പ്രമേഹ പാദരോഗത്തെ ശ്രദ്ധിക്കൂ

പ്രമേഹരോഗികളിൽ ഏറ്റവും വലിയ ആഘാതം സൃഷ്ടിക്കുന്ന സങ്കീർണ്ണതയാണ് പ്രമേഹ പാദരോഗം. ഏറ്റവും മോശമായ സാഹചര്യത്തിൽ, ഇത് കാൽ മുറിച്ചുമാറ്റൽ വരെ എത്താം. ഇതിന്റെ ഭൂരിഭാഗവും ലളിതമായ ദൈനംദിന പരിശോധനകൾ, നല്ല പ്രമേഹ നിയന്ത്രണം, സമയബന്ധിതമായ ചികിത്സ എന്നിവയിലൂടെ തടയാം- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. അജീർ അഹമ്മദ് വി. എഴുതിയ ലേഖനം.

പ്രമേഹരോഗികളുടെ ജീവിതനിലവാരത്തിൽ ഏറ്റവും വലിയ ആഘാതം സൃഷ്ടിക്കുന്ന ഒരു സങ്കീർണ്ണതയാണ് പ്രമേഹ പാദരോഗം (Diabetic Foot Disease). ചെറിയൊരു തരിപ്പോ പരിക്കിലോ തുടങ്ങി വലിയ മുറിവ് (Ulcer) ഗുരുതരമായ അണുബാധ (Infection), എല്ലിലെ പഴുപ്പ് (Osteomyelitis) വരെ എത്തിച്ചേരുന്ന തുടർച്ചയായ പ്രക്രിയയാണിത്.

ഏറ്റവും മോശമായ സാഹചര്യത്തിൽ, ഇത് കാൽ മുറിച്ചുമാറ്റൽ (ആമ്പ്യൂട്ടേഷൻ) വരെ എത്താം. ലോകത്ത് അപകടംമൂലം അല്ലാത്ത അമ്പ്യൂട്ടേഷനുകളുടെ ഏകദേശം 80% പ്രമേഹ പാദരോഗവുമായി ബന്ധപ്പെട്ടതാണ്. ഇതിന്റെ ഭൂരിഭാഗവും ലളിതമായ ദൈനംദിന പരിശോധനകൾ, നല്ല പ്രമേഹ നിയന്ത്രണം, സമയബന്ധിതമായ ചികിത്സ എന്നിവയിലൂടെ തടയാം.

എന്തുകൊണ്ട് പ്രമേഹ പാദരോഗം?

പ്രമേഹരോഗികളിൽ പാദത്തിൽ മുറിവുണ്ടാകാൻ മൂന്നു പ്രധാന കാരണങ്ങളുണ്ട്:

1. ഡയബറ്റിക് ന്യൂറോപ്പതി (Diabetic Neuropathy).
2. കാലിലേക്കുള്ള രക്തപ്രവാഹം കുറയൽ- PAD (Peripheral Arterial Disease).
3. പാദത്തിലെ ആകൃതിവൈകല്യങ്ങൾ- Foot deformities.

ഡയബറ്റിക് ന്യൂറോപ്പതി:

ദീർഘകാലമായി ഉയർന്ന ഗ്ലൂക്കോസ് നില നാഡികളിൽ (Nerves) ക്ഷതം ഉണ്ടാക്കുന്നു. നാഡികളുടെ പ്രധാന മൂന്ന് വിഭാഗങ്ങളെയും ഇത് ബാധിക്കപ്പെടുന്നു.

A) സെൻസറി ന്യൂറോപ്പതി (Sensory Neuropathy):
പാദത്തിലെ സ്പർശനശേഷി കുറഞ്ഞ് വേദന, ചൂട്, തണുപ്പ്, മർദ്ദം എന്നിവ തിരിച്ചറിയാനുള്ള കഴിവ് കുറയും. ചെറിയ മുറിവോ, ചതയോ രോഗിക്ക് അറിയാതെ പോകും. പലപ്പോഴും “പുകച്ചിൽ”, “മുളകുതേച്ച പോലെ”, “ഷോക്ക് അടിക്കും പോലെ”, “മരവിപ്പ്” തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെടാം.

