2026 ജൂലൈയിൽ, മഹാരാഷ്ട്രയിൽനിന്ന് അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു വാർത്തയുണ്ടായിരുന്നു: മഹാരാഷ്ട്ര നിയമസഭ 'മഹാരാഷ്ട്ര വനിതാ കർഷക ശാക്തീകരണ ബിൽ- 2026' (Maharashtra Women Farmers Empowerment Bill, 2026) ഐകകണ്ഠേന പാസാക്കി. അതിനെക്കുറിച്ചുള്ള ചുരുക്കം ചില ചർച്ചകൾ മാധ്യമങ്ങളിൽ കണ്ടപ്പോൾ പെട്ടെന്ന് ഓർമ വന്നത് ഒരു യാത്രയിൽ കേട്ട വാചകമാണ്.
“എന്നാണ് സ്ത്രീകളുടെ അരക്ഷിതബോധം നിങ്ങൾ മനസിലാക്കുക?” മടുപ്പോടെ പറയുന്നത് ഫ്രഞ്ചുകാരി ലൂചിയ. പതിവില്ലാത്ത വിധം, മുംബൈ- ദൽഹി രാജധാനി എക്സ്പ്രസ്സിലെ സെക്കന്റ് എസി കൂപേയിലെ ഒരു സീരിയസ് ഡിസ്കഷനിൽ. ഇത്തരം കുപെകളിൽ ഫാമിലിയോ ഫ്രണ്ട്സോ ആയി കൂട്ടമായി പോകുന്നവർ സ്നാക്ക്സ് വിതരണം ചെയ്തും ഉറക്കെ വർത്തമാനം പറഞ്ഞും ചിരിച്ചും കമ്പാർട്ടുമെന്റിൽ സ്വൈര്യം തരാതെ നിറയും. ഒറ്റക്കുള്ളവർ ഫോൺ നോക്കിയും ഉറങ്ങിയും ഇടയ്ക്ക് ജോലി ചെയ്തും സമയം കൊല്ലും. വല്ലപ്പോഴുമേ അപരിചതർ തമ്മിൽ മിണ്ടാട്ടമുള്ളൂ, അതും ഗൗരവമുള്ള വിഷയങ്ങൾ പറഞ്ഞ്. പ്രത്യേകിച്ചും ബിസിനസ് ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്ന മദ്ധ്യ വയസ്സുള്ള ആണുങ്ങൾ കൂടുതലുള്ള ഗ്രൂപ്പിൽ.
READ: ദുരന്തനിവാരണം എന്ന ദുരന്തം;
കാഠ്‌മണ്ഡു മുതൽ കേരളം വരെ
ഇന്ത്യയിലാദ്യമായിവന്നതിന്റെ കൌതുകത്തിൽ ഫ്രഞ്ചുകാരി എടുത്തിട്ട വിഷയമാണ്: സ്ത്രീകളുടെ സ്റ്റാറ്റസ്. ആണുങ്ങളുടെ വക മറുപടി ഉടനടി വന്നു, പതിവുപോലെ ഇന്ത്യൻ സംസ്കാരത്തിന്റെ ഉദാത്തവൽക്കരണത്തോടെ. സ്ത്രീയെ ഞങ്ങൾ ദേവിയായി കാണുന്നു, അമ്മയ്ക്ക് അതുല്യസ്ഥാനം, കുടുംബത്തിലെ എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകുന്ന നെടുംതൂൺ, സ്ത്രീകൾ കാത്തുസൂക്ഷിക്കുന്ന കുടുംബ- സമുദായ പാരമ്പര്യമൂല്യങ്ങൾ എന്നിങ്ങനെ നീണ്ട ലിസ്റ്റ്.
“ഇതിനൊക്കെ അവർക്ക് എന്താണ് തിരിച്ചു കിട്ടുന്നത്?” ലൂചിയയുടെ അടുത്ത ചോദ്യം. എല്ലാവരും ഒന്നു നിശ്ശബ്ദരായി.
