്ങനെ എതിർക്കാൻ? ഇതിന്റെയൊക്കെ ഉടമസ്ഥർ മുംബൈ, അല്ലേൽ ഗുജറാത്തിലെ വമ്പന്മാർ. അവരെ എവിടെപ്പോയി കാണാനാണ്? ഇതിനകത്ത് നമ്മൾക്ക് കയറാൻ പോലും പറ്റില്ലല്ലോ. പോരാഞ്ഞ് ചെറുപ്പക്കാർ ഇവരുടെ കൂടെയല്ലേ.”

ഇവിടങ്ങളിൽ ഫാക്ടറികൾ പൊങ്ങുന്നതിന് വേറൊരു കാരണം ചീപ് ലേബർ ആണ്. അക്ഷരാഭ്യാസമില്ലാത്ത മദ്ധ്യവയസ്കരെയും വിദ്യാഭ്യാസമുപേക്ഷിച്ച ചെറുപ്പക്കാരെയും ഇഷ്ടം പോലെ കിട്ടും, തീരെ കുറഞ്ഞ ദിവസക്കൂലിക്ക്. യാതൊരു തൊഴിൽ നിയമങ്ങളും ആനുകൂല്യങ്ങളും തൊഴിൽശാലാസുരക്ഷയും ബാധകമല്ലാത്ത കൂലിവേലക്കാർ. റിപ്പോർട്ടിലാണെങ്കിലോ, നാട്ടുകാർക്ക് ജോലി കൊടുത്തതിന്റെ സാമൂഹ്യ പ്രതിബദ്ധതയും.

ചെറുപ്പത്തിൽത്തന്നെ കയ്യിൽ കുറച്ച് പണം കിട്ടുമെന്ന പ്രലോഭനത്തിൽ ഗ്രാമത്തിലെ മിക്കവാറും ചെറുപ്പക്കാർ ഹൈസ്കൂലെത്തുമ്പോഴേ പഠനം ഉപേക്ഷിക്കും.

“കമ്പനികൾ ആദ്യം തന്നെ അവർക്ക് ഓരോ ബൈക്കും മൊബൈൽ ഫോണും കൊടുക്കും, പിന്നീട് ശമ്പളത്തിൽനിന്ന് പിടിക്കാമെന്ന വ്യവസ്ഥയിൽ. അതോടെ മിക്കവാറും ആൺകുട്ടികൾ അവർക്കൊപ്പമാകും.” വാർഡൻ അന്നാട്ടുകാരിയാണ്‌. ആ ജനങ്ങളുടെ ജീവിതമാറ്റം നേരെ കണ്ടയാൾ.

പിന്നാക്കവിഭാഗങ്ങളുടെ വരുമാനവും ജീവിതനിലവാരവും വർദ്ധിപ്പിക്കുന്നതിന് വ്യവസായവൽക്കരണം സഹായിച്ചിട്ടുണ്ട് എന്നൊക്കെ വായിക്കപ്പെടുമ്പോൾ അവയുണ്ടാക്കുന്ന സാമൂഹ്യ- പാരിസ്ഥിതിക-ആരോഗ്യ പ്രത്യാഘാതങ്ങൾ നമ്മൾ കണക്കാക്കുന്നില്ല.

വിവേകമില്ലാത്ത പ്രായത്തിൽ പൈസയും ബൈക്കും ആകുന്നതോടെ ചെറുപ്പക്കാർ പതിയെ മദ്യപാനം, മയക്കുമരുന്ന് ഇവയിലേക്കു വഴുതിവീഴും.

“ഇവിടെ ചുറ്റുപാടും ഇതൊക്കെ കിട്ടും, പോരാത്തതിന് കൂട്ടുകാരുടെ സമ്മർദവും,” കുമുദിനി നിസ്സഹായതയോടെ പറഞ്ഞു.

