വെർച്ച്വൽ ഓട്ടോപ്സി:
പോസ്റ്റുമോർട്ടത്തിന്റെ
മാനവികമുഖം

‘‘ഏറെ പ്രതീക്ഷയും പ്രത്യാശയും നൽകുന്ന വെർച്വൽ ഓട്ടോപ്സി സംവിധാനം കേരളത്തിൽ നടപ്പാക്കുന്നത് ഇന്ത്യക്കു തന്നെ മാതൃകയായിരിക്കും. ഈ സംവിധാനത്തിന് പരിഷ്കൃത സമൂഹത്തിന്റെ പിന്തുണ അത്യാവശ്യമാണ്. സാങ്കേതികമായും നിയമപരമായുമുള്ള ചില ന്യായങ്ങൾ പറഞ്ഞ് ഇതിനെ തടയിടാനുള്ള സാധ്യത തിരിച്ചറിഞ്ഞ് മുന്നോട്ടുപോവുകയാണ് കേരളീയ സമൂഹം ചെയ്യേണ്ടത്’’- ‘IMA നമ്മുടെ ആരോഗ്യം’ മാസികയിൽ ഡോ. സുൽഫിക്കർ അലി എഴുതിയ ലേഖനം.

കേരളത്തിലെ സർക്കാർ മെഡിക്കൽ കോേളജുകളിൽ ‘വെർച്വൽ ഓട്ടോപ്സി’ സംവി ധാനം ആരംഭിക്കുമെന്നും അതുവഴി മൃതദേഹങ്ങൾ കീറിമുറിച്ചു കൊണ്ടുള്ള പോസ്റ്റുമോർട്ടം പരിശോധനകൾ ഒരളവോളം ഒഴിവാക്കാനാകും എന്ന് കേരളത്തിലെ ആരോഗ്യമന്ത്രിയുടെ പ്രസ്താവനയെ ഏറെ പ്രതീക്ഷയോടു കൂടിയാണ് പൊതുസമൂഹം കാണുന്നത്.

ലോകത്ത് ഇന്ന് നടക്കുന്ന പോസ്റ്റ്മോർട്ടം പരി ശോധനകളിൽ മഹാഭൂരിപക്ഷവും നിയമപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണ്. അപകടങ്ങൾ, കൂട്ട മരണങ്ങൾ, പകർച്ചവ്യാധി മൂലമുള്ള മരണങ്ങൾ എന്നിവയിലൊക്കെ സാങ്കേതികമായി മാത്രമാണ് പോസ്റ്റ്മോർട്ടം പരിശോധനയുടെ ആവശ്യം. എന്നാൽ കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്നും ഏതെങ്കിലും കുറ്റകൃത്യത്തിന്റെ ഭാഗമായാണോ മരണം സംഭവിച്ചത് എന്നും തിരിച്ചറിയാനാണ് അടിസ്ഥാനപരമായി പോസ്റ്റ്മോർട്ടം നടപടികൾ ചെയ്യുന്നത്. എന്നാൽ സാങ്കേതിക ആവശ്യങ്ങൾ വഴി നടക്കുന്ന പോസ്റ്റുമോർട്ടത്തിന് വേണ്ടിവരുന്ന സമയച്ചെലവും അധ്വാനവും പണച്ചെലവും കണക്കാക്കുമ്പോൾ, സ്കാനിംഗ് സംവിധാനങ്ങളും ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ചുകൊണ്ടുള്ള പരിശോധനകളും വഴി ഈ രംഗത്തെ കൃത്യമായ ശാസ്ത്രീയ പരിശോധന നടത്തപ്പെടും എന്ന സത്യം മുന്നിൽ വെച്ചാണ് വെർച്ചൽ ഓട്ടോപ്സി എന്ന വിഷയം ചർച്ച ചെയ്യേണ്ടത്.

മൃതശരീരം ഒരിഞ്ചുപോലും കീറിമുറിക്കാതെ, അതിന്റെ ഓരോ കോശവും ത്രിമാന ഡിജിറ്റൽ രൂപത്തിൽ സൂക്ഷ്മമായി പരിശോധിച്ച് മരണകാരണം കൃത്യമായി കണ്ടെത്തുന്ന പുതിയ ശാസ്ത്രസമീപനമാണ് വെർച്ച്വൽ ഓട്ടോപ്സി എന്ന് വിളിക്കപ്പെടുന്നത്.

