പുകവലി
നൂറു തവണ
നിർത്തരുത്

നിക്കോട്ടിൻ തലച്ചോറിനെ അടിമയാക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും ആസക്തി ഉണ്ടാക്കുന്ന രാസഘടകമാണ് നിക്കോട്ടിൻ. ഓരോ പുകവലിയും ശരീരത്തോട് പറയുന്ന സന്ദേശം ഇതാണ്: ‘ഇന്നൊരു ദിവസം കൂടി ഞാൻ നിന്നെ നശിപ്പിക്കും’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. ജാഫർ ബഷീർ എഴുതിയ ലേഖനം.

രു മനുഷ്യന്റെ ശ്വാസം എന്നത് ജീവന്റെ ഏറ്റവും ലളിതവും അടിസ്ഥാനവുമായ അടയാളമാണ്. ഒരു കുഞ്ഞ് ജനിച്ചാൽ കരയുന്നതാണ് ആദ്യ ശ്വാസം. മനുഷ്യൻ അന്ത്യശ്വാസം എടുത്ത് മരിക്കുകയും ചെയ്യുന്നു.

നമുക്കറിയാതെ, ചിന്തിക്കാതെ, പരിശ്രമമില്ലാതെ നടക്കുന്ന ഒന്നാണ് ശ്വാസോച്ഛ്വാസം. പക്ഷേ ആ ശ്വാസം തന്നെ ഒരു ദിവസം നമ്മെ വഞ്ചിച്ചാൽ? ശ്വാസം മുട്ടി, നെഞ്ച് വേദനിച്ച്, ചെറിയൊരു നടത്തത്തിനു പോലും നിൽക്കേണ്ടിവന്നാൽ? അതിന്റെ പിന്നിൽ പലപ്പോഴും ഒരേയൊരു ദുശീലമാണ്; പുകവലി.

പുകവലിക്കുമ്പോൾ എന്താണ് യഥാർത്ഥത്തിൽ നമ്മൾ ഉള്ളിലേക്ക് എടുക്കുന്നത്?

സിഗരറ്റ്, ബീഡി, സിഗാർ, ഹുക്ക, അല്ലെങ്കിൽ ഇ-സിഗരറ്റ് – രൂപത്തിലും അളവിലും വ്യത്യസ്തമെങ്കിലും ഉള്ളടക്കം ഒരേ പോലെയുള്ള വിഷക്കൂട്ട് ആണ്.

ഒരു സിഗരറ്റിന്റെ
പുകയിൽ അടങ്ങിയിരിക്കുന്നത്:

  • 7000-ലധികം രാസവസ്തുക്കൾ.

  • അവയിൽ 70-ലധികം കാൻസർ ഹേതുക്കൾ.

  • നിക്കോട്ടിൻ, ടാർ, കാർബൺ മോണോക്സൈഡ് പോലുള്ള ജീവൻ കവർന്നെടുക്കുന്ന ഘടകങ്ങൾ.

നിക്കോട്ടിൻ തലച്ചോറിനെ അടിമയാക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും ആസക്തി ഉണ്ടാക്കുന്ന രാസഘടകമാണ് നിക്കോട്ടിൻ. ടാർ ശ്വാസകോശത്തെ കറുപ്പിച്ച് കരിയിച്ച്, അതിന്റെ പ്രവർത്തനക്ഷമത നശിപ്പിക്കുന്നു. കാർബൺ മോണോക്സൈഡ് രക്തത്തിന്റെ ഓക്സിജൻ വഹിക്കുന്ന കഴിവ് കുറയ്ക്കുന്നു. അവ ഒരുമിച്ച് ചേർന്നാൽ, ഓരോ പുകവലിയും ശരീരത്തോട് പറയുന്ന സന്ദേശം ഇതാണ്:
“ഇന്നൊരു ദിവസം കൂടി ഞാൻ നിന്നെ നശിപ്പിക്കും.”

