അനസ്തീഷ്യയെക്കുറിച്ച് പൊതുവേ ജനങ്ങൾ കരുതുന്നത് ഒരു ഇഞ്ചക്ഷൻ കൊടുത്തു മയക്കുകയും മറ്റൊരു ഇഞ്ചക്ഷൻ കൊടുത്ത് ഉണർത്തുകയും ചെയ്യുന്ന പ്രക്രിയയാണ് എന്നാണ്. എന്നാൽ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നിർണ്ണായകമായ സമയമാണ് ഓരോ ശസ്ത്രക്രിയയും അനസ്തീഷ്യയും എന്ന് നാം അറിഞ്ഞേ മതിയാകൂ. ശാസ്ത്രീയമായി അനസ്തീഷ്യ പഠിച്ച്, പരിചയിച്ച ഒരു ഡോക്ടർ രോഗിയുടെ ജീവന്റെ താളവും, തുടിപ്പും കാത്തുരക്ഷിക്കുന്നതുകൊണ്ടാണ് ഓരോ ശസ്ത്രക്രിയയും വിജയകരമാകുന്നതും, രോഗി തിരിച്ച് ജീവിതത്തിലേക്ക് നടന്നുതുടങ്ങുന്നതും. കുറച്ചു സമയത്തേക്കാണെങ്കിലും രോഗി സ്വന്തം ബോധതലങ്ങളിൽ നിന്നുമെല്ലാം വഴുതിമാറിപ്പോയി, കടുത്ത മയക്കത്തിന്റെതായ ഒരു തലത്തിൽ എത്തി , ജീവനോടു കൂടിയിരിക്കുന്ന അവസ്ഥ. അനസ്തീഷ്യ കൊടുക്കുക എന്നാൽ മായയോ, മന്ത്രമോ ഇന്ദ്രജാലമോ ഒന്നും അല്ല. കൃത്യമായ, ശാസ്ത്രീയമായ അറിവുകളുടെ ബലത്താൽ മാത്രം ചെയ്യാൻ പറ്റുന്ന ഒന്നാണ്.
നിങ്ങളുടെ ഹൃദയവും, ശ്വാസകോശവും നാഡീവ്യൂഹങ്ങളും, എന്തിന് തലച്ചോറു പോലും ഒരു അനസ്തീഷ്യ ഡോക്ടറുടെ ശ്രദ്ധയിൽ, കുറ്റമറ്റ അനേകം അനസ്തീഷ്യ ഉപകരണങ്ങളിൽ, മരുന്നുകളുടെ പ്രവർത്തനങ്ങളിൽ നിക്ഷിപ്തമാണ്. അനസ്തീഷ്യോളജിസ്റ്റിൻെറ അതീവ ശ്രദ്ധയിലാണ് നിങ്ങളുടെ ശരീരത്തിൽ ശാസ്ത്രക്രിയ പുരോഗമിക്കുന്നത്. താളപ്പിഴകൾ എവിടെ തുടങ്ങുമ്പോഴും അത് ശസ്ത്രക്രിയ കൊണ്ടുണ്ടാകുന്നതാണെങ്കിലും, പലതരം മരുന്നുകൾ കൊണ്ടുണ്ടാകുന്നതാണെങ്കിലും രോഗിയുടെ തന്നെ മെഡിക്കൽ പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്നതാണെങ്കിലും തിരിച്ചറിയാനും വേണ്ട ചികിത്സ പെട്ടെന്നു നൽകാനും ഒരു അനസ്തീഷ്യ ഡോക്ടർക്കേ കഴിയൂ. ഈ കാര്യം മോഡേൺ അനസ്തീഷ്യയിൽ പലവിധ ഉപകരണങ്ങളുടെ സഹായത്തോടെ വളരെ വേഗത്തിൽ സാധ്യവുമാണ്.
ഉദാഹരണത്തിന്, കുറേ കാലം പുറകോട്ടു നോക്കിയാൽ ശസ്ത്രക്രിയാസമയത്ത് രോഗിക്ക് ഏതെങ്കിലും തരത്തിൽ ഓക്സിജൻ കിട്ടുന്ന അളവ് കുറഞ്ഞാൽ കണ്ടുപിടിക്കാൻ രോഗി അപകടാവസ്ഥയിൽ എത്തിയാലേ കഴിഞ്ഞിരുന്നുള്ളു. പക്ഷെ ഇന്നോ? അപകടസാധ്യതയുടെ എത്രയോ മുമ്പ് Pulse Oximeter എന്ന ഉപകരണം രക്തത്തിലെ ഓക്സിജന്റെ കുറവ് കണ്ടെത്തിത്തരുന്നു. വളരെ പെട്ടെന്ന് ആവശ്യമായ മരുന്നുകൾ കൊടുക്കാനും രോഗിയെ രക്ഷിക്കാനും സാധ്യമാകുന്നു. അതുപോലെ, Capnometer എന്ന ഉപകരണം ശ്വാസകോശത്തിൽ നിന്നു വരുന്ന കാർബൺ ഡൈ ഓക്സൈഡ് കൂടുതലായാലും കുറഞ്ഞാലും നിമിഷങ്ങൾക്കകം കണ്ടെത്തി നമ്മെ അറിയിക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക്, ഹൃദയത്തിന്റെ പമ്പിങ് കുറഞ്ഞവർക്കും മറ്റു ഹൃദയശസ്ത്രക്രിയകളിലും ആർട്ടറിയിൽ കാനുല ഇട്ട് മെഷീനിൽ ഘടിപ്പിച്ച് ഓരോ ഹൃദയമിടിപ്പിലും ഉണ്ടാകുന്ന രക്തമർദ്ദം അളക്കാൻ കഴിയുന്നു.
ഇങ്ങനെ രോഗത്തിനനുസരിച്ച് അനസ്തീഷ്യയിൽ മാറ്റങ്ങൾ വരുത്തിയും പലതരം മോണിറ്ററുകൾ ഘടിപ്പിച്ചും നമുക്ക് ഏറ്റവും സുരക്ഷിതമായി അനസ്തീഷ്യ നൽകാൻ ഈ കാലഘട്ടത്തിൽ സാധ്യമാണ്.

അനസ്തീഷ്യയും ശസ്ത്രക്രിയകളും നൂറു ശതമാനവും എല്ലായ്പ്പോഴും വിജയമാകും എന്നു തീർത്തും പറയാൻ കഴിയില്ല. രോഗിയുടെ തന്നെ മെഡിക്കൽ പ്രശ്നങ്ങൾ എത്രയേറെ അനസ്തീഷ്യ ഡോക്ടർ ശ്രദ്ധിച്ചാലും അപകടാവസ്ഥകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അനസ്തീഷ്യ മരുന്നുകളോട് രോഗിയുടെ ശരീരം പ്രതികരിക്കുന്നതും വ്യത്യസ്തമായിട്ടായിരിക്കും. പ്രതിവിധികൾ ചെയ്താലും വളരെ വളരെ അപൂർവമായി അതിന്റെ ഫലം കിട്ടാതേയും വന്നേക്കാം. ഇവിടെയാണ് ജനങ്ങൾ അനസ്തീഷ്യ ഡോക്ടറുടെ അനാസ്ഥ എന്നു പറഞ്ഞ് ശിക്ഷിക്കാൻ വ്യഗ്രത കാണിക്കുന്നത്. ഒരു ഡോക്ടറും സ്വന്തം രോഗിക്ക് അപകടം ഉണ്ടാവണമെന്ന് ചിന്തിക്കുകയില്ല എന്നത് പൊതുജനത്തിന് മനസ്സിലാകാതെ പോകുന്നത് വേദനാജനകമാണ്.
അനസ്തീഷ്യ കൊടുക്കുന്നതിനെ സാധാരണയായി ഒരു പൈലറ്റ് വിമാനം പറത്തുന്നതിനോട് ഉപമിക്കാറുണ്ട്. വിമാനത്തിന്റെ Take off & landing ആണ് ഏറ്റവും അപകടകരമായി മാറാറുളളത്. അനസ്തീഷ്യയും അങ്ങനെതന്നെ. അനസ്തീഷ്യ തുടങ്ങുന്ന സമയത്തും അവസാനിപ്പിക്കുന്ന സമയത്തും അപകടാവസ്ഥകൾ ഇല്ലാതിരിക്കാൻ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
1846 ൽ മോർട്ടൺ എന്ന ഡോക്ടർ ഈതർ അനസ്തീഷ്യ എന്ന ഒരു വിത്ത് ശസ്തക്രിയാ ലോകത്ത് വിതച്ചു. ഇന്നത് വളർന്ന് പന്തലിച്ച് ലോകം മുഴുവൻ തണലേകിനിലക്കുന്നു. ശാഖകളും സൂപ്പർ സ്പെഷാലിറ്റി ഉപശാഖകളുമായി വളർന്നു. ഈയൊരു നൂറ്റാണ്ടിൽ നാം ശരീരം തുറന്നുള്ള ശസ്ത്രക്രിയകൾക്കൊപ്പം ലാപ്രോസ്കോപ്പികളും, ഹൃദയശസ്ത്രക്രിയകളും, റോബോട്ടിക്ക്, ലിവർ, തലച്ചോർ, ശാസ്ത്രക്രിയകൾ, കിഡ്നി ട്രാൻസ്പ്ലാൻറ്, ലിവർ, ഹൃദയ ട്രാൻസ്പ്ലാൻ്റുകൾ എന്നിവയും ഏറ്റവും വിജയകരമായി അനസ്തീഷ്യയുടെ സഹായത്താൽ ചെയ്യുന്നു. ശസ്ത്രക്രിയകളിൽ വരുന്ന പുതിയ ശാഖകൾക്കൊപ്പം അനസ്തീഷ്യയും പുതിയ മേഖലകളിൽ സാന്നിദ്ധ്യം തെളിയിച്ചു കൊണ്ടേയിരിക്കുന്നു.

ശസ്ത്രക്രിയ കഴിഞ്ഞ് അനസ്തീഷ്യയിൽ നിന്നും പുറത്തുവന്നാലും പിന്നീടുള്ള കുറേ സമയത്തും രോഗിക്ക് അനസ്‌തീഷ്യോളജിസ്റ്റിന്റെ അതീവ ശ്രദ്ധ വേണ്ടതാകുന്നു.
ഓപ്പറേഷൻ തിയ്യറ്ററിൽ നിന്നും പോസ്റ്റ് ഓപ്പറേറ്റീവ് കെയർ യൂണിറ്റിലേക്കാണ് രോഗിയെ മാറ്റുന്നത്. തിയ്യേറ്റർ പോലെ തന്നെ ഏത് എമർജൻസിയേയും നേരിടാനുള്ള അത്യാവശ്യ ഉപകരണങ്ങൾ ഇവിടേയും ആവശ്യമാണ്. എമർജൻസി മരുന്നുകൾ, പെട്ടെന്ന് Tracheal intubation- വേണ്ടി വന്നാൽ ചെയ്യാനുള്ള laryngoscope, endotracheal tube, suction ചെയ്യാനും ഓക്സിജൻ കൊടുക്കാനുമുള്ള സംവിധാനങ്ങൾ Crash Cart, Defibrillator എല്ലാം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. രോഗി അവിടെ എത്തുന്നതിനോടൊപ്പം രോഗിയുടെ കൃത്യമായ വിവരങ്ങൾ സഹായികൾക്ക് കൈമാറണം.
ശസ്ത്രക്രിയയുടെ വിവരങ്ങൾ, കൂടുതൽ രക്ത സ്രാവം ഉണ്ടായിട്ടുണ്ടെങ്കിൽ, Blood transfusion ആവശ്യമുണ്ടെങ്കിൽ, എന്തെല്ലാം അപകടാവസ്ഥകൾ ഈ ശസ്ത്രക്രിയയിൽ Post operative സമയത്ത് പ്രതീക്ഷിക്കാം, കൂടുതൽ എന്തെല്ലാം രക്തപരിശോധനകൾ ഉടൻ ചെയ്യേണ്ടതായിട്ടുണ്ട്, എന്തെല്ലാം കത്തീറ്ററുകൾ, drains ഉണ്ട്, മരുന്നുകളുടെ ക്രമീകരണങ്ങൾ, അങ്ങനെ ധാരാളം വിവരങ്ങൾ കൈമാറേണ്ടതുണ്ട്. എല്ലാ രോഗികളുടേയും പൾസ്, ബ്ലഡ് പ്രഷർ, ശ്വാസോച്ഛ്വാസം, Spo2 (രക്തത്തിൽ ഓക്സിജന്റെ അളവ്) എന്നിവ തീർച്ചയായും നിരീക്ഷിച്ചു കൊണ്ടിരിക്കണം.
