ഐശ്വര്യ കമലയുടെ വൈറസ് എന്ന നോവൽ ആധുനിക ചികിത്സാ രംഗത്തെ സമകാലികാവസ്ഥയാണ് നമുക്കുമുന്നിൽ തുറന്നിടുന്നത്. ഡി. സി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നോവലിന്റെ ലാവണ്യപരമായ മികവ് വിലയിരുത്താനുള്ള പരിശീലനം എനിക്കില്ല. പക്ഷെ, ഇതിന്റെ ഉള്ളടക്കം ആരോഗ്യമേഖലയിൽ ഇടപെടുന്ന ഒരാളിന് അവഗണിക്കാൻ കഴിയാത്തതുകൊണ്ട് വായന ഉളവാക്കിയ തോന്നലുകൾ പങ്കിടുകയാണ്.
ആരോഗ്യസ്ഥാപനങ്ങളിലെ ധാർമ്മിക പ്രശ്നങ്ങളാണ് ഇതിൽ കാതലായി പ്രതിപാദിക്കുന്നത്. ആതുരാലയങ്ങൾ വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളായി പരിണമിച്ചതും, അതിന്റെ ഉടമകളും മദ്ധ്യവർ ത്തികളായി നിലകൊള്ളുന്ന മാനേജ്മെൻ്റും സീനിയർ ഡോക്ടർ, നഴ്സ്, ഓഫീസർ വൃന്ദവും ഒരു വശത്തും നിരന്തരമായ ജോലിഭാരത്തിനും ചൂഷണത്തിനും വിധേയപ്പെടുന്ന നഴ്സുമാർ ഉൾപ്പെടെയുള്ള ജോലിക്കാർ മറുവശത്തുമായുള്ള അധികാരപ്പടവുകളും ഇതിൽ അനാവൃതമാക്കപ്പെടുന്നു. സ്വന്തം നിലനിൽപ്പിനായി അഭിമാനവും സമയവും നഷ്ടപ്പെടുത്തേിവരുന്ന നഴ്സുമാരിൽ ചിലർ പ്രതിഷേധിക്കുന്നു. ജീവിതത്തെ തന്നെ അപകടത്തിലാക്കിക്കൊണ്ട് അവർ അഭിമാനത്തിനും ധാർമ്മികതക്കും വേണ്ടി പോരാടുകയാണ്. പരാജയപ്പെടുമ്പോഴും കാരുണ്യത്തിന്റെ കൈകൾ ചിലപ്പോഴൊക്കെ അവിചാരിതമായി അവർക്ക് താങ്ങാവുന്നു. നോവലിലുടനീളം ബൈബിളിലെ വചനങ്ങൾ കാരുണ്യത്തിന്റെ നേർത്ത ചാലുകളായി ഒഴുകി എത്തുന്നുമുണ്ട്. ധാർമ്മികതയേയും രാഷ്ട്രീയത്തേയും ചേർത്തിണക്കുന്ന ഒരു മാനത്തിലേക്ക് കാരുണ്യം കടന്നുനിൽക്കുന്നതായി തോന്നും. ഈയൊരു കാഴ്ചയാണ് ആതുര സേവന ലോകത്തെ പറ്റിയുള്ള ആഖ്യാനങ്ങളിൽവച്ച് ഈ നോവലിനുള്ള സവിശേഷതയായി തോന്നിയത്.

