പ്രസവത്തിന്
മുൻപും പിൻപും

ഗർഭിണികൾക്ക് മനസ്സമാധാനത്തോടെയും രോഗിയാണെന്ന ചിന്തയില്ലാതെയും ഒരു മരുന്നും കഴിക്കാതെയും (Iron, calcium, folic acid തുടങ്ങിയവ മരുന്നുകളായി കണക്കാക്കേണ്ട) അരുതുകളെ ഭയക്കാതെയും എങ്ങനെ ആഘോഷമായി ഗർഭകാലം കഴിക്കാം എന്ന് വിശദീകരിക്കുകയാണ് ഡോ. ജോസൺ വർഗീസ്. ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ എഴുതിയ ലേഖനം.

ദീർഘകാലമായി ധാരാളം ഗർഭിണികളെ പരിശോധി ക്കുകയും ഗർഭകാല, പ്രസവ, പ്രസവാനന്തര ചികിത്സകൾ നൽകുകയും ചെയ്യുന്നതിനിടയിൽ ശ്രദ്ധയിൽ വന്നതും, ഇപ്പോൾ കൂടുതൽ വ്യാപകമായിക്കൊണ്ടിരിക്കുന്നതുമായ ചില പ്രവണതകളാണ് ഈ ലേഖനം എഴുതാൻ എന്നെ പ്രേരിപ്പിക്കുന്നത്.

ഗർഭവും പ്രസവവും തികച്ചും സ്വാഭാവികമായി സംഭവിക്കുന്നതാണ് (ഗർഭധാരണത്തിന് ചില തടസ്സങ്ങൾ ഉള്ളവർക്ക് ചില പ്രത്യേക ചികിത്സകൾ വേണ്ടിവരുന്നത് അറിയാതെയല്ല). ഗർഭകാലം തികച്ചും സന്തോഷകരവും ആഘോഷകരവുമായി കൊണ്ടുപോകേണ്ടതാണ്. എന്നാൽ ഒരുപാട് അരുതുകളുടെയും നിയന്ത്രണങ്ങളുടെയും അനാവശ്യ ചികിത്സകളുടെയും കെട്ടുപാടിൽ കഷ്ടപ്പെടുന്ന ഗർഭിണികളെയാണ് ഇന്ന് കാണുന്നത്.

ഗർഭകാലത്ത് എന്തൊക്കെയാണ്
അത്യാവശ്യം വേണ്ടത്?

  • വളരെ അപൂർവ്വമായി മാത്രം ചിലർക്ക് പ്രത്യേക ചികിത്സകൾ വേണ്ടിവരും. അത് സാധാരണ സംഭവമല്ല. ആയത് ഡോക്ടർ ചികിത്സയ്ക്ക് വിധേയമാകുന്ന ആൾക്ക് കൃത്യമായി പറഞ്ഞു മനസ്സിലാക്കിക്കൊടുക്കേണ്ടതാണ്.

  • ഗർഭകാലത്ത് 34 സ്കാനുകൾ ആവശ്യമാണ്. ആദ്യത്തെ 12 ആഴ്ചയ്ക്കുള്ളിൽ ആദ്യ സ്കാൻ. പ്രഗ്‌നൻസി ഉണ്ടോ എന്നറിയാം. രക്തത്തിലെ bHCG (ബീറ്റ ഒ ഇ എ) ഗർഭം ഡയഗ്‌നോസ് ചെയ്യാനുള്ള ടെസ്റ്റല്ല. പല ആശുപത്രികളിലും ഗർഭമുണ്ടോ എന്നറിയാൻ bHCG ചെയ്യാറുണ്ട്. മൂത്രത്തിൽ ടെസ്റ്റ് പോസിറ്റീവായി കണ്ടാൽ മാത്രം ഗർഭമായതായി കണക്കാക്കിയാൽ മതി. (bHCG ചെയ്യുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ഇവിടെ വിശദീകരിക്കുന്നില്ല).