B) മോട്ടോർ ന്യൂറോപ്പതി (Motor Neuropathy):
പാദത്തിലെ ചെറിയ മസിലുകൾ ബലക്ഷയം സംഭവിച്ച് പാദത്തിന്റെ ചലനവും നിയന്ത്രണവും കുറയുന്നു. വിരലുകൾ വളയുന്നതു പോലെ (Claw toe, Hammer toe deformities) ഉള്ള ആകൃതി മാറ്റം ഉണ്ടാകാം.

C) ഓട്ടോണോമിക് ന്യൂറോപ്പതി (Autonomic Neuropathy):
പാദത്തിലെ വിയർപ്പുഗ്രന്ഥികളുടെ പ്രവർത്തനം കുറയുന്നു. ഇത് തൊലി അതിയായി വരണ്ടതാവാനും, വിണ്ടുകീറൽ ഉണ്ടാവാനും കാരണമാകുന്നു.

ഈ മൂന്നു ന്യൂറോപ്പതികളും ചേർന്ന് പാദം സ്വയം സംരക്ഷിക്കുന്ന ശേഷി നഷ്ടപ്പെട്ട (loss of protective sensation) അവസ്ഥയിലാകുന്നു.

പ്രമേഹരോഗികളുടെ ജീവിതനിലവാരത്തിൽ ഏറ്റവും വലിയ ആഘാതം സൃഷ്ടിക്കുന്ന ഒരു സങ്കീർണ്ണതയാണ് പ്രമേഹ പാദരോഗം (Diabetic Foot Disease).
പ്രമേഹരോഗികളുടെ ജീവിതനിലവാരത്തിൽ ഏറ്റവും വലിയ ആഘാതം സൃഷ്ടിക്കുന്ന ഒരു സങ്കീർണ്ണതയാണ് പ്രമേഹ പാദരോഗം (Diabetic Foot Disease).

കാലിലേക്കുള്ള രക്തപ്രവാഹ കുറവ്

കാലിലെ രക്തക്കുഴലുകൾ മുറുകി രക്തപ്രവാഹം കുറയുന്ന അവസ്ഥയാണ് PAD. പ്രമേഹരോഗികളിൽ ഇത് സാധാരണക്കാരെക്കാൾ നാല് മടങ്ങ് കൂടുതലായി കാണപ്പെടുന്നു.

PAD-ന് കാരണമാകുന്ന മറ്റു ഘടകങ്ങൾ: !
പുകവലി, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗങ്ങൾ / പ്രായം.

പ്രധാന ലക്ഷണങ്ങൾ

  • കുറച്ച് ദൂരം നടന്നാൽ കാലിൽ വേദന കാരണം നിൽക്കേണ്ടി വരുന്നു. (Claudication pain).

  • രോഗം വഷളാകുമ്പോൾ വിശ്രമിക്കുമ്പോൾ പോലും പാദത്തിൽ വേദന ഉണ്ടാവുന്നു (Rest pain).

  • തണുത്ത്, നീലയോ പിങ്കോ ആയ കാലുകൾ.

  • മുറിവുകൾ ഉണങ്ങാൻ താമസം.

  • പാദത്തിലെ ആകൃതിവൈകല്യം (Foot Deformity).

പ്രമേഹത്തിൽ സന്ധികളിലെ കൊളാജൻ (collagen) കട്ടിപിടിക്കുകയും, സന്ധികളുടെ ചലനശേഷി കുറയുകയും ചെയ്യുന്നു. അതോടൊപ്പം മോട്ടോർ ന്യൂറോപ്പതി (motor neuropathy) മൂലം മസിലുകൾ ശോഷിക്കുന്നത് ചേർന്ന് പാദത്തിന്റെ രൂപം മാറുന്നു. ഇത് വിരലുകൾ വളഞ്ഞു പോകുന്ന (claw toe, hammer toe), വിരലുകളോ പാദമോ ഉള്ളിലേക്കോ പുറത്തേക്കോ തിരിയുന്ന (varus / valgus deformity), ആകൃതിവ്യതിയാനങ്ങൾ ഉണ്ടാക്കുന്നു.