ശ്വാസകോശം:
പുകവലിയുടെ ആദ്യ ഇര

ശ്വാസകോശം സ്പോഞ്ച് പോലെയുള്ള (ചിരിക്കേണ്ട, സത്യമാണ്) അതിസൂക്ഷ്മവും നേർമ്മയും ഉള്ള അവയവമാണ്. വായുവിൽ നിന്നുള്ള ഓക്സിജൻ രക്തത്തിലേക്ക് എത്തിക്കുന്ന ഈ സംവിധാനമാണ് നമ്മെ ജീവിപ്പിക്കുന്നത്. പുകവലിക്കുമ്പോൾ, ഈ സ്പോഞ്ച് വിഷപ്പുക കുടിക്കുന്നു. ക്രമേണ ചകിരി പോലെയായി മാറുന്നു.

1. ക്രോണിക് ബ്രോങ്കൈറ്റിസ്

ദീർഘകാല പുകവലി ശ്വാസനാളങ്ങളിൽ സ്ഥിരമായ അണുബാധ ഉണ്ടാക്കുന്നു.

  • ദിവസവും ചുമ.

  • കഫം.

  • നെഞ്ച് ഭാരം.

ഇത് “സാധാരണ ചുമ” അല്ല. ഇത് COPD എന്ന വലിയ രോഗത്തിന്റെ തുടക്കമാണ്.

2. എംഫിസീമ

ശ്വാസകോശത്തിലെ വായു സഞ്ചയിക്കുന്ന അറകൾ അവയുടെ ഭിത്തികൾ തകർന്ന് നശിക്കുന്നു.

  • ശ്വാസം എടുക്കാൻ ബുദ്ധിമുട്ട്.

  • ചെറിയ ജോലിക്ക് പോലും കിതപ്പ്.

  • ജീവിക്കുന്നത് തന്നെ ഒരു പോരാട്ടമാകുന്നു.

ഇവ രണ്ടും ചേർന്നതാണ് സി.ഒ.പി.ഡി. (COPD - Chronic Obstructive Pulmonary Disease)​; ഇത് ഒരു രോഗമല്ല, യഥാർത്ഥ ജീവപര്യന്തം ശിക്ഷ.

ശ്വാസകോശത്തിലെ വായു സഞ്ചയിക്കുന്ന അറകൾ അവയുടെ ഭിത്തികൾ തകർന്ന് നശിക്കുന്നു.
ശ്വാസകോശത്തിലെ വായു സഞ്ചയിക്കുന്ന അറകൾ അവയുടെ ഭിത്തികൾ തകർന്ന് നശിക്കുന്നു.

COPD: പുകവലിയുടെ സ്ഥിരം മുദ്ര

വന്നാൽ:

  • രോഗം പൂർണ്ണമായി മാറില്ല.

  • മരുന്നുകൾ കൊണ്ട് നിയന്ത്രണം മാത്രം.

  • ഒരു ഘട്ടം കഴിഞ്ഞാൽ ഓക്സിജൻ സിലിണ്ടറുകൾ ജീവിതത്തിന്റെ ഭാഗമാകും.

  • ജോലി, യാത്ര, സ്വാതം എല്ലാം കുറയും.

  • ക്രമേണ ഹൃദയത്തിന്റെ പ്രവർത്തനത്തെയും ബാധിക്കുന്നു.

ഇന്ന് ഇന്ത്യയിൽ ലക്ഷക്കണക്കിന് ആളുകൾ COPD കൊണ്ട് കഷ്ടപ്പെടുന്നു. ഒരു പക്ഷേ ലോകത്തിൽ തന്നെ ഇത്തരം രോഗികൾ കൂടുതലുള്ളത് ഇന്ത്യയിലാണ്. അതിൽ ഭൂരിഭാഗത്തിനും ഒരു പൊതുവായ ചരിത്രമുണ്ട്; വർഷങ്ങളായുള്ള പുകവലി.

ശ്വാസകോശ കാൻസർ:
പുകവലിയുടെ ഭീകരമുഖം

ശ്വാസകോശ കാൻസറിന്റെ പ്രധാന കാരണം പുകവലിയാണ്.

പുകവലിക്കുന്നവരിൽ:

  • കാൻസർ സാധ്യത 20–30 മടങ്ങ് കൂടുതലാണ്.

  • രോഗം കണ്ടുപിടിക്കുമ്പോൾ പലപ്പോഴും വൈകിയിരിക്കും.

  • ചികിത്സ കഠിനവും ചെലവേറിയതുമാണ്.

ദുഃഖകരമായ സത്യം:

“പല ശ്വാസകോശ കാൻസർ രോഗികളെയും ഞാൻ ആദ്യമായി കാണുന്നത്, രോഗം അവസാനഘട്ടത്തിലെത്തിയ ശേഷമാണ്.”