പ്രാഥമിക വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത കുട്ടികൾക്ക് ജീവിതകാലം മുഴുവൻ ഇങ്ങനെ കുറഞ്ഞ കൂലിക്ക് പണിയേണ്ടിവരുമെന്ന് ആലോചിക്കാനുള്ള സാമാന്യബോധമില്ല. കൂടിവരുന്ന ജീവിതച്ചെലവുകൾ എല്ലാ കാലത്തും ഇവരെ പിൻവാതിലിൽ തന്നെ നിർത്തുമെന്നും.

READ: ഒറ്റയ്ക്ക്, പാതിരാത്രി, അപരിചിതർക്കിടയിൽ ഒരു സ്ത്രീ…

ഫലത്തിൽ, പരമ്പരാഗത ജീവിതമാർഗങ്ങൾ അടഞ്ഞ, ശുദ്ധജലം പോലും ലഭിക്കാത്ത, അനാരോഗ്യവും പട്ടിണിയും തകർത്ത, ദുശ്ശീലത്തിനടിമപ്പെട്ട ചെറുപ്പക്കാർ നിറഞ്ഞ ഒരു നാടായി മാറി ദാപാട.

പിന്നാക്കവിഭാഗങ്ങളുടെ വരുമാനവും ജീവിതനിലവാരവും വർദ്ധിപ്പിക്കുന്നതിന് വ്യവസായവൽക്കരണം സഹായിച്ചിട്ടുണ്ട് എന്നൊക്കെ വായിക്കപ്പെടുമ്പോൾ അവയുണ്ടാക്കുന്ന സാമൂഹ്യ- പാരിസ്ഥിതിക-ആരോഗ്യ പ്രത്യാഘാതങ്ങൾ നമ്മൾ കണക്കാക്കുന്നില്ല. കയ്യിൽ കിട്ടുന്ന പണം കൂടിയെങ്കിലും ഈ പ്രശ്നങ്ങൾ ആത്യന്തികമായി മനുഷ്യരെ പിന്തള്ളിക്കൊണ്ടേയിരിക്കും എന്നത് കണക്കിൽപെടുത്തുന്നില്ല. ആരുടെ ചെലവിൽ ആർക്കാണ് മുന്നേറ്റം എന്നതും.

ഇപ്പോൾ ആഗോളതലത്തിൽ ഓളമുണ്ടാക്കിക്കൊണ്ടിരിക്കുന്ന AI ഡേറ്റ സെന്ററുകൾ നിർമിക്കാൻ ഇന്ത്യ ആവേശത്തോടെ ഇറങ്ങുമ്പോൾ ദാപാട പോലുള്ള അനേകം ഗ്രാമങ്ങളുടെ അനുഭവങ്ങൾ കണ്ണടച്ചുതള്ളുന്നത് ആത്മഹത്യാപരമാണ്.

പരമ്പരാഗത ജീവിതമാർഗങ്ങൾ അടഞ്ഞ, ശുദ്ധജലം പോലും ലഭിക്കാത്ത, അനാരോഗ്യവും പട്ടിണിയും തകർത്ത, ദുശ്ശീലത്തിനടിമപ്പെട്ട ചെറുപ്പക്കാർ നിറഞ്ഞ ഒരു നാടായി മാറി ദാപാട.
പരമ്പരാഗത ജീവിതമാർഗങ്ങൾ അടഞ്ഞ, ശുദ്ധജലം പോലും ലഭിക്കാത്ത, അനാരോഗ്യവും പട്ടിണിയും തകർത്ത, ദുശ്ശീലത്തിനടിമപ്പെട്ട ചെറുപ്പക്കാർ നിറഞ്ഞ ഒരു നാടായി മാറി ദാപാട.

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഈ ഓഗസ്റ്റിൽ രാജ്യസഭയിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം, ഇന്ത്യയുടെ ഡേറ്റാ സെന്റർ ശേഷി 2020-ലെ 375 മെഗാവാട്ടിൽനിന്ന് 2026-ൽ ഏകദേശം 1,575 മെഗാവാട്ടായി ഉയർന്നു. ഈ വളർച്ച മുന്നോട്ട് അതിവേഗത്തിലാകും; പ്രത്യേകിച്ചും പല ലോക രാഷ്ട്രങ്ങളിലും ഇവയ്ക്കെതിരെ കർശനമായ പരിധികൾ വെയ്ക്കുമ്പോൾ.

