ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരവും അതേസമയം ഏറെ തീവ്രവുമായ അനുഭവങ്ങളിലൊന്നാണ് മാതൃത്വം. ഒരു പുതിയ ജീവന് ജന്മം നൽകുക എന്നത് ശരീരത്തെയും മനസ്സിനെയും ഒരുപോലെ സ്വാധീനിക്കുന്ന വലിയൊരു ജീവിതാനുഭവമാണ്. പ്രസവം സ്വാഭാവികമായ ശാരീരികപ്രക്രിയയാണെങ്കിലും ചില സന്ദർഭങ്ങളിൽ പ്രസവസമയത്തോ പ്രസവശേഷമോ അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയായേക്കാവുന്ന സങ്കീർണതകളുണ്ടാകാം.
ആധുനിക വൈദ്യശാസ്ത്രം ഇത്തരം സങ്കീർണതകൾ തിരിച്ചറിയുന്നതിനും ഫലപ്രദമായി ചികിത്സിക്കുന്നതിനും വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ട്. എങ്കിലും മാതൃമരണവും നവജാതശിശുമരണവും പൂർണമായി ഒഴിവാക്കാൻ ലോകത്തിന് ഇന്നും കഴിഞ്ഞിട്ടില്ല. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 2023-ലെ ആഗോള മാതൃമരണാനുപാതം ഒരു ലക്ഷം ജീവനുള്ള പ്രസവങ്ങൾക്ക് 197 ആണ്. ഇന്ത്യയിലെ ഏറ്റവും പുതിയ എസ്.ആർ.എസ്. കണക്കായ 2021–23 പ്രകാരം ഇത് 88- ഉം കേരളത്തിൽ 30- ഉം ആണ്. 2030-ഓടെ ആഗോള മാതൃമരണാനുപാതം 70-ൽ താഴെയാക്കുക എന്നതാണ് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസനലക്ഷ്യം.
കേരളത്തിലെ മികച്ച ആരോഗ്യസൂചികകൾക്കു പിന്നിൽ സ്ത്രീകളുടെ ഉയർന്ന വിദ്യാഭ്യാസനിലവാരം, ഗർഭകാലപരിശോധനകളുടെ വ്യാപകത, ആശുപത്രിപ്രസവം, വിദഗ്ധ ചികിത്സ, അടിയന്തിര റഫറൽ സംവിധാനങ്ങൾ, രക്തബാങ്കുകളുടെ ലഭ്യത, നവജാതശിശുപരിചരണം എന്നിവയ്ക്ക് വലിയ പങ്കുണ്ട്. കേരള ഫെഡറേഷൻ ഓഫ് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി- കെ.എഫ്.ഒ.ജി. (KFOG)- ‘സുരക്ഷിത മാതൃത്വം’ എന്ന ലക്ഷ്യത്തോടെ ചികിത്സാമാർനിർദേശങ്ങളും അടിയന്തര പരിചരണ പ്രോട്ടോക്കോളുകളും ഏകീകരിക്കുന്നതിനായി പ്രവർത്തിച്ചുവരുന്നു.
പ്രസവസമയത്തും പ്രസവശേഷവും ഉണ്ടാകാവുന്ന പ്രധാന സങ്കീർണതകളെക്കുറിച്ച് ഒരു പൊതുവായ ധാരണ ഓരോ ഗർഭിണിക്കും കുടുംബാംഗങ്ങൾക്കും ഉണ്ടായിരിക്കണം.

1. നീണ്ടുനിൽക്കുന്നതോ തടസ്സപ്പെടുന്നതോ
ആയ പ്രസവം
ഗർഭപാത്രസങ്കോചങ്ങളുടെ ശക്തിക്കുറവ്, അമ്മയുടെ ഇടുപ്പെല്ലിന്റെ ഘടനയിലോ വലിപ്പത്തിലോ ഉള്ള വ്യത്യാസം, കുഞ്ഞിന്റെ അമിതവലിപ്പം, കുഞ്ഞിന്റെ കിടപ്പിലോ പ്രസവത്തിനുള്ള അവതരണത്തിലോ ഉണ്ടാകുന്ന അപാകതകൾ എന്നിവ പ്രസവം നീണ്ടുപോകുന്നതിനോ തടസ്സപ്പെടുന്നതിനോ കാരണമാകാം.