“കൺട്രോൾ മുഴുവൻ അവരുടെ കയ്യിലല്ലേ; സ്നേഹം, ബഹുമാനം, കരുതൽ എല്ലാം അവർക്ക് കൊടുക്കുന്നില്ലേ,” സുരജ് ഓസ്വാൾ ഒന്നു പകച്ചിട്ട് നയചാതുരിയോടെ മറുപടി പറഞ്ഞു. നവരത്നക്കല്ലുകളുടെ കച്ചവടമാണ് ഒസ്വാളിന്. മൊത്തവ്യാപാരവും കയറ്റുമതിയുമുണ്ട്.
“അമ്മയും ഭാര്യയും വീട്ടിലെ കാര്യങ്ങളെല്ലാം നോക്കി നടത്തുന്നതുകൊണ്ടല്ലേ എനിക്കു ബിസിനസ്സിൽ ഫുൾടൈം ഫോക്കസ് ചെയ്യാൻ പറ്റുന്നത്, ഈ കാശു മുഴുവൻ ഉണ്ടാക്കുന്നത് പിന്നെയാർക്കു വേണ്ടിയാ?”- ഓസ്വാൾ ഒന്ന് ഞെളിഞ്ഞിരുന്നു. ബാക്കിയുള്ള ആണുങ്ങൾ തലകുലുക്കത്തോടെ അതിന്റെ ഭാഗഭാക്കായി.
ലൂചിയ വിടുന്നില്ല: “നിങ്ങളുടെ ബിസിനസ്സിന്റെയും സ്വത്തിന്റെയും എത്ര ശതമാനം അവരുടെ പേരിലുണ്ട്?”
അതോടെ വീണ്ടും മൗനം.
ഈ മൗനം ആദ്യമായിട്ടല്ല കാണുന്നത്.
വ്യത്യസ്തമായ ഇടങ്ങളിൽ, അനേകം ഗ്രൂപ്പുകളിൽ പുച്ഛവും ജാള്യതയും കലർന്ന ഈ മൗനത്തിന് സാക്ഷിയായിട്ടുണ്ട്.രാജധാനിയിൽനിന്ന് ഏറെ വിഭിന്നമായ, ആ കൂട്ടത്തിൽ നിന്നെല്ലാംകൊണ്ടും ഒരുപാട് ദൂരെ ജീവിക്കുന്ന, ഉദ്ഗിർ ഗ്രാമത്തിലെ സ്ത്രീകളുമായുള്ള സംസാരത്തിനിടയിലും ഇതു കണ്ടിട്ടുണ്ട്.

READ: ചോദ്യപേപ്പർ ചോർച്ചക്കെതിരെ
സമരം ചെയ്ത ധർമേന്ദ്ര പ്രധാൻ;
മറവി മൂടുന്ന അധികാരവഴികൾ
മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിലാണ് ഉദ്ഗീർ. ഡെക്കാൻ പീഠഭൂമിയുടെ ചരിത്രത്തിലെ സുപ്രധാന ഇടം. 13-ാം നൂറ്റാണ്ടിൽ ദൽഹിയിലെ മുഹമ്മദ് ബിൻ തുഗ്ലക്കിനു ബദലായി രൂപപ്പെട്ട ബഹ്മനി സാമ്രാജ്യത്തിന്റെ സെന്റർ. പിന്നീട് 1760-ൽ മറാത്ത സാമ്രാജ്യവും ഹൈദരാബാദിലെ നിസാമും തമ്മിൽ സുപ്രധാനമായ ഉദ്ഗിർ ഉടമ്പടി ഒപ്പുവെച്ച സ്ഥലം. ഈ ഉടമ്പടിയോടെയാണ് ഡെക്കാൻ (Deccan) മേഖലയിൽ മറാഠികളുടെ അധീശത്വം പരമോന്നത ഘട്ടത്തിലെത്തിയത്. ഇപ്പോൾ അതിന്റെയൊക്കെ ബാക്കിപത്രമായിട്ടുള്ളത്, കാട് കേറിയ അവശിഷ്ടങ്ങളോടെ തകർന്നു കിടക്കുന്ന ഉദ്ഗിർ കോട്ടയാണ്. അതിനു ചുറ്റും നിരന്ന് ചേരികൾ പോലെ സിമന്റ് തേയ്ക്കാത്ത കുറെയേറെ ചതുരമുറികൾ ചേർന്നാൽ ഗ്രാമമായി.