  • 6-7 ആഴ്ച മുതൽ ആദ്യത്തെ സ്കാൻ ചെയ്യാം. അതിനുമുമ്പ് അത്യാവശ്യമില്ല. ചിലപ്പോൾ ഗർഭം താമസിച്ചു പോയതാണെങ്കിൽ ഗർഭപാത്രത്തിൽ ഒന്നും കാണുന്നില്ല എന്ന കാരണത്താൽ അകാരണമായി ഭയപ്പെടാനും വേണ്ടാത്ത പല ടെസ്റ്റുകളിലേക്ക് പോകാനും സാധ്യതയുണ്ട്.

  • ഒന്നാമത്തെ സ്കാൻ പ്രധാനമായും ഗർഭമുണ്ടെന്ന് ഉറപ്പാക്കാൻ. ഉണ്ടെങ്കിൽ കരു ഒന്നോ അതിലധികമോ എന്നറിയാൻ.

  • 2. ഗർഭം ഗർഭപാത്രത്തിൽ തന്നെയാണെന്ന് ഉറപ്പാക്കാൻ.

  • 3. ഗർഭത്തിന്റെ തീയതിയെ കുറിച്ച് വ്യക്തതയുണ്ടാക്കാൻ.

  • 4. ആദ്യസമയത്ത് കണ്ടുപിടിക്കാവുന്ന എന്തെങ്കിലും വൈകല്യങ്ങലുണ്ടോ എന്നറിയാൻ.

  • 5. ഗർഭപാത്രത്തിലും അണ്ഡാ ശയങ്ങളിലും മുഴകൾ, വൈകല്യങ്ങൾ, വയറ്റിലെ മറ്റ് അസുഖങ്ങൾ ഇതൊക്കെ അറിയാൻ.

ആദ്യത്തെ മൂന്നുമാസം ഗർഭിണിക്ക് ഫോളിക് ആസിഡ് ഗുളിക കൊടുക്കാം. ടെറ്റനസിനുള്ള injection- നും (TD /TT) ആകാം. വേറെ ഒരു മരുന്നും ആവശ്യമില്ല. കൂടുതൽ ഛർദ്ദിയുള്ളവർക്ക് അത് നിയന്ത്രിക്കാൻ ആവശ്യത്തിനു മാത്രം മരുന്നുകൊടുക്കാം. സാധാരണ ഗർഭിണികൾക്ക് പ്രൊജസ്റ്ററോൺ, ആസ്പിരിൻ, പ്രോട്ടീൻ തുടങ്ങി ഒരു മരുന്നും ആവശ്യമില്ല. മോഡേൺ മെഡിസിൻ സയന്റിഫിക് മെഡിസിനാണ്. ഫോളിക് ആസിഡല്ലാതെ ഏതു ഗുളിക കൊടുത്താലും അതെന്താണെന്നും അതു കഴിക്കേണ്ടതിന്റെ കൃത്യമായ ആവശ്യകതയും കഴിച്ചില്ലെങ്കിലുള്ള കുഴപ്പങ്ങളും ഡോക്ടർ ഗർഭിണിയെ പറഞ്ഞ് മനസ്സിലാക്കുകയും ആവശ്യപ്പെട്ടാൽ ശാസ്ത്രീയ വിവരങ്ങളോടൊപ്പം അത് വിശദീകരിക്കുന്ന ആധികാരിക പുസ്തകങ്ങൾ കാണിച്ചുകൊടുക്കേണ്ടതുമാണ്. നൽകുന്ന ഓരോ ഗുളികയിലും എന്തൊക്കെ മരുന്നുകളുണ്ടെന്നും അതിൽ ഓരോന്നും ഏതു വിധത്തിൽ ഒഴിവാക്കാൻ പാടില്ലാത്തതാണെന്നും അറിയാൻ ആ ഗർഭിണിക്ക് അവകാശമുണ്ട്.