ദക്ഷിണേന്ത്യയിലെ സാൻ ഗ്രിയേൽ എന്ന ഒരു സാങ്കല്പികാശുപത്രിയിലാണ് കഥ നടക്കുന്നത്. കോടികളുടെ നിക്ഷേപത്തിൽ ആയിരക്കണക്കിന് മെഷീനുകളുള്ള ഒരു സ്വകാര്യ ആശുപത്രിയാണിത്. ഇവിടുത്തെ നഴ്സുമാരടക്കമുള്ള ജോലിക്കാർ അക്ഷീണം ജോലി ചെയ്യേണ്ടിവരുമ്പോൾ, നേരിയ പ്രതിരോധത്തിന്റെ ശബ്ദം പോലും ഉയരാത്തവിധമുള്ള സംവിധാനം നിലനിർത്തുന്നതിൽ സീനിയർ ആയ ഡോക്ടറും നഴ്സും കൂടി പങ്കാളികളാണ്. ചെയ്താലുംചെയ്താലും തീരാത്ത ശുശ്രൂഷകളിൽ ഭൂരിപക്ഷവും തളർന്നുപോകുന്നു. കോവിഡ് പാൻഡെമിക്കിന്റെ കാലത്ത് ചലിക്കുന്ന യന്ത്രങ്ങളെ പോലെ അവർക്ക് ജോലി വേഗം വർദ്ധിപ്പിക്കേിവരുന്നു. പി.പി.ഇ കിറ്റ് ധരിച്ച് ജോലി ചെയ്യുന്ന സ്ത്രീകൾക്കാവശ്യമായ ഇടവേള കിട്ടിയില്ലെങ്കിൽ എങ്ങനെ അവർ ദുരിതത്തിലാകുമെന്നത് അധികാരികൾക്ക് വിഷയമാകുന്നില്ല.
നൈതികമായ മാനദണ്ഡങ്ങൾ പുലർത്താതെ കുട്ടികളിൽ നടത്തുന്ന മരുന്നുപരീക്ഷണത്തെയും ലൈംഗിക നിറത്തോടെ സ്ത്രീനഴ്സുമാർക്ക് നേരെയുണ്ടാകുന്ന സമീപനങ്ങളെയും എതിർക്കുന്ന ജെന്നിക്കുണ്ടാകുന്ന അപകട മരണത്തെയും കേന്ദ്രീകരിച്ചാണ് നോവൽ വികസിക്കുന്നത്. അടുത്ത ഗ്രാമത്തിലെ പാവപ്പെട്ട കുട്ടികളാണ് പരീക്ഷണങ്ങൾക്ക് വിധേയരാകുന്നത്. സേവനം എന്ന മറയിലൂടെ ദരിദ്രരും വിദ്യാഭ്യാസം കുറഞ്ഞവരുമായ ആളുകളെ മറ്റൊ രു തരത്തിലുള്ള ചൂഷണത്തിന് വിധേയരാക്കുമ്പോഴും അത് അധികാരികൾക്ക് ക്രെഡിറ്റ് വർദ്ധിപ്പിക്കുന്നതിനുള്ള ഉപാധിയാകുന്നു. ഇത്തരം ചൂഷണങ്ങളിലൊക്കെ അറിഞ്ഞോ അറിയാതെയോ വിധേയരാക്കപ്പെടുന്ന ജനങ്ങളും തൊഴിലെടുക്കുന്നവരും പങ്കാളികളാക്കപ്പെടുകയും കുറ്റത്തിന്റെ മുന അവർക്കുനേരെ തന്നെ തിരിച്ചുവിടാൻ കഴിയുകയും ചെയ്യുന്നു എന്നത് അധികാരികളുടെ വിജ യമാണ്. നോവലിലെ പ്രധാന കഥാപാത്രമായ ഇസയുടെ ഭർത്താവ് ഒരേ സമയം ചൂഷണവൃത്തത്തിൽ പങ്കാളിയും ഇരയുമാണ്. ഇത് സമകാലികമായ വ്യവസ്ഥയോടുള്ള ശക്തമായ സാമൂഹിക വിമർശമാണ്.

