ഇക്കാലത്തു കാണുന്ന ഒരു സാധാരണ കാഴ്ചയാണ് കരയുന്ന കുഞ്ഞിനെ മൊബൈൽ ഫോൺ കാണിച്ചു സമാധാനിപ്പിക്കുന്നത്. ഇരുന്നു തുടങ്ങിയ 7-8 മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കൈയിലും മൊബൈൽ ഫോൺ തന്നെ കളിപ്പാട്ടം! ഇതിൽ കുഴപ്പമുണ്ടോ? അത് മറ്റൊരു ചർച്ചാ വിഷയമാണ്. അച്ഛനമ്മമാരുടെ എളുപ്പവഴിയായോ വിവരക്കേടുകൊണ്ടോ ചെയ്യുന്ന ഈ കാര്യം, കുഞ്ഞിൽ നിന്ന് തട്ടിയെടുക്കുന്നത് അവരുടെ കുട്ടിക്കളിയെയാണ്. കളി ഒരു കുഞ്ഞിന്റെ ജന്മാവകാശമാണ്.
ശൈശവം മുതൽ തന്നെ കളിക്കാനുള്ള അന്തർലീനമായ പ്രചോദനകൾ കുട്ടികളിൽ കാണാറുണ്ട്. ഇന്നത്തെ കാലത്തു വർധിച്ചു വരുന്ന ഈ പുതിയ മൊബൈൽ ഫോൺ ഉപയോഗ ട്രെൻഡ്, പലപ്പോഴും കളികളിൽ ഏർപ്പെടാനുള്ള, കുട്ടികളുടെ ആഗ്രഹം തന്നെ ഇല്ലാതാക്കുന്നു.
വളർച്ചയിൽ കളിയുടെ പങ്ക്
കുട്ടികളുടെ ശാരീരികവും മാനസികവുമായുള്ള വളർച്ചക്ക് കളികൾ അനിവാര്യമാണ്. അവർ പുറം ലോകത്തെ അറിയുന്നതും പുതിയ കാര്യങ്ങൾ പഠിക്കുന്നതും കളിയിലൂടെയാണ്. തലച്ചോറിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താൻ കളികൾ സഹായിക്കുന്നു. കാര്യനിർവഹണം, പ്രശ്നപരിഹാരം, ഭാഷാവികസനം, നേതൃത്വപാടവം, വൈകാരിക പക്വത, സാമൂഹികമായി ഇടപഴകാനുള്ള കഴിവ് തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും തലച്ചോറിലുണ്ടാകുന്ന മാറ്റത്തിനനുസരിച്ച് കളികളിലും മാറ്റം വരും എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
കുട്ടികൾ പഠിക്കുന്നതും നിർണായക കഴിവുകൾ വികസിപ്പിക്കുന്നതും കളികളിലൂടെയാണ്. കുട്ടികൾക്ക് കളി വെറും വിനോദത്തിനു മാത്രമല്ല പഠനത്തിനും സഹായകമാകുന്നു. അതുപോലെ തന്നെ സഹാനുഭൂതിയും സഹവർത്തിത്വവും ജീവിതത്തിൽ ഉൾക്കൊള്ളിക്കാൻ കളികൾ സഹായിക്കുന്നു. മേലെ പറഞ്ഞതുപോലെ ജീവിതത്തിൽ അവർ തുടർന്ന് ഉപയോഗിക്കുന്ന പ്രധാന കഴിവുകൾ പലതും കളിയിലൂടെയാണ് വികസിപ്പിക്കപ്പെടുന്നത്.
ഭാഷ, വായന, എഴുത്ത്, ഗണിതം, ഗ്രാഹ്യം തുടങ്ങിയ അക്കാദമിക് കഴിവുകളും കുട്ടികൾ പഠിക്കുന്നത് കളിയിലൂടെയാണ്. മുതിർന്നവരെന്ന നിലയിൽ കളി യാദൃച്ഛികമായി നമുക്ക് തോന്നിയേക്കാം, എന്നാൽ വാസ്തവത്തിൽ കുട്ടികളുടെ വികസനത്തിന്റെ ഭാഗമായി അവർ കടന്നു പോകുന്ന ആറു ഘട്ടങ്ങളുണ്ട്. മിനിസോട്ട സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഡെവലപ്‌മെന്റിലെ ഗവേഷകയായ മിൽഡ്രഡ് പാർട്ടൻ കളിയ്ക്ക് ആറു ഘട്ടങ്ങൾ ഉണ്ട് എന്ന് തിരിച്ചറിഞ്ഞു. അവരുടെ ഗവേഷണം ഇന്നും പല പ്രധാന പ്രബന്ധങ്ങളിലും പരാമർശിക്കപ്പെടുന്നു.