ഇത് അമ്മയ്ക്ക് കടുത്ത ക്ഷീണം, നിർജലീകരണം, അണുബാധ, ഗർഭപാത്രത്തിന് ക്ഷതം, പ്രസവശേഷമുള്ള അമിതരക്തസ്രാവം എന്നിവയ്ക്കു വഴിയൊരുക്കാം. കുഞ്ഞിന് ഓക്സിജൻ ലഭ്യത കുറയാനും ആരോഗ്യനില വഷളാകാനും സാധ്യതയുണ്ട്. പ്രസവപുരോഗതി കൃത്യമായി നിരീക്ഷിക്കുകയും ആവശ്യമായ സമയത്ത് പ്രസവമോ സിസേറിയനോ നടത്തുകയും ചെയ്യുന്നത് അപകടസാധ്യത കുറയ്ക്കുന്നു.
2. പ്രസവശേഷമുള്ള അമിതരക്തസ്രാവം
പ്രസവശേഷമുള്ള അമിതരക്തസ്രാവം —പോസ്റ്റ്പാർട്ടം ഹെമറേജ് (Postpartum Haemorrhage) —അത്യന്തം ഗുരുതരമായ അടിയന്തരാവസ്ഥയാണ്. ലോകവ്യാപകമായി മാതൃമരണത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണിത്.
ഗർഭപാത്രം വേണ്ടത്ര ചുരുങ്ങാതിരിക്കുക, മറുപിള്ളയുടെ ഭാഗങ്ങൾ ഗർഭപാത്രത്തിൽ അവശേഷിക്കുക, പ്രസവവഴി യിലോ ഗർഭപാത്രത്തിലോ മുറിവുണ്ടാകുക, രക്തം കട്ടപിടിക്കുന്നതിലെ തകരാറുകൾ എന്നി വയാണ് പ്രധാന കാരണങ്ങൾ.
പ്രസവം കഴിഞ്ഞ ഉടനെ മാത്രമല്ല, ദിവസങ്ങൾക്കോ ആഴ്ചകൾക്കോ ശേഷവും അമിതരക്തസ്രാവമുണ്ടാകാം. മരുന്നുകൾ, രക്തവും രക്തഘടകങ്ങളും നൽകൽ, ബലൂൺ ടാംപണേഡ്, ശസ്ത്രക്രിയ തുടങ്ങിയ ചികിത്സകൾ അതിവേഗം ലഭ്യമാക്കേണ്ടിവരാം.
3. ഉയർന്ന രക്തസമ്മർദവും അപസ്മാരവും
ഗർഭകാലത്തെ ഉയർന്ന രക്തസമ്മർത്തോടൊപ്പം മൂത്രത്തിൽ പ്രോട്ടീൻ, കരൾ– വൃക്ക പ്രവർത്തനവൈകല്യം, രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ കുറവ്, തലവേദന, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുന്ന അവസ്ഥയാണ് പ്രി- എക്ലാംപ്സിയ (Pre-eclampsia). ഇതോടൊപ്പം അപസ്മാരം ഉണ്ടാകുമ്പോൾ എക്ലാംപ്സിയ (Eclampsia) എന്നു വിളിക്കുന്നു.
കൃത്യമായ ഗർഭകാലപരിശോധനകളിലൂടെ ഇത് നേരത്തെ കണ്ടെത്താൻ കഴിയും. യഥാസമയം ചികിത്സ ലഭിക്കാത്തപക്ഷം തലച്ചോറിലെ രക്തസ്രാവം, ശ്വാസകോശത്തിൽ നീർക്കെട്ട്, കരൾ–വൃക്ക തകരാർ, രക്തം കട്ടപിടിക്കാത്ത അവസ്ഥ, മറുപിള്ള വേർപെടൽ എന്നിവ ഉണ്ടാകാം.