READ: പൊരുത്തമില്ലാത്ത ജീവിതത്തോട് പൊരുതുന്ന സുനിത

ആണളവുകൾ; കാന്ധ്വാ മുതൽ പൊൻകുന്നം വരെ

വെറും കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും മാത്രമല്ല ഇവയ്ക്കുവേണ്ടത്. ഡാറ്റാ സെന്ററുകൾ വലിയ തോതിൽ ചൂട് പുറത്തുവിടുന്നതിനാൽ തുടർച്ചയായ കൂളിംഗ് സംവിധാനം ആവശ്യമാണ്. അതിനായി ഉയർന്ന അളവിൽ വൈദ്യുതിയും ജലവും ഇവ വിനിയോഗിക്കും.

വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ സർവേ പ്രകാരം, ആഗോളതലത്തിൽ ഡേറ്റാ സെന്ററുകളുടെ വികസനത്തിന് പ്രാദേശിക സമൂഹങ്ങളിൽ നിന്ന് ശക്തമായ എതിർപ്പ് നേരിടേണ്ടിവരുമെന്ന് 79% ചീഫ് ഇക്കണോമിസ്റ്റുകളും പ്രതീക്ഷിക്കുന്നു.

“കമ്പനികൾ ആദ്യം തന്നെ അവർക്ക് ഓരോ ബൈക്കും മൊബൈൽ ഫോണും കൊടുക്കും, പിന്നീട് ശമ്പളത്തിൽനിന്ന് പിടിക്കാമെന്ന വ്യവസ്ഥയിൽ. അതോടെ മിക്കവാറും ആൺകുട്ടികൾ അവർക്കൊപ്പമാകും.”

അനേകം ജനങ്ങളെയും പരിസ്ഥിതിയെയും ബാധിക്കുന്ന ഈ വ്യവസായത്തിന് കൃത്യമായ മാർഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളും മുന്നോട്ട് വച്ച വികസനരേഖയിൽ ടെക്നോളജി ഭീമന്മാരായ അമേരിക്ക, യുകെ, ചൈന തുടങ്ങിയർ ഒപ്പു വെക്കാത്തതും വെറുതെയല്ല.

എന്നാൽ, ഇന്ത്യ ഇതിനെ ലാഘവത്തോടെയാണ് കാണുന്നത്.

2026 ഓഗസ്റ്റ് ആറിന് രാജ്യസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിൽ, 2006-ലെ വിജ്ഞാപന പ്രകാരം AI ഡേറ്റാ സെന്ററുകൾക്കുമാത്രമായി പ്രത്യേക പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വ്യക്തമാക്കി.

പ്രാദേശിക തലത്തിൽ ഇത്തരം ഭീമാകാരങ്ങളായ പദ്ധതികളുണ്ടാക്കാവുന്ന ദീർഘകാല ആഘാതങ്ങൾ കൃത്യമായി തിട്ടപ്പെടുത്താതെ, താൽക്കാലിക സാമ്പത്തികലാഭം മാത്രം ഫോക്കസ് ചെയ്യുന്നത് വിഡ്ഢിത്തമാണ്. സാമ്പത്തിക നേട്ടം നോക്കിയാൽ പോലും പരിസ്ഥിതി- ആരോഗ്യ മേഖലകളിൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ ഈ നേട്ടത്തെ നിഷ്ഫലം ആക്കാനുള്ള സാധ്യതയും കൂടുതലാണ്.