12- 14 ആഴ്ച സമയത്ത് രണ്ടാമത്തെ സ്കാൻ ചെയ്യേണ്ടതാണ്. ഇത് NT Scan എന്നറിയപ്പെടുന്നു. ഇതിന് വളരെ പ്രാധാന്യമുണ്ട്. ഈ സ്കാൻ ചെയ്യുന്നതിലൂടെ പ്രകടമല്ലാത്ത പല പ്രശ്‌നങ്ങളും കണ്ടുപിടിക്കാൻ കഴിയും. NT ഒരു സ്ക്രീനിംഗ് ടെസ്റ്റാണ്. ചില ജനിതക വൈകല്യങ്ങളുടെ സാധ്യത ഇതിലൂടെ അറിയാം. അങ്ങനെയെങ്കിൽ double marker, Tripple marker, NIPT, Chorionic villi sampling, amniocentesis തുടങ്ങിയ തുടർ ടെസ്റ്റുകളിലേക്ക് ആവശ്യാനുസരണം പോകേണ്ടിവരാം. 12 ആഴ്ചയ്ക്കുശേഷം ദിവസവും അയൺ, കാൽസ്യം, ഫോളിക് ആസിഡ് ഇവ കഴിക്കേണ്ടതാണ്.

മൂന്നാമത്തെ സ്കാൻ 18- 22 ആഴ്ച സമയത്ത് ചെയ്യാം. ഏതെങ്കിലും വിധത്തിലുള്ള വൈകല്യങ്ങൾ ഏറ്റവും വ്യക്തമായി കാണുന്ന സമയമാണിത്. ഒപ്പം തുടർന്നുകൊണ്ടുപോകാൻ പറ്റാത്ത ഗർഭമാണെങ്കിൽഅലസിപ്പി ക്കാനുള്ള സാവകാശം ലഭിക്കും എന്ന സൗകര്യവും 18- 22 ആഴ്ച എന്ന സമയത്തിനുണ്ട്. തുടർന്ന് iron, calcium, folic acid ഇവ കഴിക്കാം. കൂടുതൽ വിലയുള്ള ഏതെങ്കിലും ഗുളികകൾ ആവശ്യമില്ല.

മൂന്നാമത്തെ ട്രൈമസ്റ്ററിൽ വേണമെങ്കിൽ ഒരു സ്കാൻ ചെയ്യാം (നിർബന്ധമില്ല). ഗർഭസ്ഥശിശുവിന്റെ വളർച്ച, കിടപ്പ്, ഗർഭപാത്രത്തിലെ ഫ്‌ളൂയിഡിന്റെ അളവ്, പൊക്കിൾകൊടിയുടെ സ്ഥിതി തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാനുതകും. പൊക്കിൾകൊടി കഴുത്തിൽ ചുറ്റിക്കിടക്കുന്നതൊഴികെ എല്ലാ കാര്യങ്ങളും ശ്രദ്ധാപൂർവ്വമുള്ള ക്ലിനിക്കൽ പരിശോധനയിലൂടെ ഏകദേശം അറിയാം.

12 ആഴ്ച മുതൽ മാസം തികയുന്നതുവരെ iron, calcium, folic acid ഇവ കഴിക്കേണ്ടതാണ്. വളരെ അപൂർവ്വമായിട്ടല്ലാതെ മറ്റു മരുന്നുകൾ / സപ്ലിമെന്റുകൾ ആവശ്യമില്ല.

ഗർഭകാലത്തിന്റെ തുടക്കത്തിൽത്തന്നെ രക്ത, മൂത്ര സാമ്പിളുകൾ പരിശോധിക്കണം. Blood Sugar, Thyroid (TSH), VDRL, HIV, MBsAz തുടങ്ങിയ ടെസ്റ്റുകൾ ആദ്യം തന്നെ ചെയ്യണം. ഏതെങ്കിലും പ്രത്യേക കാര്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അത് വേണ്ട രീതിയിൽ ചികിത്സിക്കണം. ആദ്യ സമയത്തുതന്നെ പ്രഷർ, രക്തത്തിലെ പഞ്ചസാര തുടങ്ങിയവയും പരിശോധിക്കണം. 20 ആഴ്ചയ്ക്കുശേഷം BP-യും Sugar- ഉം കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം.