പാർട്ടൻ തിരിച്ചറിഞ്ഞ കളിയുടെ ആറ് ഘട്ടങ്ങൾ ഇവയാണ്:
1. അൺ ഒക്ക്യൂപൈഡ് പ്ലേ;
unoccupied play (ജനനം - 3 മാസം പ്രായം):
ക്രമരഹിതമായ ചലനങ്ങൾ.
2. സോലിറ്ററി പ്ലേ;
solitary play (3 മാസം-2 വയസ്സ്):
ഒറ്റയ്ക്കുള്ള കളി: വേറെ ഒന്നിലും താല്പര്യം ഇല്ലാത്തതുപോലെ തോന്നും.
3. ഓൺലുക്കർ പ്ലേ; onlooker play (2 വയസ്സ്): കാഴ്ചക്കാരൻ: മറ്റു കുട്ടികൾ കളിക്കുന്നത് ശ്രദ്ധിക്കുന്നു പക്ഷെ അവരോടോപ്പം ചേരുന്നില്ല.
4. പാരലൽ പ്ലേ; parallel play:
(2 വയസ്സും അതിൽ കൂടുതലും):
മറ്റു കുട്ടികളുടെ കൂടെ ഇരുന്നു കളിക്കുന്നു, പക്ഷെ വ്യത്യസ്ത കളിപ്പാട്ടങ്ങളുമായി.
5. അസോസിയേറ്റീവ് പ്ലേ;
associative play (3-4 വയസ്സ്):
കളിപ്പാട്ടങ്ങൾ പങ്കിടുകയും മറ്റുള്ളവരുമായി ഇടപഴകുകയും ചെയ്യുന്നു.
6. കോഓപ്പറേറ്റീവ് പ്ലേ - cooperative play (4+ വയസ്സ്)- സഹകരണപരമായ നിയമങ്ങളും പൊതുലക്ഷ്യവും ഉപയോഗിച്ച് ഒരുമിച്ചു കളിക്കുന്നു.
ഈ ഘട്ടങ്ങൾ തിരിച്ചറിഞ്ഞ് കുഞ്ഞുങ്ങളെ അവരുടെ മാനസികവും വൈകാരികവുമായ വളർച്ചയിൽ മുതിർന്നവർക്ക് എങ്ങനെ സഹായിക്കാൻ കഴിയും എന്ന് നോക്കാം.
1) അൺഒക്ക്യുപൈഡ് പ്ലേ (UP):
തുടർന്നുള്ള എല്ലാതരം കളികളുടെയും അടിസ്ഥാനമായി കണക്കാക്കാം. ഈ ഘട്ടം കുട്ടികളിൽ നിരീക്ഷണ പാടവം വളർത്തുന്നു. മാതാപിതാക്കൾക്ക് ഈ ഘട്ടം അവഗണിക്കാൻ എളുപ്പമാണ്, കാരണം ഇതിൽ കളിപ്പാട്ടങ്ങളോ സാമൂഹിക ഇടപെടലോ ഉൾപ്പെടുന്നില്ല, പക്ഷേ ഇത് സ്വയം കണ്ടെത്തലിന്റെ നിർണായക കാലഘട്ടമാണ്. ജനനം മുതൽ 3 മാസം വരെയാണ് UP കാലം. വെറുതെ കൈ കാൽ ഇട്ടടിക്കുന്നതുപോലെ പോലെ കാഴ്ചക്കാർക്ക് തോന്നുമെങ്കിലും, അതിനേയും കളിയായി കണക്കാക്കാം.
ഈ തരത്തിലെ കളി പ്രോത്സാഹിപ്പിക്കാൻ കുഞ്ഞിനെ ചലിക്കാൻ ഇടമുള്ള സുരക്ഷിതമായ ഒരു സ്ഥലത്ത്, നിലത്ത് കിടത്തുക. നിറമുള്ള എന്തെങ്കിലും സാധനം (കറുപ്പും വെളപ്പും കോൺട്രാസ്റ്റ് പോലെ) ഉള്ളവ കാണിക്കുക. വികസനത്തിന്റെ ഈ ഘട്ടത്തിൽ കടുത്ത നിറങ്ങളിലേക്കാണ് കുഞ്ഞുങ്ങൾക്ക് എളുപ്പത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്നത്. ഈ പ്രായത്തിൽ ബേബി ജിം (Baby gym) പോലെയുള്ളവ ഗുണം ചെയ്യും.
2) 3 മാസം മുതൽ 2 വയസു വരെയുള്ള അടുത്ത സോളിറ്ററി പ്ലേ ഘട്ടത്തിൽ കുട്ടികൾ ഒറ്റയ്ക്ക് കളീപ്പാട്ടങ്ങളുമായി കളിക്കുകയോ സ്വയം നിയന്ത്രിതമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നു. കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, ആദ്യ ഘട്ടത്തേക്കാൾ കളിയുടെ സമയദൈർഘ്യം നിലനിർത്തുകയും ചെയ്യുന്നു. സോളിറ്ററി പ്ലേ പരിസ്ഥിതി പര്യവേഷണം ചെയ്യാനും പരീക്ഷണങ്ങളിലൂടെ വൈജ്ഞാനിക കഴിവുകൾ വികസിപ്പിക്കാനും സഹായിക്കുന്നു. പാറ്റേനുൾ (patterns) തിരിച്ചറിയുവാനും മാനസിക ചിത്രങ്ങൾ രൂപപ്പെടുത്തുവാനും വസ്തുക്കളെ തിരിച്ചറിയുവാനും പഠിക്കുന്നതിനോടൊപ്പം അവരുടെ പ്രശ്നപരിഹാര കഴിവുകൾ വികസിപ്പിക്കുവാനും ഇത്തരം കളികൾ സഹായകമാകുന്നു. കുട്ടികളിൽ സ്വയാവബോധവും സ്വാന്തന്ത്ര്യവും വികസിക്കുന്നു.

ഈ വിധം കളികൾ പ്രോത്സാഹിപ്പിക്കാൻ എന്ത് ചെയ്യണം? വിവിധതരം പ്രായാനുസൃത കളീപ്പാട്ടങ്ങൾ ഇതിനു സഹായകരമാകും. നിറങ്ങളും രൂപങ്ങളും തിരിച്ചറിയും വിധമുള്ള കളിപ്പാട്ടങ്ങളാണ് കൊടു ക്കേണ്ടത്. (ഉന്തു വണ്ടികൾ, അനിമൽ കാർഡ്സ്, സ്റ്റാക്കിങ് ബ്ലോക്ക്സ്, സ്റ്റഫ്ഡ് ടോയ്സ്) എനിങ്ങനെയുള്ളവ.
3) 2.5 -3.5 വയസു വരെ ഓൺലൂക്കർ പ്ലേ ഘട്ടമാണ്. കുട്ടികൾ മറ്റുള്ളവരെ നിരീക്ഷിക്കുകയും അനുകരിക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് സാമൂഹിക സൂചനകളെ കുറിച്ച് ധാരണ ഉണ്ടാകുകയും, മറ്റുള്ളവർ എങ്ങനെ കളിക്കുന്നുവെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. നിങ്ങളുടെ കുട്ടി, മറ്റുള്ളവർ കളിക്കുന്നത് കാണുമ്പോൾ, മറ്റുള്ളവരുടെ അതിരുകളും, സാമൂഹിക കളിയെ ചുറ്റിപറ്റിയുള്ള നിയമങ്ങളും, മനസ്സിലാക്കാൻ പഠിക്കുന്നു. അവരിൽ ധാരാളം ചോദ്യങ്ങൾ ഉണ്ടാകുകയും അതുമൂലം നിരീക്ഷണ കാഴ്ചപ്പാട് വികസിക്കുകയും ചെയ്യുന്നു. ഈ ഘട്ടത്തിൽ നാം അവർക്കു ഒരുക്കികൊടുക്കേണ്ടത് കൂടെ ഇടപഴകി കളിക്കാനുള്ള സമപ്പ്രായക്കാരായ കൂട്ടു കാരെയോ അല്പം മുതിർന്നവരായ കുട്ടികളേയോ ആണ്. അതിനു പാർക്കുകളിലോ പ്ലേ ഏരിയകളിലോ കൊണ്ടുപോയാൽ മതിയാകും.
4) 3.5-4 വയസ്സ് വരെയുള്ള നാലാം ഘട്ടമായ പാരലൽ പ്ലേ അവരിൽ സാമൂഹികാവബോധം വളർത്തുന്നു. അവർ കളിപ്പാട്ടങ്ങൾ പങ്കിടാനും അതുവഴി ആശയ വിനിമയം ചെയ്യുവാനും പഠിക്കുന്നു . അവരിൽ സഹാനുഭൂതി വളരുന്നു. ഊഴമനുസരിച്ചു പങ്കുവെക്കാനും മറ്റുള്ളവരുമായി മാന്യമായ രീതിയിൽ ഇടപഴകാനും അവർക്കു സാധിക്കുന്നു. അവർക്കു കളിക്കാനുള്ള അന്തരീക്ഷം ഒരുക്കികൊടുക്കുകയും ധാരാളം കളിപ്പാട്ടങ്ങളും , കൂടെ കളിക്കാൻ ഒന്നോ രണ്ടോപേരുടെ കൂട്ടും ഉണ്ടെങ്കിൽ അവർ സന്തോഷ പൂർവ്വം കളികളിൽ ഏർപ്പെടുകയും ചെയ്യും.
5) 4 വയസ്സ് മുതൽ അസോസിയേറ്റീവ് പ്ലേ:
പാരലൽ പ്ലേ കാലത്ത് മറ്റു കുട്ടികളുമായി സഹകരിക്കാൻ പഠിക്കുന്നുവെങ്കിലും ഒരു പൊതു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയോ കളി സംഘടിപ്പിക്കുകയോ ചെയ്യുന്നില്ല. സ്വന്തം കളിയിലും സ്വന്തം ലക്ഷ്യത്തിലും മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കുകയുള്ളൂ. അസോസിയേറ്റീവ് പ്ലേയിൽ ടീം വർക്കും മറ്റുള്ളവരുമായുള്ള അതിരുകളും അവർ മനസ്സിലാക്കുന്നു. പാവവീട്, കാർ ട്രാക്ക് എന്നിങ്ങനെ മറ്റു കൂട്ടുകാരുമായും പങ്കിട്ടു കളിക്കുന്ന കളിപ്പാട്ടങ്ങൾ ഈ ഘട്ടത്തിലെ കളികളെ സഹായിക്കും.
6) 4 വയസ്സിനു മുകളിലുള്ള കുട്ടികളാണ് സഹകരിച്ചു കളിക്കാൻ തുടങ്ങുന്നത്. സഹവർത്തിത്വ ( associative)കളിയും സഹകരണ (cooperative) കളിയും തമ്മിലുള്ള പ്രധാന വ്യത്യാസം എന്തെന്നാൽ, കുട്ടി മറ്റുള്ളവരുമായി ഒരു പൊതുലക്ഷ്യത്തിലേക്ക് നയിക്കപ്പെടുന്ന രീതിയിൽ കളിക്കുന്നു എന്നതാണ്. കുട്ടികൾ ഈ ഘട്ടത്തിൽ ഭാവനാത്മകമായ കളികളിൽ ഏർപ്പെടുന്നു. സംഘടിത കളികളിൽ ഏർപ്പെടുമ്പോൾ വിട്ടുവീഴ്ച ചെയ്യാനും ചർച്ച നടത്തുവാനും പഠിക്കുന്നതിനോടൊപ്പം ഭാഷവൈദഗ്ധ്യവും ആത്മവിശ്വാസവും സ്വാതന്ത്ര്യവും അവരിൽ വളരുന്നു. ബോർഡ് ഗെയിമുകളും, lego സെറ്റുകളും ഈ പ്രായക്കാർക്ക് പറ്റിയ കളിപ്പാട്ടങ്ങളാണ്. റോൾ പ്ലേ ( മറ്റുള്ളവരെ അനുകരിച്ചു അഭിനയിച്ചു കളിക്കുക ) ഈ പ്രായത്തിലെ ഇഷ്ടപ്പെട്ട വിനോദം ആണ്.
7) സ്കൂളിൽ ചേർന്ന് കഴിഞ്ഞാൽ പിന്നെ ഫ്രീ പ്ലെയ്ക്കാണ് പ്രാധാന്യം. അക്കാദമിക് പറനത്തോളം കളിക്കും പ്രാധാന്യം കൊടുത്താലേ കുട്ടികൾ ആരോഗ്യവാന്മാരായി വളരുകയുള്ളു. സ്വതന്ത്ര കളികൾ കുട്ടികൾക്ക് മനസ്സിന് സന്തോഷം കൊടുക്കുന്നതിനോടൊപ്പം പ്രതിരോധശേഷി വർധിപ്പിക്കുകയും അത് മൂലം ആരോഗ്യകരമായ ബാല്യം നൽകുകയും ചെയ്യുന്നു. കുട്ടികളുടെ സമഗ്രമായ വളർച്ചയ്ക്ക് ഇന്ന് സ്കൂളുകളിൽ ഹെൽത്തി കിഡ്സ് എന്ന പദ്ധതിക്കു തുടക്കം കുറിച്ചിട്ടുണ്ട്. സ്കൂളുകളിൽ രസകരമായ കളികളിലൂടെ കുട്ടികൾക്ക് കളിയുടെയും വ്യായമത്തിന്റെയും ആവശ്യകത മനസ്സിലാക്കികൊടുക്കേണ്ടതാണ്.
കുട്ടികൾ കൃത്യമായും സ്പോഞ്ച് പോലെ ആണ്. ജീവിതത്തിലെ വിവിധ അനുഭവങ്ങളിൽ നിന്നും ആവശ്യമുള്ളതും അല്ലാത്തതുമായ കാര്യങ്ങൾ അവർ ഒപ്പിയെടുക്കുന്നു.
0-5 വയസ്സ് വരെ കുട്ടികളുടെ മസ്തിഷ്ക വളർച്ച ഏറ്റവും വേഗത്തിൽ നടക്കുന്ന കാലഘട്ടമാണ്. സ്ക്രീൻടൈം കൂടുമ്പോൾ ഭാഷാശേഷിയും ചിന്താശേഷിയും കുറയുന്നതിലുപരി അവർ ആശയവിനിമയത്തിലും പിൻന്തള്ളപ്പെടുന്നു. ശാരീരിക പ്രവർത്തനത്തിലെ കുറവുമൂലം അവരുടെ കാഴ്ചയും, ഉറക്കവും ആരോഗ്യവും കുറയുന്നു. വൈകാരിക -മാനസിക വളർച്ചയും അവരിൽ മുരടിക്കുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ ശീലിക്കുന്നത് അവരിൽ ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ശീലമായിമാറും.
കളിയിൽ ഏർപ്പെടുന്ന കുട്ടികളാണ് ആരോഗ്യമുള്ളവരും സന്തോഷമുള്ളവരും ബുദ്ധിയുള്ളവരുമായി വളരുന്നത്. അതുകൊണ്ട് പഠനത്തോടൊപ്പം കളിക്കും തുല്യ പ്രാധാന്യം നൽകുകയും, സ്ക്രീൻ ടൈം, കുഞ്ഞിനോടൊപ്പം തന്നെ മാതാപിതാക്കളും കുറച്ചാലേ നമ്മുടെ കുട്ടികൾക്കും, അതുമൂലം നാടിനും നല്ലൊരു ഭാവി ഉണ്ടാവുകയുള്ളൂ. കുട്ടികളോടൊപ്പം കളിക്കാനും കളിപ്പിക്കാനും മാതാപിതാക്കൾ സമയം കണ്ടെത്തിയേ മതിയാവൂ. മൊബൈൽ ഫോണിന്റെ മാന്ത്രികവലയത്തിൽ അകപ്പെട്ടു പോകാതെ ചുറ്റുമുള്ള പുറംലോകം കണ്ടു കളിച്ചുല്ലസിച്ചു ആരോഗ്യവാന്മാരായി വരുംതലമുറ വളരാൻ, നമുക്ക് അവരെ സഹായിക്കാം.
READ: കേൾവിക്കുറവ്
ഒരു നിശ്ശബ്ദ പ്രതിസന്ധി
‘ആദ്യം
ചികിത്സിക്കപ്പെടേണ്ടത് ...’,
ഒരു മെഡിക്കൽ വിദ്യാർത്ഥി
എഴുതുന്നു
ചെറിയ ആരോഗ്യ സ്ഥാപനങ്ങൾ
നേരിടുന്ന പ്രതിസന്ധികൾ
ആർത്തവ വിരാമത്തിലേക്ക് എത്തുമ്പോൾ
അമ്മയ്ക്കും കുഞ്ഞിനും
ഒരുപോലെ പ്രധാനം,
ഗർഭകാലത്തെ
വായയുടെ ആരോഗ്യം
ആർത്തവപൂർവ
പ്രശ്നങ്ങൾ,
സങ്കീർണതകൾ,
കരുതലുകൾ
കൈവിട്ടത്
തിരിച്ചെടുത്തു തന്നവർ
ഒരു മെഡിക്കൽ കോളേജ്
വനിതാ പ്രിൻസിപ്പലിന്റെ ആത്മഗതം
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