അതും പോരാഞ്ഞ്, ഡിമാൻഡ് വർദ്ധിക്കുമ്പോൾ വൈദ്യുതി, ജലം തുടങ്ങിയ അവശ്യവിഭവങ്ങളുടെ ക്ഷാമവും, അത് സൃഷ്ടിക്കുന്ന നിരക്ക് വർദ്ധനയും കണക്കാക്കാതെ വയ്യ. ഇത് സാധാരണക്കാരായ തദ്ദേശീയർക്ക് വരുത്തുന്ന സാമ്പത്തിക ഭാരം ചെറുതാവില്ല. അതും, 2030-ഓടെ രാജ്യത്തെ ജലലഭ്യതയേക്കാൾ 70% വരെ ആവശ്യകത വർദ്ധിച്ചേക്കാമെന്ന് പ്രവചനങ്ങൾ സൂചിപ്പിക്കുമ്പോൾ. രാജ്യം ചരിത്രത്തിലെ ഏറ്റവും കടുത്ത കുടിവെള്ള പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നും, 60 കോടിയോളം ജനങ്ങൾ തീവ്ര ജലക്ഷാമം അനുഭവിച്ചുവരികയാണെന്നും നിതി ആയോഗ് റിപ്പോർട്ട് വ്യക്തമാക്കുന്നു. അങ്ങനെയുള്ള നാട്ടിലാണ് നമ്മുടെ ജല- വൈദ്യുതി വിഭവങ്ങൾ അങ്ങേയറ്റം വലിച്ചെടുക്കുന്ന ഡേറ്റ സെന്ററുകൾ സാധാരണ ഏതൊരു വ്യവസായത്തെയും പോലെ കണക്കാക്കി നിഷിപ്ത താല്പര്യങ്ങൾക്ക് കുട പിടിക്കുന്നത്‌.

READ: പതി- സർപഞ്ച്: ഒരു ഇന്ത്യൻ ജനാധിപത്യ അപാരത

ചാരായം: ഒരു സാമൂഹ്യ- സാംസ്കാരിക രുചിനോട്ടം

78% ചീഫ് ഇക്കണോമിസ്റ്റുകളും ഡേറ്റാ സെന്ററുകളിലെ നിക്ഷേപം ആഗോള വളർച്ചയ്ക്ക് കാര്യമായ സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നു; അതേസമയം ഈ വികസനം വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കുമെന്നും അവർ കരുതുന്നു. കൂടാതെ, വെള്ളത്തിന്റെ നിരക്ക് ഉയർന്നേക്കുമെന്നും കണക്കാക്കുന്നു.

2031-32 ഓടെ ഡാറ്റാ സെന്ററുകളുടെ വൈദ്യുതി ആവശ്യകത ഏകദേശം 17 ഗിഗാവാട്ടിൽ (GW) എത്തിയേക്കാമെന്ന് സെൻട്രൽ ഇലക്‌ട്രിസിറ്റി അതോറിറ്റി കണക്കാക്കുന്നു. ഇത്രയും വൈദ്യതി അധികമായി ഉത്പാദിപ്പിക്കാനുള്ള സംവിധാനവും, ജലദൗർലഭ്യം വരാതിരിക്കാനുള്ള മുൻകരുതലും, കൃത്യമായ പരിസ്ഥിതി- തൊഴിൽ സംരക്ഷണത്തിനുള്ള നയരൂപീകരണവും പ്രാബല്യത്തിലാക്കിയിട്ടു മാത്രമേ ഇത്തരം പദ്ധതികൾ നടപ്പാക്കാവൂ. അല്ലെങ്കിൽ രാജ്യമൊട്ടാകെ ദാപാടകളുടെ വിപുലമായ മാതൃകകൾ സൃഷ്ടിക്കപ്പെടും.


Summary: As India accelerates the construction of AI data centers, Leesha Manju explores the impact on Dapada village in Dadra and Nagar Haveli, Leesha Manju's column continues.


ലീഷ മഞ്ജു

എഴുത്തുകാരി. സാമൂഹിക വികസനത്തില്‍ കണ്സള്‍ട്ടന്റ്. വിവിധ ദേശീയ- അന്തര്‍ദേശീയ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. Social Impact Assessment, Result Based Management, Development Communication തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം. വിവിധ സാമൂഹിക വിഷയങ്ങളില്‍ ഡോക്യുമെന്ററികള്‍ ചെയ്തിട്ടുണ്ട്.

Comments