ഗർഭകാല പരിശോധനകളിൽ കുഞ്ഞിന്റെ വളർച്ച ക്കുറവ് ((IUGR) ആംനിയോട്ടിക് ഫ്‌ളൂയിഡിന്റെ കുറവ് തുടങ്ങിയവ ശ്രദ്ധയിൽപെട്ടാൽ അവ തുടർന്ന് വിലയിരുത്തുകയും വേണ്ടരീതിയിൽ കൈകാര്യം ചെയ്യുകയും വേണം. ആശുപത്രിയിൽ കിടത്തി ഡ്രിപ്പു കൊടുക്കുന്നതു​കൊണ്ടോ വില കൂടിയ ഗുളികകൾ, പ്രോട്ടീൻ തുടങ്ങിയവ കൊ​ണ്ടോ ഫ്ലൂയിഡിന്റെ അളവ് കൂട്ടാനോ IUGR ഇല്ലാതാക്കാനോ സാധ്യമല്ല. അനാവശ്യ മരുന്നുകൾ ഒഴിവാക്കണം. ഏതെങ്കിലും മരുന്നുകൾ കൊടുത്താൽ അത് ഏത് ടെസ്റ്റ് ബുക്ക് പറയുന്ന താണെന്ന് ഗർഭിണിക്ക് അറിയാൻ അവകാശമുണ്ട്.

ഗർഭകാലത്ത് യാത്ര ചെയ്യാമോ?

സാധാരണയായി യാത്രയ്ക്ക് തടസ്സമില്ല. രക്തസ്രാവ സാധ്യതയുള്ള പ്ലാസന്റ പ്രീവിയയോ (placenta previa) മാസം തികയാതെയുള്ള പ്രസവ സാധ്യതയോ ഇല്ലെങ്കിൽ യാത്രയ്ക്കും ഡ്രൈവിംഗിനും കുഴപ്പമില്ല.

ജോലി ചെയ്യാമോ?

ബുദ്ധിമുട്ടില്ലാത്ത ഏതു ജോലിയും ചെയ്യാം. പ്രയാസം തോന്നുന്ന ജോലികൾ ഒഴിവാക്കുക.

പഥ്യങ്ങൾ?

ഒന്നും തന്നെയില്ല. പൈനാപ്പിളോ പപ്പായയോ ഈന്തപ്പഴമോ കഴിച്ചാൽ ഗർഭം അലസിപ്പോകുമെങ്കിൽ, ഗർഭിണിയാകുന്ന അവിവാഹിത തൂങ്ങിച്ചാവാതെ ഒരു കിലോ പൈനാപ്പിൾ വാങ്ങിക്കഴിച്ചാൽ മതിയല്ലോ.
വളരെ അപൂർവം ഡോക്ടർമാരെങ്കിലും ഗർഭിണികളുടേയും വീട്ടുകാരുടെയും പ്രീതി കിട്ടാൻ പല പഥ്യങ്ങളും നിർദ്ദേശിക്കാറുണ്ട്. പഥ്യം തെറ്റിച്ചതുകൊണ്ടുണ്ടായ കുഴപ്പങ്ങളുടെ സയന്റിഫിക് ഡേറ്റ കാണിച്ചുതരേണ്ടത് അവരുടെ ചുമതലയാണ്. മുരിങ്ങയില കഴിച്ചതുകൊണ്ടുണ്ടായ വൈകല്യങ്ങൾ എവിടെയാണ് ശാസ്ത്രീയമായി രേഖപ്പെടുത്തിയിരിക്കുന്നത്?

ഉദ്യോഗസ്ഥരായ ഗർഭിണികൾ എത്രമാസം മുതൽ അവധിയെടുത്ത് വീട്ടിലിരിക്കണം?

പ്രസവത്തിന്റെ തീയതി വരെയും ബുദ്ധിമുട്ടില്ലെങ്കിൽ ജോലി ചെയ്യാം. ഗവൺമെന്റ് ആറു മാസത്തെ അവധി കൊടുക്കുന്നത് കുഞ്ഞിനെ പരിചരിക്കാനാണ്. പ്രസവശേഷമാണ് അവധി ആവശ്യമുള്ളത്.

ഗർഭകാലത്ത് എല്ലാവർക്കും പ്രൊജസ്റ്ററോൺ, ആസ്പിരിൻ ചികിത്സ ആവശ്യമാണോ?

ഇല്ല. പ്രൊജസ്റ്ററോൺ കൊടുക്കുന്നെങ്കിൽ ലാബ് പരിശോധനയിലൂടെ പ്രൊജസ്റ്ററോണിന്റെ കുറവ് രേഖപ്പെടുത്തിയിരിക്കേണ്ടേ?