പ്രമേഹ പാദ സ്ക്രീനിങിന്റെ പ്രാധാന്യം

പ്രമേഹ പാദപ്രശ്നങ്ങൾ സമയത്ത് കണ്ടെത്താൻ സ്ക്രീനിങ് അത്യാവശ്യമാണ്. ന്യൂറോപ്പതി, PAD എന്നിവ ബാധിച്ച പാദങ്ങളെ കണ്ടെത്താനും, രോഗിക്ക് കൃത്യമായ ബോധവൽക്കരണവും അനുയോജ്യമായ പാദരക്ഷയും നൽകി മുറിവുണ്ടാകുന്നത് തടയാനും ഇതുവഴി സാധിക്കും.

പ്രധാന പരിശോധനകൾ

മോണോഫിലമെന്റ് പരിശോധന:

പാദത്തിലെ സ്പർശനശേഷി കുറയുന്നതിനെ കണ്ടെത്താനുള്ള ഏറ്റവും ലളിതമായ പരിശോധനയാണ് 10g മോണോഫിലമെന്റ് ടെസ്റ്റ്. പാദത്തിലെ വിവിധ പോയിന്റുകളിൽ 10g മോണോഫിലമെന്റ് കൊണ്ട് സ്പർശനം പരിശോധിക്കുകയും അത് അറിയാതിരിക്കുന്നത് പാദത്തിന്റെ സ്വയം സംരക്ഷണ ശേഷി നഷ്ടപ്പെട്ടതായി കണക്കാക്കുന്നു.

ABI (Ankle-Brachial Index):

കൈയും കാലും രക്തസമ്മർദ്ദം താരതമ്യം ചെയ്ത് കാലിലേക്കുള്ള രക്തപ്രവാഹം വിലയിരുത്തുന്ന പരിശോധന. ABI < 0.9 ആണെങ്കിൽ PAD-ന്റെ സാധ്യത കൂടുതലാണ്.

VPT (Vibration Perception Threshold):

ബയോതെസിയോമീറ്റർ ഉപയോഗിച്ച് നാഡിയുടെ സ്പർശനശേഷി പരിശോധിക്കുന്നു. >25V ആണെങ്കിൽ സെൻ സറി ന്യൂറോപ്പതി sensory neuropathy ) ഉണ്ടെന്ന് സൂചിപ്പിക്കുന്നു.

ഇത് കൂടാതെ പാദത്തിനടിയിലെ പ്രെഷർ കണക്കാക്കുന്ന പീഡോ ബാരോഗ്രാം (pedobarogram) പോലെയുള്ള ടെസ്റ്റുകളും ചെയ്യാവുന്നതാണ്. എല്ലാ പ്രമേഹരോഗികളും വർഷത്തിൽ ഒരിക്കൽ പാദപരിശോധന നടത്തണം. ന്യൂറോപ്പതി, PAD, മുൻ മുറിവുകൾ, പാദത്തിലെ ആകൃതിവൈകല്യം എന്നിവയുള്ളവർ 3–6 മാസത്തിലൊരിക്കൽ പരിശോധന ആവർത്തിക്കണം.

മുറിവുകൾ ഉണ്ടാവുന്നത് എങ്ങനെ?

സ്പർശനശേഷി കുറഞ്ഞതിനാൽ ചെറിയ അപകടങ്ങൾ രോഗി അറിയാതെ പോകുന്നു. പലപ്പോഴും ഒരു ആണിയോ മുള്ളോ പാദത്തിൽ കയറി മൂന്നോ നാലോ ദിവസങ്ങൾക്ക് ശേഷം പനിയോ പാദത്തിൽ നിന്നും ദുർഗന്ധം വമിക്കുമ്പോഴോ ആണ് രോഗി അതിനെപ്പറ്റി അറിയുന്നത്.

