നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് വൃക്കകൾ. നട്ടെല്ലിന് ഇരുവശത്തുമായി സ്ഥിതിചെയ്യുന്ന പയറു മണിയുടെ ആകൃതിയിലുള്ള വൃക്കകൾക്ക് ഏതാണ്ട് 10-12 സെന്റിമീറ്റർ വലിപ്പവും 150 ഗ്രാം തൂക്കവും ഉണ്ടാവും. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് വൃക്കകളുടെ വലിപ്പം കുറച്ച് കുറവായിരിക്കും. ഭ്രൂണാവസ്ഥയിൽ ഏതാണ്ട് 10-12 ആഴ്ച പ്രായമാകുമ്പോഴേക്കും വൃക്കകൾ രക്തം അരിച്ചെടുത്ത് മൂത്രം ഉണ്ടാക്കാൻ തുടങ്ങുന്നു. നമ്മൾ ജനിക്കുന്നതിനു മുൻപേ പ്രവർത്തനമാരംഭിക്കുന്ന വൃക്കകൾ ഒരു ആയുഷ്കാലം മൊത്തം ഒരു നിമിഷം പോലും വെറുതെയിരിക്കാതെ പണിയെടുത്തുകൊണ്ടേയിരിക്കുന്നു.
വൃക്കകളെ ബാധിക്കുന്ന അസുഖങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും കൂടുതലായി കാണപ്പെടുന്നതുമാണ് പ്രമേഹം. ശരീരത്തിന്റെ ഏതാണ്ട് എല്ലാ അവയവങ്ങളെയും പ്രമേഹം ബാധിക്കും. രക്തത്തിെല പഞ്ചസാരയുടെ അളവ് കൂടുന്നതിന്റെ ഭാഗമായി ധാരാളം ദോഷ വസ്തുക്കൾ ശരീരത്തിൽ അടിഞ്ഞുകൂടുവാനും അത് വൃക്കകളെ സാരമായി ബാധിക്കുന്നതിനും കാരണമാകുന്നു. ഓരോ വൃക്കയിലും 10 ലക്ഷത്തോളം കുഞ്ഞ് കുഞ്ഞ് അരിപ്പകൾ പോലുള്ള ഗ്ലോമറുലസ് (glomerulus) എന്നറിയപ്പെടുന്ന ചെറിയ നാരുകളുണ്ട്. രക്തത്തിൽനിന്ന് ആവശ്യമില്ലാത്ത ഘടകങ്ങളെ അരിച്ചെടുത്തു മൂത്രത്തിലൂടെ പുറത്തേക്ക് കളയുന്ന ജോലിയാണ് ഇവ ചെയ്യുന്നത്.
പ്രമേഹം ആദ്യമായി ബാധിക്കുന്നത് വൃക്കകളുടെ അരിപ്പകളെന്നറിയപ്പെടുന്ന ഗ്ലോമറുലസിനെയാണ്. തന്മൂലം നമുക്ക് ആവശ്യമുള്ള ആൽബുമിൻ പോലുള്ള വസ്തുക്കൾ മൂത്രത്തിലൂടെ നഷ്ടപ്പെടുവാൻ തുടങ്ങുന്നു. ഇതാണ് പലപ്പോഴും മൂത്രത്തിൽ പത കൂടുതലായി പോകുന്നതായി കാണപ്പെടുന്നത്. പ്രമേഹം വൃക്കകളെ ബാധിക്കുന്ന അസുഖത്തെ നമ്മൾ ഡയബറ്റിക് നെഫ്രോപതി (Diabetic Nephropathy ) എന്ന് പറയുന്നു. ഇത് തന്നെ പല ഘട്ടങ്ങളിലുണ്ട്. ശരീരത്തിന് ആവശ്യമായ ആൽബൂമിൻ മൂത്രത്തിലൂടെ നഷ്ടപ്പെടുന്നത് മുതൽ, ഡയാലിസിസ് അല്ലെങ്കിൽ വൃക്ക മാറ്റിവയ്ക്കേണ്ടിവരുന്ന അവസ്ഥ വരെ യുള്ള പല ഘട്ടങ്ങിലൂടെയാണ് ഈ അസുഖം കടന്നു പോകു ന്നത്. ഓരോ ഘട്ടത്തിലുള്ള രോഗ ലക്ഷണങ്ങളും പലതായിരിക്കും.

