നെഞ്ചിലുണ്ട്
ഒരു ജീവൻ,
അതിനെ രക്ഷിക്കാം

ഹൃദയം മൂന്നുമിനിട്ട് നിശ്ചലമായാൽ തലച്ചോറിലേക്ക് രക്തസഞ്ചാരം നിലച്ചുപോകും. അത് അബോധാവസ്ഥയിലേക്കും, മരണത്തിലേക്ക് തന്നെയും വഴിവച്ചേക്കും. ശരിയായ പ്രഥമശുശ്രൂഷ ഉടൻ ആരംഭിക്കുകയാണെങ്കിൽ ആ ജീവൻ ഒരുപക്ഷെ രക്ഷിക്കാൻ സാധിക്കും- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ​ ഡോ. പി. ശശിധരൻ എഴുതിയ ലേഖനം.

കസ്മിക മരണങ്ങൾ വർദ്ധിച്ചുവരികയാണ്. ഹൃദയസംബന്ധമായ അസുഖങ്ങളാണ് ഇതിന് പ്രധാനമായ ഒരു കാരണം. അതിൽ പ്രധാനമായ ഒന്നാണ് ഹൃദയസ്തംഭനം. 24 മണിക്കൂറും വിശ്രമമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു അവയവമാണ് ഹൃദയം. ഹൃദയത്തിന്റെ സങ്കോച- വികാസങ്ങൾ കൊണ്ടാണ് ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും രക്തവും അതുവഴി ഓക്‌സിജനും ലഭിക്കുന്നത്. ഹൃദയം മൂന്നുമിനിട്ട് നിശ്ചലമായാൽ തലച്ചോറിലേക്ക് രക്തസഞ്ചാരം നിലച്ചുപോകും. അത് അബോധാവസ്ഥയിലേക്കും, മരണത്തിലേക്ക് തന്നെയും വഴിവച്ചേക്കും. ശരിയായ പ്രഥമ ശുശ്രൂഷ ഉടൻ തന്നെ ആരംഭിക്കുകയാണെങ്കിൽ ആ ജീവൻ ഒരുപക്ഷെ രക്ഷിക്കാൻ സാധിക്കും.

പത്തു മിനുട്ടിലധികം തലച്ചോറിൽ രക്തസഞ്ചാരം ഇല്ലാതാകുകയാണെങ്കിൽ തലച്ചോറിന്റെ പ്രവർത്തനം വീണ്ടെടുക്കുവാൻ പ്രയാസമാണ്. ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ വീണ്ടെടുക്കാനുള്ള മാർഗങ്ങളാണ് ഹൃദയപുനരുജ്ജീവന മാർഗങ്ങൾ. ഹൃദയസ്തംഭനം മൂലം അബോധാവസ്ഥയിൽ ഒരാൾ വീഴുന്നതു കാണുന്ന ആൾ ഉടൻ ഹൃദയപുനരുജ്ജീവന മാർഗ്ഗങ്ങൾ ആരംഭിക്കുകയാണെങ്കിൽ രോഗി രക്ഷപ്പെടുന്നതിനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

ജീവൻരക്ഷാപ്രവർത്തനം ആരംഭിക്കേണ്ടത് അതിനു ദൃക്‌സാക്ഷിയായ ആൾ തന്നെയാണ്. ആദ്യമായി ഹൃദയത്തെ കൃത്രിമമായി പ്രവർത്തിപ്പിക്കുകയാണ് ചെയ്യേണ്ടത്. നമ്മുടെ നെഞ്ചിൽ ഇടതുഭാഗത്തായിട്ടാണ് ഹൃദയത്തിന്റെ സ്ഥാനം. നെഞ്ചിൽ ശക്തിയായി അമർത്തുമ്പോൾ ഇത് ഹൃദയത്തിലേക്ക് എത്തുകയും അത്യാവശ്യം രക്തം രക്തക്കുഴലിലേക്ക് നീക്കപ്പെടുകയും ചെയ്യും. ഈ രീതിയെ ''നെഞ്ചമർത്തൽ മാത്രമായ ജീവൻരക്ഷാപ്രവർത്തനം'' (Compression Only Life Support) എന്നാണ് പറയുന്നത്.