കുഞ്ഞിന്റെ വളർച്ച കുറയാനും മാസം തികയുന്നതിനുമുമ്പ് പ്രസവിക്കേണ്ടിവരാനും സാധ്യതയുണ്ട്.
4. മറുപിള്ളയുമായി ബന്ധപ്പെട്ട സങ്കീർണതകൾ
മറുപിള്ള ഗർഭപാത്രത്തിന്റെ താഴ്ഭാഗത്ത് സ്ഥിതിചെയ്ത് ഗർഭാശയമുഖത്തെ ഭാഗികമായോ പൂർമായോ മൂടുന്ന അവസ്ഥയാണ് പ്ലാസന്റ പ്രീവിയ (Placenta Praevia). വേദനയില്ലാത്ത യോനീരക്തസ്രാവമാണ് ഇതിന്റെ സാധാരണ ലക്ഷണം.
കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് മറുപിള്ള ഗർഭപാത്രഭിത്തിയിൽനിന്ന് വേർപെടുന്നതാണ് പ്ലാസന്റൽ അബ്രപ്ഷൻ (Placental Abruption). വയറുവേദന, ഗർഭപാത്രം കട്ടിയാകൽ, രക്തസ്രാവം, കുഞ്ഞിന്റെ ഹൃദയമിടിപ്പിലെ വ്യതിയാനം എന്നിവ ഉണ്ടാകാം. ഗുരുതരാവ സ്ഥയിൽ അമിതരക്തനഷ്ടം, രക്തം കട്ടപിടിക്കാത്ത ഡി.ഐ.സി (DIC), വൃക്കത്തകരാർ, അമ്മയ്ക്കും കുഞ്ഞിനും ജീവാപായം എന്നിവ സംഭവിക്കാം.
മറുപിള്ള ഗർഭപാത്രഭിത്തിയിൽ അസാധാരണമായി ആഴത്തിൽ പറ്റിപ്പിടിച്ചുവളരുന്ന അവസ്ഥയാണ് പ്ലാസന്റ അക്രീറ്റ സ്പെക്ട്രം (Placenta Accreta Spectrum). മുൻപ് സിസേറിയൻ നടത്തിയിട്ടുള്ളവരിലും പ്ലാസന്റ പ്രീവിയ ഉള്ളവരിലും ഇതിന്റെ സാധ്യത കൂടുതലാണ്. അൾട്രാസൗണ്ട്, ചിലപ്പോൾ എം.ആർ.ഐ. എന്നിവയിലൂടെ പ്രസവത്തിനു മുമ്പുതന്നെ സംശയിക്കാൻ കഴിയും. രക്തവും രക്തഘടകങ്ങളും, അത്യാധുനിക ശസ്ത്രക്രിയാസൗകര്യങ്ങളും വിവിധ വിഭാഗങ്ങളിലെ വിദഗ്ധരുടെ കൂട്ടായ സേവനവും ലഭ്യമായ ആശുപത്രിയിൽ മുൻകൂട്ടി ആസൂത്രണം ചെയ്ത പ്രസവം ആവശ്യമാണ്.
കുഞ്ഞ് ജനിച്ച് സാധാരണയായി 30 മിനിറ്റിനുള്ളിൽ മറുപിള്ള പുറത്തുവരാത്ത അവസ്ഥയെ റീടെയിൻഡ് പ്ലാസന്റ (Retained Placenta) എന്നു പറയുന്നു. ഇത് അമിതരക്തസ്രാവത്തിനും അണുബാധയ്ക്കും കാരണമാകാം.