മഹത്തായ ചരിത്രം ഉണ്ടായിട്ടു കാര്യമില്ല, മഹാഭൂരിപക്ഷം ജനങ്ങൾ ഭൂരഹിതരും ചെറുകിട കർഷകരുമാണ്. തുടർച്ചയായ വരൾച്ചയും കൃഷിനാശവും ജീവിതമാർഗം മുടക്കിയപ്പോൾ ചെറുപ്പക്കാർ കൂട്ടത്തോടെ പൂനെ, മുംബൈ പോലെയുള്ള നഗങ്ങളിലെയ്ക്ക് ചേക്കേറി. ബാക്കിവന്നവർ ചുരുക്കം ചില ഭൂവുടമകളുടെ ദിവസക്കൂലിക്കാരായി. സാമൂഹ്യ, സാമ്പത്തിക രംഗത്ത് അങ്ങേയറ്റം പിന്നാക്കമായ അവരുടെ ഇടയിൽ പ്രവർത്തിക്കുന്ന സംഘടനയുടെ പ്രൊജക്റ്റ് പ്ലാനിങാണ്.
സ്ത്രീകളുടെ കോപറേറ്റീവ് ലിസ്റ്റ് ചെയ്ത ആവശ്യങ്ങളിൽ ‘ഒറ്റയ്ക്കായ സ്ത്രീകൾക്കുള്ള വീടുകൾ’ എന്നു കണ്ടു. അതിനെക്കുറിച്ച് ചോദിച്ചതാണ്.
“വീടുകളിൽനിന്ന് പുറത്താക്കപ്പെട്ട സ്ത്രീകൾക്ക്,” ‘അതിലെന്താ’ എന്ന മട്ടിൽ ഡയറക്ടർ എന്നും തൊടാതെ പറഞ്ഞു. ഇതെങ്ങനെ ഇത്രയും സ്ത്രീകൾ മാത്രം വീടില്ലാതെ ഒറ്റയ്ക്കായി എന്നു ചോദിച്ചപ്പോൾ ആകെ നിശ്ശബ്ദത.
ഒടുവിൽ ഒരു കോണിൽനിന്ന് മറുപടി വന്നു, “ഞാനും അങ്ങനെ തന്നെയാണ്’’.
സംഘത്തിലെ ട്രഷറർ സവിതയാണ്. 50 വയസ്സ് തോന്നുന്ന, കഷ്ടപ്പാടുകൾ വരളിപ്പിച്ച, മുഖത്ത് നിസ്സംഗത നിഴലിക്കുന്ന രൂപം. പക്ഷെ കാര്യവിവരമുള്ള സംസാരം. അവിടുത്തെ ഉയർന്ന വിദ്യാഭ്യാസമായ പത്താം ക്ലാസ്സ് വരെ പഠിച്ചവൾ. അതുകൊണ്ടുതന്നെ ഒരു സ്കൂൾ മാഷിനെ കൊണ്ടാണ് അവളെ കെട്ടിച്ചത്. ഒരു മകൾ കല്യാണം കഴിഞ്ഞ് പോയി. മകൻ പഠിക്കാൻ സിറ്റിയിലും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2023- ലെ റിസർച്ച് പ്രകാരം 22 ലക്ഷം കോടിയാണ് സ്ത്രീകൾ ചെയ്യുന്ന വേതനമില്ലാത്ത വീട്ടുജോലി, കുടുംബപരിചരണം എന്നിവയുടെ ഒരു വർഷത്തെ ശരാശരി സാമ്പത്തിക മൂല്യം.