ആദ്യത്തെ ഘട്ടത്തിൽ മുൻപേ പറഞ്ഞതുപോലെ ആൽബുമിൻ മൂത്രത്തിലൂടെ പോകുക മാത്രമേയുള്ളൂ, ഇത് പലപ്പോഴും നമ്മൾ ശ്രദ്ധിക്കണമെന്നില്ല. വളരെ ചുരുക്കം ചിലർ മൂത്രത്തിൽ പത പോകുന്നതായിട്ട് കണ്ടേക്കാം. പലപ്പോഴും ഈ സ്റ്റേജിൽ കൂടുതൽ ലക്ഷണങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ഓരോ പ്രമേഹ രോഗിയും നിർബന്ധമായിട്ടും മൂത്രത്തിലൂടെ ആൽബുമിൻ പോകുന്നുണ്ടോ എന്ന് നോക്കേണ്ടതാണ്. രോഗം പുരോഗമിക്കുന്തോറും കാലിന് നീര് വരിക, മൂത്രത്തിന്റെ അളവ് കുറയുക, കിതപ്പ് അനുഭവപ്പെടുക ക്ഷീണം അനുഭവപ്പെടുക, അടിക്കടി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞു പോകുക, എന്നിങ്ങനെയുള്ള ലക്ഷണങ്ങളും കണ്ടേക്കാം. ഇത്തരം ലക്ഷണങ്ങൾ വൃക്കരോഗത്തിന്റെ ഏറ്റവും അപകടകരമായ ഘട്ടത്തിലേക്ക് കടക്കുമ്പോൾ മാത്രമാണ് നമുക്ക് അനുഭവപ്പെടുന്നത്. പലപ്പോഴും കാണുന്ന ഒരു സ്ഥിതിവിശേഷം എന്നത്; വർഷങ്ങളായി പ്രമേഹ രോഗികളായിട്ടുള്ളവർ ഇത്തരം ലക്ഷണങ്ങൾ വരുമ്പോൾ മാത്രമാണ് വൃക്കകളുടെ പ്രവർത്തനം പരിശോധിച്ച് നോക്കുന്നത്. അങ്ങനെ വരുന്ന രോഗികളിൽ നല്ലൊരു ശതമാനവും പെട്ടെന്ന് തന്നെ ഡയലിസിസിന് വിധേയമാകാറുണ്ട്. അത് കൊണ്ട് എല്ലാ പ്രമേഹരോഗികളും വൃക്കരോഗം ഉേണ്ടായെന്നു പരിശോധിച്ച് നോക്കേണ്ടതാണ്, ഒരിക്കലും ലക്ഷണങ്ങൾക്കുവേണ്ടി കാത്തിരിക്കരുത്.
വളരെ ചുരുങ്ങിയ ചിലവിൽ ചെയ്യാൻ കഴിയുന്ന ലളിതമായ പരിശോധനയിലൂടെ നമുക്ക് വൃക്കരോഗം കണ്ടെത്താൻ കഴിയും. വളരെ പ്രധാനപ്പെട്ട രണ്ട് പരിശോധനകളാണുള്ളത്,
1) രക്തത്തിലെ ക്രിയാറ്റിനിൻ.
2) മൂത്രത്തിലെ പ്രോട്ടീൻ പോകുന്നത് നോക്കാൻ വേണ്ടി- ഒന്നുകിൽ പ്രോട്ടീൻ ക്രിയാറ്റിനിൻ തോത് (urine protein creatinine ratio UPCR) അല്ലെങ്കിൽ അൽബൂമിൻ ക്രിയാറ്റിനിൻ തോത്(urine albumin creatinine ratio UACR) അല്ലെങ്കിൽ മുത്രത്തിലെ മൈക്രോഅൽബുമിൻ ലെവൽ (urine microalbumin level), ഇത് കൂടാതെ സ്കാനിങ്, കിഡ്നി ബയോപ്സി, രക്തത്തിന്റെ വേറെ ടെസ്റ്റുകൾ എല്ലാം ഉണ്ടെങ്കിലും മുകളിൽ പറഞ്ഞ രണ്ട് പരിശോധനകളാണ് വളരെ അടിസ്ഥാനപരമായിട്ടുള്ളത്. എന്ന് മാത്രമല്ല ഈ രണ്ട് ടെസ്റ്റുകളും വളരെ ചെലവ് കുറഞ്ഞതും എല്ലായിടത്തുമുള്ളതുമാണ്.