5. അണുബാധയും സെപ്സിസും
ഗർഭകാലത്തോ പ്രസവസമയത്തോ പ്രസവശേഷമോ ഉണ്ടാകുന്ന അണുബാധ ഗുരുതരമായി മാറുമ്പോഴാണ് സെപ്സിസ് (Sepsis) ഉണ്ടാകുന്നത്. ദീർഘനേരം വെള്ളം പൊട്ടി നിൽക്കുക, നീണ്ടുനിൽക്കുന്ന പ്രസവം, ആവർത്തിച്ചുള്ള ആന്തരിക പരിശോധനകൾ, ഗർഭപാത്രത്തിൽ മറുപിള്ളയുടെ ഭാഗങ്ങൾ അവശേഷിക്കുക, ശസ്ത്രക്രിയാമുറിവിൽ അണുബാധ എന്നിവ അപകടസാധ്യത വർധിപ്പിക്കുന്നു.
പനി, വിറയൽ, ഹൃദയമിടിപ്പ് കൂടുക, ശ്വാസംമുട്ടൽ, രക്തസമ്മ ർം കുറയുക, അമിതമായ ക്ഷീ ണം, ദുർഗന്ധമുള്ള യോനീസ്രവം എന്നിവ മുന്നറിയിപ്പുകളാണ്. അണുബാധനിയന്ത്രണ നടപടികൾ, സമയബന്ധിതമായ ആന്റി ബയോട്ടിക് ചികിത്സ, ശസ്ത്രക്രിയാമുറിവിന്റെ നല്ല പരിചരണം എന്നിവയിലൂടെ നിരവധി മരണങ്ങൾ തടയാം.

6. അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം
അമ്നിയോട്ടിക് ദ്രാവകമോ ഗർഭപാത്രത്തിനുള്ളിലെ മറ്റ് ഘടകങ്ങളോ അമ്മയുടെ രക്തചംക്രമണവുമായി സമ്പർക്കത്തിലാകുമ്പോൾ അപൂർവമായി ഉണ്ടാകുന്ന ഗുരുതരമായ പ്രതിപ്രവർത്തനമാണ് അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം (Amniotic Fluid Embolism). ഇത് സാധാരണ രക്തക്കുഴലടപ്പായി മാത്രം കാണേണ്ട അവസ്ഥയല്ല; ശരീരത്തിൽ പെട്ടെന്നുണ്ടാകുന്ന അതിതീവ്രമായ പ്രതിപ്രവർത്തനമാണ്.
പെട്ടെന്നുള്ള ശ്വാസതടസ്സം, രക്തസമ്മർം കുത്തനെ കുറയുക, ഹൃദയസ്തംഭനം, അപസ്മാരം, രക്തം കട്ടപിടിക്കാതിരിക്കുക എന്നിവ മിനിറ്റുകൾക്കുള്ളിൽ സംഭവിക്കാം. ഇത് മുൻകൂട്ടി പ്രവചിക്കാനോ പൂർമായി തടയാനോ സാധാരണയായി കഴിയില്ല. എന്നാൽ അടിയന്തിര പുനരുജ്ജീവനചികിത്സ, ശ്വാസ– ഹൃദയ പിന്തുണ, രക്തവും രക്തഘടകങ്ങളും നൽകൽ, വേഗത്തിലുള്ള പ്രസവനടപടികൾ എന്നിവ ജീവൻ രക്ഷിക്കാൻ സഹായിക്കും.
7. ഗർഭപാത്രം തലകീഴായി പുറത്തേക്കുവരുന്നത്
പ്രസവശേഷം ഗർഭപാത്രത്തിന്റെ ഉൾഭാഗം പുറത്തേക്കു മറിഞ്ഞുവരുന്ന അപൂർവാവസ്ഥയാണ് യൂട്ടറൈൻ ഇൻവർഷൻ (Uterine Inversion). കടുത്ത വേദന, അമിതരക്തസ്രാവം, രക്തസമ്മർം കുറയൽ, ഷോക്ക് എന്നിവ ഉണ്ടാകാം. ഗർഭപാത്രത്തെ ഉടൻ യഥാസ്ഥാനത്താക്കുകയും രക്തസ്രാവം നിയന്ത്രിക്കുകയും വേണം.
8. പൊക്കിൾക്കൊടി ആദ്യം പുറത്തുവരുന്നത്
കുഞ്ഞിന്റെ പ്രസവഭാഗത്തിനു മുമ്പായി പൊക്കിൾക്കൊടി ഗർഭാശയമുഖത്തിലൂടെയോ യോനിയിലൂടെയോ താഴേക്കു വരുന്നതാണ് കോർഡ് പ്രോലാപ്സ് (Cord Prolapse). കുഞ്ഞിന്റെ ശരീരഭാഗം പൊക്കിൾക്കൊടിയെ ഞെരുക്കുമ്പോൾ കുഞ്ഞിലേക്കുള്ള രക്തവും ഓക്സിജനും കുറയാം. കുഞ്ഞിന്റെ ഹൃദയമിടിപ്പിൽ പെട്ടെന്നുണ്ടാകുന്ന വ്യതിയാനം ഇതിന്റെ പ്രധാന സൂചനയാണ്. അടിയന്തിരമായി പ്രസവം നടത്തേണ്ട സാഹചര്യമാണിത്.
9. പ്രസവവഴിയിലുണ്ടാകുന്ന മുറിവുകൾ
വേഗത്തിലുള്ള പ്രസവം, കുഞ്ഞിന്റെ അമിതവലിപ്പം, ഉപകരണസഹായത്തോടെയുള്ള പ്രസവം, കുഞ്ഞിന്റെ അസാധാരണ കിടപ്പ് എന്നിവ കാരണം യോനി, ഗർഭാശയമുഖം, മലദ്വാരത്തെ നിയന്ത്രിക്കുന്ന പേശികൾ, അപൂർമായി മലാശയം എന്നിവയ്ക്ക് മുറിവുണ്ടാകാം. ഇത്തരം മുറിവുകൾ കൃത്യമായി തിരിച്ചറിഞ്ഞ് യഥാസമയം ശസ്ത്രക്രിയയിലൂടെ പരിഹരിച്ചാൽ മലനിയന്ത്രണക്കുറവ്, ദീർഘകാലവേദന തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാം.
10. പ്രസവസമയത്തോ പ്രസവശേഷമോ ഉണ്ടാകുന്ന പെട്ടെന്നുള്ള കൊളാപ്സ്
പ്രസവത്തിനിടയിലോ പ്രസവശേഷമോ സ്ത്രീ പെട്ടെന്ന് അബോധാവസ്ഥയിലാകുകയും രക്തചംക്രമണവും ശ്വസനവും ഗുരുതരമായി തകരുകയും ചെയ്യുന്ന അവസ്ഥയെ മാതൃ കൊളാപ്സ് (Maternal Collapse) എന്നു പറയുന്നു. അമിതരക്തസ്രാവം, അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസം, ശ്വാസകോശത്തിലെ രക്തക്കുഴലടപ്പ്, എക്ലാംപ്സിയ, സെപ്സിസ്, ഹൃദ്രോഗങ്ങൾ, മരുന്നുകളോടുള്ള ഗുരുതര അലർജി തുടങ്ങിയവ ഇതിന് കാരണമാകാം.
കാരണനിർയത്തോടൊപ്പം ഹൃദയ–ശ്വാസ പുനരുജ്ജീ വനചികിത്സയും ഒരേസമയം ആരംഭിക്കണം. ഓരോ മിനിറ്റും അമ്മയുടെയും കുഞ്ഞിന്റെയും ജീവനെ നിർയിക്കുന്ന അടിയന്തിരാവസ്ഥയാണിത്.

11. ഗർഭകാലത്തെ അക്യൂട്ട് ഫാറ്റി ലിവർ
അക്യൂട്ട് ഫാറ്റി ലിവർ ഓഫ് പ്രെഗ്നൻസി (Acute Fatty Liver of Pregnancy) സാധാരണയായി ഗർഭകാലത്തിന്റെ അവസാനഘട്ടത്തിൽ കണ്ടുവരുന്ന അപൂർവവും ഗുരുതരവുമായ അവസ്ഥയാണ്. കരൾകോശങ്ങളിൽ സൂക്ഷ്മമായ കൊഴുപ്പ് അടിഞ്ഞുകൂടി കരളിന്റെ പ്രവർത്തനം തകരാം. ഛർദ്ദി, വയറു
വേദന, മഞ്ഞപ്പിത്തം, രക്തത്തിലെ പഞ്ചസാര കുറയുക, രക്തം കട്ടപിടിക്കാതിരിക്കുക, ബോധാവസ്ഥ മാറുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം. രോഗം തിരിച്ചറിഞ്ഞാൽ അമ്മയുടെ ആരോഗ്യനില സ്ഥിരപ്പെടുത്തുന്ന തിനൊപ്പം പ്രസവം വേഗത്തിൽ നടത്തേണ്ടിവരും.
12. ഹൃദയസംബന്ധമായ സങ്കീർണതകൾ
ഗർഭകാലത്തിന്റെ അവസാനമാസങ്ങളിലോ പ്രസവശേഷ മുള്ള മാസങ്ങളിലോ ഹൃദയപേശിയുടെ പ്രവർത്തനശേഷി കുറയുന്ന അവസ്ഥയാണ് പെരിപാർട്ടം കാർഡിയോമയോപ്പതി (Peripartum Cardiomyopathy). ശ്വാസംമുട്ടൽ, കാലിൽ നീര്, നെഞ്ചിടിപ്പ്, അമിതക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ സാധാരണ ഗർഭകാല അസ്വസ്ഥതകളാണെന്നു കരുതി അവഗണിക്കപ്പെടാം.
ഉയർന്ന പ്രായത്തിലുള്ള ഗർഭധാരണം, ഒന്നിലധികം കുഞ്ഞുങ്ങളുള്ള ഗർഭം, ഗർഭകാലത്തെ ഉയർന്ന രക്തസമ്മർം എന്നിവ അപകടസാധ്യത വർധിപ്പിക്കുന്നു. അപൂർമായി ഹൃദയാഘാതം, മഹാധമനിയുടെ ഭിത്തിയിൽ വിള്ളൽ ഉണ്ടാകുന്ന അയോർട്ടിക് ഡിസെക്ഷൻ എന്നിവയും ഗർഭകാലത്ത് സംഭവിക്കാം.
13. രക്തക്കട്ടകളും പൾമണറി എംബോളിസവും
ഗർഭകാലത്തും പ്രസവശേഷമുള്ള ആഴ്ചകളിലും രക്തം കട്ടപിടിക്കാനുള്ള പ്രവണത സ്വാഭാവികമായി വർധിക്കും. കാലിലെ ആഴത്തിലുള്ള സിരകളിൽ രൂപപ്പെടുന്ന രക്തക്കട്ടയെ ഡീപ് വെയിൻ ത്രോംബോസിസ് (Deep Vein Thrombosis) എന്നു പറയുന്നു. ഇത് വേർപെട്ട് ശ്വാസകോശത്തിലെ രക്തക്കുഴലിലെത്തുമ്പോൾ പൾമണറി എംബോളിസം (Pulmonary Embolism) ഉണ്ടാകാം.
ഒരു കാലിൽ മാത്രം വേദനയും നീരും, പെട്ടെന്നുള്ള ശ്വാസംമുട്ടൽ, നെഞ്ചുവേദന, രക്തം കലർന്ന ചുമ, ബോധക്ഷയം എന്നിവ അടിയന്തിര മുന്നറിയിപ്പുകളാണ്. അപകടസാധ്യതയുള്ള സ്ത്രീകളെ നേരത്തേ തിരിച്ചറിഞ്ഞ് നടക്കാൻ പ്രോത്സാഹിപ്പിക്കൽ, കംപ്രഷൻ ഉപകരണങ്ങൾ, ആവശ്യമായവരിൽ രക്തം കട്ടപിടിക്കുന്നത് തടയുന്ന മരുന്നുകൾ എന്നിവ ഉപയോഗിക്കാം.
14. പ്രസവാനന്തര മാനസികാരോഗ്യപ്രശ്നങ്ങൾ
പ്രസവശേഷമുള്ള ദിവസങ്ങളിൽ പല സ്ത്രീകൾക്കും നേരിയ വിഷാദം, കരച്ചിൽ, ഉത്കണ്ഠ തുടങ്ങിയ ‘ബേബി ബ്ലൂസ്’ ഉണ്ടാകാം. ഇവ സാധാരണയായി ഏതാനും ദിവസങ്ങൾക്കുള്ളിൽ കുറയും. എന്നാൽ വിഷാദം നീണ്ടുനിൽക്കുക, കുഞ്ഞിനോടോ ജീവിതത്തോടോ താൽപര്യം നഷ്ടപ്പെടുക, അമിതഭയം, ഉറക്കമില്ലായ്മ, സ്വയം ഉപദ്രവിക്കണമെന്ന ചിന്ത എന്നിവ പ്രസവാനന്തര വിഷാദത്തിന്റെ സൂചനകളാകാം.
വളരെ അപൂർവമായി പ്രസവാനന്തര സൈക്കോസിസ് ഉണ്ടാകാം. അസാധാരണ വിശ്വാസങ്ങൾ, ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുക, കടുത്ത ആശയക്കുഴപ്പം, അമ്മയ്ക്കോ കുഞ്ഞിനോ അപകടകരമായ പെരുമാറ്റം എന്നിവയുണ്ടെങ്കിൽ ഉടൻ ചികിത്സ തേടണം. മാനസികാരോഗ്യപരിചരണവും കുടുംബത്തിന്റെ പിന്തുണയും സുരക്ഷിത മാതൃത്വത്തിന്റെ അവിഭാജ്യഘടകങ്ങളാണ്.

15. ഗർഭസ്ഥശിശുവിന്റെയും നവജാതശിശുവിന്റെയും സങ്കീർണതകൾ
പ്രസവത്തിനിടെ കുഞ്ഞിന് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുന്നതിനെ ഗർഭസ്ഥശിശുവിന്റെ ആരോഗ്യനില വഷളാകൽ അഥവാ ഫീറ്റൽ കോംപ്രമൈസ് (Fetal Compromise) എന്നു പറയാം. പൊക്കിൾക്കൊടി ഞെരിയുക, മറുപിള്ള നേരത്തേ വേർപെടുക, പ്രസവം നീണ്ടുപോകുക, ഗർഭപാത്രത്തിന്റെ അമിതസങ്കോചം തുടങ്ങിയവ ഇതിന് കാരണമാകാം.
ഗർഭസ്ഥശിശു പുറത്തുവിടുന്ന ആദ്യ മലംകലർന്ന അമ്നിയോട്ടിക് ദ്രാവകം ശ്വാസകോശത്തിലേക്ക് കടക്കുമ്പോഴാണ് മെക്കോണിയം ആസ്പിരേഷൻ സിൻഡ്രോം (Meconium Aspiration Syndrome) ഉണ്ടാകുന്നത്. മാസം തികയാതെയുള്ള ജനനം, ജനനസമയത്തെ ശ്വാസതടസ്സം, അണുബാധ, രക്തത്തിലെ പഞ്ചസാരക്കുറവ് തുടങ്ങിയ അവസ്ഥകളിലും നവജാതശിശുവിദഗ്ധരുടെ സേവനം ആവശ്യമാണ്. അപകടസാധ്യതയുള്ള പ്രസവങ്ങളിൽ പരിശീലനം നേടിയ നവജാതശിശു പുനരുജ്ജീവനസംഘത്തിന്റെ സാന്നിധ്യം ഏറെ പ്രധാനമാണ്.
സുരക്ഷിത മാതൃത്വത്തിനായി
സങ്കീർണതകളിൽ പലതും പൂർമായി പ്രവചിക്കാനാവി ല്ലെങ്കിലും അവ മൂലമുള്ള അപകടം ഗണ്യമായി കുറയ്ക്കാൻ കഴിയും. ഗർഭധാരണത്തിനു മുമ്പുള്ള ആരോഗ്യപരിശോധന, ഗർഭാവസ്ഥ നേരത്തേ രജിസ്റ്റർ ചെയ്യൽ, ക്രമമായ ഗർഭകാലപരിശോധന, പോഷകാഹാരം, ഇരുമ്പ്–ഫോളിക് ആസിഡ്–കാൽസ്യം ഗുളികകൾ, നിർദ്ദേ
ശിക്കപ്പെട്ട പ്രതിരോധകുത്തിവയ്പ്പുകൾ, പ്രമേഹ–രക്തസമ്മർ നിയന്ത്രണം, ഉയർന്ന അപകടസാധ്യതയുള്ള ഗർഭാവസ്ഥകളുടെ നേരത്തേയുള്ള തിരിച്ചറിവ് എന്നിവ അതിന്റെ അടിസ്ഥാനമാണ്.
രക്തസ്രാവം, കടുത്ത തലവേദന, കാഴ്ചമങ്ങൽ, അപസ്മാരം, പനി, ശ്വാസംമുട്ടൽ, വയറുവേദന, കുഞ്ഞിന്റെ ചലനം കുറയുക, വെള്ളം നേരത്തേ പൊട്ടുക തുടങ്ങിയ മുന്നറിയിപ്പു കൾ ഉണ്ടായാൽ ഉടൻ ആശുപത്രിയിലെത്തണം. പ്രസവം എവിടെ നടത്തണം, അടിയന്തര സാഹചര്യത്തിൽ ഏതു ആശുപത്രിയിലേക്ക് പോകണം, യാത്രാസൗകര്യം എങ്ങനെ ഉറപ്പാക്കണം, ആവശ്യമായാൽ രക്തദാതാക്കളെ എങ്ങനെ കണ്ടെത്തണം എന്നിവ കുടുംബം മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതും പ്രധാനമാണ്.
ഒരു രാജ്യത്തിന്റെ ആരോഗ്യനിലവാരം അളക്കുന്ന സുപ്രധാന സൂചികകളിലൊന്നാണ് മാതൃമരണാനുപാതം. വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, നല്ല പോഷകാഹാരം, ഗുണമേന്മയുള്ള ഗർഭകാലപരിചരണം, ആശുപത്രിപ്രസവം, സമയബന്ധിതമായ റഫറൽ, വിദഗ്ധ ചികിത്സ, പ്രസവാനന്തര നിരീക്ഷണം എന്നിവ ഒരുമിക്കുമ്പോഴാണ് മാതൃത്വം കൂടുതൽ സുരക്ഷിതമായ അനുഭവമായി മാറുന്നത്. അമ്മയുടെ ജീവനും കുഞ്ഞിന്റെ ജീവനും ഒരുപോലെ സംരക്ഷിക്കപ്പെടുന്ന പ്രസവമാണ് സുരക്ഷിത മാതൃത്വത്തിന്റെ യഥാർഥ ലക്ഷ്യം.
READ: സിസേറിയൻ:
അറിയേണ്ടതെല്ലാം
ഗര്ഭകാലത്ത്
ശ്രദ്ധിക്കേണ്ട
രോഗങ്ങള്
ഗർഭകാല പരിശോധനകളും
അവയുടെ പ്രാധാന്യവും
‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