രോഗിയുടെ ഒരുവശത്ത് (ഇടതുവശത്തോ വലതുവശത്തോ ആകാം) മുട്ടുകുത്തി നിൽക്കുക. നെഞ്ചിന്റെ മദ്ധ്യത്തിലുള്ള മാറെല്ലിന്റെ (Sternum) അഗ്രഭാഗത്ത് ഒരു വിരൽ വയ്ക്കുക. അതിന് മുകളിലായി മറ്റെ കൈയുടെ രണ്ടു വിരൽ വയ്ക്കുക. ആ ഭാഗത്താണ് അമർത്തേണ്ടത്. ആ ഭാഗത്ത് ഒരു കൈയുടെ ഉപ്പൂറ്റി (heel) വച്ച്, മറ്റെ കൈ ആദ്യത്തെ കൈയുടെമുകളിൽ പിണച്ചുവയ്ക്കുക. അതിനുശേഷം താഴോട്ട് അമർത്തിക്കൊണ്ടിരിക്കുക. ഒരു മിനിട്ടിൽ 120 പ്രാവശ്യം എന്ന തോതിലാണ് അമർത്തേണ്ടത്.

1, 2, 3..... എന്നിങ്ങനെ 29, 30 വരെ ഉച്ചത്തിലെണ്ണുക. അമർത്തലിന്റെ താളം നിലനിർത്താനും, മറ്റൊരാൾ സഹായത്തിനായി എത്തിയാൽ, അയാളെ അറിയിക്കാനുമാണ് ഉച്ചത്തിൽ എണ്ണുന്നത്. വീണ്ടും 1, 2, 3 എന്നിങ്ങനെ രണ്ടാമത്തെ ആവർത്തി അതേപോലെ അഞ്ച് ആവർത്തി നെഞ്ചമർത്തൽ തുടർന്നു കൊണ്ടിരിക്കുക. അങ്ങനെ 150 പ്രാവശ്യം നെഞ്ചമർത്തൽ (ഇതിന് ഏകദേശം ഒന്നര മിനിട്ടാണ് എടുക്കുക) ചെയ്തശേഷം രോഗി പ്രതികരിക്കുവാൻ തുടങ്ങുന്നുണ്ടോ എന്ന് (കൈ നെഞ്ചിൽ നിന്നെടുക്കാതെ) നോക്കുക. പ്രതികരിക്കുന്നില്ലെങ്കിൽ വീണ്ടും നെഞ്ചമർത്തൽ 30 x 5 പ്രാവശ്യം തുടരുക.

രോഗിക്ക് ബോധം വരുന്നതുവരെയോ, രോഗിയെ വിദഗ്ദ്ധ ജീവൻരക്ഷാപ്രവർത്തകർക്ക് കൈമാറുന്നതുവരെയോ ഇത് തുടർന്നു കൊണ്ടിരിക്കണം. മറ്റൊരാളുടെ സഹായം ലഭിച്ചുവെങ്കിൽ ഓരോ 30 x 5 നെഞ്ചമർത്തലും ആളുകൾ മാറിമാറി ചെയ്യേണ്ടതാണ്. നെഞ്ചമർത്തൽ നടത്തുന്ന ആൾ ക്ഷീണിക്കുകയാണെങ്കിൽ അത് ഫലവത്താകാതിരിക്കാൻ സാദ്ധ്യതയുള്ളതിലാണ് ഇങ്ങ നെ മാറിമാറി ചെയ്യണമെന്ന് പറയുന്നത്.

നെഞ്ചമർത്തലിൽ മറ്റു ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

  • നമ്മുടെ ചുമൽ രോഗിയുടെ നെഞ്ചിന്റെ മുകളിലായിരിക്കണം.

  • കൈമുട്ട് വളയരുത്.

  • നെഞ്ച് അമർത്തൽ നൽകുന്നത് ചുമലിൽ നിന്നായിരിക്കണം.

  • ഓരോ നെഞ്ച് അമർത്തൽ നടക്കുമ്പോഴും രോഗിയുടെ നെഞ്ച് 5-6 സെന്റീമീറ്റർ താഴോട്ട് പോകണം (ആറു സെന്റീമീറ്ററിൽ അധികം താഴാതിരിക്കാനും ശ്രദ്ധി ക്കണം. മർദ്ദത്തിന്റെ ശക്തി അധികമായാൽ വാരിയെല്ലുകൾ പൊട്ടാൻ സാദ്ധ്യതയുണ്ട്. ഇത് കൂടുതൽ അപകടങ്ങൾ വരുത്തി വച്ചേക്കും).