മരണമെന്നത് മനുഷ്യജീവിതത്തിന്റെ അനിവാര്യ ഘടകങ്ങളിലൊന്നാണ്. പലപ്പോഴും ഒരു വ്യക്തി, എങ്ങനെ, ഏത് സാഹചര്യത്തിലാണ് മരിച്ചത് എന്ന ചോദ്യം, മരണത്തേക്കാൾ വലിയ സാമൂഹികവും നിയമപരവും ശാസ്ത്രീയവുമായ പ്രാധാന്യം കൈവരിക്കാറുണ്ട്. മരിച്ച വ്യക്തിയുടെ കുടുംബത്തെ സംബന്ധിച്ച് അത് അസഹനീയമായ ചോദ്യമാണ്. എന്നാൽ സമൂഹസുരക്ഷയുടെയും ക്രമസമാധാനത്തിന്റെയും കാര്യത്തിൽ പ്രധാനപ്പെട്ട ചോദ്യമാണിത്. നീതിന്യായ കോടതികൾക്കാകട്ടെ അത് നീതിനിർവഹണത്തിന്റെ അനിവാര്യമായ കാര്യവുമാണ്. വൈദ്യശാസ്ത്രപഠനവും നീതിനിർവഹണവും അതോടൊപ്പം മരണത്തോട് ബന്ധപ്പെട്ട മാനവിക ചിന്തയും കൂടി ഒരുമിച്ച് ചേർത്തുകൊണ്ടാണ് മരണാനന്തര പരിശോധനയുടെ അഥവാ പോസ്റ്റുമോർട്ടം ഓട്ടോപ്സി എന്നിവയെക്കുറിച്ച് ചർച്ച ചെയ്യേണ്ടത്.

മരണത്തിന്റെ നിഗൂഢ രഹസ്യങ്ങളറിയാനായി മൃതദേഹങ്ങൾ കീറിമുറിക്കുകയും ആന്തരാവയവങ്ങൾ പുറത്തെടുത്തു അവയുടെ പരിശോധനയിലൂടെയും നടത്തിവരുന്ന പോസ്റ്റ്മോർട്ടത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മരിച്ചവരുടെ ഉറ്റ ബന്ധുക്കളെ സംബന്ധിച്ച് മൃതദേഹം കീറിമുറിക്കു കയും അതിലെ ചില അവയവങ്ങൾ എടുത്തുമാറ്റുകയും പിന്നീട് തുന്നിക്കൂട്ടുകയും ഒക്കെ ചെയ്യുന്നത് വൈകാരികമായ പ്രയാസങ്ങളുണ്ടാക്കുന്നവയാണ്.

ദീർഘകാലം മെഡിക്കൽ കോളേജിൽ ജോലി ചെയ്ത വ്യക്തി എന്ന നിലയ്‌ക്ക് സമൂഹത്തിലെ ഉന്നത നേതാക്കന്മാർ മുതൽ സാധാരണക്കാരായ മനുഷ്യർ വരെ മരണത്തിന്റെ വേദന കടിച്ച മർത്തിക്കൊണ്ട് ദയനീയമായി യാചിക്കുന്ന ഒരു ചോദ്യം ഉണ്ട്: ‘എങ്ങനെയെങ്കിലും ഈ കീറിമുറിച്ചുള്ള പോസ്റ്റ്മോർട്ടം ഒഴിവാക്കിതരാമോ?’

ജീവിച്ചിരിക്കുന്ന മനുഷ്യരുടെ രോഗനിർണയത്തിനായി സി.ടി സ്കാൻ, എം.ആർ. ഐ സ്കാൻ, കൃത്രിമബുദ്ധി , റോബോട്ടിക്സ് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതു പോലെതന്നെ, മരണാനന്തര പരിശോധനകളിലും ഇന്ന് വലിയ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്.
ജീവിച്ചിരിക്കുന്ന മനുഷ്യരുടെ രോഗനിർണയത്തിനായി സി.ടി സ്കാൻ, എം.ആർ. ഐ സ്കാൻ, കൃത്രിമബുദ്ധി , റോബോട്ടിക്സ് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതു പോലെതന്നെ, മരണാനന്തര പരിശോധനകളിലും ഇന്ന് വലിയ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്.