ഗർഭാശയ ഗളത്തിലെ (സർവിക്‌സ്) തുന്നൽ?

ഇപ്പോൾ ഗർഭപാത്രത്തിൽ തുന്നലിടുന്നത് വളരെയധികം കൂടുന്നതായി കാണുന്നു. ആദ്യ ഗർഭത്തിൽ പോലും വളരെ അപൂർവ്വമായി മാത്രമേ ഇത് ആവശ്യമുള്ളൂ.

പ്രസാവനന്തര പഥ്യങ്ങൾ?

ഒന്നും തന്നെയില്ല. വീട്ടിലുള്ള ആഹാരം എല്ലാം കഴിക്കാം. വെള്ളം ധാരാളം കുടിക്കാം. (പല വീടുകളിലും വെള്ളം ആവശ്യത്തിന് കൊടുക്കാറില്ല. പിന്നെ ഇറച്ചി, മീൻ, മുട്ട തുടങ്ങിയവയും നൽകാം)

പ്രസവാനന്തര ചികിത്സകൾ?

പല വലിയ മോഡേൺ മെഡിസിൻ ആശുപത്രികൾ പോലും പ്രസാവനന്തരം ലേഹ്യം, കഷായം, അരിഷ്ടം, എണ്ണ, കുഴമ്പ് മുതലായവ ​പ്രോത്സാഹിപ്പിക്കുന്നതു കാണുന്നു. ഒരു പ്രയോജനവും ചെയ്യാത്ത വൃഥാ നടപടികളാണ് അവ. (നൽകുന്നവർക്കുണ്ടാകുന്ന വലിയ സാമ്പത്തിക ലാഭം മാത്രം). നമ്മുടെ നാടു മാത്രമല്ലല്ലോ ലോകം. കായിക, ബൗദ്ധിക മേഖലകളിൽ നമ്മളെക്കാൾ വളരെ ഉയർന്ന മറ്റൊരു രാജ്യക്കാരും ഇത്തരം കഷായങ്ങൾ ഉണ്ടാക്കി കുടിക്കുന്നതായി അറിയില്ല.

ഗർഭകാലവും പ്രസവവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും കുറിച്ച് വിശദീകരിച്ചു പറയുകയല്ല ഈ കുറിപ്പിന്റെ ലക്ഷ്യം. ഗർഭിണികൾക്ക് എങ്ങനെ മനസ്സമാധാനമായി രോഗിയാണെന്ന ചിന്തയില്ലാതെയും ഒരു മരുന്നും കഴിക്കാതെയും (Iron, calcium, folic acid തുടങ്ങിയവ മരുന്നുകളായി കണക്കാക്കേണ്ട) അരുതുകളെ ഭയക്കാതെയും ആഘോഷമായി ഗർഭകാലം കഴിക്കാം എന്ന് ചുരുക്കിപ്പറയാൻ മാത്രമാണ് ശ്രമിച്ചത്.

READ: മെഡിക്കൽ ടൂറിസവും
കേരളവും

ആയുഷിനും
ആയു​സ്സിനുമിടയിൽ

വനിതാ ഡോക്ടർമാരുടെ അനുഭവങ്ങളും പോരാട്ടങ്ങളും

മെഡിക്കൽ വിദ്യാഭ്യാസം: വെല്ലുവിളികൾ,
മാറ്റൊലികൾ

അസ്വസ്ഥരാവുന്ന
യുവ ഡോക്ടർമാർ

പത്മവ്യൂഹത്തിനുള്ളിലെ ഡോക്ടർ;
തൊഴിൽപരമായ വെല്ലുവിളികൾ, പരിഹാരങ്ങൾ

സംഗീതം പോലെ
എന്നെ തഴുകിയ
ഡോക്ടർമാർ

വിവിധ ചികിത്സാരീതികളുടെ സംയോജനം:
ദുരന്തത്തിലേക്കുള്ള പടിവാതിൽ

വെല്ലുവിളികൾ നേരിടുന്ന
ഇന്ത്യൻ ഡോക്ടർ സമൂഹം


‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments