ബാഹ്യലോകത്തെ അറിയാനും ആസ്വദിക്കാനും പ്രതികരിക്കാനും സഹായകമായ പാഞ്ചേന്ദ്രിയങ്ങളിൽ ഏറ്റവും പ്രമുഖ സ്ഥാനമാണ് നേത്രങ്ങൾക്കുള്ളത്. മനുഷ്യന് ലഭിച്ച ഏറ്റവും വലിയ വരദാനമാണ് കാഴ്ച. ഒരു നിമിഷം കണ്ണുകൾ അടച്ചിരുന്നിട്ട് ബാഹ്യലോകത്തെ കാണാൻ ശ്രമിച്ചാൽ മനസ്സിലാകും കാഴ്ചയില്ലാത്ത മനുഷ്യന്റെ അവസ്ഥ. അതിനാൽ തന്നെ നേത്രങ്ങളുടെ സുരക്ഷയും സംരക്ഷണവും പരമപ്രധാനമാണ്. ലോകാരോഗ്യ സംഘടനയു ടെയും IAPB (International agency for prevention of blindness) യുടെയും ആഭിമുഖ്യത്തിൽ എല്ലാ വർഷവും ഒക്ടോബർ മാസം രണ്ടാമത്തെ വ്യാഴാഴ്ച ലോക കാഴ്ചാദിനമായി ആചരിക്കുകയാണ്. ഇത്തവണത്തെ ലോക കാഴ്ചാദിവസത്തിന്റെ തീം LOVE YOUR EYES - നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കൂ - എന്നുള്ളതാണ്. കാഴ്ചയുടെ പ്രാധാന്യം, കണ്ണുകളുടെ ആരോഗ്യം, കണ്ണുകളുടെ സുരക്ഷിതത്വം എന്നിവയെക്കുറിച്ച് പൊതുജന ബോധവൽക്കരണം നടത്തി, തടയാവുന്ന അന്ധ തയും (preventable blindness ) കാഴ്ചാവൈകല്യ ങ്ങളും തടയുക എന്നതാണ് ഈ ആചാരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
ഏകദേശം 450 ലക്ഷം പൂർണ അന്ധതയുള്ളവർ ആഗോള തലത്തിലും 50 ലക്ഷത്തിലധികം ആളുകൾ ഇന്ത്യയിലുമുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതു കൂടാതെ ഭാഗിക അന്ധ തയുള്ള മറ്റനേകം ആളുകളും.
തടയാവുന്ന അന്ധതയുടെ പ്രധാന (PREVENTABLE BLINDNESS) കാരണങ്ങൾ
1) കാഴ്ച വൈകല്യങ്ങൾ:
റിഫ്രാക്റ്റീവ് തകരാറുകൾ (Refracive errors):
പ്രധാനമായും ഹ്രസ്വദൃഷ്ടി (Myopia), അസ്റ്റിഗ്മാറ്റിസം എന്നിവ. അസ്റ്റിഗ്മാറ്റിസം നേരത്തെ കണ്ടുപിടിച്ചാൽ കണ്ണടകൾ ഉപയോഗിച്ച് പൂർണമായ കാഴ്ച നിലനിർത്താം. കുട്ടിക്കാലത്ത് പ്രധാനമായും 5 - 6 വയസ്സിനുള്ളിൽ തന്നെ കണ്ടുപിടിച്ച് കണ്ണട വെച്ചുതുടങ്ങിയില്ലെങ്കിൽ ആബ്ലൈയോപിയ (Amblyopia) എന്ന അവസ്ഥ വന്നാൽ പിന്നീട് കണ്ണട വെച്ചാലും കാഴ്ച തിരിച്ചു കിട്ടാത്ത അവസ്ഥ വരും. ഇങ്ങനെ കാഴ്ചാവൈകല്യമുള്ള കുഞ്ഞുങ്ങളെ ആറു മാസം കൂടുമ്പോൾ നേത്രരോഗവിദഗ്ദനെ കണ്ടു പരിശോധന നടത്തി ആവശ്യമെങ്കിൽ കണ്ണട മാറ്റേണ്ടതുമാണ്. കാരണം കുട്ടികൾ വളരുന്നതനുസരിച്ച് റിഫ്രാക്ടീവ് തകരാർ വ്യത്യാസപ്പെടുമ്പോൾ അതിനനുസരിച്ച് കണ്ണടയുടെ പവറും മാറേണ്ടതാണ്. 18 വയസിനു ശേഷം റിഫ്രാക്ടീവ് തകരാർ മാറാതെ സ്ഥിരമായി നിൽ ക്കുമ്പോൾ (Stable refractive error) ആധുനിക ലേസർ ചികിത്സ വഴി വേണമെങ്കിൽ കണ്ണട ഒഴിവാക്കാവുന്നതുമാണ്.
2) നേത്രപടലാന്ധത (Corneal blindness)
പല തരത്തിലുള്ള അപകടങ്ങൾ, അണുബാധ എന്നിവ മൂലവും ആസിഡ്, ആൽക്കലി തുടങ്ങിയ രാസപദാർത്ഥങ്ങൾ കണ്ണിൽ വീണും നേത്രപടല സുതാര്യത നഷ്ടപ്പെട്ടും ഇതുണ്ടാകാം. ഇത്തരം അവസ്ഥയിൽ ഒരു ദാതാവിൽനിന്ന് ലഭിക്കുന്ന നേത്രപടലം വെച്ചുപിടിപ്പിച്ച് കാഴ്ച തിരിച്ചുനേടാം.
3) തിമിരം (CATARACT)
അന്ധതക്കു കാരണമാകുന്ന ഒരു രോഗമാണ് തിമിരം. നമ്മുടെ കണ്ണിന്റെ ഉള്ളിലെ സുതാര്യമായ ലെൻസിന്റെ സുതാര്യത നഷ്ടപ്പെടുന്നതുമൂലം പ്രകാശരാശമികൾ നേത്രഗോളത്തിന്റെ ഉള്ളിൽ പ്രവേശിക്കാൻ സാധിക്കാത്തതുകൊണ്ട് ഉണ്ടാകുന്ന അന്ധതയാണ് തിമിരം. നിർഭാഗ്യവശാൽ തിമിരത്തിന് പ്രതിരോധ മാർഗങ്ങൾ ഒന്നും തന്നെയില്ല. കാലക്രമേണ കണ്ണുകൾക്കുണ്ടാകുന്ന സ്വാഭാവിക അവസ്ഥയാണ് തിമിരം. മരുന്നോ ലേസർ ചികിത്സയോ വ്യായാമം കൊണ്ടോ നിയന്ത്രിക്കാൻ സാധിക്കുന്നതല്ല തിമിരം. തികച്ചും വേദനാരഹിതമായതും സുരക്ഷിതവുമായ ഒരു ശസ്ത്രക്രിയയിലൂടെ തിമിരം ബാധിച്ച ലെൻസ് എടുത്തു മാറ്റി പുതിയ കൃത്രിമമായ ഇൻട്രാ ഓക്കുലാർ ലെൻസ് (intraocular lens) വെച്ച് കാഴ്ച പൂർണമായും തിരിച്ചുനേടാം.

4) ഡയബറ്റിക് റെറ്റിനോപ്പതി
(Diabetic Retinopathy)
ശ്രദ്ധിച്ചില്ലെങ്കിൽ പൂർണ അന്ധതക്കു കാരണമാകാവുന്ന ഒരു രോഗമാണ് പ്രമേഹം. വർഷങ്ങളായി അനിയന്ത്രിതമായ പ്രമേഹം ശരീരത്തിലെ മറ്റു കോശങ്ങളെ എന്നപോലെ കണ്ണിന്റെ നേത്രാന്തരപടലത്തെ (Retina) ബാധിച്ച്, കാഴ്ച തിരിച്ചുകിട്ടാൻ സാധിക്കാത്തവിധം പൂർണ അന്ധതക്കു (permanant blindness) കാരണമാകാവുന്ന സങ്കീർണതയാണ് ഡയബറ്റിക് റെറ്റിനോപ്പതി. ഇതു തുടക്കത്തിലേ കണ്ടുപിടിച്ചു വേണ്ട ചികിത്സ എടുത്താൽ കാഴ്ച നിലനിർത്താൻ സാധിക്കും. അതിനാൽ പ്രമേഹമുള്ള എല്ലാവരും ഏറ്റവും കുറഞ്ഞത് വർഷത്തിൽ ഒരു തവണയെങ്കിലും ഒരു നേത്ര രോഗവിദഗ്ദ്ധനെ കണ്ടു വിശദമായ നേത്രപരിശോധന നടത്തേണ്ടതാണ്.
5) ഗ്ലോക്കോമ: (Glaucoma)
കാഴ്ചയുടെ നിശ്ശബ്ദ കൊലയാളി (silent killer of vision) എന്നാണ് ഗ്ലോക്കോമയെ വിശേഷിപ്പിക്കാറുള്ളത്. കാരണം പ്രത്യേകിച്ച് യാതൊരു ലക്ഷണവും ഇല്ലാതെ തന്നെ വളരെ സാവധാനം അന്ധതക്കു കാരണമാകുന്ന അവസ്ഥ യാണിത്. കണ്ണിന്റെ ഉള്ളിലുള്ള ദ്രാവകത്തിന്റെ (aqueous humour) മർദ്ദം കൂടുന്നതുമൂലം നേത്ര നാഡിക്കു കേടുപാട് സംഭവിച്ചു തിരിച്ചുകിട്ടാൻ സാധിക്കാത്ത വിധം കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയാണ് ഗ്ലോക്കോമ. ഇതുമൂലം സാവധാനം വശങ്ങളിലും ചുറ്റുമുള്ളതുമായ കാഴ്ച നഷ്ട്പ്പെട്ട് ഒരു ചെറിയ കുഴലിലൂടെ നോക്കുമ്പോൾ ( tubular vision) കാണുന്ന വിധത്തിലുള്ള കാഴ്ച മാത്രമാകുന്നു. തുടക്കത്തിലേ കണ്ടു പിടിച്ചാൽ നിസാരമായ തുള്ളിമരുന്നുകൾ കൊണ്ടുതന്നെ കാഴ്ച നിലനിർത്താൻ സാധിക്കും. 40 വയസിനു ശേഷം എല്ലാവരും ഗ്ലോക്കോമ ഉണ്ടോ എന്ന് പരിശോധന നടത്തുന്നത് ഇത്തരത്തിലുള്ള അന്ധതയിൽ നിന്ന് രക്ഷ നേടാൻ സഹായിക്കും. പ്രമേഹം ഉള്ളവരും പാരമ്പര്യമായി മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ ഈ അസുഖം ഉള്ളവരും സ്റ്റീറോയ്ഡ് മരുന്നുകൾ ഉപയോഗിക്കുന്നവരും നിർബന്ധമായും പരിശോധന നടത്തേണ്ടതാണ്. ഇങ്ങനെയുള്ളവർക്ക് ഗ്ലോക്കോമ വരാൻ സാദ്ധ്യത വളരെ ഏറെയാണ് (glaucoma high risk group).
6) പ്രായബന്ധിത മാക്യുലാർ ഡീജനറേഷൻ
(AGE RELATED MACULAR DEGENERATION- ARMD)
നേത്രാന്തര പടലത്തിലെ കാഴ്ചയുടെ കേന്ദ്രഭാഗമായ മാക്യൂലയെ ബാധിച്ച് കാഴ്ച കുറഞ്ഞുവരുന്ന ഒരു രോഗമാണിത്. 50വയസിനു മേൽ പ്രായമുള്ളവരിലാണ് ഇതു കാണപ്പെടുന്നത്. പ്രമേഹം, അമിത രക്തസമ്മർദ്ദം (Hypertension) ഉള്ളവരിലും പുകവലി, അമിതമായ മദ്യപാന ശീലമുള്ളവരിലും പാരമ്പര്യമായും ഇതു കാണപ്പെടുന്നു. നേരത്തെ കണ്ടുപിടിച്ചു ചികിൽസിച്ചാൽ നിയന്ത്രിച്ചുനിർത്താൻ സാധിക്കുന്ന രോഗമാണ്. പലപ്പോഴും ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ടോ മറ്റെന്തെങ്കിലും സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടതോ ആയ പരിശോധനക്കായി നേത്രരോഗവിദഗ്ദനെ സമീപിക്കുമ്പോൾ മാത്രമാണ് ഒരു കണ്ണിന് കാഴ്ചക്കുറവുണ്ടെന്നോ അല്ലെങ്കിൽ തീരെ കാഴ്ച ഇല്ലെന്നോ മനസ്സിലാകുന്നത്. എപ്പോഴും നാം രണ്ടു കണ്ണുകളും ഒന്നിച്ചു കാണുന്നതിനാൽ ഒരു കണ്ണിന്റെ കാഴ്ചക്കുറവ് മനസ്സിലാകണമെന്നില്ല. അതിനാൽ സ്വയം ഒരോ കണ്ണും മാറിമാറി ഒരു കൈ കൊണ്ട് അടച്ചുപിടിച്ച് ദൂരെയുള്ള ഏതെങ്കിലും ഒരു വസ്തുവിനെ നോക്കിയാൽ ഒരു കണ്ണിന് മറ്റതിനേക്കാൾ കാഴ്ചക്കുറവുണ്ടോ എന്നു മനസിലാക്കാം. ഇത്തരം സ്വയം കാഴ്ചാപരിശോധന ഇടക്ക് ചെയ്തുനോക്കുന്നത് തക്കസമയത്തു വേണ്ട ചികിത്സ നേടി കാഴ്ച നിലനിർത്താൻ സഹായിക്കും.
READ: ആമാശയ കാൻസറും
ചികിത്സാരീതികളും
വൻകുടൽ കാൻസർ:
തടയാവുന്ന ഗുരുതര രോഗം
അപ്പെൻഡിസൈറ്റിസ്:
അറിയേണ്ടതെല്ലാം
തൈറോയ്ഡ് ഗ്രന്ഥിയുടെ വിശേഷങ്ങൾ
പൈൽസ്
ഭയപ്പെടേണ്ട അവസ്ഥയല്ല,
ചികിത്സിക്കാവുന്ന
ആരോഗ്യപ്രശ്നം
ഉമിനീർ ഗ്രന്ഥികൾ,
രോഗങ്ങൾ, ചികിത്സ
മകനു പറഞ്ഞു കൊടുക്കാൻ
കാത്തുവെക്കുന്നത്…
അമീബയെക്കുറിച്ചു തന്നെ;
ഇത്തിരി വേറിട്ട ചിന്തകൾ
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