നീതിയും നിയമവും അതിന് അനുശാസിക്കുന്നില്ല എന്നതുകൊണ്ടുതന്നെ, വേദനയോടെ ‘സാധ്യമല്ല’ എന്ന് പറയേണ്ടിവരുന്ന ഡോക്ടർമാരാണ് മഹാഭൂരിപക്ഷവും. ഈ പ്രഹേളികക്ക് ഉത്തരമായാണ് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താൽ, മൃതശരീരം കീറിമുറിക്കാതെ തന്നെ വെർച്വൽ ഓട്ടോപ്സി രംഗത്തുവരുന്നത്. ഈ രംഗത്ത് വിപ്ലവാത്മകമായ ഒരു പുതുയുഗത്തിലേക്ക് പ്രവേശിക്കുകയാണ് ഈ ശാസ്ത്രമേഖല.

ജീവിച്ചിരിക്കുന്ന മനുഷ്യരുടെ രോഗനിർണയത്തിനായി സി.ടി സ്കാൻ, എം.ആർ. ഐ സ്കാൻ, കൃത്രിമബുദ്ധി (എ. ഐ), റോബോട്ടിക്സ് തുടങ്ങിയ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതു പോലെതന്നെ, മരണാനന്തര പരിശോധനകളിലും ഇന്ന് വലിയ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. മൃതശരീരം ഒരിഞ്ചുപോലും കീറിമുറിക്കാതെ, അതിന്റെ ഓരോ കോശവും ത്രിമാന ഡിജിറ്റൽ (3D) രൂപത്തിൽ സൂക്ഷ്മമായി പരിശോധിച്ച് മരണകാരണം കൃത്യമായി കണ്ടെത്തുന്ന പുതിയ ശാസ്ത്രസമീപനമാണ് വെർച്ച്വൽ ഓട്ടോപ്സി എന്ന് വിളിക്കപ്പെടുന്നത്. ഇത് കേവലം ഒരു പുതിയ സാങ്കേതികവിദ്യ മാത്രമല്ല, ശാസ്ത്രം, മനുഷ്യത്വം, നിയമം, കൃത്രിമബുദ്ധി, ഡിജിറ്റൽ ലോകം എന്നിവയുടെ ശാസ്ത്രീയ സംഗമസ്ഥാനം കൂടിയാണ്. സാങ്കേതിക കൃത്യതക്കൊപ്പം തന്നെ, മനുഷ്യന്റെ വികാരങ്ങൾക്കും മതപരമായ വിശ്വാസങ്ങൾക്കും വരെ പ്രാധാന്യം നൽകുന്നുവെന്ന സവിശേഷതയും ഇതിനുണ്ട്.

പോസ്റ്റുമോർട്ടത്തിന്റെ ചരിത്രം

മരണശേഷമുള്ള മനുഷ്യശരീരത്തിലെ മാറ്റത്തെ കുറിച്ചുള്ള ജിജ്ഞാസ, മനുഷ്യസംസ്കാരത്തിന്റെ തുടക്കം മുതലേ നിലനിന്നിരുന്നു. പുരാതന ഈജിപ്തിൽ മമ്മിഫിക്കേഷൻ പ്രക്രിയയുടെ ഭാഗമായി, ഹൃദയം, കരൾ, ശ്വാസകോശം തുടങ്ങിയ ആന്തരിക അവയവങ്ങൾ വേർതിരിച്ച് പ്രത്യേക ഭരണികളിൽ സംരക്ഷിച്ചു പോന്നിരുന്നതിന് ചരിത്രം സാക്ഷിയാണ്. ഇത് ശാസ്ത്രീയപഠനത്തിനല്ല, മറിച്ച് അവരുടെ പരലോക ജീവിതത്തെ കുറിച്ചുള്ള വിശ്വാസങ്ങളുടെ ഭാഗമായി വന്നതാണെങ്കിലും, മനുഷ്യശരീരത്തിലെ ആന്തരിക ഘടനയെ കുറിച്ചുള്ള അറിവ് സമാഹരിക്കുന്നതിന് ഈ പ്രക്രിയ നിർണായക പങ്കു വഹിച്ചിരുന്നു. പിന്നീട് ഗ്രീക്ക് വൈദ്യശാസ്ത്രത്തിന്റെ കാലത്ത് രോഗങ്ങളെക്കുറിച്ച് വിശദീകരിക്കുകയും, പിന്നീട് അലക്സാണ്ട്രിയയിലെ ശാസ്ത്രജ്ഞർ മനുഷ്യശരീരം കീറിമുറിച്ച്, വിച്ഛേദനം നടത്തിക്കൊണ്ട് (ഡിസക്ഷൻ) അനാട്ടമി എന്ന പേരിൽ ശാസ്ത്രീയമായി പഠിക്കാൻ അടിത്തറയിടുകയും ചെയ്തു.

ഒരു വ്യക്തിയുടെ ശരീരഘടന, അവയവങ്ങളുടെ അവസ്ഥ, പരിക്കുകൾ, അപകടം നടന്ന സാഹചര്യം എന്നിവയെല്ലാം ചേർത്ത് കമ്പ്യൂട്ടർ ലോകത്ത് ആ വ്യക്തിയുടെ ഒരു കൃത്യമായ ത്രിമാന ഡിജിറ്റൽ ഇരട്ടയെ  സൃഷ്ടിക്കുന്ന രീതിയാണ് ഡിജിറ്റൽ ട്വിൻ.
ഒരു വ്യക്തിയുടെ ശരീരഘടന, അവയവങ്ങളുടെ അവസ്ഥ, പരിക്കുകൾ, അപകടം നടന്ന സാഹചര്യം എന്നിവയെല്ലാം ചേർത്ത് കമ്പ്യൂട്ടർ ലോകത്ത് ആ വ്യക്തിയുടെ ഒരു കൃത്യമായ ത്രിമാന ഡിജിറ്റൽ ഇരട്ടയെ സൃഷ്ടിക്കുന്ന രീതിയാണ് ഡിജിറ്റൽ ട്വിൻ.

1543-ൽ ആൻഡ്രിയാസ് വെസാ ലീയസ് പ്രസിദ്ധീകരിച്ച “ഡീ ഹുമാനി കോർപോറിസ് ഫാബ്രിക” എന്ന ഗ്രന്ഥം ആധുനിക അനാട്ടമിയുടെ ഔദ്യോഗിക ഗ്രന്ഥമായി കണക്കാക്കപ്പെടുന്നുണ്ട്. മനുഷ്യശരീരത്തെ നേരിട്ട് കീറിമുറിച്ച് പഠിക്കാതെ വൈദ്യശാസ്ത്രത്തിനു മുന്നോട്ടു പോകാനാകില്ല എന്ന് അദ്ദേഹം വാദിച്ചു. എഴുറിലധികം ഓട്ടോപ്സികളിലൂടെയുള്ള കണ്ടെത്തലുകൾ വഴി മരിക്കുന്നതിനു മുമ്പുള്ള രോഗലക്ഷണങ്ങളെ കുറിച്ചും പഠിച്ചിരുന്നു. അതോടെ രോഗങ്ങൾ എന്നത് മനുഷ്യശരീരത്തിലെ പ്രത്യേക അവയവങ്ങളിൽ ഉണ്ടാകുന്ന ഘടനാപരമായ വ്യതിയാനങ്ങളാണെന്ന് ലോകത്തിനു ബോ ധ്യമായി. പത്തൊമ്പതാം നൂറ്റാണ്ടിൽ റുഡോൾഫ് വിർക്കോ എന്ന ശാസ്ത്രജ്ഞൻ കോശരോഗശാസ്ത്രത്തിന് (PATHOLOGY) തുടക്കമിട്ടു. പരമ്പരാഗതമായ പോസ്റ്റ്മോർട്ടം തിയേറ്ററുകളിൽ വിർക്കോ വിക സിപ്പിച്ചെടുത്ത, അവയവങ്ങൾ പുറത്തെടുക്കുന്ന അടിസ്ഥാന സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.

ഫോറൻസിക് മെഡിസിൻ ഉദയവും
നിർണായക കണ്ടെത്തലുകളും

വ്യവസായ വിപ്ലവത്തിനുശേഷം ലോകത്ത് കൊലപാതകങ്ങൾ, ആസൂത്രിത വിഷ പ്രയോഗങ്ങൾ, വലിയ അപകടമരണങ്ങൾ, വ്യാവസായിക ദുരന്തങ്ങൾ എന്നിവ വർധിച്ചതോടെ മരണകാരണം കേവലമായ അനുമാനങ്ങൾക്കപ്പുറം, ശാസ്ത്രീയമായി തെളിയിക്കേണ്ടത് നിയമവ്യവസ്ഥയുടെ ആവശ്യമായി മാറി. ഇതോടെയാണ് ഫോറൻസിക് മെഡിസിൻ ഒരു പ്രത്യേക ശാസ്ത്രശാഖയായി രൂപപ്പെട്ടത്. മനുഷ്യചരിത്രത്തെ തന്നെ മാറ്റി മറിച്ചു കൊണ്ടുള്ള അഞ്ചു പ്രധാന കണ്ടുപിടിത്തങ്ങളാണ് ഫോറൻസിക് മെഡിസിനിൽ നടന്നത്.

  • ഒന്ന്: കുറ്റവാളികളുടെയും മൃതദേഹങ്ങളെയും തിരിച്ചറിയാനായി പ്രാഥമികവും കൃത്യമായി മാർഗമെന്ന നിലക്ക് വിരലടയാളശാസ്ത്രം വികസിപ്പിച്ചു.

  • രണ്ട്: ശരീരത്തിലെ വിഷാംശങ്ങളും രാസവസ്തുക്കളും വേർതിരിച്ചറിയാൻ ടോക്സിക്കോളജി എന്ന ശാസ്ത്രശാഖ രൂപീകരിക്കപ്പെട്ടു.

  • മൂന്ന്: മനുഷ്യവ്യക്തിത്വനിർണയത്തിലും ജനിതക ബന്ധങ്ങൾ സ്ഥാപിക്കുന്നതിനും വിപ്ലവം സൃഷ്ടിച്ച് DNA ഫിംഗർ പ്രിൻറ് കടന്നുവന്നു.

  • നാല്: എക്സ്റേ, സി.ടി സ്കാൻ, എം.ആർ.ഐ എന്നിവയിലൂടെ ശരീരത്തിനുള്ളിലെ പരിക്കുകൾ ആദ്യമായി ദൃശ്യവൽക്കരണം കൊണ്ട് റേഡിയോളജി ഈ രംഗത്തേക്ക് പ്രവേശനം ചെയ്തു.

  • അഞ്ച്: റേഡിയോളജി ഇമേജിങ്നോടൊപ്പം ആർട്ടിഫിഷൽ ഇന്റലിജൻസ് AI സൗകര്യത്തോടുകൂടി വെർച്വൽ ഓട്ടോപ്സി, ആധുനിക ആശയത്തിലേക്ക് വഴിതുറക്കുന്ന ഏറ്റവും നൂതനമായ ചുവടുവെപ്പുകളായി.

പരമ്പരാഗത പോസ്റ്റ്മോർട്ടത്തിന്റെ
പരിമിതികളും വേദനകളും

പരമ്പരാഗത രീതിയിൽ തലയോട്ടി പിളർത്തി, നെഞ്ചും വയറും കുറുകെ കീറിയും മാത്രമേ ആന്തരിക പരിശോധന സാധ്യമാവുകയുള്ളൂ. മരണശേഷവും പ്രിയപ്പെട്ടവരുടെ മൃതശരീരം കീറിമുറിക്കപ്പെടുന്നത് ബന്ധുക്കൾക്ക് അസഹനീയമായ മാനസിക വിഷമം ഉണ്ടാക്കുന്നു.

മൃതദേഹത്തിനുപുറമേയുള്ള മുറിവുകളുടെ നീളം, വീതി, ആഴം, അവയവങ്ങളിലേക്ക് തുളച്ചുകയറിയ ദിശ എന്നിവ കൃത്യമായ അളവുകളോടെ ഡിജിറ്റലായി രേഖപ്പെടുത്തുന്നു.
മൃതദേഹത്തിനുപുറമേയുള്ള മുറിവുകളുടെ നീളം, വീതി, ആഴം, അവയവങ്ങളിലേക്ക് തുളച്ചുകയറിയ ദിശ എന്നിവ കൃത്യമായ അളവുകളോടെ ഡിജിറ്റലായി രേഖപ്പെടുത്തുന്നു.

എച്ച്. ഐ. വി, ഹെപ്പറ്റൈറ്റിസ് ബി, ക്ഷയരോഗം തുടങ്ങിയ പകർച്ചവ്യാധികളുള്ള മൃതദേഹങ്ങൾ കീറിമുറിക്കുന്നതിലൂടെ പരിശോധിക്കുന്ന ഫോറൻസിക് ഡോക്ടർമാർക്കും സഹായികൾക്കും രോഗബാധയുണ്ടാകാനുള്ള വലിയ സാധ്യതയുണ്ട് എന്നതാണ് ആരോഗ്യരംഗം ഈ വിഷയത്തിൽ ആശങ്കപ്പെടുന്നത്.