  • ഓരോ നെഞ്ചമർത്തലിനു ശേഷവും മാറിടം പൂർവ്വസ്ഥിതിയിലേക്ക് എത്തണം.

രോഗി പ്രതികരിക്കുവാൻ തുടങ്ങുകയാണ് എങ്കിൽ ചരിച്ചുകിടത്തുകയാണ് വേണ്ടത്. ഉമിനീരും, കഴിച്ച ഭക്ഷണസാധനങ്ങളും ശ്വാസകോശത്തിലേക്ക് പോകാതിരിക്കാനാണ് ഇത്. നട്ടെല്ലിന് ക്ഷതം സംഭവിക്കാനുള്ള സാദ്ധ്യത സംശയിക്കുന്നുണ്ടെങ്കിൽ ഇപ്രകാരം ചരിച്ചു കിടത്തേണ്ടതില്ല.

ഹൃദയപുനരുദ്ധാരണ പ്രവർത്തനത്തിന്റെ ഏറ്റവും അടിസ്ഥാനമായ ഘട്ടമാണ് ''നെഞ്ചമർത്തൽ മാത്രമായ ജീവൻരക്ഷാപ്രവർത്തനം,'' (COLS - Compression Only Life Support). യാതൊരു ഉപകരണവുമില്ലാതെ ആർക്കും എവിടെ വച്ചും ചെയ്യാവുന്നതാണിത്. ഹൃദയസ്തംഭനം കഴിഞ്ഞ് ഏതാനും മിനിട്ടുകൾ നേരം നെഞ്ചമർത്തലിനാണ് മുൻഗണന നൽകേണ്ടത്. അതിനുശേഷം നെഞ്ചമർത്തലിനോടൊപ്പം കൃത്രിമശ്വാസോച്ഛ്വാസവും നൽകേണ്ടതായി വരും.

ചിലപ്പോൾ സുരക്ഷിതതോതിൽ വൈദ്യുതി കടത്തിവിട്ട് ഹൃദയത്തെ പ്രവർത്തിപ്പിക്കേണ്ട തായും വന്നേക്കാം. ഇതിനായി AED എന്ന ഉപകരണം ലഭ്യമാണെങ്കിലും അത് നമ്മുടെ നാട്ടിൽ സാർവ്വത്രികമല്ല.

നെഞ്ചമർത്തലിനോടൊപ്പം, കൃത്രിമ ശ്വാസോച്ഛ്വാസവും സുര ക്ഷിതമായി വൈദ്യുതി കടത്തിവിടുകയും ചെയ്യുന്ന പുനരുജ്ജീവന മാർഗ്ഗമാണ് ''അടിസ്ഥാന ഹൃദയശ്വാസകോശ ജീവൻ രക്ഷാമാർഗങ്ങൾ' (Basic Cardiopulmonary Life Support - BCLS). ഇതിന് പ്രത്യേകം പരിശീലനവും, പ്രത്യേകം ഉപകരണങ്ങളും ആവശ്യമാണ്. ആശു പത്രിയിലെത്തിച്ചശേഷം മരുന്നുകളുടെയും, പല ഉപകരണങ്ങളുടെയും സഹായത്തോടെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ പുനരുജ്ജീവന പ്രവർത്തനം തുടരേണ്ടണ്ട രീതിയാണ് 'സമഗ്ര ഹൃദയശ്വാസകോശ ജീവൻരക്ഷാമാർഗങ്ങൾ' (Comprhensive Cardio- pulmonary Life Support).

ഈ രണ്ടു രീതികളും ഫലവത്താകണമെങ്കിൽ 'നെഞ്ചമർത്തൽ മാത്രമായുള്ള ജീവൻരക്ഷാ പ്രവർത്തനം'' ഹൃദയസ്തംഭനം നടന്ന ഉടൻ തന്നെ ആരംഭിച്ചിരിക്കണം.

ഹൃദയപുനരുജ്ജീവന മാർഗ്ഗങ്ങൾ ഉടൻ ആരംഭിക്കണമെങ്കിൽ എല്ലാ പൗരർക്കും ഈ പ്രഥമശുശ്രൂഷാരീതിയിൽ പരിജ്ഞാനമുണ്ടായിരിക്കേണ്ടതാണ്. ''എല്ലാ പൗരരും ജീവൻരക്ഷാപ്രവർത്തകർ'' എന്ന ആശയം മുന്നോട്ടുവയ്ക്കുന്നതിന്റെ പ്രസക്തി അതാണ്.