ഓക്സിജൻ കൊടുക്കേണ്ട രോഗികൾക്ക് അത് മുഖത്തു വെക്കുന്ന മാസ്ക് വഴിയോ, മൂക്കിൽ വെക്കുന്ന ടൂബ് വഴിയോ കൊടുക്കാം. കൂടുതൽ പ്രായമേറിയ വർക്കും, ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും കിഡ്നിയുടേയും മറ്റും അസുഖമുള്ളവർക്കും, മേജർ സർജറികളിലെല്ലാം ഓക്സിജൻ കൊടുക്കേണ്ടിവരും. അനസ്തീഷ്യയുടെ സമയത്ത് രോഗിക്ക് നൽകുന്ന മരുന്നുകളും, വേദനസംഹാരികളായ മോർഫിൻ, പെത്തിഡിൻ ഫെൻ്റാനിൽ തുടങ്ങി എല്ലാ മരുന്നുകളും ശ്വാസോച്ഛ്വാസത്തെ മന്ദീഭവിപ്പിക്കുന്നവയാണ്. അനസ്തീഷ്യ കഴിഞ്ഞും കുറേ നേരത്തേക്ക് അവയുടെ പ്രവർത്തനം ചെറിയ തോതിൽ ശരീരത്തിൽ ഉണ്ടായിരിക്കും. അതുകൊണ്ടുതന്നെ ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയാതിരിക്കാനും മറ്റു പ്രധാനപ്പെട്ട അവയവങ്ങളുടെ (ഹൃദയം, കിഡ്നി, തലച്ചോർ) പ്രവർത്തനം സുഗമമാക്കാനും ഓക്സിജൻ കൊടുക്കേണ്ടിവരും.
IV fluids: (ക്രിസ്റ്റലോയ്‌ഡ് , കൊളോയ്ഡ്)
രോഗിക്ക് ആവശ്യത്തിനനുസരിച്ച് എത്ര വേണമെന്നറിഞ്ഞ് കൊടുക്കേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന്, കിഡ്നി അസുഖമുള്ളവർക്കും ഹൃദയത്തിന് പമ്പിങ്ങ് കുറവുള്ളവർക്കും ആസ്ത് മയും ശ്വാസകോശ സംബന്ധമായി അസുഖമുള്ളവർക്കും IV Fluids വളരെ ശ്രദ്ധയോടെ നൽകേണ്ടതാണ്. സാധാരണ രോഗികളിൽ ശസ്ത്രക്രിയയുടെ സ്വഭാവമനുസരിച്ച് വേണ്ടത്ര IV fluids കൊടുക്കാം. എത്ര fluid അകത്തേക്ക് കൊടുക്കുന്നു എന്നും എത്ര മൂത്രമായും മറ്റു drain കളിലും പുറത്തേക്ക് വരുന്നു എന്നും അറിഞ്ഞ് fluid ന്റെ അളവ് തീരുമാനിക്കാം.
ഓപ്പറേഷനു ശേഷമുള്ള വേദന
ഇത് ഏറ്റവും ലഘൂകരിക്കേണ്ടത് വളരെ ആവശ്യമാണ്. വേദന അറിയിക്കാതെ ശസ്ത്രക്രിയ കഴിഞ്ഞ് പിന്നീടുള്ള ദിവസങ്ങൾ ഏറെ വേദന കൊണ്ട് പുളയുന്ന അവസ്ഥ ഉണ്ടാകരുത്. വേദന ഉണ്ടെങ്കിൽ ഹൃദയമിടിപ്പ് കൂടും, പ്രെഷർ കൂടും, ശ്വാസതടസ്സം നേരിടും, ഹൃദ്രോഗികൾക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറുകയും ചെയ്യും. സാധരണയായി പാരസിറ്റമോൾ ഇൻഫ്യൂഷൻ, മോർഫിൻ, പെത്തിഡിൻ, ഫെൻ്റാനിൽ പോലുള്ള മരുന്നുകൾ കൊടുത്ത് വേദനയെ അകറ്റി നിർത്താം. ഇപ്പോൾ വളരെ ഫലപ്രദമായി എന്നാൽ കൂടുതൽ അപകടസാധ്യതയില്ലാതെ ദേഹത്തിൽ ഒട്ടിച്ചു വെച്ച് ആറു ദിവസം വരെ വേദന അറിയാതിരിക്കാനുള്ള Buprenorphine Patch ,Fentanyl patch, morphine patch എല്ലാം ലഭ്യമാണ്. ശസ്ത്രക്രിയക്ക് ശേഷം വേദന ഇല്ലാതിരിക്കാൻ എപ്പിഡ്യൂറൽ കത്തീറ്റർ വഴി Bupivacaine , Fentanyl, Buprenorphine തുടങ്ങിയ മരുന്നുകൾ നല്കാം.
ഡീപ്പ് വെയ്ൻ ത്രോംബോസിസ് (DVT)
വളരെ അപകടകരമായ അവസ്ഥയാണിത്. വരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കേണ്ടിയിരിക്കുന്നു. കുറേസമയം അനസ്തീഷയിൽ കിടന്ന്, വീണ്ടും സർജറി കഴിഞ്ഞ് കാലുകൾ ഒട്ടും അനക്കാതെ കിടക്കയിൽ കിടന്നാൽ - പ്രത്യേകിച്ച് Spinal, epidural അനസ്തീഷ്യ കഴിഞ്ഞ് - ഇവരുടെ കാലിൽ രക്തം കെട്ടിനിന്ന് ചെറിയ ചെറിയ രക്തക്കട്ടകൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. എണീറ്റ് പതിയെ നടക്കുമ്പോൾ അവ പെട്ടെന്ന് ഹൃദയത്തിലേക്ക് എത്തുകയും ശ്വാസകോശത്തിൽ പ്രവേശിക്കുകയും ചെയ്യും. രോഗിക്ക് മരണം വരെ ഉണ്ടാകാനുള്ള സാധ്യതയാണ് ഇതുമൂലം ഉണ്ടാകുന്നത്. കൂടുതൽ തടിയുള്ളവരിലും, അസ്ഥികളുടെ സർജറികളിലും സിസേറിയൻ, ഗർഭപാത്രം എടുത്തുകളയുന്ന ഓപ്പറേഷനുകളിലെല്ലാം ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഈ അവസ്ഥ ഉണ്ടാകാതിരിക്കാൻ DVT Pump കാലിൽ കെട്ടിവെക്കാം. Low molecular weight heparin ശസ്ത്രക്രിയക്ക് 6- 8 മണിക്കൂറിനു ശേഷം കൊടുക്കാം. അകാരണമായി രോഗിക്ക് ശ്വാസതടസ്സമുണ്ടാവുകയോ, calf muscle വേദന, തടിപ്പ് ചുവന്ന നിറം. എല്ലാം DVT കൊണ്ടാണെന്ന് തിരിച്ചറിഞ്ഞ് വേണ്ട പരിചരണം ഉടനടി നല്കേണ്ടതാണ്.

ആന്റിബയോട്ടിക്കുകൾ
സർജറി സമയത്ത് രോഗിക്ക് കിട്ടിയത് സർജറി കഴിഞ്ഞതിനുശേഷവും കൊടുക്കേണ്ടതാണ്. ശരീരോഷ്മാവ് സാധാരണ നിലയിൽ തന്നെ എന്ന് ഉറപ്പു വരുത്തണം. പനി തുടങ്ങുന്നുണ്ടെങ്കിൽ കാരണം കണ്ടെത്തി ചികിത്സിക്കണം. ഈ സമയത്ത് ഒരു തരത്തിലുള്ള രോഗാണുബാധയും ഉണ്ടാവരുത്. ആവശ്യമെങ്കിൽ Urine culture, Blood culture എല്ലാം ചെയ്യേണ്ടതാണ്. ഏതു വിധേനയും Sepsis (ശരീരം മുഴുവൻ പഴുപ്പ് വ്യാപിക്കുന്ന അവസ്ഥ) ഉണ്ടാകാതെ നോക്കണം. ഇനി ശരീരത്തിനകത്തുള്ള പഴുപ്പുകൊണ്ട് Sepsis ഉണ്ടായാൽ രോഗിക്ക് പ്രെഷർ കുറയാം, ഹൃദയമിടിപ്പ് വളരെ കൂടി ഹൃദയപ്രവർത്തനം പോലും തകരാറിലാക്കാം. ശ്വാസതടസ്സവും, രക്തത്തിൽ ഓക്സിജൻ കുറയലും, electrolyte വ്യതിയാനങ്ങളും , കിഡ്നി ഫെയില്യൂറും (kidney failure) ഉണ്ടാവാം. അങ്ങനെ എല്ലാ അവയവങ്ങളേയും ബാധിക്കുകയും ചെയ്യാം. കൃത്യമായ മരുന്നുകളും സഹായക പരിചരണങ്ങളും, കൃത്യമായ ആന്റിബയോട്ടിക്കുകളും ആവശ്യമായി വരുന്നു.
ശസ്ത്രക്രിയാനന്തര രക്തസമ്മർദ്ദക്കുറവ്
(Post operative Hypotension)
ഈ സന്നിഗ്ദത പല കാരണത്താൽ ഉണ്ടാകുന്നതായിരിക്കും. കാരണം കണ്ടെത്തി പെട്ടെന്ന് ചികിത്സിക്കണം. വളരെ പെട്ടെന്നു തന്നെ പ്രെഷർ സാധാരണ ഗതിയിലാക്കാൻ Noradrenaline / Adrenaline drip കൃത്യമായ അളവിൽ തുടങ്ങാം. സ്പൈനൽ അനസ്തീഷ്യക്കു ശേഷമാണെങ്കിൽ എഫിഡ്രിൻ ( ephedrine) കൊടുത്ത് ശരിയാക്കാവുന്നതേയുള്ളു. Sepsis, ശസ്ത്രക്രിയാനന്തര ഹൃദയസ്തംഭനം തുടങ്ങിയവയൊക്കെ ഹൈപ്പോടെൻഷൻ എന്ന നിലയിൽ നമ്മുടെ മുന്നിൽ വരാം.. രോഗിക്ക് നെഞ്ചുവേദന ഉണ്ടാവുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം, പക്ഷെ Troponin test + ve ആണെങ്കിൽ ഹൃദ്രോഗ വിദഗ്ദ്ധരുടെ സഹായം തേടണം.
Hypoxia- യും (ശരീരത്തിൽ ഓക്സിജന്റെ കുറവ്) ഹൈപ്പോടെൻഷന് (Hypoten - sion) കാരണമാകാം.
നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങൾക്ക് സാധാരണ പോലെ പ്രവർത്തിക്കാൻ കഴിയുന്നത് സാധാരണ രക്തസമ്മർദ്ദത്തിലാണ് (Normal blood pressure). പ്രെഷർ കുറയുന്നതും ശരീരത്തിൽ ഓക്സിജൻ കുറയുന്നതും ഒന്നിച്ചു തന്നെ നടക്കുന്ന പ്രക്രിയാണ്. അനസ്തീഷ്യ മരുന്നുകൾ, ഉറങ്ങാനുള്ള മരുന്നുകൾ, സർജറി സമയത്തുണ്ടായിട്ടുള്ള രക്തവാർച്ച Sepsis , കൂടാതെ സ്പൈനൽ അനസ്തീഷ്യ , എപ്പിഡ്യൂറൽ അനസ്തീഷ്യ യുമൊക്കെ പ്രെഷർ (BP ) കുറയാൻ കാരണമാകാം. ഏറ്റവും പെട്ടെന്ന് ബാധിക്കുന്നത് ഹൃദയത്തേയും തലച്ചോറിനേയും കിഡ്നിയേയുമാണ്.
ശസ്ത്രക്രിയാനന്തര രക്താതിസമ്മർദ്ദം
(Post operative Hypertension
ഇതും അപകടകാരി തന്നെ. BP കൂടുതലായാൽ ഹൃദയാഘാതം, തലച്ചോറിൽ രക്തസ്രാവം തുടങ്ങി അനേകം രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. BP കൂടാൻ തുടങ്ങുമ്പോൾ തന്നെ അത് കുറക്കാൻ സഹായിക്കുന്ന മരുന്നുകൾ (NTG drip) തുടങ്ങാം വായിലൂടെ ഭക്ഷണം കഴിക്കാൻ തുടങ്ങിയാൽ മറ്റു BP യുടെ മരുന്നുകളും നൽകാം.. സർജറിക്ക് ശേഷം വേദന കൂടുതൽ ഉണ്ടെങ്കിലും BP യും ഹൃദയമിടിപ്പും കൂടാം. ഇതാണ് കാരണം എങ്കിൽ വേദന സംഹാരികൾ കൊടുത്താൽ ശരിയാകും.
ശസ്ത്രക്രിയക്കു ശേഷവും ആവശ്യമായ രക്തപരിശോധനകൾ ചെയ്യേണ്ടി വരും.
Complete blood count (CBC), electrolyte, blood sugar, creatinine ,Troponin test, ABG- അങ്ങനെ കൃത്യമായി രോഗിയുടെ അവസ്ഥ കണ്ടെത്താൻ സഹായിക്കുന്ന നിരവധി രക്തപരിശോധനകൾ വേണ്ടിവന്നേക്കും.
ശസ്ത്രക്രിയക്കുശേഷവും ECG, / XRAY ആവശ്യമായി വന്നേക്കാം
മേജർ സർജറികൾക്കുവേണ്ടി, വളരെ അധികം സമയം അനസ്‌തിഷ്യയിൽ കിടന്ന രോഗിയുടെ ശ്വാസകോശം ഹൃദയം, കിഡ്നി, തുടങ്ങിയ അവയവങ്ങൾ അപകടനില തരണം ചെയ്തിട്ടില്ല എന്നുണ്ടെങ്കിൽ, ശസ്ത്രക്രിയക്കു ശേഷവും കൃത്രിമ ശ്വാസോച്ഛാസം നൽകേണ്ടിവരും, ഒരു വെന്റിലേറ്ററിന്റെ സഹായത്തോടെ. കൃത്രിമ ശ്വാസോച്ഛാസം നല്കി പ്രതികൂല അവസ്ഥകൾ തരണം ചെയ്താൽ വെന്റിലേറ്ററിൽ നിന്നും പുറത്തു കൊണ്ടുവരാം.
ഏറ്റവും സുരക്ഷിതമായി രോഗിയെ ശസ്ത്രക്രിയക്കു ശേഷം മയക്കത്തിൽ നിന്നു പുറത്തു കൊണ്ടുവരുവാൻ, അനസ്തീഷ്യോളജിസ്റ്റ് ശസ്ത്രക്രിയക്ക് മുമ്പും ശസ്ത്രക്രിയ നടക്കുമ്പോഴും അതിനു ശേഷവും രോഗിയുടെ പരിചരണത്തിന്റെ ഭാഗമാകേണ്ടി യിരിക്കുന്നു. ഇതുകൊണ്ടു തന്നെയാണ് അനസ്തീഷ്യ ഡോക്ടർ Peri operative physician എന്ന് അറിയപ്പെടുന്നതും.
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

READ: ശസ്ത്രക്രിയക്കു മുമ്പുള്ള
അനസ്തീഷ്യാ പരിചരണം
അനസ്തീഷ്യോളജിയും
സാന്ത്വന ചികിത്സയും
പരിണയിക്കുമ്പോൾ
ഹൈപ്പർ ടെൻഷനും
വൃക്കരോഗവും:
മുട്ടയും കോഴിയും?
ഓണസദ്യയിൽ
കുടൽ ബാക്ടീരിയകൾ
ഇടപെടുമ്പോൾ