വിമാനാപകടങ്ങൾ, ട്രെയിനപകടങ്ങൾ, ഭൂകമ്പം, സുനാമി, മറ്റ് വലിയ ദുരന്തങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ നൂറുകണക്കിന് മൃതദേഹങ്ങൾ ചുരുങ്ങിയ സമയങ്ങളിൽ പരമ്പരാഗതമായ രീതി യിൽ മുറിച്ചുപരിശോധിക്കുക എന്നത് പ്രായോഗികമായി അസാധ്യമാണ്. ഇത് പലപ്പോഴും തെളിവുകൾ നഷ്ടപ്പെടുന്നതിനും മൃതദേഹങ്ങൾ തിരിച്ചറിയാൻ വൈകുന്നതിനും കാരണമാകുന്നു. മാത്രമല്ല പലർക്കും ഇൻഷുറൻസ് പരിരക്ഷ കിട്ടണമെങ്കിൽ പോസ്റ്റ്മോർട്ടം ചെയ്തതിന്റെ സർട്ടിഫിക്കറ്റുകളും കൂടി ഹാജരാക്കണമെന്നതുകൊണ്ടുതന്നെ ഇത് ഡോക്ടർമാർക്ക് മാത്രമല്ല ഗവൺമെന്റിനും കുടുംബത്തിനും ഒരു ബാധ്യതയായി മാറാറുമുണ്ട്.

വെർച്വൽ ഓട്ടോപ്സിയുടെ
ജനനവും പ്രവർത്തന രീതിയും

1990-കളിൽ സ്വിറ്റ്സർലൻഡിലെ സൂറിച്ച് സർവകലാശാലയിൽ പ്രൊഫ. മൈക്കൽ താലി യുടെ (Prof. Michael Thali) നേതൃത്വത്തിലാണ് വിപ്ലവകരമായ 'Virtopsy Project' ആരംഭിക്കുന്നത്. "മൃതശരീരം ഒരിടത്തും തുറക്കാതെ ശാസ്ത്രീയമായി മരണകാരണം കണ്ടെത്തുക" എന്നതായിരുന്നു ഈ പ്രോജക്ടിന്റെ പ്രധാന ലക്ഷ്യം. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഫോറൻസിക് നവീകരണമായി ഇത് അംഗീകരിക്കപ്പെട്ടിരിക്കുന്നു.

വെർച്വൽ ഓട്ടോപ്സി പ്രധാനമായും നാല് സാങ്കേതിക ഘട്ടങ്ങളിലൂടെയാണ് പ്രവർത്തിക്കുന്നത്:

  • മൃതദേഹം- 3D സർഫേസ് സ്കാനിംഗ് - Multi-Slice CT & MRI - Virtual Angiography - AI വിശകലന Multi-Slice CT.

കേവലം സെക്കൻഡുകൾക്കുള്ളിൽ ശരീരത്തിന്റെ ആന്തരിക ചിത്രങ്ങൾ നൽകുന്നു. തലയോട്ടിയിലെ പൊട്ടലുകൾ, വാരിയെല്ലുകളുടെ ഒടിവുകൾ, ആന്തരിക രക്തസ്രാവം, ശരീരത്തിനുള്ളിൽ ഒളിച്ചിരിക്കുന്ന വെടിയുണ്ടകൾ എന്നിവ ഇതിലൂടെ അതിവേഗം കണ്ടെത്താം.

പോസ്റ്റ്മോർട്ടം MRI
(Postmortem MRI):

മൃദുവായ കോശങ്ങളുടെ (Soft tissues) പരിശോധനയ്ക്ക് ഇത് ഉത്തമമാണ്. ഹൃദയാഘാതം (Myocardial Infarction), മസ്തിഷ്കത്തിലെ സൂക്ഷ്മമായ പരിക്കുകൾ, കരൾ, പേശികൾ എന്നിവയ്ക്കുണ്ടാകുന്ന ക്ഷതങ്ങൾ എന്നിവ എം.ആർ.ഐ വ്യക്തമായി കാണിച്ചുതരുന്നു.

3D സർഫസ് സ്കാനിങ്
(3D Surface Scanning):

മൃതദേഹത്തിനുപുറമേയുള്ള മുറിവുകളുടെ നീളം, വീതി, ആഴം, അവയവങ്ങളിലേക്ക് തുളച്ചുകയറിയ ദിശ എന്നിവ കൃത്യമായ അളവുകളോടെ ഡിജിറ്റലായി രേഖപ്പെടുത്തുന്നു.

വെർച്വൽ ആൻജിയോഗ്രഫി
(Virtual Angiography):

മൃതദേഹത്തിലെ രക്തക്കുഴലുകളിലേക്ക് പ്രത്യേക ഡൈ (Dye) കടത്തിവിട്ട് സ്കാൻ ചെയ്യുന്നതിലൂടെ ഹൃദയധമനികളിലെ തടസ്സങ്ങളും രക്തക്കുഴലുകൾക്കുണ്ടായ പൊട്ടലുകളും കൃത്യമായി കണ്ടെത്താവുന്നതാണ്

കൃത്രിമബുദ്ധിയും (AI)
ഫോറൻസിക് മെഡിസിന്റെ
ഭാവി പരിവർത്തനങ്ങളും

ഇന്ന് കൃത്രിമബുദ്ധി (Artificial Intelligence) ഫോറൻസിക് മെഡിസിനെ തികച്ചും വ്യത്യസ്തമായ ഒരു തലത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിന് പോസ്റ്റ്മോർട്ടം സ്കാനുകൾ വിശകലനം ചെയ്ത് പരിശീലനം സിദ്ധിച്ച AI അൽഗോരിതങ്ങൾക്ക് മനുഷ്യനേത്രങ്ങൾക്ക് കാണാൻ കഴിയാത്ത സൂക്ഷ്മമായ ഹെയർലൈൻ ഫ്രാക്ചറുകൾ കണ്ടെത്താനും, മസ്തിഷ്കത്തിലെ ആന്തരിക രക്തസ്രാവം നിമിഷങ്ങൾക്കുള്ളിൽ തിരിച്ചറിയാനും സാധിക്കും. സ്കാൻ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സാധ്യമായ മരണകാരണങ്ങൾ പ്രവചിക്കാൻ പോലും AI-ക്ക് ഇന്ന് ശേഷി യുണ്ട്. മണിക്കൂറുകൾ നീളുന്ന ഡോക്ടർമാരുടെ വിശകലനം ഇത് മിനിറ്റുകളാക്കി കുറയ്ക്കുന്നു.

1. ഡിജിറ്റൽ ട്വിൻ സാങ്കേതികവിദ്യ
(Digital Twin)

ഫോറൻസിക് മെഡിസിന്റെ വലിയ കുതിച്ചുചാട്ടമാണ് ഡിജിറ്റൽ ട്വിൻ. ഒരു വ്യക്തിയുടെ ശരീരഘടന, അവയവങ്ങളുടെ അവസ്ഥ, പരിക്കുകൾ, അപകടം നടന്ന സാഹചര്യം എന്നിവയെല്ലാം ചേർത്ത് കമ്പ്യൂട്ടർ ലോകത്ത് ആ വ്യക്തിയുടെ ഒരു കൃത്യമായ ത്രിമാന ഡിജിറ്റൽ ഇരട്ടയെ (Digital Twin) സൃഷ്ടിക്കുന്ന രീതി യാണിത്. ഒരു വാഹനാപകടം നടന്നാൽ, വാഹനം എത്ര വേഗതയിലായിരുന്നു വന്നതെന്നും, ഏത് ദിശയിലാണ് ശരീരത്തിൽ ഇടിച്ചതെന്നും, ആഘാതം ആന്തരികാവയവങ്ങളെ എങ്ങനെയാണ് തകർത്തതെന്നും ഈ ഡിജി റ്റൽ മോഡലിലൂടെ പുനർനിർമ്മി ച്ച് (Accident Reconstruction) കാണാൻ സാധിക്കും.

1. സിന്തറ്റിക് AI-യും ജീനോമിക് ഓട്ടോപ്സിയും

സിന്തറ്റിക് എ.ഐ (Synthetic AI) ഉപയോഗിച്ച് അപൂർവ കേസ് പഠനങ്ങളുടെ മാതൃകകളും വെർച്വൽ മൃതദേഹ മോഡലുകളും സൃഷ്ടിക്കാൻ കഴിയും. ഇത് മെഡിക്കൽ വിദ്യാർത്ഥികൾക്കും ഫോറൻസിക് ട്രെയിനികൾക്കും യഥാർത്ഥ മൃതദേഹങ്ങൾ ഇല്ലാതെ തന്നെ മികച്ച പരിശീലനം നൽകാൻ സഹായിക്കും.

അതുപോലെ തന്നെ പ്രധാനമാണ് ജീനോമിക് ഓട്ടോപ്സി (Genomic Autopsy) അഥവാ മോളിക്യുലാർ ഓട്ടോപ്സി (Molecular Autopsy). ചില മരണങ്ങളിൽ (ഉദാഹരണത്തിന് ഉറക്കത്തിൽ സംഭവിക്കുന്ന പെട്ടെന്നുള്ള മരണം) ശരീരത്തിന് പുറത്തോ അകത്തോ ദൃശ്യമായ യാതൊരു പരിക്കുകളും കാണില്ല. എന്നാൽ കോശതലത്തിൽ സംഭവിക്കുന്ന ജനിതക വ്യതിയാനങ്ങൾ, പാരമ്പര്യ ഹൃദ്രോഗങ്ങൾ, പ്രോട്ടീൻ മാറ്റങ്ങ ൾ എന്നിവ ഡി എൻ എ (DNA) വിശകലനത്തിലൂടെ കണ്ടെത്തി മരണകാരണം ഉറപ്പാക്കാൻ ജീനോമിക് ഓട്ടോപ്സിയിലൂടെ സാധിക്കുന്നു.

ഏറെ പ്രതീക്ഷയും പ്രത്യാശയും നൽകുന്ന വെർച്വൽ ഓട്ടോപ്സി സംവിധാനം കേരളത്തിൽ നടപ്പാക്കുന്നത് ഇന്ത്യക്കു തന്നെ മാതൃകയായിരിക്കും. മൃതദേഹങ്ങളോടുള്ള ആദരവും ബഹുമാനവും നിലനിർത്തി, അതോടൊപ്പം ശക്തമായ ശാസ്ത്രീയ തെളിവുകൾ നൽകുന്നതുമായ ഈ സംവിധാനത്തിന് പരിഷ്കൃത സമൂഹത്തിന്റെ പിന്തുണ അത്യാവശ്യമാണ്. സാങ്കേതികമായും നിയമപരമായും ഉള്ള ചില ന്യായങ്ങൾ പറഞ്ഞ് ഇതിനെ തടയിടാനുള്ള സാധ്യതകളെ തിരിച്ചറിഞ്ഞ് മുന്നോട്ടുപോവുകയാണ് കേരളീയ സമൂഹം ചെയ്യേണ്ടത്.

READ: ആന്റിബയോട്ടിക്
റെസിസ്റ്റന്‍സ്:
ഒരു നിശ്ശബ്ദ മഹാമാരി

ഒരു അപൂര്‍വ രോഗത്തിന്റെ കഥ

ചികിത്സാരംഗത്ത്
അനുകമ്പ വീണ്ടും
സ്വയം കണ്ടെത്തുമ്പോൾ

നിർമ്മിത ബുദ്ധി
ഡോക്ടർക്ക്
പകരമാവുമോ?

പ്രസവാനന്തരം

സങ്കര ചികിത്സയെന്ന
പൊതുജനാരോഗ്യ പ്രശ്നം

കൺഫ്യൂഷൻ
തീർക്കണമേ! ‘മിക്സോപ്പതി’യുടെ
അപകടങ്ങൾ

ഇതര ചികിത്സകളോടുള്ള
പ്രിയത്തിനു പിന്നിൽ

കൽപിതകഥയല്ല
ശാസ്ത്രം

ഒരു വര്‍ഷത്തെ
സര്‍ട്ടിഫിക്കറ്റ് കോഴ്‌സും
ആധുനിക വൈദ്യശാസ്ത്രവും

‘IMA നമ്മുടെ ആരോഗ്യം’
പത്രാധിപർ സംസാരിക്കുന്നു

▮

‘ IMA നമ്മുടെ ആരോഗ്യം’ മാസികയുടെ വരിക്കാരാകാം


Summary: Virtual autopsy in Kerala could become a model for India, offering hope for modern forensic practices, writes Dr. Sulfikar Ali in Indian Medical Association Nammude Arogyam magazine.


ഡോ. സുൽഫിക്കർ അലി

സീനിയർ കൺസൾട്ടന്റ്, എമർജൻസി മെഡിസിൻ ആന്റ് ക്രിട്ടിക്കൽ കെയർ. ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക് മെഡിസിൻ.

Comments