വിവിധ ജീവൻ രക്ഷാപ്രവർത്തനങ്ങളേയും ഏകോപിപ്പിക്കുന്ന സംഘടനയാണ് ‘ഇൽകോർ’ (ILCOR- International Laison Committee on Resuscitation). എല്ലാ വർഷവും ഒക്‌ടോബർ 16ന് ''ലോക ഹൃദയ പുനരുജ്ജീവന ദിവസമായി (World Restart a Heart day - WRAH day) ആചരിക്കുവാൻ ‘ഇൽകോർ’ ആഹ്വാനം ചെയ്യുന്നു. അന്ന് ലോകമെല്ലാ യിടവും കഴിയുന്നത്ര സാധാരണ ജനങ്ങളിലേക്ക് ഹൃദയപുനരു ജ്ജീവനത്തിന്റെ പ്രാധാന്യം എത്തിക്കുവാനും അതിൽ അവരെ സജ്ജരാക്കുവാനും ‘ഇൽകോർ’ ആവശ്യപ്പെടുന്നു.

കൂടുതൽ ആളുകളിൽ ഈ സന്ദേശമെത്തിക്കുന്നതിനും, സാധാരണ ജനങ്ങൾക്ക് നെഞ്ചമർത്തൽ മാത്രമായുള്ള ജീവൻരക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം നൽകുന്നതിനും ഉദ്ദേശിക്കുന്നു. ഐ ആർ സി എഫിന്റെ (IRCF - Indian Resuscitation Council Federation) ആഭിമുഖ്യത്തിൽ ഐ എസ് എ (ISA - Indian Society of Anaesthesiologist), ഐ എം എ (Indian Medical Association) മറ്റു സമാന സംഘടനകൾ എന്നിവയുടെ സഹായസഹകരണത്തോടെ ഈ സന്ദേശം എല്ലാ സാധാരണ ജനങ്ങളിലും എത്തിക്കുവാൻ ഉദ്ദേശ്യമുണ്ട്. കഴിയുന്നത്ര വിദ്യാലയങ്ങളിലും, പൊതുസ്ഥലങ്ങളിലും ഇതിനായി ക്ലാസ്സുകൾ നടത്തുന്നതിനും ഉദ്ദേശിക്കുന്നു. പൊതുജനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും, സർക്കാരിന്റെയും സഹകരണമുണ്ടെങ്കിൽ ''ഓരോ പൗരനും ഒരു ജീവൻ രക്ഷാപ്രവർത്തകൻ'' എന്ന സ്വപ്നം നമുക്ക് സാക്ഷാത്കരിക്കാം. അങ്ങനെ ആകസ്മിക മരണങ്ങളുടെ നിരക്ക് ഒരു പരിധിവരെ കുറയ്ക്കുവാൻ ശ്രമിക്കാം.

READ: കുട്ടികളുടെ
ജീവൻ രക്ഷിക്കാൻ…, ആരോഗ്യപ്രവർത്തകർ
അറിയേണ്ടത്

പരിക്കേറ്റവരെ
ആശുപത്രിയിൽ
എത്തിക്കുമ്പോൾ

‘ട്രയാജ്’:
അപകടങ്ങളിൽ
ജീവൻ രക്ഷിക്കാനുള്ള
ലളിത മാർഗം

അപകടത്തിൽ
പെടുന്നവരെ
എങ്ങനെ
സഹായിക്കാം?

അടിയന്തര ഘട്ടങ്ങളിൽ
ജീവൻ രക്ഷിക്കാൻ
എന്തു ചെയ്യണം?

യുദ്ധവും
പ്രവാസികളുടെ
ആരോഗ്യ ആശങ്കകളും

പാമ്പുകടി
ഏൽക്കാതിരിക്കാൻ,
കടിയേറ്റാൽ
എന്തു ചെയ്യണം?

പൊള്ളിപ്പടർന്ന
സ്വപ്നങ്ങൾ

സർക്കാർ
ഡോക്ടർമാ​ർക്കെതിരായ അക്രമം
സിസ്റ്റം തകരാറോ?

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം

Comments