“അപ്പോഴാണ് അയാൾക്ക് ഒരു ചെറിയ പെങ്കൊച്ചിനോട് പ്രേമം,” കൂടെയിരുന്ന സ്ത്രീകൾ ചിരിയോടെ കൂട്ടിച്ചേർത്തു. “അതും അയാൾ പഠിപ്പിക്കുന്ന കൊച്ചിനോട്.”
നാട്ടുകാർ മുഴുവനറിഞ്ഞിട്ടും ഒന്നും ചെയ്യാനാകാതെ സവിത ആ വീട്ടിൽ തുടർന്നു. അവളെ എങ്ങനെയെങ്കിലും ഒഴിവാക്കി കാമുകിയെ കല്യാണം കഴിക്കാൻ ഭർത്താവ് പല വഴിയും നോക്കി. സ്ഥിരം അടിപിടിയും അപമാനിക്കലും ഉൾപ്പെടെ. എന്നിട്ടും സവിത ഇറങ്ങിയില്ല. അല്ലെങ്കിലും എവിടെ പോകാനാണ്? ഇതുവരെ ഭർത്താവിനും മക്കൾക്കും വീടിനും വേണ്ടി ജീവിച്ചിട്ട് അവളുടെതായി ഒന്നുമില്ല. സ്വന്തമായി സമ്പാദ്യമോ പോകാൻ ഇടമോ ഇല്ല.
സവിത ഒറ്റയ്ക്കല്ല.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2023- ലെ റിസർച്ച് പ്രകാരം 22 ലക്ഷം കോടിയാണ് സ്ത്രീകൾ ചെയ്യുന്ന വേതനമില്ലാത്ത വീട്ടുജോലി, കുടുംബപരിചരണം എന്നിവയുടെ ഒരു വർഷത്തെ ശരാശരി സാമ്പത്തിക മൂല്യം. ആ തുകയുടെ ഒരു ചെറിയ അംശമെങ്കിലും കയ്യിൽ കിട്ടാനോ കൈകാര്യം ചെയ്യാനോ എത്ര സ്ത്രീകൾക്ക് പറ്റുന്നുണ്ടാവും? പ്രതിഫലമോ അംഗീകാരമോ ലഭിക്കാത്തത് പോരാഞ്ഞിട്ട്, തങ്ങളുടെ നിസ്സാര ആവശ്യങ്ങൾക്കുള്ള പണം പോലും കയ്യിൽവെക്കാനുള്ള അവകാശമില്ലാത്ത എത്രയോ സവിതമാർ.
READ: കക്കൂസ്;
ഒരു മറയില്ലാക്കഥ
ശാരീരിക- മാനസിക പീഡനങ്ങൾ മടുത്ത സവിത സ്വന്തം വീട്ടിൽ പോകാൻ നോക്കി. അവിടേയ്ക്കു തിരിച്ചുകേറാൻ നോക്കേണ്ടെന്ന് അച്ഛനമ്മമാരും ആങ്ങളമാരും ഉറപ്പിച്ചുപറഞ്ഞു; സമൂഹത്തെ പേടിച്ച്, ഒരാളുടെ കൂടി ഉത്തരവാദിത്തം പേടിച്ച്. ഒടുവിൽ, ഭർത്താവ് ചവിട്ടിപ്പുറത്താക്കിയപ്പോൾ പുറമ്പോക്കിൽ ഒരു കുടിൽ കെട്ടി അവിടെയാണ് സവിത ഇപ്പോൾ. മകളാകാൻ പോലും പ്രായമില്ലാത്ത പെൺകുട്ടി അവളുടെ സ്ഥാനത്ത് വീട്ടിൽ താമസവുമാക്കി. സ്ത്രീധനം ലാഭിച്ചതിൽ പെങ്കൊച്ചിന്റെ വീട്ടുകാർക്കും സന്തോഷം.
“ഇതൊന്നും ഇവിടെ പുതുമയല്ല, ആണുങ്ങൾ അവർക്കിഷ്ടമുള്ളപ്പോൾ ഇറക്കിവിടും, അവർക്ക് അടുപ്പം തോന്നുന്നവരെ കൂടെക്കൂട്ടും. അതിനു പെണ്ണുങ്ങൾ എന്ത് ചെയ്യാൻ?” സവിതയുടെ ഒപ്പമിരുന്ന തള്ളയുടെ പതംപറച്ചിൽ. വെറും കയ്യോടെ വഴിയിലേയ്ക്കു തള്ളപ്പെട്ട പെണ്ണുങ്ങളുടെ നിസ്സഹായത അതിൽ നിറഞ്ഞു.

കേസിന് പോകണമെന്ന് വച്ചാൽ തന്റെ അവകാശങ്ങളെക്കുറിച്ച്, നിയമങ്ങളെ കുറിച്ച്, അവ നേടിയെടുക്കാൻ എവിടെ ആരെ സമീപിക്കണം എന്നതിനെക്കുറിച്ച് അറിവില്ല. പോലീസ്, കോടതി എന്നൊക്കെ കേട്ടാൽ പോലും പേടിക്കുന്ന ഇവർ എവിടെപ്പോയി നീതി തേടാൻ? ഭർത്താവിനെതിരെ പരാതിയുമായി ചെന്നാൽ പോലീസുകാർ തന്നെ തിരിച്ചോടിക്കുന്ന സാമൂഹ്യബോധം. ഇനി ആ കടമ്പയും കടന്നാൽ തന്നെ കേസ് നടത്താനുള്ള ചെലവും സാമ്പത്തിക സഹായവും ആരു കൊടുക്കാൻ? അതും എത്രനാൾ?
അന്നന്നത്തെ ഭക്ഷണത്തിന് ദിവസക്കൂലി എടുക്കുന്നതിനിടയിൽ കേസിന്റെ പുറകെ പോകാൻ എവിടെ സമയം?
READ: ഒറ്റയ്ക്ക്, പാതിരാത്രി, അപരിചിതർക്കിടയിൽ ഒരു സ്ത്രീ…
അങ്ങനെ കാലങ്ങളോളം നോക്കിനടത്തിയ ഭർതൃവീടും അതിനോട് ചേർന്നുള്ള മൂന്നു ഏക്കറിലെ കൃഷിയും സവിതയ്ക്ക് അന്യമായി. അവൾ ആ ഭൂമിയിൽ എല്ലുമുറിയെ പണിതതാണ്; മാറാത്തവാടയിലെ എല്ലാ വീട്ടുകാരികളെയും പോലെ. വലിയ കർഷക കുടുംബങ്ങളിൽ പോലും വീട്ടുപണികളെല്ലാം കഴിഞ്ഞ്, എല്ലാവർക്കുമുള്ള ഭക്ഷണമുണ്ടാക്കിവെച്ച് വീടുകളിലെ സ്ത്രീകൾ പണിക്കാരുടെ ഒപ്പം കൃഷിപ്പണി ചെയ്യും. പക്ഷെ ആ നിലങ്ങളൊന്നും ഒരു കാലത്തും അവരുടെതല്ലെന്നു മാത്രം; അവർക്ക് കൂലിയുമില്ല. അവരെ കർഷകരായി പോലും കണക്കാക്കുന്നില്ല. പേപ്പറിൽ അവരൊക്കെ ഉടമയും തൊഴിലാളിയും അല്ലാത്ത വീട്ടമ്മ തന്നെ.
സമൂഹത്തിന്റെയും നിയമത്തിന്റെയും കണ്ണിൽ ദശലക്ഷക്കണക്കിന് ഗ്രാമീണസ്ത്രീകൾ ഇന്നും അദൃശ്യരാണ്. അവർ കൃഷി ചെയ്യുന്ന ഭൂമി സാധാരണ അച്ഛന്റെയോ ഭർത്താവിന്റെയോ മകന്റെയോ പേരിലായതുകൊണ്ടുതന്നെ, അവർ 'കർഷകർ' അല്ല.
കാർഷിക സെൻസെസ് അനുസരിച്ച് ഇന്ത്യയിൽ 12% കൃഷിയിടങ്ങളിൽ മാത്രമാണ് സ്ത്രീകൾക്ക് ഉടമസ്ഥാവകാശമുള്ളത്. എന്നാൽ 75% കർഷികവൃത്തിയും ചെയ്യുന്നത് സ്ത്രീകളാണ്.
നെൽ- ഗോതമ്പ്- പരുത്തി പാടങ്ങളിൽ കൃഷിയിറക്കലും വിളവെടുക്കലും, കന്നുകാലി പാലനം, വനവിഭവശേഖരണം എന്നിവ ഉൾപ്പെടെ എല്ലാ കാർഷിക മേഖലകളും സ്ത്രീകൾ പൂർണമായും ഏറ്റെടുക്കാറുണ്ട്. തങ്ങളുടെ അധ്വാനവും അധിക വരുമാനവും കൊണ്ട് കുടുംബങ്ങളെ പുലർത്തുകയും ചെയ്യുന്നുണ്ട്. പക്ഷെ സമൂഹത്തിന്റെയും നിയമത്തിന്റെയും കണ്ണിൽ ദശലക്ഷക്കണക്കിന് ഗ്രാമീണസ്ത്രീകൾ ഇന്നും അദൃശ്യരാണ്. അവർ കൃഷി ചെയ്യുന്ന ഭൂമി സാധാരണ അച്ഛന്റെയോ ഭർത്താവിന്റെയോ മകന്റെയോ പേരിലായതുകൊണ്ടുതന്നെ, അവർ 'കർഷകർ' അല്ല.
അതുകൊണ്ടുതന്നെയാണ് മഹാരാഷ്ട്ര നിയമസഭ പാസാക്കിയ ‘വനിതാ കർഷക ശാക്തീകരണ ബിൽ’ സ്ത്രീകളുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു വലിയ ചുവടുവയ്പ്പാകുന്നത്. കൃഷിയിൽ സ്ത്രീകളുടെ സംഭാവനകളെ അംഗീകരിക്കുന്നതിൽ നിർണായകമായ നിയമമായി ഇത് കണക്കാക്കപ്പെടുന്നു.
READ: പൊരുത്തമില്ലാത്ത ജീവിതത്തോട് പൊരുതുന്ന സുനിത
ആണളവുകൾ; കാന്ധ്വാ മുതൽ പൊൻകുന്നം വരെ
ഒരു സ്ത്രീയെ കർഷകയായി അംഗീകരിക്കുന്നതിന് ഇനി മുതൽ കൃഷിഭൂമിയുടെ ഉടമസ്ഥാവകാശം നിർബന്ധമല്ല എന്നതാണ് ഈ പുതിയ നിയമത്തിലെ ഏറ്റവും ശ്രദ്ധേയമായ വ്യവസ്ഥ. സ്വന്തം പേരിൽ ഭൂമി രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ പോലും, കൃഷിയിലോ അനുബന്ധ കാർഷിക പ്രവർത്തനങ്ങളിലോ സജീവമായി പങ്കാളികളാകുന്ന ഏത് സ്ത്രീയെയും ഇനി ഔദ്യോഗികമായി ‘വനിതാ കർഷക’ എന്ന് അംഗീകരിക്കും.

പരമ്പരാഗത കൃഷിക്ക് അപ്പുറത്തേക്ക് വിപുലീകരിച്ച ഈ നിയമം മത്സ്യബന്ധനം, മൃഗസംരക്ഷണം, കോഴിവളർത്തൽ, ക്ഷീരമേഖല, നിസ്സാര വനവിഭവങ്ങളുടെ ശേഖരണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന സ്ത്രീകളെക്കൂടി ഉൾപ്പെടുത്തുന്നു. ഈ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ഇതേവരെ ഔദ്യോഗിക അംഗീകാരം ഇല്ലാതിരുന്നതിനാൽ വിവിധ സർക്കാർ ക്ഷേമ പദ്ധതികളുടെയും സ്ഥാപനപരമായ ആനുകൂല്യങ്ങളുടെയും പ്രയോജനം അനേകർക്ക് ലഭിച്ചിരുന്നില്ല.
പുതിയ നിയമപ്രകാരം, അർഹരായ സ്ത്രീകൾക്ക് ഔദ്യോഗിക തെളിവായി 'വനിതാ കർഷക സർട്ടിഫിക്കറ്റ്' നൽകും. ബാങ്ക് വായ്പകൾ, വിള ഇൻഷുറൻസ്, സർക്കാർ സബ്‌സിഡികൾ, കാർഷിക പരിശീലന പരിപാടികൾ, ആധുനിക കാർഷിക സാങ്കേതികവിദ്യകൾ, നേരിട്ടുള്ള വിപണി ബന്ധങ്ങൾ എന്നിവ ലഭ്യമാക്കാൻ ഈ സർട്ടിഫിക്കറ്റ് ഗുണഭോക്താക്കളെ സഹായിക്കും. വനിതാ കർഷകർക്കെതിരെയുള്ള വിവേചനം തടയുന്നതിനുള്ള വ്യവസ്ഥകളും ഈ നിയമത്തിലുണ്ട്.
നീതിപൂർവകമായ വികസനത്തിന് ആഗോള അംഗീകാരം നേടിയ, സ്ത്രീവിദ്യാഭ്യാസത്തിലും സാമൂഹ്യക്ഷേമത്തിലും മാതൃകയായ, ശരാശരി 50% സ്ത്രീകളും മാസവേതനം നേടുന്ന, കേരളത്തിലെ 72% സ്ത്രീകളുടെ പേരിലും സ്വത്തോ വീടോ ഇല്ല.
സ്വന്തമായി അപേക്ഷ നൽകാത്ത യഥാർത്ഥ വനിതാ കാർഷിക തൊഴിലാളികളെ സ്വമേധയാ കണ്ടെത്താനും അവർക്ക് സർട്ടിഫിക്കറ്റുകൾ നൽകാനും ഈ നിയമം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്നു. അങ്ങനെ അർഹരായ ഗുണഭോക്താക്കൾ പദ്ധതിയിൽ നിന്ന് പുറത്താക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നു.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷന്റെ (MSSRF) ശ്രമങ്ങളാണ് ഈ ബില്ലിന്റെ കരട് രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ചത്. അഞ്ചുവർഷം നീണ്ട പദ്ധതിയുടെ ഒടുവിലാണ് നിർണായകമായ ബിൽ പാസ്സായത്. അന്താരാഷ്ട്ര വനിതാ ദിനമായ 2021 മാർച്ച് 8-നാണ് ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളെ ശാക്തീകരിക്കുന്നതിനായി മഹാരാഷ്ട്ര സർക്കാർ "മഹാ സമൃദ്ധി മഹിളാ സശക്തീകരണ പദ്ധതി" (Maha Samruddhi Mahila Sashaktikaran scheme) ആരംഭിച്ചത്.
ഭൂമിരേഖകളിൽ (7/12 എക്സ്ട്രാക്റ്റിൽ) ഭർത്താക്കന്മാരുടെ പേരിനൊപ്പം ഭാര്യമാരുടെ പേരും ഉൾപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കുക, വീടിന്റെ ഉടമസ്ഥാവകാശരേഖകളിൽ ഭാര്യയുടെ പേര് ഉൾപ്പെടുത്തുന്നത് പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ പദ്ധതിയുടെ ഭാഗമായിരുന്നു.
അനേകം സ്ത്രീകൾ, സവിതയെപ്പോലെ, വീടുകളിൽ നിന്ന് യാതൊരു ദാക്ഷിണ്യവുമില്ലാതെ പുറത്താക്കപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരം നിയമനിർമാണം നടപ്പിലാക്കാൻ ഗവണ്മെന്റ് നിർബന്ധിതമായത്.

ഇതിനുമുൻപ് 2007- ലും മഹാരാഷ്ട്ര സർക്കാർ ഒരു പ്രമേയം പാസ്സാക്കിയിട്ടുണ്ട്; ‘ഘർ ദോഗാച്ചി’ (വീട് രണ്ടുപേരുടെയും) എന്ന ടൈറ്റിലോടെ, വീടിന്റെ ഉടമസ്ഥാവകാശത്തിൽ സ്ത്രീകളുടെ പേരും ഉൾപ്പെടുത്താൻ നടത്തിയ ഈ യത്നത്തിൽ സാമൂഹ്യ സംഘടനകളും പഞ്ചായത്തുകളും ഭാഗമായി. ആയിരക്കണക്കിന് സ്ത്രീകൾക്ക് തങ്ങൾ ജീവിക്കുന്നത് തങ്ങളുടെ വീട്ടിലാണെന്ന് അഭിമാനത്തോടെ പറയാനുള്ള ധൈര്യം ലഭിച്ചു. അവിടെനിന്ന് ആരും തോന്നുംപടി ഇറക്കി വിടില്ലെന്ന ധൈര്യവും.
READ: പതി- സർപഞ്ച്: ഒരു ഇന്ത്യൻ ജനാധിപത്യ അപാരത
ചാരായം: ഒരു സാമൂഹ്യ- സാംസ്കാരിക രുചിനോട്ടം
ഇതുപോലെ പല നിലയിൽ നിയമത്തിന്റെ പിൻബലം ലഭിച്ചിട്ടും ശരാശരി നാലിലൊന്നു സ്ത്രീകൾക്കുപോലും തന്റെ പേരിൽ -ഒറ്റയ്ക്കോ, ജോയിന്റ് ആയോ- കിടപ്പാടമില്ല. നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്മയും സാമൂഹ്യസമ്മർദവും പുരുഷകേന്ദ്രീകൃത വ്യവസ്ഥയും സ്ത്രീപങ്കാളിത്തത്തെക്കുറിച്ചുള്ള അവബോധമില്ലായ്മയും കാതലായ മാറ്റത്തിനു വിലങ്ങുതടികളാകുന്നു.
പക്ഷെ നീതിപൂർവകമായ വികസനത്തിന് ആഗോള അംഗീകാരം നേടിയ, സ്ത്രീവിദ്യാഭ്യാസത്തിലും സാമൂഹ്യക്ഷേമത്തിലും മാതൃകയായ, ശരാശരി 50% സ്ത്രീകളും മാസവേതനം നേടുന്ന, കേരളത്തിലെ 72% സ്ത്രീകളുടെ പേരിലും സ്വത്തോ വീടോ ഇല്ല (National Family Health Survey).
അടുത്ത കാലത്തെ ഡേറ്റ ഈ അവസ്ഥയിൽ നേരിയ മെച്ചം കാണിക്കുന്നുണ്ട്; സർക്കാർ നടപ്പാക്കുന്ന പാർപ്പിടപദ്ധതികൾ സ്ത്രീകളുടെ പേരിൽ എന്നതുൾപ്പെടെയുള്ള നിബന്ധനകൾ കാരണം.
ഇത്തരം സമ്മർദങ്ങളില്ലാതെ തന്നെ സ്ത്രീകളുടെ ആത്മാഭിമാനവും സാമ്പത്തിക സ്വാതന്ത്ര്യവും മുൻഗണനയിലെടുക്കുന്ന ഒരു സമൂഹം ഇവിടെ ഉണ്ടായില്ലെങ്കിൽ പിന്നെ എവിടെ?