ഒരു കാര്യം ശ്രദ്ധിക്കേണ്ടതെന്താണെന്ന് വച്ചാൽ, പലരും ഇതിൽ രക്തത്തിലെ ക്രിയാറ്റിനിൻ മാത്രം ടെസ്റ്റ് ചെയ്തു വരാറുണ്ട്. പലപ്പോഴും പ്രമേഹം കൊണ്ടുള്ള വൃക്ക രോഗത്തിന്റെ തുടക്കത്തിലെ സ്റ്റേജിൽ ക്രിയാറ്റിനിൻ കൂടണം എന്നില്ല. ക്രിയാറ്റിനിൻ കൂടിയ ഒരു ഘട്ടം എന്ന് പറയുമ്പോൾ തന്നെ വൃക്കകളുടെ പ്രവർത്തനം മിക്കവാറും പകുതിയിലധികം നഷ്ടപ്പെട്ടിട്ടുണ്ടാകും. രക്തത്തിലെ ക്രിയാറ്റിനിൻ കൂടുന്നതിന് എത്രയോ മുന്നേ മൂത്ര ത്തിലൂടെ ആൽബുമിൻ പോകുന്നുണ്ടാകും. അപ്പോൾ രോഗം കണ്ടുപിടിക്കാൻ മാത്രമല്ല, നേരത്തെ ചികിത്സ കൊടുക്കാൻ വേണ്ടിയും മൂത്രം ടെസ്റ്റ് ചെയ്തുനോക്കേണ്ടത് വളരെ അത്യാവശ്യമുള്ള ഒരു കാര്യമാണ്.
പ്രമേഹം വൃക്കകളെ ബാധിക്കുമ്പോഴേക്കും ശരീരത്തിലെ മറ്റ് അവയവങ്ങളിലും അത് പിടിമുറുക്കിയിട്ടുണ്ടാകും. പ്രത്യേകിച്ചും കണ്ണുകളും ഞരമ്പുകളും. ഒരു 50 ശതമാനം പേരിലെങ്കിലും കാഴ്ചയെ സാരമായി ബാധിക്കുന്ന റെറ്റിനോപ്പതിയും (Diabetic Retinopathy) ഞരമ്പുകളെ ബാധിക്കുന്ന ന്യൂറോപ്പതിയും (Diabetic Neuropathy) വന്നിട്ടുണ്ടാകും. ചിലർക്ക് കാലിൽ തരിപ്പ് അനുഭവപ്പെടാനുള്ള കാരണവും ഇതാണ്. ഇനി ഇത്തരം ലക്ഷണങ്ങളാണ് ആദ്യം അനുഭവപ്പെടുന്നതെങ്കിൽ, അവർ ഉടൻ തന്നെ വൃക്കകളുടെ പ്രവർത്തനം പരിശോധിക്കേണ്ടതാണ്.

പ്രമേഹാനുബന്ധമായി വരുന്ന വൃക്കകളുടെ ചികിത്സയെപ്പറ്റി പറയുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യം എത്ര നേരത്തെ അസുഖം കണ്ടുപിടിക്കുന്നു എന്നുള്ളതാണ്.