അവർ പലരും പറയുന്നു:

“ഡോക്ടറെ, നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ പുകവലി നിർത്തിയേനെ.”

പുകവലി മാത്രമല്ല,
ചുറ്റുപാടുകാരും അപകടത്തിൽ

പരോക്ഷ പുകവലി (പാസീവ് സ്മോക്കിംഗ്)

നിങ്ങൾ പുകവലിക്കുമ്പോൾ:

  • ഭാര്യ.

  • കുട്ടികൾ.

  • മാതാപിതാക്കൾ.

  • സഹപ്രവർത്തകർ.

എല്ലാവരും ആ വിഷം ശ്വസിക്കുന്നു.

കുട്ടികളിൽ:

  • ആസ്ത്മ.

  • ആവർത്തിച്ച ശ്വാസകോശ അണുബാധ.

  • ശ്വാസകോശ വളർച്ച മന്ദഗതി, അത് മൂലം മറ്റു അവയവങ്ങളുടെ വളർച്ചയും പ്രതിരോധ ശേഷിയെയും ബാധിക്കുന്നു.

ഗർഭിണികളിൽ:

  • കുഞ്ഞിന്റെ ഭാരം കുറയുക.

  • നേരത്തെ പ്രസവം.

  • കുഞ്ഞിന്റെ ശ്വാസകോശം ദുർബലമാകുക.

പുകവലി ഒരാളുടെ സ്വകാര്യ ശീലമല്ല. അത് ഒരു കുടുംബരോഗമാണ്, അയാളുമായി ഇടപഴുകുന്ന എല്ലാവരെയും ബാധിക്കുന്ന കുടുംബദുരിതം.

ഇ- സിഗരറ്റ്, വാപ്പിംഗ്: സുരക്ഷിതമോ?

പല കാരണങ്ങളാൽ സിഗരറ്റ്, ബീഡി എന്നിവയുടെ ഉപയോഗം കുറയുമ്പോൾ പുതു തലമുറയ്ക്ക് ഭീഷണി ആയി ലോകമെമ്പാടും പ്രചാരത്തിലാവുകയാണ് ഇ- സിഗററ്റുകൾ.

“ഇത് പുകവലി അല്ല, വാപ്പിംഗ് ആണ്”.
“ഇത് സുരക്ഷിതമാണ്” എന്നൊക്കെ പറഞ്ഞ് ജെൻസി ഇതിനെ ന്യായീകരിക്കുന്നു.

ശാസ്ത്രം പറയുന്നു:

  • ഇ- സിഗരറ്റുകളും ശ്വാസകോശത്തെ ദോഷകരമായി ബാധിക്കുന്നു.

  • യുവാക്കളിൽ നിക്കോട്ടിൻ അടിമത്തം വർദ്ധിപ്പിക്കുന്നു.

  • ദീർഘകാല ഫലങ്ങൾ ഇപ്പോഴും പഠനത്തിലാണ്.

അറിയാത്ത വിഷം, സുരക്ഷിതമല്ല. ഭാഗ്യവശാൽ ഇന്ത്യയിൽ 2019 ൽ PECA നിയമപ്രകാരം അവ നിരോധിക്കപ്പെട്ടു.

പുകവലി നിർത്തിയാൽ ശരീരം എങ്ങനെ മാറും?

  • 20 മിനിറ്റിൽ: ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണയാകുന്നു.

  • 24 മണിക്കൂറിൽ: കാർബൺ മോണോക്സൈഡ് ശരീരത്തിൽ നിന്ന് കുറയുന്നു.

  • 2–3 ആഴ്ചയിൽ: ശ്വാസകോശ പ്രവർത്തനം മെച്ചപ്പെടുന്നു.

  • 1 വർഷത്തിൽ: ഹൃദ്രോഗ സാധ്യത പകുതിയാകുന്നു.

  • 10 വർഷത്തിൽ: ശ്വാസകോശ കാൻസർ സാധ്യത വലുതായി കുറയുന്നു.

ശരീരം ക്ഷമിക്കുന്നതാണ്, ഒരു പരിധി വരെ. പക്ഷേ, നീതി ചോദിക്കുന്നത് വൈകിയാൽ ചിലപ്പോൾ മറുപടി കിട്ടില്ല. അപ്പോഴേക്കും വലിയ വില കൊടുക്കേണ്ടി വരും.

പുകവലി നിർത്താൻ സാധിക്കുമോ?

തീർച്ചയായും. ഇത് ദുർബലതയല്ല. ഇത് നിക്കോട്ടിൻ അടിമത്തം ആണ്. ഒരു വ്യക്തിക്ക് പുകവലി നിറുത്തൽ ഇത്രയും ശ്രമകരം ആകുന്നത് അത് തലച്ചോറിൽ ഉണ്ടാക്കുന്ന കടുത്ത ആസക്തി മൂലം ആണ്. പക്ഷേ ഇച്ഛാശക്തിയോടെ നിറുത്താൻ തീരുമാനിച്ചാൽ അതിനെ സഹായിക്കാൻ സംവിധാനങ്ങളുണ്ട്.

സഹായങ്ങൾ:

  • ഡോക്ടറുടെ ഉപദേശം.

  • നിക്കോട്ടിൻ പാച്ച്, ഗം.

  • മരുന്നുകൾ.

  • കൗൺസലിംഗ്.

  • കുടുംബ പിന്തുണ.

ഒറ്റയ്ക്ക് പോരാടേണ്ടതില്ല, സർക്കാർ-സ്വകാര്യ മേഖലകളിൽ ഇന്ന് ധാരാളം പുകവലി വിരുദ്ധ ക്ലിനിക്കുകളുണ്ട്.

പുകവലി ശ്വാസകോശത്തെ ബാധിക്കുന്നത് മാത്രമാണ് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്. അടി മുതൽ മുടി വരെ ശരീരത്തിലെ ഏത് അവയവത്തെയും അത് ദോഷകരമായി ബാധിക്കും എന്നത് വസ്തുതയാണ്.

നിങ്ങൾ പുകവലിക്കുന്നുണ്ടെങ്കിൽ:

  • ഇന്നുതന്നെ നിർത്താൻ തീരുമാനിക്കുക.

നിങ്ങളുടെ പ്രിയപ്പെട്ടവർ പുകവലിക്കുന്നുണ്ടെങ്കിൽ:

  • സ്നേഹത്തോടെ സംസാരിക്കുക, അവരെ മരണ വാറന്റ് ആയ ആ ദുശ്ശീലം അവസാനിപ്പിക്കാൻ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

കുട്ടികളുണ്ടെങ്കിൽ:

  • നിങ്ങൾ അവരുടെ ശ്വാസത്തിന്റെ രക്ഷാധികാരിയാണ് എന്നും ഓർക്കുക.

  • പുകവലിക്കാർ അവരുടെ ശരീരത്തെ മാത്രമല്ല, സ്വച്ഛ വായു എന്ന അവകാശത്തെ ഹനിക്കുക കൂടിയാണ്.

  • ശ്വാസം ഒരു ആഡംബരമല്ല. അത് ജീവിതത്തിന്റെ അവകാശമാണ്.

പുകവലി നിർത്തൂ.
ശ്വാസകോശത്തെ സംരക്ഷിക്കൂ.
ജീവിതത്തെ തിരികെ പിടിക്കൂ.

READ: ശ്രദ്ധയിൽ പെടാതെ
പോവുന്ന ചില ഗർഭകാല
പൾമണോളജി
വിശേഷങ്ങൾ

ശ്വാസകോശ
അർബുദത്തിന്റെ
നൂതന ചികിത്സകൾ

വായുമലിനീകരണം
ഒരു ശ്വാസകോശവിഷയം
കൂടിയാണ്

ചുമ വരാൻ
കാത്തിരിക്കുന്ന
കുടുംബം

തൊഴിലിടങ്ങളും
ശ്വാസകോശ രോഗങ്ങളും;
അറിയാം, തടയാം

രക്തം തുപ്പുമ്പോൾ; അവഗണിക്കരുത്
ഈ ലക്ഷണം

ശ്വാസകോശ ചികിത്സയ്ക്ക്
പുതു ശ്വാസമേകുന്ന
Interventional
Pulmonology

പൾമണോളജി
ഇന്നലെ, ഇന്ന്, നാളെ

വെളിച്ചം
തെളിയിക്കുന്ന
കൈകൾ

Comments