രോഗബാധ വേഗത്തിൽ വ്യാപിക്കുന്നു.
പ്രമേഹം കാരണം പ്രതിരോധശേഷി കുറയുന്നതു കാരണം അണുക്കൾ പെട്ടെന്ന് തന്നെ വ്യാപിക്കാൻ കാരണമാകുന്നു.

പ്രഷർ അൾസർ

പാദത്തിന്റെ ആകൃതിയുടെ വ്യത്യാസവും സ്പർശനശേഷി കുറവും കാരണം ചില ഭാഗങ്ങളിൽ കൂടുതൽ പ്രഷർ കേന്ദ്രീകരിക്കും. ഇത് തൊലി കട്ടിയായി തഴമ്പ് ഉണ്ടാവാനും (callus), പിന്നീട് അത് മുറിവ് ആകുന്നതിനും കാരണമാകുന്നു. വേദനയോ മറ്റു ബുദ്ധിമുട്ടുകളോ ഇല്ലാത്തതിനാൽ രോഗി നടക്കുന്നത് തുടർന്നാൽ ഈ മുറിവ് ഉണങ്ങാതിരിക്കുകയും, ആഴത്തിലേക്ക് പഴുപ്പ് (Abscess) വരാനോ, എല്ലിൽ പഴുപ്പ് ബാധിക്കാനും (osteomyelitis) ഇടയാക്കാം.

പ്രമേഹ പാദരോഗം എങ്ങനെ പ്രതിരോധിക്കാം?

പാദത്തിന്റെ അവസ്ഥ മനസ്സിലാക്കി കൃത്യമായ മുൻകരുതൽ എടുത്താൽ പാദങ്ങളിൽ മുറിവുണ്ടാവുന്നത് ഒരു പരിധിവരെ തടയാൻ സാധിക്കും.

1. കൃത്യമായ പ്രമേഹം നിയന്ത്രണം- ന്യൂറോപ്പതി ബാധിക്കുന്നതും, പഴുപ്പ് കയറുന്നതും കുറയ്ക്കുന്നു.

2. സ്പർശനശേഷി കുറവുണ്ട് എന്ന് മനസ്സിലാക്കി ദിവസവും പാദങ്ങൾ പരിശോധിക്കുക. അപകട ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടുക.

3. വീടിനുള്ളിലും പുറത്തും എപ്പോഴും ശരിയായ പാദരക്ഷകൾ ഉപയോഗിക്കുക.

4. ദിവസവും പാദങ്ങൾ ലൈറ്റ് സോപ്പ് ഉപയോഗിച്ച് കഴുകുക. വിരലുകൾക്കിടയിൽ ഈർപ്പം നിൽക്കാതെ ശ്രദ്ധിക്കുക (ഇത് പൂപ്പൽ ഉണ്ടാകാൻ കാരണമാകും).

5. പാദത്തിന്റെ അടിഭാഗത്തും മുകൾ ഭാഗത്തും മോയ്സ് ചറൈസിങ്ങ് (moisturising) ക്രീം ഉപയോഗിക്കുക (വിരലിനിടയിൽ ഒഴിച്ച്).

6. പുകവലിയും മദ്യവും ഒഴിവാക്കുക — പുകവലി രക്തപ്രവാഹം കുറയാൻ കാരണമാകുന്നു.

7. കൃത്യമായ ഇടവേളകളിൽ ഡോക്ടറെ സമീപിച്ച് പാദപരിശോധന നടത്തുക: സാധാരണ രോഗികൾക്ക് വർഷത്തിൽ ഒരു പ്രാവശ്യം; high-risk ഗ്രൂപ്പിന് (ന്യൂറോപതി / PAD / മുമ്പ് മുറിവുകൾ ഉണ്ടായവർ) ഓരോ 3–6 മാസത്തിലും പരിശോധന നടത്തുക.

8. നഖപരിചരണം- നഖത്തിന്റെ അറ്റം വളച്ചു മുറിക്കാതെ നേരെ മുറിക്കുക. നഖം ദ്രവിച്ചുപോകുന്ന ഫംഗൽബാധ ഉണ്ടെങ്കിൽ ചികിത്സ തേടുക.