അധികാരം നടപ്പാക്കപ്പെടുന്നത് മിക്കവാറും വിധേയരുടെ ‘സമ്മത’ത്തോടെയാണ്. അത് ഒരു നിവൃത്തികേടായിരിക്കാം. ജന്മിമാരുടെ കാര്യസ്ഥരെപോ ലെ സ്വന്തം വർഗ്ഗത്തെ തന്നെ ഒറ്റു കൊടുക്കുന്നവരായി അധികാരികളോട് ചേർന്ന് നിൽക്കുന്ന ഡോക്ടറോ നഴ്സോ മാറാം. മറ്റുള്ളവർ ഭയം മൂലം കീഴടങ്ങും. ഈ അവസ്ഥ തന്നെയാണ് നോവലിലുമുള്ളത്. അപൂർവ്വമായി മാത്രമാണ് ജെന്നിയെ പോലെ ഒരാൾ പ്രതികരിക്കാൻ തയാറാവുന്നത്. പലരും ഇസയെ പോലെ സന്ദിഗ്ധാവസ്ഥയിലായിരിക്കും. ജീവിച്ചുപോകാനും ജീവിതത്തിൽ ഒരു കരപറ്റാനുമാണ് കൂടുതൽ പേരും മോഹിക്കുന്നത്. യു.കെയിൽ ഒരു ജോലി സമ്പാദിക്കുകയാണ് മിക്ക നഴ്സുമാരെയും പോലെ ഇസയുടെയും ലക്ഷ്യം. ജാനുവും ജെന്നിയും ഇസയുടെ അടുത്ത കൂട്ടുകാരാണെങ്കിലും ഇക്കാര്യത്തിൽ അവൾക്ക് അവരുമായി അഭിപ്രായവ്യത്യാസമുണ്ട്. കോടികളുടെ ആസ്തിയുള്ള സ്ഥാപനത്തിൽ നക്കാപിച്ചക്ക് പണിയെടുക്കുന്ന നമുക്ക് ഇതൊന്നും ചോദ്യം ചെയ്യാനുള്ള കഴിവില്ല എന്ന് ഇസ പറയുന്നുണ്ട്. ഇതേ ഇസ തന്നെ അപമാനവും അടിച്ചമർത്തലും പരിധി കടക്കുമ്പോൾ സ്വന്തം മോഹങ്ങളൊക്കെ മാറ്റിവച്ച് പോരാടുന്നവരുടെ മുൻനിരയിലെത്തുന്നു. ഇത്തരം പരിവർത്തനത്തിന്റെ നിമിഷങ്ങളാണ് യഥാർത്ഥ ലോകത്തിലും സാമൂഹിക മാറ്റങ്ങളുാക്കുന്നത്.
ഉറ്റ സുഹൃത്തായിരുന്ന ജെന്നിയുടെ ദുരൂഹമരണം ഇസക്ക് ഷോക്കാകുന്നുണ്ട്. ആസ്പത്രിയിൽ നടക്കുന്ന അധാർമ്മികമായ റിസർച്ചിനെതിരെ പ്രതികരിച്ചതിന്റെ പ്രത്യാഘാതമായാണ് അത് മനസ്സിലാക്കപ്പെടുന്നത്. ഇതിനെതിരെ ഒരു കൂട്ടം നഴ്സുമാർ സമരം നടത്തുന്നു. ജാനു എന്ന അടുത്ത കൂട്ടുകാരി തന്റെ പ്രതിരോധം തീവ്രമാക്കുന്നു. എന്നാൽ ഇസ മാനസിക സംഘർഷത്തിനടിപ്പെട്ട് മനോരോഗചികിത്സയിൽ അഭയം പ്രാപിക്കുകയാണ്. അതിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുമ്പോളേക്കും അവൾ അനീതിക്കെതിരെ പോരാടാൻ ഉറച്ച തീരുമാനത്തിലെത്തുന്നു. പ്രതിരോധങ്ങളുടെ വിവിധ രൂപങ്ങളും ആന്തരിക സംഘർഷങ്ങളും നോവലിൽ കാണാൻ കഴിയും. കൂട്ടുകാരിയുടെ ജീവൻനഷ്ടത്തിനെതിരെ രഹസ്യ അട്ടിമറിയിലൂടെ അതിതീവ്രമായി പ്രതികരിക്കുന്ന ജാനു പരാജയപ്പെടുകയാണ്. സംഘടിച്ച് സമരം ചെയ്യുന്ന ഗ്രൂപ്പും പരാജയപ്പെടുന്നു. പരാജയങ്ങളും ചെറിയ വിജയങ്ങളും കലർന്നുപോകെ പരാജയങ്ങൾക്ക് മുൻ തൂക്കമുണ്ടെങ്കിലും അടിച്ചമർത്തപ്പെടുന്നവരുടെ ഉള്ളിൽ നിന്നുയരുന്ന പ്രതിഷേധം ശക്തമായി കോറിയിടുന്നുണ്ട്. ആരോഗ്യ വ്യവസ്ഥക്കുള്ളിലെ അധികാരവിന്യാസവും പ്രതിരോധങ്ങളിലെ ശക്തിദൗർബ്ബ ല്യങ്ങളും ഇതിൽ യഥാതഥമായി വരച്ചുകാട്ടുന്നു.