ഉദാഹരണത്തിന് ആൽബുമിൻ മൂത്രത്തിലൂടെ പോകുന്ന സ്റ്റേജിലാണ് രോഗി വരുന്നതെങ്കിൽ, വൃക്കകളുടെ പ്രവർത്തനം ശരിയായിട്ടാണെങ്കിൽ, (അതായത് രക്തത്തിലെ ക്രിയാറ്റിനിൻ കൂടിയിട്ടില്ലെങ്കിൽ) നല്ല ചികിത്സ കൊടുത്താൽ വൃക്കകൾ കൂടുതൽ കേടാവാതെ, ആരോഗ്യത്തോടെ കൊണ്ട് പോകാൻ പറ്റും. ആൽബുമിൻ മൂത്രത്തിലൂടെ പോകുന്നത് തടയാൻ പലതരത്തിലുള്ള മരുന്നുകൾ ഇപ്പോൾ ലഭ്യമാണ്. മാത്രവുമല്ല നല്ല ഒരുപാട് ഗവേഷണങ്ങൾ ഈ മേഖലയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നുണ്ട്. ഇനി ഒരു പക്ഷേ വൃക്കളുടെ പ്രവർത്തനം മോശമായതിന് ശേഷമാണ് നമ്മൾ അസുഖം മനസ്സിലാന്നതെങ്കിൽ (അതായത് രക്തത്തിലെ ക്രിയാറ്റിനിൻ ടിയിരിക്കുന്ന അവസ്ഥ) ഇനി അങ്ങോട്ടുള്ള വൃക്കകളുടെ പ്രവർത്തനം മോശമാകാതെ സൂക്ഷിക്കുക എന്നുള്ളതാണ് നമ്മുടെ ലക്ഷ്യം. അഥവാ വൃക്കകളുടെ പ്രവർത്തനം കാലക്രമേണ മോശമാകുന്ന രീതിയിലാണെങ്കിൽ അത് മോശമാകുന്നതിന്റെ വേഗത (rate of progression of disease) നമുക്ക് കുറച്ച് കൊണ്ടുവരാൻ സാധിക്കും.
ചില സന്ദർഭങ്ങളിൽ രോഗികൾ വളരെ മോശമായ രീതിയിൽ അല്ലെങ്കിൽ വൃക്കകൾ പൂർണമായും നശിച്ച രീതിയിൽ (end stage kidney diseaae) വരാറുണ്ട്. ഇത്തരം രോഗികൾ ശരീരം മൊത്തം നീരുമായിട്ടോ, ശ്വാസം മുട്ടൽ ആയിട്ടോ, ഭക്ഷണം കഴിക്കാൻ പറ്റാതെ ഛർദ്ദി ആയിട്ടോ ആണ് വരാറുള്ളത്. ഇവർക്ക് പലപ്പോഴും ഡയാലിസിസ് തുടങ്ങേണ്ടി വരാറുണ്ട്. ചില രോഗികൾ ഒന്ന് രണ്ട് ഡയാലിസിസ് ചെയ്ത ശേഷം കുറച്ചുകാലം ഡയാലിസിസ് ഇല്ലാതെ പോകുമെങ്കിലും പലപ്പോഴും ഡയാലിസിസ് സ്ഥിരമായി ചെയ്യേണ്ട അവസ്ഥയാണ് ഉണ്ടാകാറുള്ളത്.
ഇതിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്താണെന്ന് വച്ചാൽ, ഡയാലിസിസ് ചെയ്യാൻ പറയുമ്പോൾ പലർക്കും മടിയാണ്, അല്ലെങ്കിൽ പേടിയാണ്. ഡയാലിസിസ് എന്ന് പറയുന്നത് വളരെ ശ്രദ്ധാപൂർവം ചെയ്യുന്ന മറ്റു അപകടങ്ങൾ വളരെ കുറച്ചു മാത്രമുള്ള ഒരു പ്രക്രിയയാണ്. ഓർക്കുക ഓരോ ഡയാലിസിസ് ചെയ്യുമ്പോഴും ഓരോ പ്രാവശ്യവും ആ രോഗി മരണത്തിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്. സ്ഥിരമായി ഡയാലിസിസ് ചെയ്യുക അല്ലെങ്കിൽ വൃക്ക മാറ്റി വയ്ക്കുക എന്നുള്ളതാണ് ഈ സ്റ്റേജിലുള്ള വേറെ ഒരു ചികിത്സ. ഇന്ന് ലോകത്ത് വൃക്ക മാറ്റിവെക്കുന്ന രോഗികളിൽ മിക്കവരും പ്രമേഹം കൊണ്ട് വൃക്ക കേടായവരായിരിക്കും. അതുപോലെതന്നെ ഇന്നു ഏതു ഡയാലിസിസ് സെന്റർ എടുത്ത് നോക്കിയാലും പകുതിയിലധികം പേരുടെയും വൃക്ക രോഗത്തിന്റെ കാരണം പ്രമേഹം ആയിരിക്കും.
മരുന്ന് കൊണ്ടുള്ള ചികിത്സയുടെ കൂടെ തന്നെ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങളാണ് കൃത്യമായ ജീവിതശൈലി രീതിയും അനുബന്ധ അസുഖങ്ങളുടെ ചികിത്സയും. ഭക്ഷണത്തിലെ അന്നജത്തിന്റെ അളവ് കുറയ്ക്കുക, ഫൈബർ അടങ്ങിയിട്ടുള്ള ആഹാരപദാർഥങ്ങൾ കഴിക്കുക, ശരീരഭാരം കുറയ്ക്കുക, കൃത്യമായി വ്യായാമം ചെയ്യുക, പുകവലി നിർത്തുക, പ്രോസസ്ഡ് ഫുഡ്സ്, ഉപ്പ് കൂടുതലായിട്ടുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നിങ്ങനെയുള്ള ജീവിതശൈലി നമ്മൾ സീകരിക്കേണ്ടതാണ്. പഴങ്ങൾ നമ്മുടെ ഭക്ഷണരീതിയിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടതാണ്. ഇവിടെ ചെറിയ ഒരു തെറ്റിദ്ധാരണക്ക് സാധ്യതയുണ്ട്.

വൃക്കകളുടെ തകരാർ കണ്ട ഉടൻ തന്നെ എല്ലാവരും പഴങ്ങൾ പൂർണമായും ഉപേക്ഷിക്കുന്നു. ചിലപ്പോൾ ഡോക്ടർ തന്നെ അത്തരത്തിലൊരു നിർദ്ദേശം കൊടുത്തതുമാവാം. മിതമായി പഴങ്ങൾ കഴിക്കുന്നതുകൊണ്ട് ഒരിക്കലും വൃക്കകളുടെ പ്രവർത്തനം മോശമാകാറില്ല. പഴങ്ങളും പച്ചക്കറികളും കൂടുതലും മാംസ്യാഹാരം കുറയ്ക്കുകയും ചെയ്താൽ വൃക്കകൾക്ക് നല്ലതാണ് താനും. പക്ഷേ ക്രിയാറ്റിനിൻ വളരെ കൂടുതലുള്ളവർക്ക് പൊട്ടാസ്യത്തിന്റെ അളവ് ക്രമാതീതമായി കൂടാൻ സാധ്യതയുണ്ട്. പൊട്ടാസ്യം ഇങ്ങനെ ക്രമാതീതമായി കൂടുന്നത് ചിലപ്പോൾ ഹൃദയത്തിന്റെ ഇടിപ്പിനെ ബാധിച്ചേക്കാം. അതുകൊണ്ട് ക്രിയാറ്റിനിൻ വളരെയധികം കൂടി നിൽക്കുന്നവർ, അല്ലെങ്കിൽ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലുള്ളവർ പഴങ്ങൾ ഒഴിവാക്കിയാൽ മതി. പഴങ്ങൾ മിതമായി കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല. ഇവിടെ മിതമായി എന്ന് ഊന്നിപ്പറയാൻ കാരണം, വളരെ അപൂർവ്വമായി ചില രോഗികൾ, വിലുമ്പി ജ്യൂസ് അല്ലെങ്കിൽ നെല്ലിക്ക ജ്യൂസ് കുടിച്ചതിനുശേഷം വൃക്ക രോഗം മോശമായി വരാറുണ്ട്. ചില രോഗികളെ ഡയാലിസിസ് വരെ ചെയ്യേണ്ടിവന്നിട്ടുണ്ട്. ഇത്തരം പഴങ്ങളിലുളള ഓക്സലേറ്റ് എന്ന പദാർത്ഥം വൃക്കകളിൽ അടിഞ്ഞു കൂടി വൃക്ക തകരാറിന് കാരണമാകാറുണ്ട്. പ്രമേഹം കുറക്കാനും വൃക്കരോഗം മാറ്റാനുമാണെന്ന തെറ്റിദ്ധാരണയിൽ ആണ് പലരും ഇത് ജ്യൂസ് രൂപത്തിൽ കൂടുതലായി കഴിക്കുന്നത് എന്നതാണ് ഇതിന്റെ വിരോ ധാഭാസം. ഒരു കാര്യം ഓർക്കുക ഏതെങ്കിലും ഒരു ഭക്ഷ്ണപദാർത്ഥം അത് കായ് ആയിക്കോട്ടെ കനി ആയിക്കോട്ടെ ജ്യൂസ് ആയിക്കോട്ടെ ഒരിക്കലും ഒറ്റമൂലി പോലെ പ്രവർത്തിച്ച് വൃക്കകളുടെ അസുഖം ദേദമാക്കാറില്ല.
പ്രമേഹത്തിന്റെ കൂടെ പലർക്കും കാണുന്ന അസുഖമാണ് രക്താതിമർദ്ദം (systemic hypertension). രക്ത സമ്മർദ്ദം കൃത്യമായ ജീവിതശൈലിയിലൂടെയും മരുന്നുകളിലൂടെയും നിയന്ത്രിച്ചു നിർത്തേണ്ടത് വളരെ ആവശ്യമുള്ള ഒരു കാര്യമാണ്. രക്തസമ്മർദ്ദം കൂടുന്നത് വൃക്ക രോഗം പെട്ടെന്ന് മോശമാകുന്നതിന് കാരണമാകും. പലപ്പോഴും വൃക്കരോഗമുള്ളവർക്ക് ജീവിതശൈലി കൊണ്ട് മാത്രം രക്തസമ്മർദ്ദം നിയന്ത്രണവിധേയമാകണം എന്നില്ല. കൃത്യമായി മരുന്നുകൾ കഴിക്കുകയും അതേ പോലെ തന്നെ സ്ഥിരമായി ഡോക്ടറെ കാണിക്കുകയും വേണം. ഹൃദയാഘാതം, പക്ഷാഘാതം, കാലിലേക്കുള്ള രക്തക്കുഴലിൽ തടസ്സം വരിക, എിങ്ങനെയുള്ള അസുഖങ്ങളും വൃക്ക രോഗത്തിന്റെ ഒപ്പം വന്ന് നമ്മെ കൂടുതൽ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കും. നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളും പല രീതികളിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഏത് പ്രധാന അവയവത്തിന്റെ പ്രശ്നങ്ങളും വൃക്കകളെയും സാരമായി ബാധിക്കാം.
പ്രമേഹരോഗികളിൽ മൂന്നിലൊരാൾക്ക് വൃക്ക രോഗമുണ്ടാകാൻ സാധ്യതയുണ്ട്. പ്രമേഹാനുബന്ധ വൃക്കരോഗം (diabetic nephropathy) കാലക്രമേണ മോശമാകുന്ന ഒരസുഖമാണ് (progressive disease) അസുഖം വരാതെ നോക്കുക എന്നതാണ് ഏറ്റവും നല്ല മാർഗ്ഗം ചിട്ടയായ ജീവിതശൈലിയിലൂടെ കൃത്യമായ പരിശോധനയിലൂടെ, പക്വമായ തീരുമാനങ്ങളിലൂടെ നമുക്ക് വൃക്കരോഗത്തെ തടഞ്ഞുനിർത്താം.
READ: പെട്ടെന്നുണ്ടാകുന്ന വൃക്കരോഗം:
കാരണങ്ങളും ചികിത്സയും
വൃക്കമാറ്റിവെക്കൽ
പുതിയ ജീവിതത്തിലേക്കുള്ള യാത്ര
ഡയാലിസിസ്;
തെറ്റിദ്ധാരണകൾക്കപ്പുറം
വൃക്കകളെ രക്ഷിക്കുന്ന
ജീവിതശൈലി ശീലങ്ങൾ
ശരീരത്തിന്റെ
നിശ്ശബ്ദ കാവൽക്കാരൻ
വീര്യം കുറഞ്ഞ മദ്യം
ഗുരുതര വെല്ലുവിളി തന്നെ
ബി.സി. റോയ് ബഹുമുഖപ്രതിഭയായ
ഭിഷഗ്വരൻ
‘IMA നമ്മുടെ ആരോഗ്യം’ പത്രാധിപർ സംസാരിക്കുന്നു
▮
‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