9. ചൂടുവെള്ളം/ഹീറ്റർ ഒഴിവാക്കുക — സ്പർശനശേഷി കുറവുള്ളത് കൊണ്ട് പൊള്ളലേൽക്കാൻ സാധ്യത കൂടുതലാണ്.

അപകട സൂചനകൾ (warning signs)

പ്രമേഹരോഗികൾ ദിവസവും കാൽപാദങ്ങൾ പരിശോധിക്കുക, ഇനിപ്പറയുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കുക:

  • ചുവപ്പ് (Redness).

  • ചൂട് കൂടുക (Warmth).

  • വീക്കം (Swelling).

  • കുമിള (Blister).

  • വേദന അല്ലെങ്കിൽ അസ്വസ്ഥത.

  • പഴുപ്പ്, ദുർഗ്ഗന്ധം (Pus / bad smell).

  • തഴമ്പ് (callus).

  • വിണ്ടുകീറൽ (fissure).

  • വിരളിനിടയിലെ ഫംഗൽ ബാധ.

  • കുഴിനഖം.

  • പാദത്തിന്റെ നിറം മാറുക (pale/blue/dark).

ഇവയിൽ ഒരു ചെറിയ ലക്ഷണം പോലും മുറിവിന്റെ തുടക്കമായി മാറാൻ സാധ്യതയുള്ളതിനാൽ, പെട്ടെന്ന് ചികിത്സ തേടേണ്ടതാണ്.

പ്രമേഹ പാദരക്ഷകൾ (Diabetic Footwear)

പ്രമേഹരോഗികൾക്ക് സാധാരണ ചെരുപ്പുകൾക്കു പകരം പ്രത്യേകമായി രൂപകല്പന ചെയ്ത ഡയബെറ്റിക് പാദരക്ഷകൾ (Diabetic Footwear ) ഉപയോഗിക്കുന്നതാണ് നല്ലത്. മൃദുവായ (MCR/MCP/EVA ) ഇൻസോൾ, വിരലുകൾക്ക് സമ്മർദ്ദം വരാതിരിക്കാനുള്ള wide toe box, മുന്നിലും പുറകിലും സ്ട്രാപ്പ് എന്നിവ ഉള്ളതായിരിക്കണം പാദരക്ഷകൾ.

പല രോഗികൾക്കും കാലിൽ നീർക്കെട്ട് വരാൻ സാധ്യതയുള്ളതുകൊണ്ടുതന്നെ അതുകൂടി ഉൾക്കൊള്ളുന്ന തരത്തിൽ ആയിരിക്കണം ചെരുപ്പുകൾ. അതുകൊണ്ടുതന്നെ നീർക്കെട്ട് വരുന്ന വൈകിട്ടുള്ള സമയങ്ങളിൽ ചെരുപ്പിന്റെ അളവ് എടുക്കുന്നതാണ് ഉത്തമം

പാദത്തിന്റെ ആകൃതി വ്യത്യാസമുള്ളവർ, തഴമ്പ് അല്ലെങ്കിൽ പാദത്തിനടിയിൽ മുറിവ് ഉള്ളവർക്ക് പ്രത്യേകം നിർമ്മിക്കുന്ന പാദരക്ഷകൾ (customised footwear ) നിർബന്ധമാണ്.

ശരിയായ ചെരുപ്പ് ഉപയോഗിക്കുന്നത് പാദത്തിലെ പ്രെഷർ 30–40% വരെ കുറച്ച്, പുതിയ മുറിവുകൾ വരുന്നത് തടയുന്നതിനും പഴയ മുറിവുകൾ സുഖപ്പെടു ന്നതിനും സഹായിക്കുന്നു.

മുറിവുകൾ ഉണ്ടായാൽ…

പ്രമേഹരോഗികളിലെ മുറിവുകൾക്ക് എപ്പോഴും പ്രത്യേക പരിചരണം ആവശ്യമാണ്. വിരലിനടിയിലോ പാദത്തിലോ ഉള്ള ചെറിയൊരു മുറിവ് ഒന്നോ രണ്ടോ ദിവസങ്ങൾ കൊണ്ട് കാലിലേക്ക് വരെ പഴുപ്പ് ബാധിക്കാൻ കാരണമാവാറുണ്ട്.