പലവിധ സംഘർഷങ്ങളിലൂടെ കടന്നുപോകുന്ന ഇസയുടെ സ്വാഭിമാനത്തിന്റെ വികാസം ഇതിൽ കാണാൻ കഴിയും. ഈ യാത്രയിൽ പല കെണികളിലും ചതികളിലും പ്രതിസന്ധികളിലും പെടുന്ന ഇസ കഷ്ടപ്പെട്ടിട്ടാണെങ്കിലും ആത്മാഭിമാനത്തോടെ ഓരോ ഘട്ടത്തിലും ഉണർന്നുവരുന്നുണ്ട്. അവൾ ബൈബിൾ വചനങ്ങൾ എല്ലാ പ്രതിസന്ധികളിലും നെഞ്ചോട് ചേർക്കുന്നു. ഒരു രോഗിയുടെ കേസ് ഷീറ്റിൽ തിരുത്ത് വരുത്തി അധികാരികൾ അവളെ ശിക്ഷിക്കുന്ന സമയത്ത് സ്വയം പിഴയായി ഏറ്റെടുത്ത് അവിടെ അവൾ ഒത്തുതീർപ്പിന് വിധേയപ്പെടുന്നു. സ്വയം ശരീരത്തെ പരിചരിച്ചും സൗഹൃദങ്ങളിലൂ ടെയും പ്രണയത്തിലേക്ക് വഴുതിവീണും മറ്റും ആത്മത്തെ വീണ്ടെടുക്കാൻ അപ്പോഴും അവൾ ശ്രമിക്കുന്നുണ്ട്. എന്നാൽ ചതി, തന്റെ രക്ഷകനും കമിതാവുമായ ചികിത്സകന്റെ അടുത്തുനിന്ന് പോലും അനുഭവിക്കേണ്ടിവരുന്നു. ജീവിതപങ്കാളിയും പിന്തുണ നൽകുന്നതിനു പകരം സ്വന്തം സുഖങ്ങൾ തേടി പോവുകയാണ്. കോവിഡ് പരിചര ണത്തിൽ ആത്മാർത്ഥമായി മുഴുകുന്ന ഇസക്ക് ക്വാറന്റയിൻ കാലം ചതിയുടെ ചങ്ങലയാണ് സമ്മാനിക്കുന്നത്. അതോടെ അവൾ സമരക്കാരോടോപ്പം നിൽക്കുന്നു എങ്കിലും അവസാനം അവരിൽ നിന്നും പ്രതീക്ഷിക്കാത്ത തരത്തിൽ പിൻവലിയലുണ്ടാകുന്നത് വലിയ തിരിച്ചടിയാണ്.
നോവലിൽ ഉയർന്നുവരുന്ന മറ്റൊരു പ്രധാന വിഷയം ആത്മാദരത്തിന്റേതാണ്. ഭൗതികം, ആത്മീയം എന്നിവയുടെ അതിർ വരമ്പുകൾ ഭേദിച്ച് ഇസ അതിലേക്ക് ഉയരുന്നു. പല സമയത്തും ജാനു എന്ന കനൽ പോലെ ജ്വലിക്കുന്ന പെണ്ണ് ഇത് ഉയർത്തുന്നുണ്ട്. തന്നെ ആരാധിക്കുന്ന ജോണിനോട് ഒരിക്കൽ അവൾ പറയുന്നുണ്ട്, ‘ഇറ്റ്സ് നോട്ട് ജസ്റ്റ് ലിവിങ് ... ബട്ട് ആൾ എബൗട് ഡിഗ്നിറ്റി’. ഇസയുടെ ഉയർത്തെഴുന്നേൽപ്പ് പല പ്രയാസങ്ങളേയും തരണം ചെയ്തതിന് ശേഷമാണ്. ‘എഴുന്നേൽക്കാൻ തുണച്ച ഊന്നുവടിയെ കാലിനു ബലം വന്നതും ഞാൻ ചവിട്ടിയൊടിച്ചു ദൂരെ കളയുന്നു’ എന്നു പറഞ്ഞ് ചതിയന്മാരിൽനിന്ന് ഇസ എന്നെന്നേക്കുമായി മോചനം നേടുന്നു.
ഈ നോവൽ സ്ത്രീകളുടെ കാമനകൾ, ശാരീരികാനന്ദം, ആൺ പെൺ ബന്ധങ്ങൾ എന്നിവയിലെ യാഥാസ്ഥിതികത്വത്തിന് ബദലായി പെണ്ണിന്റെ സ്വേച്ഛയെ ഉയർത്തുന്നുണ്ട്. സ്വ–രതി, സ്വവർഗ്ഗ രതി, വിവാ ഹാതീത ബന്ധങ്ങൾ, ആൺ- പെൺ ബന്ധത്തിലെ അസൂയയും വയലൻസും എന്നിവയെല്ലാം തുറന്ന് വക്കുന്നു. ലൈംഗിക സേവന പരിചരണങ്ങൾക്കായി പറയാതെ പറഞ്ഞും അറിയാതെ അറിഞ്ഞും സ്ഥാപനങ്ങളിൽ നടക്കുന്ന സ്ത്രീത്വത്തിന്റെ ചൂഷണവും ഇതിൽ മറ നീങ്ങുന്നുണ്ട്. ഇത് പല തരത്തിൽ എതിർക്കുന്നവരും അഡ്ജസ്റ്റ് ചെയ്യുന്നവരും ഇക്കാലത്ത് നമ്മുടെ സ്ഥാപനങ്ങളുടെ നേർക്കാഴ്ചയാണ്.
സാമ്പത്തിക മാനങ്ങൾ നിർണ്ണയിക്കുന്ന ആധുനിക വൈദ്യ വ്യവസ്ഥയിൽ നിന്നുകൊണ്ടുതന്നെ ഈ തൊഴിലിന്റെ ഇനിയും പൂർണ്ണമായി നഷ്ടപ്പെട്ടിട്ടില്ലാത്ത മഹത്വത്തേയും സാദ്ധ്യതകളേയും ഉയർ ത്തിപ്പിടിക്കുകയാണ് ഇസ. ‘എന്തുവന്നാലും ഈ തൊഴിലിനെ വെറുക്കരുത്’ എന്ന തീരുമാനത്തിൽ അവൾ സേവനത്തിന്റെ ഇടം മാറ്റി യു. കെ യിലേക്ക് ചേക്കേറുന്നു. ഏത് പ്രതിസന്ധിയിലും പരമകാരു ണ്യത്തെ പുൽകുന്നവളാണ് ഇസ. കോവിഡ് ബാധിച്ച് ഐ.സി.യുവിൽ മരണത്തോട് മല്ലിട്ട് പുറംലോകം ഒരു നോക്ക് കാണാൻ കൊതിക്കുന്ന മുരളിക്ക് ഇസ വാക്കുകളിലൂടെ അത് കാട്ടി കൊടുക്കുന്നു. ‘താഴെ ഒരു വലിയ മാവ്. നിലത്താകെ പച്ചയും ചുവപ്പും നിറത്തിൽ ഇലകൾ. പിന്നെയൊരു പൂന്തോട്ടം നിറയെ പൂക്കൾ, ജമന്തി, മുല്ല...’ ജെന്നിയുടെ ഡയറിയിലും രോഗിക്കേകുന്ന സമാനമായ സാന്ത്വനം എഴുതി ചേർത്തിട്ടുണ്ട്.
‘‘ഞാൻ അയാൾക്ക് ജനാലക്കപ്പുറമുള്ള വസന്തത്തെപ്പറ്റിയും ഓരോ പൂക്കളുടെ നിറങ്ങളെ പറ്റിയും പറഞ്ഞു കൊടുക്കും.’’
കാരുണ്യത്തോടൊപ്പം കരുത്തും കൈവെടിയാത്ത ഇസയെയാണ് അവസാന ഭാഗത്ത് കാണുന്നത്. ആശുപത്രിയിലെ അനീതികൾക്കെതി രെ ഒരു ഘട്ടത്തിൽ ഇസ വിസിൽ ബ്ലോവർ ആകുന്നുണ്ട്. നിങ്ങൾക്കും നിങ്ങൾ ചൂഷണം ചെയ്യുന്ന രോഗിക്കും ഇടയിൽ സാക്ഷിയായി മൂന്നാമതൊരാൾ (നഴ്സ്) ഉണ്ടെന്ന് ആശുപത്രി അധികാരിയെ ഇസ ഓർമിപ്പിക്കുന്നു. ജോലി അടക്കം എല്ലാം നഷ്ടപ്പെട്ട് ആത്മഹത്യാ ശ്രമവും അനാരോഗ്യവും തരണം ചെയ്ത് വീണ്ടും തൊഴിൽ ചെയ്യാൻ ഒരുങ്ങുകയാണ് ഇസ. ആശുപത്രിയിൽ സമയോചിതമായി ജീവൻ രക്ഷിച്ചെടുത്ത അജ്ഞാതനായ ഒരു അതികായന്റെ ഇടപെടലാണ് ഇസക്ക് വീണ്ടും അവസരം നൽകുന്നത്. തൊഴിലിനോടുള്ള വിട്ടു വീഴ്ചയില്ലാത്ത, നിരുപാധികമായ പ്രതിബദ്ധതയാണ് അവളെ ആ നിലയിലെത്തിക്കുന്നത്. കാരുണ്യത്തിന്റെ തഴുകൽ ഇസയും അനുഭവിക്കുന്നു. അപാരമായ ദയയുടെ വിരൽസ്പർശം അനീതികളെ കടന്ന് നീളുന്നു. രാഷ്ട്രീയവും കരുണയും ഇഴചേരുന്ന പ്രതീതിയാണ് ഈ നോവൽ നൽകുന്നത്.
READ: മഴക്കാലരോഗങ്ങൾ
കുട്ടികളിൽ
മഴക്കാലത്ത്
ചെവിയും തൊണ്ടയും മൂക്കും
സംരക്ഷിക്കേണ്ടവിധം
ഡെങ്കിപ്പനി
മഴക്കാലത്ത്
എലിപ്പനി
വെല്ലുവിളിക്കുമ്പോൾ
മഴക്കാലം പനിക്കാലമാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതെല്ലാം…
ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ
പിതാവായ മലയാളി ഡോക്ടർ
തികച്ചും സാധാരണം;
പക്ഷെ, അസാധാരണം
രോഗങ്ങളുടെയും വെല്ലുവിളികളുടെയും
മഴക്കാലം
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