പഴുപ്പ് ബാധിച്ച ഒരു മുറിവാണെങ്കിൽ പഴുപ്പ് മൊത്തമായി നീക്കം ചെയ്ത് (debridement) കൃത്യമായ ആന്റിബയോട്ടിക് മരുന്നുകൾ നൽകി പഴുപ്പ് നിയന്ത്രിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പഴുപ്പ് നിയന്ത്രണവിധേയമായി കഴിഞ്ഞാൽ ചെറിയ മുറിവുകൾ സാധാരണ പോലെ വൃത്തിയാക്കലും, മരുന്ന് വെച്ചു കെട്ടലും (cleaning and dressing) മതിയാവും.

വലുതും ആഴമേറിയതുമായ മുറിവുകൾക്ക് വാക്വം ഡ്രസ്സിങ്ങ് (vacuum dressing) പോലെ ഉള്ള നൂതന ചികിത്സകൾ ലഭ്യമാണ്. കൂടാതെ ശരീരത്തിന്റെ മറ്റു ഭാഗത്തുനിന്നും ചർമം എടുത്തുവെക്കുന്ന സ്കിൻ ഗ്രാഫ്റ്റിംഗ്, മാംസപാളി എടുത്തു വെക്കുന്ന ഫ്ലാപ് (Flap )സർജറി പോലെയുള്ള പ്ലാസ്റ്റിക് സർജറികളും ചെയ്യാൻ സാധിക്കുന്നതാണ്.

രക്തപ്രവാഹക്കുറവ് (പാട്) കാരണം മുറിവ് ഉണങ്ങാൻ പ്രയാസം ഉണ്ടെങ്കിൽ angioplasty പോലുള്ള ചികിത്സയും ആവശ്യമായി വരാം.

പാദത്തിനടിയിലെ മുറിവുകൾ ഉണങ്ങാൻ മുറിവിലേക്ക് സമ്മർദ്ദം (പ്രെഷർ) വരുന്നത് ഒഴിവാക്കുക (offloading) എന്നത് അത്യാവശ്യമാണ്. നടക്കാതിരിക്കുന്നതും, പ്രത്യേക പാദരക്ഷകളും മറ്റു ഉപകരണങ്ങളും ഉപയോഗിച്ചും ഇത് ചെയ്യാവുന്നതാണ്. ആവർത്തിച്ച് തഴമ്പ് രൂപപ്പെട്ടു മുറിവായി വരുന്നവർക്ക് മുറിവിന്റെ സ്ഥാനവും മെക്കാനിസവും അനുസരിച്ച് ഉള്ള offloading surgery (പ്രഷർ കുറയ്ക്കുന്ന ചെറിയ ശസ്ത്രക്രിയ) യും ഇപ്പോൾ ലഭ്യമാണ്.

പ്രമേഹ പാദരോഗത്തിനെതിരെ ജാഗ്രതയും ശരിയായ പരിചരണവും തന്നെയാണ് ഏറ്റവും വലിയ ആയുധം. നമ്മുടെ പാദങ്ങളെ സംരക്ഷിച്ച്, ആരോഗ്യകരമായ ജീവിതത്തെ ആഘോഷിക്കാം.

READ: പ്രമേഹരോഗികളിലെ വൃക്കസംരക്ഷണം

ആരോഗ്യത്തിന്റെ
രാഗസമന്വയം

റിവേർസ് ഡയബറ്റിസ്
എന്ത്, എങ്ങനെ?

ഇൻസുലിൻ,
പ്രമേഹരോഗിയുടെ
നിതാന്ത സുഹൃത്ത്

പ്രമേഹ ചികിത്സയിൽ
സ്വയം ഗ്ലൂക്കോസ് പരിശോധിക്കുന്നതിന്റെ പ്രസക്തി

കുട്ടികൾക്കും
പ്രമേഹം ഉണ്ടാകുമോ?

ചെണ്ട എന്റെ നിത്യ ഔഷധം

സമൂഹജീവിതവും
വയോധികരും

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments